(രചന: J. K)
“”അഞ്ചു ഒന്നും പറഞ്ഞില്ല??””
അയാൾ വീണ്ടും അവളെ പ്രതീക്ഷയോടെ നോക്കി അവൾക്ക് എന്താണ് പറയാനുള്ളത് എന്നറിഞ്ഞാലേ അയാൾ പോകു എന്ന് അവൾക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ പറഞ്ഞു എനിക്ക് അല്പം സമയം വേണം എന്ന്..
“” അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായില്ലേ മോളെ ഇനിയെങ്കിലും അവർക്ക് ഒരു സമാധാനം കൊടുത്തുകൂടെ ഞാൻ നാളെ വരാം… മോള് എന്തുതന്നെയായാലും ആലോചിച്ച് അപ്പോഴേക്കും ഒരു തീരുമാനത്തിൽ എത്തണം…”‘
അത്രയും പറഞ്ഞ് അയാൾ നടന്നകന്നു…
സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും മറ്റുള്ളവരുടെ സമാധാനവും സമാധാനക്കേടും നോക്കണമല്ലോ എന്ന് ആലോചിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി അഞ്ജലിക്ക്…
അവൾ മുറിയിൽ തനിച്ചിരുന്നു മിഴികൾ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു…
“”” മോളെ””
പുറകിൽ നിന്ന് ശബ്ദം കേട്ടതും അവൾക്ക് മനസ്സിലായിരുന്നു അത് അമ്മയാണെന്ന് അമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്നും ഏകദേശം അവർക്ക് അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ അവൾ തിരിഞ്ഞു നോക്കാതെ ജനലിലൂടെ ദൂരേക്ക് നോക്കി നിന്നു അമ്മ അവളുടെ അരികിലേക്ക് വരുന്നതും കട്ടിലിന്റെ മേലെ ഇരിക്കുന്നതും അവൾ അറിഞ്ഞിരുന്നു..
“” ഈ ലോകത്ത് എല്ലാരും ഒരുപോലെ അല്ല മോളെ… എനിക്കറിയാം നിനക്ക് പണ്ടത്തെതെല്ലാം മറക്കാൻ അല്പം വിഷമം ആവും എന്ന്.. പക്ഷേ ചെറുപ്പമാ നീ..
ഒരു താലി ചരടില്ലാതെ ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ ഇങ്ങനെ നിൽക്കുന്നത് കണ്ടാൽ ആളുകൾ പലതും പറഞ്ഞ് ഇറക്കും ഇപ്പോൾതന്നെ നിനക്ക് അറിയാലോ നിന്റെ കയ്യിൽ ഒരു തെറ്റും ഇല്ലാഞ്ഞിട്ടും ആളുകൾ പലതും പറഞ് നടക്കുന്നത്… “””
“”” എന്നെപ്പറ്റി എന്റെ അമ്മ അറിഞ്ഞാ പോരെ അച്ഛൻ അറിഞ്ഞാൽ പോരെ നാട്ടുകാരെ ബോധിപ്പിക്കണോ??? “”
“” എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഈ നാട്ടിൽ ഒരു പെണ്ണ് ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയാൽ അവൾക്ക് ഇല്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല..
നിന്റെ കണ്ണിന്റെ മുന്നിൽ നല്ലത് പറയുന്നവർ തന്നെയാവും നിന്റെ കണ്ണ് ഒന്ന് മാറുമ്പോൾ നിന്നെപ്പറ്റി ദുഷിച്ചു പറയുന്നത്… അമ്മയ്ക്ക് പറയാനുള്ളതെല്ലാം പറഞ്ഞു ഇനി മോളുടെ ഇഷ്ടം.. “”
അതും പറഞ്ഞ് അവർ നടന്നു നീങ്ങുമ്പോൾ അവൾ ആലോചിക്കുകയായിരുന്നു ജീവിതത്തിൽ താൻ ചെയ്ത തെറ്റ് എന്താണെന്ന്..
കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരാളുടെ വിവാഹ ആലോചന വന്നത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അതിന് കഴുത്ത് നീട്ടി കൊടുത്തു..
പക്ഷേ താലി അല്ല അതൊരു കൊലക്കായ ആയിരുന്നു എന്ന് വിവാഹം കഴിഞ്ഞപ്പോൾ മാത്രമാണ് മനസ്സിലായത് അയാൾ ലഹരിക്ക് അടിമയായിരുന്നു..
ആദ്യരാത്രിയിൽ തന്നെ എന്നോട് പോയി കിടന്നോളാൻ പറഞ്ഞു അയാൾ എങ്ങോട്ടോ പോയി..
അതുകണ്ട് നിസ്സഹായയായി അയാളുടെ അമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു…
റൂമിൽ നിറയെ സിറിഞ്ചുകളും ചെറിയ കുപ്പിയിലുള്ള മരുന്നും കണ്ട് അയാളോട് ഒരിക്കൽ ചോദിച്ചിരുന്നു ഇതെന്താണ് എന്ന് ആദ്യം എന്നോട് പറഞ്ഞത് ഇൻസുലിൻ ആണ് അയാൾക്കത് ഇടയ്ക്ക് ഇഞ്ചക്ട് ചെയ്യണം എന്ന്…
പക്ഷേ അത് ഇഞ്ചക്ട് ചെയ്താലുള്ള അയാളുടെ ഭാവമാറ്റവും അത് എടുക്കാൻ അല്പം വൈകിയാൽ ഉള്ള അയാളുടെ ഭ്രാന്തും എല്ലാം കണ്ട് എനിക്ക് സംശയം തോന്നിയിരുന്നു..
അയാളുടെ അമ്മയോട് ഞാൻ അതേ പറ്റി ചോദിച്ചു.. പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു മകൻ എൻജിനീയറിങ്ങിനെ പഠിക്കുന്നത് മുതൽ ഇത് ഉപയോഗിക്കുന്നുണ്ട് എന്ന്..
വിവാഹം കഴിഞ്ഞാലെങ്കിലും ഇതിനൊരു മാറ്റം വരുമോ എന്ന് കരുതി അമ്മ ചെയ്യിപ്പിച്ചതാണ്…
എന്നിൽ നിന്ന് എപ്പോഴും അയാൾ ഒരു അകലം പാലിച്ചിരുന്നു ഞങ്ങൾ തമ്മിൽ ഒരു ഭാര്യ ഭർത്താവ് ബന്ധം ഉണ്ടായിട്ടേ ഇല്ല.
ഞാൻ മുറിയിലുള്ളപ്പോൾ അയാൾ അങ്ങോട്ട് വരിക പോലുമില്ല എപ്പോഴെങ്കിലും ഒന്ന് സംസാരിച്ചാൽ ആയി അത് തന്നെ അയാൾക്ക് ആകെ വെപ്രാളം ആണ് വേഗം എന്തെങ്കിലും ഒരു മറുപടി തന്നിട്ട് അവിടെ നിന്നും ഇറങ്ങി പോകും ജോലിക്ക് പോലും പിന്നീട് അയാൾ മര്യാദയ്ക്ക് പോവാതായി….
അവിടുത്തെ അമ്മ എന്റെ കാലു പിടിക്കുന്നത് പോലെ പറഞ്ഞിരുന്നു മോള് അവനോട് അടുക്കാൻ ശ്രമിക്കണം അവന് സ്നേഹം നൽകിയാൽ നല്ല മാറ്റം വരും എന്ന്..
ഞാനും അങ്ങനെ ഒരു പ്രതീക്ഷയിൽ ആളോട് നന്നായി സംസാരിക്കാൻ ശ്രമിച്ചു..
വീട്ടിലുള്ളപ്പോൾ അയാൾക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കാൻ ശ്രമിച്ചു ഇഷ്ടാനിഷ്ടങ്ങൾ അമ്മയോട് ചോദിച്ചറിഞ്ഞ് അതുപോലൊക്കെ ചെയ്തു..
പക്ഷേ നിരാശയായിരുന്നു ഫലം ഒരു നല്ല നോട്ടം പോലും ഹാളിൽ നിന്ന് തിരികെ ലഭിച്ചില്ല എനിക്കാകെ ജീവിതം വെറുത്തു പോകുന്നതു പോലെ തോന്നി..
ചില ദിവസങ്ങളിൽ ഒന്നും വീട്ടിലേക്ക് വരാറേ ഇല്ലായിരുന്നു എങ്ങോട്ടൊക്കെയോ പോകും… ചോദിച്ചാൽ മറുപടി പോലും പറയില്ല അതുപോലൊരു ദിവസം അയാൾ ഇറങ്ങിപ്പോയി
അതിന്റെ അടുത്ത ദിവസം ഞങ്ങൾ കണ്ടത് ആംബുലൻസിൽ തിരിച്ചെത്തിയ അയാളുടെ ചലനമില്ലാത്ത ശരീരമാണ് ഓവർഡോസ് മയമരുന്ന് കുത്തിവെച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നു…
അയാളുടെ തന്നെ പാന്റിന്റെ പോക്കറ്റിൽ നിന്ന് എനിക്കായി എഴുതിയ ഒരു കത്തും പോലീസുകാർ കണ്ടെടുത്തു തന്നു..
“”” എന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ അയാൾക്ക് പറ്റുന്നില്ല…. തിരിച്ചു അയാളും എന്നെ സ്നേഹിക്കാൻ തുടങ്ങി… പക്ഷേ ഇനി അയാൾ എന്നെ ചതിക്കുകയായിരുന്നു ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് ആൾക്ക് ഇല്ല”””
ഇതായിരുന്നു കത്തിലെ ചുരുക്കം.. അത് വായിച്ചതും എന്ത് വേണം എന്നറിയാതെ ഞാനിരുന്നു. പോലീസുകാർ അവരുടെ ഫോർമാലിറ്റികൾ കഴിഞ്ഞ് തിരിച്ചു പോയി ഞാൻ എന്റെ വീട്ടിലേക്ക് പോന്നു….
അയാളെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷേ മരിച്ചപ്പോൾ വല്ലാത്ത വിഷമമായിരുന്നു പിന്നെ വീട്ടിൽ ഒറ്റപ്പെട്ട് ഞാൻ ആരോടും മിണ്ടാതെ കുറച്ചുകാലം.. അതിനിടയിൽ
വീണ്ടും വിവാഹാലോചനകൾ അതിനോടെല്ലാം ഞാൻ ആദ്യമേ മുഖം തിരിച്ചു…
പിന്നെയും വീട്ടിൽ അങ്ങനെ തന്നെ ഇരുന്നാൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നിയതുകൊണ്ടാണ് അടുത്തുള്ള സ്കൂളിൽ പഠിപ്പിക്കാൻ ചെല്ലാൻ തുടങ്ങിയത് അവിടെ വെച്ചാണ് ആ കുരുന്നിനെ കാണുന്നത്…
“”” ദേവൂട്ടി”””
മിഴികളിൽ നിറച്ച് പീലികൾ ഉള്ള.. പുഴുപ്പല്ല് കാട്ടി ചിരിക്കുന്ന ഒരു സുന്ദരിക്കുട്ടി…
അവളോട് എന്തോ എനിക്ക് വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു അതിന് കാരണവുമുണ്ട് ഒരിക്കൽ ഏതോ ടീച്ചർ പറയുന്നത് കേട്ടു അവൾക്ക് അച്ഛനും അമ്മയും ആരുമില്ല രണ്ടുപേരും ഒരു ആക്സിഡന്റിൽ മരിച്ചതാണ് എന്ന് അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു…
ആരോടും മിണ്ടാത്തത് എന്നോട് മാത്രം വളരെ പെട്ടെന്ന് കൂട്ടായി.. ഓരോ ദിവസവും എനിക്കായി എന്തെങ്കിലുമൊക്കെ സമ്മാനം കരുതും.. ചിലപ്പോൾ അവളുടെ കിൻഡർ ജോയിയുടെ ഉള്ളിലെ സർപ്രൈസ് ഗിഫ്റ്റ് അതല്ലെങ്കിൽ ചെറിയ ഫിംഗർ പപ്പറ്റാവും….
ഇതൊക്കെ പപ്പ കൊണ്ട് തരുന്നത് എന്ന് പറയും അവൾക്ക് പപ്പയുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ അന്വേഷിച്ചിരുന്നു അതാരാണെന്ന്… അവളുടെ അങ്കിളാണ്..
സ്കൂളിലേക്ക് വന്നിട്ടേയില്ല അയാൾ എപ്പോഴും വരുന്നത് അവളുടെ അമ്മൂമ്മയാണ്…
“” എന്നോട് പപ്പയുടെ കാര്യങ്ങൾ പറയുന്നതുപോലെ, അവളുടെ ആ പപ്പയോട് എന്റെ കാര്യങ്ങളും പറയാറുണ്ടായിരുന്നു..
ഒരു ദിവസം അവളുടെ പപ്പ എന്നെ കാണാൻ വേണ്ടി വന്നിരുന്നു.. മോളുടെ ഒരാഗ്രഹം എന്നോട് പറയാൻ അവൾക്ക് എന്നെ മമ്മി എന്ന് വിളിക്കാൻ കൊതിയാണത്രേ..
“” അവൾ എന്റെ സിസ്റ്ററിന്റെ മോളാണ്, ദേവൂട്ടിക്ക് നാലുമാസം പ്രായമുള്ളപ്പോൾ അവളെ എന്റെ അമ്മയെ ഏൽപ്പിച്ച അവളുടെ ജോലി കാര്യത്തിന് വേണ്ടി ഹസ്ബൻഡ് നോടൊപ്പം പോയതാണ് പക്ഷേ അവൾ തിരിച്ചുവന്നില്ല… ദേവൂട്ടി പിന്നെ വളർന്നത് ഞങ്ങളുടെ കൂടെയാണ്..
ഞാനൊരു വിവാഹം കഴിക്കാത്തത് പോലും ദേവൂട്ടിക്ക് വേണ്ടിയാണ് ഇപ്പോൾ അവൾക്ക് ടീച്ചറുടെ കാര്യം പറയാൻ മാത്രമേ നേരം ഉള്ളൂ ടീച്ചർക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നൂടെ… “””
എന്തുവേണമെന്ന് അറിയാതെ ഞാൻ നിന്നു. അയാൾ എന്റെ വീട്ടിലും വന്ന് വിവാഹമന്വേഷിച്ചിരുന്നു അതാണ് ഇപ്പോൾ എല്ലാവരും കൂടി നിർബന്ധിച്ച് എന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് ദേവൂട്ടിയുടെ കാര്യം ആലോചിക്കുമ്പോൾ എനിക്കെന്തോ പാതി സമ്മതം ഉണ്ട്
പക്ഷേ ഇനിയും ഒരു കല്യാണം അതിന് മനസ്സ് അനുവദിക്കുന്നതും ഇല്ല എന്ത് വേണം എന്നറിയാതെ ഞാനും നിന്നു..
ഒടുവിൽ എല്ലാവർക്കും ഒരു ദേഷ്യം പോലെ തോന്നി ഞാൻ ഇവിടെ തന്നെ ഇങ്ങനെ നിൽക്കുന്നതിൽ… അതുകൊണ്ടുതന്നെ സമ്മതിക്കാമെന്ന് വച്ചു..
വിവാഹം കഴിഞ്ഞ് അവിടേക്ക് കയറി ചെല്ലുമ്പോൾ ദേവൂട്ടിയുടെ മുഖത്ത് ആയിരുന്നു ഏറെ സന്തോഷം അവൾ എന്നെ കൈപിടിച്ച് അവിടെ മുഴുവൻ കാണിച്ചു തന്നു…
പക്ഷേ എനിക്ക് പരിഭ്രമം ആയിരുന്നു..
അത് മനസ്സിലാക്കി എന്നോണം ദേവൂട്ടിയുടെ പപ്പ പറഞ്ഞു..
“”” തന്റെ പരിഭ്രമം കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഈ ലൈഫിന് താൻ ഒട്ടും പ്രിപ്പയർഡ് അല്ല എന്ന് തന്നെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല തനിക്ക് മനസ്സുകൊണ്ട് എപ്പോൾ എന്നോട് അടുക്കാൻ തോന്നുന്നു അപ്പോൾ മതി ഞാൻ കാത്തിരിക്കാൻ തയ്യാറാണ്. അതുവരേക്കും താൻ ദേവൂട്ടിക്ക് നല്ല ഒരു മമ്മിയാവും എന്ന് എനിക്കറിയാം…. അതുമതി…
പക്ഷേ പിന്നീടങ്ങോട്ട് ഞാൻ കണ്ടത് ഒരു നല്ല മനുഷ്യനെ ആയിരുന്നു എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന പരിഗണിക്കുന്ന ഒരാളെ..
തകർന്ന ഒരു ദാമ്പത്യത്തിൽ നിന്ന് വന്ന എനിക്ക് അതൊക്കെ പുതിയ അനുഭവമായിരുന്നു ഓരോന്നാളും അദ്ദേഹത്തോടുള്ള എന്റെ ബഹുമാനവും സ്നേഹവും കൂടി വന്നു ഒരിക്കൽ ഞാൻ തുറന്നു പറഞ്ഞു എനിക്കും ഒരുപാട് ഇഷ്ടമാണ് എന്ന്…
അന്നേരം എന്നെ ചേർത്ത് പിടിച്ചിരുന്നു ഒരിക്കലും കൈവിടില്ല എന്നതുപോലെ..