“” അപ്പോ ഞാൻ പോവാൻ വേണ്ടി കാത്തിരിക്കുകയാണല്ലേ ഹോം നേഴ്‌സെന്നും പറഞ്ഞ് ഏതെങ്കിലും ഒരുത്തിയെ ഇവിടെ കൊണ്ട് വന്നു പൊറുപ്പിക്കാൻ….””

(രചന: ദേവൻ)

ഈ മനുഷ്യനോടിത് എത്ര പറഞ്ഞാലും ചെവിയിൽ കേറില്ലല്ലോ. പറഞ്ഞു പറഞ്ഞു മനുഷ്യന്റെ നാവ് കുഴയാൻ തുടങ്ങി. ”

അടുത്ത് കിടന്നുള്ള അവളുടെ പിറുപിറുക്കൽ കേൾക്കുന്നുണ്ടെങ്കിലും കേൾക്കാത്ത മട്ടിൽ കിടക്കുകയായിരുന്നു സിദ്ധാർഥ്.

” വാ തുറന്നാൽ അമ്മയുടെ കുറ്റവും നോക്കി മടുത്തു എന്നും മാത്രമാണ് അവൾക്ക് പറയാനുള്ളത്.

അമ്മയെ കുളിപ്പിക്കുന്നതും റൂം വൃത്തി ആക്കുന്നതും ഡ്രസ്സ്‌ അലക്കുന്നതുമെല്ലാം ഞാൻ ആണ്. രാവിലെ ഭക്ഷണവും മരുന്നും നൽകി അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തെ ജോലിക്ക് പോവാറുള്ളു.

വൈകീട്ട് വന്നാലും അതുപോലെ തന്നെ ആണ്.. അതിനിടയിൽ ഉച്ചയ്ക്ക് ഒരു നേരം അമ്മയ്ക്കുള്ള ഭക്ഷണവും മരുന്നും കൊടുക്കുന്നതിനാണീ കുറ്റം പറച്ചിൽ. ”

” നിങ്ങളിങ്ങനെ കേൾക്കാത്ത പോലെ കിടന്നോ. ഇങ്ങനെ ആണേൽ ഞാൻ എന്റെ വീട്ടിലോട്ട് പോകും. എനിക്ക് വയ്യ ഇങ്ങനെ ഓരോ മാരണങ്ങളെ ചുമക്കാൻ. ”

അവൾ പറഞ്ഞത് എത്രത്തോളം മോശമാണെന്ന് അവൾക്ക് മനസ്സിലാകുന്നില്ലല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം.

” എന്റെ പൊന്ന് ഭാര്യേ. നിനക്കിത് എന്തിന്റെ കേടാണ്? ഒരു നേരമല്ലേ നീ അമ്മയെ നോക്കേണ്ടൂ. അതിന് നീ പറയുന്നത് കേട്ടാൽ തോന്നും എല്ലാം നീ ആണ് ചെയ്യുന്നതെന്ന്.

പിന്നെ കുറെ ആയി വീട്ടിൽ പോകും പോകും എന്ന് പറയുന്നതല്ലാതെ പോകുന്നത് കാണാത്തൊണ്ടു പറയാ, എന്റെ അമ്മയ്ക്ക് ഒരു നേരത്തെ ആഹാരവും മരുന്നും കൊടുക്കുന്നത് നിനക്ക് അത്ര വെറുപ്പും മടുപ്പും ആണെങ്കിൽ മോള് വീട്ടിൽ പോകുന്നത് തന്നെയാ നല്ലത്‌.

നിന്റെ മേക്കപ്പിനും കോസ്റ്റ്യുമിനും ചിലവാക്കുന്നതിന്റ പകുതി കാശുണ്ടേൽ എനിക്ക് നല്ലൊരു ഹോം നേഴ്‌സിനെ വെക്കാം. അത്ര പോലും നിന്നെ കൊണ്ട് ഈ വീട്ടിൽ ഒരു പ്രയോജനവും ഇല്ല. ”

അയാൾ അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് അവളൊന്ന് ഞെട്ടി. പക്ഷേ, അയാൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു.

” ഓഹ്, അപ്പൊ ഞാൻ പോവാൻ വേണ്ടി കാത്തിരിക്കുകയാണല്ലേ ഹോം നേഴ്‌സെന്നും പറഞ്ഞ് ഏതെങ്കിലും ഒരുത്തിയെ ഇവിടെ കൊണ്ട്വന്നു പൊറുപ്പിക്കാൻ.

മനസ്സിലിരുപ്പ് കൊള്ളാം. അല്ലെങ്കിലും അതൊക്കെ അങ്ങനെ തന്നാ. അധികാരം പറയാൻ ഒരു കുട്ടി പോലുമില്ല. അപ്പൊ അങ്ങനെ ഒക്കെ തോന്നും ”

അവളുടെ വാശിയോടെയുള്ള സംസാരം കേട്ടപ്പോൾ സിദ്ധാർത്ഥിന് ചിരിയാണ് വന്നത്.

” കുട്ടി ഉണ്ടാവണേൽ ആദ്യം നിന്റ ഈ കുറ്റംപറച്ചിൽ നിർത്തണം. എന്നും രാത്രി ഇതുതന്നെ കേട്ട് കിടക്കേണ്ട ഒരു ഭർത്താവിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.

മനസ്സമാധാനം ഉണ്ടെങ്കിൽ സന്തോഷം ഉണ്ടാകും, അപ്പൊ കുട്ടിയും കുടുംബവും ഒക്കെ ആകും. അല്ലാതെ…. പരസ്പരം പുറം തിരിഞ്ഞ് കിടന്ന് കുട്ടികൾ ഉണ്ടായതായി ഞാൻ എവിടേം വായിച്ചിട്ടില്ല.. എന്റെ അറിവിലും ഇല്ല. ”

സിദ്ധാർഥ് തന്നെ കളിയാക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.

” എല്ലാത്തിനും കാരണം അപ്പുറത്ത്‌ കിടക്കുന്ന തള്ളയാണെന്ന് ഓർക്കുമ്പോൾ അവൾക്ക് അവരോടുള്ള വെറുപ്പ് പിന്നെയും വർദ്ധിച്ചു.

” ദേ, നിങ്ങളിങ്ങനെ വാശി പിടിക്കേണ്ട കാര്യമെന്താ.. ഇതുപോലെ അമ്മമാരെ നോക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്.

അവിടെ ആക്കിയാൽ അവര് പൊന്നുപോലെ നോക്കിക്കൊള്ളും. നമ്മൾ ഇടയ്ക്കൊന്ന് അന്വേഷിച്ച മതി.

അതാകുമ്പോൾ അമ്മയുടെ കാര്യങ്ങളും നടക്കും ഇവിടെ ഉള്ള പ്രശ്നവും തീരും. പിന്നെ അമ്മയ്ക്ക് ഇപ്പോൾ ഒന്നും ഓർമ്മയില്ലാത്തത് കൊണ്ട് എവിടാനോ ആരാ കൂടെ ഉള്ളെ എന്നൊന്നും മനസ്സിലാകില്ല. ”

അവൾ തന്മയത്വത്തോടെ അവന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അവന് ദേഷ്യമാണ് തോന്നിയത്.

ഇവൾക്കിത് എങ്ങനെ പറയാൻ കഴിയുന്നു, ഇവളും ഒരു പെണ്ണല്ലേ, ഒരമ്മയുടെ വയറ്റിൽ ഉണ്ടായതല്ലേ എന്നൊക്കെ ചിന്തിച്ചുകൊണ്ട് അവളെ നോക്കുമ്പോൾ അവൾ വേറെ എന്തോ ആലോചനയിൽ ആയിരുന്നു.

” നിനക്കിതൊക്കെ എങ്ങനെ പറയാൻ കഴിയുന്നെടി? നിന്നേം പെറ്റിട്ടത് ഇതുപോലെ ഒരു അമ്മയല്ലേ.

ഇത്രേം കാലം നോക്കി വളർത്തിയ അവരെ വയ്യാതാകുമ്പോൾ എവിടേലും കൊണ്ട് തള്ളി ഭാരം ഒഴിപ്പിക്കാൻ ആണോ നീയൊക്കെ ഈ ജീവിതത്തിൽ പഠിച്ചത്?

വിവരവും വിവേകവും ബുക്കിൽ നിന്ന് പഠിച്ചു കിട്ടുന്നതല്ല, അത് താനേ ഉണ്ടാക്കേണ്ടതാണ്. നിനക്ക് ഇല്ലാത്തതും അതാണ്‌.

എന്റെ അമ്മയെ എന്തായാലും എവിടേം കൊണ്ട് പോയി കളയാൻ എനിക്ക് കഴിയില്ല. ഇനി നിനക്ക് അമ്മ ഒരു ശല്യം ആണെന്ന് തോന്നുകയാണെങ്കിൽ ഒരു വഴി ഉണ്ട്.. ”

അത് പറയുമ്പോൾ അവളുടെ മുഖം വിടരുന്നത് അവൻ ശ്രദ്ധിച്ചു.

” എന്താ അത് ” എന്ന് അറിയാനുള്ള ആകാംഷ അവളുടെ നോക്കിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ അവൻ പതിയെ അവളുടെ ചെവിയിൽ പറയുന്നുണ്ടായിരുന്നു

” ഇനി നിനക്ക് അമ്മ ഒരു ശല്യം ആണെങ്കിൽ ഒറ്റ വഴിയേ ഉളളൂ…. നിനക്ക് നിന്റ വീട്ടിൽ പോകാം.. അവിടെ ആകുമ്പോൾ മെക്കട്ട് കേറാൻ അച്ഛൻ ഉണ്ട്, വെച്ച് വിളമ്പാൻ അമ്മ ഉണ്ട്.

വഴക്കും വേണ്ട വയ്യാവേലിയും വേണ്ട, ഇട്ട പട്ടിക്ക് ഒരു കോട്ടവും തട്ടില്ല. വെറുതെ ഇരുന്നുണ്ട് ജീവിക്കാം. ന്തേ ”

അവൾ അതിന് മറുപടി ഒന്നും പറയാതെ പുറം തിരിഞ്ഞ് കിടക്കുമ്പോൾ അവനും പുറം തിരിഞ്ഞ് മയക്കത്തിലേക്ക് വഴുതി വീണു.

ബാഗുമായി നിൽക്കുന്ന അവളെ കണ്ടാണ് അവൻ രാവിലെ എഴുന്നേറ്റത്.

” ഞാൻ ന്റെ വീട്ടിൽ പോവാണ്. നിങ്ങള് അമ്മേം മോനും ഒന്നാണ്, ഞാൻ പുറത്തും. ഒന്നിനും ഒരു മുട്ടുമില്ലാത്ത വീട്ടിൽ നിന്നാ ഞാൻ വന്നത്, ഇവിടെ വന്നപ്പോൾ എന്റെ എല്ലാ സ്വപ്നവും തകർന്നു. അതിനിടയ്ക്ക് നിങ്ങടെ അമ്മയും. എനിക്ക് മടുത്തു ഈ നരകം. ”

അവൾ ചാടിതുള്ളി പുറത്തേക്ക് പോകുന്നത് സിദ്ധാർഥ് ഇവളിത് ന്ത്‌ ഭാവിച്ചാ എന്ന മട്ടിൽ ഇരിക്കുകയായിരുന്നു.

ബാഗുമായി കിട്ടിയോ ഓട്ടോ പിടിച്ചു അവൾ സ്വന്തം വീട്ടിലെത്തുമ്പോൾ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുകയായിരുന്നു അമ്മയും അച്ഛനും. ഓട്ടോയിൽ വന്നിറങ്ങുന്ന മകളെ കണ്ടപ്പോ അവർ അവിടെ തന്നെ നിന്നു.

” ന്താ മോളെ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ. സിദ്ധാർഥ് ന്ത്യേ ? ”

അച്ഛന്റെ ചോദ്യങ്ങൾക്ക് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.

” നിക്ക് മതിയായി അച്ഛ. എന്തൊക്ക ചെയ്ത് കൊടുത്താലും ഏട്ടന് കുറ്റം മാത്രേ ഉളളൂ. രാവിലെ മുതൽ ആ വീട്ടിൽ കിടന്ന് പട്ടിയെ പോലെ ഓടിനടന്ന് ഓരോന്ന് ചെയ്യണം.

അതിനിടയ്ക്ക് ഏട്ടന്റെ അമ്മയും. ആ അമ്മയെ ഞാൻ എങ്ങനാ നോക്കുന്നതെന്ന് അറിയോ. ന്നിട്ടും നൂറ് കുറ്റം ആണ്. , ”

അവൾ ആവുന്നപോലൊക്കെ കള്ളങ്ങൾ ഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

” സാരമില്ല മോളെ, അച്ഛൻ സംസാരിക്കാം അവനോട്. ന്തായാലും മോളിപ്പോൾ വന്നത് നന്നായി.

നിന്റ ഏട്ടത്തിയമ്മ പ്രസവിച്ചു. അപ്പൊ അവിടെ കുട്ടിയെ നോക്കാൻ അമ്മ രണ്ടീസം കഴിഞ്ഞാൽ ഗൾഫിലോട്ട് പോവാ. മോളെ വിളിച്ചു പറയാൻ നിന്നതാ, അതിന് മുന്നേ മോളിങ് വന്ന സ്ഥിതിക്ക് ഇനി കുഴപ്പമില്ലല്ലോ.

ന്തായാലും എല്ലാം ഒന്ന് കലങ്ങി തെളിയും വരെ മോളിവിടെ നിൽക്ക്. ഈ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഇനി വേറെ ഒരാളെ വിളിക്കണ്ടല്ലോ.

ആഹ് പിന്നൊരു കാര്യം, മോൾടെ മുത്തശ്ശി വന്നിട്ടുണ്ട്. ചിറ്റപ്പൻ രണ്ടീസം മുന്നേ കൊണ്ടാക്കിയതാ. തീരെ വയ്യ.. എല്ലാത്തിനും ഒരാളുടെ സഹായം വേണം. ഇനിപ്പോ മോള് ഉണ്ടല്ലോ. സമാധാനം ആയി. ”

അച്ഛൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ട് മോള് ഉള്ളിലേക്ക് ചെല്ല് എന്നും പറഞ്ഞ് കാറിലേക്ക് കയറുമ്പോൾ അമ്മ ഒന്നുടെ അവളെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു

” മോളെ മുത്തശ്ശിയെ ശ്രദ്ധിക്കണേ, ഒന്നും ഓർമ്മ ഇല്ലാത്തോണ്ട് എപ്പഴാ വയറ്റിന്ന് പോണേ എന്ന് അറിയില്ല. അതൊക്കെ ശ്രദ്ധിച്ചു ചെയ്യണേ. അമ്മേം അച്ഛനും ഇപ്പോൾ വരാ ” എന്ന്.

അവൾ അലസമായൊന്ന് തലയാട്ടി അകത്തേക്ക് നടക്കുമ്പോൾ മുത്തശ്ശിയുടെ മുറിയിൽ നിന്നുള്ള വാടമണം അവളുടെ മൂക്കിലേക്ക് അടിച്ചുകയറി അവൾക്ക് ഓക്കാനം വന്നു.

അവൾ വാ പൊത്തി ബാത്റൂമിലേക്ക് ഓടുമ്പോൾ ഓർത്തത് മുത്തശ്ശി കാര്യം സാധിച്ചത് മുഴുവൻ ഇനി ഞാൻ ക്‌ളീൻ ചെയ്യണ്ടേ എന്നായിരുന്നു.

ഇത്രേം ഗതികെട്ടവൾ വേറെ ആരും ണ്ടാകില്ല ന്റെ ദൈവേ എന്നും പറഞ്ഞവൾ തിരികെ മുത്തശ്ശിയുടെ റൂമിലേക്ക് മുഖത്ത്‌ മാസ്ക്കും വെച്ച് നടക്കുമ്പോൾ ഓർക്കുകയായിരുന്നു ” പിടിച്ചതിലും വലുത് ആണല്ലോ പൊത്തിൽ ” എന്ന്..

Leave a Reply

Your email address will not be published. Required fields are marked *