അവളുടെ കണ്ണിൽ പ്രണയം ആളികത്തി. അവളുടെ അധരങ്ങൾ ഒരു ചൂട് ചുംബനത്തിനായി കൊതിച്ചു. പെട്ടന്ന് ആരോ റോഡിലൂടെ പോകുന്നത് കണ്ട

(രചന: ഞാൻ ഗന്ധർവ്വൻ)

“കുട്ടിയെ എടുത്തില്ലേ…?”

വീടിന്റെ പിറകിലുള്ള മതില് ചാടി വന്ന അവളോട് കാമുകൻ ആദ്യം ചോദിച്ചത് അതാണ്. തന്റെ കയ്യിലുള്ള ബാഗ് കാമുകന്റെ കാറിലേക്ക് വെച്ച് അവൾ മുൻ സീറ്റിലിരുന്ന് ഒന്ന് നെടുവീർപ്പിട്ടു

“കുട്ടിയെ എന്തിനാ…? എന്നെയല്ലേ ന്റെ ചക്കര ജീവനുതുല്യം പ്രണയിച്ചേ”

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു

“കുട്ടിയെ ഭർത്താവും അയാളെ ഉമ്മയും നോക്കിക്കോളും. കുട്ടിക്ക് എന്നേക്കാൾ ഇഷ്ടം അവരെയാ”

അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു

“ന്റെ പൊന്നിനെ മതി എനിക്ക്. ന്റെ പ്രാണനല്ലേ നീ”

കാമുകന്റെ സംസാരം അവളെ പ്രണയത്തിന്റെ മത്ത് പിടിപ്പിച്ചു. അവൾ അവന്റെ നെഞ്ചിലെ തന്റെ പേര് പച്ചക്കുത്തിയതിൽ മെല്ലെ വിരലുകൊണ്ട് തലോടി

“ന്തിനാടാ എന്നെയിങ്ങനെ സ്നേഹിക്കുന്നേ… ഒരാണിന് ഒരു പെണ്ണിനെ ഇത്രയും സ്നേഹിക്കാൻ പറ്റോ…?”

അവളുടെ കണ്ണിൽ പ്രണയം ആളികത്തി. അവളുടെ അധരങ്ങൾ ഒരു ചൂട് ചുംബനത്തിനായി കൊതിച്ചു. പെട്ടന്ന് ആരോ റോഡിലൂടെ പോകുന്നത് കണ്ട അവൾ കാമുകനെ നോക്കി

“നീ വേഗം ഇവിടുന്ന് കാർ എടുക്ക്. ആരെങ്കിലും കണ്ടാൽ പണിയാകും”

അവർ യാത്ര തുടർന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഒരു പെട്രോൾ പമ്പിന് മുന്നിൽ കാർ നിന്നു. അവൾ കാമുകനെ നോക്കി

“എന്തുപറ്റി…?”

“പെട്രോൾ അടിക്കണം”

ആശ്ചര്യത്തോടെ അവൾ അവനെ നോക്കി

“പെട്രോളൊന്നും അടിക്കാതെയാണോ ഒളിച്ചോടാൻ വന്നിരിക്കുന്നേ…?”

അവൻ അവളെ നോക്കി പല്ലിളിച്ചു

“എന്റെ കയ്യിൽ എവിടുന്നാ കാശ്…? ഒരു മൂവായിരം രൂപ തന്നേ, പെട്രോൾ അടിക്കട്ടെ”

അവൾ അന്തംവിട്ട് അവനെ നോക്കി

“എന്റേൽ എവിടുന്നാ കാശ്…? അപ്പൊ നിന്റെ കയ്യിൽ പൈസയൊന്നും ഇല്ലേ…?”

“ആഹാ, അത് ശരി, ഇത്രേം കാലം ഇങ്ങളല്ലേ എനിക്ക് ചിലവിന് തന്നിരുന്നത്…? ഈ കാർ പോലും ഇങ്ങള് വാങ്ങി തന്നതല്ലേ…? എന്തിന് ഇപ്പൊ ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പോലും ഇങ്ങള് വാങ്ങി തന്നതാ. എന്നിട്ടാണ് ഈ ചോദ്യം. ചുമ്മാ കളിക്കാതെ പൈസ താ വേഗം”

അവൾ ദയനീയമായി അവനെ നോക്കി

“എടാ, അതൊക്കെ എന്റെ ഭർത്താവിന്റെ പൈസയല്ലേ…? നിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചിറങ്ങിയ ഞാൻ എന്തിനാ പിന്നെ ഭർത്താവിന്റെ കാശും എടുത്തോണ്ട് വരുന്നത്…? നീയല്ലേ എന്നെ നോക്കേണ്ടത് ഇനി”

ഇത് കേട്ടപ്പോൾ കാമുകന്റെ മുഖത്തെ ആ ക്യൂട്ട്നസ്സ് ഒക്കെ അങ്ങ് പോയി

“അതുശരി, അപ്പൊ പൈസ ഒന്നും എടുക്കാതെ ആണല്ലേ വന്നിരിക്കുന്നത്…?”

“പൈസ കണ്ടിട്ടാണോ നീ എന്നെ സ്നേഹിച്ചത്… നിന്റെ കേറിങ്ങും, ഓരോ പത്ത് മിനുറ്റ് കൂടുമ്പോഴുള്ള വിളിയും ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി എന്നെ നിനക്ക് പ്രാണനാണെന്ന്”

കാമുകൻ ഒന്ന് പുഞ്ചിരിച്ചു

“ന്റെ മുത്തേ, എനിക്ക് പണിയും കൂലിയും ഒന്നുമില്ല. ദാ എന്റെ കയ്യിൽ രണ്ട് ഫോണുണ്ട്. രണ്ടും ഇങ്ങള് വാങ്ങി തന്നതാണ്. ഇതിൽ ഒന്നിൽ മുഴുവൻ പ്രണയ വിരഹ മോട്ടിവേഷൻ സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്ത് വെച്ചിരിക്കാണ്. നിന്റെ മൂഡിനനുസരിച്ച് അതിൽ ഓരോന്നും ഞാൻ ഇങ്ങനെ സെന്റികൊണ്ടേ ഇരിക്കണം.

പിന്നെ നിന്റെ മൂഡിന് അനുസരിച്ച് കേറിങ് തരണം. ദിവസവും മണിക്കൂറുകൾ നേരം നിന്നോട് കൊഞ്ചണം. നിനക്ക് ഒരു ജലദോഷം പിടിച്ചാൽ പോലും നിന്നെ കേറിങ് ചെയ്ത് മുഴുവൻ സമയവും വിളിച്ചോണ്ടിരിക്കണം. ഇതിനിടയിൽ എനിക്ക് ജോലിക്ക് പോകാൻ എവിടാണ് സമയം”

ഇതും പറഞ്ഞ് ഒന്ന് ചിരിച്ച് അവൻ അവളെ നോക്കി

“അങ്ങനെ ജോലിയും കൂലിയും ഉണ്ടെങ്കിൽ ഞാനും നിന്റെ ഭർത്താവിനെ പോലെ സമയം കിട്ടുമ്പോഴല്ലേ വിളിക്കൂ. എനിക്ക് ജോലി തിരക്കൊക്കെ ഉണ്ടാകില്ലേ…?”

അവളുടെ കണ്ണുകൾ നിറഞ്ഞു

“അപ്പോ, പൈസക്ക് വേണ്ടി മാത്രാണ് അല്ലേ നീയെന്നെ സ്നേഹിച്ചത്…?”

“ഒരിക്കലുമല്ല, നീ മറ്റൊരാളുടെ ഭാര്യ ആയിരിക്കുമ്പോൾ എന്നിൽ പ്രണയത്തിന്റെ തീ ഉണ്ടായിരുന്നു. അവൻ അറിയാതെ നിന്നെ ജീവിതകാലം മുഴുവൻ പ്രണയിക്കാനും താല്പര്യം ഉണ്ട്. ഇതിപ്പോ നിന്റെ വാശിയാണ് ഈ ഒളിച്ചോട്ടം”

അവൾ പുച്ഛത്തോടെ അവനെ നോക്കി

“ഓഹ്, കട്ട് തിന്നേം ചെയ്യാം നിന്റെ കാര്യങ്ങൾ ഒക്കെ നടക്കേം ചെയ്യും. നീയെന്നെ ചതിക്കായിരുന്നു അല്ലേ”

കാമുകൻ അവളെ ആശ്വസിപ്പിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൾ തട്ടിമാറ്റി. അവൻ അവളുടെ കണ്ണിലേക്ക് നോക്കി

“നീ അവന്റെ ഭാര്യയായി നിക്കുമ്പോഴാ എനിക്ക് നിന്നോട് വല്ലാത്ത കൊതി തോന്നുക…”

ഒന്ന് നിറുത്തിയിട്ട് ക്യൂട്ട്നസ്സ് വാരി വിതറുന്ന കാമുകൻ അവളെ നോക്കി

“അല്ലേൽ ഒരുകാര്യം ചെയ്യ്, ഇങ്ങള് ജോലിക്ക് പോയി എന്നെ നോക്കും എന്ന് ഉറപ്പ് തന്നാൽ ഞാൻ പൊന്നുപോലെ സ്നേഹിക്കാം. ദാ ഈ ഫോണിലുള്ള പ്രണയ സ്റ്റാറ്റസുകൾ എല്ലാം ഇങ്ങക്ക് ദിവസോം രണ്ട് വെച്ച് നാലുനേരം സെന്റ് ചെയ്യാം. ഒരുപാട് കേറിങ് തരാം. ഇങ്ങക്ക് അതാണല്ലോ വേണ്ടത്”

ഇടി വെട്ടിയവന്റെ തലയിൽ ഹെലികോപ്റ്റർ വീണു എന്ന അവസ്ഥയിൽ ആയിരുന്നു അവളപ്പോൾ. ആകെ തകർന്ന് നിക്കുന്ന ആ അവസ്ഥയിലാണ് തന്റെ മുഖത്തെ നുണക്കുഴി വിടർത്തി ക്യൂട്ട്നസ്സ് വാരി വിതറി കാമുകൻ അവളോട് ചോദിച്ചത്

“ന്റെ പോന്നൂന് ന്താ പറ്റിയേ…? സാഡ് ആവല്ലേ ന്റെ മുത്ത്… ഞാൻ ഇല്ലേ കൂടെ… ഈ ലോകം തന്നെ എതിർത്താലും ന്റെ മുത്തൂസിന് ഞാൻ ഉണ്ട്. പോന്നൂസേ… മിണ്ട്… ചക്കര വാവേ… മിണ്ട്… ന്റെ ച്വീറ്റി ചിരിച്ചേ… പൊന്നു… മിണ്ട്”

ഇതേ ഡയലോഗ് കുറച്ച് മണിക്കൂർ മുന്നേവരെ കേൾക്കുമ്പോൾ അവൾക്ക് രോമാഞ്ചം വന്നിരുന്നു. പക്ഷേ, ഇപ്പൊ കേട്ടപ്പോൾ….

കാമമെന്ന വൃക്ഷത്തിലെ മോഹമെന്നെ കായ്കൾ ദൂരെ നിന്ന് നോക്കുമ്പോൾ അതൊരു അത്ഭുതമായി തോന്നും…

അതേ കായ്കൾ എന്നും പറിച്ച് കഴിക്കാൻ കിട്ടിയാൽ അത് വെറും തക്കാളിക്ക് സമം… തക്കാളി കൊണ്ട് കറിയുണ്ടാക്കിയാൽ രുചിയാണ്, അതേ തക്കാളി ഒറ്റക്ക് തിന്നാൽ രണ്ട് ദിവസം കഴിഞ്ഞാൽ മടുക്കും…

Leave a Reply

Your email address will not be published. Required fields are marked *