കെട്ടിച്ചു വിട്ട ആറാം മാസം ഭർത്താവിനെയും വീട്ടുകാരെയും തല്ലി തോൽപിച്ചിട്ട് വന്നത് ആണ് അവൾ…. ഒടുക്കം അവർ കേസിൽ നിന്നും ഒഴിഞ്ഞു ഈ നശൂലം എങ്ങനെയും

(രചന: മിഴി മോഹന)

വിവാഹം കഴിച്ച പെങ്ങൾ വീട്ടിൽ തന്നെ നിൽക്കുന്ന ഇടത്തേക്ക് പെണ്ണിനെ വിടുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല..””””

മൂത്ത അമ്മായിയുടെ വാക്കുകൾ കൂരമ്പു പോലെ കാതിലേക്ക് തുളച്ചു കയറുമ്പോൾ നാളെ എന്റെ വിവാഹത്തിന് ഉടുക്കേണ്ട പട്ടിലേക്ക്‌ വിരലുകൾ ഓടിച്ചു…..” ചെറിയ ഭയം ഉള്ളിലേക്കു കടന്നു വരാൻ ആ വാക്കുകൾ മതി ആയിരുന്നു…

ആരോട് പറയാനാ ആരു കേൾക്കാന ഏട്ടത്തി……ഇളയ അമ്മായി നെടു വീർപ്പു ഇട്ടു കൊണ്ട് എന്നെ നോക്കി…””

പണ്ടേ നിന്റെ അമ്മയും അച്ഛനും ഞങ്ങൾ ബന്ധുക്കൾ വല്ലോം പറയുന്നത് കേൾക്കുവോ… ”

ഞങ്ങൾ രഹസ്യം ആയി അന്വേഷിച്ചതാ കൊച്ചേ ആ വീടിനെ കുറിച്ചും ആ പെണ്ണിനെ കുറിച്ചും.. “‘ഇളയ അമ്മായി കുറച്ചു കൂടി അടുത്തേക് ഇരിക്കുമ്പോൾ ഞാൻ ശ്വാസം ഒന്ന് വലിച്ച് വിടാൻ ശ്രമിച്ചു…

ഭയം കൊണ്ട് ആയിരിക്കും ശ്വാസം തൊണ്ട കുഴിയിൽ തങ്ങി നിൽകുമ്പോഴും കണ്ണുകൾ അമ്മായിമാരിൽ ഉടക്കി നിന്നു…

കെട്ടിച്ചു വിട്ട ആറാം മാസം ഭർത്താവിനെയും വീട്ടുകാരെയും തല്ലി തോൽപിച്ചിട്ട് വന്നത് ആണ് അവൾ…. ഒടുക്കം അവർ കേസിൽ നിന്നും ഒഴിഞ്ഞു ഈ നശൂലം എങ്ങനെയും തലയിൽ നിന്നും ഒഴിയട്ടെ എന്ന് കരുതി വിവാഹമോചനത്തിന് ഒപ്പിട്ട് കൊടുത്തു..ഇപ്പോൾ ദേ സ്വന്തം വീട്ടിൽ അമ്മയുടെയും ആങ്ങളയുടെയും ചിലവിൽ കഴിയുന്നു…

ദേ കൊച്ചേ ഒരു കാര്യം പറഞ്ഞേക്കാം..”” വല്യ അമ്മായി ആയത്തിൽ തോളിൽ തട്ടുമ്പോൾ ഞെട്ടലോടെയാണ് ഞാൻ തിരിഞ്ഞു നോക്കിയത്…

മ്മ്.. “”” ഒരു മൂളലോടടെ അമ്മായിയുടെ മുഖത്തേക്ക് നോക്കി…

നീ പഠിച്ച കൊച്ചാണ് അത്യാവശ്യം കാര്യപ്രാപ്തിയും ഉണ്ട്‌… പോരാത്തതിന് ഗവണ്മെന്റ് ജോലിയും… ആരുടെയും മുൻപിൽ തല കുനിക്കേണ്ട ആവശ്യം ഇല്ല.. പ്രത്യേകിച്ച് അവളുടെ മുൻപിൽ….. “”

അവൾ ഭരിക്കാൻ വന്നാൽ വിട്ടു കൊടുക്കരുത്.. “” അവിടുത്തെ അമ്മ ഒരു പാവം ആണ്.. അവരുടെ കാര്യം മാത്രം നോക്കിയാൽ മതി നീ … അല്ലാതെ നിന്റെ ശമ്പളം അവളുടെ ചിലവിനു കൊടുക്കരുത്.. തണ്ടും തടിയും ഉണ്ടല്ലോ ജോലിക്ക് പോകട്ടെ… അല്ലങ്കിൽ വേറെ വിവാഹം കഴിക്കട്ടെ… “”മ്മ്ഹ്..””

എരിവ് കേറ്റി തന്നു കൊണ്ട് അമ്മായിമാർ മുറിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഞാൻ നില കണ്ണാടിക്ക് മുന്പിലെക്ക്‌ നീങ്ങി നിന്നു…

ശരിയാണ് അമ്മായിമാർ പറഞ്ഞത് വിനുവേട്ടന്റെ അമ്മ ഒരു പാവം ആണ്.. “” പെണ്ണ് കാണാൻ വന്നത് മുതൽ ഈ നിമിഷം വരെ സ്നേഹത്തോടെ മോളെ എന്ന് അല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല… “”ജോലി കഴിഞ്ഞു വരുമ്പോൾ അല്പം ഒന്ന് ലേറ്റ് ആയാൽ എന്റെ അമ്മയേക്കാൾ വേവലാതി ആണ് ആയമ്മയ്ക്ക്…””

എന്നാൽ ചേച്ചി.. “‘ തന്റെടവും ധാർഷ്ട്യവും ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്…. പെണ്ണ് കാണാൻ വന്ന ദിവസം മാത്രം ആണ് വിദ്യേച്ചിയെ ഞാൻ കണ്ടത്….. അമ്മ വാ തോരാതെ സംസാരിക്കുമ്പോൾ പോലും എനിക്ക് ആയി ഒരു പുഞ്ചിരി പോലും ചേച്ചി സമ്മാനിച്ചിട്ടില്ല…..””ഇന്നോളം ചേച്ചിയുടെ ഒരു വിളി പോലും എനിക്ക് ഉണ്ടായിട്ട് കൂടിയുമില്ല…

ചേച്ചിക്ക്‌ എന്നെ ഇഷ്ടം ആയി കാണില്ലേ എന്ന ചോദ്യത്തിന് വിനിവേട്ടന്റ ഭാഗത്തു നിന്നും വലിയൊരു പൊട്ടി ചിരി ആയിരുന്നു ആദ്യം ഉണ്ടായത്…

നീ എന്റെ കൂടെ ആണ് ജീവിക്കാൻ വരുന്നത് അല്ലാതെ ചേച്ചിയുടെ കൂടെ അല്ല എന്നൊരു മറുപടിയും…..””

വീട്ടിൽ ചേച്ചിയെ കുറിച്ച് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും ഗവണ്മെന്റ് ജോലിക്കാരൻ ആയ വിനുവേട്ടന്റ മുൻപിൽ ആ അഭിപ്രായവ്യത്യാസങ്ങൾ ഒന്നും വില പോയില്ല… അവസാന വാക്ക് എന്ന പോലെ അച്ഛന്റ്റെ തീരുമാനം ആണ് നാളെ നടക്കാൻ പോകുന്ന വിനുവേട്ടനുമായുള്ള എന്റെ വിവാഹം…

ഒരുപാട് സ്വപ്നങ്ങളുമായി നാളെ വിവാഹ പന്തലിലേക് കടക്കേണ്ട ഞാൻ ഇന്ന് വിദ്യേച്ചിയെ എങ്ങനെ നേരിടണം എന്നുള്ള ചിന്തയിൽ മുഴുകി കഴിഞ്ഞിരുന്നു….

ഒരു രാത്രി ഇരുണ്ട് വെളുക്കുമ്പോൾ ഉത്തരം ഇല്ലാത്ത ചോദ്യത്തിന് ഒപ്പം അച്ഛന്റ്റെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കയറുമ്പോൾ എന്റെ കണ്ണുകൾ വിനുവേട്ടന് പിന്നിൽ നിൽക്കുന്നവരിലേക് പോയി സ്നേഹ പുഞ്ചിരിയോടെ എന്നിലെ മരുമകളെ സ്വീകരിക്കാൻ നിൽക്കുന്ന അമ്മയ്ക്ക് ഒപ്പം ഗൗരവം ഒട്ടും കുറയാതെ നിൽക്കുന്ന ചേച്ചി…….

വിനുവേട്ടന്റെ താലിയും കഴുത്തിൽ ഏറ്റു വാങ്ങി നേർത്ത പുഞ്ചിരിയോടെ ചേച്ചിയെ നോക്കുമ്പോൾ വീണ്ടും ആ മുഖത്ത് ഗൗരവം മാത്രം.. “” അമ്മ നിറഞ്ഞ കണ്ണുകളോടെ എന്നെ അടിമുടി നോക്കുമ്പോൾ പോലും ചേച്ചി മുഖം വെട്ടിച്ചു കഴിഞ്ഞിരുന്നു… ഉത്തരം അറിയാത്ത ചേച്ചിയുടെ ഈ അകൽച്ച കൂടെ നിൽക്കുന്ന എന്റെ വീട്ടുകാരിൽ മുറു മുറുപ്പ് ഉണ്ടാക്കി തുടങ്ങിയിരുന്നു..

“” അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മോള് ഒന്നും നോക്കണ്ട ഇങ്ങു വന്നേക്കണം… “” ചേച്ചിയെ ഏറു കണ്ണിട്ടു നോക്കി വലിയമ്മാവൻ എനിക്ക് ധൈര്യം നൽകുമ്പോൾ എന്റെ കണ്ണുകൾ ചേച്ചിയിലേക്കും അമ്മയിലേക്കും പോയി…

അമ്മയുടെ പുഞ്ചിരി എന്റെ മനസിനെ ഒന്ന് തണുപ്പിച്ചു.. “” അതെ പുഞ്ചിരി തന്നെയാണ് എന്റെ കഴുത്തിലെ താലിയുടെ ഉടമയ്ക്കും.. ഈ ചേച്ചിക്ക് മാത്രം ഇത്രയും ഗൗരവം എവിടെ നിന്നും കിട്ടി.. “”

ആ വിനുവേട്ടന്റെ അച്ഛൻ അങ്ങനെ ആയിരുന്നിരിക്കും..” എന്റെ വിവാഹ സ്വപ്നങ്ങൾക്ക് മേലെ വീഴുന്ന കരി നിഴൽ പോലെ ആയിരുന്നു ഞാൻ ചേച്ചിയെ നോക്കി കണ്ടത്….

അമ്മ കൈയിലെക്ക്‌ പകർന്നു നൽകിയ നിലവിളക്കുമായി ഞാൻ അകത്തളത്തിലേക് കയറുമ്പോൾ ചേച്ചി മറ്റൊരു മുറിയിലേക് കയറി പോയി…. ഒരു വാക്ക് പോലും പറയാതെ അകന്നു മാറി പോകുന്ന ചേച്ചിയിലേക് ആണ് എന്റെ കണ്ണ് എന്ന് കണ്ടതും കൂടി നിന്നവരിൽ നിന്നും വിനുവേട്ടന്റെ കുഞ്ഞമ്മയുടെ ശബ്ദം ഞാൻ കേൾക്കാൻ മാത്രം ഉയർന്നു..

അഹങ്കാരിയാ.. “” ആണൊരുത്തനെ തല്ലിയിട്ട് പെട്ടിയും എടുത്തു രായ്‌ക്ക് രാമാനം കേറി വന്നതാ ഇവിടെ…”” ഞാൻ ആയിരുന്നെങ്കിൽ ചൂല് കെട്ടിന് ഒന്ന് കൊടുത്തേനെ…. “””എന്ത്‌ ചെയ്യാം എന്റെ ചേച്ചി ഒരു പാവം ആയി പോയി….അല്ലങ്കിൽ ഈ അസത്ത് ഇന്ന് ഭർത്താവിന്റെ വീട്ടിൽ നിൽക്കേണ്ടത് അല്ലെ…””

അതിന് അവളെ ആര് നിർത്തും അവിടെ.. നമ്മളോട് പോലും ഒരു ബഹുമാനം ഉണ്ടോന്ന് നോക്കിയേ.. “””” മറുപടി പോലെ വിനുവേട്ടന്റ വല്യമ്മ താടിക്ക് കൈ കൊടുത്ത് കൊണ്ട് ഒന്ന് ചിരിച്ചു.. ശേഷം എന്നെ അടിമുടി ഒന്ന് നോക്കി..

മോള് അതൊന്നും കാര്യം ആക്കണ്ട മോൾക് ഈ തുണിയൊക്കെ മാറണ്ടേ.. “” എടാ വിനൂ ഈ കൊച്ചിനെ മുറിയിലെക്ക്‌ കൊണ്ട് പോ.. അത് ഇതെല്ലാം ഒന്ന് ഊരട്ടെ രാവിലെ ഇട്ടത് അല്ലെ.. ” വല്യമ്മ പറയുമ്പോൾ പന്തല്കാർക്ക് ക്യാഷ് കൊടുത്തു കൊണ്ട് വിനുവേട്ടൻ ചിരിയോടെ അടുത്തേക്ക് വന്നു..

താൻ വാടോ.. “” ഇതാ നമ്മുടെ മുറി…. “”

വിനുവേട്ടന് ഒപ്പം അകത്തേക്ക് കടന്നതും ആ വാക്കുകൾക് ഒപ്പം നേർത്ത ചിരിയോടെ ചുറ്റും കണ്ണോടിച്ചു ഞാൻ… ഒതുങ്ങിയ ഒരു മുറി.. “”

എന്റെ കാലുകൾ വലിയ അലമാരിയിലെ കണ്ണാടിയുടെ മുൻപിലേക് പോയി.. “‘ ഇന്ന് മുതൽ ജീവിതത്തിലെ വലിയോരു ഉത്തരവാദിത്തം ചുമലിൽ ഏറ്റിരിക്കുന്നു… ഭാര്യ എന്ന പദവി.. മരുമകൾ എന്ന പദവി നാത്തൂൻ എന്ന പദവി…

പക്ഷെ അവിടെയും എന്റെ മനസിനെ അലട്ടുന്നത് ചേച്ചി തന്നെ….എല്ലാവരും ഭയത്തോടെ സമീപിക്കുന്ന അമ്മായി അമ്മയ്ക്ക് പകരം എനിക്കിന്ന് മുൻപിൽ നാത്തൂൻ ആണ്..””

ആഹാ മോള് ഇവിടെ തന്നെ നിൽക്കുവാണോ..? “” അമ്മയുടെ ശബ്ദം ആണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്….. ചെറിയ ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ കൈയിൽ ഒരു വലിയ ആഭരണപെട്ടിയുമായി അമ്മയും അമ്മയുടെ സഹോദരിമാരും…”” എന്റെ കണ്ണുകൾ സംശയത്തോടെ ആ പെട്ടിയിലെക്കും ആ അമ്മമാരിലേക്കും പോയി…

“”””മോളെ ആ ആഭരണം എല്ലാം ഊരി അമ്മയുടെ കൈയിൽ തന്നേക്ക്..'”” അമ്മയുടെ അലമാരിയിൽ അത് ഭദ്രം ആയിരിക്കും…. മോൾക്ക് ആവശ്യം ഉള്ളപ്പോൾ വേണ്ടത് അമ്മ എടുത്തു തന്നാൽ പോരെ.. “”””

മുഖവുര കൂടാതെയുള്ള അമ്മയുടെ വാക്കുകൾ കേൾക്കെ എന്ത്‌ പറയണം എന്ന് അറിയാതെ ഞാൻ അടുത്ത് നിൽക്കുന്ന വിനുവേട്ടനെ നോക്കി…

ആ മുഖത്തെ ചിരിയിൽ നിന്നും കാര്യങ്ങൾ വ്യക്തമായിരുന്നു… അമ്മയെ അനുസരിക്കാൻ പറയാതെ പറയുന്ന മുഖഭാവം….

ഹ്ഹ.. “” എന്ത് നോക്കി നിൽകുവാ മോളെ അതൊക്കെ ഊരി സരോജയുടെ കൈലേക് കൊടുക്ക്‌…. ഇനി ഇതിന്റെ ഒക്കെ അവകാശി അവൾ അല്ലിയോ.. “””” വിനുവേട്ടന്റെ വല്യമ്മയുടെ വാക്കുകൾ കൂരമ്പ് പോലെ കാതിലേക് തുളച്ചു കയറിയത് ഞാൻ ഒന്ന് ഞെട്ടി…

അ… അത്… അ…. “”” ചോദിക്കാൻ വന്നത് എന്തോ തൊണ്ട കുഴിയിൽ വിലങ്ങു തീർക്കുമ്പോൾ എന്റെ കൈകൾ അറിയാതെ തന്നെ കഴുത്തിന് പിന്നിലേക്ക് പോയി… “” അച്ഛന്റ്റെ വിയർപ്പിന്റെ വിലയുള്ള മാലയുടെ കൊളുത്തിൽ കൈകൾ പിടി മുറുക്കുമ്പോൾ കൈകൾ ഒന്ന് വിറച്ചു തുടങ്ങിയിരുന്നു ….””

“””””അല്ല അതെങ്ങനാ വല്യമ്മേ ഭാമയുടെ ആഭരണങ്ങൾ അമ്മയ്ക്ക് സ്വന്തം ആകുന്നത്….”” അത് അവളുടെ അച്ഛൻ അവൾക് വേണ്ടി വിയർപ്പ് നീരാക്കി ഉണ്ടാക്കിയത് അല്ലെ… “””””

ആഹ്ഹ്.. “”” വിദ്യേച്ചി.. ആ ശബ്ദം കേട്ടതും കഴുത്തിൽ നിന്നും എന്റെ കൈകൾ തനിയെ താഴേക്ക് വന്നു… “”” ഞാൻ പറയാതെ വിഴുങ്ങിയത് ആ നാവിൽ നിന്നും പുറത്തേക് വന്നത് നേർതൊരു അത്ഭുതത്തോടെയാണ് നോക്കിയത്….

വിദ്യേ ഇത് അല്ലെ നാട്ടു നടപ്പ്.. “” പെണ്ണ് കെട്ടി കേറി വന്നാൽ ആഭരണങ്ങൾ വീട്ടിലെ അമ്മയെ ഏല്പിക്കും..'” അതിന് എന്താ ഇത്ര ചോദിക്കാൻ ഉള്ളത്…. കുഞ്ഞമ്മ മുഖം തിരിക്കുമ്പോൾ വിദ്യേച്ചിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..

മ്മ്ഹ്ഹ്..” ഈ നാട്ടു നടപ്പ് ഒരിക്കൽ അനുഭവിച്ചത് ആണ് ഞാനും…. അന്ന് എന്റെ അച്ഛന്റെ വിയർപ്പ് പറ്റിയത് ഊരി കൊടുക്കുമ്പോൾ ഞാൻ അനുഭവിച്ച വേദന ഇന്ന് എനിക്ക് ഈ കൊച്ചിന്റെ മുഖത്ത് കാണാൻ പറ്റുന്നുണ്ട്…. “”

പറയുമ്പോൾ ചേച്ചിയുടെ ശബ്ദം ചെറുതായ് ഒന്ന് ഇടറി തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു…. ആദ്യമായി ഗൗരവം മാറി അവിടെ വിഷാദം നിറയുന്നത് ഞാൻ കണ്ടു…

വിദ്യേ..” എന്റെ അലമാരി നല്ല അടച്ചുറപ്പുള്ളത് കൊണ്ട് ആണ് ഞാ… ഞാൻ അവളോട് ആഭരണം ഊരി തരാൻ പറഞ്ഞത്… അല്ലാതെ..” അമ്മ വാക്കുകൾക്ക്‌ ആയി പരതുമ്പോൾ ചേച്ചിയുടെ കണ്ണുകൾ അമ്മയിലേക് നീണ്ടു..

അതെന്താ ഈ മുറിയിലെ അലമാരിക്ക് താഴും താക്കോലും ഇല്ലേ.. “” അവളുടെ അച്ഛൻ അവൾക് കൊടുത്തത് എങ്ങനെ സൂക്ഷിക്കണം എന്ന് അവൾക് അറിയാം… അത് അവൾക് മാത്രം അവകാശപെട്ടത് ആണ്… “” ചേച്ചിയുടെ ശബ്ദം അല്പം കനച്ചു…..കണ്ണുകൾ വിനുവേട്ടനിൽ വന്നു നിൽകുമ്പോൾ ആ തല മെല്ലെ കുനിഞ്ഞു…

മറ്റുള്ളവരുടെ നാവുകൾക്കു വിലങ്ങു തീർത്തു കൊണ്ട് ചേച്ചി എന്നെ നോക്കുമ്പോൾ എന്റെ നിറഞ്ഞ കണ്ണുകൾ കാഴ്ചയെ മറച്ചു തുടങ്ങിയിരുന്നു..

ഭാമേ.. “” ഇല്ല എന്ന് പറയേണ്ട ഇടത് അത് പറയാൻ ആദ്യം നീ പഠിക്കണം….. നിന്റെ ജീവിതത്തിലെ ആദ്യ പാഠം ആയിരിക്കണം ഇത്.. കേട്ടല്ലോ… “”

പറഞ്ഞു കൊണ്ട് ചേച്ചി പുറത്തേക് പോകുമ്പോൾ നിറഞ്ഞ കണ്ണുകൾ ആയത്തിൽ തുടച്ചു ഞാൻ… തല ഉയർത്തി അഭിമാനത്തോടെ ചുറ്റും ഒന്ന് നോക്കി…..

എന്നിലെ പെണ്ണിന് ആദ്യമായി ധൈര്യം ഏകി പോയത് എന്റെ ശത്രു അല്ല എന്നുള്ള തിരിച്ചറിവിൽ ഇറ്റ് വീഴുന്ന ഓരോ തുള്ളി കണ്ണുനീരും ചേച്ചിയെ ശപിച്ച നാവിനു വേണ്ടിയുള്ള മാപ്പ് അപേക്ഷ ആയിരുന്നു…

പിന്നീടുള്ള ഓരോ ദിവസവും ചേച്ചി എനിക്ക് ഒരു അത്ഭുതം ആയി മാറുക ആയിരുന്നു… “” അമ്മയുടെ പുഞ്ചിരിയുടെ പിന്നിലുള്ള കറുത്ത മുഖം അഴിഞ്ഞു വീഴാൻ അധികം സമയം ഒന്നും വേണ്ടി ഇരുന്നില്ല……

മരുമകൾ എന്നും മരുമകൾ തന്നെ എന്ന് തെളിയിക്കുന്ന നിമിഷങ്ങൾ… പക്ഷെ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീഴാൻ ചേച്ചി അനുവദിച്ചില്ല.. ആ നിമിഷങ്ങളിൽ എനിക്ക് വേണ്ടി അമ്മയോട് വാദിച്ചു.. എന്നെ ചേർത്തു നിർത്തി…

അമ്മായിമാർ പറഞ്ഞു തന്നതിലും വിപരീതമായിരുന്നു ചേച്ചി എന്ന തിരിച്ചറിവ് എനിക്ക്…””

വിവാഹം കഴിഞ്ഞത് മുതലുള്ള ശമ്പളം അമ്മയുടെ കൈയിൽ കൊടുക്കണം എന്ന് വിനുവേട്ടൻ പറയുമ്പോൾ..

എന്റെ ശമ്പളം കൈകാര്യം ചെയ്യാൻ എനിക്ക് അറിയാം അതിന് രണ്ടാമതൊരാളുടെ സഹായം വേണ്ട എന്ന് തീർത്തു പറയുന്ന നിമിഷം മനസ് തുറന്നൊരു പുഞ്ചിരി എനിക്ക് ആയി സമ്മാനിച്ചു കൊണ്ട് പതിവ് പോലെ ചേച്ചി ചേച്ചിയുടെ മുറിയിലെ ഇരുളിലേക്ക് ഊളി ഇടുമ്പോൾ ചേച്ചി കാണാതെ ബാഗിൽ ഒളിപ്പിച്ച ഒരു സാരി പുറത്തെടുത്തു ഞാൻ…..

എന്നിലെ പെണ്ണിന് കരുത്തെകിയവൾക്ക് വേണ്ടിയുള്ള സമ്മാനം… “” അതുമായി ഇന്നോളം ഞാൻ എത്തി നോക്കിയിട്ടില്ലാത്ത ചേച്ചിയുടെ മുറിയിൽ തട്ടുമ്പോൾ ചെറുതായി ഒന്ന് പേടിച്ചു ചേച്ചി എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ…..

പക്ഷെ എന്റെ കണക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് നേർത്തൊരു പുഞ്ചിരിയുമായി ആണ് ചേച്ചി ആ വാതിൽ തുറന്നത്… പുരികം കൊണ്ട് എന്തെ എന്ന് ചോദിക്കുമ്പോൾ ചെറു കൊഞ്ചലോടെ സമ്മാന പൊതി അവര്ക് നേരെ നീട്ടി…

ചേച്ചിക്ക് ഒരു സാരിയ.. “” ഇഷ്ടായോന്ന് നോക്കുവോ.. “” ആവേശം കൊണ്ട് അത് നീട്ടുമ്പോൾ ചേച്ചിയോടുള്ള ഭയം ആകെ മാറിയിരുന്നു…

മ്മ്. “” ഇഷ്ടം ആകും എന്റെ കുട്ടി കൊണ്ട് വന്നത് അല്ലെ..”””

“”എന്റെ കുട്ടി.. “””ആ വാക്കുകൾ എന്റെ കണ്ണുകളെ നനയിച്ചോ.. അതെ എന്റെ കണ്ണുകൾക്ക്‌ ഈറൻ അണിയാൻ ആ വിളി തന്നെ ധാരാളം ആയിരുന്നു..

ചേച്ചി ആ സാരി വാങ്ങി അകത്തേക്ക് പോകുമ്പോൾ അന്ന് എനിക്ക് മുൻപിൽ ആ വാതിൽ അടഞ്ഞിരുന്നില്ല..

അനുവാദം ചോദിക്കാതെ തന്നെ ആ മുറിയിൽ കയറുമ്പോൾ ചുറ്റും ഒന്ന് നോക്കി… ചുവരികളിൽ നിറഞ്ഞു നിൽക്കുന്ന എണ്ണ ഛായ ചിത്രങ്ങളിൽ കൂടുതലും ചിരിക്കുന്ന കുഞ്ഞ് മുഖങ്ങൾ ആയിരുന്നു…

ഇതൊക്കെ ചേച്ചി വരച്ചത് ആണോ..? എന്റെ കണ്ണുകൾ വിടരുമ്പോൾ സാരി നെഞ്ചോട് ചേർത്തു കൊണ്ട് മെല്ലെ ചിരിച്ചു ചേച്ചി..”അതിൽ എനിക്കുള്ള ഉത്തരം ഉണ്ടായിരുന്നു…..

എന്റെ കണ്ണുകൾ മുറിയിലെ ടേബിളിലേക്കു നീളുമ്പോൾ അവിടെ ഒരു ലാപ്…. കർമ്മനിരതൻ ആയി ഇരിക്കുന്നുണ്ട്…

ഇത്..””?? എന്റെ ചോദ്യത്തിന് ഉത്തരം എന്നോണം വീണ്ടും ഒന്ന് ചിരിച്ചു ചേച്ചി…

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണ്ടേ കുട്ടി…. ഒരു ചെറിയ ജോലി ഉണ്ട്.. വർക്ക്‌ ഫ്രം ഹോം എന്നൊക്കെ പറയാം….ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് നിങ്ങൾക് പോലും….”” ചേച്ചി പറഞ്ഞു തീരുമ്പോൾ ഏറെ കുറെ എനിക്ക് കാര്യങ്ങൾ മനസ്സിൽ ആയി കഴിഞ്ഞിരുന്നു…

വീട്ടിലെ കാര്യങ്ങൾ ചേച്ചി നോക്കി നടത്തുന്നത് കൊണ്ട് ആണ് അമ്മയും മോനും ചേച്ചിയോട് എതിർത്ത് ഒന്നും പറയാത്തത്….. “”അത് കൊണ്ട് തന്നെ ആയിരിക്കും ചേച്ചിയെ കുറിച് എന്തെങ്കിലും ചോദിച്ചാൽ രണ്ടും ഒഴിഞ്ഞു മാറുന്നത്…”” ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ഞാൻ ചേച്ചിയെ നോക്കി…

ചേച്ചിക്ക് കുഞ്ഞുങ്ങളെ വലിയ ഇഷ്ടം ആണോ… എന്റെ ചോദ്യത്തിന് അനുസരിച്ചു ചേച്ചി തല മെല്ലെ കുലുക്കി..

മ്മ്.. “” ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്നുള്ള സത്യം ഉൾക്കൊള്ളുമ്പോൾ ആ ഇഷ്ടത്തിന് ഒരുപിടി മധുരം കൂടും മോളെ.. “””

ചേച്ചി.. “” ആ വാക്കുകൾക്ക് ഒപ്പം എന്റെ കണ്ണുകൾ ചേച്ചിയിൽ വന്നു നിന്നു….

നിന്നിലും പാവം ആയിരുന്നു കുട്ടി ഞാൻ.. “” ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി മണിയറയിലേക്ക് പ്രവേശിക്കുമ്പോൾ അറിഞ്ഞിരുന്നില്ല എന്നിലെ പെണ്ണ് ഉടലിനു മാത്രം ആണ് അവൻ വില പറഞ്ഞിരുന്നത് എന്ന്….

ആദ്യ രാത്രിയിൽ തന്നെ ക്രൂരമായി തന്നെ അവൻ എന്നെ ഇല്ലാതാക്കി… പിന്നീടുള്ള രാത്രികളും പകലും വ്യത്യസ്തമായിരുന്നില്ല.. കൂട്ടത്തിൽ അയാളുടെ വീട്ടുകാരുടെ വകയും… ആദ്യമേ എതിർക്കാമായിരുന്നു… പക്ഷെ പെണ്ണ് എന്ന രണ്ട് അക്ഷരത്തിന് തീർത്ത വിലക്കുകൾ എന്റെ നാവിനും വിലങ്ങു തീർത്തു…..

അങ്ങനെ ഒരിക്കൽ അയാളുടെ രതി വൈകൃതത്തിനു പകരം നൽകേണ്ടി വന്നത് എന്റെ ഗർഭപാത്രം ആണ്…. ഇൻഫെക്ഷൻ ആയി എടുത്തു മറ്റുമ്പോൾ എന്റെ സ്വപ്നങ്ങളും കരിഞ്ഞു തീർന്നിരുന്നു….

വീണ്ടും പെണ്ണിന് ശബ്ദം ഉയർത്താൻ കഴിയാത്ത തരത്തിൽ ബന്ധങ്ങൾ ബന്ധനം തീർക്കുമ്പോൾ അയാൾക് ഒപ്പം തന്നെ പോയി ഞാൻ…

വീണ്ടും എന്തിനാ ചേച്ചി അയാൾക് ഒപ്പം പോയത്..? എന്റെ കണ്ണിൽ അരിച്ചു കയറുന്ന ദേഷ്യത്തിനെ വീണ്ടും ഒരു ചിരിയോടെ ആണ് ചേച്ചി നേരിട്ടത്…

മ്മ്ഹ്ഹ്. “” പറഞ്ഞല്ലോ കുട്ടി ബന്ധങ്ങൾ തീർത്ത ബന്ധനം… എന്റെ മുൻപിൽ മറ്റു മാർഗം ഇല്ലായിരുന്നു… പക്ഷെ അവിടെ നിന്നും ഞാൻ ആർജിച്ചെടുത്ത കരുത്ത്…. ജീവിക്കാൻ ഗവണ്മെന്റ് ജോലി തന്നെ വേണം എന്നില്ല കുട്ടി…. ഈ ലാപ്പും ആവശ്യത്തിന് വിദ്യാഭ്യാസവും മതി ആയിരുന്നു…. പിന്നെ ഉറച്ച ഒരു മനസും…അയാളെ നേരിട്ടു ഞാൻ….

വീണ്ടും എന്റെ ശരീരത്തിന് വില ഇടാൻ വന്നവന്റെ കൈ വെട്ടി.. “” കേസ് ആയി.. ഞാൻ തന്റെടിയും ആയി… അവൻ എന്നോട് ചെയ്ത ക്രൂരതകളെ ബന്ധുക്കൾ പോലും മനഃപൂർവം വിഴുങ്ങി… ഞാൻ മാത്രം തെറ്റ്കാരി ആയി… തന്റെടി ആയി….ആ അത് കൊണ്ട് ജീവൻ എങ്കിലും ബാക്കി കിട്ടി.. “”

പിന്നെ എന്നെ കാണുന്നവർക്ക് ഞാൻ ചതുർഥി ആയി.. “” പക്ഷെ തെറ്റും ശരിയും തിരിച്ചറിഞ്ഞു ജീവിക്കാൻ കഴിയുന്നുണ്ട് അത് മതി…. “”

ചേച്ചി ചെയ്തത് ഒരു തെറ്റും ഇല്ല ചേച്ചി.. “” ഞാൻ ആയിരുന്നു എങ്കിൽ അവന്റ പെടലി കണ്ടിച്ചേനെ..”ഞാൻ ആവേശം കൊണ്ടു..

ഉവ്വ്.. “” അത് ഞാൻ കണ്ടതാണല്ലോ ആദ്യ ദിവസം തന്നെ… പക്ഷെ ഇന്ന് എന്റെ മോൾ ജീവിക്കാൻ പഠിച്ചു അത് മതി… “” ഇനി എനിക്ക് പോകാം…

എവിടെ..? എന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു…

അറിയില്ല… ഇനി ഒരു യാത്ര പോകണം ഞാൻ എന്ന സത്യം ഉൾക്കൊണ്ട്‌ കൊണ്ടുള്ള യാത്ര… “”” ചേച്ചി പറഞ്ഞ് തീർന്നതും ആ കൈയിൽ കടന്ന് പിടിച്ചു ഞാൻ…

ചേച്ചി പോയാൽ പിന്നെ എന്റെ കുഞ്ഞിന് ആരാ ഉള്ളത്… “”?

കു… കുഞ്ഞോ…? ചേച്ചിയുടെ കണ്ണുകൾ വിടരുന്നതിന് ഒപ്പം ആ കണ്ണുകൾ എന്റെ ഉദരത്തിലെക്ക്‌ നീളുമ്പോൾ കണ്ണുകൾ മെല്ലെ താഴ്ത്തി ഞാൻ….

മ്മ്..””” സത്യം ആണ് ചേച്ചി… ഇന്ന് ഓഫിസിൽ വച്ചു ചെറിയ ഒരു തല കറക്കവും ക്ഷീണവും ഹോസ്പിറ്റലിൽ പോയപ്പോൾ റിസൾട്ട്‌ പോസിറ്റീവ് ആണ്…

പക്ഷെ ആരോടും പറയാതെ ഈ കുഞ്ഞിനെ വേണ്ടന്ന് വയ്ക്കാൻ ആയിരുന്നു എന്റെയും വിനുവേട്ടന്റെയും തീരുമാനം…. കല്യാണം കഴിഞ്ഞു മാസം ഒന്ന് തികയും മുൻപേ ആളുകൾ പലതും പറയും എന്ന് തോന്നി….

ആഹ്ഹ്.. “” എന്തൊക്കെയാ കുട്ടി ഈ പറയുന്നത്… ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട്പേരുണ്ട് ഇവിടെ… എന്നിട്ട് കിട്ടിയ ഭാഗ്യം കളയുകയാ…. “”ചേച്ചിയുടെ മുഖത് ചെറിയ ദേഷ്യം വന്നതും തല മെല്ലെ കുലുക്കി ഞാൻ..

ഇല്ല ചേച്ചി..”” ഇന്ന് ഈ മുറിയിൽ ഞാൻ കയറിഎങ്കിൽ അതിനു കാരണം എന്റെ കുഞ്ഞ് ആണ്… അല്ല നമ്മുടെ കുഞ്ഞ്… എന്റെ കണ്ണ് തുറപ്പിച്ചത് തന്നെ ചേച്ചി ആണ്…

അമ്മ ആവാൻ പ്രസവിക്കണം എന്നില്ല ചേച്ചി… ഈ കുഞ്ഞ് അത് ചേച്ചിക്ക് ഉള്ളതാ… അവൻ ചേച്ചിയെ അമ്മ എന്ന് വിളിക്കും.. “” ആ നിമിഷത്തെ വികാരത്തിൽ വിളിച്ചു പറയുമ്പോൾ ചേച്ചി ചിരിച്ചു കൊണ്ട് എന്റെ ചുമലിൽ പിടിച്ചു..

അമ്മ എന്ന പദവിക്ക്‌ നൂറ് അർത്ഥങ്ങൾ ഉണ്ട് മോളെ .. “” ആ പദവി നീ എനിക്ക് വിട്ടു തരണ്ട…. പക്ഷെ അപ്പച്ചി അമ്മ എന്ന പദവി അത് എനിക്ക് വേണം… അത് ആർക്കും ഞാൻ വിട്ടു കൊടുക്കില്ല…. “””

ചിരിയോടെ എന്നെ നെഞ്ചിലേക് ചേർക്കുമ്പോൾ ചേച്ചിയുടെ കണ്ണുനീർ എന്റെ മൂർദ്ധാവിനെ നനയിക്കുന്നത് ഞാൻ അറിഞ്ഞു..

ഡോക്ടറെ പുറത്ത് എന്റെ ചേച്ചി ഉണ്ട്‌ കുഞ്ഞിന്റെ അപ്പച്ചി അമ്മ…. ചേച്ചിടെ കൈയിൽ കൊടുക്കണേ കുഞ്ഞിനെ… “” വേദനയിലും ഡോക്ടറോട് വിളിച്ചു പറയുമ്പോൾ അവന്റ ശബ്ദം ഉറക്കെ ഉയർന്നു….. രണ്ട് അമ്മമാരുടെ സ്നേഹം അനുഭവിച്ചു വളരാനായി ജന്മം കൊണ്ടവൻ…..

Nb :: ഇത് ഒരു റിയൽ സ്റ്റോറി ആണ്…. ആ കുഞ്ഞും അമ്മമാരും ഇന്നും ജീവിക്കുന്നു… അവൻ വളർന്നു വലുതായിട്ടുണ്ട് രണ്ട് അമ്മമാരെയും കൈ വിടാതെ ചേർത്ത് നിർതുന്നു എങ്കിൽ ആ അപ്പച്ചി അമ്മയുടെ സ്നേഹം ആണ് അവരുടെ മനസിന്റെ നന്മ ആണ്…

ഇന്നിന്റെ രീതിയിൽ കഥയിൽ ചെറിയ വ്യത്യാസം വരുത്തി എന്നെ ഉള്ളു…

Leave a Reply

Your email address will not be published. Required fields are marked *