രചന: J. K)
അരുണ ടീച്ചർ കുറെ ദിവസമായി ആ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വല്ലാതെ മൂഡി ആണ് കുറച്ചു നാളായി…..
ആ കുട്ടി ഭയങ്കര ആക്റ്റീവ് ആയിരുന്നു ആദ്യമൊക്കെ പക്ഷേ ഇപ്പോൾ ആരോടും മിണ്ടില്ല വന്നാൽ തന്നെ ഡെസ്കിൽ തല വച്ച് കിടക്കുന്നത് കാണാം
ടീച്ചർക്ക് അതുകൊണ്ട് അവൾക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് തോന്നി ആരും അറിയാതെ അവളെ അടുത്തേക്ക് വിളിച്ച് ഒത്തിരി ചോദിച്ചു….
അഞ്ചു “”””എന്തു പറ്റി തനിക്ക് എന്ന് ഒന്നും പറഞ്ഞില്ല എനിക്ക് ഒന്നുമില്ല ടീച്ചറെ എന്ന് പറഞ്ഞു…..
അതല്ല സത്യം എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു…
പക്ഷേ അവൾ മനസ്സ് തുറക്കാതെ അവളുടെ ഉള്ളിലുള്ള കാര്യം അറിയാൻ പറ്റില്ലല്ലോ… ഒരു എട്ടാം ക്ലാസുകാരിയോട് ചോദിക്കുന്നതിലും പരിധിയുണ്ട്…. അതുകൊണ്ട് അരുണ ടീച്ചർ പിന്നെ ഒന്നും ചോദിച്ചില്ല….
ആയിടയ്ക്കാണ് ഒരു ദിവസം അസംബ്ലി നടക്കുമ്പോൾ ആ കുട്ടി തലചുറ്റി വീണത്…
വെയിലത്ത് കുറേനേരം കുട്ടികൾ നിൽക്കുമ്പോൾ തലകറങ്ങി വീഴുന്നത് സ്വാഭാവികമാണ് പക്ഷേ, അരുണ ടീച്ചർക്ക് ഇതിൽ എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി….
ഇതിനുമുമ്പും അവൾ വയറുവേദനയാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു അസ്വസ്ഥതകൾ കാണിച്ചിരുന്നു..
അതുകൊണ്ടാണ് മറ്റുള്ള ടീച്ചേർസ് നോട് സംസാരിച്ച് അവളെ ഒന്ന് ഡോക്ടറെ കാണിക്കണം എന്ന് പറഞ്ഞു കൂട്ടിയത്….
ഡോക്ടർ അവളെ പരിശോധിച്ചു..
അതുകഴിഞ്ഞ് ഡോക്ടർ എന്നെ അകത്തേക്ക് വിളിപ്പിച്ചു….
ഡോക്ടറുടെ മുഖമത്ര സുഖകരം അല്ലായിരുന്നു….
“” ഈ കുട്ടി എത്രാം ക്ലാസിൽ ആണ് എന്നാണ് പറഞ്ഞത്….
എന്ന് ചോദിച്ചപ്പോൾ,
എട്ടാംക്ലാസിൽ””””
എന്ന് ഞാൻ മറുപടി പറഞ്ഞു എങ്കിൽ ഈ കുട്ടി ഗർഭിണിയാണ് ഇത് മൂന്നുമാസം ആയിട്ടുണ്ട്….
വല്ലാത്തൊരു ഞെട്ടലായിരുന്നു എനിക്ക് കാരണം കളി ചിരി മാറാത്ത പ്രായം ആണ് ആ കുട്ടിയുടെ ആ പ്രായത്തിൽ ആ കുട്ടിക്ക് ഇങ്ങനെ….
ഇത്രയും ക്രൂരത ആ കുഞ്ഞിനോട് ആർക്കാണ് ചെയ്യാൻ തോന്നിയത് എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു എന്ത് വേണം എന്നറിയാതെ ഇരുന്നു ഞാൻ…
ആ കുഞ്ഞിന്റെ മുഖം താണിരുന്നു എനിക്ക് അവളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല അവളെയും കൂട്ടി ഓട്ടോയിൽ കയറി ഞങ്ങൾ സ്കൂളിലേക്ക് തന്നെ പോയി….
മറ്റ് ടീച്ചേഴ്സ് എന്റെ ചുറ്റിലും വന്നു എന്താണ് പറ്റിയത് എന്ന് ചോദിച്ചു…
ഏയ് ഒന്നുമില്ല… എന്നുപറഞ്ഞ് അവരെയെല്ലാം ഒഴിവാക്കി എന്ത് ചെയ്യണമെന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു ഞാൻ അവളുടെ അടുത്തെത്തി…
സ്റ്റാഫ് റൂമിൽ കൊണ്ട് ഇരുത്തി…
എന്താ മോളെ ഉണ്ടായത് നിന്റെ അമ്മയോട് പറയുന്നതുപോലെ നിനക്ക് എന്നോട് എല്ലാം പറയാം….
എന്നു പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു അത് കാണേ എന്റെ ഉള്ളിൽ ഒരു നോവ് പടർന്നു….
അവൾ പറഞ്ഞു തുടങ്ങി..
അവളുടെ ചെറുപ്പത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചിട്ട് പോയതാണ് ഞങ്ങളെ പിന്നെയുള്ളത് അമ്മ മാത്രമാണ്….അമ്മ പല വീടുകളിലും ജോലി ചെയ്താണ് അവരെ വളർത്തിയിരുന്നത്….
അമ്മയ്ക്ക് ശരിക്കും ഞാനും അനിയത്തിയും ഒരു ഭാരമാണ് കാരണം അയാളുടെ കുഞ്ഞുങ്ങളെ നോക്കേണ്ട ഗതികേട് കൂടി അമ്മയ്ക്ക് വന്നു എന്ന് പറയും…
ഇത്തിരി പോലും സമാധാനം ഇല്ലാതെയാണ് വീട്ടിൽനിന്ന് ഒരു വറ്റ് പോലും കഴിക്കുന്നത്…..
അഞ്ചാംക്ലാസ് മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങിയതാണ് അപ്പുറത്തെ വീട്ടിൽ അവിടെ നിന്നും കിട്ടുന്ന പൈസ ഒക്കെ അമ്മ മേടിക്കും എന്നാലും ചീത്ത പറയും അടിക്കും….
എന്നിട്ടും ഞങ്ങൾ അതെല്ലാം സഹിച്ചു.. ഒരിക്കൽ അമ്മയുടെ ജോലി സ്ഥലത്തുള്ള ഒരാളുമായി അമ്മ വീട്ടിൽ വന്നു….
അന്ന് അയാൾ ഞങ്ങൾക്ക് പലഹാരവും ഡ്രസ്സും ഒക്കെ വാങ്ങി തന്നിരുന്നു….
വല്ലാത്ത സ്നേഹവും കാണിച്ചു പക്ഷേ അതൊന്നും നല്ലതായി ഞങ്ങൾക്ക് തോന്നിയില്ല…
അയാൾ പിന്നെ ഇടക്കിടക്ക് വരാൻ തുടങ്ങി അയാളുടെ ചിരിയും നോട്ടവും ഒന്നും ശരിയായിരുന്നില്ല ഞാനും അനിയത്തിയും അമ്മയോട് ഒത്തിരി പറഞ്ഞതാണ് ആ മാമൻ നല്ലതല്ലാ ചീത്ത ആണെന്ന് പക്ഷേ അമ്മ ഞങ്ങളെ ചീത്ത പറഞ്ഞു അടിച്ചു….
പിന്നെ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല ഒരു ദിവസം അമ്മ ജോലിക്ക് പോയപ്പോൾ മാമൻ വീട്ടിൽ വന്നിരുന്നു അയാളെന്നെ……
കരയാൻ തുടങ്ങിയവളെ ഒന്ന് തൊട്ടപ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് ചേർന്ന് കരഞ്ഞു….
അവൾ അനുഭവിച്ചത് ഓർത്ത് എന്റെ മിഴികൾ നീറി തുടങ്ങിയിരുന്നു അവളോട് എന്ത് പറയണം അല്ലെങ്കിൽ ഇതിനു എങ്ങനെ പരിഹാരം ഉണ്ടാകണം എന്ന് എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല…
അവളെ ഞാൻ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു അമ്മയോട് പറയുന്നില്ലെ എല്ലാം എന്ന്….
“”” പറഞ്ഞപ്പോൾ ആരോടും പറയരുത് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു എനിക്ക് അത്ഭുതമായിരുന്നു ഇങ്ങനെയും അമ്മമാരോ എന്ന് ആലോചിച്ച്….
എല്ലാത്തിനും പരിഹാരം കാണാം എന്നു പറഞ്ഞ് സമാധാനിപ്പിച്ച് അന്ന് ഞാൻ അവളെ വീട്ടിലേക്ക് വിട്ടു…
വീട്ടിൽ എത്തിയത് മുതൽ ഞാൻ ആലോചിക്കുകയായിരുന്നു ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എല്ലാവരോടും പറഞ്ഞാൽ ഒരു പക്ഷേ അയാൾക്ക് ശിക്ഷ ലഭിക്കും ആയിരിക്കും…
പക്ഷേ മറ്റുള്ളവരുടെ കണ്ണിലെ പിന്നീടുള്ള അവളുടെ സ്ഥാനം എന്തായിരിക്കും അവളുടെ അനിയത്തിയുടെ ഭാവി എന്തായിരിക്കും???
എല്ലാം കൂടി ആലോചിച്ച് എനിക്ക് ഭ്രാന്ത് വരുന്ന പോലെ തോന്നി ഇതിനൊരു പരിഹാരവും ഇല്ലല്ലോ എന്നോർത്ത് എനിക്ക് വിഷമമായി….
ഇനി ഒരാൾ ഓടുകൂടി ചോദിച്ച ഒരു തീരുമാനം എടുക്കാമെന്ന് കരുതി… പിറ്റേദിവസം രാവിലെ എന്റെ ഫോൺ നിർത്താതെ അടിച്ചു അത് എടുത്ത് കേട്ട വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി….
ടീച്ചറുടെ ക്ലാസ്സിൽ പഠിക്കുന്ന അഞ്ചു ആരെയോ കൊന്നു എന്ന്… കേട്ടതിൽ ചുറ്റിപ്പറ്റിനിന്നു എന്റെ മനസ്സ് വേഗം അവിടേക്ക് പോയി അവളുടെ വീട്ടിലേക്ക്…
പോലീസ് വന്ന് അവരുടെ നടപടികൾ പൂർത്തിയാകുന്നുണ്ടായിരുന്നു കൈയിൽ വിലങ്ങു വച്ചിട്ട് ഉണ്ടായിരുന്നില്ല… പക്ഷേ അവൾ പോലീസുകാരാൽ ചുറ്റപ്പെട്ട നിൽക്കുകയായിരുന്നു….
ഞാൻ പോയി അവളുടെ അടുത്തേക്ക് ടീച്ചർ ആണ് എന്ന് പറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടാതെ അവളോട് സംസാരിക്കാൻ ഇത്തിരി സമയം തന്നു…
അവളുടെ മുഖത്ത് നിറഞ്ഞ ഒരു ചിരി ആയിരുന്നു ഞാൻ കണ്ടത് അത് കാണെ ഞാൻ അത്ഭുതത്തോടെ ആ കുട്ടിയെ നോക്കി….
ഇന്നലെ അയാൾ വീണ്ടും വന്നു ടീച്ചറെ… ന്റെ പാവം അനിയത്തിയെ കൂടെ അയാൾ…….
കണ്ടപ്പോൾ സഹിച്ചില്ല ഇനിയൊരാൾ കൂടി എന്നെ പോലെ അനുഭവിക്കേണ്ട… അതുകൊണ്ട് അവിടെ കിടന്ന അരിവാൾ എടുത്ത് അയാളുടെ തലയിലേക്ക് സർവ്വശക്തിയുമെടുത്ത്….
പോലീസുകാരോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അനിയത്തിയെ ഇനിയും ആ സ്ത്രീയുടെ കൂടെ നിർത്തില്ല.. ഇങ്ങനെ ഒരു അമ്മ ഉള്ളതിനേക്കാൾ അനാഥയായി കഴിയുന്നത് തന്നെയല്ലേ ടീച്ചറെ നല്ലത് എനിക്ക് ഇനി സമാധാനത്തോടെ ജയിലിലേക്ക് പോകാം….
ഞാൻ അല്പം വൈകിപ്പോയി എന്റെ ദേഹത്ത് അയാൾ തൊടുന്നതിനു മുമ്പ് തന്നെ ഇത് ചെയ്യണം ആയിരുന്നു അന്ന് പക്ഷെ എനിക്ക് ധൈര്യം കിട്ടിയില്ല ഇന്ന് പാവം എന്റെ അനിയത്തിക്ക് വേണ്ടി ആയപ്പോൾ എനിക്ക് ധൈര്യം കിട്ടി….
എന്നെ തന്നെ സ്വയം നഷ്ടപ്പെട്ട അവൾ പറഞ്ഞത് കേട്ട് നിൽക്കുകയായിരുന്നു ഞാൻ…
അവളെ പിടിച്ച് പോലീസുകാർ കൊണ്ടു പോകുമ്പോൾ എന്നെ നോക്കി പറഞ്ഞിരുന്നു ഇപ്പൊ എന്റെ മനസ്സിൽ അമ്മ എന്ന് ആലോചിക്കുമ്പോൾ എന്തോ ടീച്ചറുടെ മുഖം ആണ് വരുന്നത് എന്ന്…..
അപ്പോഴും അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു ഞാൻ….