ആർക്കറിയാം… ഇനി കെട്ടി തൂക്കിയതൊ മറ്റോ ആണോന്ന്… ഈ കാലത്തു ചെറുക്കനും കണക്കാ ചെക്കന്റെ വീട്ടുകാരും കണക്കാ…

സ്ത്രീധനം
(രചന: Bibin S Unni)

” അറിഞ്ഞില്ലേ… നമ്മുടെ ഭാസ്കരൻ മാഷിന്റെ മരുമകൾ ആ ത്മ ഹത്യ ചെയ്‌തെന്ന്… ”

നാട്ടിലേ എല്ലാവരുടെയും സ്ഥിര കേന്ദ്രമായ കുഞ്ഞേട്ടന്റെ ചായക്കടയിലേക്ക് വന്ന വാസു എല്ലാവരോടുമായി പറഞ്ഞു…

” ഏഹ്… അതിന് മാഷിന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം പോലും തികച്ചായില്ലല്ലോ….”

കേട്ടത് വിശ്വസിക്കാനാകാതെ കുഞ്ഞേട്ടൻ ചോദിച്ചു…

” അതേ… ശോ എന്നാലും തങ്കം പോലുലൊരു കൊച്ചായിരുന്നു… എന്തിനാണോ ഇപ്പോൾ ഇങ്ങനൊരു കടും കൈ ചെയ്തത്.. ”

ചായക്കടയിലുണ്ടായിരുന്ന മറ്റൊരാൾ ആരോടന്നില്ലാതെ പറഞ്ഞു…

“എല്ലായിടത്തുമുള്ള പോലെ ഇവിടെയും സ്ത്രീധനം തന്നെയായിർക്കും വിഷയം…”

ചായക്കടയിലുണ്ടായിരുന്ന പെണ്ണ് കെട്ടാത്ത അല്ല കിട്ടാത്ത ഒരു ചെറുപ്പക്കാരൻ പറഞ്ഞു…

” അങ്ങനെ പറയരുത് മോനേ… ഭാസ്കരൻ മാഷിനും മാഷിന്റെ മോനും സ്ത്രീധനം വാങ്ങിയിട്ട് വേണ്ടാ ജീവിക്കാൻ… ”

ചെറുപ്പക്കാരന്റെ സംസാരമിഷ്ടപ്പെടാത്ത പോലെ കുഞ്ഞേട്ടൻ പറഞ്ഞു…

” സ്ഥിര ജോലിക്കാരായ സ ർക്കാറുദ്യോഗസ്ഥവർ വരെ സ്ത്രീധനത്തിന്റെ പേരും പറഞ്ഞു വഴക്കുണ്ടാക്കുന്നു .. പിന്നെയാ റിട്ടായറായ ഒരു സ്കൂൾ മാഷും പ്രൈവറ്റ് ബാങ്കിലെ ജീവനക്കാരനായ മോനും…”

കുഞ്ഞേട്ടൻ പറഞ്ഞത് കെട്ട് ചെറുപ്പക്കാരൻ പുച്ഛത്തോടെ പറഞ്ഞു…

” ആർക്കറിയാം… ഇനി കെട്ടി തൂക്കിയതൊ മറ്റോ ആണോന്ന്… ഈ കാലത്തു ചെറുക്കനും കാണക്കാ ചെക്കന്റെ വീട്ടുകാരും കണക്കാ…

എല്ലാവർക്കും സ്വർണ്ണവും പണവും മാത്രം മതി… ചാകുമ്പോൾ ഇതെല്ലാം കൂടി അങ്ങോട്ട്‌ കൊണ്ട് പോകുവോ എന്തോ… ”

മകന്റെ കല്യാണത്തിന് പെൺ വീട്ടുകാരുടെ കൈയിൽ നിന്നും അൻപതു പവൻ സ്വർണ്ണവും രണ്ടുലക്ഷം രൂപയും കണക്കു പറഞ്ഞു മേടിച്ച ഒരു പിതാവ് അതീവ ദുഃഖ ഭാവത്തോടെ പറഞ്ഞു…

” ആഹ്.. കാശിന്റെ കാര്യം വരുമ്പോൾ അവിടെയെന്ത് സ്നേഹം ബന്ധം… ”

കുഞ്ഞേട്ടൻ അത്രയും പറഞ്ഞു തന്റെ പണിയിലേക്ക് കടന്നു… അന്നത്തെ ദിവസം ചായക്കടയിലേയും നാട്ടുകാർക്കിടയിലെയും പ്രധാന സംസാര വിഷയമായിരുന്നു ഭാസ്കരൻ മാഷിന്റെ മകൻ അശ്വിന്റെ ഭാര്യ രേവതിയുടെ ആ ത്മഹത്യ…

അടുത്ത ദിവസം ഉച്ചയോടെ രേവതിയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് വന്നു….

ആ കൂടെ തന്നെ കേരളത്തിലേ പ്രമുഖ മാധ്യമങ്ങളുടെ ഒരു നീണ്ട നീരയുമുണ്ടായിരുന്നു…

ആംബുലൻസിൽ നിന്നും രേവതിയുടെ മൃതദേഹം പുറത്തേക്കെടുത്തു വച്ചപ്പോൾ അശ്വിൻ കരച്ചിലോടെ വന്നു രേവതിയുടെ മുഖത്തു തലോടുകയും ഉമ്മകൾ കൊണ്ട് മൂടുകയും ചെയ്തു…

” രേവതി മോളേ എണിക്കടി… എന്തിനാ പൊന്നെ നീ ഏട്ടനെ വിട്ടു പോയെ. അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തെ… ”

അശ്വിൻ കരച്ചിലോടെ രേവതിയുടെ മൃതദേഹത്തെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു… ആ കാഴ്ച കാണാനാകാതെ ചിലർ മുഖം പൊത്തി കരഞ്ഞപ്പോൾ മറ്റു ചിലർ ആ രംഗം പുച്ഛത്തോടെ നോക്കി നിന്നു….

ഇതെല്ലാം പല ഭാഗത്തു നിന്നും മാ ധ്യമങ്ങൾ അവരുടെ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു…

” ഹും… എന്തൊരഭിനയമാ ആ ചെക്കന്റെ… ഓരോസ്കാർ അവാർഡേലും അവന്റെ അഭിനയത്തിന് കൊടുക്കണം… ”

അശ്വിന്റെ കരച്ചിൽ കണ്ട നാട്ടുകാരിലൊരാൾ കൂടെയുള്ള ആളുകളോട് പറഞ്ഞു…

” എടൊ അങ്ങനെയൊന്നും പറയരുത്… ആ പയ്യന് ആ പെണ്ണിനെ ഭയങ്കര ഇഷ്ടമായിരുന്നു… ഇഷ്ടപെടുന്നയാൾ നഷ്ടപെടുമ്പോഴുള്ള വേദന അതു പറഞ്ഞറിയിക്കാൻ കഴിയില്ല…”

മറ്റൊരാൾ സഹതാപത്തോടെ അയാളോട് പറഞ്ഞു…

” ഓഹ്… എന്നിട്ടായിരിക്കും ആ പെണ്ണിനെ പട്ടിണിക്കിട്ടത്… ”

അയാൾ പറഞ്ഞത് കെട്ട് പുച്ഛത്തോടെ ചോദിച്ചു…

” പട്ടിണിക്കിട്ടന്നൊ.. ”

” ആഹ്… അതേന്നെ… പോ സ്റ്റ്‌ മോ ർട്ടം റിപ്പോർട്ടിൽ ആ പെണ്ണിന്റെ ശരീരത്തിൽ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലായിരുന്നു…

മിക്കവാറും പട്ടിണി സഹിക്കാൻ കഴിയാതെയായരിക്കും ആ പെണ്ണ് ആത്മഹത്യ ചെയ്തത്… ”

അയാൾ വീണ്ടും പറഞ്ഞു..

” അതു നീയെങ്ങനെ അറിഞ്ഞു… ”

” അപ്പൊൾ ന്യൂസൊന്നും കണ്ടില്ലേ… അതിൽ എല്ലാം പറയുന്നുണ്ടായിരുന്നു… ഇതതു തന്നെ… സ് ത്രീധന പീ ഡനം… ”

” ആ പെണ്ണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിഷമത്തോടെ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കണ്ടിരുന്നു…

ഞാനപ്പോൾ വിചാരിച്ചു വീട്ടിൽ നിന്നും മാറി നിന്നതിന്റെയായിരിക്കുമെന്ന്… ഇപ്പോഴല്ലേ മനസിലായത്.. മിക്കവാറും വീട്ടിലേക്ക് വിളിച്ചു അവളുടെ ഇവിടുത്തെ അവസ്ഥ പറഞ്ഞതായിരിക്കും… ”

അവിടെ കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു ..

” അതു ശെരിയാ.. ബലപ്രേയോഗമൊന്നു നടന്നിട്ടില്ലന്നാ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞത്… ചിലപ്പോൾ ഭക്ഷണം കിട്ടാതെ മയങ്ങി കിടന്നപ്പോൾ അവൻ കൊ ന്നു തൂക്കിയതായിരിക്കും…

തളർന്നു കിടക്കുന്നത് കൊണ്ട് പ്രതികരിക്കാനും പറ്റിക്കാണില്ലാ… എന്നാലും ആ പെണ്ണിന്റെയൊരു വിധിയേ. ”

” അവന്റെ കരച്ചിൽ കണ്ടില്ലേ… ഒരു ചവിട്ടു കൊടുക്കാനാ തോന്നന്നത്… ”

” ഈ കരച്ചിലും പിഴിച്ചലുമൊക്കെ നാട്ടുകാരെ കാണിക്കാനല്ലേ… കൂടി വന്നാൽ ഒരു രണ്ടു മാസം വരെ കാണും അതു കഴിയുമ്പോൾ കൂടുതൽ സ്ത്രീധനം വാങ്ങി അവൻ വേറെ പെണ്ണിനെ കെട്ടും,

പോയപ്പോൾ ആർക്കു പോയി… അവളുടെ വീട്ടുകാർക്ക് മാത്രം… ”

” അടക്കം കഴിഞ്ഞാലുടൻ അറസ്റ്റുണ്ടാകുമെന്നാ അറിഞ്ഞത്… അതിനാ പോലിസൊക്കെ വന്നെക്കുന്നത്… ”

നാട്ടുകാർ പലരും ഒളിഞ്ഞും തെളിഞ്ഞും രേവതിയുടെ ആ ത്മഹത്യയേ പറ്റി അവർ അറിഞ്ഞ കാര്യങ്ങൾ വച്ചു പൊടിപ്പും തൊങ്ങലും വച്ചു മറ്റുള്ളവരോട് പറഞ്ഞു…

നാട്ടുകാരിൽ നിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങൾ വെച്ചു മാ ധ്യമമങ്ങളും ചില ഓൺലൈൻ ന്യൂ സുകളും വിധിയെഴുതി രേവതിയുടെ മരണം സ്ത്രീധന പീ ഡനം മൂലം…

രേവതിയുടെയും ഭർത്താവ് അശ്വിന്റെയും ചിരിച്ചുകൊണ്ടുള്ള ഫോട്ടോ വച്ചു പ്രമുഖ പ ത്രങ്ങളുടെ ഫ്രണ്ട് പേജുകളിലും, ന്യൂ സ്‌ അവറുകളിലും,

ഓൺലൈൻ മീ ഡിയകളും ആഘോഷിച്ചു കൊണ്ടേയിരുന്നു, കുറച്ചു കൂടി റേറ്റിങ് കിട്ടാനായി രേവതിയുടെ അച്ഛന്റെയുമമ്മയുടെയും കരച്ചിലും മറ്റും ഓരോ അര മണീക്കൂർ വച്ചു ടെലികാസ്റ്റ് ചെയ്തു കൊണ്ടേയിരുന്നു…

കുറച്ചു മാസങ്ങൾക് മുൻപുള്ള ഒരു പ്രഭാതം…

” ഭാമേ മോള് റെഡിയായില്ലേ… അവർ പത്തു മണിക്കെത്തുമെന്നാ പറഞ്ഞിരിക്കുന്നത്…”

അടുക്കളയിലേക്ക് വന്ന രാഘവൻ ഭാര്യ ഭാമയോട് ചോദിച്ചു….

” അവൾ ദേ ഇരിക്കുന്നു മുഖവും വീർപ്പിച്ചുകൊണ്ട്… ”

അടുക്കളയുടെ അരികിലായി നിന്ന മകൾ രേവതിയേ ചൂണ്ടി ഭാമ പറഞ്ഞു….

” നീ എന്തിനാ മോളേ, ഇങ്ങനെ കെറുവിച്ചു നിൽക്കുന്നത്… അവർ വന്നു മോളേയൊന്നു കണ്ടിട്ട് പോട്ടേ… നിനക്കിഷ്ടമായാൽ മാത്രമേ ഈ കല്യാണം അച്ഛൻ നടത്തു… അതു പോരെ… ”

രാഘവൻ, മകളോട് പറഞ്ഞു…

” ഈ കല്യാണം എന്തായാലും നടക്കാൻ പോണില്ല… പിന്നെ എന്നെകൊണ്ടേന്തിനാ ഈ വിഡ്ഢി വേഷം കെട്ടിക്കുന്നത്… ”

രേവതി വല്ല്യ താല്പര്യമില്ലാത്ത പോലെ അച്ഛനോട്‌ പറഞ്ഞു…

” അങ്ങനെയൊന്നും പറയാതെ കുട്ടി… നിനക്ക് വരുന്ന ആദ്യ ആലോചനയാ ഇതു… അതു നീയായിട്ട് മുടക്കാതിരുന്നാൽ മതി… ”

അമ്മ അവളെ നോക്കി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു…

” അതിന് ഞാനെന്തിനാ കല്യാണം മുടക്കുന്നത്… അച്ഛൻ പറഞ്ഞത് വെച്ച് ഏതോ വല്ല്യ തറവാട്ടുകാരാ പെണ്ണ് കാണാൻ വരുന്നത്… അവർ ചോദിക്കുന്നത് പോലെ ഒന്നും കൊടുക്കാൻ അച്ഛനെ കൊണ്ടിപ്പോൾ കഴിയില്ല…

മെഡിസിൻ അഡ്മിഷനെടുക്കാമെന്ന് പറഞ്ഞപ്പോൾ ഗുളിക പാത്രമെടുത്തു തന്ന അച്ഛനല്ലേ… ”

രേവതി കളിയായി പറഞ്ഞതും അച്ഛന്റെയും അമ്മയുടെയും മുഖം താന്നു… അതു കണ്ടപ്പോൾ രേവതിയ്ക്കും വിഷമമായി…

” ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ഇപ്പോൾ അച്ഛനെന്താ വേണ്ടേ… ഞാനവരുടെ മുന്നിൽ ചെന്നു നിന്ന് കൊടുക്കണം അത്രയല്ലേയുള്ളൂ… ശെരി അച്ഛൻ പറയുന്നത് പോലെ ചെയ്യാം ..

ഇനിയൊന്നുന്നു ചിരിച്ചേ അച്ഛാ.. ”

രാഘവന്റെ വയറ്റിൽ ഇക്കിളിയിട്ട് കൊണ്ട് പറഞ്ഞതും ആ അച്ഛന്റെ ചുണ്ടിലുമൊരു ചിരി വിരിഞ്ഞു.. ആ സമയം പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ടു…

” അവർ വന്നൂന്ന് തോന്നുന്നു… ഭാമേ നീ മോളോടെല്ലാം പറഞ്ഞു കൊടുക്ക്… ഞാനങ്ങോട്ടു ചെല്ലട്ടേ… ”

ഇത്രയും പറഞ്ഞു ധൃതി വച്ചു രാഘവൻ പുറത്തേക്കു പോയി…

” മോളേ അച്ഛൻ വിളി.. ”

” അച്ഛൻ വിളിക്കുമ്പോൾ ഈ ചായ ട്രെയുമായി തല കുനിച്ചു പുറത്തേക്കു ചെല്ലണം.. അപ്പൊൾ അവിടെ ആരേലും കാണിച്ചു തരുന്ന ചെറുക്കന് തന്നെ ആദ്യം ചായ കൊടുക്കണം… എന്നിട്ട് പോയ പോലെ തന്നെ തിരിച്ചു വന്നു ഹാളിലെ വാതലിനു മറവിൽ നിൽക്കണം.. ഇതല്ലേ അമ്മയ്ക്ക് പറയാനുള്ളെ… ”

അമ്മ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ രേവതി അമ്മയോട് പറഞ്ഞു…

” ഇതെങ്ങനെ… സത്യം പറയടി ഞാനറിയാതെ നീ ഏതെങ്കിലും പെണ്ണുകാണാലിന് പോയോ.. ”

അമ്മ അന്തം വിട്ടപോലെ മകളോട് ചോദിച്ചതും, അവൾ അമ്മയേ രൂക്ഷമായൊന്നു നോക്കി…

” ഈ പെണ്ണ് കാണാലെന്ന് പറയുമ്പോൾ, സിനിമയിലായാലും സീരിയലിലായാലും ഷോർട് ഫിലിം നോവൽ.. എന്തിന് ഓൺലൈൻ കഥയിലായാലും ഇത് തന്നെയാണ് സീൻ വരുന്നത്. കണ്ടും കെട്ടും മടുത്തു… ”

രേവതി അമ്മയേ നോക്കി പറഞ്ഞതും അമ്മ ചിരിയോടെ മകളെ നോക്കി… അപ്പോഴേക്കും അച്ഛൻ ഉമ്മറത്തു നിന്നും അകത്തേക്ക് നോക്കി വിളിച്ചു…

” ദേ അച്ഛൻ വിളിച്ചു… ഇനി മോള് കണ്ടതിന്റെയും വായിച്ചതിന്റെയും അനുഭവത്തിൽ നിന്നും നേരിട്ട് പോയി എക്സ്പീരിയൻസ് ചെയ്തോ… ”

അമ്മ ചായ ട്രെയെടുത്തു രേവതിയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞതും….

” എനിക്കിട്ട് തന്നെ താങ്ങിയല്ലേ.. ”

ഇത്രയും പറഞ്ഞു അമ്മയേ നോക്കി ചൂണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മറത്തെയ്ക്കു നടന്നു…

പടി വാതിൽ കടന്നതും ഒരാൾ വന്നു രേവതിയുടെ കൈയിൽ നിന്നും ട്രെ വാങ്ങി.. അത് കണ്ടവൾ മുഖമുയർത്തി നോക്കിയതും മുന്നിലൊരു സ്ത്രീ ചിരിയോടെ നിൽക്കുന്നു, കണ്ടാൽ തന്റെ അമ്മയുടെ പ്രായം അപ്പോൾ ചെറുക്കന്റെ അമ്മയായിരിക്കുമെന്ന് അവൾ ഊഹിച്ചു…

“ഇതിങ്ങു തന്നിട്ട് മൊളിവിടെ വന്നിരിക്കു… ”

അവൾ ആ സ്ത്രീയേ നോക്കി നിന്നപൊഴേക്കും രേവതിയുടെ കൈയിൽ നിന്നും ട്രെ വാങ്ങി അവർ എല്ലാവർക്കും ചായ കൊടുത്തിരുന്നു…

” മോള് അവിടെ തന്നെ നിൽക്കാതെയിങ്ങോട്ട് വാ… അമ്മ ചോദിക്കട്ടെ.. ”

ഇത്രയും പറഞ്ഞു അവർ രേവതിയേ തന്റെ കൂടെ പിടിച്ചിരുത്തി…

” മോൾക്കെന്നെ മനസിലായില്ലല്ലേ… ”

അവർ ചോദിച്ചതും രേവതി അവരെ നോക്കിയൊരു വിളറിയ ചിരി ചിരിച്ചു…

” ഞാൻ അശ്വിന്റെ അമ്മയാണ്… അംബിക… ഇതു അവന്റെ അച്ഛൻ ഭാസ്കരൻ… പിന്നെ ഇതാണ് ഞങളുടെ ഒരേയൊരു മോൻ അശ്വിൻ… ”

അംബിക തന്നെ എല്ലാവരെയും രേവതിയ്ക്ക് പരിചയപെടുത്തി കൊടുത്തു… അൽപ്പ സമയം കൊണ്ട് തന്നെ രേവതിയേ അവർക്കു ഇഷ്ടായി…

” എടൊ താൻ ആ കുട്ടിയേയൊന്നു വിട്… എന്നിട്ട് അവർക്ക് പരസ്പരം എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടേൽ അവരെ അതിന് വിട്… ”

ഭാസ്ക്കരൻ പറഞ്ഞപ്പോഴാണ് അംബിക രേവതിയിൽ നിന്നും കൈയെടുത്തത്… രാഘവൻ പറഞ്ഞതനുസരിച്ചു അശ്വിനുമായി രേവതി മുറ്റത്തെയ്ക്കിറങ്ങി…

കുറച്ചു നേരെത്തെ അവരുടെ സംസാരത്തിൽ നിന്നും തന്നെ അവർക്ക് രണ്ടു പേർക്കും പരസ്പരമിഷടമായിരുന്നു….

” രേവതിയ്ക്കു എന്നെ ഇഷ്ടമായോ… ഇതൊരു ക്‌ളീഷേ ചോദ്യമാണ്.. എങ്കിലും ചോദിക്കണമല്ലോ… ” അശ്വിനൊരു ചിരിയോട് ചോദിച്ചതും അവളും ആ പുഞ്ചിരി മടക്കി നൽകി… അൽപ്പ സമയത്തിനുള്ളിൽ തന്നെ അവർ പോകാനായി ഇറങ്ങി…

” മോളേ ഞങ്ങൾക്കിഷടമായി… നിങ്ങളുടെ തീരുമാനമെന്താന്ന് വച്ചാൽ ആലോചിച്ചു വിളിച്ചാൽ മതി… പോട്ടേ മോളേ.. ”

അംബിക, രേവതിയുടെ വീട്ടുകാരോട് പറഞ്ഞിട്ടിറങ്ങി… അവർ അവിടെ നിന്നും പോകുമ്പോൾ അശ്വിൻ രേവതിയെ നോക്കാനും മറന്നില്ല….

” നിനക്കിഷ്ടമായോ മോളേ.. ”

അവർ പോയ ശേഷം രാഘവൻ രേവതിയോട് ചോദിച്ചതും അവൾ പുഞ്ചിരിയോടെ സമ്മതമറിയിച്ചു നാണത്തോടെ തന്റെ മുറിയിലേക്കൊടി… അവളുടെ ഓട്ടം ആ അച്ഛനുമമ്മയിലുമൊരു ചിരി വിടർത്തി…

അശ്വിന്റെ വീട്ടുകാരോടു സമ്മതമറിയിച്ചതും, വളരെ വേഗം തന്നെ രേവതിയും അശ്വിന്റെയും വിവാഹ നിച്ഛയം നടത്തി ആറു മാസം കഴിഞ്ഞൊരു നാളിൽ വിവാഹമുറപ്പിച്ചു…

ആ ആറു മാസവും രേവതിയും അശ്വിനും ഫോണിലൂടെ രാപ്പകലില്ലാതെ അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ചു…

വിവാഹ ദിവസത്തിനോടടുക്കുമ്പോൾ രേവതിയ്ക്കു എന്തോ ദുഃഖമുള്ളത് പോലെ സ്ഥിരം സംസാരത്തിലൂടെ അശ്വിന് മനസിലായി… അതവൻ നേരിട്ട് ചോദിച്ചപ്പോൾ ആദ്യമൊന്നും പറഞ്ഞില്ലേലും അവന്റെ നിർബന്ധത്തിനൊടുവിൽ അവൾ തുറന്നു പറഞ്ഞു…

വിവാഹത്തിനും സ്വർണ്ണമെടുക്കാനും മറ്റും അച്ഛൻ കഷ്ടപെടുന്നത് കണ്ടത് കൊണ്ടാണന്ന് പറഞ്ഞതും അശ്വിൻ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു….

അടുത്ത ദിവസം രാവിലെ തന്നെ അശ്വിനും അച്ഛനുമമ്മയും രേവതിയുടെ വീട്ടിലേക്കെത്തി… അവരുടെ മുഖം പതിവുപോലെ സന്തോഷമാല്ലാന്ന് കണ്ടതും രാഘവന്റെ ഭാമയുടെയും മുഖത്തു ഭയം നിറഞ്ഞു… അപ്പോഴേക്കും രേവതിയും അവിടെയ്ക്കു വന്നിരുന്നു…

” രാഘവേട്ടാ നിങ്ങളോടൊരു കാര്യം ചോദിക്കാനാ ഞങ്ങളിപ്പോൾ വന്നത്.. ”

ഭാസ്കരൻ മാഷ് അവരോടു പറഞ്ഞു…

” എന്താ മാഷേ.. ”

” നിങ്ങളോട് ഞങ്ങൾ, മോൾക്ക്‌ ഇത്ര സ്വർണ്ണവും പണവും വേണമെന്ന് മറ്റൊ പറഞ്ഞിരുന്നോ… ”

ഭാസ്കരൻ മാഷ് ചോദിച്ചതും…

” അല്ല അതൊരു…. നാട്ടു നടപ്പാകുമ്പോൾ…”

” രാഘവേട്ടാ… ഞാനൊരു സ്കൂൾ മാഷായിരുന്നു… റിട്ടായറായപ്പോൾ കിട്ടിയ കാശുകൊണ്ട് വീടിനടുത്തു തന്നെ കുറച്ചു സ്ഥലം വാങ്ങി കൃഷി നടത്തുന്നുണ്ട്.. അതു കൂടാതെ കുടുംബ സ്വത്തായും കുറച്ചധികമുണ്ട്…

ഒരു അഞ്ചു തല മുറിയക് മേലനങ്ങി പണിയെടുക്കാതെ ജീവിക്കാൻ അതു മാത്രം മതി… എന്നിട്ടും എന്റെ മകൻ തുച്ഛമായ ശമ്പളത്തിന് ജോലിക്ക് പോകുന്നത് അവൻ പഠിച്ചത് കൊണ്ടും അവനിഷടമുള്ളതും കൊണ്ടാണ്… അവന്റെ ഇഷ്ടം തന്നെയാണ് ഞങ്ങളുടെയും…

ഈ നിൽക്കുന്ന നിങ്ങളുടെ മകളെ, അവനിഷടമായിരുന്നു… നിങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ സാമ്പത്തികമായി കുറച്ചു പിന്നോട്ടന്നല്ലാതെ മറ്റൊരു കുറവും ഞങ്ങൾക്ക് തോന്നിയല്ല…

ഇവിടെ വന്നപ്പോൾ നിങ്ങളുടെ സ്വീകരണവും ഈ മോളുടെ നല്ല മനസും കണ്ടപ്പോൾ ഞങ്ങൾക്ക് ഇവളെ മാത്രം മതിയെന്നു അന്നേ തീരുമാനിച്ചതാ…

പിന്നെ സ്ത്രീധനം കൊടുക്കുന്നതിനോടും മേടിക്കുന്നതിനോടും ഞങ്ങൾക്ക് തീരെ താല്പര്യവുമില്ല, ”

ഭാസ്കരൻ മാഷ് പറഞ്ഞു നിർത്തി….

” ഒരു കല്യാണമുറപ്പിച്ചാൽ കല്യാണപെണ്ണ് സാധാരണ പയ്യനെ മാത്രമേ വിളിച്ചു സംസാരിക്കുള്ളു.. എന്നാൽ രേവതി മോള് എല്ലാ ദിവസവും എന്നെയും മാഷിനെയും വിളിച്ചു ഞങ്ങളുടെ വിവരങ്ങളുമറിയും… അതു മോളുടെ നല്ല മനസ്, പിന്നെ മോൾക്ക്‌ നല്ല വിദ്യാഭ്യാസവും നിങ്ങൾ കൊടുത്തിട്ടുണ്ട്… അത്രയും മതി ഞങ്ങൾക്ക് സ്ത്രീധനമായി… ”

അംബികയും പറഞ്ഞു നിർത്തി…

” അച്ഛൻ കുറച്ചു ദിവസമായി അനുഭവിക്കുന്ന മാനസിക സങ്കർഷം… അതു രേവുവിലൂടെ ഞാനിന്നലെയാണറിയുന്നത് അതാണ് രാവിലെ തന്നെ അച്ഛനെയുമമ്മയും കൂട്ടി വന്നത്…

എനിക്ക് അങ്ങയുടെ മകളെ മാത്രം മതി… ഞാൻ പൊന്നു പോലെ നോക്കാമെന്നൊന്നും പറയില്ല.. പക്ഷെ എന്റെയുള്ളിലെ അവസാന തുടിപ്പ് നിൽക്കുന്നത് വരെ അവളെ ഞാൻ സംരക്ഷിക്കും… ”

അശ്വിനും കൂടി പറഞ്ഞതും ആ അച്ഛന്റെ കണ്ണും മനസും നിറഞ്ഞിരുന്നു…

” അതു മോനേ, രാഘവേട്ടന് അങ്ങനെ വലിയ വിഷമമൊന്നുമില്ലാ… കല്യാണമിങ്ങടുത്തില്ലേ.. എല്ലാത്തിന് വേണ്ടിയുമോടാൻ ഏട്ടൻ മാത്രമല്ലേയുള്ളൂ.. അതോടൊപ്പം മോള് ഈ പടി ഇറങ്ങുവാണല്ലോന്നുള്ള വിഷമവും അത്രയുള്ളൂ…. ”

രേവതിയുടെ അമ്മ ഭാമ പെട്ടെന്ന് അവരോട് പറഞ്ഞുകൊണ്ട് രാഘവനെയൊന്നു നോക്കി….

” ആഹ്… അതേ മോനേ… അവൾ പറഞ്ഞത് ശെരിയാണ്…”

” ഞങ്ങൾ… ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാണന്നുള്ളത് ശെരിയാണ്… പക്ഷെ ഞങ്ങളും വലിയ തറവാട്ടുകാരൊക്കെയിരുന്നു അതു കൊണ്ട് വെറും കൈയോടെ ഞങ്ങൾ മോളേ ഒരിക്കലുമിറക്കി വിടില്ല…

അവൾക്കുള്ളതെല്ലാം ഞങ്ങൾ നേരെത്തെ തന്നെ കരുതിയിട്ടുണ്ട്… അതു കൊണ്ട് ആ കാര്യത്തിൽ ഞങ്ങക്കൊരു വിഷമവുമില്ലാ… ”

” എന്നാലും… ”

ഭാസ്കരൻ മാഷ് ചോദിച്ചതും…

” ഏയ്‌… ഇല്ല മാഷേ.. ഞങ്ങൾക് ആകെ കൂടിയുള്ള ഒരു മകളല്ലേ… അവൾക്കു വേണ്ടത് ഞങ്ങൾ കൊടുക്കും… അതിനെതിര് പറയരുത്…”

ഭാമ വീണ്ടും പറഞ്ഞു…. ഇനിയും അവരോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ലാന്നാറിയുന്നത് കൊണ്ട് തന്നെ അശ്വിനും വീട്ടുകാരും അവിടെ നിന്നുമിറങ്ങി…

” അതേ ആ ലോണിന്റെ കാര്യമെന്താമായി… ”

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭാമ, രാഘവനോട് ചോദിച്ചു…

” ലോൺ ശെരിയാകും പക്ഷെ കുറച്ചു കൂടി താമസിക്കുമെന്നാ ബാങ്കുകാർ പറഞ്ഞേ… ”

” ഏഹ്.. ഇനിയും താമസിക്കുമെന്നോ… ഒരാഴ്ച കൂടി കഴിഞ്ഞാൽ പെണ്ണിന്റെ കല്യാണമാണ്… ”

ഭാമ ഞെട്ടാലോടെ പറഞ്ഞു…

” അതൊക്കെ ഞാൻ പറഞ്ഞു… പക്ഷെ അവര് പറയുന്നത് ഇനിയും എന്തൊക്കെയോ പേപ്പറുകൾ വേണമെന്നാ… അതു പിന്നെ ഹെഡോഫിസിൽ പോയി തിരിച്ചു വരണം അതെല്ലാം ശെരിയാകുമ്പോൾ ഒരു മാസം കൂടി പിടിക്കും… ”

രാഘവൻ നെഞ്ചുതടവികൊണ്ടു പറഞ്ഞു…

” അപ്പൊഴിനി എന്ത് ചെയ്യും… ”

” ഞാൻ നോക്കിയിട്ടിനി ഒരു വഴിയേയുള്ളൂ… എന്തായാലും അവർ സ്വർണ്ണവും പണവുമൊന്നും വേണമെന്ന് പറഞ്ഞില്ലല്ലോ… ”

” അതിന്… ”

” അല്ല നമ്മുടെ കയ്യിലിപ്പോഴുള്ളത് കൊടുത്തു കല്യാണം നടത്തിയാലോ… ”

” അതിനിപ്പോൾ നമ്മുടെ കൈയിലിപ്പോഴേന്താ ഉള്ളത്… കൂടി വന്നാൽ ഒരു അഞ്ചു പവൻ കാണും… അതിട്ടെങ്ങനെ പെണ്ണിനെ പന്തലിലേക്കിറക്കും…

എന്റെ ഏട്ടന്റെയും നിങ്ങളുടെ പെങ്ങളുടെയും മക്കൾക്കൊക്കെ നല്ല രീതിയിൽ സ്ത്രീധനം കൊടുത്താണ് കെട്ടിച്ചയച്ചേക്കുന്നത്… അത്രയൊന്നും കൊടുത്തില്ലേലും ഒരു എട്ട് ലക്ഷം രൂപയുടെ സ്വർണ്ണമേലും അവളുടെ കഴുത്തിൽ വേണം… ഇല്ലേൽ നമുക്കാ അതിന്റെ കുറച്ചിൽ…. ”

ഭാമ ദേഷ്യത്തോടെ പറഞ്ഞു….

” അങ്ങനെയെങ്കിൽ പിന്നെ ഒറ്റ വഴിയേ ഇപ്പോൾ മുന്നിലുള്ളു… സ്വർണ്ണം കടമെടുക്കാം, ഒരു മാസത്തിനുള്ളിൽ ബാക്കി കൊടുത്താൽ മതി… ”

” ആഹ് എങ്കിൽ അങ്ങനെ ചെയ്യാം… എന്തായാലും അതിന് മുൻപ് ലോണും കിട്ടുമല്ലോ…”

ഭാമ പറഞ്ഞതും തന്റെ മകൾ ദേഹം മുഴുവൻ സ്വർണ്ണമണിഞ്ഞു മണ്ഡപത്തിലിരിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് അവർ നിദ്രയേ പുൽകി….

കല്യാണത്തിനോടടുത്ത ദിവസം രേവതിയേയും കൂട്ടി പോയി അവൾക്കാവിശ്യമുള്ള സ്വർണ്ണമെടുത്തു… കടത്തിലെടുത്ത സ്വർണ്ണമായത് കൊണ്ട് രേവതിയുടെ കൈയിൽ നിന്നും ബോണ്ടുകൾ അവർ ഒപ്പിട്ടു വാങ്ങിയിരുന്നു…

കല്യാണത്തിന്റെ അന്ന് ദേഹം മുഴുവൻ സ്വർണമണിഞ്ഞു വന്ന രേവതിയെ കണ്ടു എല്ലാവരും അതിശയത്തോടെയും അസൂയയോടെയും നോക്കി… അതു കണ്ടു ആ അമ്മയുടെ കണ്ണിലും ഒരു സംതൃപ്തി നിറഞ്ഞു… കെട്ട് കഴിഞ്ഞ രേവതി അശ്വിന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോയി…

സ്വന്തം വീട്ടിൽ നിന്നും ആദ്യമായി മാറി നിന്നത് കൊണ്ട് ആദ്യം കുറച്ചു വിഷമം രേവതിയിലുണ്ടായിരുന്നേലും അശ്വിന്റെയും വീട്ടുകാരുടെയും സ്നേഹം കൊണ്ട് അവളുടെ വിഷമം മാറിയിരുന്നു… അവളും ആ വീടിന്റെ ഭാഗമായി മാറി, പിന്നിടങ്ങൊട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു അവരുടെ ജീവിതത്തിൽ, ….

ദിവസങ്ങൾ പലതു കഴിഞ്ഞതും പ്രതീക്ഷിച്ചത് പോലെ രാഘവന് ലോൺ ശെരിയായി കിട്ടിയില്ല…

പറഞ്ഞ ദിവസം കഴിഞ്ഞിട്ടും സ്വർണ്ണത്തിന്റെ ബാലൻസ് കാശ് കിട്ടാത്തത് കൊണ്ട് അവർ രേവതിയുടെ വീട്ടിൽ വന്നു, ആദ്യം മയത്തിൽ പറഞ്ഞേങ്കിലും പണം കിട്ടാതെ വന്നതോടെ അവസാനം അവരെ ഭീഷണി പെടുത്തി….

“രണ്ടു ദിവസം കൂടി നിങ്ങൾക്ക് സമയം തരും അതിന് മുൻപ് നിങ്ങൾ സ്വർണ്ണത്തിന്റെ പണം തന്നില്ലേൽ, ഞങ്ങൾ കേസിന് പോകും… നിങ്ങളുടെ മകൾ ഒപ്പിട്ട ബോണ്ട്‌ ഞങ്ങളുടെ കൈയിലുണ്ട്… കല്യാണം കഴിഞ്ഞ മകൾ കോടതി കയറിയിറങ്ങും… ”

ഇത്രയും പറഞ്ഞു ആ മാതാപിതാക്കൾക്ക് പറയുനുള്ളത് കേൾക്കാതെ ജ്യൂവലറിക്കാർ തിരിച്ചു പോയി… അതു കണ്ടു എന്ത് ചെയ്യണമെന്നറിയാതെ ആ മാതാപിതാക്കൾ പകച്ചു നിന്നു…

അന്ന് രേവതി വിളിച്ചപ്പോൾ അറിയാതെ ഭാമയുടെ നാവിൽ നിന്നും ഭീഷണി പെടുത്തി പോയ കാര്യം പറഞ്ഞു പോയി… അതു കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു…

” അമ്മേ… ഇവിടെയുള്ളവരെല്ലാം എന്നോട് എന്ത് സ്നേഹത്തോടെയാണ് പെരുമാറുന്നതന്നറിയുവോ… അശ്വിനേട്ടന് എന്നെ ജീവനാണ്…

പക്ഷെ ഇതൊക്കെ അവർ അറിഞ്ഞാൽ… അവർ അവരെന്നേ വെറുക്കില്ലേ… അതെനിക്ക് സഹിക്കാൻ പറ്റില്ലമ്മേ…. ”

രേവതി കരഞ്ഞു കൊണ്ട് ഭാമയോട് പറഞ്ഞു…

” മോളേ രണ്ടു ദിവസം സമയമുണ്ട്.. അതിനുള്ളിൽ ലോൺ ശെരിയാകും… അച്ഛൻ നിന്നോട് ഈ വിവരം പറയേണ്ടാന്ന് പറഞ്ഞതാ… ഞാൻ അറിയാതെ പറഞ്ഞു പോയതാ മോളേ… നീ പേടിക്കേണ്ട ഒന്നും സംഭവിക്കില്ലാ… ”

അമ്മ അവളെ സമാധാനിപ്പിക്കാനെന്നൊണം പറഞ്ഞു…

” അമ്മേ… ”

” മോളേ…

” ജ്യൂ വ ലിക്കാർ ഇവിടെ വന്നു പ്രശ്നമുണ്ടാക്കിയാലോ… അവർ കോടതിയിൽ പോയാലോ… എന്നെ പിന്നെ ജീ വനോടെ ആരും കാണില്ല… ”

” മോളേ… നീ… ”

” പിന്നെ ഈ കാര്യം ഒരിക്കലും അശ്വിനെട്ടനോ അച്ഛനോ അമ്മയൊ പോലും അറിയരുത്… എനിക്കത് സഹിക്കില്ല… ”

” മോളേ അങ്ങനെയൊ…. ”

ആ അമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും രേവതി ഫോൺ കട്ട്‌ ചെയ്തിരുന്നു…. അന്ന് അശ്വിൻ വന്നപ്പോൾ രേവതി വല്ലാതിരിക്കുന്നതെന്ന് കണ്ടു കാര്യം ചോദിച്ചെങ്കിലും തലവേദനയെന്ന് പറഞ്ഞവൾ ഒഴിഞ്ഞു….

ആ രണ്ടു ദിവസം അവൾക്ക് രണ്ടു യുഗങ്ങൾ പോലെ തോന്നി, അന്ന് വൈകുന്നേരം ജ്യൂ വ ലറിക്കാർ രേവതിയേ വിളിച്ചു നാളെ അവർ അവിടെയ്ക്കു വരുന്നേണ്ടന്നും അവിടെയ്ക്കുള്ള വഴിയും ചോദിച്ചു മനസിലാക്കി…

“ജ്യൂ വ ലിക്കാർ വരുമ്പോൾ, താൻ അവരെ ചതിച്ചെന്ന് എല്ലാരും കരുതും, അതോടെ അശ്വിനേട്ടനും അംബികാമ്മയും അച്ഛയും എന്നെ വെറുക്കും… അങ്ങനെ എല്ലാവരുടെയും വെറുപ്പ് നേടി ഞാനെങ്ങനെ ഇവിടെ കഴിയും… ”

അവൾ സ്വയം പറഞ്ഞു… പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അന്ന് രാത്രിയിൽ അവൾ എല്ലാവർക്കും വേണ്ടി ഭക്ഷണമുണ്ടാക്കി… സ്വന്തം വീട്ടിലേക്ക് വിളിച്ചവൾ സന്തോഷത്തോടെ സംസാരിച്ചു….

കളി ചിരിയോടെ ഒരുമിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും അവൾക്കു ഭക്ഷണം തോണ്ടയിൽ നിന്നുമിറങ്ങിയില്ലാ, രണ്ടു മൂന്നു ദിവസമായിട്ടിത് തന്നെയായിരുന്നു അവളുടെ അവസ്ഥയെന്ന് അവൾ ഓർത്തു,

എല്ലാവരും നോക്കുമ്പോൾ മാത്രം എന്തെങ്കിലും കഴിച്ചെന്നു വരുത്തിയവൾ അടുക്കളയിലെക്ക് പോകുമായിരുന്നു….

രാത്രി അശ്വിന്റെ നെഞ്ചിൽ തല ചായിച്ചു കിടന്നു, രേവതിയുടെ മുഖത്തെ സന്തോഷം കണ്ടതും രണ്ടു ദിവസത്തിന് ശേഷം അശ്വിന്റെ മനസിലും സന്തോഷം നിറഞ്ഞു,…

എല്ലാവരുമുറങ്ങിയെന്നു മനസിലായതും.. അവൾ അശ്വിന്റെ നെഞ്ചിൽ നിന്നും പതിയെ എണീറ്റു… ഉറങ്ങി കിടക്കുന്ന അശ്വിന്റെ നെറ്റിയിലയോരുമ്മ കൊടുത്തു… പിന്നെ കട്ടിലിൽ നിന്നും എണിറ്റു ഒരു പേപ്പറെടുത്തു…

” Sorry, ഏട്ടന്റെയൊപ്പം ജീവിച്ചു കൊതി തീർന്നില്ല പക്ഷെ എനിക്കു വിധിയില്ല… Love you അശ്വിനേട്ടാ ”

ഇത്രയുമെഴുതി വെച്ചവൾ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി… ആരും അതികമുപയോഗിക്കാത്ത ഒരു മുറിയിലേക്ക് കയറി അവിടെയുണ്ടായിരുന്ന ഫാനിന്റെ ചുവട്ടിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടു

കല്യാണം കഴിഞ്ഞു അശ്വിൻ ആദ്യമായി വാങ്ങി തന്ന സാരി കൈയിലെടുത്തു ഫാനിൽ ഒരു കുടുക്കുപോലെ കെട്ടി… പിന്നെ കണ്ണുകളടച്ചവൾ കുടുക്കിലേക്ക് തല വച്ചവൾ ക ഴുത്തു മു റുക്കി… സ്റ്റൂൾ കാലു കൊണ്ട് തള്ളിയിട്ടു… പി ടഞ്ഞു പിടഞ്ഞവൾ മ രണത്തെ പു ൽകി….

രേവതിയുടെ ശവശരീരം ചിതയിലേക്ക് വെക്കുമ്പോഴും അതിന് തീ കൊളുത്തുമ്പോഴും അശ്വിന്റെ മനസിലുണ്ടായിരുന്ന ചോദ്യം…. തന്റെ രേവതി എന്തിന് ആ ത്മ ഹത്യ ചെയ്തൂന്ന്…

മകളുടെ മരണത്തിന്റെ ഉത്തരവാദി തങ്ങളാണല്ലോന്ന ചിന്തയിൽ ആ മാതാപിതാക്കളുടെ കണ്ണുകളിൽ നിന്നും കണ്ണുനീരോഴികൊണ്ടേയിരുന്നു…

അശ്വിൻ സങ്കടത്തോടെ രേവതിയേ യാത്രയാക്കുമ്പോഴും മാ ധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചകൾ നടക്കുവായിരുന്നു….

രേവതിയുടെ മരണം സ് ത്രീധന പീ ഡനം കാരണം…

രേവതിയുടെ മരണം ആ ത്മഹത്യയോ കൊ ലപാതകമൊ?…

സ്ത്രീധന പീ ഡനത്തിന്റെ അടുത്തയിര രേവതി…

രേവതിയുടെ മ രണം അശ്വിനെ പോ ലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു…

രേവതിയ്ക്കു പലപ്പോഴും ഭക്ഷണം പോലും കൊടുക്കാതെ പട്ടിണിക്കിടുമായിരുന്നന്ന് അയൽ വാസിയായ യുവതിയുടെ മൊഴി…

അശ്വിൻ കാമുകിയേ സ്വന്തമാക്കാൻ ഭാര്യ രേവതിയേ കൊ ന്നു അതു ആ ത്മഹത്യയാക്കിമാറ്റിയോ….

അശ്വിൻ ഭാര്യ രേവതിയേ കൊ ന്നത് എന്തിനെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

Nb: സ്ത്രീധനം ചോദിച്ചു മേടിക്കുന്ന ചെക്കൻ വീട്ടുകാരും, ആഡംബരം കാണിക്കാനും നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിലാളാവാൻ, ഭാമയേയും രാഘവനെയും പോലുള്ള പെൺവീട്ടുകാരുമുള്ളപ്പോൾ… ഇതുപോലെ നിരവധി രേവതിമാരും അശ്വിന്മാരും ഇനിയുമുണ്ടാകും…

Leave a Reply

Your email address will not be published. Required fields are marked *