പെണ്ണഴകിന്റെ ഭംഗിയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. ശൂന്യമായ ഇടതുമാറിടത്തിൽ വിരലുകൾ കൊണ്ട് വെറുതെ പരതി നോക്കി. ഇല്ല.. അവിടം നിർജീവമായിരിക്കുന്നു.

(രചന: ദേവൻ)

അവൾ കണ്ണാടിക്ക് മുന്നിൽ ഏറെ നേരം അർഥനഗ്നയായി നിന്നു.

പെണ്ണഴകിന്റെ ഭംഗിയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. ശൂന്യമായ ഇടതുമാറിടത്തിൽ വിരലുകൾ കൊണ്ട് വെറുതെ പരതി നോക്കി. ഇല്ല.. അവിടം നിർജീവമായിരിക്കുന്നു.

ഇനി മുതൽ താനും ഒറ്റമുലച്ചി ആണെന്ന ചിന്ത മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.

അന്ന് മുതൽ ആയിരുന്നു അയാളിലെ മാറ്റവും അവൾ കണ്ടുതുടങ്ങിയത്. എന്നും അയാളുടെ കരവാലയങ്ങളിൽ സ്വർഗ്ഗം കണ്ടെത്തിയവൾ ഇന്നിപ്പോൾ ബെഡിന്റെ ഒരറ്റത്തേക്ക് വേർതിരിക്കപ്പെട്ടിരിക്കുന്നു. മൗനം ആ മുറിയെ പോലും മുറിവേൽപ്പിച്ചുതുടങ്ങിയിരിക്കുന്നു.

” ഞാൻ വിരൂപയായത് കൊണ്ടാണോ എന്നോടിങ്ങനെ? ”

അവളുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി.

” മനുഷ്യന് ഉറങ്ങണം. ”

അയാൾ ഉറക്കം അഭിനയിക്കുകയാണെന്ന് അവൾക്ക് അറിയാം.

ശരിക്കും തന്റെ ഉടലിനെ മാത്രമാണോ അയാൾ സ്നേഹിച്ചത്. അത്രയേറെ വികൃതമായോ ഞാനും എന്റെ മനസ്സും.

കിടപ്പറയിൽ അയാൾക്ക് താൻ കൂടുതൽ സുന്ദരിയായ കാലം ആയിരുന്നു കടന്നുപോയത്.

മുടിയും ചുണ്ടും മാറിടവും നാഭിച്ചുഴിയും വടിവൊത്ത അരക്കെട്ടുമെല്ലാം അയാൾ മങ്ങിയ വെളിച്ചത്തിൽ ആസ്വദിക്കുമ്പോൾ വർണ്ണകളുടെ ലോകത്തായിരുന്നു തനിക്ക് സ്ഥാനം. എന്നാ ഇപ്പോൾ….

മാറിടത്തിന്റെ ഒരു ഭാഗം ശൂന്യമായതോടെ എത്ര പെട്ടന്നാണ് അയാൾക്ക് താൻ സൗന്ദര്യം തൊട്ടുതീണ്ടാത്ത വിരൂപയായി മാറിയത്.

” ഏട്ടാ.. എന്നെ ഒന്ന് കെട്ടിപ്പിടിക്കോ ”

അത്രമേൽ ആഗ്രഹിച്ചായിരുന്നു ചോദിച്ചത്.

പക്ഷെ അയാൾ വെറുപ്പോടെ ഒഴിഞ്ഞുമാറി.

” അഹ്.. ഇവിടെ ഇങ്ങനെ നിന്നെ കെട്ടിപിടിച്ചു കിടന്നാൽ മതിയല്ലോ എനിക്ക്. കുറെ കാലം അങ്ങനെ കിടന്നതല്ലേ… പെറാനൊ കഴിയില്ല. ഇപ്പോൾ ഒറ്റമുലച്ചിയും. ഒന്നിനും കൊള്ളാത്ത ഒരു പെൺകൊലം.

എല്ലാ കുറ്റവും കുറവും തന്റെ തലയിലേക്ക് ചേർത്തുവെച്ചു ഒറ്റമുലച്ചി എന്ന പട്ടം ചാർത്തി വെറുപ്പോടെ മുഖം തിരിക്കുന്ന അയാളെ അന്ന് ആദ്യമായി പുച്ഛത്തോടെ നോക്കി.

ഏതൊരു മനുഷ്യനും ഏതൊരു നിമിഷത്തിലും സംഭവിക്കാവുന്ന ശരീരത്തിന്റെ പൊരുത്തക്കേടുകൾ അയാളെ അവഗണയുടെ ആൾരൂപമാക്കി മാറിയിരിക്കുന്നു.

അന്ന് ” പോകുന്നു ” എന്ന് മാത്രം പറഞ്ഞാ പടിയിറങ്ങുമ്പോൾ അവൾ കരഞ്ഞില്ല.

അയാൾ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല,.
അതുകൊണ്ട് തന്നെ ചുണ്ടിൽ പുഞ്ചിരിച്ചുകൊണ്ട് തന്നെ ആയിരുന്നു ആ പടിയിറക്കം.

സ്വന്തം വീട്ടിൽ കേറുമ്പോൾ ചേർത്ത്പിടിക്കാൻ അമ്മ ഉണ്ടായിരുന്നു.

” സാരമില്ല മോളെ ” എന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ അച്ഛൻ ഉണ്ടായിരുന്നു.
ചോർന്നുപോകാത്ത സ്നേഹങ്ങളിൽ ചേർന്ന് നിൽക്കുമ്പോൾ ആശ്വാസം തോന്നി.

അവൾ റൂമിലേക്ക് കയറി. ഡ്രെസ് മാറി ഷവറിന് ചോട്ടിൽ ഒരുപാട് നേരം നിന്നു. ശരീരവും മനസ്സും തണുക്കുന്നത് വരെ. കുളി കഴിഞ്ഞ് തിരികെ റൂമിലെത്തി കണ്ണാടിക്ക് മുന്നിൽ നിൽകുമ്പോൾ അവൾ ശൂന്യമായ മാറിടം പൊത്തിപ്പിടിച്ചു.

ഇതുകൊണ്ട് മാത്രം തന്റെ സൗന്ദര്യം നഷ്ടപ്പെടുമോ.. ഇല്ലേന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു അവൾക്കിഷ്ട്ടം.

” മോളെ അവൻ വന്നിട്ടുണ്ട് ”

പുറത്തു നിന്ന് അമ്മയുടെ വിളി കേട്ട് പുറത്തേക്ക് വരുമ്പോൾ അയാളുണ്ടായിരുന്നു മുന്നിൽ.

” ആരാ ” എന്ന് ചോദിക്കാനാണ് തോന്നിയത്. പക്ഷെ മൗനം പാലിച്ചു.

” നീ കൂടെ വരണം ”

മറുത്ത്‌ ചോദിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ,

” ശരീരമാണോ മനസ്സാണോ വരേണ്ടത്? ”

ആ ചോദ്യം അയാളെ ഒരു നിമിഷം തല താഴ്ത്തിച്ചു.

” ഞാൻ അന്നത്തെ മാനസികാവസ്ഥ കൊണ്ട്….”

അയാൾ എവിടെയോ പൊതിഞ്ഞുവെച്ച ന്യായീകരണകെട്ട് അഴിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.

” നിങ്ങടെ മാനസികാവസ്ഥയ്ക്ക് എന്തായിരുന്നു പ്രശ്നം. രാത്രി ഇരുണ്ട വെളിച്ചത്തിൽ ആവോളം ആസ്വദിച്ച ശരീരത്തിന്റെ മാറ്റ് കുറഞ്ഞതോ?

അതോ നിങ്ങളിലേക്ക് മാത്രം ഒതുങ്ങാൻ ആഗ്രഹിച്ച ഒരു പെണ്ണിന്റെ മാറിടം ശൂന്യമായപ്പോൾ അവിടെ നിങ്ങളാഗ്രഹിച്ച സൗന്ദര്യം കാണാത്തിരുന്നതോ ?

നിങ്ങൾ ഒരിക്കലും ഞാനെന്ന ഭാര്യയുടെ മനസ്സ് ആഗ്രഹിച്ചിട്ടില്ല, കണ്ടിട്ടില്ല…നിങ്ങൾ ഒറ്റമുലച്ചി എന്ന് വെറുപ്പോടെ വിളിക്കുമ്പോൾ വ്രണപ്പെടുന്ന പെണ്ണിന്റ മനസ്സ് നിങ്ങൾ അറിഞ്ഞിട്ടില്ല.

നിങ്ങൾ സ്വയം മെനഞ്ഞെടുത്ത മാനസികാവസ്ഥയായിരുന്നില്ല എന്റെ. മനസ്സ് വ്രണപ്പെട്ട ഒരു പെണ്ണിന്റ മാനസികാവസ്ഥ യെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

അറിയണമെങ്കിൽ നിങ്ങൾ എന്നിലേക്ക് ഒന്ന് ഇറങ്ങിവരണമായിരുന്നു. എന്നെ അറിയണമായിരുന്നു,ശരീരം മാത്രമാണ് പെണ്ണിന്റ സൗന്ദര്യം എന്ന് ചിന്തിക്കുന്നിടങ്ങളിൽ ഒരു നല്ല പാതിയെ കാണാൻ കഴിയില്ല…

അവിടെ രാത്രി ശരീരം വിൽക്കുന്ന പെണ്ണിന്റ വില പോലും കിട്ടാത്ത വെറും ശരീരം മാത്രമാണ് ഞാൻ നിങ്ങൾക്ക്.

നിങ്ങൾ ഇരുണ്ട വെളിച്ചത്തു മാത്രം പെണ്ണിന്റ ശരീരസൗന്ദര്യം കാണുകയും ആസ്വദിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന വെറും….. ”

ബാക്കി വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല.. വാക്കുകൾവീർപ്പുമുട്ടി. കിതപ്പോടെ അവൾ അയാളെ നോക്കുമ്പോൾ അയാൾ മൗനമായി പിൻവാങ്ങിയിരുന്നു, മറുത്തൊരു വാക്കിനു യോഗ്യതയില്ലാതെ.

അവളിലെ പെണ്ണിനേയും പെണ്ണിന്റ മനസ്സും ആ മനസ്സിന്റെ സൗന്ദര്യവും കാണാൻ കഴിയാത്ത അയാളുടെ പിൻവാങ്ങൾ ആയിരുന്നു അവളെ ശരിക്കും പെണ്ണാക്കി മാറ്റിയതും..
പ്രതികരിക്കാൻ കഴിയുന്ന പെണ്ണ്….

Leave a Reply

Your email address will not be published. Required fields are marked *