(രചന: J. K)
“”ഒരൊറ്റ തുണ്ട് ഭൂമി കൊടുക്കില്ല ഞാൻ അവൾക്ക് ”
അതൊരു അലർച്ചയായിരുന്നു.. സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം ചെയ്തു പോയ ഇളയ മകളെ കുറിച്ച് ഓർക്കുമ്പോൾ അയാൾക്ക് ദേഹം നിന്ന് കത്തുന്നത് പോലെ തോന്നി..
അതുകൊണ്ടാണ് ഇപ്പോൾ തന്നെ വീട് ഭാഗം വെക്കണം എന്ന് അയാൾ പറഞ്ഞത്…
തന്റെ ആകെ സമ്പാദ്യമായിരുന്ന രണ്ട് നില വീടും ടൗണിൽ തന്നെയുള്ള കണ്ണായ 42 സെന്റ് സ്ഥലവും ഉള്ളതിൽ ഒരു തരി പോലും കൊടുക്കില്ല എന്നത് അയാളുടെ തീരുമാനമായിരുന്നു…
മകനും മൂത്ത മകളും അതിന് കൂട്ടുനിന്നു..
“” അച്ഛനെ നാണംകെടുത്തി താഴ്ന്ന ജാതിക്കാരന്റെ കൂടെ പോയവൾക്ക് ഒന്നും കൊടുക്കരുത് അച്ഛാ ഇതുതന്നെയാണ് ശരി “”
എന്നുപറഞ്ഞ് അവർ അയാളുടെ കൂടെ നിന്നു..
രാമചന്ദ്രന് മൂന്ന് മക്കളായിരുന്നു മൂത്തത്, പ്രിയ പിന്നെ അജയൻ ഇളയവൾ അമ്പിളി..
പ്രിയയെ നല്ല രീതിയിൽ തന്നെയാണ് അയാൾ കല്യാണം കഴിച്ചു വിട്ടത് ഒരു പ്രവാസിയായിരുന്നു രാമചന്ദ്രൻ..
ഒരായുസ്സ് മുഴുവൻ അന്യനാട്ടിൽ കിടന്ന കഷ്ടപ്പെട്ട് അയാൾക്ക് സമ്പാദിക്കാവുന്നതെല്ലാം അയാൾ സമ്പാദിച്ചു മൂത്തമകളുടെ കല്യാണം നാട്ടുകാർ തന്നെ ഞെട്ടിയ ഒന്നായിരുന്നു അത്രയ്ക്ക് സ്വർണവും ആർഭാടവും ആ കല്യാണത്തിന് ഉണ്ടായിരുന്നു…
അമ്പിളി പ്രായം കൊണ്ട് അവരെക്കാൾ അല്പം താഴെ ആയതുകൊണ്ട് അജയന്റെ കല്യാണവും അവളുടെതിനു മുമ്പ് നടത്തി..
പിന്നെയുണ്ടായിരുന്നത് അമ്പിളിയായിരുന്നു അജയന്റേയും പ്രിയയുടെയും വിവാഹം കഴിഞ്ഞതിനുശേഷം അയാൾ പിന്നെ ദുബായിലേക്ക് തിരിച്ചു പോയില്ല
ടൗണിൽ കണ്ണായ സ്ഥലത്ത് 42 സെന്റ് ഉണ്ടായിരുന്നു അതിൽ പകുതി വിറ്റ് അമ്പിളിയുടെ വിവാഹം നടത്താം എന്നാണ് വിചാരിച്ചിരുന്നത്
പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അവൾ ഒരാളുമായി ഇഷ്ടത്തിലാണ് എന്ന് അയാളോട് വന്ന് പറഞ്ഞു കേട്ടപാതി കേൾക്കാത്ത പാതി അവളെ അയാൾ കണ്ടമാനം ഉപദ്രവിച്ചു.
അയാളുടെ ഉള്ളിൽ അവളെ വലിയൊരു സ്ഥലത്തേക്ക് മൂത്തവളുടെ കല്യാണത്തേക്കാൾ ആർഭാടമായി നടത്തി പറഞ്ഞയക്കുന്നതായിരുന്നു ഉണ്ടായിരുന്നത്… അപ്പോഴാണ് അവൾ ഇങ്ങനെ ഒരു കാര്യവും പറഞ്ഞ് വന്നത്..
അത് അയാളെ കൊണ്ട് സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഒരാളെ കണ്ടുപിടിച്ച അവളുടെ കല്യാണം നടത്തിവയ്ക്കണം എന്ന് അയാൾ തീരുമാനിച്ചത്…
മറ്റൊരു മാർഗ്ഗവും കാണാതെ അമ്പിളി സ്നേഹിച്ച ആളുടെ ഒപ്പം ഇറങ്ങിപ്പോയി..
അതയാളിൽ ഇത്തിരി ഒന്നുമല്ല ദേഷ്യം സൃഷ്ടിച്ചത് അമ്പിളിയെ കണ്ടുപിടിച്ച് കൊല്ലും എന്നൊക്കെ പറഞ്ഞ് നടക്കുന്നയാളെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സമാധാനിപ്പിച്ചു.
എങ്കിൽ ഇനി അങ്ങനെ ഒരു മകളില്ല മരിച്ചതായി കൂട്ടിക്കോളാം എന്ന് പറഞ്ഞ് അയാൾ അവളെ അവിടെ ഉപേക്ഷിച്ചു മനസ്സിൽ നിന്ന് പോലും..
എന്നിട്ടും തൃപ്തി വരാതാണ് ഇപ്പോൾ എടുത്തു പിടിച്ചു എന്ന് ഇങ്ങനെ ഭാഗം നടത്തിയത്…
രണ്ടുനില വീട് മകനു വേണം എന്ന് പറഞ്ഞപ്പോൾ നാല്പത്തി രണ്ടു സെന്റ് തനിക്ക് വേണമെന്ന് മൂത്തമകളും പറഞ്ഞിരുന്നു രണ്ടുപേർക്കും ആവശ്യമുള്ളതെല്ലാം എഴുതി കൊടുത്തു ഇനി അയാളുടെ പേരിൽ ഒന്നുമില്ല…
“” ഈ ചെയ്തത് ശരിയാണോ എന്തൊക്കെ പറഞ്ഞാലും അവൾ നമ്മളുടെ മോളല്ലേ എന്ന് ഭാര്യ പറഞ്ഞപ്പോൾ അയാൾ അവളോട് ദേഷ്യപ്പെട്ടു…
മേലിൽ അവളുടെ കാര്യം പറഞ്ഞ് വരരുത് എന്ന് അയാൾ ഭാര്യയോട് പറഞ്ഞു..
വീട് മകന്റെ പേരിൽ എഴുതികൊടുത്തതിനുശേഷം അവിടുത്തെ ജീവിതം അത്ര സുഖകരം ഒന്നുമായിരുന്നില്ല മരുമകളുടെ ഭരണം മെല്ലെ ആരംഭിച്ചു…
മകൻ ആ വീടൊന്ന് പെയിന്റ് ചെയ്തപ്പോഴേക്കും പിന്നെ അവിടെ ചാരി ഇരിക്കരുത് ഇവിടെ തുപ്പരുത് എന്നൊക്കെ പറഞ്ഞു വലിയ ഭരണം ആയിരുന്നു അതുകൊണ്ട് വീർപ്പുമുട്ടിയാണ് അയാൾ മകളുടെ അടുത്തേക്ക് പോയത്..
അപ്പോഴേക്കും ടൗണിലെ സ്ഥലം എല്ലാം വിറ്റ് പൈസ അവർ എടുത്തിരുന്നു..
ആദ്യം ചെന്നപ്പോൾ കിട്ടിയ സ്വീകരണം ഒന്നും ക്രമേണ അവിടെ കണ്ടില്ല മെല്ലെ അവിടെയും പ്രശ്നങ്ങൾ ആരംഭിച്ചു..
“”” അച്ഛനും അമ്മയും ഇവിടെ ഇങ്ങനെ നിൽക്കുന്നത് കാരണം ഞങ്ങൾക്ക് എങ്ങോട്ടും പോകാൻ കഴിയുന്നില്ല..
കുട്ടികളുടെ സ്കൂൾ പൂട്ടിയപ്പോൾ ഞങ്ങൾ ഒരു ടൂർ ഒക്കെ പ്ലാൻ ചെയ്തിരുന്നതാ… ഇനി കുറച്ചു ദിവസം അജയേട്ടന്റെ കൂടെ പോയി നിൽക്കൂ എന്ന് അവൾ മുഖത്ത് നോക്കി തന്നെ പറഞ്ഞു… “”
അവളുടെ അടുത്ത് നിന്ന് ഇങ്ങനെയൊന്നും അയാൾ പ്രതീക്ഷിച്ചിരുന്നില്ല.. അപ്പോൾ തന്നെ അവിടെനിന്ന് മകന്റെ വീട്ടിലേക്ക് ഇറങ്ങി…
അവിടെ നിന്നും അവഗണന.. ഒടുവിൽ അത് സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് ഭാര്യയുടെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങിയത്..
എങ്ങോട്ടും പോകാൻ ഇല്ലായിരുന്നു അതുകൊണ്ടാണ് കെഎസ്ആർടിസി സ്റ്റാൻഡിൽ ഒഴിഞ്ഞ ഒരു ബെഞ്ചിന്റെ മുകൾ മേലെ അവളെയും കൊണ്ട് ഇരുന്നത്…
“”ഇനി എങ്ങോട്ടാ?? ഭാര്യ അയാളോട് ചോദിച്ചു…
ഒരുപാട് അമ്പലങ്ങൾ ഉണ്ടല്ലോ എവിടെയെങ്കിലും പോയിരിക്കാം…
അങ്ങനെയും കുറെ ജീവിതങ്ങളില്ലേ???നമുക്കും വയസ്സാംകാലത്ത് അതാണ് വിധിച്ചിട്ടുള്ളത് എന്ന് കരുതിയാൽ മതി…
അയാൾ സങ്കടത്തോടെ പറഞ്ഞു..
പ്രവാസിയുടെ കുപ്പായം എടുത്തണിയുമ്പോൾ ഒരു ചെറിയ ഓടിട്ട ഒറ്റമുറി വീടായിരുന്നു..
തിന്നാതെയും കുടിക്കാതെയും സമ്പാദിച്ചത് മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു..
ഇത്രയും അവർക്ക് വേണ്ടി കഷ്ടപ്പെട്ട് ഒടുവിൽ നമ്മുടെ മൂന്നു മക്കളും നമ്മളോട് ഇത് ചെയ്തല്ലോ എന്ന് പറഞ്ഞപ്പോൾ അവൾ ആശ്വസിപ്പിക്കാൻ എന്നവണ്ണം അയാളുടെ കൈ മുറിക്കി പിടിച്ചു..
പെട്ടെന്നാണ് അവിടെനിന്ന് യൂണിഫോം ഇട്ട ഒരാൾ അങ്ങോട്ട് വന്നത്..
“” എന്താ ഇവിടെ എന്ന് ചോദിച്ച്””
അവർക്ക് ആളെ മനസ്സിലായില്ല..
അയാൾ തന്നെ പരിചയപ്പെടുത്തി ഞാൻ ദേവൻ അമ്പിളിയുടെ ഭർത്താവാണ് എന്ന്..
ഇവിടെ കെഎസ്ആർടിസിയിൽ കണ്ടക്ടർ ആണ് എന്ന്..
രാമചന്ദ്രന് ആദ്യം വന്ന ദേഷ്യം ക്രമേണ ഇല്ലാതായി ഏറെ നിർബന്ധിച്ച് അയാൾ അവരെ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി..
അവർ രണ്ടുപേരും മാത്രമുള്ള ഒരു കോട്ടേഴ്സ് ആയിരുന്നു അത്..
ജോലിക്ക് വേണ്ടി അവർ രണ്ടുപേരും അവിടെ വന്ന് താമസിക്കുകയായിരുന്നു… അച്ഛനെയും അമ്മയെയും കണ്ട് അമ്പിളിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു…
അവൾക്ക് വെപ്രാളമായി അവർക്ക് എന്തൊക്കെ ഒരുക്കും കൊടുക്കും എന്നെല്ലാം ഓർത്ത്..
അവളുടെ വീർത്തുന്തിയ വയറു കണ്ടപ്പോൾ രാമചന്ദ്രനും ഭാര്യക്കും വല്ലാത്ത സന്തോഷമായി തങ്ങൾക്ക് ഒരു പേരക്കുട്ടി കൂടി ജനിക്കാൻ പോകുന്നു…
“” ന്റെ അമ്പിളീ നീ ഇങ്ങനെ വെപ്രാളപ്പെടേണ്ട അവര് ഇവിടെ തന്നെ കാണും “”
എന്ന് ദേവൻ പറഞ്ഞപ്പോൾ എന്തോ രാമചന്ദ്രന്റെ മുഖം മങ്ങി..
പിന്നെ ദേവൻ രാമചന്ദ്രനോട് ആയി പറഞ്ഞു..
“” ഒരിക്കലും നിങ്ങളെയൊക്കെ സങ്കടപ്പെടുത്തണം എന്ന് കരുതിയതല്ല അവളോട് ഞാൻ പറഞ്ഞിരുന്നു വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും വിളിച്ച് അന്തസായി തന്നെ പെണ്ണ് ചോദിക്കാമെന്ന് പക്ഷേ നിങ്ങൾ സമ്മതിച്ചില്ല..
അവൾക്ക് വേറെ വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോൾ ഒരു മാർഗവും കാണാത്തതുകൊണ്ടാണ് അവൾ എന്റെ കൂടെ ഇറങ്ങിവന്നത്…
അവളെ പോറ്റാം എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് ഞാൻ അതിനു തയ്യാറായത്…
അച്ഛനും അമ്മയും ഞങ്ങളോട് ക്ഷമിക്കണം അവിടെ നിന്നും പോന്നിട്ട് അവൾക്ക് നിങ്ങളെ ഓർത്ത് കരയാത്ത ദിവസങ്ങളില്ല… ഇനി നിങ്ങൾ ഞങ്ങളെ വിട്ടു പോകരുത്.. അത് ഞങ്ങൾക്ക് വാക്ക് തരണം””‘
സന്തോഷത്തോടെ രാമചന്ദ്രൻ മരുമകന്റെ കയ്യിൽ പിടിക്കുമ്പോൾ അവിടെ അപ്പുറം സന്തോഷത്തോടെ മനസ് നിറഞ്ഞു അമ്പിളി അവളുടെ അമ്മയെ കെട്ടിപ്പുണരുകയായിരുന്നു….