(രചന: Aneesh Anu)
“ദേവോ ഓൻ പോയിട്ട്പ്പോ ഒരു മാസം ആയില്ലേ ഇനിം ങ്ങനെ ഇരുന്നാ കൊച്ച് പട്ടിണി ആവില്ലേ”
കൂരയുടെ മൂലക്ക് തളർന്നു ഇരിക്കുന്ന ദേവൂനെ നോക്കി അച്ഛൻ പാക്കരൻ ചോദിച്ചു. അയാളെ അവൾ ഒന്ന് നോക്കി വീണ്ടും പഴയപടി ദൂരെക്ക് നോക്കി അങ്ങനെ ഇരുന്നു.
“ഇക്കറിയാം പുറത്ത് പണിക്ക് പോയിട്ട് നിനക്ക് ശീലം ഇല്യാ, അത് ന്റെ തെറ്റാ ആയ കാലത്ത് ന്തേലും തൊഴില് പഠിക്കാൻ വിടണാരുന്നു.
നെന്റെ താഴെ മൂന്നാളെ ഇനിം കെട്ടിക്കാൻ നിക്കാ അന്നേരം അങ്ങോട്ട് ഞാൻ എങ്ങനാ” അയാൾ ഒന്ന് പറഞ്ഞു നിർത്തി.
‘ഞാൻ അങ്ങട്ട് ഇല്യ അതോർത്തു അച്ഛൻ വെപ്രാളപ്പെടേണ്ട’ അവളുടെ തീരുമാനം ഉറച്ചതാരുന്നു.
“ഇവ്ടെ ന്തേലും പണി കിട്ടോന്ന് ഞാനാ കാര്യസ്ഥനോട് ചോയ്ച്ചിണ്ട്” ആ വഷളൻ കാര്യസ്ഥന്റെ മുഖം ഓർത്തപ്പോഴേ അവൾക്ക് അരിശം വന്നു.
“മ്മ് നോക്കാ അച്ഛാ, ഇനിയും വൈകിയ അങ്ങട് എത്താൻ ഇരുട്ടും”
‘ആ ഞാൻ ഇറങ്ങാ ഇത് കയ്യിൽ വെച്ചോ’ കുറച്ചു പൈസ അവളുടെ കയ്യിൽ വെച്ച് കൊടുത്ത് തിരിഞ്ഞു നോക്കാതെ അയാൾ നടന്നു.
രാമൻ കെട്ടിക്കൊണ്ട് വന്നേ പിന്നെ അവൾ പട്ടിണി എന്തെന്ന് അറിഞ്ഞിരുന്നില്ല. കൂരയ്ക്ക് വലിപ്പം ഇല്ലെങ്കിലും അവളെ പട്ടിണി കൂടാതെ പോറ്റാൻ അയാൾ ശ്രദ്ധിച്ചിരുന്നു.
പാടത്തുപണിയും തോട്ടപണിയുമായി ഇല്ലത്തെ വിശ്വസ്ഥൻ ആയി ഓടി നടന്നിരുന്ന കാലം. കഴിഞ്ഞ മഴക്ക് മാറാദീനം വന്ന് പെട്ടതാണ് നോക്കാത്ത വൈദ്യൻമാരില്ല, നേർച്ച നേരാത്താ അമ്പലങ്ങളും.
പനി വന്നു ഒരു ഭാഗം തളർന്നു കിടപ്പായി, ആദ്യമാദ്യം നോക്കാനും സഹായത്തിനുമായി തമ്പ്രാനും കൂട്ടരും ഉണ്ടായിരുന്നു. പിന്നെ പിന്നെ എല്ലാവരും പിൻവലിഞ്ഞു അവളും അവനും മാത്രമായി.
ഇന്നേക്ക് മുപ്പത് ദിവസം കഴിഞ്ഞു ഈ കുടിലിന്റെ വിളക്ക് അണഞ്ഞിട്ട്. പുലകുളി കഴിഞ്ഞതോടെ ആളും ബഹളോം ഒഴിഞ്ഞു അവളും മോനും തനിച്ചായി.
ഇടയ്ക്ക് എപ്പോഴെങ്കിലും ആരെങ്കിലും ഒന്ന് കയറി വരും കുറെ വിഷമം പറയും കരയും, കൊച്ചും അവളും തങ്ങൾക് ഒരു ബാധ്യതയാവുമോന്ന് രാമന്റെ കൂടപ്പിറപ്പുകളും വരവ് കുറച്ചു.
ദേവൂന് അപ്പോഴും അയാൾ മരിച്ചു എന്ന് മനസിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
കുടുംബക്കാരും അച്ഛനും കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനിയവനെ നോക്കാൻ താനെ ഉള്ളു അവൾ അത് പലവട്ടം മനസ്സിൽ പറഞ്ഞു.
നെഞ്ചിൽ അവനെയും ചേർത്ത് പിടിച്ചു എപ്പോഴോ ഒന്ന് കണ്ണടച്ചു.
“ദേവോ എടിയേ” കാലത്ത് തന്നെ ഉമ്മറത്ത്ന്ന് വിളിച്ചു കൂവൽ കേട്ടാണ് അവൾ പുറത്തേക്ക് വന്നത്. ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി കോലോത്തെ കാര്യസ്ഥൻ ഇല്ലപ്പടിക്കൽ നിക്കണുണ്ട്.
‘നെന്നോട് നാളെ തൊട്ട് കോലോത്തേക്ക് വരാൻ പറഞ്ഞു തമ്പ്രാട്ടി’
“ആടെ ന്താ പണിയ്ക്കാ”
‘ആ കോലോം അടിയ്ക്കാനും തുടയ്ക്കാനും ഒരാളെ വേണംന്ന് പറഞ്ഞിരുന്നു. നെന്റെ കാര്യല്ലാം പറഞ്ഞിണ്ട് ഇന്ന് വൈകിട്ട് ഒന്ന് തമ്പ്രാട്ടിയെ കണ്ടോ നിയ്യ്’ അതും പറഞ്ഞു അയാൾ അങ്ങ് പോയി,
അവൾക്ക് ഇത്തിരി സമാധാനം ആയി ഒരു വഴി മുന്നിൽ കണ്ടല്ലോ. മൂവന്തിക്ക് ഒന്ന് കോലോത്ത് പോയി തമ്പ്രാട്ടിയെ കണ്ടു അവൾ.
“ദേവോ ദിവസം വന്ന് എല്ലാടം വൃത്തിയാക്കിട്ട് പോണം, രാവിലത്തേ നേരം മതി. കൂലി ഒക്കെ കാര്യസ്ഥൻ പറയും നേരം ണ്ട് ച്ചാ ഇവിടെ പറമ്പിലെ പണിക്കും കൂടാം”
‘രാവിലെ വന്നോളാം തമ്പ്രാട്ടി’
“ന്നാ പിന്നെ നാളെ ങ്ങട്ട് പോര, കുളിച്ചിട്ട് വന്നോളണം ട്ടോ, ഇല്ലേൽ വല്യമ്പ്രാട്ടി അകത്തേക്ക് കേറ്റില്ല”
‘ശരി തമ്പ്രാട്ടി’ അത്രയും പറഞ്ഞപ്പോഴേക്കും തമ്പ്രാട്ടി അകത്തേക്ക് പോയി.
“ദേവോ മാസം ഒരു അൻപത് ഉറുപ്യാ കിട്ടും, പിന്നെ നീ വിചാരിച്ചാൽ അതിൽ കൂടുതലും” അയാൾ ഒരു വഷളൻ ചിരി ചിരിച്ചോണ്ട് പറഞ്ഞു.
‘കൂടുതൽ ഒന്നും വേണ്ടാ പണിക്ക് ഉള്ള കൂലി മതി’ ഉറച്ച ശബ്ദത്തിൽ അത്രയും പറഞ്ഞോണ്ട് അവൾ തിരിച്ചു നടന്നു.
പിറ്റേന്ന് തന്നേ ദേവു പണിക്ക് പോയി തുടങ്ങി, കോലോം മൊത്തം അടിച്ചു വാരി തുടച്ചു വൃത്തിയാക്കണം,
തുണികൾ അലക്കണം പുലച്ചെ ചെന്നാലേ രാവിലത്തെ കാപ്പിടെ നേരം ആവുമ്പോഴേക്കും തീരൂ. തമ്പ്രാട്ടിടെ ദയവുകൊണ്ട് രാവിലത്തെ ഉച്ചത്തെയും ഭക്ഷണം കഴിയും.
പണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും ചെക്കൻ എണീറ്റ് കാണും. നെയ്യ് മണമുള്ള മൊരിഞ്ഞ ദോശയുടെ മണം മൂക്കിൽ തട്ടുമ്പോഴേ അവനു വായിൽ വെള്ളമൂറും.
ആകെ ഉള്ള പ്രശ്നം തമ്പ്രാന്റെ നോട്ടം അർത്ഥം വെച്ചുള്ള സംസാരവുമാണ് കൂടെ ആ വഷളൻ കാര്യസ്ഥനും. അയാളുടെ കയ്യിൽ പെടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.
“ദേവോ നാളെ മറ്റന്നാളും നിയ്യ് വരണ്ടാ ഞാനൊന്ന് ഇല്ലത്ത് പോവും” അന്ന് പോവാൻ നേരം തമ്പ്രാട്ടി അവളോടായി പറഞ്ഞു
‘നിയ്യ് പോവ്വാന്ന് വെച്ച് ഇവിടെ അടിക്കലും കോരലും ഒന്നും വേണ്ടേ’ തമ്പ്രാൻ ഇടയ്ക്ക് കയറി.
“രണ്ടുസം അതില്യാന്ന് വെച്ചിട്ട് ഒന്നും ണ്ടാവാൻ പോണില്യാ” അയാളെ രൂക്ഷമായി നോക്കികൊണ്ട് തമ്പ്രാട്ടി ചോദിച്ചു.
‘അതൊന്നും ശെരിയാവില്യ മച്ചും ദൈവങ്ങളും ഒക്കെ ള്ള കോലോം ആണ് വൃത്തിയാക്കിടണം ദിവസോം. ഇവിടെ അമ്മ ണ്ടല്ലോ അവർ നോക്കിക്കോളും അവള്ടെ കാര്യങ്ങൾ’
അയാൾ കുറുക്കന്റെ ബുദ്ധിയോടെ കരുക്കൾ നീക്കി തുടങ്ങി.
“മ്മ് ന്നാ പിന്നെ അവിടത്തെ ഇഷ്ടം പോലെ” കൂടുതൽ ഒന്നും പറയാതെ തമ്പ്രാട്ടി പിൻ വാങ്ങി അല്ലെങ്കിൽ ഇല്ലത്തേക്കുള്ള യാത്ര പോലും മുടങ്ങുംന്ന് അവർക്ക് അറിയാം.
പതിവ് പോലെ അന്നും പുലർച്ചെ തന്നേ അവൾ കോലോത്തേക്ക് ഇറങ്ങി. കരുതലോടെ ഓരോ ജോലിയും തീർത്തു തമ്പ്രാനെ അവിടെ കാണാഞ്ഞപ്പോൾ തന്നേ അവൾക്ക് പാതി ആശ്വാസം ആയി.
“ദേവോ പണിയെല്ലാം കഴിഞ്ഞുച്ചാ നിയ്യ് പൊയ്ക്കോ ട്ടോ”
‘ശരി വല്യമ്പ്രാട്ടി’
“നിനക്കുള്ളത് അവടെ വെച്ചിട്ടുണ്ട് ട്ടോ” അടുക്കളപ്പുറത്ത് പൊതിഞ്ഞു വെച്ചേക്കുന്ന പലഹാരത്തിലേക്ക് ചൂണ്ടി അവർ പറഞ്ഞു.
തോർത്തും ചുമലിൽ ഇട്ട് പലഹാരപൊതിയും എടുത്തു അവൾ പതിയെ പുറത്തേക്ക് നടന്നു. പഠിപ്പുരയ്ക്കൽ എത്തിയപ്പോ പുറകിൽ ഒരു കാൽപെരുമാറ്റം തോന്നി അവൾ തിരിഞ്ഞു നോക്കി.
“അങ്ങനെ അങ്ങ് പോയാലോ നിയ്യ്” അവളെ വട്ടം പിടിച്ചു കൊണ്ട് തമ്പ്രാൻ പറഞ്ഞു.
‘അടിയനെ ഉപദ്രവിക്കല്ലേ തമ്പ്രാ’ അവൾ കുതറിമാറാൻ ശ്രെമിച്ചോണ്ട് പറഞ്ഞു.
“നിന്നെ അങ്ങനെ വിടാനോ മോഹിച്ചാൽ അതെനിക്ക് കിട്ടണം ചെറുപ്പം തൊട്ടേ അങ്ങനാ” അയാൾ അവളെയും കോരിയെടുത്തു മേലെപടിപ്പുരയിലേക്ക് നടന്നു കയറി.
അവളുടെ പ്രതിരോധം തീർത്തു ദുർബലമാണെന്ന് അറിഞ്ഞ അയാൾക്ക് അതൊരു ലഹരിയായി, ഒരു പൂവിനെ കശക്കിയെറിയുന്ന ലാഘവത്തോടെ അവളെ കീഴ്പ്പെടുത്തി.
“ഇനിം സഹകരിച്ചാൽ നിനക്ക് ഇത്ര ബുദ്ധിമുട്ട് ണ്ടാവില്യാ തക്ക നേട്ടോണ്ടാവും”
ഉടുമുണ്ട് എടുത്തു ഉടുത്തു അവളെ നോക്കി കൊണ്ട് അയാൾ പറഞ്ഞു. ദേഹം മുഴുവൻ നീറി പുകഞ്ഞു കൊണ്ടിരിക്കുന്ന അവൾക്ക് മറുപടി ഉണ്ടായില്ല.
പതിയെ വേച്ച് വേച്ചു അവൾ പുറത്തേക്ക് ഇറങ്ങി. പൊട്ടിയ ചുണ്ടും കീറിയ ബ്ലസും പാറി പറക്കുന്ന തലമുടിയും ആകെ പ്രാന്തിയ പോലെ ആയിരിക്കുന്നു.
തോർത്ത് എടുത്തു മാ റ് മറച്ചു അവൾ നടന്നു നീങ്ങി. എത്താറുള്ള നേരം കഴിഞ്ഞും അമ്മയെ കാണാണ്ട് കുഞ്ഞ് വിശന്നു കരയാൻ തുടങ്ങിയിരുന്നു.
“ന്താമ്മേ വൈകിയേ, വിശക്കുന്നു ” കൂരക്ക് കേറും മുന്നേ അവൻ ചോദിച്ചു.
‘ദാ കഴിച്ചോട്ടോ’ കയ്യിലെ പൊതി അവനു നേർക്ക് നീട്ടി കൊണ്ട് അവൾ പറഞ്ഞു.
“അമ്മക്ക് വയ്യേ”
‘ഒന്നുല്യാ ലോ മേൽകഴുകിട്ട് വരാട്ടോ’ അത്രയും പറഞ്ഞു അവൾ കുളിപ്പുരയിലേക്ക് ഓടി. നക്ഷതങ്ങൾ ഏറ്റ ശരീരത്തിൽ കുറെയേറെ വെള്ളം കോരി ഒഴിച്ചിട്ടും പുകച്ചിൽ മാറിയില്ല.
അതിലേറെ കനലുകൾ അവളുടെ ഉള്ളിൽ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു.
ഈറൻ മാറ്റി കൂരയ്ക്ക് അകത്തേക്ക് കയറി ചെന്നപ്പോൾ കണ്ടത് പലഹാരപൊതി അങ്ങനെ വെച്ച് ഉമ്മറത്തു പോയിരിക്കുന്ന കുഞ്ഞിനെ ആണ്.
“നിയ്യ് ഇത് കഴിച്ചില്ലേ”
‘അതിന് ചോരെടെ മണംണ്ട് നിക്ക് വേണ്ടാ അത്, അമ്മയ്ക്കും’ ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു അവൾ കുഞ്ഞിനേ ചേർത്ത് പിടിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചു.