എടി വാതിൽ തുറക്കടി,,,, നിന്റെ ഈ കച്ചവടം ഇനി മേലിൽ ഇവിടെ നടത്താൻ ഞങ്ങൾ സമ്മതിക്കില്ല, വാതിൽ തുറക്കടി പന്ന …. മോളെ……”

രാധേച്ചി
(രചന: ശ്യാം കല്ലുകുഴിയിൽ)

അന്ന് രാത്രി രാധേച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു,

ഇടയ്ക്കൊക്കെ കൂട്ടുകാർക്കൊപ്പം കമ്പനി കൂടുമെങ്കിലും ഇന്ന് ആദ്യമായിയാണ് കൂടുതലായി മ ദ്യം ഉള്ളിൽ ചെല്ലുന്നത്, ആ ല ഹരിയുടെ ധൈര്യത്തിൽ ആണ് ഈ രാത്രി തന്നെ അവരുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചതും…

കൂട്ടുകാർ ഒന്നും അറിയരുതെന്ന് മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ് അവരോട് പോലും പറയാതെ രാധേച്ചിയുടെ വീട്ടിലേക്ക് നടന്നത്.

മ ദ്യ ത്തിന്റെ അളവ് കൂടിയത് കൊണ്ടാകും മുന്നോട്ട് ചുവടുകൾ വയ്ക്കുമ്പോൾ ഇടയോക്കൊക്കെ കാലുകളുടെ താളവും തെറ്റി തുടങ്ങിയത്….

“രാധേച്ചി…..”

അവരുടെ വീടിന്റെ വാതിലിൽ തട്ടി ഒന്ന് രണ്ടുവട്ടം വിളിക്കുമ്പോഴേക്കും അവർ വാതിൽ തുറന്നു…

“എന്താടാ ഈ രാത്രിയിൽ….”

രാധേച്ചി എന്റെ മുന്നിൽ നിന്ന് ചോദിക്കുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്ന് പോകുന്നത് പോലെ എനിക്ക് തോന്നി….

“എനിക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്…” അവരോട് അത് പറഞ്ഞ് ഭിത്തിയിൽ കൈ താങ്ങി ഞാൻ ഒരു കാൽ മുന്നോട്ട് വച്ചു…

“ഈ പാതിരാത്രി നിനക്ക് എന്ത് കര്യമാണ് അറിയേണ്ടത്, നി പോയിട്ട് പകലെങ്ങാനും വാ…”

എന്നെ തടഞ്ഞുകൊണ്ട് പറയുമ്പോൾ അവരുടെ കൈ തട്ടിമാറ്റി ഞാൻ വാതിലും കടന്ന് അകത്ത് കയറിയിരുന്നു,

വീടിന് ചുറ്റും കണ്ണോടിച്ചിട്ട് മുന്നിൽ കണ്ട കസേരയിൽ മലർന്ന് ഇരിക്കുമ്പോൾ മ ദ്യ ത്തിന്റെ ല ഹരി പൂർണ്ണമായും എന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിരുന്നു…

“ദേ ചെറുക്കാ നി നാട്ടുകരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ വീട്ടിൽ പോകാൻ നോക്ക്…”

രാധേച്ചി നടുവിന് കയ്യും താങ്ങി എന്റെ മുന്നിൽ നിന്ന് പറയുന്നത് ഞാൻ അവ്യക്തമായെ കെട്ടുള്ളൂ, എന്തൊക്കെയോ പറയാൻ വേണ്ടി ശ്രമിച്ചെങ്കിലും നാക്ക് കുഴഞ്ഞ് കസേരയിൽ മലർന്ന് ഇരിക്കുന്ന എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു…

“എടാ ചെറുക്ക, വീടിനു ചുറ്റും ആരൊക്കെയോ ഉണ്ട് നി ഒന്ന് എഴുന്നേറ്റെ…”

രാധേച്ചി തട്ടി വിളിച്ചപ്പോഴാണ് മ ദ്യ ല ഹ രിയിൽ കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയ ഞാൻ ഞെട്ടി കണ്ണ് തുറന്നത്,

രാധേച്ചിയുടെ വീടിന് ചുറ്റും നാട്ടുകാർ വളഞ്ഞിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ ഉള്ളിൽ കിടന്ന മ ദ്യ ത്തിന്റെ ല ഹരിയൊക്കെ വിട്ട് പോയിരുന്നു….

“നീ ആ അടുക്കള വാതിൽ തുറന്ന് ഇറങ്ങി പോകാൻ നോക്ക് അല്ലെ ഈ ചെറ്റകൾ എല്ലാം കൂടി നിന്നെ നാണംകെടുത്തും…”

എന്ത് ചെയ്യണം എന്നറിയാത്ത കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും മറന്ന് പോയ എന്നോട് രാധേച്ചി അത് പറയുമ്പോഴാണ് ഞാൻ ചാടി എഴുന്നേൽക്കുന്നത്…

“എടി വാതിൽ തുറക്കടി,,,, നിന്റെ ഈ കച്ചവടം ഇനി മേലിൽ ഇവിടെ നടത്താൻ ഞങ്ങൾ സമ്മതിക്കില്ല, വാതിൽ തുറക്കടി പന്ന …. മോളെ……” അത് പറഞ്ഞ് ജന്നലിനും, വാതിലിനും തട്ടി വിളിച്ചുകൊണ്ട് നാട്ടുകാർ വീട് ചുറ്റം ബഹളം വച്ചപ്പോൾ, ഇനി ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായി…

മനസ്സിൽ ഭയം കൂടി വന്നപ്പോൾ കയ്യും കാലും വിറയ്ക്കാനും, ശരരീരമാകെ വിയർക്കാനും തുടങ്ങി,

വീണ്ടും തലയിൽ കയ്യും വച്ച് കസേരയിൽ ഇരിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി വന്നത് അമ്മയുടെയും അനിയത്തിയുടെയും മുഖം ആയിരുന്നു. അപ്പോഴേക്കും വാതിൽ തല്ലി പൊളിക്കുന്നത് പോലെ നാട്ടുകാർ വാതിലിൽ തട്ടി ബഹളം വച്ചു തുടങ്ങി…

“എന്തായാലും നി നാറും, ഇനി നോക്കി നിന്നിട്ട് കാര്യമില്ല ഞാൻ വാതിൽ തുറക്കാൻ പോകുവാ… അല്ലെ ഈ ചെ റ്റകൾ എല്ലാം കൂടി അതും തല്ലി പൊളിക്കും….” അത് പറഞ്ഞ് രാധേച്ചി വാതിൽ തുറക്കാൻ മുന്നോട്ട് നടക്കുമ്പോൾ അവരെ തടയാൻ പോലും കഴിയാതെ ഞാൻ കസേരയിൽ തളർന്നിരുന്നു..

“ഇറക്കി വിടടി നിന്റെ മറ്റവനെ…”

രാധേച്ചി വാതിൽ തുറന്നപ്പോഴേക്കും ആരുടെയൊക്കെയോ ശബ്ദം ഉച്ചത്തിൽ കേട്ട് തുടങ്ങി….

“ഇവിടെയൊന്നും ആരുമില്ല, നിങ്ങളൊന്നും മനുഷ്യനെ ജീവിക്കാനും സമ്മതിക്കില്ലേ…”

“ഞങ്ങൾ കണ്ടല്ലോടി ഒരുത്തൻ ആടി ആടി വരുന്നത്, ഇറക്കി വിടടി അവനെ…”

ആ ശബ്ദം കേട്ടപ്പോൾ മനസ്സിലായി അച്ഛന്റെ പ്രീയ സുഹൃത്ത് കുമാരേട്ടന്റെ ആണെന്ന്,

ആ ശബദത്തിനൊപ്പം അകത്തേക്ക് ആരൊക്കെയോ കയറി വരുന്ന കാലൊച്ചയും കേട്ട് തുടങ്ങിയതോടെ എന്റെ മുട്ടുകൾ വീണ്ടും പേടിച്ച് വിറയാക്കാൻ തുടങ്ങി ആ വിറയൽ ശരീരം മൊത്തത്തിൽ വ്യാപിക്കാൻ വല്യ സമയവും വേണ്ടി വന്നില്ല…

“ആഹാ ഇവിടെ തളർന്ന് ഇരിക്കുക ആണോ,, എഴുന്നേൽക്കടാ….” അത് പറഞ്ഞ് എന്റെ ഷർട്ടിൽ കുത്തി പിടിച്ച ആളിന്റെ മുഖത്തേക്ക് ഞാൻ ദയനീയമായി നോക്കി…

“ങേ… നീയോ…”

വിശ്വസിക്കാനാവാതെ എന്നെ നോക്കി അത് പറഞ്ഞ് ഷർട്ടിൽ നിന്ന് കയ്യെടുത്ത് കുമാരേട്ടൻ പുറത്തേക്ക് ഇറങ്ങി. കൂടെ വന്ന ആരൊക്കെയോ എന്നെ പുറത്തേക്ക് പിടിച്ചു തള്ളി…

“ആഹാ അപ്പൊ അവൾക്ക് ചെറുപ്പക്കാരെ മാത്രേ പറ്റുള്ളൂ,,,, വെറുതെയല്ല അവൾക്ക് നമ്മളെ കാണുമ്പോൾ പുച്ഛം….’

പുറത്ത് കൂടി നിന്നവർ എന്നെ കണ്ടതും ഓരോന്ന് പറഞ്ഞ് ചിരിക്കലും കളിയാക്കലും തുടങ്ങി കഴിഞ്ഞിരുന്നു, അതിനിടയിൽ ആരൊക്കെയോ മൊബൈലിൽ വീഡിയോയും ഫോട്ടോയും എടുക്കുന്നുമുണ്ടായിരുന്നു…

“ഇത് നമ്മുടെ രവി സാറിന്റെ മോനല്ലേ…”

കൂടി നിന്ന ആരൊക്കെയോ ചോദിച്ചപ്പോൾ എല്ലാവരും പുച്ഛത്തോടെയും ദയനീയതോടെയും എന്നെ നോക്കുന്നുണ്ടായിരുന്നു,,,,

“വീട്ടിൽ പോടാ ചെറുക്ക….”

അത് പറഞ്ഞ് ആരോ പിന്നിൽ നിന്ന് തള്ളിയപ്പോൾ രണ്ടടി മുന്നോട്ട് നടന്നിട്ട് കാലുകൾ ഉറയ്ക്കാതെ ഞാൻ നിലത്തേക്ക് വീണു…

“ഇവൻ നല്ല പിടിത്തം അണല്ലോ, അല്ലേലും രണ്ടെണ്ണം ഉള്ളിൽ ചെല്ലുമ്പോൾ ആണ് ഓരോന്നിനും പലതും തോന്നുന്നത്… എഴുന്നേറ്റ് വീട്ടിൽ പോടാ ചെറുക്കാ…”

അത് പറഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുമ്പോഴും പലതും പറഞ്ഞവർ കളിയാക്കി ചിരിക്കുന്നത് ഞാൻ കേട്ടു, നിലത്ത് കൈകൾ കുത്തി മെല്ലെ എഴുന്നേൽക്കുമ്പോൾ നെറ്റി മുറിഞ്ഞ് ചോ ര കൺപോളായിൽ കൂടി ഒഴുകി താഴേക്ക് വന്ന് തുടങ്ങിയിരുന്നു.

മുന്നോട്ട് നടക്കും മുൻപേ ഞാൻ തിരിഞ്ഞ് രാധേച്ചിയെ നോക്കി, ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവർ പെട്ടെന്ന് അകത്ത് കയറി വാതിലടച്ചു…

വേച്ച് വേച്ച് വീട്ടിലേക്ക് ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ അമ്മയും അനിയത്തിയും നിൽപ്പുണ്ട്, അമ്മയുടെ മൊബൈലിലേക്ക് നിർത്താതെ വരുന്ന കാളുകൾ അമ്മ കട്ട് ചെയ്യുന്നുണ്ട്,

അനിയത്തിയുടെ മൊബൈലിൽ നിന്ന് ആരുടെയൊക്കെയോ ബഹളം കേട്ടപ്പോൾ മനസ്സിലായി രാധേച്ചിയുടെ വീട്ടിലെ സംഭവങ്ങൾ എല്ലാവരുടെയും മൊബൈലിൽ എത്തി തുടങ്ങിയെന്ന്…

രണ്ടു പേരുടെയും മുഖത്ത് നോക്കാതെയാണ് ഞാൻ വീട്ടിലേക്ക് കയറിയത്,

നേരെ മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് കട്ടിലിൽ ഇരിക്കുമ്പോൾ ഇനി എങ്ങനെ അമ്മയെയുടേയും അനിയത്തിയുടെയും മുഖത്ത് നോക്കും, അവരോട് എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമം ആയിരുന്നു മനസ്സ് നിറയെ..

“എല്ലാവർക്കും കൂടി വല്ല വി ഷ വും കഴിച്ചങ്ങ് മ രിക്കാം, ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ നാണം കെട്ട് ജീവിക്കുന്നതിലും നല്ലത് അതാണ്, ഒരു അനിയത്തി ഉണ്ട് അവൾക്ക് ഒരു ജീവിതം വേണം എന്നൊന്നും ആരും ആലോചിക്കില്ല,, എല്ലാവർക്കും കൂടി അങ്ങു മ രി ക്കാം അതാണ് നല്ലത്…”

അമ്മ ആരോടെന്നില്ലാതെ പറയുന്നത്തിനൊപ്പം പെങ്ങളുടെ അടക്കി പിടിച്ച തേങ്ങലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു, ഒറ്റ നിമിഷം കൊണ്ട് എല്ലാവരാലും വെറുക്കപ്പെട്ടവൻ ആയപ്പോൾ മുഖത്ത് ഒരു പുഞ്ചിരിക്കൊപ്പം കണ്ണിൽ നിന്ന് കണ്ണുനീരും ഒഴുകി തുടങ്ങി…

കുറച്ച് നേരം കൂടി കട്ടിലിൽ ഇരുന്ന ശേഷമാണ് കണ്ണുനീർ തുടച്ച് എഴുന്നേറ്റത്, ബാത്റൂമിൽ കയറി ഷവറിന്റെ ചുവട്ടിൽ കുറെ നേരം നിന്നു.

മനസും ശരീരവും ഒന്ന് തണുത്ത ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്, ഡ്രെസ്സ് മാറി കട്ടിലിൽ ഇരുന്ന ശേഷമാണ് ബെഡിന്റെ അടിയിൽ നിന്ന് ആ ഡയറി വലിച്ചെടുത്ത്,

താളുകൾ തുറന്ന് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഞാൻ കയ്യിൽ എടുത്തു, രണ്ടു വശങ്ങളിലേക്കും മുടികൾ പിന്നികെട്ടി വല്യ വട്ട പൊട്ടും ചിരിക്കുന്ന മുഖമുള്ള രാധേച്ചിയുടെ ഫോട്ടോയിൽ കുറെ നേരം നോക്കി ഇരുന്നു….

ആ ഫോട്ടോയിൽ നിന്ന് ഇപ്പോൾ അല്പം തടിച്ചു എന്നത് ഒഴിച്ചാൽ വേറെ മാറ്റങ്ങൾ ഒന്നും അവർക്ക് വന്നതായി തോന്നിയിട്ടില്ല, കുറേനേരം ആ ഫോട്ടോ നോക്കി ഇരുന്ന ശേഷമാണ് ഡയറിയിലെ താളുകളിലേക്ക് വീണ്ടും കണ്ണോടിച്ചത്…

“എനിക്ക് നിന്നോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ നിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്കും നാണത്തിനുമൊപ്പം തെളിഞ്ഞു വന്ന ആ നുണക്കുഴികൾ ആണ് പെണ്ണേ എന്റെ മനസ്സ് വീണ്ടും വീണ്ടും നിന്നിലേക്ക് അടുപ്പിക്കുന്നത് …..”

അതിന് ചുവടെയായി കുറെ ചുവന്ന അക്ഷരത്തിൽ ഉമ്മയും എഴുതി വച്ചിരിക്കുന്നത് വായിച്ചപ്പോൾ എന്റെ മുഖത്തും പുഞ്ചിരി വിടർന്നു,

അതിലെ പ്രണയം നിറഞ്ഞ വരികൾ വീണ്ടും ഞാൻ വായിച്ചു കൊണ്ടേയിരുന്നു, ആ ഡയറിയിൽ എഴുതി വച്ചിരുന്ന അവസാന പേജിലേക്ക് ഞാൻ വേണ്ടും എത്തി..

“പറ്റിപ്പോയി രാധേ,, നമ്മൾ രണ്ടുപേരും ഒരുപോലെ തെറ്റുകാർ ആണ്, ആ നിമിഷത്തിൽ നമ്മുടെ മനസ്സ് നമ്മുടെ കയ്യിൽ നിന്നില്ല, നമ്മൾ രണ്ടാളും മനസ്സ് കൊണ്ട് അത് ആഗ്രഹിച്ചിരുന്നു എന്ന് വേണം പറയാൻ,

അരുതാത്തത് എല്ലാം സംഭവിച്ചു എന്നാലും ഇത് മറ്റാരും അറിയരുത്, നിന്നെ ഞാൻ തന്നെ സ്വന്തമാകും, അച്ഛൻ സമ്മതിക്കുന്നത് വരെ നമ്മൾ അൽപ്പം ക്ഷമിച്ചേ പറ്റുള്ളൂ…..”

അതായിരുന്നു ആ ഡയറിയിലെ അവസാന എഴുത്തുകൾ , അത് വീണ്ടും വായിച്ചപ്പോൾ എന്റെ ചിന്തയൊക്കെ അച്ഛനെ കുറിച്ച് ആയിരുന്നു,

വർഷങ്ങൾ ആയിട്ട് ഇവിടെയാണ് ഞങ്ങൾ എല്ലാവരും താമസം രണ്ട് മൂന്ന് വർഷം കഴിഞ്ഞു കാണും അച്ഛൻ ട്രാൻസ്ഫർ ആയി മറ്റൊരിടത്തേക്ക് പോയത്, അവിടെ വീടെടുത്ത് അങ്ങോട്ട് താമസം മാറ്റാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ അമ്മയാണ് സമ്മതിക്കാതെ ഇരുന്നത്,

അനിയത്തിയുടെ പഠനമാണ് അമ്മ കാരണം പറഞ്ഞത് എങ്കിലും ഈ നാട് വിട്ട് പോകാൻ അമ്മയ്ക്ക് മാത്രമല്ല ഞങ്ങൾക്ക് ആർക്കും മനസ്സ് കൊണ്ട് ഇഷ്ടം അല്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം…

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് രാധേച്ചി ഈ നാട്ടിൽ ചെറിയ വീട് വാങ്ങി താമസിക്കുന്നത്.

നെറ്റിയിൽ വല്യ പൊട്ട് ഇടുന്ന അവരെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി, ഒറ്റയ്ക്ക് താമസിക്കുന്ന അവർ നാട്ടിൽ അത്ര നല്ല നടപ്പ് അല്ലാത്തത് കൊണ്ടാണ് ആ വീട് വിറ്റ് ഇവിടേക്ക് താമസം മാറിയത് എന്ന് ആരൊക്കെയോ പറഞ്ഞു നടന്നത്, പെട്ടെന്ന് തന്നെ നാട്ടിൽ പാട്ടായി.

പലരും പറഞ്ഞു രാത്രി ആ വീട്ടിൽ ആരൊക്കെയോ വന്ന് പോകുന്നുണ്ടെന്നും പിന്നെ അവരെ നാട്ടിലെ ചീ ത്ത സ്ത്രീയയി വാഴിച്ച് എല്ലാവരും അവരെ ഒറ്റപ്പെടുത്തി…

രാധേച്ചി നാട്ടിൽ വന്ന ശേഷമാണ് അച്ഛന്റെ പഴയ സ്നേഹവും സന്തോഷവുമൊക്കെ മാറി പെട്ടെന്ന് ദേഷ്യം വരാറുള്ളത് എന്ന് ഞാൻ ഓർത്തെടുത്തു,

ട്രാൻസ്ഫർ വാങ്ങി പോയ ശേഷം അങ്ങനെ അച്ഛൻ അതികം നാട്ടിൽ വരാറില്ല, ഇടയ്ക്ക് ഒരു ശനിയാഴ്ച രാത്രി വന്ന് തിങ്കളാഴ്ച്ച വെളുപ്പിനെ പോകുന്നത് വരെ അച്ഛൻ അങ്ങനെ പുറത്ത്‌ പോകാറുമില്ല.

അച്ഛൻ ട്രാൻസ്ഫർ ആയി പോകുമ്പോൾ പഴയ കുറെ ബുക്കും പേപ്പറുമൊക്കെ മാറ്റി വയ്ക്കുന്ന കൂട്ടത്തിൽ ആണ് ആ ഡയറി കയ്യിൽ കിട്ടിയത്,

കിട്ടിയ പാടെ ആരും കാണാതെ റൂമിൽ ഒളിപ്പിയ്ക്കണ്ടായിരുന്നു എന്ന് തോന്നിയത് അന്ന് രാത്രി ആ ഡയറി വായിച്ചു കഴിഞ്ഞപ്പോൾ ആണ്…

പിന്നെ രാധേച്ചിയെ കാണുമ്പോൾ നെഞ്ചിൽ ഒരു നീറ്റിൽ ആണ്,

ഓരോരുത്തരും അവരെ കുറിച്ച് ഓരോ കഥകൾ പറയുന്നത് കേൾക്കുമ്പോൾ അവരെ എതിർക്കാൻ പോലും കഴിയാതെ നിസ്സഹായതയോടെ കേട്ടിരിക്കേണ്ട അവസ്‌ഥ വന്നത് ആ ഡയറി വായിച്ചുകഴിഞ്ഞ ശേഷമാണ്….

ഒന്ന് കൂടി ആ പഴയ ഫോട്ടോയിൽ അൽപ്പനേരം നോക്കി ഇരുന്ന ശേഷം അത് വീണ്ടും ബെഡിന്റെ അടിയിൽ വച്ച് കിടന്നു, ഒന്നും വേണ്ടായിരുന്നു,

ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്നപോലെ നടന്നാൽ മതിയായിരുന്നു രാത്രി ഉറങ്ങാൻ കഴിയാതേ ഒരുപാട് ചിന്തകൾ മനസ്സിൽ വന്ന് പൊയ്ക്കൊണ്ടേയിരുന്നു…

രാവിലെ ഏറെ വൈകിയും ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയില്ല, മുറിക്ക് പുറത്ത് അനക്കമൊന്നും കേൾക്കാതെ ഇരുന്നപ്പോൾ മനസ്സിൽ എന്തൊക്കെയോ ടെൻഷൻ കയറി തുടങ്ങി.

മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഹാളിലെ സെറ്റിയിൽ അമ്മയും അനിയത്തിയും ഇരിപ്പുണ്ട്…

അന്ന് ആദ്യമായി എന്നെ കണ്ടപ്പോൾ അനിയത്തി വെറുപ്പോടെ എന്നെ നോക്കിയത് ഞാൻ ശ്രദ്ധിച്ചു, അമ്മ മുഖത്ത് പോലും നോക്കാതെ ഇരിക്കുകയാണ്. പുറത്തേക്കുള്ള വാതിലുകൾ ഒന്നും തുറന്നിട്ടില്ല, അടുക്കളയിലും ആരും കയറിയിട്ടില്ല.

അവർ രണ്ടുപേരോടും എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നറിയാതെ ഞാനും ഭിത്തിയും ചാരി നിന്നു, അന്ന് ആദ്യമായി ആണ് ഈ വീട്ടിൽ ഇത്ര നിശബ്ദത തളം കെട്ടി നിൽക്കുന്നത്…

“മോന്റെ ലീലവിലാസങ്ങൾ കാരണം അച്ഛൻ എനി ഇവിടേക്ക് വരുന്നില്ലെന്ന് പറഞ്ഞു, എന്താ ആവശ്യം ഉള്ളത് എന്ന് വച്ചാൽ കെട്ടിപെറുക്കി ചെല്ലാൻ പറഞ്ഞിട്ടുണ്ട്…”

നീണ്ട നിശബ്ദതയ്ക്ക് ശേഷമാണ് അമ്മ അത് പറഞ്ഞത്, ഞാൻ ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് കയറി. ഒരുകണക്കിന് ഒന്ന് മാറി നിൽക്കുന്നത് ആണ് നല്ലത് എന്ന് എനിക്കും തോന്നി, അപ്പോഴും ഒരു നോവായി രാധേച്ചി…

സാധനങ്ങൾ കൊണ്ട് പോകാൻ വണ്ടി നോക്കട്ടെ എന്നും പറഞ്ഞാണ് ഉച്ച കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

രാധേച്ചിയുടെ വീടിന് മുൻപിൽ എത്തിയപ്പോൾ അവരോട് എല്ലാം സംസാരിക്കണം എന്ന് വീണ്ടും തോന്നിയത് കൊണ്ടാണ് അവരുടെ വീട്ടിലേക്ക് കയറിയത്,

ഞാൻ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ രാധേച്ചി ഇരിപ്പുണ്ട്, എന്നെ കണ്ടപ്പോൾ അവർ എഴുന്നേറ്റ് ഭിത്തിയും ചാരി നിന്നു, അവർ ക്ഷണിക്കാതെ തന്നെ ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി ഞാൻ ഇരുന്നു..

അൽപ്പനേരം രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല, ഞാൻ പോക്കറ്റിൽ നിന്ന് പഴയ ഫോട്ടോയും ഇടുപ്പിൽ ഒളിച്ചു വച്ചിരുന്ന ഡയറിയും പുറത്തേക്ക് എടുത്തു, ഫോട്ടോ ഒന്ന് നോക്കിയിട്ട് ചിരിച്ചുകൊണ്ട് ഡയറിക്കൊപ്പം അവർക്ക് നേരെ നീട്ടി.

സംശയത്തോടെ അത് വാങ്ങി നോക്കുമ്പോൾ അവരുടെ മുഖത്ത് പല ഭാവങ്ങൾ നിഴലിക്കുന്നതിനൊപ്പം കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി,

ഡയറി താളുകൾ മറിച്ച് നോക്കുമ്പോൾ അവർ കരച്ചിൽ പിടിച്ചുനിർത്താൻ കഴിയാതെ പഴയ കോട്ടൻ സാരി തുമ്പ് കടിച്ചു പിടിച്ച് കരച്ചിൽ അടക്കാൻ ശ്രമിച്ചു, എന്നാലും അവരുടെ തേങ്ങൽ പുറത്തേക്ക് വന്ന് തുടങ്ങിയിരുന്നു,

ഇനിയും ഓർമ്മകൾ ചിക്കി ചികയാൻ വയ്യാത്തത് കൊണ്ടാകും അവർ ആ ഫോട്ടോയും ഡയറിയും എനിക്ക് നേരെ നീട്ടി ഞാൻ അത് വാങ്ങുമ്പോൾ കരഞ്ഞുകൊണ്ടവർ വീണ്ടും ഭിത്തിയും ചാരി നിന്നു….

“അറിഞ്ഞില്ല മോനെ നിങ്ങൾ ഇവിടെയാണ് താമസം എന്ന് അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നേൽ ഈ നാട്ടിലേക്ക് ഞാൻ ഒരിക്കലും വരില്ലായിരുന്നു,…”

കരച്ചിൽ അടക്കിപ്പിടിച്ച് രാധേച്ചി സംസാരിച്ചു തുടങ്ങി…

“അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെ ഉള്ളിൽ വളർന്ന് തുടങ്ങി എന്നറിയാതെയാണ് അന്ന് അദ്ദേഹം പഠനത്തിനായി പുറത്തേക്ക് പോയത്, അച്ഛനില്ലാതെ കഷ്ടപ്പെട്ട് വളർത്തുന്ന അമ്മയുടെ മുന്നിൽ ഞാൻ വല്യ ഒരു ചോദ്യ ചിഹ്നമായി നിന്നു,

അമ്മയുടെ ആ ത്മ ഹത്യ ഭീക്ഷണികൂടി വരുകയും ഒന്ന് രണ്ടുവട്ടം അതിന് ശ്രമിക്കുകയും ചെയ്തപ്പോൾ ആണ് എനിക്ക് ആ കു ഞ്ഞിനെ ന ശി പ്പി ക്കേണ്ടി വന്നത്..”

അത് പറയുമ്പോൾ രാധേച്ചി പൊട്ടിക്കരഞ്ഞു പോയി, ആ കരച്ചിൽ ഏറെ നീണ്ടു നിന്നപ്പോൾ എങ്ങനെ അവരെ സമാധാനിപ്പിക്കും എന്നറിയാതെ ഞാൻ നിന്നുപോയി…

“ഞാൻ ഗർഭിണി ആയിരുന്നു എന്നും ആ കു ഞ്ഞിനെ ഞാൻ ന ശി പ്പി ച്ചും എന്നുള്ള വാർത്ത എത്രയൊക്കെ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും നാട്ടിലൊക്കെ അത് പാട്ടായി,

എല്ലാവർക്കും മുന്നിൽ ഞാനും അമ്മയും പിഴച്ചവൾ ആയി, പിന്നേ നാട്ടുകാരുടെ ഒരുപാട് കഥകൾ കൂടി കൂടി വന്നു, എല്ലാം സഹിച്ചും കണ്ടില്ലെന്നും കെട്ടില്ലെന്നും നടിച്ച് ജീവിച്ചും നമ്മൾ രണ്ടാളും…

അതിനിടയിൽ മോന്റെ അച്ഛനും കുടുംബവും മറ്റെങ്ങോട്ടോ താമസം മാറി, ഈ പൊട്ട പെണ്ണിന് അവരെയൊന്നും തേടി പോകാനുള്ള ധൈര്യം ഇല്ലായിരുന്നു. എങ്കിലും എന്നെ തേടി വരുമെന്ന വിശ്വാസമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്..”

സാരി തുമ്പ് കൊണ്ട് മൂക്ക് പിഴിഞ്ഞ് കണ്ണുനീരും തുടച്ചവർ തല താഴ്ത്തി നിന്നു…

“മോന്റെ അച്ഛന് ഞാൻ കൊടുത്ത വാക്ക് ഇതുവരെ ഞാൻ തെറ്റിച്ചിട്ടില്ല, ഈ ശരീരത്തിൽ മറ്റൊരു പുരുഷന്റെയും സ്പർശനം ഏറ്റിട്ടുമില്ല, വർഷങ്ങൾക്ക് ശേഷം ആ മുഖം വീണ്ടും ഇവിടെവച്ചു കാണുമ്പോൾ ആ കൺ മുന്നിൽ പെടാതെ മാറിനിൽക്കാനെ ഇന്നും ശ്രമിച്ചിട്ടുള്ളൂ,

ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം മറ്റൊരാൾ അറിഞ്ഞിട്ടുണ്ടെങ്കിൽ അത് മോൻ മാത്രം ആകും.

ഇനി മറ്റൊരാൾ കൂടി അറിയരുത്, അറിഞ്ഞാൽ ചിലപ്പോൾ കുടുംബത്തിന്റെ സന്തോഷമെല്ലാം കൈവിട്ട് പോകും, കെട്ടിപൊക്കാൻ ആണ് മോനെ പ്രയാസം എല്ലാം നശിപ്പിക്കാൻ ഒരു നിമിഷം മതി…”

അത് പറഞ്ഞ് നിൽക്കാതെ ഒഴുകി വരുന്ന കണ്ണുനീർ വീണ്ടും തുടച്ച് തലകുമ്പിട്ട് നിൽക്കുമ്പോൾ ഞാൻ എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു…

“ഞങ്ങൾ ഇവിടെ നിന്ന് പോകുകയാണ്, ഇനി ഇവിടേക്ക് വരുമോ എന്നറിയില്ല, ഞാൻ കാരണം ഇപ്പോൾ എല്ലാവർക്കും നാണക്കേട് ആയല്ലോ…”

ചിരിച്ചുകൊണ്ട് രാധേച്ചിയുടെ കൈകളിൽ മുറുക്കെ പിടിച്ചു കൊണ്ട് പറയുമ്പോൾ അവർ ഒരു കൈകൊണ്ട് എന്റെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി….

” മോന് എന്നും നല്ലതേ വരുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് സന്തോഷത്തോടെ ഇരിക്ക്…”

രാധേച്ചിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് അല്പം ശാന്തമായി, തിരികെ വീട്ടിൽ വന്ന് സാധനങ്ങൾ എല്ലാം കെട്ടിപ്പറുക്കി വയ്ക്കുമ്പോഴും അമ്മയും അനിയത്തിയും എന്നോട് ഒന്നും സംസാരിച്ചിരുന്നില്ല,

വൈകുന്നേരം വന്ന വണ്ടിയിൽ സാധങ്ങൾ കയറ്റി ആ നാട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോൾ,

രാധേച്ചിയുടെ വീടിന്റെ മുന്നിൽ കണ്ടു ഉമ്മറത്തെ അരപ്പൊക്കമുള്ള ഭിത്തിയും ചാരി നിൽക്കുന്ന രാധേച്ചിയെ, മങ്ങിയ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അവർ പുഞ്ചിരിക്കുന്നുണ്ടായിരുന്നു….

അന്ന് വെളുപ്പിനെയാണ് അച്ഛന്റെ താമസ സ്ഥലത്ത് എത്തിയത്, സാധങ്ങൾ എല്ലാം എടുത്ത് വയ്ക്കുമ്പോഴും ഞാൻ അച്ഛനെ ശ്രദ്ധിച്ചിരുന്നു,

എന്റെ മുഖത്ത് പോലും ആരും നോക്കാതെയും, എന്നോട് ഒന്നും സംസാരിക്കാതെയും ഇരുന്നപ്പോൾ എനിക്ക് അവിടെ വല്ലാത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടു…

എല്ലാവരുടെയും കുറ്റപ്പെടുത്തലും കളിയാക്കലും കേൾക്കാൻ വയ്യാത്തത് കൊണ്ട് പിന്നെ ആ സംഭവത്തിന് ശേഷം പിന്നെ മൊബൈൽ നോക്കാറില്ലായിരുന്നു, പിറ്റേന്ന് രാവിലെ മൊബൈൽ നെറ്റ് ഓൺ അക്കുമ്പോൾ വന്ന മെസ്സേജുകൾ നോക്കുമ്പോഴാണ് ആ വാർത്തയും കാണുന്നത്…

” അളിയാ അളിയൻ പോയ വിഷമത്തിൽ അളിയന്റെ സെറ്റപ്പ് ച ത്തു…”

കൂട്ടുകാരൻ അയച്ച മെസ്സേജ് ഓപ്പൻ ആക്കിയപ്പോൾ കണ്ടു രാധേച്ചിയുടെ മരണ വാർത്ത.

മൊബൈൽ ബെഡിൽ ഇട്ട് അൽപ്പനേരം കണ്ണടച്ച് ഇരുന്ന ശേഷം ബാഗിൽ നിന്ന് അച്ഛന്റെ പഴയ ഡയറിയുമായി അച്ഛന്റെ മുറിയിലേക്ക് ചെന്നത് എല്ലാം തുറന്ന് പറയാൻ തന്നെ ആയിരുന്നു.

മുറിയുടെ പുറത്ത് ചെല്ലുമ്പോഴേ കേട്ടു ഉള്ളിൽ അമ്മയും അച്ഛനും അനിയത്തിയും എന്തോ പറഞ്ഞ് ചിരിക്കുന്നത്…

സത്യം ഇപ്പോൾ എല്ലാവരോടും പറഞ്ഞാൽ ഈ വീടിന്റെ സന്തോഷം ചിലപ്പോൾ ഒരിക്കലും തിരിച്ചുവരില്ലായിരിക്കും, ഒരുപക്ഷേ ഇന്നോ നാളെയോ എന്നോടുള്ള ദേഷ്യം എല്ലാവർക്കും മറുമായിരിക്കും,

പക്ഷെ ചിലപ്പോൾ അച്ഛൻ ചെയ്ത തെറ്റ് അമ്മയ്ക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ…… വേണ്ട ഒന്നും ആരും അറിയേണ്ട എല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ….

മനസ്സിന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അച്ഛനുന്റെയും, അമ്മയുടെയും, അനിയത്തിയുടെയും ഉച്ചത്തിലുള്ള ചിരി ആ മിറിയിൽ നിന്ന് പുറത്തേക്ക് വീണ്ടും കേൾക്കുന്നുണ്ടായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *