വിലയില്ലാത്ത ശബ്ദങ്ങൾ
(രചന: J. K)
വലതു കാല് വച്ചു ഇവിടേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണ് നെഞ്ചിൽ നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളിലേക്കായിരുന്നു…
എന്റെ കണ്ണുകൾ നിറഞ്ഞതും… അതിന്റെ ഭംഗിയോ കിലുക്കമോ ഒന്നും എനിക്ക് കേൾക്കാനാവുന്നുണ്ടായിരുന്നില്ല.. പകരം അത്രയും എനിക്ക് ഒപ്പിച്ചു തരാനായി ഓടിയ അച്ഛന്റെ പിരിമുറുക്കം ഉള്ള ആ മുഖമല്ലാതെ…
ഒരു സ്കൂൾ ക്ലാർക്കിനെ മരുമകനായി കിട്ടാൻ അച്ഛൻ താണ്ടിയ കനൽ വഴികൾ അല്പം എനിക്കും മനസിലാകും…
പറഞ്ഞ അത്രയും ഉണ്ടോ എന്ന് കണ്ണുകൊണ്ട് അളക്കുന്നവർ… ഇതിലും പുതിയ ഫാഷനുകൾ കമ്പോളത്തിൽ വന്നിട്ടുണ്ട് എന്ന് എന്റെ അറിവിലേക്ക് പറഞ്ഞു തന്നവർ… അങ്ങനെ ഒരുപാട് ആളുകളെ അവിടെ നിന്നും കണ്ടു…
എനിക്കതെല്ലാം ഇട്ട് എന്റെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു..
അമ്മേടെ, മോളെ പോലെ സ്നേഹിച്ചിരുന്ന കറുമ്പി പശു കയ്യിലെ വളയായി കിടക്കുന്നു. അതിനെ പിടിച്ചു കൊടുക്കുമ്പോൾ ഉള്ള അമ്മേടെ കണ്ണീര് ഞാൻ കണ്ടതാണ്…
ചോര നീരാക്കി അച്ഛൻ പണി ചെയ്ത പറമ്പ്, കിട്ടിയ കാശിനു വിറ്റത് കഴുത്തിൽ തൂങ്ങുന്നു.
എല്ലാം കൊണ്ടും ശ്വാസം മുട്ടി നിന്നു
അവൾ.. പിറ്റേദിവസത്തെ വിരുന്നു കഴിഞ്ഞ് വന്ന എന്നോട്,
“”നിന്റെ സ്വർണാഭരണങ്ങൾ മുഴുവൻ അമ്മയ്ക്ക് ഊരി കൊടുക്കൂ.. അമ്മ സൂക്ഷിച്ചോളും “”””
എന്ന് ഭർത്താവ് നിർദ്ദേശിച്ചപ്പോൾ സംശയത്തിൽ അദ്ദേഹത്തെ നോക്കി…
””‘അതെന്തിനാ വിനുവേട്ടാ… നമ്മടെ മുറിയിലും അലമാര ഉണ്ടല്ലോ? അതിൽ എടുത്തു വച്ചാൽ പോരെ? ”
എന്ന മറുപടി എല്ലാവരെയും ഒരുപോലെ ചൊടിപ്പിച്ചു….
“””അതേ അമ്മയാ ഏടത്തി അമ്മേടെ സ്വർണ്ണം എല്ലാം സൂക്ഷിക്കുന്നത് “”‘
വിനുവേട്ടൻ എന്റെ അറിവിലേക്കായി പറഞ്ഞു…
“””” ഏടത്തിയമ്മയ്ക്ക് സമ്മതമാണെങ്കിൽ അത് ആര് വേണമെങ്കിലും സൂക്ഷിച്ചോട്ടെ ഞാൻ അതിലൊന്നും ഇടപെടുന്നില്ല പക്ഷേ എന്റെ അച്ഛൻ കഷ്ടപ്പെട്ട് എനിക്ക് വാങ്ങി തന്ന സ്വർണം മുഴുവൻ സൂക്ഷിക്കാനുള്ള തന്റേടം എനിക്കിപ്പോൾ ഉണ്ട്!!!””
കേറി വന്ന പാടെ പ്രശ്നങ്ങൾ ഉണ്ടാക്കണ്ട എന്ന് കരുതിയാവണം പിന്നെ ആരും ഒന്നും പറഞ്ഞില്ല എന്റെ സ്വർണം മുഴുവൻ ഞാൻ എന്റെ അലമാരയുടെ ഉള്ളിലെ ലോക്കറിൽ കൊണ്ടുവെച്ചു അത് പൂട്ടി താക്കോൽ എന്റെ ബാഗിൽ തന്നെ സൂക്ഷിച്ചു…
“”നിത്യേ””
അല്പം കഴിഞ്ഞപ്പോൾ ഏടത്തിയമ്മ എന്നെയും തിരക്കി റൂമിലേക്ക് വന്നിരുന്നു എന്റെ കയ്യിൽ പിടിച്ച് അവര് പറഞ്ഞു..
“”” കലക്കി മോളെ!! എനിക്ക് ഈ ധൈര്യം ഇല്ലാതെ പോയി.. അച്ഛന്റെ മരണശേഷം ഏറെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്.. അമ്മാവന്മാരുടെ എല്ലാം കാലുപിടിച്ചാണ് എനിക്കുള്ള ഇത്തിരിയെങ്കിലും സ്വർണം അമ്മ ഒപ്പിച്ചത്…
അതിന് പകരമായി കണ്ണായ സ്ഥലം വെറുതെ കൊടുക്കേണ്ടിവന്നു അവർക്ക്… അതൊന്നും അമ്മ ശ്രദ്ധിച്ചില്ല അമ്മയ്ക്ക് എന്റെ വിവാഹം കഴിഞ്ഞു കാണണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാനും നിസ്സഹായ ആയിരുന്നു…
ഇവിടെ വന്നപ്പോൾ തന്നെ അനുവേട്ടന്റെ അമ്മ ചെയ്തത് സ്വർണ്ണം മുഴുവൻ വാങ്ങി അമ്മയുടെ അലമാരയിൽ വയ്ക്കുകയാണ്….
നിനക്കറിയോ എന്റെ അമ്മ കഷ്ടപ്പെട്ട് വാങ്ങിയ സ്വർണ്ണത്തിന്റെ ഒരു തരിമ്പ് പോലും ഇപ്പോൾ ബാക്കിയില്ല അനുവേട്ടന്റെ പെങ്ങളുടെ വിവാഹം നടത്താൻ അവർ മുഴുവനും എടുത്തു എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ….””””
മിഴി നിറഞ്ഞ് അവരത് പറഞ്ഞപ്പോൾ എനിക്ക് എന്തോ സഹതാപമല്ല പകരം ദേഷ്യമാണ് തോന്നിയത്…
“””എല്ലാം ഏടത്തിയമ്മയുടെ പിടിപ്പു കേട് എന്ന് മാത്രമേ ഞാൻ പറയുള്ളൂ അവനവന്റെ സാധനം മറ്റുള്ളവരെ ഏൽപ്പിക്കേണ്ട ഒരു ആവശ്യവുമില്ല അതിന് ആർക്കും അധികാരവുമില്ല….”””
നിത്യ പറഞ്ഞു നിർത്തിയപ്പോൾ ശരിയാണ് എന്ന മട്ടിൽ രാധിക അവളെ നോക്കി…
“”” നിനക്ക് വിദ്യാഭ്യാസമുണ്ട് അതുകൊണ്ട് അവരോട് എതിർത്തു നിൽക്കാൻ കഴിയുന്നു പക്ഷേ എനിക്ക് ഒന്നുമില്ല.. “””
എന്റെ പൊന്നു ഏട്ടത്തി വിദ്യാഭ്യാസം ഒന്നുമല്ല ഒരു പെണ്ണിനെ ബോൾഡ് ആക്കുന്നത് ഓരോ കാര്യത്തിലും നമുക്ക് നമ്മുടേതായ അഭിപ്രായം പ്രകടിപ്പിക്കാം…
പ്രത്യേകിച്ചും നമ്മുടെ കാര്യങ്ങളിൽ… അത് തീരുമാനിക്കാനുള്ള അവകാശം ഒരിക്കലും മറ്റുള്ളവർക്ക് വിട്ടു കൊടുക്കരുത്…. അങ്ങനെ ആണ് ഞാൻ പഠിച്ചത്.. സ്കൂളിൽ നിന്നല്ല അനുഭവത്തിൽ നിന്നും…… “””
അത് കേട്ടപ്പോൾ അവരുടെ മുഖം തെളിയുന്നത് കണ്ടു നിത്യ….
“” മോളെ നീ സൂക്ഷിക്കണം ഇവരുടെ ഇളയ മകളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട് ഇപ്പോൾ നിന്റെ സ്വർണം മുന്നിൽകണ്ടാവും അതിന് അവർ വാക്ക് കൊടുത്തത്… “””
അതിനു മറുപടിയായി നിത്യ ഒന്ന് ചിരിച്ചതേയുള്ളൂ എന്ന് വേണമെന്നു നല്ല ബോധ്യം ഉണ്ടായിരുന്നു അവൾക്ക്..
അധികം വൈകാതെ തന്നെ ഏടത്തിയമ്മ പറഞ്ഞ മുഹൂർത്തമായി അനിയത്തിയുടെ വിവാഹം നിശ്ചയം ഉറപ്പിച്ചു അപ്പോൾ തന്നെ അമ്മ പറഞ്ഞിരുന്നു,
അനുവിന്റെ ഭാര്യയുടെ അടുത്താണ് അമ്മുവിന്റെ കല്യാണം നടത്തിയത്.. ഇനി വിനു ആണ് മാളൂന്റെ കല്യാണകാര്യം നോക്കേണ്ടത് എന്ന്….
വിനുവേട്ടൻ വന്നു സ്വർണ്ണത്തിന്റെ കാര്യം പറഞ്ഞപ്പോൾ തീർത്തു തന്നെ പറഞ്ഞിരുന്നു പറ്റില്ല എന്ന്…. എന്റെ അച്ഛൻ എനിക്കായി തന്നെ സ്വർണം ഒന്നും കൊടുക്കാൻ കഴിയില്ല എന്ന്…
അത്രയും ആയപ്പോഴേക്ക് അമ്മയും യുദ്ധത്തിനായി വന്നിരുന്നു…
ആര് എന്തൊക്കെ തന്നെ പറഞ്ഞാലും എനിക്ക് എന്റെ അഭിപ്രായത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അവരോട് തീർത്ത് പറഞ്ഞു..
“”‘ ഏറെ ബുദ്ധിമുട്ടിയാണ് എന്റെ അച്ഛൻ ഇത്രയും സ്വർണം എനിക്കായി ഉണ്ടാക്കിത്തന്നത് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് സ്വർണത്തിന്റെ പേരിൽ മാത്രമേ ഈ വിവാഹം നടക്കു എങ്കിൽ എനിക്ക് വിവാഹം വേണ്ട എന്ന്…
പക്ഷേ അച്ഛൻ തന്നെ നിർബന്ധിച്ചാണ് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്….
അച്ഛന്റെ ഇഷ്ടം അതാണെങ്കിൽ ആ മനസ്സ് വേദനിപ്പിക്കേണ്ട എന്ന് കരുതി മാത്രം..
സ്വർണവും വേണ്ടാ എന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു തന്നെയാണ് തന്നത്…
അതും ഒരുപാട് കഷ്ടപ്പെട്ട്… അതിന്റെ കുറ്റബോധം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല..
ഇനി അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്റെ അച്ഛന്റെ കാര്യങ്ങൾക്കോ അല്ലെങ്കിൽ എനിക്ക് വേണ്ടിയോ ആയിരിക്കും…
ഇതിൽനിന്ന് നിങ്ങളുടെ മകളുടെ കല്യാണത്തിനായി ഒരു തരി സ്വർണം കിട്ടും എന്ന് യാതൊരു പ്രതീക്ഷയും വേണ്ട.. നിങ്ങളുടെ മകന് ഒരു കുടുംബം ഉണ്ടാകേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ് അല്ലാതെ എന്റെ അച്ഛന്റെ ആവശ്യമല്ല…
ഇനി ഇതിന്റെ പേരിൽ ഇവിടെനിന്ന് ഇറക്കിവിടാൻ ആണ് ഭാവമെങ്കിൽ സന്തോഷത്തോടുകൂടി തന്നെ ഞാൻ പോകും…””””
അമ്മ വിനുവേട്ടനോട് എന്നെ കുറെ കുറ്റപ്പെടുത്തി സംസാരിച്ചു… വിനുവേട്ടൻ ഒന്നും പറഞ്ഞില്ല രണ്ടു കൂട്ടരെയും വെറുപ്പിക്കാതെ ഒന്നും മിണ്ടാതെ നിന്നു..
ഒടുവിൽ എന്നോട് ഇറങ്ങി പോകാൻ അമ്മ പറഞ്ഞു.. എനിക്ക് അതിൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല എന്റെ സാധനങ്ങൾ എടുത്ത് ഇറങ്ങുമ്പോൾ, ഭർത്താവ് എന്ന് പറയുന്ന അയാളോട് ഞാൻ ചോദിച്ചിരുന്നു ഇത് നിങ്ങളുടെയും തീരുമാനമാണോ എന്ന്…
ഈ അവസാന നിമിഷത്തിലെങ്കിലും വായ ഒന്ന് തുറക്കൂ എന്ന്….
“””” അമ്മേ അവൾ പറയുന്നതിലും കാര്യമുണ്ട്… അവളെ ഇറക്കിവിടാൻ പറ്റില്ല “””എന്ന് പറഞ്ഞു…
എന്റെ സാധനങ്ങൾ എല്ലാം വിനുവേട്ടൻ തന്നെയാണ് അകത്ത് കൊണ്ടുപോയി വച്ചത്..
അമ്മ എന്തൊക്കെയോ ശബ്ദിക്കുന്നുണ്ടായിരുന്നു എവിടുന്നൊക്കെ ലോണെടുത്ത് മകളുടെ വിവാഹം നടത്തി കൊടുത്തു… വിനുവേട്ടന്റെ പരമാവധി വിനുവേട്ടനും ചെയ്തിരുന്നു..
അതിലൊന്നും ഞാൻ തടസ്സം നിന്നില്ല പക്ഷേ എന്റെ സ്വർണം തൊടാൻ സമ്മതിച്ചില്ല എന്ന് മാത്രം..
പെങ്ങളുടെ കല്യാണത്തിന് കിടന്നു ഓടി അതിന്റെ ബുദ്ധിമുട്ട് വിനുവേട്ടന് നന്നായി മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ എന്നോട് അദ്ദേഹം എന്റെ സ്വർണം മുഴുവൻ അച്ഛനെ ഏൽപ്പിക്കാൻ പറഞ്ഞു…
സന്തോഷത്തോടെ ഞാനത് ചെയ്തു…
ഒരു കാര്യം കൂടി ഞാൻ അച്ഛനോട് പറഞ്ഞിരുന്നു… അതിൽനിന്ന് കുറച്ചെടുത്ത് അമ്മയ്ക്ക് ഒരു പശുവിനെ കൂടി വാങ്ങി കൊടുക്കാൻ…
പെൺമക്കൾ ഉണ്ടായതിന്റെ പേരിൽ ഒന്നും ആർക്കും നഷ്ടപ്പെടരുത് എന്ന്…. സമൂഹത്തിൽ അങ്ങനെയൊരു ചിന്തയുള്ളത് മാറേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു….