നിന്റെ പോര് സഹിക്കാൻ പറ്റാത്തതു കൊണ്ടാണ് അവർ വീടു മാറുന്നത് .നിന്നെ പോലെ തന്നെ ഇങ്ങോട്ട്‌വന്നതാണ് സൗമ്യയും. നീ അവളെ കണ്ടു പഠിക്കണം.

ഒറ്റപ്പെടൽ
(രചന: Aneesha Sudhish)

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ട അവസ്ഥയിലാണെന്റെ ജീവിതം.

ആരും ഒന്നും മിണ്ടുന്നില്ല.. അറിഞ്ഞു കൊണ്ട് ഞാനൊന്നും ചെയ്തിട്ടില്ല.. അറിയാതെ എന്തെങ്കിലും സംഭവിച്ചോ എന്നും അറിയില്ല..

വീട്ടുകാർ മിണ്ടാതിരിക്കുന്നത് പോട്ടെ എന്നു വെയ്ക്കാം പക്ഷേ ശ്രീയേട്ടൻ … എന്തിനു വേണ്ടിയാണ് മിണ്ടാതിരിക്കുന്നത്.

ചോദിച്ചിട്ട് ഒന്നും പറയുന്നില്ല എൻറെ പണി കഴിഞ്ഞു വരുമ്പോഴേക്കും ശ്രീയേട്ടൻ ഉറങ്ങിയിട്ടുണ്ടാകും. ഉറക്കത്തിൽ നിന്നെങ്ങാനും വിളിച്ചുണർത്തിയാൽ വല്ലാത്ത ദേഷ്യമാണ്. പിന്നെ ചെവി പൊത്തി പിടിച്ച് കിടന്നാൽ മതി.

ഈയിടെയായി കുടിയും കൂടുതലാണ്.
ചോദിച്ചാൽ പറയും

“ഞാൻ കുടിക്കുന്നതുകൊണ്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ തിന്നാനും കുടിക്കാനും കിട്ടുന്നില്ലേ ?

നിന്നെ തല്ലുന്നില്ല പട്ടിണിക്കിടുന്നില്ല പിന്നെ നിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന കാശ് കൊണ്ടല്ല ഞാൻ കുടിക്കുന്നത് ഞാൻ അന്തസ്സായി പണിയെടുത്ത് കിട്ടുന്ന കാശ് കൊണ്ടാണ് ”

പറഞ്ഞതത്രയും ശരിയായ കാര്യമാണ്. ദേഹോപദ്രവം ഇല്ല പട്ടിണിക്കിടുന്നില്ല..
പക്ഷേ അതിനേക്കാൾ എത്രയോ വേദനയാണ് ഈ അവഗണന.

ഭാര്യാഭർതൃ ബന്ധത്തിൽ വഴക്കിന് ഒരു രാത്രിക്കപ്പുറം ആയുസ് പാടില്ല എന്നു കേട്ടിട്ടുണ്ട്. ഇതു പക്ഷേ രാത്രികൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. എന്നാണ് ഇതിനൊരു അവസാനം എന്നറിയില്ല.

മനസ്സ് മടുത്തു തുടങ്ങിയിരിക്കുന്നു. അമ്മയും അനിയത്തിയും തമാശകൾ പറയുന്നു ചിരിക്കുന്നു.. എന്നെ കണ്ടാൽ പിന്നെ നിശബ്ദം..

ചോദിച്ചാൽ പോലും ഒന്നും പറയില്ല. അഥവാ പറയാണെങ്കിൽ അവിടെയും ഇവിടെയും തൊടാതെയുള്ള സംസാരം മാത്രം. പലപ്പോഴും തന്നെ കൂട്ടാതെ അവർ പുറത്തേക്ക് പോകും.

അമ്പലത്തിലോട്ട് പോകുമ്പോൾ പോലും പോരുന്നുണ്ടോ എന്നു ചോദിക്കില്ല.

താനെപ്പോഴും അടുക്കളയിൽ തന്നെ. എന്നിട്ട് എന്തിനും കുറ്റം മാത്രം. എന്തിന് അനിയത്തി ഗർഭിണിയായപ്പോൾ പോലും തന്നെ അറിയിച്ചില്ല..

അമ്മയ്ക്ക് വയ്യ എന്നും പറഞ്ഞാണ് അവർ ഹോസ്പിറ്റലിൽ പോയത്. വന്നപ്പോൾ ഡോക്ടർ എന്തു പറഞ്ഞെന്ന് ചോദിച്ചപ്പോൾ ആണ് പറഞ്ഞത് അമ്മയ്ക്ക് അല്ല അവളെ കാണിക്കാൻ പോയതാണ് എന്ന് പറഞ്ഞത്.

മൂന്നു മാസമായെന്നും ഒരേ വീട്ടിലുണ്ടായിട്ടും ഞാൻ അറിഞ്ഞില്ല. അറിയിച്ചില്ല എന്നതാണ് സത്യം.

ഇറങ്ങി പോകാൻ വരെ തോന്നുന്നുണ്ട്. മകളെ ഓർത്ത് മാത്രം പിടിച്ച് നിൽക്കുന്നു. ഇന്ന് എന്തെങ്കിലും തീരുമാനത്തിൽ എത്തണം. അതിനായാണ് ജോലി വേഗം തീർത്തത്.

ശ്രീയേട്ടൻ വന്നിട്ടില്ല. ശനിയാഴ്ച ആയതു കൊണ്ട് നേരം വൈകും.
മോള് ഉറങ്ങി.

ശാന്തമായി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ പതുക്കെ ചുംബിച്ചു…. അവളൊന്ന് തിരിഞ്ഞു കിടന്നു.

ശ്രീയേട്ടന്റെ അതേ ഛായയാണ് മോൾക്കും. മാധവപ്രിയ ഞങ്ങളുടെ പിയ കുട്ടി. ശ്രീയേട്ടന്റെ അച്ഛന്റെ പേരും അമ്മയുടെ പേരും ചേർത്താണ് പേരിട്ടത്. മാധവനും പ്രിയ്യംവദയും ചുരുക്കി മാധവപ്രിയ ആക്കി.

എന്നെ ആർക്കും ഇഷ്ടമല്ലെങ്കിലും മോളെ എല്ലാവർക്കും ജീവനാണ്. തറവാട്ടിൽ പുതു തലമുറയിലെ ആദ്യത്തെ പെൺകുട്ടിയാണവൾ മറ്റുള്ളവർക്ക് ആൺകുട്ടികളാണ്..

ബൈക്കിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ശ്രീയേട്ടൻ വന്നു. പതിവില്ലാതെ ഒരു പേടി … ഇന്നും മ ദ്യ പി ച്ചാണ് വന്നിട്ടുള്ളത്.

ഒന്നും പറഞ്ഞില്ല. പറയാനുള്ള ധൈര്യമൊക്കെ ചോർന്നുപോയ പോലെ.

ശ്രീയേട്ടൻ കുളി കഴിഞ്ഞു വന്നു ഭക്ഷണം കഴിക്കാൻ പോയി.. ഒന്നും എടുത്തു കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ട്ടമല്ല. സ്വയം എടുത്തു കഴിക്കും.

അതുകൊണ്ട് ഞാൻ റൂമിൽ തന്നെ ഇരുന്നു. എന്തും നേരിടാൻ മനസ്സിനെ പാകപെടുത്താൻ ശ്രമിച്ചു.

ഭക്ഷണം കഴിഞ്ഞ് വന്ന് ശ്രീയേട്ടൻ പതിവു പോലെ ഒരു വശം ചേർന്ന് ചെരിഞ്ഞു കിടന്നു.

“ശ്രീയേട്ടാ, ഞാനെന്തു ചെയ്തിട്ടാ നിങ്ങളിങ്ങനെ മിണ്ടാതെ നടക്കുന്നത്.?” ഉള്ളിലെ തേങ്ങലുകൾ കടിച്ചു പിടിച്ചാണ് ചോദിച്ചത്.

“നീയൊന്നും ചെയ്തില്ലേ എന്നെ കൊണ്ട് പറയിപ്പിക്കരുത് ”

“എന്താണെന്ന് പറയാതെ ഞാനെങ്ങനെ അറിയാനാ?”

“നിന്റെ ഔദാര്യത്തിലല്ല ഇവിടെയുള്ളവർ കഴിയുന്നത്. അങ്ങനെ ഒരു ചിന്ത മനസ്സിലുണ്ടെങ്കിൽ അതെങ്ങ് കളഞ്ഞേക്ക്. ”

“അതും ഇതും പറയാതെ ഞാൻ ചെയ്ത തെറ്റെന്താ ?” ഞാൻ വീണ്ടും ചോദിച്ചു.

” നീ ഒന്നും ചെയ്യാതെ ആണോ ശ്രീജിത്തും ഭാര്യയും വാടകയ്ക്ക് പോകുന്നത്.

നിന്റെ പോര് സഹിക്കാൻ പറ്റാത്തതു കൊണ്ടാണ് അവർ വീടു മാറുന്നത് .നിന്നെ പോലെ തന്നെ ഇങ്ങോട്ട്‌വന്നതാണ് സൗമ്യയും. നീ അവളെ കണ്ടു പഠിക്കണം.

എത്ര സ്നേഹത്തോടെയാണ് എല്ലാവരോടും പെരുമാറുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്ന് അവരോട് സംസാരിച്ചിരിക്കും. നീയോ? ഫോണും പിടിച്ച് റൂമിൽ ”

“ഞാൻ പിന്നെ ദേഷ്യത്തോടെ ആണോ ശ്രീയേട്ടാ എല്ലാവരോടും പെരുമാറാറുള്ളത്. നിങ്ങൾക്കെങ്ങനെ പറയാൻ തോന്നി അങ്ങനെ ?

എനിക്ക് സീരിയൽ കാണുന്നത് ഇഷ്ടമല്ല അടുക്കളയിലെ പണികൾ കഴിഞ്ഞാൽ ഞാൻ റൂമിൽ വന്നിരിക്കും അത് തെറ്റാണോ ? പിന്നെ ഞാൻ സൗമ്യയെ എന്തു പറഞ്ഞെന്നാ നിങ്ങൾ പറയുന്നത്?”

” നീ ഒന്നും പറയാറില്ലേ ? അവൾ ലൈറ്റ് ഇട്ടാൽ കുറ്റം, മോട്ടർ അടിച്ചാൽ കുറ്റം, കറിവെച്ചാൽ കുറ്റം നീ കഴിക്കില്ല ഇതൊക്കെ പിന്നെ എന്താ ?” ശ്രീയേട്ടന്റെ ഒച്ച ഉയർന്നു.

വെറുതെ ലൈറ്റ് എന്തിനാ ഇടുന്നേ എന്നു ചോദിച്ചത് കുറ്റമാണോ ?

എത്ര പ്രാവശ്യം അവരുടെ റൂമിൽ ലൈറ്റ് കത്തി കിടക്കുന്നത് ഞാൻ ഓഫാക്കിയിട്ടുണ്ടെന്നറിയോ ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം മോട്ടർ പ്രവർത്തിക്കുന്നതും എന്തിനാണെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.

കറന്റ് ബിൽ വരുമ്പോൾ നിങ്ങളുടെയും അമ്മയുടെയും വഴക്ക് കേൾക്കുന്നത് ഞാനാണ്.

എന്നെങ്കിലും സൗമ്യയെ അതിന്റെ പേരിൽ ഇവിടെ വഴക്ക് പറഞ്ഞിട്ടുണ്ടോ ? അടുക്കളയിൽ എന്തെങ്കിലും കഴിഞ്ഞാൽ അതിനും എനിക്ക് കുറ്റം .

എല്ലാവർക്കും തട്ടി കളിക്കാൻ ഞാൻ ഇവിടെയുണ്ടല്ലോ?” സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

ശ്രീയേട്ടൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറഞ്ഞില്ല.

തലവഴി പുതപ്പിട്ടു കിടന്നു.

എല്ലാ പണികളും താനൊറ്റയ്ക്കാണ് ചെയ്യുന്നത്. അടുക്കളയിൽ അവൾ ഒന്നിനും സഹായിക്കാറില്ലായിരുന്നു.
എന്നിട്ടും ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് തന്നെ പറ്റി ആരോപിച്ചിരിക്കുന്നത്.

ഞാൻ കാരണം വീട് മാറാൻ തയ്യാറാകുന്ന അനിയനും ഭാര്യയും. അങ്ങനെ സംഭവിച്ചാൽ തന്റെ തെറ്റു ക്കൊണ്ടാണെന്ന് എല്ലാവരും വിശ്വസിക്കും. തന്റെ നിരപരാധിത്വം തെളിയിക്കണം.

“നിർത്ത്, ഇനി ഇതും പറഞ്ഞ് വെറുതെ ഉറക്കം കളയണ്ട . അവൾക്ക് വെറുതെ ഇരുന്നാൽ മതിയല്ലോ അടുക്കളയിൽ ഒന്നു സഹായിച്ചാൽ എന്താ ?

“സൗമ്യയ്ക്ക് ഒന്നും ചെയ്യാനറിയില്ലാന്ന് നിനക്കറിയുന്നതല്ലേ പിന്നെ നീയെന്തിനാ ചാടി കടിക്കുന്നത്. ഓ ചേടത്തിയമ്മ ചമയുന്നതായിരിക്കും ”

ശ്രീയേട്ടൻ പുച്ഛത്തോടെ പറഞ്ഞു.

ഞാൻ ചേടത്തിയമ്മ ചമയുന്നതല്ല ഞാനും വരുമ്പോൾ ഇങ്ങനെ തന്നെ ആയിരുന്നില്ലേ എന്നിട്ടും അറിയാവുന്നതൊക്കെ ചെയ്തു.

അന്നൊക്കെ ഞാൻ ഒന്നും ചെയ്യുന്നില്ല എന്നും പറഞ്ഞായിരുന്നല്ലോ പരാതി. ചെയ്തു തന്നെയാ ഞാനും ഇതെല്ലാം പഠിച്ചത്. ”

” അവൾ ഗർഭിണിയാ പഠിക്കണ്ട സമയമാകുമ്പോൾ അവളും പഠിച്ചോളും അല്ലാതെ നീ പഠിപ്പിക്കാൻ നോക്കണ്ട.

ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയതാ ശ്രീയേട്ടാ അന്നൊന്നും എന്നോട് ഒന്നും ചെയ്യണ്ടാന്ന് നിങ്ങൾ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ ?

ഞാൻ കാരണം ആരും വാടകയ്ക്ക് പോകും വേണ്ട. ഞാനല്ലേ ഇവിടത്തെ കരട് ഞാൻ തന്നെ ഒഴിഞ്ഞു പൊയ്കോണ്ട്. നാളെ തന്നെ ” തീരുമാനം ഉറച്ച് തന്നെയാണ് ഞാനത് പറഞ്ഞത്.

” എന്നാലും നിനക്ക് നിന്റെ സ്വഭാവം മാറ്റാൻ പറ്റില്ലല്ലേ ?”

“എന്റെ കൈയ്യിൽ തെറ്റില്ല എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. മറ്റുള്ളവർക്ക് അത് തെറ്റാണെന്ന് തോന്നിയാലത് എന്റെ കുറ്റവും അല്ല. നാളെ ഞാൻ പോകും.. ആരും എന്നെ സഹിക്കണ്ട. വിവാഹ മോചനമെങ്കിൽ അങ്ങനെ തന്നെ ”

” അങ്ങോട്ട് ചെന്നാലും മതി. നിന്റെ ഈ സ്വഭാവം കൊണ്ട് അവിടെയും നിന്നെ നിർത്തില്ല.. കൂട്ടുകാരിയാണ് ചേട്ടന്റെ ഭാര്യയാണ് എന്നും പറഞ്ഞിട്ട് കാര്യമില്ല. കുറച്ച് കഴിയുമ്പോൾ അവരും അവിടെ നിർത്താൻ പോണില്ല.. അവിടെ ചെന്ന് പട്ടിണി കിടക്കുമ്പോൾ താനെ നിന്റെ സ്വഭാവം തന്നെ മാറിക്കോളും ”

“ഇരുപത്തിരണ്ട് വർഷം ഞാൻ എന്റെ വീട്ടിൽ നിന്നാണ് വളർന്നത് എന്നിട്ട് അവിടെ പട്ടിണി അല്ലായിരുന്നു.

ഇനി അഥവാ അങ്ങനെ ആണെങ്കിലും കുഴപ്പമില്ല…എന്റെ വീട്ടുകാരുടെ കൂടെയല്ലേ ഞാൻ സഹിച്ചു. ഇങ്ങനെ കുത്തുവാക്കുകൾ കേൾക്കണ്ടല്ലോ “കരഞ്ഞു കൊണ്ടാണ് ഞാൻ പറഞ്ഞത്.

” നീ നിന്റെ വീട്ടിൽ പോയി നിന്നാൽ എനിക്ക് ഒരു ചുക്കും വരാനില്ല. എന്റെ മോള് പട്ടിണിയാവും അതാലോചിക്കുമ്പോഴാണ് ഒരു വിഷമുള്ളത്.” ശ്രീയേട്ടൻ പറഞ്ഞു.

“മോളെ ഞാൻ പട്ടിണിക്കിടാനല്ല കൊണ്ടുപോകുന്നത്. അവളെ നല്ല അന്തസായി വളർത്തം”

“ഉവ്വ് വളർത്തും ജോലിയും കൂലിയും ഇല്ലാതെ നീ വളർത്തണമെങ്കിൽ മറ്റേ പണിക്കു പോകേണ്ടിവരും. നിന്റെ സ്വഭാവം വച്ച് അതും നടക്കും ”

“ശ്രീയേട്ടാ, “സഹിക്കാനായില്ല അത് കേട്ടപ്പോൾ

“അങ്ങനെ നടക്കാൻ ഞാൻ നിങ്ങളുടെ അമ്മയോ പെങ്ങളോ അല്ല ” അത്രയ്ക്ക് സഹിക്കാൻ പറ്റാതായപ്പോഴാണ് അങ്ങനെ പറഞ്ഞത്. അതിനു മറുപടി കിട്ടിയത് എന്റെ കവിളത്തായിരുന്നു.

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.. അങ്ങനെ പറയാൻ പാടില്ലായിരുന്നു. പക്ഷേ പറഞ്ഞു പോയി.

പിന്നെയും എന്തൊക്കെയോ ശ്രീയേട്ടൻ പറയുന്നുണ്ടായിരുന്നു…

ഒന്നിനും ചെവി കൊടുത്തില്ല… മിണ്ടാതെ നിശബ്ദം കരഞ്ഞു.

എന്റെ ഭാഗത്തു നിന്നും പ്രതികരണം ഇല്ലാത്തതു കൊണ്ടാകും അവിടെയും ശബ്ദം നിന്നു.

ശ്രീയേട്ടന്റെ കൂർക്കംവലിയുടെ ശബ്ദം കാതു തുളയ്ക്കുന്ന തരത്തിലായിരുന്നു…

ഇനിയും സഹിച്ചിരിക്കാൻ പറ്റില്ല. മോളെ ഒന്നു തലോടി ആ ചുണ്ടിൽ അമർത്തി ചുംബിച്ചു.

അവളൊന്നു ചിണുങ്ങി.. പാലിനായി പരതി … അവളെ മാറോടണച്ച് മതി വരുവോളം പാൽ നൽകി ശ്രീയേട്ടനരുകിൽ കിടത്തി..

എല്ലാവരുടെയും മുന്നിൽ ഞാനാണ് കുറ്റക്കാരി. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല. മരണം അത് മാത്രമാണ് പോംവഴി.

ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പിയ മോളെ ഒന്നു നോക്കി. നെഞ്ചു പൊളിയുന്നു.. മാറിൽ നിന്നും പാൽ ചുരത്തുന്നുണ്ടായിരുന്നു..

പുറത്തേക്കിറങ്ങി ,അച്ഛൻ വാഴയ്ക്ക് അടിക്കാൻ വെച്ചിരുന്ന വിഷം കൈയ്യിലെടുത്തു. പല മുഖങ്ങളും മുന്നിൽ തെളിഞ്ഞു അമ്മ അച്ഛൻ ചേട്ടൻ പിന്നെ എന്റെ പിയ മോളുടെയും..

ഇല്ല ഞാൻ മരിച്ചാൽ ഞാൻ തോറ്റു പോകും. ഒരിക്കലും തോൽക്കാൻ പാടില്ല. മുന്നേറണം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നേറണം.

വി ഷ കു പ്പി അവിടെ തന്നെ വച്ചു. തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി വീണ്ടും റൂമിൽ ചെന്നു കിടന്നു.

നാളത്തെ പ്രഭാതം പൊട്ടി മുളയ്ക്കുമ്പോൾ ഇന്നലെ വരെ നടന്നത് മറന്ന് നല്ലൊരു അഭിനേത്രി ആകണം .ആർക്കുവേണ്ടി അല്ലെങ്കിലും എന്റെ പിയ മോൾക്ക് വേണ്ടി.. അവൾക്ക് വേണ്ടി മാത്രം.

മകളെ നെഞ്ചോടടക്കി കിടന്നു. എല്ലാം സഹിക്കാൻ മനസിനെ പാകപെടുത്തി കൊണ്ട്…. നാളത്തെ പ്രഭാതം എങ്ങനെയാണെന്ന് നിശ്ചയമില്ല.. പിറ്റേന്നു മുതൽ അഭിനയിക്കുകയായിരുന്നു.

അനിയത്തിയോട് കാര്യം തിരക്കി എന്റെ കൈയിൽ നിന്നും എന്തെങ്കിലും അറിയാതെ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കാൻ പറഞ്ഞു.. ഓരോന്ന് പറഞ്ഞു കൊടുത്തു എല്ലാം പഠിപ്പിച്ച് സാവധാനം അവളെയും മാറ്റിയെടുത്തു.

ഇഷ്ടമില്ലാഞ്ഞിട്ടും അവരോടൊപ്പം സീരിയൽ കണ്ടു.. ശ്രീയേട്ടനെയും പതിയെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു…. തിരശീലയ്ക്കു മുന്നിൽ ആടി തീർക്കുകയാണിന്നു ഞാനെന്റെ ജീവിതം…..

പല ജീവിതങ്ങളും ഇങ്ങനെയാണ് എല്ലാം അടക്കിപിടിച്ച്, സഹിച്ച് മക്കളെ ഓർത്ത് മാത്രം കഴിയുന്നവർ .

പക്ഷേ ചെയ്യാത്ത തെറ്റിന്റെ പേരിൽ അവളെ ക്രൂശിക്കുമ്പോൾ ഓർക്കണം അവളിൽ നിന്നും വീഴുന്ന കണ്ണുനീരിന് നിങ്ങളെ ചുട്ടുപൊള്ളിക്കാനുള്ള ശക്തിയുണ്ടെന്ന് . ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *