നിയമപരമായി ഓളെ സ്വന്തമാക്കി വച്ചിട്ട് ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് കൂടെ കൂട്ടാന്ന് വിചാരിച്ചിട്ടാ ഞാനീ പരിപാടിക്ക് കൂട്ട് നിന്നത് . ഇതിപ്പോ ഞാനിവളേയും കൊണ്ട് എങ്ങോട്ട് പോവ്വാനാ? എന്‍റെ

നിലവിളക്കും നാഥനും
(രചന: Magesh Boji)

“നീയാ താലി ചുരുദാറിന്‍റെ ഉള്ളിലേക്കാക്കി വേഗം കോളേജിലേക്ക് പോവ്വാന്‍ നോക്ക്”

ആര്യ സമാജത്തിന്‍റെ വിവാഹ രജിസ്റ്ററില്‍ വിറയലോടെ ഒപ്പ് വച്ച് ഞാനീ കാര്യം രമ്യയോട് പറഞ്ഞപ്പോള്‍ അവള്‍ രൂക്ഷമായി എന്നെ നോക്കി.

രമ്യ : ഞാനെങ്ങോട്ടും പോവ്വില്ല .

ഞാന്‍ : ങ്ങേ? പോവ്വാതെ പിന്നെ?

രമ്യ : ഞാന്‍ ഏട്ടന്‍റെ കൂടെ വരും .

അമ്മ വാങ്ങാന്‍ തന്നയച്ച സാധനങ്ങളുടെ ലിസ്റ്റടങ്ങിയ സഞ്ചി കക്ഷത്തിലൊന്നൂടെ ഉറപ്പിച്ചതിന് ശേഷം സാക്ഷി ഒപ്പിടാന്‍ വന്ന ബോബനെ ഞാന്‍ കുറച്ചപ്പുറത്തേക്ക് മാറ്റി നിര്‍ത്തി .

ഞാന്‍ : എടാ ബോബാ , ഓളെന്താടാ ഇപ്പോ ഇങ്ങനെയൊക്കെ പറയണത് .

ബോബന്‍ : എടാ , ഓളെ കുറ്റം പറയാന്‍ പറ്റൂല്ല . അണക്കറിയൂലെ ഓള്‍ടെ തന്തേനെ. നാളെ വെക്കേഷന്‍ തുടങ്ങാണ് .

ഇന്ന് അയാള് വന്ന് ഓളെ നാട്ടിലേക്ക് കൂട്ടി കൊണ്ടോയാല് മഷിയിട്ട് നോക്കിയാല്‍ പിന്നെ ഓളെ കാണാന്‍ കിട്ടൂല്ല ,

രഹസ്യായിട്ട് ഓളെ കല്ല്യാണം നടത്താനുള്ള പരിപാടിയാണ് അവിടെ . അതോണ്ടല്ലേ രാക്കു രാമാനം ആര്യ സമാജത്തില് ഞങ്ങള് അതിനുള്ള സെറ്റപ്പുണ്ടാക്കിയത് .

ഞാന്‍ : നിയമപരമായി ഓളെ സ്വന്തമാക്കി വച്ചിട്ട് ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് കൂടെ കൂട്ടാന്ന് വിചാരിച്ചിട്ടാ ഞാനീ പരിപാടിക്ക് കൂട്ട് നിന്നത് .

ഇതിപ്പോ ഞാനിവളേയും കൊണ്ട് എങ്ങോട്ട് പോവ്വാനാ? എന്‍റെ കാര്യമൊക്കെ നിനക്കറിയാവുന്നതല്ലേ?

ബോബന്‍ : എന്തായാലും ഇവിടെയിങ്ങനെ അധിക നേരം ആലോചിച്ച് നിക്കണത് അത്ര ശരിയല്ല . ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട് . നമുക്കൊന്നങ്ങോട്ട് മാറി നില്‍ക്കാം .

അതിനിടയില്‍ ആരോ ഒരാള്‍ ചായയും വടയും സ്പോണ്‍സര്‍ ചെയ്തു . ആര്യ സമാജത്തില്‍ നിന്നിറങ്ങി നേരെ ആര്യഭവന്‍ ഹോട്ടലിലേക്ക് .

ചായ കഴിക്കുമ്പോഴും അവളെന്‍റെ ചുമലില്‍ തല ചേര്‍ത്തിരിക്കുകയായിരുന്നു . ചായയും വടയും കഴിച്ച് കൈ കഴുകാന്‍ നേരം ഞാനവളുടെ നെറുകില്‍ ഒന്ന് തലോടി .

ഞാന്‍ : മോളിപ്പോ വീട്ടില്‍ പോണം . ഞാനിവിടെ എല്ലാ സെറ്റപ്പും ശരിയാക്കിയിട്ട് എത്രയും വേഗം കൂട്ടിക്കൊണ്ട് വന്നോളാം

രമ്യ : എട്ടന്‍റെ കൂടെയല്ലാതെ ഇനി ഞാന്‍ എങ്ങും പോകില്ല . അഥവാ എന്നെ ഒറ്റക്കിട്ട് പോവ്വാനാ പരിപാടിയെങ്കില്‍ റെയില്‍വേ ട്രാക്കിലുണ്ടാവും ഈ രമ്യ …

പിന്നെ എന്‍റെ വീടെത്തും വരെ ഞാനവളോട് കമാന്നൊരക്ഷരം മിണ്ടിയില്ല .

വീടിന് മുന്നിലിറങ്ങി ഓട്ടോക്കാരന് റ്റാറ്റാ കൊടുത്ത് യാത്രയാക്കി മനസ്സിനൊരു ധൈര്യം വരുത്താന്‍ വ്യഥാ ശ്രമം നടത്തി ഞാന്‍ .

അമ്മ മുറ്റത്ത് ഈര്‍ക്കിള്‍ കൊണ്ട് ചൂലുണ്ടാക്കുന്നു . അച്ഛന്‍ മതിലിന്‍റെ മുകളില്‍ കണ്ണാടി വച്ച് മീശയും താടിയും കറുപ്പിക്കുന്നു . പെങ്ങളെ ആ പരിസരത്തെങ്ങും കാണാനില്ല .

മൊത്തത്തില്‍ ചെവിയും തൊണ്ടയും അടഞ്ഞത് പോലെ എനിക്ക് തോന്നി . അമ്മയെന്തോ ചോദിച്ചപ്പോള്‍ ഞാനെന്തോ പറഞ്ഞു .

അത് കേട്ട് ചൂലെല്ലാം അവിടെയിട്ട് അമ്മ നെഞ്ചത്തടിച്ച് കരഞ്ഞതായി ചെറിയൊരോര്‍മ്മ എനിക്കുണ്ട് . അച്ഛന്‍ വിരല്‍ ചൂണ്ടി കടക്കെടാ പുറത്ത് എന്ന് പറഞ്ഞതും ചെറിയൊരോര്‍മ്മയുണ്ട് .

പിന്നെ ഓര്‍മ്മ വരുമ്പോള്‍ ഞാനും അവളും എന്‍റെ മുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു …

ഞാനൊരു ധൈര്യത്തിന് അവളുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം എന്‍റെ ഉള്ള ധൈര്യം ചോര്‍ന്ന് പോവുന്നത് പോലെ തോന്നി .

അതിനിടയില്‍ എന്നെ പെറ്റിട്ടത് മുതല്‍ , ഞാന്‍ അച്ഛന്‍റെ കീശയില്‍ നിന്ന് കാശ് അടിച്ച് മാറ്റുന്ന വിഷയം ഒന്ന് പൊതുവില്‍ പരാമര്‍ശിച്ച് ,

ചിറ്റമ്മയുടെ മകളുടെ കല്ല്യാണത്തിന് കൊടുക്കാന്‍ തന്ന ഒരു പവന്‍റെ മാല തിരിമറി നടത്തിയ വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു വിവരണങ്ങള്‍ പ്രതിപാദിച്ച്

ഒടുവില്‍ എന്‍റെ കരപ്പന്‍റെ അസുഖത്തിലേക്ക് അമ്മ പൊട്ടി കരഞ്ഞു കൊണ്ട് കടക്കാന്‍ തുടങ്ങിയ പാടെ ഇരു ജനവാതിലും ഞാന്‍ കൊട്ടിയടച്ചു ….

അവള്‍ എന്നെ നോക്കി . അമ്മക്ക് ചെറിയ വട്ടാണെന്ന് ഞാന്‍ ആംഗ്യം കാണിച്ച് കൊടുത്തു .

ഞാന്‍ : ഇവിടെ നിന്ന് ഹോസ്റ്റലിലേക്ക് വലിയ ദൂരമില്ല . കൊണ്ടാക്കി തരട്ടെ ?

മറുപടിയായി ഓള്‍ടെ കണ്ണില്‍ നിന്നും തീപ്പൊരിയായിരുന്നു .

കുറച്ച് നേരം അങ്ങനെയിരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ ജനവാതില്‍ തുറന്ന് കര്‍ട്ടന്‍ മെല്ലെ നീക്കി നോക്കി . അയല്‍ക്കാരെല്ലാം അങ്കവും കാണാം താളിയും ഒടിക്കാം എന്ന മട്ടില്‍ മതിലിനരികിലിരുന്ന് തിരക്കിട്ട ജോലിയിലാണ് .

അമ്മയുടേയും അച്ഛന്‍റേയും അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ ഞാന്‍ പതിയെ വാതില്‍ തുറന്ന് പുറത്തോട്ടിറങ്ങി .

അമ്മ : ഇന്നേ വരെ ഒരു മൊട്ടു സൂചി പോലും സ്വന്തായിട്ട് അധ്വാനിച്ച് വാങ്ങാത്ത ചെക്കനാണ് ഭഗവതിയേ , ഏതോ ഒരുത്തിയേം കൊണ്ട് കേറി വന്നേക്കണത് . ഒരു പെങ്ങളുള്ളത് ഓന്‍ ഓര്‍ത്തോ , ഈ വീട് നശിച്ചല്ലോ ഭഗതീ..

എന്‍റെ തല വെട്ടം കണ്ടതും അമ്മയുടെ നെഞ്ചത്തടി മുറുകുന്നത് കണ്ട് ഞാന്‍ വീണ്ടും മുറിയിലേക്ക് തന്നെ കയറി വാതിലടച്ചു .

രമ്യ : ചേട്ടന് ഈ വീട്ടില്‍ വലിയ വിലയൊന്നുമില്ലല്ലേ ?

അവളുടെ ഒലക്കേമിലെ ചോദ്യം എന്‍റെ നെഞ്ചത്താണ് കൊണ്ടത് ..

ഞാന്‍ : വൈകുന്നേരം ഞാന്‍ ഹോസ്റ്റലിലേക്കാക്കി തരട്ടെ ?

രമ്യ : ഹോസ്റ്റലില്‍ താമസിക്കാനല്ലല്ലോ ഞാന്‍ താലി കെട്ടാന്‍ കഴുത്ത് നീട്ടി തന്നത് .

ആ മറുപടി കനത്തതായിരുന്നു ..

രമ്യ : ഈ കുറച്ച് സമയം കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി . വീടിനേയും വീട്ടുകാരെയും നോക്കാത്ത , ഉത്തരവാദിത്വ ബോധം തൊട്ടു തീണ്ടിയില്ലാത്ത ഒരുത്തനാണ് എന്‍റെ കെട്ടിയോനെന്ന് .

തല താഴ്ത്തി ഞാനിരുന്നു . അവളെന്‍റെ ചുമലില്‍ കൈ വച്ചു .

രമ്യ : എനിക്ക് വിശക്കുന്നു .

ഞാന്‍ : ങ്ങേ ?

മെല്ലെ മുറി തുറന്ന് ഞാന്‍ അടുക്കളയിലേക്ക് പോയി . പാത്രങ്ങളെല്ലാം അമ്മ കഴുകി വൃത്തിയാക്കി കമിഴ്ത്തി വച്ചിരിക്കുന്നു ..

അലമാരയില്‍ തപ്പിയപ്പോള്‍ രണ്‌ ശര്‍ക്കരാണി കിട്ടി . കൂടെ കുറച്ച് അവിലും . രണ്ട് പൊതിയും കൂടി ക്ഷത്തില്‍ വച്ച് ഞാന്‍ മുറിയിലേക്ക് കയറി .

ഒറ്റയിരുപ്പിന് അവളതെല്ലാം തിന്നു തീര്‍ത്തു . ഇടക്ക് വച്ച് അവില്‍ തൊണ്ടയില്‍ കുടുങ്ങിയ അവള്‍ക്ക് കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയില്‍ പോയപ്പോള്‍ പെങ്ങളെയും ഒരു നോക്ക് ഞാന്‍ കണ്ടു .

ഭദ്രകാളിയെ പോലെയുണ്ട് ..

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് രമ്യക്ക് കൊടുത്തു .

ഞാന്‍ : ഇപ്പോ ഹോസ്റ്റലില്‍ നല്ല മൊരുമൊരുത്ത പഴംപൊരി ഉണ്ടാവുമല്ലേ ?

രമ്യ: ഹോസ്റ്റലിന്‍റെ കാര്യം ഇവിടെ ഇനി മിണ്ടി പോകരുത് ..

രാത്രിയായി . പലരും അറിഞ്ഞ് തുടങ്ങി ഫോണില്‍ വിളി തുടങ്ങി . അമ്മക്ക് വരുന്ന ഫോണുകള്‍ക്ക് മറുപടിയായി നെഞ്ചത്തടിയും പൊട്ടി കരയലും മുറക്ക് നടന്നു .

അമ്മാവനോ മറ്റോ ഫോണില്‍ വിളിച്ചു .

അമ്മ : ഒന്നും പറയെണ്ടെന്‍റെ ആങ്ങളേ , ഓന്‍ എന്തോ ഒരു കോഴ്സ് പഠിക്കണംന്ന് പറഞ്ഞ് നിരാഹാരം കിടന്നിട്ട് ആ പെണ്ണിന്‍റെ കഴുത്തേല്‍ കിടക്കണ നൂല് പോലത്തെ മാല വിറ്റ് കാശ് കൊടുത്തവളാ ഈ ഞാന്‍ .

രണ്ടീസം കഴിഞ്ഞപ്പോള്‍ കോഴ്സും ഇല്ല ക്ലാസ്സും ഇല്ല .

ആ ഉത്തരവാദിത്വമില്ലാത്ത ഓനാണ് ഒരു പെണ്ണിനേം വിളിച്ചോണ്ട് വന്നേക്കണത് . കുടുംബത്തീല്‍ പിറന്ന ചെക്കന്മാരെ കയ്യും കലാശവും കാണിച്ച് മതില് ചാടി പോരാനായി കുറെ രംഭകള് ഇറങ്ങീട്ടുണ്ടല്ലോ

രമ്യ : നിങ്ങളല്ലേ ഫയര്‍ ആന്‍റ് സേഫ്റ്റി പഠിക്കുകയാണെന്ന് പറഞ്ഞത് .

ഞാന്‍ : അത് ഞാന്‍ കുറച്ച് ദിവസം പോയിട്ട് നിര്‍ത്തി .

തല താഴ്ത്തി നിന്ന എന്നെ ഒരു കള്ളനെ പോലെ അവള്‍ നോക്കി .

അന്ന് രാത്രി നേരത്തെ കൊണ്ട് വച്ച ചുക്കു വെള്ളം കുടിച്ച് വിശപ്പടക്കി കട്ടിലിന്‍റെ ഒരു മൂലയില്‍ ഞാന്‍ കിടന്നു . പക്ഷെ രാത്രി ഉറക്കത്തില്‍ അറിയാതെ എന്‍റെ കൈ അവളുടെ ദേഹത്ത് തട്ടിയതിന്‍റെ പേരില്‍ പിന്നീടുള്ള ഉറക്കം തറയിലായിരുന്നു …

ഇരുപത്തഞ്ച് വര്‍ഷത്തെ എന്‍റെ ഉഴപ്പലിന് അന്ത്യമായിരുന്നു തറയില്‍ കിടന്ന ആ രാത്രി .

രാവിലെ ആറ് മണിക്കെണീപ്പിച്ചു അവള്‍ .

രമ്യ: ഇനി മൂട്ടില്‍ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങാന്‍ പറ്റില്ല . എന്തെങ്കിലും ജോലി തപ്പണം . ഒന്നേ മുതല്‍ തുടങ്ങണം ഇനി .

വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴും അച്ഛനും അമ്മയും പെങ്ങളും ഇങ്ങനെ ഒരു മനുഷ്യ ജീവി ഈ വീട്ടില്‍ ഉണ്ടെന്ന് പോലും ഓര്‍ക്കാതെ അവരുടെ കാര്യം നോക്കി നടന്നു .

മുണ്ടും ഷര്‍ട്ടും മാറ്റി ആദ്യം പോയത് ഗോപാലേട്ടന്‍റെ ചായ കടയിലേക്കാണ് .

ആളുകളുടെ ചോദ്യവും പറച്ചിലിനുമിടയിലും അടി പതറാതെ ഞാന്‍ മറുപടി നല്‍കി . അവള്‍ക്കിഷ്ടമുള്ള പുട്ടും കടലക്കറിയും വാങ്ങി വീട്ടിലേക്ക് നടന്നു .

അപ്പോഴേക്കും അവള്‍ പല്ലു തേപ്പും കുളിയും കഴിഞ്ഞ് സുസ്മേര വദനയായി നില്‍ക്കുന്നുണ്ടായിരുന്നു .

ഒരക്ഷരം മിണ്ടാത്ത അച്ഛന്‍റെയും അമ്മയുടെയും പെങ്ങളുടേയും നടുവിലൂടെ അവളെങ്ങനെ ഇത്ര സന്തോഷവതിയായി നില്‍ക്കുന്നു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി .

അവളെ ചുറ്റിപ്പറ്റി നിന്ന എന്‍റെ കയ്യിലേക്ക് തോര്‍ത്ത് തന്നിട്ട് വേഗം കുളിച്ചിട്ട് വരാന്‍ പറഞ്ഞു .

കുളി കഴിഞ്ഞ് വന്ന എന്‍റെ മുഖത്തേക്ക് അവള്‍ നോക്കി . ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു .

വീട്ടില്‍ നിന്ന് ജോലി തേടി ഇറങ്ങുമ്പോഴും ഞാനവളെ തിരിഞ്ഞൊന്ന് നോക്കി . ഇതു വരെ തോന്നാത്തൊരു ധൈര്യവും ആത്മവിശ്വാസവും എനിക്ക് തോന്നി .

ജോലിയുടെ തുടക്കം പാളയം പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു . കൂടെ പഠിച്ചവന്‍റെ ഹോള്‍സെയില്‍ കടയില്‍ തല്ക്കാലം ജോലി ശരിയായി .

വൈകുന്നേരം വീട്ടിലേക്ക് വന്നപ്പോള്‍ രാവിലത്തെ ഉന്മേഷം അവളില്‍ കണ്ടില്ല . തൊട്ടു നോക്കിയപ്പോള്‍ ചെറിയൊരു മേക്കാച്ചിലും ഉണ്ടായിരുന്നു .

ഞാന്‍ : എന്ത് പറ്റിയെടി , ഒന്നും കഴിച്ചില്ലേ ?

മറുപടി അവള്‍ ഒരു ചിരിയിലൊതുക്കി .

നിര്‍ബന്ധിച്ച് ചോദിച്ചു ഞാന്‍ .

രമ്യ: അവരാരും എന്നോടിത് വരെ മിണ്ടിയിട്ടില്ല , ഊണ് കഴിക്കാനും വിളിച്ചില്ല .

എന്‍റെ ചങ്കിലാണത് കൊണ്ടത് . കുറ്റബോധത്താല്‍ ഞാനവളെ ചേര്‍ത്ത് പിടിച്ച് ആ മുടിയില്‍ ഒരു നിമിഷം കണ്ണുകളടച്ച് ചുംബിച്ചു . എന്‍റെ കണ്ണില്‍ നിന്ന് രണ്ട് തുള്ളി കണ്ണീരാ മുടിയില്‍ വീണു .

ഇപ്പോ വരാമെന്ന് പറഞ്ഞ് ഞാന്‍ മുറ്റത്തിറങ്ങി നടക്കുമ്പോള്‍ ജീവിക്കാനുള്ള വാശി എന്നിലേക്ക് സന്നിവേശിക്കപ്പെടുകയായിരുന്നു .

അവള്‍ക്കിഷ്ടമുള്ളതെല്ലാം കഴിക്കാനായി വാങ്ങി കൊണ്ടു വന്നു .

രമ്യ : ഇത് ഈ മുറിയില്‍ കൊണ്ട് വച്ച് കഴിക്കരുതേട്ടാ , ഇതൊരു വീടാണ് . ഇതാദ്യം അമ്മയെ ഏല്‍പ്പിക്കണം .

അവളെന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു .

ഞാന്‍ പോലുമറിയാതെ ഞാന്‍ മാറുകയായിരുന്നു .അല്ല . അവളെന്നെ മാറ്റുകയായിരുന്നു . അലാറമില്ലാതെ ഞാന്‍ എണീക്കാന്‍ തുടങ്ങി . കിട്ടണ കാശ് ഞാന്‍ അവളെ ഏല്പിച്ചു .

അവള് വാങ്ങാന്‍ പറയുന്ന സാധനങ്ങള്‍ വീട്ടിലേക്ക് വാങ്ങി കൊണ്ട് വന്നു . വാങ്ങിയ സാധനങ്ങള്‍ അമ്മ കാണും വിധം മേശമേല്‍ കൊണ്ട് വച്ചു .

ഒരു ദിവസം കൂട്ടി വച്ച കാശ് കയ്യില്‍ വച്ച് അവളെന്‍റെ കൂടെ പാളയത്ത് വന്നു . ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ കയറി ഒരു പവന്‍റെ മാല വാങ്ങി തിരിച്ച് പോയി .

അന്ന് രാത്രി വീട്ടിലെത്തിയപ്പോള്‍ ഞാനവളുടെ കഴുത്തിലേക്ക് നോക്കി . മാല കണ്ടില്ല . പകരം ആ മാല തിളങ്ങുന്നത് കണ്ടത് അനിയത്തീടെ കഴുത്തില്‍ .

എന്‍റെ ഓരോ കടങ്ങളും അവള്‍ വീട്ടിക്കുകയായിരുന്നു …

കടങ്ങളോരോന്നും വീട്ടും തോറും ഞങ്ങള്‍ രണ്ട് പേര്‍ക്കും സ്വന്തം കുടുംബങ്ങളില്‍ സ്ഥാന കയറ്റം കിട്ടി .

ഒരു വേലയും കൂലിയുമില്ലാത്തവന്‍റെ കൂടെ ഇറങ്ങിപ്പോന്ന മതില് ചാട്ടക്കാരി ഇപ്പോള്‍ ഒരു കുടുംബത്തിന്‍റെ ‘ വിളക്കായി ‘

എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിനെ ചാടിച്ച് കെട്ടിയ ഉത്തരവാദിത്വ ബോധമില്ലാത്ത ഞാന്‍ ഇപ്പോള്‍ ഒരു കുടുംബത്തിന്‍റെ ‘ നാഥനുമായി ‘

ഈ രണ്ട് സ്ഥാന കയറ്റത്തിനിടയിലെപ്പോഴോ തറയിലുള്ള എന്‍റെ കിടപ്പില്‍ നിന്ന് കട്ടിലിലേക്കുള്ള സ്ഥാന കയറ്റം വളരെ രഹസ്യമായി അതിന്‍റെ മുറപോലെ നടന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *