(രചന: J. K)
ആറ് മാസം കഴിഞ്ഞ് അവർ വീണ്ടും കണ്ടുമുട്ടിയത് കോടതി വളപ്പിൽ വെച്ചാണ്..
“”നീമ ഒന്നുകൂടി ആലോചിച്ചു നോക്കൂ.. നിനക്ക് രണ്ട് പെൺകുട്ടികളാണ്.. എല്ലാം വേണ്ട എന്ന് വയ്ക്കാൻ എളുപ്പമാണ് കൂട്ടിച്ചേർക്കാൻ ആണ് പാട്..””
ചേച്ചിയാണ് ഉപദേശിക്കുന്നത്..വല്യച്ഛന്റെ മകൾ…
ഇത്രയും തന്റെ കാര്യങ്ങൾ അറിയുന്നവരു കൂടി തന്നെ ഇങ്ങനെ ഉപദേശിക്കുന്നത് കേട്ട് പലപ്പോഴും നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ട്.. ഇപ്പോഴും തനിക്ക് അതിന് മാത്രമേ കഴിയുന്നുള്ളൂലോ എന്ന് വേദനയോടെ ഓർത്തു നീമ…
“” എന്തുതന്നെ വന്നാലും ഈ വിവാഹമോചനം എനിക്ക് വേണം ചേച്ചി.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല എന്ന് പറഞ്ഞ് അകത്തേക്ക് നടന്നു.”
മ്യൂച്ചൽ ഡിവോഴ്സ് ആയതുകൊണ്ട് വലിയ താമസം ഉണ്ടാവില്ല എന്ന വക്കീൽ പറഞ്ഞിരുന്നു.. അവിടെ നിന്ന് ഇറങ്ങുമ്പോൾ കണ്ടു കോടതി മുറ്റത്ത് അയാളെ.. എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട അച്ഛനെ…
തങ്ങൾക്കിടയിലെ ഈ പ്രശ്നങ്ങൾക്കും ഈ ബന്ധം ഇങ്ങനെയാവാനും അയാൾ മാത്രമാണോ കാരണം എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം..
വെറുതെ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഇങ്ങനെ കടന്നുവന്നു..
അച്ഛൻ ചെറുപ്പത്തിലെ മരിച്ചതുകൊണ്ട് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ജീവിതത്തിൽ.. അമ്മയ്ക്ക് ഞാനും എനിക്ക് അമ്മയുമായി കുറെ വർഷങ്ങൾ..
ഇതിനിടയിൽ ജീവിക്കാൻ കുറെ കഷ്ടപ്പെട്ടിരുന്നു അമ്മ എല്ലാ ജോലിയ്ക്കും പോകും അങ്ങനെയാണ് വളർത്തിയത്..
പഠിക്കാൻ അത്യാവശ്യം കഴിവുണ്ടായിരുന്നിട്ടും പ്ലസ് ടു കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടാണ്.. ഇനിയും അമ്മയെ ബുദ്ധിമുട്ടിക്കാൻ വയ്യാഞ്ഞിട്ടാണ്..
ഇതിനിടയിൽ അമ്മ എപ്പോഴൊക്കെയോ പറയുന്നത് കേട്ടിരുന്നു. ഏതെങ്കിലും ഒരു കൈയിൽ നിന്നെ പിടിച്ചേൽപ്പിച്ചാലേ എനിക്ക് കണ്ണടയ്ക്കാൻ പോലും സമാധാനം കേട്ടു എന്ന്…
എന്റെ വിവാഹമാണ് അമ്മയുടെ എന്നേന്നേക്കും ഉള്ള സമാധാനം എന്ന് ഞാനും ധരിച്ചു..
വിവാഹാലോചനകൾ വന്നപ്പോൾ ഓരോന്ന് ഓരോ പേരിൽ മാറി മാറിപ്പോയി ചിലർക്ക് അച്ഛനില്ലാത്തതായിരുന്നു പ്രശ്നം ചിലർക്ക് വീട്ടിലേക്ക് വഴിയില്ല..
ചിലർക്ക് വലിയ സ്ത്രീധനം വേണം..
അങ്ങനെയാണ് അയാളുടെ ആലോചന വരുന്നത്..
“”സുഗുണൻ…” അതായിരുന്നു അയാളുടെ പേര് നാലു പെങ്ങന്മാർക്ക് ആകെയുള്ള ഒരു ആങ്ങള നാലു പെങ്ങന്മാരുടെയും വിവാഹം കഴിഞ്ഞ് പോയതുകൊണ്ട് വീട്ടിൽ സുഗുണനും അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
തടിമില്ലിൽ കണക്ക് എഴുതുന്ന പണിയായിരുന്നു അയാൾക്ക്..
വേറെ ബാധ്യതകൾ ഒന്നുമില്ലാത്തതും സ്ത്രീധനം ചോദിക്കാത്തതും എല്ലാം അയാളുടെ പ്ലസ് പോയിന്റുകൾ ആയിരുന്നു.. അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ ആ വിവാഹം നടന്നു..
ഒരുതരം യാന്ത്രികത നിറഞ്ഞ ജീവിതം ആയിരുന്നു അവിടെ.. അയാൾ രാവിലെ എണീറ്റ് ജോലിക്ക് പോകും അപ്പോഴേക്കും അയാൾക്കുള്ളതെല്ലാം തയ്യാറാക്കി കൊടുക്കണം..
വൈകിട്ട് അയാൾ തിരിച്ചു വരും. അപ്പോഴേക്കും അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കണം പിന്നെ രാത്രി വഴിപാട് പോലെ ശാരീരിക ബന്ധം..
ഇതിനിടയിൽ ഞങ്ങൾ തമ്മിൽ സംസാരം പോലും കുറവായിരുന്നു എന്തെങ്കിലും ഞാൻ അങ്ങോട്ട് ചോദിച്ചാൽ അതിനുള്ള മറുപടി തരും അല്ലാതെ എന്റെ കാര്യങ്ങൾ എന്താണെന്ന് ഒന്ന് ചോദിക്കാൻ പോലും അയാൾ നിൽക്കാറില്ല…
ആ ജീവിതത്തോട് പൊരുത്തപ്പെട്ട് അങ്ങനെയങ്ങ് മുന്നോട്ട് പോവുകയായിരുന്നു.
അപ്പോഴാണ് അയാളുടെ അച്ഛന്റെ എന്നോടുള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വഭാവികത എനിക്ക് തോന്നിയത്..
മുറ്റമടിക്കുമ്പോഴും മറ്റും അനാവശ്യമായി വന്ന് നോക്കി നിൽക്കുന്നത് കാണാം. എനിക്ക് അതെല്ലാം അരോചകമായി തോന്നി..
പിന്നെ അനാവശ്യമായുള്ള ദേഹത്ത് തട്ടലും മുട്ടലും..
ആദ്യമൊക്കെ വെറുതെ ഒരു തോന്നലാകും എന്ന് കരുതി തള്ളിക്കളഞ്ഞു പക്ഷേ പിന്നീട് അങ്ങോട്ട് ഉപദ്രവം കൂടി വരികയാണ് ചെയ്തത് അമ്മയോട് പറയാൻ പറ്റില്ലായിരുന്നു കാരണം ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അമ്മ എല്ലാം എന്റെ തലയിൽ വച്ചുതരും സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്…
അവർക്ക് അവരുടെ പെൺമക്കളോട് മാത്രമായിരുന്നു സ്നേഹം. ഞാൻ ഒരു മരുമകൾ എന്നത് പണി ചെയ്യാനും അമ്മയുടെ ഇല സീതകൾ കേൾക്കാനും ഉള്ള ഒരാൾ മാത്രമായിരുന്നു..
പിന്നെയുള്ളത് ഭർത്താവാണ് അയാളോട് ഇതെല്ലാം പറയാൻ മാത്രം ഒരു അടുപ്പവും എനിക്ക് അയാളോട് തോന്നിയിട്ടില്ല നാളിതുവരെ…
പിന്നെ ഞാൻ ഈയൊരു കാര്യം പറഞ്ഞാൽ അത് എങ്ങനെ അയാൾ എടുക്കും എന്നും എനിക്ക് ആശങ്കയുണ്ടായിരുന്നു അതുകൊണ്ട് തന്നെ മിണ്ടാതെ വച്ചു. അങ്ങനെയാണ് അറിഞ്ഞത് ഞാൻ ഗർഭിണിയാണ് എന്ന്…
മൂന്നാലു മാസം എങ്ങനെയൊക്കെ അവിടെ കടിച്ചുപിടിച്ചു നിന്നു പിന്നെ ഒട്ടും വയ്യ എന്ന് പറഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് പോയി..
പിന്നെ പ്രസവം ഒക്കെ കഴിഞ്ഞ് കുട്ടിക്ക് മൂന്നുമാസമായിട്ടാണ് തിരിച്ചു വന്നുള്ളൂ..
കുഞ്ഞിനെ പോലും അയാൾ ഒന്ന് എടുക്കുകയോ ലാളിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ല…
“” അവൻ അങ്ങനെയാ ഒന്നും അറിഞ്ഞുകൂടാ ഒരു പാവമാ.. ശുദ്ധൻ !!ഇതായിരുന്നു അമ്മയുടെ സ്ഥിരം ഡയലോഗ്…
കുഞ്ഞിന് മനസമാധാനത്തോടെ ഒന്നിരുന്ന് പാല് കൊടുക്കാൻ പോലും പറ്റിയ അവസ്ഥ ആയിരുന്നില്ല അവിടെ അയാളുടെ അച്ഛൻ വെറുതെ ഓരോ കാര്യം പറഞ്ഞ് മുറിയിലേക്ക് കയറി വരും..
അതുകൊണ്ടുതന്നെ റൂം അടച്ചു കുറ്റിയിട്ടിരുന്നാണ് പാല് കൊടുത്തിരുന്നത് അമ്മായി അമ്മ ആ പേര് പറഞ്ഞു എന്നെ ശകാരിക്കാനും ആരംഭിച്ചിരുന്നു..
എന്തായാലും ഇവിടെ നിന്നും മടങ്ങി പോയാൽ എന്റെ അമ്മയ്ക്ക് എത്രത്തോളം വിഷമം ആകും എന്ന് എനിക്ക് അറിയാമായിരുന്നു… അത്രയും കഷ്ടപ്പെട്ടാണ് എന്റെ കല്യാണം നടത്തി തന്നത്.. അതുകൊണ്ട് എന്റെ കഴിവിന്റെ പരമാവധി അവിടെ പിടിച്ചുനിൽക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം….
കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു എന്നിട്ടും വലിയ മാറ്റങ്ങൾ ഒന്നും അവിടെ ഉണ്ടായില്ല..
മനസ്സ് മടുത്തു പോയിരുന്നു..
സ്വന്തം ഭർത്താവിന്റെ തണുപ്പൻ മട്ട് കണ്ടാൽ ഒന്നും പറയാനും തോന്നില്ല എങ്കിലും എപ്പോഴൊക്കെയോ അയാളോട് ഞാൻ ഇതിനെപ്പറ്റി സൂചിപ്പിച്ചു. വേറെ മാർഗ്ഗമില്ലാതെ… അയാൾ ഒന്ന് കേൾക്കാൻ നിൽക്കുക പോലും ചെയ്തില്ല..
ഒരിക്കൽ എന്തോ ഓർത്തുകൊണ്ട് കുഞ്ഞിന് പാല് കൊടുത്തിരുന്ന എന്റെ ദേഹത്തൂടെ അയാളുടെ അച്ഛന്റെ കൈകൾ തഴുകിപ്പോയി.
അയാൾക്ക് അത്രയ്ക്ക് ധൈര്യം ഉണ്ടാകും എന്ന് ഞാനൊരിക്കലും കരുതിയില്ല എനിക്ക് ആകെക്കൂടി ഷോക്കായി പോയി എന്ത് ചെയ്യണം എന്നുപോലും അറിയാത്ത അവസ്ഥ..
ഞാൻ അയാൾ വന്നപ്പോൾ വലിയ പ്രശ്നം പോലെ അത് പറഞ്ഞു. അയാൾ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തുനിന്ന് വലിയ ബഹളം കേട്ടു..
അമ്മായമ്മയായിരുന്നു അവരുടെ മകനെയും കൊണ്ട് ആ വീട് വിട്ട് പോകാനുള്ള എന്റെ നാടകമാണത്രെ ഇതെല്ലാം..
അവർ അതും പറഞ്ഞ് ഉറഞ്ഞുതുള്ളുകയാണ് അമ്മായിയച്ഛനും കൂടെ കൂടിയിട്ടുണ്ട്..
ഇപ്പോ പറഞ്ഞ ഞാൻ മാത്രമാണ് കുറ്റക്കാരി..
ഇതോടുകൂടി അമ്മായിഅമ്മ എന്നോട് മിണ്ടുന്നത് നിർത്തി.. അച്ഛന് കുറേക്കൂടി ധൈര്യമായി ഇനി എന്റെ കാര്യത്തിൽ ആരും ഇടപെടില്ല എന്ന് അയാൾക്ക് മനസ്സിലായിരുന്നു..
ചില കുടുംബക്കാർ ഉപദേശവുമായി എത്തി. എല്ലാം സഹിക്കണം സഹിച്ചവിടെ നിൽക്കണം എന്നൊക്കെ പറഞ്ഞു തന്നു…
ഒരു ദിവസം അമ്മ എങ്ങോട്ടോ പോയതായിരുന്നു അയാളുടെ അച്ഛൻ എന്റെ റൂമിൽ കയറി വന്ന് എന്റെ കയ്യിൽ കയറി പിടിച്ചു അതേസമയത്താണ് എന്തോ ആവശ്യത്തിന് ഭർത്താവ് കയറി വന്നത്..
എന്നെ രക്ഷിക്കാൻ ആരുമില്ല സ്വയം രക്ഷകയാവണം എന്നുള്ള ബോധ്യം എനിക്കുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഞാൻ അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു… ഞാൻ അയാളുടെ മുഖത്ത് അടിക്കുന്നത് ഭർത്താവ് കണ്ടു… അച്ഛൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി..
അയാൾ എല്ലാം കണ്ടു എന്നത് വ്യക്തമായിരുന്നു പക്ഷേ ഒരു അക്ഷരം പോലും മിണ്ടാതെ അവിടെ നിന്നും അയാളും ഇറങ്ങിപ്പോയി..
എന്നെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ എന്റെ വീട്ടിലേക്ക് പോന്നു… അപ്പോഴാണ് ഞാൻ അറിഞ്ഞത് വീണ്ടും ഞാൻ ഗർഭിണിയാണ് എന്ന്..
ഒരു പെണ് കുഞ്ഞിന് കൂടി ജന്മം നൽകി..
അതുകൂടി ആയപ്പോൾ ഇതുവരെ കൂടെ നിന്നവരും തിരിഞ്ഞു പറയാൻ തുടങ്ങിയിരുന്നു ഇനി നിനക്ക് ഒറ്റയ്ക്ക് ഒരിക്കലും ജീവിക്കാൻ ആവില്ല എന്ന്…
പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ ഞാൻ തയ്യാറല്ലായിരുന്നു പരസ്പരം പിരിയാനുള്ള തീരുമാനം എന്റേതായിരുന്നു ഒരക്ഷരം പോലും മറുത്തു പറയാതെ അയാൾ അത് ഒപ്പിട്ടു തന്നു..
പലരും ഉപദേശങ്ങളുമായി വന്നു എല്ലാം മറന്ന് അങ്ങോട്ട് തിരികെ പോണം എന്ന് പറഞ്ഞ്… പക്ഷേ എന്റെ തീരുമാനം മുന്നോട്ടുപോകാൻ തന്നെയായിരുന്നു…
സ്വന്തം ഭാര്യക്ക് സംരക്ഷണം നൽകാൻ കഴിയാത്ത അവളുടെ കാര്യങ്ങൾ ഒന്നും അന്വേഷിക്കാത്ത സ്വന്തം കുഞ്ഞുങ്ങളെ പോലും ഒന്ന് നോക്കാൻ കഴിയാത്ത ഭർത്താവ് എന്ന നിലയിലും
ഒരച്ഛൻ എന്ന നിലയിലും പൂർണ പരാജയമായ അയാളോട് കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ജോലി ചെയ്തു കഷ്ടപ്പെട്ട് ഞാൻ തന്നെ എന്റെ മക്കളെ വളർത്തുന്നതാണെന്ന് തോന്നി..
അമ്മയുടെ അടുത്ത് കുഞ്ഞുങ്ങളെ ആക്കി ഒരു ഹോസ്പിറ്റലിൽ അറ്റൻഡർ ജോലി ഞാൻ മേടിച്ചെടുത്തു…
അമ്മയ്ക്ക് കിട്ടുന്ന വാർധക്യ പെൻഷനും എന്റെ ശമ്പളവും ഒക്കെയായി ഇപ്പോ അത്യാവശ്യം നന്നായി വീട് പോകുന്നുണ്ട്..
അതുമതി… അത് മാത്രം മതി തന്റേടിയായ ഒരു പെണ്ണിന്..