“ഭാര്യയോടുള്ള എന്തെങ്കിലും കടമ അനൂപേട്ടൻ ചെയ്യാറുണ്ടോ, എന്നെ കെയർ ചെയ്യാൻ ഒരല്പം സമയം എങ്കിലും അനൂപേട്ടൻ നീക്കിവെക്കാറുണ്ടോ”

(രചന: ഗിരീഷ് കാവാലം)

“അനൂപേട്ടാ ഓഫീസിലെ ഫങ്ക്ഷന് ഈ ചുരിദാർ ഇട്ടാ മതിയോ…”

ഗോൾഡൻ കളർ പൂക്കൾ ഉള്ള ഇളം പച്ച ചുരിദാർ ഉയർത്തി ഉത്സാഹത്തോടെ ധന്യ ചോദിച്ചു

“ട്രെൻഡ് ൽ നിന്നെടുത്ത ആ പച്ച ചുരിദാർ ഇല്ലേ…ഗോൾഡൻ കളർ പൂക്കൾ ഉള്ള അത് ഇട്ടാ മതി’

ധന്യ ഉയർത്തി കാട്ടിയ ആ ചുരിദാറിൽ ഒന്ന് ഏറുകണ്ണിട്ട് നോക്കിയിട്ട് വീണ്ടും മൊബൈലിൽ ശ്രദ്ധയൂന്നികൊണ്ട് അനൂപ് പറഞ്ഞു

ഉത്സാഹത്തോടെ ഉയർത്തി കാട്ടിയ ചുരിദാർ താഴ്ത്തിയ ധന്യയുടെ മുഖത്തെ ഉത്സാഹം പെട്ടന്ന് ഒലിച്ചുപോയി

‘ഏട്ടാ ഞാൻ കാണിച്ചത് എന്താ…? ഏട്ടൻ കണ്ടത് എന്താ…?

മൊബൈലിൽ നിന്ന് ശ്രദ്ധ തിരിച്ച അനൂപ് വീണ്ടും ധന്യയുടെ കൈയ്യിലെ ചുരിദാറിലേക്ക് നോക്കി

“ഓ.. സോറി, ഇതല്ലേ ട്രെൻഡിൽ നിന്ന് നമ്മൾ വാങ്ങിയ ചുരിദാർ, ങാ..ഇത് തന്നെ ഇട്ടാ മതി.. ഇതാ നിനക്ക് ചേരുന്നേ ”

“ഞാൻ എഡിറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.. ”

ഒരു വിഡ്ഢി ചിരി ചിരിച്ചുകൊണ്ട് അനൂപ് അവളെ നോക്കി

“കഷ്ടം….”

ചിറി കോട്ടി എന്തോ പിറുപിറുത്തുകൊണ്ട് തന്റെ ദേക്ഷ്യം പ്രകടിപ്പിച്ച ധന്യ അവിടുന്ന് ബെഡ്ഡ് റൂമിലേക്ക്‌ പോയി

അന്ന് ധന്യയുടെ ഓഫീസ്, വാടക കെട്ടിടത്തിൽ നിന്ന് പുതിയതായി കിട്ടിയ വാടക കെട്ടിടത്തിലേക്കു മാറുന്ന ഉൽഘാടന ഫങ്ക്ഷൻ ആയിരുന്നു

“ഏട്ടാ ഞാൻ ഇറങ്ങുവാണെ… കുട്ടികളെ നോക്കിക്കോണേ ”

മൊബൈൽ, ക്യാമറ സ്റ്റാൻഡിൽ വച്ചുകൊണ്ട് മക്കളുടെ ഡാൻസ് ഷൂട്ട് ചെയ്യുവായിരുന്ന അനൂപിനെ നോക്കി ധൃതിയിൽ സ്കൂട്ടി എടുത്തുകൊണ്ടു ധന്യ പറഞ്ഞു

“ആ..ശരി…”

ധന്യയെ നോക്കാതെ കൈ ഉയർത്തി അനൂപ് പറഞ്ഞു

“ധന്യേ ഒന്ന് നിന്നെ…ഇനാഗുറേഷൻ കഴിഞ്ഞു പോരാൻ നേരം ഒരു ഫെവി ക്യുക്ക് വാങ്ങിച്ചോണേ”

ധന്യയുടെ അടുത്തേക്ക് വന്ന അനൂപ് പറഞ്ഞു

“ഉം… ഞാൻ പോട്ടെ ഒത്തിരി ലേറ്റ് ആയി എല്ലാവരും എത്തിക്കാണും ”

ധന്യ പോയതും അനൂപ് മക്കളുമൊത്തുള്ള ഷൂട്ടിംങിലേക്ക് തിരിഞ്ഞു

ഓഫീസ് ഇനാഗുറേഷൻ കഴിഞ്ഞ് വന്ന ധന്യയുടെ മുഖം ഇരുണ്ടിരിക്കുകയായിരുന്നു

‘എന്തേ നിന്റെ മുഖത്തിന്‌ ഒരു തെളിച്ചമില്ലായ്മ ?

അനൂപ് ചോദിച്ചു

അനൂപേട്ടന്റെ ആരാ ഞാൻ. ?

ഉച്ചത്തിലാണ് ധന്യ അത് ചോദിച്ചത്

“ഭാര്യ…”

“ഭാര്യയോടുള്ള എന്തെങ്കിലും കടമ അനൂപേട്ടൻ ചെയ്യാറുണ്ടോ, എന്നെ കെയർ ചെയ്യാൻ ഒരല്പം സമയം എങ്കിലും അനൂപേട്ടൻ നീക്കിവെക്കാറുണ്ടോ”

അവളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു..

ധന്യേ അതിന്മാത്രം എന്തുണ്ടായി. ?

“ഒന്നും ഉണ്ടായില്ല, ഞാൻ കോമാളിയാകേണ്ടതായിരുന്നു ,അനൂപേട്ടൻ എന്നെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുകയില്ലായിരുന്നു. ”

“ഞാൻ പോകുമ്പോൾ ഈ ചെറിയ ചീപ്പ് എന്റെ മുടിയിൽ ഉടക്കി ഇരുപ്പുണ്ടായിരുന്നു”

ബാഗിൽ നിന്ന് ചീപ്പ് ഉയർത്തികാട്ടി അമർഷത്തോടെ ധന്യ പറഞ്ഞു

“ഓഫീസിലേക്ക് കയറുമ്പോ അടുത്തിടെ ട്രാൻസ്ഫർ ആയി വന്ന വിഷ്ണുവിന്റെ കണ്ണിൽ പെട്ടതുകൊണ്ട് ചീപ്പ് തലയിൽ ഇരുന്നത് മറ്റാരും കണ്ടില്ല ”

‘ങാ…ഭർത്താവ് ഉണ്ടായിട്ട് എന്താ കാര്യം എന്നെ കെയർ ചെയ്യണമെങ്കിൽ വേറെ ആരെങ്കിലും വേണം”

നെടുവീർപ്പിട്ടുകൊണ്ട് ധന്യ മക്കളുടെ മുറിയിലേക്ക് പോയി

അനൂപ് ഒരു നിമിഷം ആലോചിച്ചു നിന്നു

“നിന്നെ ഞാൻ കെയർ ചെയ്യുന്നില്ല എന്നത് നിന്റെ തോന്നലാ…”

രാത്രിയിൽ ധന്യ ബെഡ്ഡ് റൂമിലേക്ക് വന്നതും അനൂപ് പറഞ്ഞു

“ഉം…..

ഒന്ന് അമർത്തി മൂളിയ ശേഷം ധന്യ ബെഡ്‌ഡിലേക്ക് കിടന്നു

“സ്കൂളിൽ അദ്ധ്യാപകൻ ആയതുകൊണ്ട് കിട്ടുന്ന വെക്കേഷനിലല്ലേ ഞാൻ മക്കളെ വച്ച് റീൽസ് ചെയ്യുന്നത്, ഇപ്പൊ അഞ്ഞൂറ് സബ്സ്ക്രൈബ്ഴ്സ് കഴിഞ്ഞു, ക്യാഷ് കിട്ടുന്ന കാര്യം കൂടി അല്ലെ ഒപ്പം മക്കളുടെ ഉള്ളിലെ കഴിവുകൾ പുറത്ത് കൊണ്ടുവരികയും ചെയ്യാം ”

“അതൊന്നും അല്ല നിങ്ങൾ എപ്പോഴും മൊബൈലിൽ എൻഗേജ് തന്നെയാ, അത് പോട്ടെ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ ഒക്കെ പോകാമെന്നു എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് അപ്പോഴൊക്കെ നിങ്ങളുടെ കാര്യം. ”

“അതൊക്കെ നിന്റെ തോന്നലാ, ഞാനും എന്തെങ്കിലും കാര്യത്തിൽ ബിസിയാകുന്നത് നമുക്ക് പ്രയോജനം ഉള്ള കാര്യത്തിനല്ലേ ‘

“ഓ..മതി മതി..ന്യായം പറച്ചിൽ’

അനൂപിന്റെ മനസ്സിൽ രൂപം കൊണ്ട എന്തോ ഒരു ആശയകുഴപ്പം മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു

‘വിഷ്ണു നീ ഇന്നലെ ആ ചീപ്പ് കണ്ടില്ലായിരുന്നെങ്കിൽ ആകെ കുളമായി പോയേനെ..’

“പിന്നെ എന്നാ ഉണ്ടെടാ, ഇപ്പൊ എനിക്കും ഓഫീസിൽ പോകാനുള്ള വിരസത മാറി നിന്റെ വരവോടെ ”

ധന്യ അടക്കത്തിൽ സംസാരിക്കുന്നത് ശ്രദ്ധിക്കുവാനിടയായ അനൂപ് അമ്പരന്ന് നിന്നുപോയി

അനൂപിന്റെ മനസ്സിൽ പല പല ചിന്തകൾ മിന്നി മറഞ്ഞു പോയി

‘ശരി വെച്ചേക്കേടാ, അങ്ങേര് വീഡിയോ പിടുത്തം കഴിഞ്ഞു ഇപ്പൊ വരും ബ്രേക്ക്‌ ഫാസ്റ്റ് അന്വേഷിച്ച്”

“ഒക്കെ.. പിന്നെ വിളിക്കാം….”

ശ്വാസം നിലച്ച പോലെ നിന്ന അനൂപ് പെട്ടന്ന് അവിടുന്ന് വെളിയിലേക്ക് പോയി

“അമ്മേ ഈ അച്ഛൻ ഞങ്ങടെ വീഡിയോ പിടിക്കുന്നില്ല, ഞങ്ങൾ എത്ര നേരം കൊണ്ട് പറയുന്നതാ”

“അനൂപേട്ടാ എന്താ വീഡിയോ ചെയ്യാത്തെ ?

ക്യാമറ സ്റ്റാൻഡിനു അടുത്ത് കസേരയിൽ എന്തോ ആലോചിച്ചു ഇരിക്കുന്ന അനൂപിനെ നോക്കി ധന്യ പറഞ്ഞു

“ഏയ്‌ ഒരു തലവേദന ബിപി കുറഞ്ഞതാന്ന് തോന്നുന്നു”

“രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു എന്താ നിങ്ങൾക്ക് പറ്റിയത്. ?

ശുണ്ഠിയോടെ അനൂപിനെ ഒരു നോട്ടം നോക്കി അവൾ അവിടുന്ന് പോയത് നോക്കി നിന്ന അനൂപ് വീണ്ടും ചിന്തയിലായി

അടുത്ത ദിവസം രാവിലെ ധന്യ കുളിമുറിയിൽ കയറിയതും അനൂപ് അവളുടെ മൊബൈൽ ധൃതിയിൽ നോക്കാൻ തുടങ്ങി

“ങേ ലോക്ക് ഇട്ടിരിക്കുന്നു..”

“ഇതുവരെ ലോക്ക് ഇടാതിരുന്ന അവൾ മൊബൈലിൽ ലോക്ക് ഇട്ടിരിക്കുന്നു”

അനൂപിന്റെ മനസ്സിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി

തോർത്ത്‌ എടുക്കാൻ മറന്നു പോയ ധന്യ ബാത്ത് റൂമിൽ നിന്നിറങ്ങി വന്ന ധന്യയെ കണ്ടതും അനൂപ് മൊബൈൽ പെട്ടന്ന് താഴെ വച്ചു തപ്പി തടഞ്ഞു

അനൂപിനെ സൂക്ഷിച്ചൊരു നോട്ടം നോക്കി അവൾ കടന്നു പോയി

“അപ്പൊ നമുക്ക് അടുത്ത സെക്കന്റ്‌ സാറ്റർഡേ പോകാം, കുറച്ചു നേരം അങ്ങനെ ബീച്ചിൽ ഇരിക്കാം അല്ലെ…നീ ബുള്ളറ്റിൽ ആണോ വരുന്നേ ”

ഉം..

“ഓ ചേട്ടൻ എന്നെ എങ്ങും കൊണ്ടുപോകില്ല..ഉം പുള്ളിക്കാരന് ചെറിയ സംശയം തോന്നിതുടങ്ങിയെന്നാ തോന്നുന്നേ…..”

“ശരി ഒക്കെ….”

ധന്യ സ്വരം താഴ്ത്തി സംസാരിക്കുന്നത് മറഞ്ഞു നിന്ന് കേട്ട അനൂപിന്റെ പെരുവിരൽ മുതൽ തല വരെ പെരുക്കാൻ തുടങ്ങി

അന്ന് രാത്രിയിൽ ധന്യ ബെഡ്ഡ്റൂമിലേക്ക് കയറിയതും

“സോറി… നിനക്ക് എന്നോട് ഇപ്പൊ ആ പഴയ സ്നേഹം ഇല്ല അല്ലെ.. എന്റെ മനസ്സിൽ നൂറ് ശതമാനവും നീ മാത്രമേ ഉള്ളൂ.. പക്ഷേ നിനക്ക് അങ്ങനെയല്ലാന്ന് എനിക്ക് തോന്നി തുടങ്ങി..

എങ്ങനെയല്ലാന്ന്..?

എടുത്തടിച്ചുകൊണ്ട് ധന്യ ചോദിച്ചു

വിഷ്ണു നിനക്ക് ആരാ ?

അനൂപിന്റെ ചോദ്യത്തിന് നേരിയ വിറയൽ ഉണ്ടായിരുന്നു

“നിങ്ങൾക്ക് എന്നെ കെയർ ചെയ്യാൻ സമയം ഇല്ലല്ലോ അപ്പൊ എന്നെ കെയർ ചെയ്യാൻ ആരെങ്കിലും വന്നാൽ പിന്നെ ഞാൻ വേണ്ടാന്ന് പറയണോ….”

അനൂപിന്റെ മുഖം ഇരുണ്ടു രക്തമയം ഇല്ലാതായി

ഉള്ളിൽ നിന്ന് വന്ന ചിരി പിടിച്ചു നിർത്താൻ ധന്യക്ക് കഴിഞ്ഞില്ല

ഒന്നും മനസ്സിലാകാതെ അനൂപ് അന്തിച്ചിരുന്നു

“വിഷ്ണു ആരെന്നറിയണ്ടേ.. എന്റെ കൂടെ മുൻപ് ജോലി ചെയ്ത ഇപ്പോ ഞങ്ങളുടെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി വന്ന കുറുമ്പി പെണ്ണ്.. വിഷ്ണുപ്രിയ…..നല്ലൊരു ബുള്ളറ്റ് ഉണ്ട് അവൾക്ക് മിക്കവാറും അതിലാ അവൾ വരുന്നത് ”

ധന്യക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല..

മനസ്സിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പെട്ടന്ന് അപ്രതീക്ഷിതമായതിന്റെ കുളിർമയിൽ അനൂപിലും ചിരി വിടർന്നു..

“കെയർ ചെയ്തില്ലെങ്കിൽ പിടിച്ചു വാങ്ങാൻ ചെറിയ ഒരു തന്ത്രം എടുത്തല്ലേ പറ്റൂ…അല്ലെങ്കിൽ ഈ ആണുങ്ങൾ ഒരു പരിഗണനയും തരില്ല ”

ധന്യ മനസ്സിൽ പറഞ്ഞു

അടുത്ത ദിവസം രാവിലെ സ്കൂട്ടിയുമായി ധന്യ ഓഫീസിലേക്ക് പോകാൻ നേരം അനൂപ് കുട്ടികളുമായി വീഡിയോ എടുക്കുവായിരുന്നു.

ദേ ഞാൻ പോകുവാണ്, ഇവിടെ കിടക്കുന്ന ഈ പ്ലാസ്റ്റിക് കൂട് എടുത്തു പുറകിൽ ഇട്ടേക്കണേ

“ങാ… ശരി….”

ധന്യയെ നോക്കാതെ കൈ പൊക്കി കാണിച്ചുകൊണ്ട് മൊബൈലിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നിൽക്കുന്ന അനൂപിനെ താടിക്ക് കൈ കൊടുത്തുകൊണ്ട് ധന്യ ഒരു നിമിഷം നോക്കി നിന്നുപോയി..

എന്തോ മിന്നിയ പോലെ പെട്ടന്ന് അനൂപ്, അവളുടെ അടുത്തേക്ക് ഓടി വന്നു

“ദേ കെയർ ചെയ്യുന്നില്ല എന്ന പരിഭവം വേണ്ടാട്ടോ ”

പുഞ്ചിരിയോടെ അനൂപ് അത് പറയുമ്പോൾ നാണത്തിൽ മുങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ കടന്നുപോയി

Leave a Reply

Your email address will not be published. Required fields are marked *