(രചന: J. K)
ഇന്നവരുടെ വിവാഹമാണ്.. അതിനോട് പൊരുത്തപ്പെടാൻ ആവാതെ കുറച്ചുനേരം ഇരുന്നു ലക്ഷ്മി.. പ്രാണനായി കണ്ടവനാണ് സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്നത്..
എത്രയൊക്കെ വിശാലമനസ്കത പറഞ്ഞാലും ഇത്തരം കാര്യങ്ങൾ വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ടായിരുന്നു ലക്ഷ്മിക്കപ്പോൾ…
തൊട്ടടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ചാണ് വിനോദേട്ടന്റെയും പ്രിയയുടെയും താലികെട്ട് വയ്യ എന്ന് പറഞ്ഞ് മനപ്പൂർവം തന്നെയാണ് അങ്ങോട്ട് പോകാതിരുന്നത് ആരും നിർബന്ധിച്ചതും ഇല്ല…
കുറേനേരം കരഞ്ഞതും തല വെട്ടിപ്പൊളിയും പോലൊരു വേദന അറിഞ്ഞു ലക്ഷ്മി അതുകൊണ്ടാണ് വേഗം മുറിയിലേക്ക് പോയി കട്ടിലിലേക്ക് വീണത് മെല്ലെ ഓർമ്മകൾ അവളെ വീണ്ടും അലോസരപ്പെടുത്താൻ എത്തിയിരുന്നു..
ചെറുപ്പത്തിലെ പറഞ്ഞു വച്ചതായിരുന്നു അച്ഛൻ പെങ്ങളുടെ മകൻ വിനോദമായുള്ള തന്റെ വിവാഹം.. അന്ന് ആ കാര്യത്തിന്റെ സീരിയസ്നെസ് ഒന്നും അറിയില്ലായിരുന്നു പക്ഷേ ക്രമേണ വളർന്നപ്പോൾ ഈ ഒരു മോഹവും തന്നിൽ വളർന്നുകൊണ്ടിരുന്നു…
അവസാന നിമിഷത്തിൽ എല്ലാം ഇതുപോലെ കൈവിട്ടു പോകും എന്ന് കരുതിയില്ല..
അത്രയ്ക്ക് അയാളെ താൻ മോഹിച്ചിരുന്നു ഒരുപക്ഷേ ജീവിതത്തിൽ ചേർത്തുപിടിക്കാൻ ആരും ഇല്ലാത്തതുകൊണ്ടാവാം..
ഒന്നാം ക്ലാസിൽ എത്തിയപ്പോഴേക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു… ഒരു ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ വെള്ള പുതച്ചു കിടത്തിയ അമ്മയുടെ ദേഹമാണ് കണ്ടത്..
അധികം താമസിയാതെ തന്നെ അച്ഛൻ മറ്റൊരു സ്ത്രീയെയും ഒരു പെൺകുട്ടിയെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു തന്നെക്കാൾ രണ്ടോ മൂന്നോ വയസ് പ്രായം ഇളയതായിരുന്നു ആ കുട്ടി…
ഈയൊരു കാരണം കൊണ്ടാണ് തന്റെ അമ്മ ഇല്ലാതായത് എന്നത് പിന്നീട് വലുതായപ്പോൾ കിട്ടിയ ഒരു തിരിച്ചറിവ് ആയിരുന്നു.. അച്ഛൻ എന്തോ അതിൽ മനസ്താപം ഉണ്ടായിരുന്നതുകൊണ്ട് ആവാം പിന്നീട് അവരെക്കാൾ ഒരല്പം അലിവ് എന്നോട് കൂടുതൽ കാണിച്ചത്..
കഥയിൽ കേട്ടുപഴകിയ രണ്ടാനമ്മയുടെ ക്രൂരതയൊന്നും ഇല്ലെങ്കിലും അവർ എന്റെ യാതൊരു കാര്യത്തിലും ഇടപെട്ടിരുന്നില്ല…
പകരം എന്നെക്കാൾ അല്പം സ്വാർത്ഥത സ്വന്തം മകളോട് ഉണ്ടായിരുന്നു താനും..
തന്നെയുമല്ല ആർക്കും അത്ര പെട്ടെന്ന് മനസ്സിലാവാത്ത ഒരു മത്സരം അവർക്കു എന്നോട് രൂപപ്പെട്ടിരുന്നു..
എന്തിനാണെന്ന് എനിക്ക് പോലും അറിയാത്ത മത്സരം..
അതുകൊണ്ടാണല്ലോ നല്ല ബന്ധമാണെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ നിന്നും വിനോദേട്ടനെ തട്ടിയെടുത്ത് സ്വന്തം മകൾക്ക് കൊടുത്തത് .
ഒരിക്കലും ഞാൻ അതിന് സമ്മതിക്കില്ലായിരുന്നു വിനോദേട്ടനും ആ ബന്ധത്തിന് എതിർപ്പില്ല എന്ന് അറിയുന്നത് വരെ..
ഇങ്ങോട്ടില്ലാത്ത ബന്ധം എന്തിനാണ് അങ്ങോട്ട് മാത്രം കൽപ്പിച്ച് നിൽക്കുന്നത് എന്ന് കരുതിയാണ് ഞാൻ പിന്നെ ഒന്നും അതിനെപ്പറ്റി സംസാരിക്കാതിരുന്നത്.. അവർ തമ്മിലുള്ള വിവാഹം നടക്കണം എന്നത് ചെറിയ അമ്മയുടെ ആഗ്രഹമായിരുന്നു..
എന്നേക്കാൾ കാണാൻ ഭംഗിയും പഠിപ്പും ഉള്ളവളെ വിനോദേട്ടന്റെ വീട്ടുകാർക്കും ബോധിച്ചു… ഒരുപക്ഷേ വിനോദേട്ടന്റെ എതിർപ്പില്ലായ്മയ്ക്ക് കാരണവും അതുതന്നെയാവാം…
പക്ഷേ എനിക്ക് എപ്പോഴും അത്ഭുതം ആയിരുന്നു ചെറുപ്പം മുതല് പറഞ്ഞുവെച്ച ആളുടെ കണ്ണിൽ എപ്പഴൊക്കെയോ പ്രണയം ഞാൻ കണ്ടതാണ് ഇങ്ങനെ ഒരാൾക്ക് പെട്ടെന്ന് മാറാൻ കഴിയുമോ…
എന്നോട് വലിയ വിജയം നേടിയതുപോലെ ആയിരുന്നു ചെറിയമ്മ അവരുടെ വിവാഹം തീരുമാനിച്ച കാര്യം വന്നു പറഞ്ഞത് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല
കാരണം നമ്മളെ വേണ്ടാത്ത ഒരാളെ മുറുകെ പിടിച്ചിട്ട് എന്താണ് കാര്യം എന്ന് ഇതിനെ പറ്റി അവർ ചർച്ച ചെയ്യുമ്പോൾ മുതൽ ഞാൻ ചിന്തിക്കാൻ തുടങ്ങിയിരുന്നു..
അവരുടെ വിവാഹം കഴിഞ്ഞതും എന്നെ ബോധിപ്പിക്കാൻ ആ കയ്യും പിടിച്ചു തമാശകളും കളിചിരികളുമായി അങ്ങോട്ടുമിങ്ങോട്ടും വെറുതെ എങ്കിൽ പോലും നടന്നിരുന്നു പ്രിയ..
എനിക്കെന്തോ അതൊക്കെ കാണുമ്പോൾ അവളോട് സഹതാപമാണ് വന്നത്.
എന്റെ മുഖത്തെ നിസ്സംഗഭാവം കണ്ടിട്ടാവണം അവൾ പിന്നെ അതൊന്നും ആവർത്തിക്കാതിരുന്നത്..
ഒരിക്കൽ അവർ ഇങ്ങോട്ടേക്ക് നിൽക്കാൻ വേണ്ടി വന്നപ്പോൾ വിനോദേട്ടൻ എന്നോട് എന്തോ ചോദിച്ചു ഞാനതിന് മറുപടിയും പറഞ്ഞു
എനിക്ക് അയാളിൽ നിന്ന് ഒളിച്ചു നടക്കേണ്ട ആവശ്യമില്ലല്ലോ അത് കണ്ടുകൊണ്ടുവന്ന പ്രിയ അവിടം തിരിച്ചുവച്ചു ഞങ്ങൾ തമ്മിൽ എന്തൊക്കെയോ ഇപ്പോഴും ഉണ്ടെന്നു പറഞ്ഞ് കരച്ചിലായി ബഹളമായി..
അതോടെ ചെറിയമ്മയുടെ മട്ടും ഭാവവും മാറി അവരുടെ മകളുടെ ജീവിതം തകർക്കാൻ വന്ന ഒരു വില്ലത്തിയുടെ വേഷം എനിക്ക് ചാർത്തി തന്നു അച്ഛനോടും അവർ അത് ആ തരത്തിൽ പറഞ്ഞു കൊടുത്തു..
അച്ഛൻ വിശ്വസിച്ചു ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു പിറ്റേദിവസം തന്നെ കല്യാണ ദല്ലാൾ വീട്ടിൽ വന്നിരുന്നു എന്റെ ജാതകക്കുറിപ്പ് മേടിക്കാൻ…
അതെടുത്ത് കൊടുത്ത് അച്ഛന്‍ അയാളോട് പറയുന്നത് കേട്ടു എവിടെ നിന്നായാലും വേണ്ടില്ല എങ്ങനത്തെ ആളായാലും വേണ്ടില്ല എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടക്കണം അത്രയേ വേണ്ടൂ എന്ന്..
അങ്ങനെ ഇറക്കിവിടാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു.. അവർ പറഞ്ഞതുപോലെ അങ്ങനെ ഏതെങ്കിലും ഒരാളുടെ താലിയും കെട്ടി എങ്ങനെയെങ്കിലും ഒരാളുടെ കൂടെ പോകാൻ എനിക്ക് സമ്മതമല്ലായിരുന്നു..
അത് തുറന്നു പറഞ്ഞപ്പോൾ വീണ്ടും അവിടെ വലിയ പ്രശ്നമായി ചെറിയമ്മയുടെ മകളുടെ ജീവിതം മോഹിച്ചാണ് ഞാൻ ഇങ്ങനെയൊക്കെ തീരുമാനിക്കുന്നത് എന്ന് പറഞ്ഞ് അവർ വീണ്ടും ബഹളമായി..
ഒടുവിൽ അച്ഛൻ കയറി ഇടപെട്ടു എന്നോട് ഏതു വിവാഹമായാലും സമ്മതിക്കണം എന്ന് പറഞ്ഞു…
തീർത്തു തന്നെ പറഞ്ഞു എനിക്ക് പറ്റില്ല എന്ന് അവരുടെയെല്ലാം ജീവിതം സുരക്ഷിതമാക്കാൻ അങ്ങനെ തോന്നിയതുപോലെ ഇറങ്ങി ആരുടെയെങ്കിലും കൂടെ പോകാൻ എനിക്ക് ഒരുക്കമല്ല എന്ന്…
പിന്നെ എന്താണ് നിന്റെ ഭാവം എന്ന് ചോദിച്ചവരോട്, നിവർന്ന് നിന്ന് തന്നെ പറഞ്ഞു.. എനിക്കൊരു ജോലി ശരിയായിട്ടുണ്ട് എന്നും.. അതും ചെയ്തു സ്വന്തം കാലിൽ നിൽക്കണം എന്നും…
പത്താം ക്ലാസിൽ തോറ്റവർക്ക് കലക്ടർ ഉദ്യോഗം എടുത്തു വച്ചിരിക്കുകയാണ് എന്ന് ചെറിയമ്മ കളിയാക്കി പറഞ്ഞു…
“” ലോകത്ത് കലക്ടർ ഉദ്യോഗം മാത്രമല്ലല്ലോ ഉള്ളത്” എന്ന് ഞാൻ മറുപടിയും കൊടുത്തു. അത് ചെറിയൊരു സംരംഭം ആയിരുന്നു വീട്ടിലെ ഊണ് എന്ന പേരിൽ..
കളങ്കമില്ലാത്ത ആത്മാർത്ഥത നിറഞ്ഞ മനസ്സോടെ ഞങ്ങൾ കുറച്ചു പെണ്ണുങ്ങൾ നാട്ടുകാർക്ക് വെച്ചു വിളമ്പി.. വൻ വിജയമായിരുന്നു.. അതുപോലെ മൂന്നാലെണ്ണം കൂടി ഞങ്ങൾക്ക് തുടങ്ങാൻ കഴിഞ്ഞു..
കളിയാക്കിയവർക്ക് മുന്നിലൂടെ നെഞ്ചുവിരിച്ച് നടക്കാൻ കഴിഞ്ഞു.. എല്ലാം അറിഞ്ഞ് ഒരാൾ വന്നപ്പോൾ വിവാഹത്തിന് എനിക്ക് എതിരൊന്നും ഇല്ലായിരുന്നു..
എല്ലാം തട്ടിയെടുത്ത് ജയിച്ചു എന്ന് കരുതിയവരുടെ മുന്നിൽ അവരെക്കാൾ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു ആനന്ദം ഉണ്ടല്ലോ .
അത് പറഞ്ഞറിയിക്കാൻ പോലും വയ്യ… ആ ഒരു സന്തോഷത്തിന്റെ നെറുകയിലാണ് ഞാനിപ്പോൾ..