എനിക്ക് ദിവ്യയെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ എന്റെ അമ്മയെ കൂട്ടി വരാം “”

(രചന: J. K)

“”” എനിക്ക് ദിവ്യയെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ എന്റെ അമ്മയെ കൂട്ടി വരാം “”

എന്ന് ധൈര്യത്തോടെ തന്റെ വീട്ടിൽ കയറി വന്ന് പറഞ്ഞ ചെറുപ്പക്കാരനെ നോക്കി നിന്നു സാവിത്രി…

സുമുഖനായ ഒരു ചെറുപ്പക്കാരൻ… മോൻ എന്ത് ചെയ്യാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു…
പേര് അർജുൻ എന്നാണെന്നും അടുത്തുതന്നെയാണ് വീട് എന്നും എനിക്ക് ടൈൽസിന്റെ പണിയാണ് എന്ന്…

ശരി എന്നാപ്പിന്നെ അമ്മയെയും കൂട്ടി വരൂ എന്ന് പറഞ്ഞു അതിന്റെ മുന്നേ എനിക്ക് അവനെക്കുറിച്ച് അന്വേഷിക്കണമായിരുന്നു….. കാരണം എന്റെ മകൾക്കും എനിക്കും അന്വേഷിക്കാനും മറ്റും മറ്റാരും ഇല്ല എന്ന് പൂർണ ബോധ്യം ഉള്ളതുകൊണ്ട് തന്നെ….

അവളെ ഇനിയൊരു നല്ല കൈകളിൽ ഏൽപ്പിച്ചിട്ട് വേണം മരിക്കാൻ….
എന്ന് കരുതി ഇരിക്കുകയായിരുന്നു സാവിത്രി….

തങ്ങൾക്ക് ആരുമില്ല ബന്ധുക്കൾ എന്ന് പറയാൻ പണ്ട് സ്വന്തം വീടിനടുത്തുള്ള നിലത്ത് ഉഴുവാൻ ട്രാക്ടറുമായി വന്നതായിരുന്നു നീലകണ്ഠൻ എന്ന തന്റെ ഭർത്താവ്..
വരുത്തനായ അദ്ദേഹം പിന്നെ അവിടെ ഒരു ചെറിയ കുടിലിൽ വച്ച് താമസിക്കുകയായിരുന്നു തന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം ഒക്കെ കൊടുത്തു കൊണ്ടിരുന്നത്…

ഒരു ദിവസം പുറത്തേക്ക് കാണാഞ്ഞ് അന്വേഷിച്ചു തന്നപ്പോൾ കണ്ടത് പനിച്ചു വിറച്ചു കിടക്കുന്ന ആളെയാണ്… അപ്പോൾ കാരുണ്യം തോന്നി നോക്കിയതാണ്…. പിന്നേ അത് സൗഹൃദം ആയി ഒടുവിൽ ചെന്നു നിന്നത് പ്രണയത്തിലും…

സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത ഒരാളായിരുന്നു നീലകണ്ഠൻ അതുകൊണ്ടുതന്നെ വീട്ടുകാർക്ക് ആ ഒരു കാര്യം കൊണ്ട് അയാളുമായി വിവാഹം കഴിപ്പിച്ചു തരാൻ എതിർപ്പായിരുന്നു…..

അയാൾക്ക് എന്തെങ്കിലും പറ്റിയാലും ഞാൻ ബാധ്യതയാവും എന്നോ മറ്റോ കരുതി കാണും…. പക്ഷേ നീലകണ്ടനെ മറക്കാനോ അദ്ദേഹം ഇല്ലാതെ പിന്നീട് ജീവിക്കാനും എനിക്ക് ആവും ആയിരുന്നില്ല അതുകൊണ്ട് തന്നെയാണ് വിളിച്ചപ്പോൾ കൂടെ ഇറങ്ങി പോന്നതും…..

പ്രത്യേകിച്ച് നാട് വീട് ഒന്നുമില്ലാത്ത ആൾക്ക് എല്ലാ നാടും ഒരുപോലെ ആയിരുന്നു… എവിടെ ചെന്നാലും ജീവിക്കും എന്നുള്ള ചങ്കൂറ്റം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത് . അതുകൊണ്ടുതന്നെ മറ്റൊരു നാട്ടിൽ ഞങ്ങൾ ചെന്ന് സ്ഥലം വാങ്ങി ചെറിയൊരു കൂര പണിഞ്ഞു…

അതിനുശേഷം ആണ് മോള് ജനിച്ചത് പിന്നെ വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോയി…. പക്ഷേ സന്തോഷകരമായ ഞങ്ങളുടെ ആ ജീവിതം പെട്ടെന്ന് തകർത്തത് ഒരു ആക്സിഡന്റ് ആയിരുന്നു….. അദ്ദേഹത്തിനെ ഞങ്ങൾക്ക് ആക്സിഡന്റിൽ നഷ്ടപ്പെട്ടു അതോടെ ഞാനും മോളും തനിച്ചായി….

ഞങ്ങളുടെ ഏക ആശ്രയമായ അദ്ദേഹത്തെ നഷ്ടപ്പെട്ടതോടുകൂടി ജീവിതം ദുസഹം ആവാൻ തുടങ്ങി…
എങ്കിലും തോറ്റു കൊടുക്കാൻ സമ്മതമല്ലായിരുന്നു.. ഞാൻ അടുത്ത വീടുകളിൽ ജോലിക്ക് പോയി അവളെ എങ്ങനെയെങ്കിലും വളർത്തണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ….

അവളും ഇല്ലായ്മകളെല്ലാം കണ്ടറിഞ്ഞ് പാവം കുഞ്ഞായി വളർന്നു അവളുടെതായ ഒരു ആഗ്രഹങ്ങളും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല….

പക്ഷേ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു പഠിക്കണം എന്നൊരു മോഹം മാത്രം അവൾക്കുണ്ടായിരുന്നു എസ്എസ്എൽസി കഴിഞ്ഞിട്ട് നല്ല മാർക്ക് ഉണ്ടായിരുന്നു പ്ലസ് ടുവിനും നല്ല മാർക്ക് അങ്ങനെയാണ് ഡിഗ്രി എടുത്തത് അതുകഴിഞ്ഞ് എന്തെങ്കിലും ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്ത് ജോലിക്ക് പോകണം എന്ന് അവൾ പറഞ്ഞു

എനിക്കും അതിനു സമ്മതമായിരുന്നു ഞാൻ എന്ത് പണിയെടുത്തും അവളെ പഠിപ്പിക്കുമായിരുന്നു പക്ഷേ വിധി വീണ്ടും വീണ്ടും ഞങ്ങളെ തോൽപ്പിച്ചു….

കുറെ കാലമായി വിട്ടുമാറാത്ത തലവേദനയായിരുന്നു എനിക്ക് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണം എന്ന് മോൾ കൂടെക്കൂടെ പറയുന്നത് അത്ര കാര്യമാക്കിയില്ല അതിനും കൂടി പൈസ ചെലവാക്കാൻ ഇല്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം….
അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പിൽ പോയി പറഞ്ഞു വേദനയുടെ മരുന്നുകൾ വാങ്ങി കഴിക്കും തൽക്കാല ആശ്വാസം കിട്ടുമ്പോൾ പിന്നെ അതിനെപ്പറ്റി ചിന്തിക്കില്ല….

അങ്ങനെ കാലം കഴിഞ്ഞുപോയി. ഒരു ദിവസം ജോലി ചെയ്യുന്ന വീട്ടിൽ തലവേദന കലശലായാണ് ബോധം കെട്ട് വീണത്….

അതോടെ എന്നെ എടുത്ത് ചെക്കപ്പിനായി അവർ കൊണ്ടുപോയി തലയിൽ ചെറിയൊരു ട്യൂമർ വളരുന്നുണ്ടായിരുന്നു ഇപ്പോൾ അത്യാവശ്യ വലിപ്പം വച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് ചെയ്തിട്ടില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിൽ ആവും എന്നു ഡോക്ടർമാർ പറഞ്ഞു…..

നാട്ടുകാരുടെ സഹായവും ഹെൽത്ത് ഇൻഷുറൻസും പിന്നെ ഞാൻ നിൽക്കുന്ന വീട്ടുകാർ എല്ലാം കൂടെ സഹായിച്ച് ഓപ്പറേഷൻ നടത്താം എന്ന് ആയി….

പക്ഷേ അപ്പോഴും ഒരു പ്രശ്നം ഇനി ഞാൻ എങ്ങാനും ജീവനോടെ അല്ല തിരിച്ചു വരുന്നത് എന്നുണ്ടെങ്കിൽ എന്റെ മകൾക്ക് ആരുണ്ടാകും ചുറ്റും കഴുകൻ കണ്ണുകളാണ്…

ഇപ്പോൾ ചിരിച്ചു കാണിക്കുന്ന പലരുടെയും ഉള്ളിൽ പിശാച് ആണ് നേരം ഒന്ന് ഇരുട്ടിയാൽ മാത്രമേ അത് മനസ്സിലാക്കാൻ കഴിയു….

അങ്ങനെയുള്ള അവസ്ഥയിൽ മരിക്കാൻ പോലും എനിക്ക് എങ്ങനെയാണ് സമാധാനം കിട്ടുക എന്നോർത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അർജുൻ എന്നൊരു കുട്ടി വിവാഹാലോചനയുമായി നേരിട്ട് എത്തിയത്..

ജോലിചെയ്യുന്ന വീട്ടുകാരോട് പറഞ്ഞു അവർക്ക് അറിയാവുന്ന കുടുംബമായിരുന്നു നല്ല കുട്ടിയാണ് അവൻ…
യാതൊരു പ്രശ്നവുമില്ല എന്നവർ പറഞ്ഞു അതുകൊണ്ട് തന്നെ ചെറിയൊരു സമാധാനം കിട്ടി…

അവൻ അമ്മയെ വിളിച്ചു കൊണ്ടു വന്നു അവന്റെ അച്ഛനും ചെറുപ്പത്തിൽ മരിച്ചിരുന്നു ഏകദേശം ഞങ്ങളുടെ അതേ അവസ്ഥ…
പക്ഷേ അവന്റെ കഠിനാധ്വാനം കൊണ്ട് ഇത്തിരി കൂടി മെച്ചപ്പെട്ട ജീവിത നിലവാരമാണ് അവർക്ക് എന്ന് മാത്രം…

ഒരേ സ്കൂളിൽ മോളെക്കാൾ 4 ക്ലാസ് ഉയർന്നതായി പഠിച്ചതാണ് അവൻ അവിടെ വച്ച് തന്നെ അവളെ കണ്ടിരുന്നു എന്ന്..
അവളോട് ഇഷ്ടം പറഞ്ഞപ്പോൾ അവൾ ആണത്രേ പറഞ്ഞത് അമ്മയോട് വന്ന് ചോദിക്കൂ അവൾക്കായി ഒരു തീരുമാനവും ഇല്ല എന്ന്….

അവൻ കാത്തിരിക്കുകയായിരുന്നു…
പ്രായം എത്തും വരെക്ക്…

എന്തെങ്കിലും ഒരു ജോലിയായി ഇത്തിരി നല്ല സ്ഥിതിയിൽ ആകുമ്പോൾ വന്ന് പെണ്ണ് ചോദിക്കണം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നുവത്രേ….

എന്റെ സ്ഥിതി എല്ലാം പറഞ്ഞു … അവർക്ക് ഞാൻ പറയുന്നത് അതേ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു എന്റെ അതേ അവസ്ഥയിൽ ജീവിതം പിന്നിട്ടത് കൊണ്ടാവാം അതുകൊണ്ടുതന്നെ നിശ്ചയം മാത്രം ഇപ്പോൾ നടത്തിയാൽ മതി വിവാഹം അമ്മ തിരിച്ചു വന്നിട്ട് നടത്താം എന്നവർ പറഞ്ഞു…

അവൻ ഉണ്ടായിരുന്നു പിന്നീട് അങ്ങോട്ട് ആശുപത്രിയിലും എല്ലാം ഒരു നിഴല് പോലെ കൂടെ…

പലപ്പോഴും ഞാൻ ദുഃഖിച്ചിട്ടുണ്ടായിരുന്നു ഒരു മോൻ ഇല്ലല്ലോ എന്ന് ഇപ്പോൾ ആ ദുഃഖം മാറി..
ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ചേതനയില്ലാതെയാണ് ഇനി പുറത്തേക്ക് വരുന്നത് എങ്കിലും.. അവൾ ഇനി തനിച്ചില്ല അവൾക്കായി ഒരു അമ്മയും മകനും പുറത്തുണ്ട് എന്നത് ഏറെ ആശ്വാസകരം ആയിരുന്നു..
എങ്കിലും ഞാൻ പ്രാർത്ഥിച്ചിരുന്നു ദൈവങ്ങളോടൊക്കെ എനിക്ക് ഇത്തിരി ആയുസ്സ് എങ്കിലും നീട്ടി തരണേ എന്ന് അവളുടെ കൈപിടിച്ച് കൊടുക്കാനെങ്കിലും…

ദൈവം പ്രാർത്ഥന കേട്ടു.. ഓപ്പറേഷൻ കഴിഞ്ഞ് ഒരു കുഴപ്പവും ഇല്ലാതെ ജീവിതത്തിലേക്ക് ഞാൻ തിരിച്ചെത്തി…

ഇന്ന് എന്റെ മകളുടെ കല്യാണമാണ്…
അല്ല എന്റെ മകൻ എന്റെ മകളുടെ കൈ പിടിക്കുന്ന ദിവസം…. അവനെ മരുമകനായി കാണാനല്ല മകനായി കാണാനാണ് എനിക്കിഷ്ടം….

Leave a Reply

Your email address will not be published. Required fields are marked *