(രചന: J. K)
“”കിച്ചു..””
ഭാസ്കരമാമയാണ് എന്തിനാണ് വിളിച്ചത് എന്ന് നല്ല ഉറപ്പുണ്ടായിരുന്നു കിഷന്..
“”എന്താ എന്ന് ചോദിച്ചു..
” നിനക്കിപ്പോഴും അവളോടുള്ള ദേഷ്യം മാറിയില്ലേ? അറിയാലോ മറ്റന്നാളാണ് അവളുടെ ആണ്ട് നീ വരികയാണെങ്കിൽ ബലിതർപ്പണത്തിനുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നു.. “”
വരുമെന്നും വരില്ലെന്നും പറയാതെ ഫോൺ കട്ട് ചെയ്തു കിഷൻ..
, “”അമ്മ “”
മരിച്ചിട്ടപ്പോൾ അഞ്ചുവർഷം തെകഞ്ഞു കാണും.. ഇതുവരെയ്ക്കും അങ്ങോട്ടൊന്നു പോവുകയോ അമ്മയുടെ ആളുകൾ ആയി ഒരു ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല ആകെക്കൂടെ ഇടയ്ക്ക് വിളിക്കുന്നത് ഭാസ്കരമാമയാണ്…
മാമ വിളിക്കുമ്പോൾ എന്തെങ്കിലും രണ്ട് വർത്തമാനം പറഞ്ഞ് മനപ്പൂർവ്വം ഫോൺ കട്ട് ചെയ്യാറുണ്ട്..
കിഷൻ കണ്ണടച്ച് കസേരയിൽ ചാരിയിരുന്നു..
ഓർമ്മകൾ പുറകിലേക്ക് പോയി…
വളരെ വലിയ ഒരു തറവാട്ടിലാണ് അമ്മ ജനിച്ചത് അതുകൊണ്ട് തന്നെ ആഢ്യത്വം പറഞ്ഞാണ് ചെറുപ്പം മുതലേ വളർത്തിയത് പക്ഷേ അമ്മയുടെ ഉള്ളിൽ വലിപ്പച്ചെറുപ്പം ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരെയും ഒരുപോലെയാണ് കണ്ടത് അല്ലെങ്കിൽ പിന്നെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ആളിന്റെ മകനെ പ്രണയിക്കുമോ..
ജാതിയിൽ വളരെ താഴെ… സാമ്പത്തികമായും തങ്ങളുടെ കുടുംബത്തിന്റെ അരികിൽ പോലും എത്തില്ല എങ്കിലും അയാളെ വല്ലാതെ സ്നേഹിച്ചു അവർ..
വീട്ടുകാർ അറിഞ്ഞതും അത് വലിയ പ്രശ്നങ്ങളും സൃഷ്ടിച്ചു വെറും പതിനാറു വയസ്സുള്ള അമ്മയെ അവർ വേറെ യോഗ്യനായ ഒരാളെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിച്ചു…
വിവാഹം എടുപിടി എന്നായതുകൊണ്ട് തറവാട്ട് മഹിമ മാത്രമേ എല്ലാവരും നോക്കിയിരുന്നുള്ളൂ. അയാളുടെ സ്വഭാവമോ അയാളുടെ പ്രശ്നങ്ങളും ഒന്നും ആർക്കും അറിയില്ലായിരുന്നു…
അമ്മ ഈ ബന്ധം വേണ്ട എന്ന് കരഞ്ഞു പറഞ്ഞു നോക്കി പക്ഷേ ആരും സമ്മതിച്ചില്ല വിവാഹം കഴിഞ്ഞതോടെയാണ് മനസ്സിലായത് വിവാഹം കഴിച്ച ആൾ കടുത്ത ഒരു മാനസിക രോഗിയാണ് എന്ന്..
എപ്പോഴും ഒന്നുമില്ല ചിലപ്പോഴൊക്കെ അയാൾക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടും അപ്പോഴൊക്കെയും അയാൾ സ്വയം വേദനിപ്പിക്കും മറ്റുള്ളവരെയും ഉപദ്രവിക്കും..
ഒരിക്കൽ അങ്ങനെയാണ് അയാൾ തറവാട്ടുകുളത്തിലേക്ക് എടുത്ത് ചാടിയത് ആരും കണ്ടില്ല..
മരിച്ച് പൊന്തി വന്നപ്പോൾ മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത് ഭ്രാന്ത് കൂടിയാൽ വീട് വിട്ട് ഇറങ്ങിപ്പോകുന്നത് പതിവായിരുന്നു അതുകൊണ്ടാണ് ആരും പുറകെ പോകാതിരുന്നത്..
അമ്മയുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങളെ ആയിട്ടുള്ളൂ എന്നോർക്കണം.. അച്ഛന്റെ മരണശേഷമാണ് അറിഞ്ഞത് അമ്മ ഗർഭിണിയായിരുന്നു എന്ന്…
മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി എല്ലാവരും നിർബന്ധിച്ചപ്പോഴും അമ്മ അതിന് ഒരുക്കമല്ല ആയിരുന്നു ഒരുപക്ഷേ അച്ഛനിൽ നിന്ന് കിട്ടിയ മാനസികമായ ആഘാതം ആവാം കാരണം ഇനിയൊരു വിവാഹത്തിന് ആ മനസ്സും ശരീരവും അപ്പോൾ തയ്യാറാല്ലായിരുന്നു..
ഞാൻ ജനിച്ചപ്പോൾ മുതൽ എനിക്ക് വേണ്ടി മാത്രമായിരുന്നു ആ ജീവിതം..
ഞാൻ ഡിഗ്രി എത്തുന്നത് വരെയും അത് തന്നെ തുടർന്നു..
അപ്പോഴും അമ്മയെ യവ്വനം വിട്ടു മാറിയിട്ടില്ലായിരുന്നു…
അമ്മ പ്രണയിച്ചിരുന്നയാൾ മറ്റൊരു വിവാഹം പോലും കഴിക്കാതെ ഇപ്പോഴും അമ്മയെ കുറിച്ച ആലോചിച്ചു തന്നെ നിൽക്കുകയാണ്…
അമ്മ അത് അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ അമ്മയെ ആരും അത് അറിയിച്ചിരുന്നില്ല അച്ഛന്റെ വീട്ടിൽ തന്നെയായിരുന്നു അച്ഛന്റെ മരണശേഷവും അമ്മ നിന്നിരുന്നത്..
അപൂർവമായി മാത്രമേ അമ്മയുടെ സ്വന്തം നാട്ടിലേക്ക് അമ്മ പോയിരുന്നുള്ളൂ അതും എന്തെങ്കിലും വിശേഷങ്ങൾക്ക് അത് കഴിഞ്ഞ് തിരികെ പോരുകയും ചെയ്യും ഇതിനിടയിൽ അമ്മ ചിലപ്പോൾ മനപ്പൂർവ്വം ആവാം ആരെപ്പറ്റിയും അന്വേഷിക്കാതെ ഇരുന്നത് വെറുതെ മനസ്സമാധാനം കളയണ്ടല്ലോ എന്ന് വിചാരിച്ചു കാണും…
അയാളുടെ അവസ്ഥ അറിയാൻ ഇടവന്നത് മുതൽ അമ്മ കടുത്ത വിഷാദത്തിൽ ആയിരുന്നു താൻ കാരണം ഒരാളുടെ ജീവിതം ഇങ്ങനെ തകർന്നല്ലോ എന്ന കുറ്റബോധം..
ഒരിക്കൽ നാട്ടിലേക്ക് ചെന്നപ്പോൾ അമ്മ അയാളെ കാണാൻ പോലും വേണ്ടി പോയിരുന്നു തനിക്ക് വേണ്ടി ഇങ്ങനെ ജീവിതം തുലയ്ക്കരുത് എന്ന് പറയാൻ…
പക്ഷേ അയാളുടെ സ്നേഹം നിസ്വാർത്ഥം ആയിരുന്നു അമ്മയിൽ നിന്ന് തിരിച്ച് ഒന്നും തന്നെ അയാൾ പ്രതീക്ഷിച്ചിരുന്നില്ല പകരം അയാളുടെ സ്നേഹം അത് എന്നും നിലനിൽക്കും എന്നയാൾ മറുപടി പറഞ്ഞു അത് അമ്മയെ വല്ലാതെ ഉലച്ചു…
ഇടയ്ക്ക് നാട്ടിലേക്ക് പോകുന്നതും അയാളെ ചെന്ന് കാണുന്നതും അമ്മ പതിവാക്കി ഇത് നാട്ടുകാർക്കിടയിൽ പലതും പറഞ്ഞു പരത്താൻ കാരണമായി എന്റെ ചെവിയിലും എത്തി..
അമ്മയോട് അതിനെപ്പറ്റി ചോദിക്കാൻ ചെന്ന എന്നോട് അമ്മ മറുത്തൊരു ചോദ്യമാണ് ചോദിച്ചത് അദ്ദേഹത്തെ കൂടി നമ്മുടെ ജീവിതത്തിനിടയിലേക്ക് കൂട്ടിക്കോട്ടെ എന്ന് ..
അത് കേട്ടതും എന്ത് എന്നില്ലാത്ത ദേഷ്യം ആയിരുന്നു എനിക്ക്…
ഈ ഒരു ബന്ധം ഇനിയും തുടർന്നാൽ അമ്മയും ഞാനുമായി യാതൊരു ബന്ധവുമില്ല എന്നുവരെ പറഞ്ഞു ഞങ്ങൾ വഴക്കിട്ടു ഇത്രയും നാൾ സ്നേഹിച്ചു വളർത്തിയ എന്റെ കയ്യിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം അമ്മ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചു….
എന്റെ തീരുമാനത്തിനെതിരായി അമ്മയ്ക്ക് ഒന്നും ചെയ്യാൻ വയ്യ ഒപ്പം അയാളെയും അമ്മയ്ക്ക് വിഷമിപ്പിക്കാൻ വയ്യ രണ്ടിനും ഇടയിൽ കിടന്ന് അമ്മയാണ് വല്ലാതെ വിഷമിച്ചത്..
ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു എനിക്ക് അമ്മയോട് ഒരുതരം പകയായിരുന്നു ഞങ്ങളുടെ ജീവിതത്തിലേക്ക് മനപ്പൂർവം മറ്റൊരാളെ ക്ഷണിച്ചു വരുത്തിയത് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല അമ്മ എനിക്ക് വേണ്ടി അയാളോട് മിണ്ടാതെ ഇരിക്കാൻ നോക്കി പക്ഷേ അമ്മയെ കൊണ്ട് ആവുമായിരുന്നില്ല…
എന്നോ നഷ്ടപ്പെട്ട ജീവിത തിരികെ കിട്ടിയ സന്തോഷത്തിൽ അമ്മ എന്റെ വാക്ക് ധിക്കരിച്ചും അയാളെ പോയി കണ്ടു…
അത് എനിക്കും സഹിക്കാൻ കഴിഞ്ഞില്ല അമ്മയോട് വഴക്കിട്ട് ഞാൻ ആ പടി ഇറങ്ങി…
അത് താങ്ങാൻ ആവാതെ നെല്ലിനടിക്കാൻ വെച്ചിരുന്ന വിഷമെടുത്ത് അമ്മ കഴിച്ചു…
ഒരു മാസം നരകിച്ച് ഹോസ്പിറ്റലിൽ..
എന്നെ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ കൊണ്ട് ഞാൻ ഒരു തവണ പോലും അമ്മയെ കാണാൻ പോയില്ല മരിച്ചു എന്ന് അറിഞ്ഞിട്ട് പോലും…
അമ്മയില്ലാത്തതിന്റെ വല്ലാത്ത ശൂന്യത പിന്നീടാണ് എനിക്ക് മനസ്സിലായത്..
നാട്ടിൽ വെറും കുറ്റപ്പെടുത്തലുകൾ മാത്രമേ കിട്ടിക്കൊണ്ടിരുന്നുള്ളൂ..
അതുകൊണ്ടാണ് നാടുവിട്ട് അന്യനാട്ടിൽ വന്നു നിൽക്കാൻ തുടങ്ങിയത് ഒരു തവണ പോലും നാട്ടിലേക്ക് പോകണം എന്ന് തോന്നിയതേ ഇല്ല…
ഇവിടെ വന്നതും ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു.. പിന്നെ എന്റെ ലോകം മുഴുവൻ അവൾ ആവുകയായിരുന്നു..
ചെറിയൊരു പ്രശ്നം വന്നു അവൾ എന്നിൽ നിന്നും അകന്നു അതെനിക്ക് താങ്ങാൻ പോലും കഴിഞ്ഞില്ല..
അപ്പോഴാണ് ഞാൻ അമ്മയെ കുറിച്ച് ഓർത്തത് അമ്മ സഹിച്ച യാതനകൾ ഇപ്പോൾ എനിക്ക് മനസ്സിലാകും..
എല്ലാ തവണയും അമ്മയുടെ ആണ്ടിന് ബലിയിടാൻ മാമ വിളിക്കും…
ഇതുവരെയും പോവാൻ തോന്നിയിട്ടില്ല…
പക്ഷേ ഇത്തവണ എന്ന വല്ലാത്ത കുറ്റബോധം..
നാട്ടിലേക്ക് പോകും പോകണം എന്ന് തന്നെ മനസ്സ് പറഞ്ഞു അമ്മയുടെ ആണ്ടിന് നാട്ടിലെത്തി..
ഒരു പിടി ബലിച്ചോർ അമ്മയ്ക്കായി നൽകുമ്പോൾ മിഴി നിറഞ്ഞു തൂകിയിരുന്നു..
ഒന്നിനും പകരമാവില്ല എന്നറിയാം.. എന്നാലും ആ അമ്മ മനസ്സിന് എന്നോട് ക്ഷമിക്കാൻ ആകുമോ??
അറിയില്ല…..
Jk