നിന്റെ കൂടെ കെട്ടിച്ച് വിട്ടതല്ലേ അവളെ,നിന്റെ ഭാര്യ എവിടെയുണ്ടെന്ന് നിനക്കറിയില്ലേ.എൻ്റെ ഭാര്യ എൻ്റെയൊപ്പമുണ്ട് .ഭാര്യയെ കാണുന്നില്ലെങ്കിൽ പോലീസിൽ കേസ്

ഉണ്ണിയേട്ടാ ഞാനും ലീവിലാണ്
(രചന: Nisha Pillai)

നേരം വെളുത്ത് തുടങ്ങിയിട്ടേയുള്ളൂ.എയർ പോർട്ടിൽ നിന്നും രാവിലെ മടങ്ങി വരുന്ന വഴിയാണ്, വീട്ടിൽ ചെല്ലണം, ഒന്ന് കുളിയ്ക്കണം.

ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പ്യെഷൽ നെയ്റോസ്റ്റും സാമ്പാറും ഏലയ്ക്ക ചേർത്ത് കടുപ്പത്തിലൊരു ചായയും കുടിച്ച് സുഖമായി കിടന്നൊന്ന് ഉറങ്ങണം.

പിള്ളേരെയും ഭാര്യയേയും പറഞ്ഞയച്ചിട്ട് ,ഇന്ന് മുഴുവൻ വിശ്രമിക്കണം.

ചെല്ലുമ്പോൾ തലയിൽ ഉലക്ക കൊണ്ട് അടി കിട്ടാൻ ചാൻസുണ്ട്.ഒരു ദിവസത്തേയ്ക്ക് മൂന്നാറിലേയ്ക്ക് എന്ന് പറഞ്ഞാണ് കൂട്ടുകാരനൊത്ത് ഖത്തറിലേക്ക് വിമാനം കയറിയത്.അല്ലെങ്കിൽ അവൾ സമ്മതിക്കില്ല.

എൻ്റെ ഫുട്ബോൾ ഭ്രാന്ത് അവളെ മടുപ്പിച്ഛിട്ടുണ്ട്. അക്കോമഡേഷൻ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ് മാത്രം മതിയെന്ന് കേട്ടാണ് ചാടിയത്.വീട്ടിലറിയാതെ രണ്ടാഴ്ചത്തെ ലീവ് എടുത്തു.

ടിക്കറ്റിനൊക്കെ നല്ല ചാർജ്ജ് ആയത് കൊണ്ട് രേഖയുടെ നാല് വളകൾ പണയം വച്ചിരിക്കുന്നു.

സ്വർണ്ണത്തിന് ഇപ്പോൾ വില കൂടുതലായത് കൊണ്ട് ആവശ്യത്തിന് പണവും കിട്ടി.ഇനി പി എഫ് ലോണെടുത്ത് പൈസ തിരിച്ചടച്ച്,വള എടുത്ത് കൊടുക്കണം.

എന്നാലും അവൾ മുഖം തരില്ല.ഒരു ചുരിദാറും പുതിയ കമ്മലും മേടിച്ചു കൊടുക്കാം.അതിൽ വീഴാത്ത പെണ്ണുങ്ങളുണ്ടോ.

വീടിന് മുന്നിൽ ടാക്സിയിൽ ചെന്നിറങ്ങുമ്പോൾ റോഡിലൂടെ പ്രഭാത സവാരിക്കാരുടെ ഘോഷയാത്ര ആയിരുന്നു.

പരിചയക്കാരോടൊക്കെ കുശലം പറഞ്ഞു ഗേറ്റിനടുത്ത് എത്തിയപ്പോൾ ഗേറ്റ് ലോക്ക് ആയിരുന്നു.ഇവളീ വെളുപ്പാൻ കാലത്ത് എവിടെ പോയി.

“ശൂ ശൂ ശൂ….”

“ഇതാരാ ശൂ ശൂ വയ്ക്കുന്നത്.”

മതിലിന് അപ്പുറത്ത് നിന്ന് ഉമ ചേച്ചിയാണ്.താക്കോൽ വച്ച് നീട്ടുന്നു.

“ഉണ്ണി വരുമ്പോൾ താക്കോൽ കൊടുക്കണമെന്ന് പറഞ്ഞേൽപ്പിച്ചിരുന്നു.”

“അവളെവിടെ പോയി ചേച്ചി.”

” രേഖ പറഞ്ഞില്ലാരുന്നോ,പിള്ളാരേയും കൊണ്ട് ഉണ്ണീടെ നാട്ടിൽ പോയല്ലോ, ഒരാഴ്ച കഴിഞ്ഞല്ലോ.രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരൂ.”

“അതെന്ത് പരിപാടിയാ.പിള്ളേർക്ക് സ്കൂളിൽ പോകണ്ടായോ.”

“അതൊന്നും സാരമില്ല എന്ന് പറഞ്ഞു.അവര് ഐ എ എസിനൊന്നും പഠിക്കുകയല്ലല്ലോ,ഒന്നിലും നാലിലുമല്ലേ.ഉണ്ണി എഞ്ചിനീയർ അല്ലേ,എല്ലാം പറഞ്ഞ് കൊടുത്തോളുമെന്ന് പറഞ്ഞു.”

താക്കോലും വാങ്ങി വാതിൽ തുറന്നപ്പോൾ വീട് മുഴുവൻ പൊടി പിടിച്ചു കിടക്കുന്നു.അവളെയിപ്പോൾ കയ്യിൽ കിട്ടിയെങ്കിൽ !! അവൾക്ക് ജോലിക്ക് പോകണ്ടേ.

രണ്ടാഴ്ചയായി ഹോട്ടൽ ഭക്ഷണം കഴിച്ച് മൂലാധാരങ്ങളൊക്കെ പുകയാൻ തുടങ്ങി.അജിനോമോട്ടോയും ടേസ്റ്റ് മേക്കറുകളും ഉപയോഗിച്ച ഭക്ഷണം മടുത്തു.

കുറച്ച് ദിവസം പച്ചക്കറിയും ഫൈബറുമൊക്കെ കഴിച്ച്,ആമാശയം വൻകുടൽ ഭാഗങ്ങളൊക്കെ ശുദ്ധീകരിക്കണം.ഒൺലി പച്ചക്കറി.ഫ്രിഡ്ജിൽ ഒന്നുമില്ല,വിശക്കുന്നു.ഫ്രിഡ്ജ് തുടച്ച് ക്ലീൻ ആക്കി ഓഫ് ചെയ്ത് വച്ചിരിക്കുന്നു.ഫിൽട്ടറിൽ നിന്നും ശുദ്ധമായ പച്ചവെള്ളം കുടിച്ചു.

ഇങ്ങ് മടങ്ങി വരട്ടെ, രണ്ട് ഡോസിന്റെ കുറവുണ്ടവൾക്ക്.പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടുണ്ട്.അഹങ്കാരം അല്ലാതെന്ത്.

ആദ്യം അവളുടെ അച്ഛനെ ഒന്ന് വിളിക്കട്ടെ. മോളെ നിലയ്ക്ക് നിർത്താൻ പറയണം. രേഖയുടെ വീട്ടിലേയ്ക്ക് ലാൻഡ് ഫോണിൽ വിളിച്ചു.അവളുടെ അച്ഛനാണ് ഫോണെടുത്തത്.

“ഹലോ അച്ഛാ ഉണ്ണിയാണ്,രേഖയെന്തിയേ?.”

“രേഖയോ? നിന്റെ കൂടെ കെട്ടിച്ച് വിട്ടതല്ലേ അവളെ,നിന്റെ ഭാര്യ എവിടെയുണ്ടെന്ന് നിനക്കറിയില്ലേ.എൻ്റെ ഭാര്യ എൻ്റെയൊപ്പമുണ്ട് .ഭാര്യയെ കാണുന്നില്ലെങ്കിൽ പോലീസിൽ കേസ് കൊടുക്ക്.”

ഫോൺ കട്ട് ചെയ്തു.അത് കൊള്ളാം അച്ഛനും അറിഞ്ഞ് കൊണ്ടുള്ള നാടകമാണല്ലേ.ഞാൻ കാണിച്ച് കൊടുക്കാം ,എനിയ്ക്കുമുണ്ട് അച്ഛനമ്മമാർ.

ഒരു കുളിയും കഴിഞ്ഞ്,ഉമചേച്ചി കൊണ്ട് വന്ന ബ്രേക്ക് ഫാസ്റ്റും കഴിച്ച് ,കാറുമെടുത്ത് നാട്ടിലേക്ക് തിരിച്ചു.ചെന്ന് കയറുമ്പോൾ അച്ഛനും പേരക്കുട്ടികളും മുറ്റത്തെ മൂവാണ്ടൻ മാവിൽ ഊഞ്ഞാലിടുന്ന തിരക്കിലാണ്.കാറ് കണ്ടപ്പോൾ മകൾ ഓടി വന്നു.

“അച്ഛാ…എപ്പോളെത്തിയേ.”

ഒന്നാം ക്ലാസ്സുകാരനായ മകൻ തിരിഞ്ഞ് നോക്കിയത് പോലുമില്ല.അവൻ അപ്പുപ്പനോടൊപ്പം മാവിൻ ചോട്ടിലാണ്.മകളും അവരോടൊപ്പം കൂടി.അടുക്കളയിൽ അമ്മ ബിരിയാണിയ്ക്കുള്ള വട്ടം കൂട്ടുന്നു.

“ഇന്നെന്താ വിശേഷം?ബിരിയാണിയൊക്കെ?”

“വിശേഷം ഒന്നുമില്ല, പിള്ളേരുടെ ഇഷ്ടം.അച്ഛനേയും അമ്മയേയും വിട്ട് മാറി നിൽക്കുവല്ലേ കുഞ്ഞുങ്ങൾ.അവരുടെ സന്തോഷം.”

“ഏഹ്!! അപ്പോൾ അവളിവിടില്ലേ, അവളെവിടേ?.”

“നിന്റെ ഭാര്യയെ ഇവിടാണോ അന്വേഷിക്കുന്നത്. നിൻ്റെ കൂടെയില്ലാരുന്നോ.

പിള്ളേരെ കൊണ്ട് വന്ന് ഇവിടാക്കിയിട്ട്,ഒരു കത്ത് എന്നെ ഏൽപിച്ചിട്ട് അവളെങ്ങോട്ടോ പോയി.ആദ്യം മരിയ്ക്കുമെന്നായിരുന്നു ഭീഷണി.ഞാനൊരു വിധം പറഞ്ഞ് പറഞ്ഞ് വിവാഹമോചനത്തിൽ എത്തിച്ചിട്ടുണ്ട്.”

“വിവാഹമോചനമോ? ബെസ്റ്റ് അമ്മ തന്നെ,മകൻ്റെ ലൈഫ് ഇട്ടാണോ കളിയ്ക്കുന്നത്?.”

“അത് പിന്നെ നിനക്ക് മാത്രം മതിയോ സന്തോഷം,അവളും സന്തോഷിക്കട്ടേയെന്ന്.നീ പറയാതെ പോയെന്ന് പറഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു.

ഞാനാ പറഞ്ഞത് മോളും ഒരു യാത്ര പോയിട്ട് വരാൻ. കുഞ്ഞുങ്ങളെ ഞാൻ നോക്കി കൊള്ളാമെന്ന്. പന്ത്രണ്ട് ദിവസം കാശ്മീർ, ഹിമാചൽ പ്രദേശ് ട്രിപ്പ്, ലേഡീസ് ഒൺലി.

അവളുടെ അച്ഛനമ്മമാരെ ഞാൻ സമ്മതിപ്പിച്ചു. നിൻ്റച്ഛന് ആദ്യം സമ്മതം മൂളാൻ ഇത്തിരി പ്രയാസമായിരുന്നു. നിൻ്റെയല്ലേ അച്ഛൻ.പണ്ടെന്നെ കുറെ വട്ടം ചുറ്റിച്ചതാ.ഇപ്പോൾ എൻ്റെ സമയമാ.

നിൻ്റച്ഛന് ബിരിയാണി വേണ്ട,എന്നും ചോറും മീൻ കറിയും മതി.പിള്ളേര് വന്നതിൽ പിന്നെ ഇടയ്ക്കിടെ മെനു മാറ്റമാണ്.ഇപ്പോൾ ഒരു പരാതിയുമില്ല.നിൻ്റെയീ സ്വാർത്ഥത ഉണ്ടല്ലോ, അത് അത്ര നന്നല്ല.”

“അവൾക്ക് യാത്രയ്ക്ക് പൈസ എവിടുന്ന് കിട്ടി.”

“ഞാനാ പറഞ്ഞത്, ബാക്കി രണ്ട് വളയും കൂടി പണയം വയ്ക്കാൻ.നീ ലോൺ എടുക്കുമ്പോൾ ഒന്നിച്ച് തിരിച്ചെടുക്കാമല്ലോ.”

കത്ത് തുറന്നു വായിച്ചു.

പ്രിയ ഉണ്ണിയേട്ടന്,

ഞാനൊരു യാത്ര പോകുന്നു.എല്ലാവരുടേയും അനുഗ്രഹത്തോടെ.

രാപകൽ ഭർത്താവിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടു.എനിക്ക് വേണ്ടി ജീവിച്ച നിമിഷങ്ങൾ മറന്നു.എനിക്ക് മാതൃകയായത് നിങ്ങളാണ്.നിങ്ങളെന്നും സ്വന്തം ഇഷ്ടങ്ങൾ മാത്രം നോക്കി.എന്നെ അവഗണിച്ചു.

ഇനി ഞാൻ എനിക്ക് വേണ്ടി ജീവിയ്ക്കട്ടെ.

NB:പണയത്തിലിപ്പോൾ ആറ് വളകളായിട്ടുണ്ട്.

രേഖ…

ഒന്നും മിണ്ടാതെ ബാഗുമെടുത്ത് മുറിയിലേക്ക് നടന്നു.എത്ര നാളായി സ്വന്തം മുറിയിൽ കിടന്നിട്ട്,അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട്, ജനലിലൂടെ തൊടിയിലേക്ക് നോക്കി നിന്ന കാലം മറന്നു.

എന്നും തിരക്കായിരുന്നു. ഇനി അവൾ മടങ്ങി വരുന്നത് വരെ ഇവിടെ, തനി നാട്ടിൻപുറത്ത് കാരനായിട്ട്…

Leave a Reply

Your email address will not be published. Required fields are marked *