(രചന: J. K)
“” വരുൺ നീ ഇന്നലെ എത്ര മണിക്ക് ആണ് വീട്ടിലേക്ക് കയറി വന്നത് എന്ന് വല്ല ഓർമ്മയും ണ്ടോ? ” അമ്മ അങ്ങനെ ചോദിച്ചപ്പോൾ ചോദ്യ ഭാവത്തോടെ വരുൺ അമ്മയെ നോക്കി..
അവർ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഉറഞ്ഞുതുള്ളുകയാണ്…
“” ഇനി ഇതുപോലെ വൈകി വന്നാൽ വീട്ടിലേക്ക് കയറാം എന്ന് നീ വിചാരിക്കേണ്ട”” എന്ന് താക്കീത് കൊടുത്ത് അവർ അവിടെ നിന്നും പോയി അത് കേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു വരുൺ…
“”അമ്മ “”
അയാൾ വേഗം അവിടെ നിന്നും ഇറങ്ങി ബൈക്ക് എടുത്ത് തന്റെ കൂട്ടുകാരുടെ അടുത്തേക്ക് പോയി… അവരോട് പറഞ്ഞു മാജിക് മൊമെന്റിന്റെ ഒരു കുപ്പി പൊട്ടിച്ച് ക്ലാസ്സിലേക്ക് പകർത്തി..
അതിൽനിന്ന് ഒന്ന് സിപ്പ് ചെയ്യുമ്പോൾ അയാളുടെ ഓർമ്മകൾ പുറകിലേക്ക് പോയി…
“” അമ്മ താൻ ആഗ്രഹിച്ച സമയത്തൊന്നും ഈ അമ്മ തന്റെ കൂടെ ഉണ്ടായിരുന്നില്ല പിന്നെ ഇപ്പോൾ കാട്ടുന്ന പ്രഹസനങ്ങൾ സഹിക്കാൻ പോലും വയ്യ..
അച്ഛനുമായുള്ള വിവാഹത്തിന് അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു പക്ഷേ അച്ഛന്റെ സ്വത്തും ജോലിയും കണ്ട് വീട്ടുകാർ നിർബന്ധിച്ചാണ് അമ്മയെ കൊണ്ട് ആ വിവാഹത്തിന് സമ്മതിപ്പിച്ചത്
അതുകൊണ്ടുതന്നെ അമ്മയ്ക്ക് അച്ഛനെ കാണുന്നതുപോലും വെറുപ്പായിരുന്നു എന്നിട്ടും അവർക്കിടയിൽ ഞാൻ എന്നൊരാൾ ഉണ്ടായി ഞാൻ ഉണ്ടായി അധികം താമസിയാതെ അവർ തമ്മിൽ വിവാഹമോചനം നേടിയിരുന്നു…
ഇഷ്ടമില്ലാതിരുന്നിട്ട് കൂടി എന്നെ അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു അച്ഛന്റെ പ്രതിരൂപമായിരുന്ന എന്നോട് അമ്മയ്ക്ക് അന്ന് മുതലേ വെറുപ്പായിരുന്നു
ഒരിക്കൽ പോലും അമ്മ എനിക്ക് ഒരു തരത്തിലുള്ള പരിഗണനകളും നൽകിയിരുന്നില്ല എന്നെ അമ്മുമ്മയുടെ അടുത്ത് ഇട്ടിട്ട് അമ്മ ഏതോ ഒരു ജോലിയും മേടിച്ച് മറ്റൊരു രാജ്യത്തേക്ക് പോയി….
അമ്മൂമ്മ ആരോഗ്യവതിയായിരിക്കുന്ന സമയത്ത് എനിക്ക് അവിടെ സ്വർഗ്ഗമായിരുന്നു പക്ഷേ അമ്മൂമ്മയുടെ ആരോഗ്യം ക്ഷയിച്ചു അവിടുത്തെ അധികാരം അമ്മായി ഏറ്റെടുത്തതിൽ പിന്നെ എനിക്ക് അതൊരു നരകം തന്നെയായിരുന്നു…
അമ്മായിയുടെ മക്കൾ അവിടെ സുഖലോലുപരായി വളർന്നു എന്നെ ഒരിക്കൽ പോലും അമ്മായിയും പരിഗണിച്ചിരുന്നില്ല എപ്പോഴും ഞാൻ അവിടെ ഒരു അധികപ്പറ്റ് മാത്രമായിരുന്നു..
പെറ്റ തള്ളക്ക് പോലും വേണ്ടാത്തവൻ എന്നായിരുന്നു എന്നെ അമ്മായി സംബോധന പോലും ചെയ്തിരുന്നത്.. അതിൽ പിന്നെ മനസ്സിൽ അമ്മ എന്ന വാക്കിന് എല്ലാവരും കൊടുക്കുന്ന പവിത്രമായ അർത്ഥം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല….
എന്റെ അവിടുത്തെ ദുരിതം കണ്ട് ഒരിക്കൽ അമ്മൂമ്മ തന്നെയാണ് പറഞ്ഞത് നന്നായി പഠിക്കൂ കുട്ടി…
ഇനി പഠിച്ച് നേരെയായാലേ നിനക്ക് മനുഷ്യന്മാരെ പോലെ ജീവിക്കാൻ കഴിയൂ എന്ന് അതിന്റെ മനസ്സിൽ പതിഞ്ഞുകിടന്നിരുന്നു അതുകൊണ്ടാണ് വാശി എടുത്ത് പഠിച്ചതും നല്ല ഒരു ജോലി നേടിയെടുത്തതും…
പഠിപ്പിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല..
പ്ലസ് ടു വരെ പഠിച്ച് നല്ല മാർക്ക് വാങ്ങി ജയിച്ചപ്പോൾ അമ്മായി പറഞ്ഞതാണ് ഇനി നിർത്തിക്കോളാൻ
പക്ഷേ എന്റെ വാശിയായിരുന്നു തുടർന്ന് പഠിക്കുമെന്ന് ഒരു ചില്ലി കാശ് പോലും തരില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് പാർടൈം ജോബ് ചെയ്തു തുടർന്ന് പഠിച്ചത്..
അതുകൊണ്ടാണ് അമ്മയുടെ മക്കളെക്കാൾ ഉയരത്തിൽ എനിക്ക് എത്താൻ കഴിഞ്ഞതും സ്വന്തമായി തന്നെ ഈ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിഞ്ഞതും..
ഈ വലിയ പട്ടണത്തിൽ നടുക്ക് വലിയൊരു വീട്.. സുഖലോലുപമായ ജീവിതം..
ഇതൊക്കെ എന്റെ സ്വന്തം അധ്വാനം കൊണ്ട് ഞാൻ നേടിയെടുത്തതാണ് മരിക്കുന്നതിനുമുമ്പ് അമ്മൂമ്മയെ കൂടി ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു ഈ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ള ഏക വ്യക്തി അമ്മൂമ്മ മാത്രമാണ്..
ഉള്ള കുറച്ചുനാൾ റാണിയെ പോലെ ഞാനെന്റെ അമ്മൂമ്മയെ ഇവിടെ വാഴിച്ചു… എല്ലാം കണ്ട് മനസ്സുനിറഞ്ഞു തന്നെയാണ് ആ പ്രാണൻ ഈ ഭൂമിയിൽ നിന്നും പോയത്…
അപ്പോഴേക്കും അമ്മ എത്തി..
അധികാരം സ്ഥാപിച്ച് എടുക്കാൻ…
മകൻ ആണല്ലോ ഞാൻ ആദ്യം മറുതൊന്നും പറഞ്ഞില്ല അതോടെ എല്ലാത്തിലും അധികാരം മുറുക്കാൻ തുടങ്ങി..
അച്ഛൻ എന്നു പറയുന്ന ആളെ ഞാൻ കണ്ടിട്ട് പോലും ഇല്ല.. അമ്മ ഉണ്ടായിരുന്നിട്ടുകൂടി ഇല്ലാത്തത് തന്നെയായിരുന്നു ഫലം ഒരുപാട് കൊതിച്ചിട്ടുണ്ട് ആ സാമീപ്യത്തിനായി…
അമ്മായി അവരുടെ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ വെറുതെ ഞാൻ സങ്കൽപ്പിക്കും എന്റെ അമ്മ വരുന്നതും ഇതുപോലെയൊക്കെ എന്നെ ഊട്ടുന്നതും ഉറക്കുന്നതും എല്ലാം…
പക്ഷേ അതുണ്ടായില്ല വല്ലപ്പോഴും ലീവിന് വന്നാൽ അമ്മ എന്നെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല കുറ്റപ്പെടുത്താൻ മാത്രമായിരുന്നു അമ്മയ്ക്ക് ഉത്സാഹം..
വലുതായപ്പോൾ അറിഞ്ഞിരുന്നു എന്നിൽ നിന്നും പിരിഞ്ഞ് അവർ പോയത് അവരുടെ കാമുകന്റെ അടുത്തേക്കാണെന്ന്… അവർ രണ്ടുപേരും മറ്റേതോ രാജ്യത്ത് സുഖമായി ജീവിക്കുകയായിരുന്നു…
അതിനിടയിൽ അവർ എന്നെ പറ്റി ഓർത്തത് പോലുമില്ല അവരുടെ സന്തോഷങ്ങൾ മാത്രമായിരുന്നു അവർക്ക് വലുത്… എന്നിട്ടിപ്പോൾ ഞാൻ നല്ല നിലയിലാണ് ജീവിക്കുന്നത് എന്ന് കണ്ടപ്പോൾ ഓടി വന്നിരിക്കുകയാണ് അതിന്റെ പങ്കുപറ്റാൻ..
ഒരുതരത്തിലും എനിക്ക് അവരോട് യാതൊരു സഹതാപവും തോന്നിയില്ല ഇന്നും ഞാൻ വീട്ടിൽ വന്നപ്പോൾ ഭരിക്കാൻ നിന്നു..
കുടിച്ച് നശിക്കാൻ ആണോ നിന്റേ ഭാവം എന്ന് ചോദിച്ചു…
അത് കേട്ട് എനിക്ക് ചിരിയാണ് വന്നത് ചിരി പൊട്ടിച്ചിരിയിലേക്ക് ഭാവം മാറി.. അതുകൊണ്ട് അവർ മിഴിച്ചു നോക്കി നിൽക്കുന്നത് കാണുന്നുണ്ടായിരുന്നു ഞാൻ…
“” ഞാൻ നശിച്ചു പോകുമായിരുന്നു ഒരു പ്രായത്തിൽ അന്നെനിക്ക് എല്ലാം പറഞ്ഞു തരാൻ ഒരാളെ ആവശ്യവും ആയിരുന്നു
പക്ഷേ അന്നൊന്നും വരാത്ത നിങ്ങൾ ഇപ്പോൾ ഒരിക്കലും നശിക്കില്ല എന്ന് എനിക്ക് ഉറപ്പുള്ള സമയത്ത് വന്ന് എന്നെ ഉപദേശിക്കുന്നതിന്റെ പിന്നിലെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല…””
എന്നുപറഞ്ഞപ്പോൾ അവരുടെ മുഖം ഉത്തരമില്ലാത്ത വണ്ണം വിളറി പോകുന്നത് എനിക്ക് കാണാൻ ഉണ്ടായിരുന്നു..
സന്തോഷത്തോടെ ഞാനത് നോക്കി കണ്ടു…
“” പ്രസവിച്ചിട്ടത് കൊണ്ട് മാത്രം അമ്മയാവാന്ന് കരുതുന്നുണ്ടോ നിങ്ങൾ എങ്കിൽ അത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് എത്രയോ തവണ നിങ്ങൾ അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്
പക്ഷേ അന്നൊന്നും നിങ്ങൾ എന്റെ അരികിൽ വരിക പോലും ചെയ്തില്ല എന്നെ ഒന്ന് പരിഗണിക്കുക പോലും ചെയ്തില്ല.. ഇനി എനിക്ക് നിങ്ങളുടെ ആവശ്യമേ ഇല്ല.. അമ്മ എന്നൊരു പരിഗണന നൽകി കൊണ്ടാണ് നിങ്ങളെ ഞാൻ ഇവിടെ നിന്നും പറഞ്ഞയക്കാതിരുന്നത്..
ഇനിയും ഇറങ്ങിപ്പോകാൻ ഞാൻ പറയില്ല നിങ്ങൾക്ക് എത്രകാലം വേണമെങ്കിലും ഇവിടെ നിൽക്കാം.. പക്ഷേ എന്റെ അമ്മ എന്നൊരു സ്ഥാനം അത് ഈ ജന്മം നിങ്ങൾക്ക് കിട്ടും എന്ന് നിങ്ങൾ വിചാരിക്കരുത് “”
ഇത്രയും പറഞ്ഞു മുകളിലെ എന്റെ മുറിയിലേക്ക് ഞാൻ കയറിപ്പോയി.. പിറ്റേദിവസം രാവിലെ താഴേക്ക് എണീറ്റ് വരുമ്പോൾ അവിടം ശൂന്യമായിരുന്നു. അവർ അവിടെ നിന്നും പോയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി..
പ്രത്യേകിച്ചൊന്നും തോന്നിയില്ല ഒരു നേർത്ത ചിരി അല്ലാതെ..
കാരണം, അവർക്ക് മറ്റെങ്ങും പോവാനില്ല എന്നത് എനിക്കറിയാം ആയിരുന്നു അവരുടെ കാമുകനുമായി എന്തോ പ്രശ്നത്തിന് പിണങ്ങി അവർ അവിടെ നിന്നും പോന്നതാണ് നാട്ടിൽ അമ്മൂമ്മ അവർക്കായി നൽകിയ സ്ഥലം പോലും വിറ്റ് ആ പണം അയാൾക്ക് നൽകിയിരുന്നു ഒരിക്കൽ ഇവർ…
അയാൾ ഇവരെ വിദഗ്ധമായി പറ്റിക്കുകയായിരുന്നു എന്ന് വേണം കരുതാൻ…
അവർക്ക് അവിടെ ജോലിയുള്ളപ്പോൾ ആ പണം പോലും ഒരുപക്ഷേ നൽകിയിരുന്നത് അയാൾക്ക് ആയിരിക്കും പിന്നീട് ഇവരുടെ ശ്രദ്ധകളും കൈക്കലാക്കി മെല്ലെ അയാൾ പൊടിയും തട്ടി പോയി..
ഇനിയുള്ളത് ആങ്ങളയുടെ വീടാണ് അമ്മായിയുടെ സ്വഭാവം വച്ച് അങ്ങോട്ട് ചെന്നാൽ എന്തുണ്ടാകും എന്ന് ഊഹിക്കാമായിരുന്നു..
അന്വേഷിക്കാനോ ചോദിച്ചറിയാനോ ചെന്നില്ല.. പക്ഷേ ഒരാഴ്ച കഴിഞ്ഞതും അവർ ഇങ്ങോട്ട് തന്നെ വന്നിരുന്നു..
കയറാനും പറഞ്ഞില്ല ഇറങ്ങിപ്പോവാനും പറഞ്ഞില്ല ഇത് അവർക്കുള്ള ശിക്ഷയാണ് ഇനിയുള്ള കാലം മുഴുവൻ ഇവിടെ ഇങ്ങനെ ആരുടെയും ആരുമല്ലാതെ ഒരു അധികപ്പറ്റ് പോലെ ജീവിച്ചു തീർക്കണം എന്നത്..
ഒരു ബാല്യം മുഴുവൻ അവർ കാരണം നഷ്ടപ്പെട്ട ഈ ഞാൻ വിധിച്ച ശിക്ഷ.