എനിക്ക് എന്താ വേണ്ടതെന്നുള്ള കാര്യം ഞാൻ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട് ടീച്ചറെ . തന്റെ ഭാഗത്ത്‌ നിന്നും അതിന് എനിക്ക് അനുകൂലമായൊരു മറുപടി വേണമെനിക്ക്.

(രചന: ഛായമുഖി)

ഓയ്…. ടീച്ചറെ ഒന്ന് നിൽക്കന്നെ ഞാനും വരുന്നു. തിരക്ക് പിടിച്ചു നടന്നു പോകുന്നവളുടെ പിന്നാലെ ഓടിയെത്തുമ്പോൾ അവനും കിതച്ചു പോയിരുന്നു.

എന്റെ ടീച്ചറെ, ഇത്ര സ്പീഡിൽ ഇതേങ്ങോട്ടാണെന്നേ… ബാക്കിയുള്ളവർ ഓടിപിടിച്ചു ഒരുവിധമാണ് എത്തിയത്…

എന്ത് ചോദിച്ചിട്ടും ഒരു മൈൻഡും ചെയ്യാതെ വലിഞ്ഞു നടക്കുന്നവളെ കാൺകെ ചെറിയ പരിഭവം തോന്നിയെങ്കിലും അത് മറച്ചുകൊണ്ടവൻ അവളോട്‌ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.

എത്ര അവഗണിച്ചിട്ടും വീണ്ടുമോരോന്നു പറഞ്ഞു പിന്നാലെ നടക്കുന്നവനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നിപോയവൾക്ക്. നടത്തത്തിന്റെ വേഗതയൊന്നു കുറച്ച് കൊണ്ടവൾ അവനെ നോക്കി.

സാറിനിപ്പോൾ എന്താ വേണ്ടത്…

പെട്ടന്നുള്ള അവളുടെ ആ ചോദ്യത്തിൽ അവനോന്നു പരുങ്ങി.

എനിക്ക് എന്താ വേണ്ടതെന്നുള്ള കാര്യം ഞാൻ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട് ടീച്ചറെ . താന്റെ ഭാഗത്ത്‌ നിന്നും അതിന് എനിക്ക് അനുകൂലമായയൊരു മറുപടി വേണമെനിക്ക്.

നിർബന്ധിച്ചു വാങ്ങാനുള്ളതല്ല ഈ ഇഷ്ടവും പ്രണയവുമോക്കെയെന്നെനിക്ക് അറിയാം.
പക്ഷെ ഇവിടെ തനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്, പലപ്പോഴും ഞാനതു മനസ്സിലാക്കിയിട്ടുമുണ്ട്.

അതുകൊണ്ട്  എന്നെ ഇഷ്ടമല്ലെന്നുള്ള കള്ളം പറയാൻ നിൽക്കേണ്ട , അത് ഞാൻ വിശ്വസിക്കില്ല…

പിന്നെന്തുകൊണ്ടാണ് താൻ എന്നിൽ നിന്നിങ്ങനെ ഓടിയോളിക്കാൻ ശ്രമിക്കുന്നത്.
ആശങ്ക നിറഞ്ഞ അവന്റെ ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്നറിയാതെ അവളുഴറി നിന്നു.

തന്നോട് പറയാൻ കഴിയാത്ത എന്തോയോന്ന് അവളുടെയുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നു ആ മുഖത്ത് നിന്നും അവനും വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.

ജ്യോതി… ഉച്ചത്തിലുള്ള അവന്റെ വിളികേട്ടാണ് ചിന്തയിൽ നിന്നവൾ ഉണർന്നത്.

എന്ത്‌ കാരണമായാലും താൻ എന്നോട് പറയ്…

ജ്യോതിക്കെന്നെ ഇഷ്ടമാണെന്ന് ആ നാവിൽ നിന്നറിഞ്ഞു കഴിഞ്ഞാൽ ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം… ഇപ്പൊ തന്റെ വീട്ടുകാരോട് ഞാൻ സംസാരിക്കാണോ??

വേണ്ടാ… ഒന്നും വേണ്ടാ. എനിക്ക് സാറിനെ ഇഷ്ടമല്ല. നിങ്ങളെപോലെ ഒരാളയല്ല ഞാൻ എന്റെ ജീവിത പങ്കാളിയായി സങ്കല്പിച്ചിരിക്കുന്നത്.

ദയവ് ചെയ്തു എന്റെ പിന്നാലെയിതും പറഞ്ഞു ഇങ്ങനെ വരരുത്. നാട്ടിൻപുറം ആണ്, ഇതൊക്കെ കണ്ടാൽ ഇവിടുത്തെ ആളുകൾ വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞുണ്ടാക്കും . ഉപദ്രവിക്കരുത് സാറേ…

കൈകൂപ്പി തൊഴുതുകൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ട് അവന്റെ നെഞ്ചു പിടഞ്ഞുപോയി. വയൽപാടത്തിനു നടുവിലായുള്ള വരമ്പിൻപാതയിലൂടെ, അകലേക്ക്‌ പൊട്ടുപോലെ മാഞ്ഞു പോകുന്നവളെ ഇമ ചിമ്മാതെ നോക്കിയവൻ നിന്നു.

സാരി തുമ്പിനാൽ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ തന്റെ അവസ്ഥ ഓർത്ത് അവൾക്ക് വേദന തോന്നി.

പ്രാണനായി കരുതുന്നവനോട് ഒരു ദയയും കൂടാതെ മുഖത്തടിച്ച പോലെ സംസാരിക്കേണ്ടി വന്നതിൽ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. ഹരി സാറിനെ പോലെയൊരാളെ ആർക്കാണ് ഇഷ്ടമാകാതിരിക്കുന്നത്.

എനിക്കും ഇഷ്ടാണ്, ഒരുപാട്…ഒരുപാട് ഇഷ്ടമാണ് പക്ഷെ സ്വന്തം സഹോദരിയെപോലെ ഞാൻ കാണുന്ന കൂട്ടുകാരിയുടെ ഉള്ള് മുഴുവൻ ശ്രീഹരിയെന്ന മനുഷ്യൻ ആണെന്നറിഞ്ഞിട്ടും ഇതിന് സമ്മതം പറഞ്ഞാൽ അവളെ വഞ്ചിച്ചപോലെയാകില്ലേ…

വയ്യ ഒന്നിനും വയ്യാ സ്നേഹിച്ചവരൊക്കെ തനിച്ചാക്കി പോയിട്ടേയുള്ളൂ, ലേഖയും വീട്ടുകാരുമൊക്കെയാണ് ഒരാശ്വാസത്തിനായി ഇപ്പോഴും കൂടെയുള്ളത്. അവരെ കൂടെ ഇല്ലാതാക്കാൻ കഴിയില്ല.

ഈ ജന്മം ശ്രീഹരി മാഷിന്റെ താലി  അണിയാനുള്ള ഭാഗ്യം ജ്യോതിക്കില്ല,ആ ഭാഗ്യം ശ്രീലേഖക്കാണ്. ഓരോന്ന് ആലോചിച്ചുകൊണ്ടവൾ മുന്നോട്ട് നടന്നു.

പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് എത്തുമ്പോഴും വല്ലാത്ത അസ്വസ്ഥത  തോന്നിയവൾക്ക്, ഇന്നലെ സാറിനോട് അത്രയും പരുക്കനായി സംസാരിക്കേണ്ടെന്നു തോന്നൽ, അവളെ ശക്തമായി വേദനിപ്പിച്ചു കൊണ്ടിരുന്നു.

ടീച്ചേർസ് റൂമിലെത്തി ബാഗ് ഡെസ്ക്കിലേക്ക് വെക്കുമ്പോളും  കണ്ണുകൾ ഹരി സാറിനെ തിരഞ്ഞു. സാധാരണ ഈ സമയങ്ങളിൽ തന്റെ വരവും കാത്തന്നപോലെ നോക്കിയിരിക്കുന്ന ആളാണ്. എവിടെയൊക്കെയോ മുള്ള് കുത്തുന്ന വേദന തോന്നിത്തുടങ്ങിയിരുന്നവൾക്ക്.

ജ്യോതി… ഹരിസാറിനെ കണ്ടില്ലല്ലോയിന്ന്, ലീവെടുക്കുന്ന കാര്യമൊന്നും  പറഞ്ഞതുമില്ല .ഇനി വല്ലതും വയ്യാത്തത് കൊണ്ടായിരിക്കുമോ??

ലേഖ അരുകിലേക്കെത്തി ചോദിക്കുമ്പോൾ അവളുടെയും നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു.

ഇന്റർവെൽ സമയത്ത് ഹരിസാറ് വരാത്തതിനെ കുറിച്ചായിരുന്നു ചർച്ചമുഴുവൻ.
ടെക്സ്റ്റ്‌ ബുക്ക്‌ നിവർത്തി മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും മനസ്സ് മുഴുവൻ അവരുടെ ചർച്ചകൾക്കിടയിലായിരുന്നു.

ഇതിനിടയിൽ ലേഖയുടെ സങ്കടം പറച്ചിൽ വേറെയും. എല്ലാം കൂടി ആകെ വട്ടുപിടിക്കുന്നപോലെ തോന്നി.

ക്ലാസ്സിൽ ചെന്നിട്ടും പഠിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, ഒന്നിലേക്കും ശ്രദ്ധ കൊടുക്കാൻ കഴിയാത്ത പോലെ തോന്നിയവൾക്ക് . കഴിഞ്ഞ ദിവസത്തെ നോട്ട്സ്   വായിക്കാൻ കുട്ടികളോട് പറഞ്ഞ ശേഷം ക്ലാസ്സ്‌ റൂമിന്റെ വാതിലിൽ ചാരി പുറത്തേക്ക് നോക്കി നിന്നവൾ.

എതിർവശത്തായി കാണുന്ന ക്ലാസ്സിൽ നിന്നും ഇടക്കിടക്ക് ഇങ്ങോട്ടേക്ക് നീളുന്ന ആ ചാരകണ്ണുകളുടെ നോട്ടം കണ്ട് അവളുടെ നെഞ്ചം തുടിച്ചുപോയി… ഹരി സാർ… എന്തെന്നില്ലാത്ത സന്തോഷം തോന്നിയവൾക്ക്…കണ്ണുകൾ നിറഞ്ഞൊഴുകി

ടീച്ചറെ…ആ വിളിയാണ് അവളെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്.

വീണ്ടും ഹരിസാർ നിന്നിടത്തേക്ക് നോക്കുമ്പോൾ അവിടം ശൂന്യമാണെന്ന് കണ്ട്… എല്ലാം തന്റെ തോന്നൽ മാത്രമായിരുന്നോ… നിരാശയോടെയവൾ തിരിഞ്ഞു നടന്നു.

ഹരിയുടെ അഭാവത്തിലാണ് അവൾ എത്രമാത്രം അവനെ സ്നേഹിച്ചിരുന്നെന്നവൾ തിരിച്ചറിയാൻ കഴിഞ്ഞത് . എവിടേക്ക് നോക്കിയാലും ഹരിസാറിന്റെ ഓർമ്മകൾ മാത്രമായിരുന്നു നിറഞ്ഞു നിന്നത്.

തലവേദനയേന്നും പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങി സ്റ്റാഫ്‌ റൂമിലേക്ക്‌ ചെല്ലുമ്പോൾ ശാരദ ടീച്ചർ ഉണ്ടായിരുന്നു അവിടെ. മക്കളില്ലാത്ത ടീച്ചർക്ക്‌ ഹരി സാർ മകനെ പോലെയായിരുന്നു. സാറിന്റെ കാര്യങ്ങളൊക്കെ ടീച്ചർക്കും അറിയാമായിരുന്നു.

എന്ത് പറ്റി ജ്യോതി മുഖമൊക്കെ വല്ലാതെ…. വയ്യാഴിക വല്ലതും ഉണ്ടേൽ ആശുപത്രിയിൽ പോകാം. ആവലാതിയോടെ ടീച്ചർ പറഞ്ഞു.

വേണ്ടാ ടീച്ചറെ ചെറിയൊരു തലവേദന, അത്രയേയുള്ളൂ… ഇത്തിരി നേരം കിടന്നാൽ മാറിക്കോളും. ബെഞ്ചിലേക്ക് ചെന്നിരുന്ന് പറയുന്നവളെ അവരും ആകെ മൊത്തമൊന്നു നോക്കി.

ഹരി സാറിനെ കാണാത്തതു കൊണ്ടുള്ള തലവേദനയാണോ ജ്യോതി.

ശാരദ ടീച്ചറിന്റെ ചോദ്യത്തിൽ അവളുടെ മുഖം വിളറി വെളുത്തു. ഒന്നും പറയാൻ കഴിയാതെ മുഖം കുനിച്ചിരുന്നു കണ്ണീർ പൊഴിക്കുന്നവളെ കണ്ട് അവർ അവളുടെ അടുത്തേക്ക് ചെന്നിരുന്നു.

അവന് എന്ത് ഇഷ്ടമാണെന്ന് അറിയോ നിന്നെ… നിന്റെ അവഗണനകൾ പലപ്പോഴും അവനെ തളർത്തി കളഞ്ഞിട്ടുമുണ്ട്… പക്ഷെ ഇന്ന് എനിക്ക് മനസ്സിലായി അവനെക്കാളേറെ നീ അവനെ സ്നേഹിക്കുന്നുണ്ടെന്നു, രാവിലെ മുതലുള്ള നിന്റെ മുഖം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.

പിന്നെ എന്തിനു വേണ്ടിയാണ് അവന്റെ ഇഷ്ടത്തെ നീ തള്ളി കളഞ്ഞത്. ഒരമ്മയെ പോലെയുള്ള ശാരദ ടീച്ചറുടെ വാക്കുകൾ കേട്ട് അവൾ പൊട്ടി കരഞ്ഞു.

എനിക്ക്  ഹരിസാറിനെ ഇഷ്ടാണ് ടീച്ചറെ, എന്റെ പ്രാണനാണ്… പക്ഷെ ലേഖ…

എല്ലാം കാര്യങ്ങളും അവൾ അവരോടു തുറന്നു പറയുമ്പോൾ പുറത്ത് അതെല്ലാം കേട്ട് മിഴിവാർക്കുന്നവളെ ആരും കണ്ടില്ല. മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു ടീച്ചറുടെ തോളിലേക്ക് തല ചായ്ക്കുമ്പോൾ അവൾക്കും കുറച്ച് ആശ്വാസം തോന്നി.

ടീച്ചറെ നമ്മുടെ ഹരി സാറിന്റെ വണ്ടി അപകടത്തിൽപ്പെട്ടന്ന്, സാറ് ഹോസ്പിറ്റലിൽ അഡ്മിറ്റാണ് . പ്യൂൺ മണിചേട്ടൻ വന്നു പറയുമ്പോൾ രണ്ടുപേരുമൊന്നു ഞെട്ടി.

ഉച്ചഭക്ഷണതിനുള്ള ഇടവേള സമയത്ത് എല്ലാവരും കൂടി ഹരിസാറിനെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി.

വാതിൽ തുറന്നു അകത്തേക്ക് കയറിയതും തലയിൽ വലിയ കെട്ടുമായി ബെഡിൽ ചെറിയിരിക്കുന്നവനെ കാൺകെ അതുവരെ തടഞ്ഞു നിർത്തിയ സങ്കടകടൽ അണപൊട്ടിയോഴുകി.

കരച്ചിലടക്കാൻ കഴിയാതെ ഹരിയുടെ നെഞ്ചിലേക്ക് വീണവളെ അവനും ചേർത്തു പിടിച്ചു.ശാരദ ടീച്ചർ സന്തോഷത്തോടെ ആ കാഴ്ച നോക്കി നിൽക്കുമ്പോൾ മറ്റുള്ളവരിൽ അതിശയമായിരുന്നു.

നിറഞ്ഞു വന്ന കണ്ണുകളെ മറ്റാരും കാണും മുന്നേ തുടച്ചു മാറ്റിക്കൊണ്ട് ലേഖയും തൊട്ടരുകിലായി തന്നെ നിൽപ്പുണ്ടായിരുന്നു.

കൂടെയുള്ളവരെയെല്ലാം പുറത്തേക്ക് വിളിച്ചു വാതിൽ ചാരികൊണ്ട് ടീച്ചറും വെളിയിലേക്കിറങ്ങിയ ശേഷം ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം അവരോടു തുറന്നു പറഞ്ഞു.

പക്ഷെ ലേഖക്ക് ഹരിയോട് ഉണ്ടായിരുന്ന ഇഷ്ടം മാത്രം അവരിൽ നിന്നും മറച്ചു പിടിച്ചിരുന്നു അവർ .മറ്റുള്ളവരുടെ മുന്നിൽ അവളെയൊരു പരിഹാസ കഥാപാത്രമായി മാറ്റാൻ അവരും ആഗ്രഹിച്ചിരുന്നില്ല.

മോള് വിഷമിക്കരുത്…ഈ ജന്മം ശ്രീഹരിക്കായുള്ള പെണ്ണ് ജ്യോതിയാണ്. പരസ്പരം സ്നേഹിക്കുന്നവരല്ലേ ഒന്നാകേണ്ടത് …

ലേഖയുടെ അവസ്ഥ മനസിലാക്കി അവർ അവളെ സമാധാനിപ്പിക്കുമ്പോൾ നിറമില്ലാത്തയൊരു ചിരി മറുപടിയായി അവൾ തിരികെ നൽകി.

എനിക്കറിയാം ടീച്ചറെ…രാവിലെ ജ്യോതി ടീച്ചറോടു പറയുന്നതൊക്കെ ഞാനും കേറ്റിരുന്നു . വിഷമമില്ലെന്ന് ഞാൻ പറയില്ല, പക്ഷെ എനിക്ക് മനസിലാകും പതിയെ എല്ലാം ഞാൻ മറന്നോളം ടീച്ചറെ….

വിഷാദം നിറഞ്ഞ വാക്കുകൾ ആണെങ്കിലും എല്ലാം ഉൾകൊള്ളാൻ അവൾ കാണിച്ച മനസ്സ് ഓർക്കുമ്പോൾ ശാരദ ടീച്ചർക്കും സമാധാനം തോന്നി.

ഈ അപകടം ഇത്തിരികൂടി നേരുത്തേ പറ്റിയിരുന്നെങ്കിലോ. മാറിൽ തലചേർത്തു വെച്ചിരിക്കുന്നവളുടെ മുടിയിൽ തഴുകികൊണ്ട് അവൻ ചോദിക്കുമ്പോൾ മുഖമുയർത്തി കൂർപ്പിച്ചു നോക്കിയവനെ…

ശേഷം നെഞ്ചിലായി അധികം നോവിക്കാതെയൊരു കടി കൊടുത്തവൾ.

ആഹ്… ടി പെണ്ണെ വേദനിക്കുന്നുണ്ട്ട്ടോ…
നേരുത്തേ ഇതുപോലെക്കെ നടന്നിരുന്നേൽ, എന്റെ പെണ്ണായി നീയിപ്പോൾ വീട്ടിൽ ഇരുന്നേനെ…

ആഹ്…സാരമില്ല എല്ലാത്തിനും അതിന്റതായ സമയം ഉണ്ടേന്ന് പറയുന്ന ഇതിനായിരിക്കുമല്ലേ… നിരാശയോടെ പറയുന്നവനെ നോക്കി അവളും ചിരിച്ചു.

ഇനിയുള്ള നാളുകൾ ഹരി സാറിന്റെ സ്വന്തം ടീച്ചറൂട്ടിയായി ജ്യോതി ഒപ്പം തന്നെയുണ്ടാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *