“ഇനിയൊക്കെ അന്റെ ചെക്കന്റെ വീട്ടുകാര് വേണമെങ്കിൽ പഠിപ്പിച്ചോളും”

(രചന: J. K)

പ്രഗ്നൻസി കിറ്റിലെ രണ്ട് ചുവന്ന വരകൾ കണ്ട് നാസിയയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.. താൻ ഗർഭിണി ആണ് എന്ന കാര്യം എല്ലാ പെണ്ണുങ്ങളെയും പോലെ അവൾക്കെന്തോ സന്തോഷമായിരുന്നില്ല…

തന്റെ ജീവിതത്തിൽ ഇതുവരെ സ്വന്തം സമ്മതമോ അറിവോ ഇല്ലാതെയാണ് കാര്യങ്ങളെല്ലാം നടന്നത്…

തന്റെ വിവാഹം പോലും… നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു താൻ അങ്ങനെ പഠിച്ച് നല്ലൊരു ജോലി നേടണം എന്നതായിരുന്നു ഏറ്റവും വലിയ മോഹവും,

പക്ഷേ അതിനൊന്നും കൂട്ടുനിൽക്കാതെ വീട്ടുകാർ അവരുടെ തലയിൽ നിന്ന് ഒഴിവാക്കണമെന്ന ഉദ്ദേശത്തോടുകൂടി ഒരാളുടെ തലയിൽ കെട്ടിവച്ചത് മുതലാണ് ജീവിതം മാറിമറിയുന്നത്…

രണ്ടാമത്തെ കുഞ്ഞായ താനും ചേർത്ത് നാലു പെൺകുട്ടികളാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും….

തടിച്ച് ഇരുണ്ട ശരീരപ്രകൃതി ആയിരുന്നു ഇത്തയുടെത് അതുകൊണ്ടുതന്നെ അവളുടെ വിവാഹം ഏറെ വൈകിയാണ് നടന്നത് പതിനെട്ടു വയസ്സിൽ കല്യാണം കഴിച്ചില്ലെങ്കിൽ പിന്നെ പെൺകുട്ടികളെല്ലാം ചീത്തയായി പോകും എന്നാണ് പരക്കെ കേൾക്കുന്നത്…..

അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും അവരുടെ പെൺകുട്ടികളെ നേരത്തെ തന്നെ വിവാഹം ചെയ്തു വിടാൻ മത്സരമാണ്…

ഇവിടെയും സ്ഥിതി മറിച്ചൊന്നുമല്ലായിരുന്നു.. ആദ്യം ഇത്തയുടേത് ഇത്തയ്ക്ക് ധാരാളം വിവാഹാലോചനകൾ വന്നു. പക്ഷേ ഒന്നും ശരിയായില്ല കാരണം അവളുടെ തടിയും ഇരുണ്ട നിറവും ആയിരുന്നു….

വിവാഹ കമ്പോളത്തിൽ എപ്പോഴും ഭംഗിയുള്ളതിന് മാത്രമാണല്ലോ മാർക്കറ്റ് അതുകൊണ്ടുതന്നെ എനിക്ക് വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു

പക്ഷേ ഉപ്പയും ഉമ്മയും ഇത്താത്തയുടെ കല്യാണം കഴിഞ്ഞ ശേഷം മാത്രമേ എന്നെ കെട്ടിച്ചു വിടൂ എന്ന് തീരുമാനിച്ചു….

പതിനെട്ടു വയസ്സു മുതൽ അവൾക്ക് ചെക്കനെ നോക്കുന്നുണ്ടായിരുന്നു… പക്ഷേ അവളുടെ വിവാഹം നടന്നത് ഇരുപത്തിയൊന്നാമത്തെ വയസ്സിലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ വിവാഹം പെട്ടെന്ന് നടത്തണമെന്നായി അവർക്ക്…

ഇത്ത പഠിക്കാൻ മോശമായിരുന്നു അതുകൊണ്ട് തന്നെ അവൾക്ക് കല്യാണം എന്നത് സ്വീകാര്യമായിരുന്നു…

പക്ഷേ എന്റെ സ്ഥിതി നേരെ തിരിച്ചായിരുന്നു പഠിച്ച ക്ലാസ്സിൽ എല്ലാം ഏറ്റവും മുൻപന്തിയിൽ തന്നെയായിരുന്നു ഞാൻ…

എന്റെ മോഹവും അതുതന്നെയായിരുന്നു ഒരു നല്ല ജോലി സമ്പാദിക്കണം…

എന്ന് പക്ഷേ ഇത്തയുടെ കല്യാണം കഴിഞ്ഞ് പോയത് മുതൽ എന്റെ കഷ്ടകാലം തുടങ്ങിയിരുന്നു എനിക്കായി കല്യാണ ആലോചനകൾ നോക്കി…

എത്ര ഞാൻ കരഞ്ഞു കാലുപിടിച്ച് പറഞ്ഞിട്ടും എന്റെ വാക്ക് കേൾക്കാനോ എന്നെ ബാക്കി പഠിപ്പിക്കുവാനും അവർ തയ്യാറായില്ല…

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നതേ ഉണ്ടായിരുന്നുള്ളൂ..

“”””ഇനിയൊക്കെ അന്റെ ചെക്കന്റെ വീട്ടുകാര് വേണമെങ്കിൽ പഠിപ്പിച്ചോളും”””

എന്നായിരുന്നു എല്ലാവരുടെയും ഭാഷ്യം..

എങ്കിൽ പഠിപ്പിക്കാൻ വിടുന്ന ഏതെങ്കിലും ഒരാളെ കല്യാണം കഴിക്കണം എന്ന് ഞാൻ വാശിപിടിച്ചു….

അത് വേണമെങ്കിൽ നോക്കാം “””
എന്ന് എല്ലാവരും പറഞ്ഞു. എനിക്കും സമാധാനം ഉണ്ടായിരുന്നു കാരണം ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഒക്കെ പഠനത്തിന്റെ വില അറിയാം….

ഞാനും അങ്ങനെ ഒരാളെ മാത്രം പ്രതീക്ഷിച്ചിരുന്നു… അങ്ങനെയാണ് അനസ് ഇക്കായുടെ വിവാഹാലോചന വരുന്നത് അയാൾ പഠിച്ച ഒരാളായിരുന്നില്ല…

വെറും പത്താം ക്ലാസ് വിദ്യാഭ്യാസമാത്രം അതിനുശേഷം ദുബായിലേക്ക് പോയി അവിടെ എന്തൊക്കെയോ ജോലികൾ ചെയ്യുന്നു…

പെണ്ണുകാണാൻ വന്നപ്പോൾ ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു….

അനസ് ഇക്കയോട് അപ്പോൾ പറഞ്ഞതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം പഠനമാണ് എന്ന്… അപ്പോൾ തലകുലുക്കി സമ്മതിച്ചതും ആണ് പക്ഷേ വിവാഹം കഴിഞ്ഞതും ആളുടെ സ്വഭാവം അല്പാല്പം മാറാൻ തുടങ്ങിയിരുന്നു…

എന്നോട് ഇനി പഠിക്കാൻ പോകണ്ട എന്ന് അറുത്തു മുറിച്ചു പറഞ്ഞു..ഞാനത് വലിയ പ്രശ്നമാക്കി എല്ലാവരോടും പോയി പറഞ്ഞു. കാരണം കല്യാണത്തിന് മുമ്പ് പഠിപ്പിക്കാം എന്ന് അവർ ഞങ്ങൾക്ക് വാക്ക് തന്നിരുന്നു…

അത് ഇക്കായേ സംബന്ധിച്ച് വലിയ നാണക്കേടായി എല്ലാവരോടും പോയി പറഞ്ഞത്.. അവിടെയുള്ളവർ എല്ലാവരും ചേർന്ന് എന്നെ കുറ്റപ്പെടുത്തി…

എന്തൊക്കെ പറഞ്ഞാലും മുന്നോട്ടു പഠിക്കണം എന്ന് എന്റെ തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു….

അയാളുടെ മാമ മധ്യസ്ഥം പറയാൻ എത്തി. അയാൾ പറഞ്ഞു വിദ്യാഭ്യാസം കൂടുതലുള്ള പെണ്ണുങ്ങൾക്ക് ഭർത്താക്കന്മാരെ യാതൊരു വിലയും ഉണ്ടാവില്ല എന്ന്…..

വിവരമില്ലാത്ത അയാളുടെ മുടന്തൻ ന്യായങ്ങൾ… ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല കാരണം അയാളോട് സംസാരിച്ചിട്ട് ഒന്നും നടക്കാൻ പോകുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു…

വാശി പുറത്ത് വീട്ടിലേക്ക് പോന്നു അവിടെയെത്തിയപ്പോൾ വീണ്ടും മുറുമുറുപ്പ് താഴെയുള്ള രണ്ട് പെൺകുട്ടികളുടെ കാര്യം നോക്കണത്രെ…

അതിനിടയിൽ കെട്ടിച്ച് വിട്ടതുങ്ങളുടെ കൂടെ കാര്യം നോക്കാൻ അവർക്ക് കഴിയില്ലാത്രേ…

എന്തുവേണം എന്ന് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല തോറ്റു മടങ്ങാൻ മനസ്സും വന്നില്ല അതുകൊണ്ടാണ് വിദ്യാഭ്യാസ ലോൺ നേടിയെടുത്താൽ എവിടെയെങ്കിലും ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ആകുമോ എന്ന് ചിന്തിച്ചത്….

അപ്പോഴാണ് പിന്നെയും തോൽവി അറിഞ്ഞത് ഞാൻ ഗർഭിണിയാണ് എന്ന്..

അതോടെ എല്ലാവരുടെയും ഭാവം മാറി എല്ലാവരും കൂടി എന്നെ വീണ്ടും ഭർത്താവിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കി… അവിടേക്ക് തോറ്റു മടങ്ങി വന്ന ഒരു പോരാളിയുടെ രൂപം കിട്ടി…

അതാണ് വിധിയെന്ന് കരുതി ജീവിക്കാൻ തുടങ്ങി… അത്രമേൽ ശ്വാസം മുട്ടുന്നുണ്ടെങ്കിൽ കൂടി…

നാസിയ ഒഴുകി ഇറങ്ങിയ മിഴിനീർ തുടച്ച് കണ്ണ് തുറന്നു..

തന്റെ മോന്റെ ഒരു ചോദ്യമാണ് ഇത്രയും താൻ പുറകിലോട്ട് ചിന്തിച്ചത്..

“”ഉമ്മാക്ക് പഠിക്കാണോ??””” എന്ന്…

സന്തോഷാണോ സങ്കടമാണോ എന്നൊന്നും അറിയില്ലായിരുന്നു… അപ്പ മുതൽ തുടങ്ങിയതാണ് മിഴികൾ ഇടതടവില്ലാതെ പെയ്യാൻ…

അന്ന് ഞാൻ ജന്മം നൽകിയവൻ അവൻ വളർന്ന് ഇന്ന് വലിയൊരു ചെക്കനായി അവന്റെ കൂട്ടിന് അവന്റെ മനസ്സിന്റെ ഇഷ്ടപ്രകാരം ഒരു ഇണയെയും കൂട്ടി ഒന്നിനും തടസ്സം പറഞ്ഞില്ല…

അവനെപ്പോലൊരു കുഞ്ഞുമോനെയും അവൻ എനിക്ക് തന്നു.. സ്നേഹംകൊണ്ട് എന്നെ തോൽപ്പിക്കാൻ കഴിയുന്നവൻ…

അതുകൊണ്ട് തന്നെ അവന് ഉമ്മ എന്ന് വെച്ചാൽ ജീവനാണ്.. ചെറുപ്പത്തിൽ ഇടയ്ക്കൊക്കെ ഞാൻ പറഞ്ഞു കൊടുക്കാറുള്ള കഥയാണ് ഇത് എവിടെയും എത്താൻ പറ്റാത്ത ഒരു പാവം പെണ്ണിന്റെ കഥ… അവന്റെ ഉമ്മാന്റെ കഥ..

അത് കേട്ടാണ് അവൻ വളർന്നത് അതുകൊണ്ടുതന്നെ അവന്റെ ഭാര്യക്ക് അവൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു ഒരിക്കലും അവൾ അവനെ വിലകുറച്ച് കണ്ടില്ല പകരം അവളും പൂർണ്ണമനസ്സോടെ സ്നേഹിക്കുകയാണ് ഉണ്ടായത്…

അവളുടെ കുഞ്ഞിനെയും പരസ്പരം സ്നേഹിക്കുന്നതിന്റെ പാഠം പഠിപ്പിക്കുകയാണ് ഉണ്ടായത്.. തമ്മിൽ തമ്മിൽ അടിമകളാക്കാതെ…

ഇത്തവണ ഉമ്മാന്റെ പിറന്നാളിന് ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞിരുന്നു..
അത് ഇതാവും എന്ന് ഒരിക്കലും കരുതിയില്ല കുഞ്ഞുമോൻ എനിക്ക് പഠിക്കാനുള്ള കുറെ ബുക്സ് കയ്യിൽ കൊണ്ട് തന്നു…

എന്നിട്ട് എന്റെ മോൻ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.. ഉമ്മ പറഞ്ഞ കഥകളിലെ ചിറകരിഞ്ഞ ആ രാജകുമാരി ഇല്ലേ??? അവൾക്ക് പറക്കാനുള്ള ചിറകുകളാണ് ഇത് എന്ന്…

സങ്കടങ്ങൾ ചിലതെല്ലാം ജീവിതത്തിൽ അപ്രതീക്ഷിതമായി തന്നെങ്കിലും ഇതുപോലെ ചില നന്മകളും നമുക്കായി കരുതിയിട്ടുണ്ടാവും ദൈവം….

Leave a Reply

Your email address will not be published. Required fields are marked *