പെട്ടെന്നുള്ള എന്റെ മാറ്റത്തിന്റെ അർത്ഥം അറിയാതെ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുകൂട്ടി അവൾ എന്നെ വെറുക്കുന്നു.. അത് സാരമില്ല ഞാനും ആഗ്രഹിക്കുന്നത് അതാണ്..

(രചന: J. K)

‘””ഡീ” അങ്ങനെ വിളിച്ചത് ഇഷ്ടപ്പെടാത്തതാവം ആ മുഖം ഇച്ചിരി ദേഷ്യം പ്രകടിപ്പിച്ചത്…

“”മ്മ്??”” മറുപടിയും പരുക്കനായിരുന്നു….

“””ചെറിയൊരു സഹായം… ചെയ്യാൻ കഴിയോ.. “””

ഇത്തവണ അയാളുടെ സ്വരം നന്നേ നേർത്തിരുന്നു..

“”എന്ത് സഹായം??”””

അവൾ ചോദിച്ചു… ഇവിടെ ദോഹയിൽ അത്യാവശ്യം തിരക്കുള്ള ആശുപത്രിയിലേ നേഴ്സ് ആണ് താൻ..

പ്രഷർ കൂടി… പിന്നെ നെഞ്ച് വേദന എന്നൊക്കെ പറഞ്ഞു വന്നതാണ് ഇയാൾ.. പേര് മാത്രം അറിയാം “”ആൽവിൻ “” മറ്റൊന്നും അറിയില്ല…

ഇസിജിയിൽ കണ്ട ചെറിയൊരു വാരിയേഷൻ അതാണ് ഇങ്ങേരെ ബാക്കി ടെസ്റ്റ്‌ കൂടെ എടുത്തിട്ട് വിടാം എന്ന് പറഞ്ഞ് ഇവിടെ കിടത്തിയത്…

കൂടെ ഒരാളും കൂടെ ഉണ്ടായിരുന്നു.. അയാളിപ്പോ പോയെന്ന് തോന്നുന്നു.. അല്ലേലും ഇവിടെ ക്യാഷ് അഡ്വാൻസ് അടച്ചാൽ പിന്നെ ബൈ സ്റ്റാന്റർ വേണം എന്നില്ല..

“””സിസ്റ്റർ…”””

ഇത്തവണ മര്യാദക്ക് വിളിച്ചല്ലോ?? അപ്പോ അറിയാം നിങ്ങൾക്ക് എങ്ങനെ മറ്റുള്ളോരെ വിളിക്കണം എന്ന്.”??””

അയാൾ ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി കിടന്നു..

”’ എന്ത് സഹായമാണ് നിങ്ങൾക്ക് വേണ്ടത്?? “”

അത് ചോദിക്കുമ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു ഇനി പണമോ മറ്റോ ആണ് വേണ്ടതെങ്കിൽ താൻ ഇത്തവണ പാപ്പരാണ്….

നാട്ടിൽ കുടുംബത്തിൽ രണ്ട് കല്യാണം അവർക്ക് സ്വർണം തന്നെ കൊടുക്കണം എന്ന് വീട്ടിലുള്ളവർക്ക് നിർബന്ധം…
പത്രാസ് എല്ലാവരുടെയും മുന്നിൽ കാണിക്കണമല്ലോ…

അതും പോരാഞ്ഞ് വീട്ടിലേക്ക് ഓരോ ആവശ്യങ്ങൾ പറഞ്ഞു വിളിച്ചപ്പോൾ അതിനെല്ലാം പണം അയച്ചു കയ്യിലുള്ളത് മുഴുവൻ തീർന്നു പോയി…

ഒരുപക്ഷേ ഇയാൾ വല്ല ധനസഹായവും ആണ് ആവശ്യപ്പെടുന്നതെങ്കിൽ.. അതും ചികിത്സയ്ക്കായി…

എങ്ങനെ ഇല്ല എന്ന് പറയും ആരുടെയെങ്കിലും അടുത്ത് നിന്ന് മേടിച്ചു കൊടുക്കാം….
അങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടി ലക്ഷ്മി…

“”” തനിക്ക് ഒരു രണ്ടുമൂന്നു ദിവസം എന്റെ ഭാര്യയായി എന്റെ അമ്മയുടെ മുന്നിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ?? “”

ഒട്ടും മുഖവുര ഇല്ലാതെ അയാൾ ചോദിച്ചത് കേട്ട് ദേഷ്യം കാലിന്റെ പെരുവിരലിൽ നിന്ന് അരിച്ച് കയറി..

“”” താൻ എന്താടോ എന്നെ പറ്റി കരുതിയത്?? “”
എന്ന് ചോദിച്ച് ഡീസൽ പെടാൻ ചെന്നതും അയാൾ നെഞ്ച് തടവി…

പ്ലീസ്… ഞാൻ ദുരുദ്ദേശത്തിൽ ഒന്നും പറഞ്ഞതല്ല… എന്റെ ഗതികേടുകൊണ്ടാണ് ട്രൈ റ്റു അണ്ടർസ്റ്റാൻഡ് “”””

ഏറിവരുന്ന ചുമയ്ക്കിടയിൽ അയാൾ പറഞ്ഞു തീർത്തു..

അയാളുടെ അവസ്ഥ കണ്ട് കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ, അവിടെ നിന്നും തിരികെ നടന്നു..

മനസ്സിൽ അപ്പോൾ എന്താണ് അയാളോട് തോന്നുന്നത് എന്ന് അറിയില്ലായിരുന്നു ദേഷ്യമോ.. അതോ അയാൾ അങ്ങനെ പറഞ്ഞതിലുള്ള അത്ഭുതമോ എന്താണെന്ന് അറിയില്ലായിരുന്നു…

ഡിസ്ചാർജ് ആയതിന് ശേഷം അയാൾ വീണ്ടും കാണാൻ വന്നിരുന്നു…. അയാൾക്ക് മുഖം കൊടുക്കാതെ ഡ്യൂട്ടി ടൈം കഴിഞ്ഞതുകൊണ്ട് ഇറങ്ങി വേഗം നടന്നു…

“””ലക്ഷ്മീ…””

അയാൾ വിളിച്ചപ്പോൾ എന്താണ് അയാൾക്ക് പറയാനുള്ളത് എന്ന് നോക്കാൻ വേണ്ടി വെറുതെ അവിടെനിന്നു…

“”” എടോ ഇതുപോലെ ഒരുപാട് നമ്പറുമായി ഒത്തിരി പേരെ കാണുന്നതാ ഞാൻ.. താൻ പോയേ ‘”‘

എന്നു പറഞ്ഞപ്പോഴും അയാൾ പോകാതെ അവിടെത്തന്നെ നിന്നു..

“”” തനിക്ക് വിരോധമില്ലെങ്കിൽ എനിക്ക് അല്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. “”

എന്ന് പറഞ്ഞപ്പോൾ എന്തോ അതെല്ലാം കേൾക്കണം എന്ന് തോന്നി എന്തൊക്കെയാണ് ഇയാൾക്ക് പറയാനുള്ളത് എന്നൊന്നറിയണമല്ലോ..

“”” സി… ഞാനൊരു കുട്ടിയെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു.. പ്രണയിച്ചിരുന്നു എന്നല്ല ഇപ്പോഴും പ്രണയിക്കുന്നുണ്ട്.. വീട്ടിൽ അറിയിച്ചപ്പോൾ അവർക്ക് ചെറിയ സമ്മത കുറവുണ്ടായിരുന്നു കാരണം അവൾ ഒരു അന്യമതസ്ഥയായിരുന്നു…

ആ എതിർപ്പിനെയും മറികടന്ന് അവളെ സ്വന്തമാക്കും എന്ന് തീരുമാനിക്കാൻ എനിക്ക് അധികം താമസം ഒന്നും ഉണ്ടായിരുന്നില്ല… അവൾക്കും എന്നോട് വല്ലാത്ത പ്രണയമായിരുന്നു.. സ്വാർത്ഥത നിറഞ്ഞ… പ്രണയം…

ആരെയും കൊതിപ്പിക്കുന്ന പോലെ… വിവാഹം കഴിഞ്ഞേ ഒരുമിച്ച് ജീവിക്കുള്ളൂ എന്ന് ഞങ്ങൾ എടുത്ത തീരുമാനമായിരുന്നു….

വീട്ടുകാരോട് ഒരിക്കൽ കൂടി സംസാരിച്ചു നോക്കി.. അവർ സമ്മതിച്ചില്ല… പിന്നെ വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു…

പെട്ടെന്നാടോ എനിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ കുറച്ചു നാളായി എന്റെ ശ്രദ്ധയിൽപ്പെട്ടത്…

വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തു.. വല്ലാത്തൊരു രോഗത്തിന്റെ നീരാളി പിടിത്തത്തിലാണ് ഞാൻ എന്ന് മനസ്സിലാക്കി…. സ്റ്റേജുകൾ പലതും പിന്നിട്ടിരിക്കുന്നു… അവളോട് പറഞ്ഞാൽ അവൾ എന്നെ വിട്ടു പോകില്ല..

ഒരു ദുരന്ത കഥയിലെ നായികയായി… അതുകൊണ്ട് മാത്രമാണ് വീട്ടുകാർക്ക് ഇഷ്ടമല്ല എന്നും പറഞ്ഞ് അവളെ ഒഴിവാക്കിയത് ഇപ്പോൾ അവളുടെ മനസ്സിൽ ഏറ്റവും ദേഷ്യം എന്നോടാണ്…

പെട്ടെന്നുള്ള എന്റെ മാറ്റത്തിന്റെ അർത്ഥം അറിയാതെ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുകൂട്ടി അവൾ എന്നെ വെറുക്കുന്നു..
അത് സാരമില്ല ഞാനും ആഗ്രഹിക്കുന്നത് അതാണ്.. പക്ഷേ പ്രശ്നം അതല്ല..

എന്റെ അച്ഛന്റെ പെട്ടെന്നുള്ള മരണം അമ്മയെ ആകെ തളർത്തി.ഇനി അമ്മയെ . നാട്ടിൽ ഒറ്റയ്ക്ക് നിർത്തുന്നില്ല.. അമേരിക്കയിലുള്ള പെങ്ങൾ അവളുടെ കൂടെ കൊണ്ടുപോകുകയാണ് അമ്മയെ..

ഇനിയൊരു തിരിച്ചു വരവ് ഒരുപക്ഷേ ഉണ്ടാവില്ല… അപ്പോ അമ്മയ്ക്ക് ഒരു മോഹം ഇവിടെ വന്ന് മകന്റെ ജീവിതവും കൂടി കണ്ട് അങ്ങോട്ട് പോകണം എന്ന്…

എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയി എന്നറിഞ്ഞാൽ ആ പാവംഇനിയും വിഷമിക്കും… ഒരുപക്ഷേ അച്ഛൻ മരിച്ചതിന്റെ ഷോക്ക് മാറുന്നതിനു മുമ്പ് മറ്റൊരു ഷോക്ക് കൂടി ആ മനസ്സ് താങ്ങില്ല… അതുകൊണ്ട് ചെറിയ ഒരു അഡ്ജസ്റ്റ് മെന്റ്… “””

അയാൾ പറയുന്നത് എല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ ലക്ഷ്മി നിന്നു..

“”സ്വന്തം വീട്ടിലെ കറവപ്പശു മാത്രമാണ് താൻ… എല്ലാവർക്കും പണത്തിന് അത്യാവശ്യം വരുമ്പോൾ മാത്രം ഓർക്കുന്ന ഒരാൾ.. ഇവിടെ ഓവർടൈം അടക്കം ചെയ്തു താൻ പലപ്പോഴും ആ പണം മുഴുവൻ അങ്ങോട്ടേക്ക് അയച്ചുകൊടുത്തിട്ടുണ്ട്..

അപ്പോഴും ഇതൊക്കെ എന്റെ കടമയാണെന്ന് മാത്രം ആണ് അവിടെ നിന്നും കോംപ്ലിമെന്റ് കിട്ടിയിട്ടുള്ളത്… ഒരു വിവാഹം എന്നത് ചിന്തകളിൽ പോലും ഇല്ലായിരുന്നു.. അപ്പോഴാണ് ഒരു ഭാര്യയായി അഭിനയിക്കാൻ ഒരാൾ വിളിക്കുന്നത്… “”

അയാളെ ഒന്നുകൂടി നോക്കി ലക്ഷ്മി..

“” ഞാൻ വരാം”” എന്ന് മാത്രം പറഞ്ഞ് നടന്നകന്നു… അപ്പോഴും അയാളെ പറ്റിയാണ് ചിന്തിച്ചത് ഇപ്പോഴും ആ മനസ്സിൽ ആ പ്രണയിക്കുന്ന കുട്ടി ഉണ്ട് വളരെ ആഴത്തിൽ തന്നെ….

പക്ഷേ വിധി അത് ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം അവളെ വിട്ടു നിർത്തുന്നത്..
സ്നേഹത്തിന്റെ തന്നെ മറ്റൊരാവസ്ഥയല്ലേ അത്… വിട്ടുകൊടുക്കൽ…

എന്തോ അയാളോട് വല്ലാത്ത ഒരു ആരാധന തോന്നിപ്പോയി…

അയാളുടെ അമ്മയുടെയും പെങ്ങളുടെയും മുന്നിൽ സ്നേഹസമ്പന്നയായ ഭാര്യയായി അഭിനയിച്ചു….

അയാൾ സ്നേഹിച്ച പെണ്ണിനെ പറ്റി അവർക്ക് കൂടുതൽ ഒന്നും അറിയില്ലായിരുന്നു.. ഒരുപക്ഷേ ഇഷ്ടപ്പെടാത്ത ബന്ധമായതുകൊണ്ട് അവർ അന്വേഷിച്ചു കാണില്ല… അതും ഞങ്ങൾക്ക് സഹായകമായി, അവരെ വിശ്വസിപ്പിക്കാൻ..

എന്റെ അഭിനയം അതിര് കടന്ന് അയാളോടുള്ള വല്ലാത്ത ഒരു ഇഷ്ടമായി തീർന്നിരുന്നു…

ഒടുവിൽ അമ്മ തിരിച്ചു പോകുന്ന നാള് അയാളെയും വിട്ട് എന്റെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോരേണ്ടി വരുമല്ലോ എന്ന് യാഥാർത്ഥ്യം എന്നെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു….

കാരണം ഞാൻ അയാളുമൊത്തുള്ള ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
അയാൾ തരുന്ന ശ്രദ്ധയും പരിഗണനയും എല്ലാം എന്റെ മനസ്സ് ആഗ്രഹിക്കുന്നത് പോലെ..

ഒരുപക്ഷേ മുമ്പൊരിടത്തു നിന്നും കിട്ടാത്തത് കൊണ്ടാവാം.. അവർ തിരികെ പോയി കഴിഞ്ഞാൽ എല്ലാം ഉപേക്ഷിച്ച് തിരികെ പോരണം…

അങ്ങനെ എല്ലാം കഴിഞ്ഞ് തിരിച്ചു പോരേണ്ട ദിവസമെത്തി…

എന്നെ താമസസ്ഥലത്ത് അദ്ദേഹം കൊണ്ട് വിടാം എന്നാണ് പറഞ്ഞിരുന്നത് അത് പ്രകാരം കാറിൽ എന്നെയും കൂട്ടി എന്റെ ഫ്ലാറ്റിന്റെ അടുത്ത് എത്തി….

“”” താൻ എനിക്ക് ചെയ്തു തന്നത് എത്ര വലിയ ഉപകാരമാണെന്ന് അറിയാമോ?? ഇതിന് പകരം തനിക്ക് എന്താ വേണ്ടത്… “”

എന്നോട് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല എനിക്ക് പറയണം എന്നുണ്ടായിരുന്നു, ഇനിയുള്ളത് കുറച്ചുകാലമാണെങ്കിൽ കൂടി അത് വരേക്കും എന്നെയും കൂടെ കൂട്ടാമോ എന്ന്…

ഇല്ലെന്ന് ആവും മറുപടി കാരണം ആ മനസ്സിൽ മുഴുവൻ മറ്റൊരുവൾ ആണല്ലോ…

‘””” എനിക്ക്…. എനിക്കൊന്നും വേണ്ട””‘
പിന്നെയും നിർബന്ധിച്ചിരുന്നു എന്തൊക്കെയോ ചോദിക്കാൻ പറഞ്ഞു കൊണ്ട് ..

പക്ഷേ അതൊന്നും കേൾക്കാൻ നിൽക്കാതെ മെല്ലെ കാറിൽ നിന്ന് ഇറങ്ങി നടന്നു…

കുറച്ച് അപ്പുറത്ത് എത്തി തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു…

“””എനിക്ക് നിങ്ങളിൽ നിന്ന് അകലാൻ കഴിയുന്നില്ല…”” എന്നുറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു.. പക്ഷേ കഴിഞ്ഞില്ല… അൽപനേരം എന്നെത്തന്നെ നോക്കി നിന്ന് പിന്നെ മെല്ലെ ആ കാർ നീങ്ങി…

വല്ലാത്തൊരു നോവോടെ ഞാൻ കൈവീശി കാണിച്ചു…. മിഴികൾ നിറഞ്ഞൊഴുകുമ്പോഴും ചിന്തിക്കാൻ ശ്രമിച്ചു,

“”” ജീവിതം അങ്ങനെയാണ് കൊതിച്ചതൊന്നും കിട്ടണമെന്നില്ല…. “”” എന്ന്…

വീണ്ടും എന്നെ തിരക്കുകളിലേക്ക് ഊളി ഇടുമ്പോഴും ആൽവിൻ ഒരു നോവോര്‍മയായി ഉള്ളിൽ ഇടം പിടിച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *