എന്നെ കൊണ്ട് പറ്റില്ല… ഇനിയും ഇങ്ങനെ സഹിച്ചു ജീവിക്കാൻ… ഞാൻ ഇവിടെ എന്തെങ്കിലും ചെറിയ ജോലി ചെയ്തു ആർക്കും ഒരു ഭാരം ആകാതെ നിന്നോളാം.. പറഞ്ഞു വിടല്ലേ അമ്മേ….””

(രചന : അനാമിക)

“”സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചില്ലേ… ഇനിയും പറ്റില്ല അമ്മേ അവിടെ ജീവിക്കാൻ… എന്നും ഏട്ടൻ വരുന്നത് കുടിച്ചിട്ടാണ്…

ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം.. എത്രയോ തവണ കൊടുത്ത ആഹാരം എടുത്തു കളഞ്ഞിരിക്കുന്നു.. ഞാൻ കഴിച്ചോ, കുടിച്ചോ എന്നൊന്നും ചോദിക്കാറില്ല. വീട്ടിലെ ജോലി ചെയ്യാൻ വേണ്ടി മാത്രം ഇങ്ങനെ ഒരാൾ അവിടെ…

എന്നെ കൊണ്ട് പറ്റില്ല… ഇനിയും ഇങ്ങനെ സഹിച്ചു ജീവിക്കാൻ… ഞാൻ ഇവിടെ എന്തെങ്കിലും ചെറിയ ജോലി ചെയ്തു ആർക്കും ഒരു ഭാരം ആകാതെ നിന്നോളാം.. പറഞ്ഞു വിടല്ലേ അമ്മേ….””

ദയനീയതയായിരുന്നു അവളുടെ സ്വരത്തിൽ… ഇനിയും ആ വീട്ടിലേക്ക് പോകാൻ അമൃത വല്ലാതെ ഭയപ്പെട്ടിരുന്നു…

“”നീ ഇങ്ങനെ പറഞ്ഞാൽ അതൊന്നും ശെരിയാകില്ല അമ്മു.. കല്യാണം കഴിഞ്ഞാൽ പിന്നെ നീ ജീവിക്കേണ്ടത് അവന്റെ വീട്ടിലാണ്.. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും…

അതെല്ലാം അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ നല്ല ഒരു കുടുംബജീവിതം ലഭിക്കു… അവൻ പറയുന്നതെല്ലാം കുറച്ചൊക്കെ നീ ഒന്ന് സമ്മതിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇപ്പോൾ നിങ്ങൾ തമ്മിൽ ഉള്ളു..

നിന്റെ അനിയനും ഇപ്പോൾ ഒരു കുടുംബമായി ജീവിക്കുന്നതാണ്… നീ ഈ വീട്ടിൽ വന്നു നിന്ന് അവന്റെ ജീവിതം നശിപ്പിക്കരുത്.. അപേക്ഷയാണ്…

പിന്നെ ഞങ്ങളായി കണ്ട് പിടിച്ചു തന്ന ബന്ധം അല്ലല്ലോ… മോൾ സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്തത് അല്ലെ.. അപ്പോൾ പിന്നെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി…

ഇതിൽ നിന്നു എന്ത് സംഭവിച്ചാലും അത് നീ സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്തതാണ്. എന്തായാലും ഇവിടെ വന്നു നിൽക്കുന്നതിനോട് എനിക്ക് താല്പര്യമില്ല..

നിനക്ക് ഒട്ടും പറ്റില്ലെങ്കിൽ ഏതെങ്കിലും ഹോസ്റ്റലിൽ പോയി നിൽക്കു…. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതെ.. നിനക്ക് വേണ്ട വിദ്യാഭ്യാസം ഞങ്ങൾ തന്നിട്ടുണ്ട്. അതിൽ കൂടുതൽ ഇനി പറ്റില്ല…””

അമ്മ തീർത്തു പറഞ്ഞതും മറ്റൊന്നും ഇനി അവരിൽ നിന്ന് പ്രതീക്ഷിക്കരുത് എന്ന് അവൾക്ക് മനസിലായി… അല്ലെങ്കിലും അമ്മ പറഞ്ഞതെല്ലാം സത്യം തന്നെ അല്ലെ…

കോളേജിൽ പഠിക്കുന്ന സമയത്താണ് ഗിരിയെ ആദ്യമായി അമൃത കണ്ടത്…

അവൾ എന്നും യാത്ര ചെയുന്ന ബസിലെ കണ്ടക്ടർ. ഒരു ചിരിയിൽ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാകാൻ അധിക സമയം വേണ്ടി വന്നില്ല.

വീട്ടിൽ കല്യാണം ആലോചിക്കുന്ന സമയം ആയപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവന്റെ കൂടെ ഇറങ്ങി പോയി.. ആകെ കൂടെ എടുത്തത് പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് മാത്രമായിരുന്നു…

ആദ്യം സ്നേഹം കൊണ്ട് മൂടിയവന്റെ സ്വഭാവം പതിയെ മാറാൻ തുടങ്ങി… നേരുത്തേ വീട്ടിൽ വരുന്ന ആൾ പിന്നീട് പാതിരാത്രി ആയാലും വീട്ടിൽ വരാതെ ആയി…

കല്യാണം കഴിഞ്ഞു മൂന്ന് വർഷം ആയിട്ടും മക്കൾ ഇല്ല എന്നതിന്റെ പേരിൽ ഉള്ള കുറ്റപ്പെടുത്തൽ വേറെ…

വന്നു കയറിയ പെണ്ണിന്റെ കുഴപ്പം കൊണ്ടാണ് സ്വന്തം മോൻ ഇങ്ങനെ നടക്കുന്നത് എന്നും പറഞ്ഞു ഗിരിയുടെ അമ്മയുടെ ശാപവാക്കുകൾ വേറെ…

എന്തും കൊണ്ട് ഒട്ടും പറ്റുന്നില്ല എന്നാ അവസ്ഥ ആയപ്പോഴാണ് വീട്ടിലേക്ക് പോകാം എന്ന ചിന്ത വന്നത്… ഇനി തന്റെ മുന്നിൽ മറ്റു വഴികൾ ഒന്നുമില്ല…

അച്ഛനും അമ്മയും കൈ വിടില്ല എന്ന് കരുതിയെങ്കിലും അവിടെയും അവൾ തോറ്റു..

അല്ലെങ്കിൽ തന്നെ അവരെ തള്ളി കളഞ്ഞു മറ്റൊരുത്തന്റെ ഒപ്പം പോയവൾക്ക് വീണ്ടും തന്നെ സ്വീകരിക്കണമെന്ന് പറയാൻ എന്ത് യോഗ്യത…

ദിവസങ്ങൾക്കു ശേഷം രാത്രിയിൽ ഗിരി കയറി വരുമ്പോൾ അവന്റെ കൂടെ മറ്റൊരു പെണ്ണും ഉണ്ടാരുന്നു…

“”ഇതാരാ ഗിരിയേട്ടാ??? ഈ കുട്ടി??? എന്തിനാ ഈ നേരത്ത്????””

വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപേ അവൻ അവളെ തടഞ്ഞിരുന്നു…

“”എന്റെ കൂടെ പലരും വരും, പോകും. അതൊന്നും നീ അറിയേണ്ട കാര്യമില്ല. ഭാര്യ എന്ന് കരുതി എന്റെ ജീവിതത്തിൽ എന്തിലും തല ഇടാൻ വരരുത്… എനിക്ക് എന്റെ വഴി.. നിനക്ക് നിന്റെ വഴി..

സമയത്തിന് ഉണ്ണാനും ഉറങ്ങാനും ഉള്ളതെല്ലാം ഞാൻ കൊണ്ട് തരുന്നില്ലേ..

അത് കൊണ്ട് മോൾ മര്യാദക്ക് ഈ വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് ഇരിക്കണം… അത്ര മതി.. അതിൽ കൂടുതൽ നീ എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്..””

“”അങ്ങനെ പറഞ്ഞാൽ ശെരിയാകില്ലല്ലോ ഗിരിയേട്ടാ.. ചേട്ടൻ കല്യാണം കഴിച്ചത് എന്നെ അല്ലെ..

എനിക്ക് അറിയാൻ ഉള്ള അവകാശമില്ലേ ഈ കൂടെ വരുന്നത് ആരൊക്കെ ആണെന്ന്.?? എന്തും നിങ്ങളുടെ ഇഷ്ടത്തിന് നടത്താം എന്ന് കരുതിയോ??? ഇത് വരെ എല്ലാം സഹിച്ചു ഞാൻ..

പക്ഷെ സ്വന്തം ഭർത്താവ് വഴി തെറ്റി സഞ്ചരിക്കുന്നത് കണ്ടു കൊണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല… അതിനും വേണ്ടി ഉള്ള ക്ഷമ ഇല്ല….””

“”നിനക്ക് കഴിയണം എന്ന് യാതൊരു നിര്ബന്ധവും എനിക്കില്ല… എന്റെ വീട്ടിൽ എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ ജീവിക്കും..

നിനക്ക് സമ്മതം ആണെങ്കിൽ മാത്രം ഇവിടെ നിൽക്കാം.. അല്ലെങ്കിൽ ഇറങ്ങി പോടീ… നീ എന്റെ കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല…””

“”നിങ്ങൾക്ക് എങ്ങനെ പറയാൻ തോന്നുന്നു ഏട്ടാ?? വർഷങ്ങൾ പ്രേമിച്ചതല്ലേ നമ്മൾ?

ഞാൻ ഇല്ലെങ്കിൽ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ല എന്ന് പല തവണ പറഞ്ഞിട്ടില്ലേ?

നിങ്ങൾ ഒരാളെ വിശ്വസിച്ചല്ലേ സ്വന്തം അച്ഛനെയും അമ്മയെയും അനിയനെയും തള്ളി കളഞ്ഞു ഞാൻ കൂടെ ഇറങ്ങി വന്നത്?

എന്നിട്ട് ഇന്ന് എന്നെ വിശ്വാസമില്ല പോലും…. എങ്ങനെ പറയാൻ കഴിയുന്നു ഇങ്ങനെ?””

“”ഞാൻ പറഞ്ഞതിൽ എന്താടി തെറ്റ്?? നീ തന്നെ പറഞ്ഞെല്ലോ സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു വന്നു എന്ന്…

നിനക്ക് നിന്റെ അനിയനെ ജീവനായിരുന്നില്ലേ??? അങ്ങനെ ഉള്ളവൾ ഒരു ദിവസം അവരെ എല്ലാം തള്ളി കളഞ്ഞു എന്റെ കൂടെ വന്നു.. നാളെ ഒരു ദിവസം നീ എന്നെയും വേണ്ട എന്ന് പറയും.

അങ്ങനെ പറയുന്നത് വരെ ഞാൻ കാത്തിരിക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ എനിക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുന്നതല്ലേ… അമ്മ ഇവിടെ ഇല്ലെല്ലോ…

ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ കൊണ്ട് വരും, പോകും.. അതൊന്നും നീ തിരക്കാൻ നിൽക്കരുത്.. എനിക്ക് താല്പര്യം ഇല്ല… ഇനി കൂടെ ജീവിക്കാൻ പറ്റുന്നില്ല എങ്കിൽ ഇറങ്ങി പോടീ പുല്ലേ..””

ഇതും പറഞ്ഞു അമൃതയെ തള്ളി മാറ്റി അവൻ അകത്തേക്ക് പോയതും ഇനി എന്ത് ചെയ്യും എന്ന് അറിയാതെ അവൾ അവിടെ തറഞ്ഞു നിന്നു…

അല്ലെങ്കിലും കുറ്റം തന്റെ മാത്രമാണ്…. ഒരാളെ സ്നേഹിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചു… അവിടെ അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കെട്ടില്ല…

അല്ലെങ്കിലും പ്രണയത്തിനു കണ്ണില്ല, മൂക്കില്ല എന്നൊക്കെയല്ലേ… പ്രണയിച്ചു ഇഷ്ടപെട്ട ആളുടെ കൂടെ ഇറങ്ങി പോയി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ പേര്… പക്ഷെ തന്റെ വിധി….

ഇനിയും ആ വീട്ടിൽ നിൽക്കാൻ അവൾക്ക് പറ്റുന്നില്ലായിരുന്നു…

കൈയിൽ കിട്ടിയ ബാഗിൽ കുറച്ചു തുണിയും ഡിഗ്രി സർട്ടിഫിക്കറ്റ് ഉം എടുത്തു ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇനി എന്ത് എന്നത് അവളുടെ മുന്നിൽ വലിയ ഒരു ചോദ്യ ചിഹ്നം തന്നെ ആരുന്നു…

കയറി ചെല്ലാൻ ഒരു വീടില്ല… സഹായം ചോദിക്കാൻ ആരുമില്ല… തികച്ചും മുന്നിൽ ശൂന്യത മാത്രം….

ഇനിയും ഇങ്ങനെ ജീവിക്കാൻ താല്പര്യം ഇല്ല എന്നാ പോലെ അടുത്തുള്ള കായൽ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ചുവടുകൾ ഉറച്ചതായിരുന്നു…

പെട്ടെന്നാണ് കൈയിൽ ഒരു പിടുത്തം വീണത്… ആരാണെന്നു അറിയാൻ വേണ്ടി തിരിഞ്ഞപ്പോൾ കണ്ടു തന്റെ അനിയൻ.. ആനന്ദ്…

“”നീ????””

“”നീ എന്താടി ചേച്ചി ഇവിടെ??? ഇന്ന് ഓഫീസിൽ കുറച്ചു ജോലി കൂടുതൽ ഉണ്ടാരുന്നു… എല്ലാം കഴിഞ്ഞു വരുന്ന വഴിയാണ്… എവിടെ പോകുവാ ഈ ബാഗ് എല്ലാം ആയിട്ട്???””

അവന്റെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല…

എല്ലാം പറഞ്ഞിട്ടും ഒന്നും സംസാരിക്കാതെ നിൽക്കുന്ന ആനന്ദിനെ കണ്ടപ്പോൾ അവനും താൻ ഒരു ബാധ്യത ആണെന്നുള്ള തോന്നലിൽ അകന്നു മാറി പോകാൻ പോയപ്പോഴാണ് ഇത് വരെ അവൻ തന്റെ കൈയിലെ പിടി വീട്ടിട്ടില്ല എന്ന് മനസിലായത്…

“”നിന്റെ കൈ പിടിച്ചാണ് ഞാൻ വളർന്നത്… എല്ലാവരെയും വിഷമിപ്പിച്ചു ഇറങ്ങി പോയപ്പോഴും ഞാൻ കരുതി നിന്റെ മനസിന്‌ ഇഷ്ടപെട്ട ആൾ അല്ലെ..

നീ അവിടെ സന്തോഷവതി ആയിരിക്കും എന്ന്. അറിഞ്ഞില്ലല്ലോടി ചേച്ചി ഞാൻ ഒന്നും…

ഒരിക്കൽ പോലും ഒരു വാക്ക് നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ…. എവിടെയും നീ പോകുന്നില്ല.. നമ്മുടെ വീട്ടിൽ നിൽക്കും.. അവിടെ എന്നെ പോലെ തന്നെ അവകാശം നിനക്കും ഉണ്ട്.. വാ.. നമുക്ക് പോകാം….””

“”ഇനിയും എനിക്ക് പറ്റില്ല മോനെ.. നീ എന്നെ നിർബന്ധിക്കരുത്…””

“”പിന്നെ ഞാൻ എന്ത് വേണം??? നിന്നോട് പോയി മരിക്കാൻ പറയണോ???

ഇനി നിനക്ക് ഒട്ടും പറ്റുന്നില്ല എന്ന് ആണെങ്കിൽ ഇന്ന് ഒരു രാത്രി വീട്ടിലേക്ക് വാ.. ബാക്കി നമുക്ക് നാളെ തീരുമാനം ആക്കാം… ഞാനല്ലേ വിളിക്കുന്നത്….””

ഇനിയും അവന്റെ വാക്ക് നിഷേധിക്കാൻ കഴിയില്ല എന്ന് മനസിലായതും അവൾ ആനന്ദിന്റെ കൂടെ വീട്ടിലേക്ക് പോയി…

അടുത്ത ദിവസം തന്നെ അടുത്തുള്ള വർക്കിംഗ്‌ ഹോസ്റ്റലിലേക്ക് മാറി ചെറിയ ഒരു ജോലിക്കും കയറി… മുടങ്ങി പോയ പടുത്തം വീണ്ടും തുടങ്ങാൻ ആനന്ദ് പറഞ്ഞെങ്കിലും അതിന് പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല അവൾ…

പിന്നീട് നിയമപരമായി തന്നെ അവൾ വിവാഹമോചനം നേടി..

ഗിരി അവന് ഇഷ്ടമുള്ള ജീവിതം നയിച്ചപ്പോൾ അമൃത തന്റെ ജോലിയിൽ നിന്ന് കിട്ടുന്നതിൽ നിന്ന് ഒരു തുക മിച്ചം പിടിച്ചു psc കോച്ചിംഗ് ചേർന്നു.. എന്തിനും സപ്പോർട്ട് ആയി അനിയനും..

ഒരിക്കൽ കൈ വിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി എന്തും ചെയ്യാൻ അവൾ തയാറായിരുന്നു…

പ്രേമിച്ചു കല്യാണം കഴിച്ചു എന്നാ കാരണത്താൽ വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ടു തനിക്ക് താങ്ങാകാൻ അവർ പോലും ഇല്ല എന്നാ വിചാരത്തിൽ ആ ത്മ ഹത്യ ചെയുന്ന എത്രയോ പെൺകുട്ടികൾ….

അവരെ കൈ പിടിച്ചുയർത്താൻ ആനന്ദിനെ പോലെ ഒരാൾ എങ്കിലും ഉണ്ടായിരുന്നെങ്കിൽ…. ഈ സമൂഹം എന്ത് നന്നായേനെ…..

Leave a Reply

Your email address will not be published. Required fields are marked *