“” വാട്ട് ഹാപ്പെൻഡ് വിനയ്??? താൻ പിന്നെയും അമ്മയെ ഓർത്തോ?? “””

(രചന: J. K)

“””അമ്മേ സ്കൂളിലേക്ക് ഒരു നാലു വര കോപ്പി വേണം “”” സ്കൂൾ വിട്ടു വന്ന കാപ്പി എടുത്തു തരുന്ന അമ്മയെ നോക്കി അവൻ പറഞ്ഞു…

കാപ്പി എടുത്തു കൊടുത്തു നിസ്സഹായയായി ആ പാവം മകനെ നോക്കി…

“””നാളെ ആവട്ടെ “””

എന്ന് വെറുതെ അവനെ ആശ്വസിപ്പിച്ചു..
അതൊരു ആശ്വാസവാക്ക് മാത്രമാണെന്ന് അമ്മയ്ക്കും മകനും ബോധ്യമുണ്ടായിരുന്നു…

ഒരു മുട്ടുസൂചി പോലും ആ അമ്മയെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നും..

“” നാളെ കൊണ്ട് ചെന്നില്ലെങ്കിൽ അടി കിട്ടും അമ്മേ “”

അത്രയും പറഞ്ഞ് കാപ്പി ചുണ്ടോടടുപ്പിച്ചു അപ്പോഴേക്കും അമ്മയുടെ തേങ്ങൽ കേൾക്കാമായിരുന്നു…””””””””

പെട്ടെന്ന് ഞെട്ടിയുണർന്നു.. കണ്ടതെല്ലാം ഒരു സ്വപ്നമാണ് എന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ…. വേഗം പേഴ്സ് എടുത്തു..

അത് തുറന്നപ്പോൾ കണ്ടു മുണ്ടും നേരിയതും ഉടുത്ത് വാൽസല്യം മുഖത്ത് ആവോളം നിറച്ച അമ്മയെ…

അത് കാണെ മിഴികൾ നിറഞ്ഞു…
ബെഡ് ലൈറ്റ് ഓൺ ആയി കിടക്കുന്നത് കണ്ടിട്ടാവണം മേഘ എഴുന്നേറ്റ് നോക്കിയത്….

“” വാട്ട് ഹാപ്പെൻഡ് വിനയ്??? താൻ പിന്നെയും അമ്മയെ ഓർത്തോ?? “””

എന്ന് അവൾ എന്റെ മുഖം അവൾക്ക് നേരെ തിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഒന്ന് മിണ്ടാതെ തലതാഴ്ത്തി…

“””” അതൊരു സ്വപ്നമായിരുന്നടോ “”” എന്നുപറഞ്ഞ് ബെഡ് ലൈറ്റ് ഓഫ് ആക്കി തിരിഞ്ഞുകിടന്നു…

അവൾ എന്നെ പുറകിൽ നിന്നും ഒരു ആശ്വാസത്തിന് എന്നവണ്ണം കെട്ടി പിടിച്ചു…

പിന്നീട് ഉറക്കം വന്നില്ല ഓർമ്മകൾ പഴയ കാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി…

അച്ഛൻ മരിച്ചതിൽ പിന്നെ ഞങ്ങളുടെ ജീവിതം വളരെ ദുഷ്കരമായിരുന്നു..

സ്വന്തം വീട്ടിലേക്ക് വന്നാൽ അമ്മ അവർക്ക് വീണ്ടും ഒരു ഭാരമാകും എന്ന് അറിഞ്ഞത് കൊണ്ട് തന്നെ അമ്മ എങ്ങനെയെങ്കിലും അച്ഛന്റെ വീട്ടിൽ തന്നെ കടിച്ചു പിടിച്ചു നിന്നു…

അമ്മയുടെ വീട്ടിൽ പട്ടിണി ആയിരുന്നു..
അവിടേക്ക് ഭർത്താവ് കൂടി ഇല്ലാതെ അമ്മ എന്നെയും വിളിച്ചു ചെന്നാലുള്ള അവരുടെ ബുദ്ധിമുട്ട് ഓർത്താണ് അമ്മ അവിടെത്തന്നെ നിന്നത്…

അച്ഛൻ വീട്ടുകാരുടെ മുന്നിൽ ഞാൻ ഭാഗ്യമല്ലാത്തവനായിരുന്നു… സ്വന്തം അച്ഛന്റെ ജീവൻ എടുത്തവൻ..

അതുകൊണ്ടുതന്നെ ഒരു ശത്രുവിനോട് എന്നപോലെ അവർ എല്ലാരും എന്നോട് പെരുമാറി അച്ഛമ്മ അടക്കം..

ഞാനും അമ്മയും അവിടെ അധികപ്പറ്റ് മാത്രമായിരുന്നു..

പുറംലോകത്തെ പറ്റി യാതൊരു വിവരവും ഇല്ലാത്ത പാവം അമ്മയ്ക്ക് എന്നെക്കൊണ്ട് അവിടെനിന്ന് പോകാനുള്ള ധൈര്യമില്ലായിരുന്നു അല്ലെങ്കിൽ പോയാൽ തന്നെ മറ്റൊരു ഇടവും ഇല്ലായിരുന്നു ….

ആരൊക്കെയോ പഠിച്ചതിന്റെ ബാക്കിയും……കഴിച്ചതിന്റെ എച്ചിലും…. കീറിയ ഡ്രസ്സും എല്ലാം കൊണ്ട് വല്ലാത്തൊരു ബാല്യം…

അച്ഛന് രണ്ട് അനിയന്മാർ ആയിരുന്നു അവരുടെ വിവാഹം കഴിഞ്ഞതോടുകൂടി അമ്മ ശരിക്കും അവിടെ ഒരു വേലക്കാരി മാത്രമായി…

വിദ്യാഭ്യാസം ഇല്ലാത്തതും പുറംലോകവുമായി യാതൊരു ബന്ധമില്ലാത്തതും അമ്മയെ അവിടെത്തന്നെ തളച്ചിട്ടു…

അമ്മയുടെ അച്ഛൻ അങ്ങോട്ട് വരാറില്ലായിരുന്നു.. ഒരുപക്ഷേ അമ്മയുടെ ദയനീയസ്ഥിതി കണ്ടു മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതിയിട്ട് ആവണം…

കാരണം എന്തെങ്കിലും കണ്ടു കൂടെ കൂട്ടാൻ ആ പാവം വൃദ്ധന് ധൈര്യമില്ലായിരുന്നു .. മൂന്നുനേരം തികച്ച് ആഹാരം കൊടുക്കാമെന്ന് ഉറപ്പില്ലായിരുന്നു..

അതെങ്കിലും തന്റെ മകൾക്കും കുഞ്ഞിനും കിട്ടിക്കോട്ടെ എന്ന് അദ്ദേഹം വിചാരിച്ചു കാണും…

അമ്മ മുറിയിൽ ഇരുന്ന് ഒറ്റയ്ക്ക് കരയുന്നത് കണ്ടാണ് ഞാൻ വളർന്നത്..

അവിടെ എന്തു തന്നെ സംഭവിച്ചാലും എല്ലാത്തിന്റെയും പഴി എന്റെ തലയിൽ ആയിരുന്നു….

ഭാഗ്യമില്ലാത്തവൻ നശിച്ച സന്തതി…. കുടുംബം മുടിക്കാൻ ഉണ്ടായവൻ… ഇതൊക്കെയായിരുന്നു എനിക്ക് അവർ ചാർത്തി തന്ന ഓമനപ്പേരുകൾ…

അതൊക്കെ കേൾക്കെ കിടക്കുമ്പോൾ അമ്മയോട് ഞാൻ ചോദിക്കും എന്തിനാ എന്നെ പ്രസവിച്ചത് എന്ന്…

അപ്പോ രാത്രിയിൽ അമ്മ എന്നെ ചേർത്ത് പിടിക്കും എന്നിട്ട് പറയും അമ്മയുടെ ഭാഗ്യമാണ് ഈ ഞാനെന്ന്..
എനിക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിക്കുന്നതെന്ന് ഈ ഞാൻ ഇല്ലായിരുന്നെങ്കിൽ എന്നെ അമ്മ അച്ഛന്റെ ഒപ്പം പോയേനെ എന്ന്..

പഠിക്കാൻ അത്യാവശ്യം മിടുക്കനായിരുന്നു ഞാൻ..

ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ ഒരു ചേട്ടൻ എന്നോട് രാവിലെ പേപ്പർ ഇടാമോ മാസം ആയിരം രൂപ തരാമെന്നു പറഞ്ഞു….

അറിയില്ലായിരുന്നു ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ് അത് എന്ന്..

അമ്മയോട് പറഞ്ഞപ്പോൾ നിനക്ക് ബുദ്ധിമുട്ടാവും മോനെ അതൊന്നും വേണ്ട എന്നായിരുന്നു അമ്മ പറഞ്ഞത് പക്ഷേ എനിക്ക് വാശിയായിരുന്നു…

ഒരു ആറാം ക്ലാസുകാരന്റെ വാശി…
ഒരു മൊട്ടുസൂചിക്ക് പോലും അന്യരുടെ മുന്നിൽ പോയി യാചിക്കേണ്ടി വന്ന ഒരു ആറാം ക്ലാസുകാരന്റെ വാശി….

ഞാൻ രാവിലെ എണീറ്റ് പേപ്പർ ഇട്ടു ആദ്യത്തെ ശമ്പളം കയ്യിൽ വാങ്ങുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

ആ പണം അമ്മയുടെ കയ്യിൽ കൊണ്ടുചെന്ന് കൊടുത്തപ്പോൾ അമ്മയുടെ മിഴികൾ നിറഞ്ഞു..

അഭിമാനത്തോടുകൂടി ചേർത്തുപിടിച്ച് അമ്മ എന്റെ നിറുകയിൽ ചുംബിച്ചു ..

എന്റെ ആത്മവിശ്വാസം കൂടുകയായിരുന്നു അപ്പോൾ..

പിന്നീട് പല ജോലികളും അങ്ങോട്ട് ചെന്ന് കണ്ടെത്തി ചെയ്തു… പാർട്ട് ടൈം ആയി ഒരു പ്രെസ്സിൽ ജോലി കിട്ടിയപ്പോഴാണ് അമ്മയെക്കൊണ്ട് മാറാം എന്ന് തീരുമാനിച്ചത്..

പ്രിന്റിംഗ് പ്രസ്സിന്റെ മുതലാളി ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ പഴയവീട് ഞങ്ങൾക്കായി തന്നു… അപ്പോഴും അമ്മയ്ക്ക് ഭയമായിരുന്നു ഒറ്റയ്ക്ക് പോകാൻ…

അമ്മയെ നിർബന്ധിച്ച് ആ നരകത്തിൽനിന്ന് കൂട്ടിക്കൊണ്ടു പോകുന്നത് ഞങ്ങളുടേത് മാത്രമായ സ്വർഗ്ഗത്തിലേക്ക് ആയിരുന്നു..
തൊട്ടടുത്ത വീട്ടിലെ ചേച്ചിയുടെ കയ്യിൽ നിന്ന് അമ്മ ടൈലറിംഗ് കൂടി പഠിച്ചു…

പിന്നീട് ജീവിതം പച്ച പിടിക്കുകയായിരുന്നു.. അമ്മയ്ക്ക് സാമാന്യം നല്ല വരുമാനം കിട്ടി തുടങ്ങി… ഞാനും എന്നെ കൊണ്ട് ആവുന്നത് പോലെ അധ്വാനിച്ചു…

ആട്ടും തുപ്പും കേൾക്കാതെ കുറെ കാലത്തെ വീണ്ടും ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി….

തയ്യൽ ചെയ്ത് അമ്മ സമ്പാദിച്ച പണത്തിൽ നിന്ന് ഒരു പങ്ക് സ്വന്തം അച്ഛന് നൽകുമ്പോൾ അമ്മയുടെ മുഖത്തെ അഭിമാനം ഞാൻ നോക്കി കാണുകയായിരുന്നു…. അപ്പോൾ അമ്മയുടെ അച്ഛൻ വിതുമ്പുന്നുണ്ടായിരുന്നു….

അവരോടെല്ലാം അമ്മ അഭിമാനത്തോടുകൂടി എന്നെ ചേർത്തുപിടിച്ചു പറഞ്ഞു എല്ലാം ഇവന്റെ ധൈര്യം കൊണ്ട് മാത്രമാ എന്ന്…

ഇവൻ എന്റെ ഭാഗ്യമാണ് എന്ന്…

ഭാഗ്യം ഇല്ലാത്തവൻ.. മുടിപ്പിക്കാൻ ഉണ്ടായവൻ എത്ര പെട്ടെന്നാണ് മാറിയത്….

ലോണും മറ്റു കാര്യങ്ങളുമായി പതിയെ ഞങ്ങൾ സ്വന്തം വീട്ടിലേക്ക് മാറി… എന്റെ പഠനവും ഞാൻ കൂടെ കൊണ്ടു പോകുന്നുണ്ടായിരുന്നു…

എൻജിനീയറിങ് കഴിഞ്ഞതും അത്യാവശ്യം നല്ലൊരു കമ്പനിയിൽ എനിക്ക് ജോലി കിട്ടി….

അപ്പോഴും എന്റെ അമ്മയെ ഞാൻ ചേർത്തുപിടിച്ചു…. എല്ലാ സപ്പോർട്ടും തന്നു കൊണ്ട് എന്റെ അമ്മ കൂടെയുണ്ടായിരുന്നു…

അവിടെനിന്നാണ് മേഘയെ പരിചയപ്പെട്ടത് വിവാഹം കഴിച്ചതും…
അവൾക്കും പറയാനായി ആരുമുണ്ടായിരുന്നില്ല…

ഒരു ഓർഫനേജിൽ ഒരു സ്പോൺസറുടെ കാരുണ്യത്തിൽ വളർന്നവൾ ആയിരുന്നു അവളും…

അവളെ കൂടെ കൂട്ടാൻ ഏറെ നിർബന്ധിച്ചത് അമ്മയായിരുന്നു…

ഞങ്ങൾ മൂന്നാളും ഞങ്ങളുടെ കുഞ്ഞി ലോകവും.. പക്ഷേ വിധി അപ്പോഴേക്കും അമ്മയെ ഞങ്ങളിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടുപോയി…

എങ്കിലും ഇപ്പോഴും എനിക്ക് എന്റെ അമ്മയുടെ സാമീപ്യം അറിയാം..
സ്വപ്നമായി…. കാറ്റിന്റെ തലോടലായി….

എത്രയെത്ര നല്ല ഓർമ്മകൾ ഉണ്ടെങ്കിലും അധികവും മനസ്സിലേക്ക് കയറി വരുന്നത് പണ്ടത്തെ തിക്താനുഭവങ്ങൾ ആയിരുന്നു..

അത് പിന്നെ മനുഷ്യസഹജം ആണല്ലോ…
ഓർക്കാൻ എത്ര നല്ല കാര്യങ്ങൾ ഉണ്ടെങ്കിലും തെരഞ്ഞുപിടിച്ച് സങ്കടപ്പെടുത്താൻ ഉള്ള കാരണങ്ങൾ ഉണ്ടാക്കിയെടുക്കുന്ന മനുഷ്യസ്വഭാവം..

വിലകെട്ട ഒരു ആറാം ക്ലാസുകാരൻ കെട്ടിപ്പടുത്ത ജീവിതം… അവന്റെ ആത്മവിശ്വാസം….. അതാണ് ഇന്ന് വരെ എത്തിച്ചത്….

ഒപ്പം സ്നേഹനിധിയായ ഒരമ്മയുടെ പ്രാർഥനയും….

Leave a Reply

Your email address will not be published. Required fields are marked *