(രചന: J. K)
മുഖം ഒക്കെ നീറുന്നുണ്ട്..വായിൽ ചോരയുടെ ചുവ.. എല്ലാം കണ്ടു ശ്രീക്കുട്ടി പേടിച്ചരണ്ട് നിൽക്കുന്നുണ്ട്. അവളെ മെല്ലെ ചേർത്തുപിടിച്ചു അഞ്ചു..
സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കുടിച്ചു വന്ന് തല്ലി ചതക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും ഇവിടെ പതിവാണ് ഇത്..
ആരോടും പരാതി പറയാൻ പറ്റില്ല കാരണം അഞ്ചുവായി തന്നെ തെരഞ്ഞെടുത്തതാണ് മഹേഷിനെ … അത്ര നല്ല ബാല്യം ഒന്നുമായിരുന്നില്ല അഞ്ജുവിന്…. അച്ഛൻ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.
അമ്മ വീണ്ടും വിവാഹം കഴിച്ചു.. അയാൾക്ക് കണ്ണിനു നേരെ കണ്ടുകൂടായിരുന്നു അഞ്ജുവിനെ…
അയാൾക്ക് ഒരു മകൾ കൂടി ഉണ്ടായതോടെ കൂടി അവിടെ താൻ ഒരു അധികപ്പറ്റായിരുന്നു….. അതുകൊണ്ട് തന്നെ അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷനേടാൻ അവൾ ആഗ്രഹിച്ചു….
അങ്ങനെയാണ് ചില ബന്ധുക്കളുടെ സഹായത്തോടു കൂടി പ്ലസ് ടു കഴിഞ്ഞ് നഴ്സിങ്ങിന് ചേർന്നത്…
കോയമ്പത്തൂരിലേക്ക് വരുമ്പോൾ മനസ്സിന് ഏറെ സന്തോഷം ആയിരുന്നു… കാരണം ഇനി അയാളുടെ കുത്തുവാക്കുകളും ഭക്ഷണം കഴിക്കുന്നതിനു പോലും കണക്ക് പറച്ചിലും കേൾക്കണ്ടല്ലോ..
എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി നേടുക എന്നതു മാത്രമായിരുന്നു അവളുടെ ലക്ഷ്യം….
സ്വന്തം കാലിൽ നിൽക്കുക..
അങ്ങനെ ആകുമ്പോൾ ആർക്കും തട്ടിക്കളിക്കാൻ പറ്റില്ലല്ലോ.. അവിടെ വെച്ചാണ് മഹേഷിനെ കാണുന്നതും പരിചയപ്പെടുന്നതും…
കോയമ്പത്തൂര് ജോലി ചെയ്യുകയായിരുന്നു ആള്…. ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ ആക്സിഡന്റ് ആയിരുന്നു….
അങ്ങനെയാണ് ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് എത്തപ്പെട്ടത്…
അവിടെ ഡ്യൂട്ടി കിട്ടിയത് അഞ്ചുവിനാണ്…
അയാളുടെ നല്ല പെരുമാറ്റവും തമാശയും എല്ലാം അവളെ വല്ലാതെ ആകർഷിച്ചു… ഫോൺ നമ്പർ കൊടുത്തിട്ടായിരുന്നു അയാൾ പോയത്…. അവർ ഫോൺവിളി തുടങ്ങി പിന്നീട് അത് നല്ല സൗഹൃദവും, പ്രണയവും ആയി മാറി….
അവളുടെ രണ്ടാനച്ഛന്റെ വേർതിരിവും, സ്നേഹിക്കാൻ ആരുമില്ല എന്നതും, എല്ലാം മഹേഷ് തിരിച്ചറിഞ്ഞു… അയാൾ അവളെ ഒരുപാട് സമാധാനിപ്പിച്ചു…. ചേർത്ത് പിടിച്ചു..
അവൾക്കത് വലിയ ഒരു ആശ്വാസമായിരുന്നു..
അങ്ങനെയാണ് മഹേഷ് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്..
അവർ വിവാഹിതരാകാൻ തീരുമാനിച്ചു.
വിവാഹം കഴിഞ്ഞ് ഒരുമിച്ച് ഒരു സ്വർഗ്ഗം പോലെ ഒരു വീട് അവൾ സ്വപ്നം കണ്ടു… പക്ഷേ വിധി മറ്റൊന്നായിരുന്നു മഹേഷ് അധികം വൈകാതെ തന്നെ മദ്യത്തിന് അടിമയായി.. പോരാത്തതിന് സംശയ രോഗവും..
അവൾക്ക് ഒന്ന് ഇളകാൻ പോലുമുള്ള സ്വാതന്ത്ര്യം അയാൾ കൊടുത്തില്ല… ആദ്യം തന്നെ നിർത്തിയത് ആശുപത്രിയിലുള്ള അവളുടെ ജോലിയായിരുന്നു..
കണ്ടവരെ കാണാൻ പോവുകയാണ് എന്നായിരുന്നു മഹേഷിന്റെ ആരോപണം.. അവളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു..
ഇതിനിടയിൽ എപ്പോഴോ അവൾ ഗർഭിണിയായി… ഒരു മോൾക്ക് ജന്മം കൊടുത്തു.. ശ്രീക്കുട്ടി””””
കുഞ്ഞിന്റെ കാര്യത്തിൽ പോലും അയാൾക്കുള്ള ഉപേക്ഷ അവളെ ഇത്തിരി ഒന്നുമല്ല തളർത്തിയത്..
‘”‘ ഞാൻ ഇട്ടിട്ട് പോയാൽ നിനക്ക് ആരുണ്ടെടീ””‘ എന്ന് കൂടെക്കൂടെ മഹേഷ് ചോദിക്കുമായിരുന്നു… ആ ഒരു ചോദ്യം അവളെ ഇരുത്തി ചിന്തിപ്പിച്ചു..
ശരിയാണ് അവൾക്ക് സ്വീകരിക്കാനായി ആരും തന്നെ ഇല്ല ഇനി അവൾ തിരിച്ചു ചെന്നാലും രണ്ടാനച്ചൻ അവിടെ നിന്നും ഇറക്കി വിടും എന്നത് ഉറപ്പായിരുന്നു….
അതുകൊണ്ട് തന്നെ എല്ലാം സഹിച്ച് അവൾ അവിടെ കഴിഞ്ഞു… ശ്രീക്കുട്ടി ഓർത്തായിരുന്നു ഉള്ള ടെൻഷൻ മുഴുവൻ…
അയാളുടെ ഫ്ലാറ്റിൽ തീർത്തും ഒറ്റപ്പെട്ട് അവൾ ജീവിച്ചു…. പുറംലോകവുമായി യാതൊരു ബന്ധവുമില്ല അയാൾ എങ്ങോട്ടും അവളെ കൊണ്ടുപോകുംമായിരുന്നില്ല….
ആരുമായും സംസാരിക്കാനോ ഒന്നിനും അവൾക്കു അവസരം നൽകിയില്ല..
അടുത്ത ഫ്ലാറ്റിൽ ഉള്ളവരുമായി ഒന്നും സംസാരിക്കുന്നത് മഹേഷിന് ഇഷ്ടമില്ല…
അതുകൊണ്ടുതന്നെ അവൾ ആരുമായും സംസാരിക്കുകയോ അടുക്കുകയോ ചെയ്തിരുന്നില്ല…
ഒരിക്കൽ അടുത്ത ഫ്ലാറ്റിൽ ഉള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ അവളുടെ ഫ്ലാറ്റിനെ കോളിംഗ് ബെൽ അമർത്തി അവിടെ കേബിൾ കണക്ഷൻ കിട്ടുന്നുണ്ടോ എന്നറിയാനായിരുന്നു…
അവിടെയും കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ അയാൾ തിരികെ പോയി…
വീണ്ടും ഇത്തിരി കഴിഞ്ഞ് കിട്ടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇവിടെ കിട്ടുന്നുണ്ട് എന്ന് പറഞ്ഞു… അപ്പോൾ അയാളുടെ പേര് പറഞ്ഞു പരിചയപ്പെടാൻ വന്നു…
“””വൈശാഖ് “”
അതായിരുന്നു അയാളുടെ പേര്…
അഞ്ചു വിന്റെ പേരും മറ്റെല്ലാ കാര്യങ്ങളും അയാൾ ചോദിച്ചു..
അവളും എല്ലാം പറഞ്ഞു പിന്നീട് അയാൾ ഇടയ്ക്ക് സംസാരിക്കാൻ വരുന്നത് പതിവായി…
മഹേഷിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് മഹേഷ് പോയതിനുശേഷം ആയിരുന്നു അയാൾ വന്നിരുന്നത്.. പലപ്പോഴും മഹേഷ് അവളോട് പെരുമാറുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു..
അയാൾ അവളെ ആശ്വസിപ്പിക്കാനും ചേർത്തു പിടിക്കാനും ശ്രമിച്ചു…. ആാാ ഒരു പരിതസ്ഥിതിയിൽ അവൾക്കത് വലിയ ഒരു ആശ്വാസമായിരുന്നു…
ഒരു മൂന്നു വയസ്സുകാരി കുഞ്ഞുമായി ഒറ്റപ്പെട്ടു ജീവിക്കുന്ന അവൾക്ക് വൈശാഖിന്റെ സൗഹൃദം ഒരു അനുഗ്രഹമായി തോന്നി..
അയാൾ കൂടുതൽ സ്വാതന്ത്ര്യം എടുത്തു… മെല്ലെ മെല്ലെ അവളുടെ പേഴ്സണൽ കാര്യങ്ങളിൽ അടക്കം വൈശാഖ് ഇടപെടാൻ തുടങ്ങി… വല്ലാത്ത അധികാരം സ്ഥാപിച്ചു..
അത് അവളിൽ സംശയം സൃഷ്ടിച്ചു ഇതൊരു നല്ല ബന്ധമല്ല എന്നത് അവൾക്ക് ബോധ്യപ്പെട്ടു….
മെല്ലെ അവൾ അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടുകൂടി അയാൾ കൂടുതൽ വയലന്റ് ആയി…
അപ്പോഴേക്കും ഇതിനെപ്പറ്റി ആരൊക്കെയോ മഹേഷിന്നോട് പറഞ്ഞിരുന്നു അയാൾ അവളെ ഉപദ്രവിക്കാൻ ആയി വന്നു…
എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ മഹേഷ് നോട് പറഞ്ഞു അവളെ തൊടരുത് എന്ന്…
പിന്നെയും ഉപദ്രവിക്കും എന്നായപ്പോൾ അവൾ മോളെയും എടുത്ത് അവിടെ നിന്നും ഇറങ്ങി ഓടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.. അവർ മഹേഷിനെ അറസ്റ്റ് ചെയ്തു.. അവളെ ഒരു റെസ്ക്യൂ ഹോമിൽ ഏൽപ്പിച്ചു…
അവിടെയുള്ളവരുടെ നല്ല മനസ്സുകൊണ്ട് അവൾക്കൊരു ഹോസ്പിറ്റലിൽ ജോലി ശരിയായി… മോളെ ഒരു ഡേ കെയർ സെന്ററിൽ ഏൽപ്പിച്ച് അവൾക്ക് ജോലിക്ക് പോകാം….
അവളുടെ പരിതസ്ഥിതി മനസ്സിലാക്കിയത് കൊണ്ട് തൽക്കാലം നൈറ്റ് ഡ്യൂട്ടിയിൽ നിന്നും അവർ ഇളവ് കൊടുത്തു…..
സാവധാനം അവളുടെ ജീവിതം പച്ച പിടിച്ചു…
മോളെ സ്കൂളിൽ ചേർത്തു..
അവളില്ലാത്ത സമയം മോളിനെ നോക്കാനൊരു ആയയെയും നിർത്തി…
ഇപ്പോൾ ധൈര്യമായിട്ട് അവൾക്ക് ജോലിക്ക് പോകാം നല്ല ശമ്പളവും കിട്ടിത്തുടങ്ങി…
ആരുടെയും ആശ്രയം ഇല്ലാതെ ജീവിക്കാൻ അവൾ പഠിച്ചു…
മറ്റുള്ളവരെ ആശ്രയിച്ചിട്ടുണ്ടെങ്കിൽ, ഒരു അടിമയായി തന്നെ എന്നും ജീവിതം കഴിയേണ്ടി വരുമെന്ന വലിയൊരു പാഠമായിരുന്നു ജീവിതം അവളെ പഠിപ്പിച്ചത്….
ഇന്ന് അവൾക്കറിയാം സ്വന്തം കാലിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന സുഖവും സമാധാനവും….
അവളുടെ മകളോട് അവൾക്ക് അത് മാത്രമേ, പറയാനുണ്ടായിരുന്നുള്ളൂ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന്.