(രചന: J. K)
കല്യാണം കഴിഞ്ഞ് ഈ വീട്ടിലേക്ക് കാലെടുത്തുവച്ചപ്പോഴേ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നിയതാണ്…
എല്ലാവരും എന്തൊക്കെയോ എന്നിൽ നിന്ന് ഒളിപ്പിക്കുന്നത് പോലെ….
വെറും രണ്ടാഴ്ച കൊണ്ട് ഉണ്ടായ ബന്ധമാണ്… അന്വേഷിക്കാനോ പറയാനോ തനിക്ക് ആരും തന്നെയില്ല ചെറുപ്പത്തിലെ മരിച്ചതാണ് അച്ഛനും അമ്മയും…
നാട്ടുകാർ എന്ത് വിചാരിക്കും എന്നതുകൊണ്ട് മാത്രമാണ് അമ്മാവൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്… അവിടെ ഒരു അധികപ്പറ്റായിരുന്നു എന്നും താൻ..
കുടിക്കുന്ന വെള്ളത്തിനും കഴിക്കുന്ന ഭക്ഷണത്തിനും എല്ലാം കണക്ക് പറയും അമ്മൂമ്മ എങ്കിലും ജീവിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്….
അമ്മയ്ക്ക് അസുഖമാണ് എന്നറിഞ്ഞ്, വളരെ വിഷമമായിരുന്നു എനിക്കും അച്ഛനും… അമ്മ ഇനി വളരെ കുറച്ച് നാളുകൾ കൂടെ ഞങ്ങളുടെ കൂടെ ഉള്ളൂ എന്ന് ഡോക്ടർമാർ തീർത്തു പറഞ്ഞു…..
സ്നേഹനിധിയായ അച്ഛനെ അത് വളരെ തളർത്തി കളഞ്ഞു.. അച്ഛന് ഒരു ദിവസം നെഞ്ചുവേദന വന്നു ആദ്യം പോവും എന്ന് കരുതി അമ്മയേക്കാൾ മുന്നേ അച്ഛൻ ഞങ്ങളെ വിട്ടു പോയി…
അതിന്റെ ഒരു ഞെട്ടൽ തീരുന്നതിനു മുമ്പ് അമ്മയും… മനുഷ്യർ തീർത്തും നിസ്സഹായരാണ് എന്ന് ഞാൻ മനസ്സിലാക്കിയത് അവിടെയായിരുന്നു..
അച്ഛന് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല അച്ചമ്മയ്ക്ക് അച്ഛൻ ഒരേയൊരു മകനായിരുന്നു അതുകൊണ്ട് തന്നെ അവിടെക്ക് ആരും വന്ന് എന്നെ കൂട്ടിക്കൊണ്ടു പോവാനില്ല എന്ന് ഉറപ്പായിരുന്നു
അപ്പോഴാണ് അമ്മാമന് നറുക്ക് വീണത് ശല്യം പോലെ അദ്ദേഹം എന്നെ ഏറ്റെടുത്തു വേറെ വഴിയില്ലായിരുന്നു…..
അല്ലെങ്കിൽ അദ്ദേഹത്തിന് നാട്ടുകാരുടെ മുന്നിൽ മുഖം രക്ഷിച്ചെടുക്കാൻ പറ്റില്ലായിരുന്നു ആ വീട്ടിലേക്ക് കാലെടുത്തുവെച്ചതും തുടങ്ങുകയായിരുന്നു എന്റെ കഷ്ടകാലം…
പഠിപ്പ് മുടക്കി എന്നെ വെറുമൊരു വേലക്കാരിയായി മാത്രമേ അവിടെയുള്ളവർ കണ്ടിരുന്നുള്ളൂ…
പക്ഷേ അതിലൊന്നും പരാതിയില്ലായിരുന്നു എവിടെയെങ്കിലും ഒരു ഇത്തിരി സ്ഥലത്ത് എന്തെങ്കിലും വെള്ളം കുടിച്ചു കഴിഞ്ഞു കൂടണം എന്ന ചിന്ത മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ….
ദൈവമായിട്ട് തന്ന ഈ ജീവിതം സ്വയം ഒടുക്കാൻ ധൈര്യം ഇല്ലായിരുന്നു…
അങ്ങനെയിരിക്കുമ്പോഴാണ് ഒരു വിവാഹാലോചന വന്നത് അത്യാവശ്യത്തിനു നല്ല കൂട്ടരാണ് അമ്മായിക്കും അമ്മാമനും ഭയങ്കര അത്ഭുതം ആയിരുന്നു
സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞ് പഠിപ്പ് പോലുമില്ലാത്ത എന്നെ എന്ത് കണ്ടിട്ടാണ് അവർ അങ്ങോട്ട് വിവാഹം അന്വേഷിച്ചു വന്നത് എന്ന്…
കൂടുതലൊന്നും ചിന്തിക്കാൻ നിൽക്കാതെ തലയിൽ നിന്ന് ഒഴിവാവുമല്ലോ എന്ന രീതിയിൽ അവർ ആ വിവാഹം നടത്തി തന്നു…
വേറെ ഒരു അത്ഭുതം ഉള്ളത് ചെക്കനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു പെണ്ണുകാണാൻ വന്നപ്പോഴും ചെക്കന്റെ അമ്മയും പെങ്ങളും മാത്രമാണ് വന്നിരുന്നത് ഇന്ന് കല്യാണ പന്തലിൽ വെച്ചാണ് അയാളെ ഞാൻ ആദ്യമായി കാണാൻ പോകുന്നത്…..
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്നറിയില്ല പക്ഷേ ചോദിക്കാനും പറയാനും ഇല്ലാത്തവർക്ക് ഇതല്ല ഇതിനപ്പുറവും നടക്കും…
അയാളുടെ മുഖത്ത് ചിരി എന്ന് പറഞ്ഞ ഒരു സാധനം തന്നെ കാണാനില്ലായിരുന്നു എന്റെ മുഖത്തേക്ക് പോലും ഒന്ന് നോക്കിയില്ല എപ്പോഴും നിറയെ ഗൗരവമാണ് ആ മുഖത്ത്…..
വിവാഹം അത്ര ആർഭാടകരമായി ഒന്നും നടത്തിയില്ല അവരുടെ വീട്ടിൽ നിന്ന് വെറും പത്തോ മുപ്പതോ പേര് മാത്രമാണ് വന്നിരുന്നത്…..
വീട്ടിൽ ചെന്ന് വലതുകാൽ വെച്ച് കയറി പക്ഷേ അതിനുശേഷം ഞാൻ ശ്രദ്ധിച്ച ഒരു കാര്യം അയാളെ പിന്നെ അവിടെ കാണാനേ ഇല്ലായിരുന്നു എന്നതാണ്….
അവിടെ അന്ന് പ്രത്യേകിച്ച് വിരുന്ന് പരിപാടികൾ ഒന്നും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും പിരിഞ്ഞു പോയി…..
എന്റെ ഭർത്താവ് എന്ന് പറയുന്ന ആളെ ഞാൻ കുറെ നേരം അവിടെ എല്ലാം നോക്കി…. എവിടെയും കണ്ടില്ല… അവിടെ എവിടെയെങ്കിലും കാണും എന്ന് വിചാരിച്ചു പിന്നെ…
പക്ഷേ അർദ്ധരാത്രിയായിട്ടും അയാൾ വന്നില്ല… അത് അവിടെ ചെറിയതോതിൽ പ്രശ്നമുണ്ടാക്കിയിരുന്നു അയാളുടെ അച്ഛൻ അമ്മയോട് കയർക്കുന്നത് കേട്ടു ഇപ്പോഴും വന്നില്ലേ ശിവൻ എന്ന് ചോദിച്ച്….
“”””ഇപ്പോഴും ആ എരണം കെട്ടവളുടെ കൂടെ കിടക്കാൻ പോയോ അവൻ???””
വന്നുകയറിയത് മുതലേ ഇവിടെ എന്തോ പ്രശ്നമുണ്ട് എന്ന് മനസ്സിലായിരുന്നു പക്ഷേ ഇപ്പോൾ ഏതാണ്ട് ഊഹിക്കാമായിരുന്നു….
അയാൾക്ക്, എന്റെ കഴുത്തിൽ താലികെട്ടിയ ആൾക്ക് മറ്റേതോ ഒരാളുമായി ബന്ധമുണ്ട് എന്ന് ഞാൻ അവരുടെ വർത്താനത്തിൽ നിന്ന് മനസ്സിലാക്കി….
എന്താണ് വേണ്ടത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു..
പിറ്റേ ദിവസമാണ് അയാൾ എത്തിയത് അവിടെ എല്ലാവരും ചേർന്ന് വലിയ ബഹളമായി…
പിന്നെ അറിയാൻ കഴിഞ്ഞത് അയാൾക്ക് രണ്ട് കുട്ടികളുള്ള അയാളെക്കാൾ പ്രായമുള്ള ഒരു സ്ത്രീയുമായി ആണ് ബന്ധം എന്നായിരുന്നു….
വീട്ടുകാർ എന്തൊക്കെ പറഞ്ഞിട്ടും അയാൾ അതിൽ നിന്നും പിന്മാറാൻ തയ്യാറല്ലായിരുന്നു അങ്ങനെ അയാളെ നേരാക്കാൻ വേണ്ടി ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് എന്നെ വിവാഹം കഴിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത്…..
അറിഞ്ഞ ഉടനെ ഞാൻ അമ്മാവനെ വിളിച്ച് എല്ലാം പറഞ്ഞു…
“”””ഇപ്പോ നിന്റെ വിവാഹം കഴിഞ്ഞു ഇനി ഒക്കെ നിന്റെ വീധി പോലെ നടക്കും… എല്ലാം സഹിക്കണം “”””
എന്നുപറഞ്ഞ് അമ്മാവനും കയ്യൊഴിഞ്ഞു എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ തളർന്നിരുന്നു….
ഇവിടെനിന്ന് ഇറങ്ങിപ്പോകാം എന്ന് കരുതിയാൽ എനിക്ക് പോകാൻ മറ്റൊരു ഇടം ഉണ്ടായിരുന്നില്ല.. ജീവിക്കാനായി ഒരു കൈത്തൊഴിലോ തന്റേടമൊ ഒന്നും….
കല്യാണത്തിന്റെ പിറ്റേദിവസം വന്നപ്പോൾ എല്ലാവരും ചേർന്ന് ബഹളം വെച്ചപ്പോൾ ഇറങ്ങിപ്പോയതാണ് എന്റെ കഴുത്തിൽ താലികെട്ടിയവൻ പിന്നെ ഇതുവരെയും ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല..
അവിടെ ഇനിയും കടിച്ചു നോക്കി നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു അതുകൊണ്ടാണ്,
ഒരു പൊതുപ്രവർത്തകയെ കണ്ടു ഞാൻ സഹായം അഭ്യർത്ഥിച്ചത്..
എന്റെ അവസ്ഥയെല്ലാം പറഞ്ഞപ്പോൾ അവർ എന്നോട് അവരുടെ കൂടെ ചെല്ലാമോ എന്ന് ചോദിച്ചു
ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ട് അവരുടെ കീഴിൽ ഒരു അനാഥാലയവും അവിടെ കുഞ്ഞുങ്ങളെ നോക്കാനും പറ്റും ഒരു സ്ത്രീയെ ആവശ്യമുണ്ടായിരുന്നു പ്രതിഫലം ഒന്നും കിട്ടില്ല അവിടെ താമസിക്കാം..
ഭക്ഷണവും അവിടെ നിന്നും കഴിയും പക്ഷേ ഒരു കാര്യമുണ്ട്.. അവിടെ തൊട്ടപ്പുറത്ത് തന്നെ സ്ത്രീകളെ സ്വയം തൊഴിൽ പഠിപ്പിക്കുന്ന കേന്ദ്രം ഉണ്ട്..
അവിടെ നിന്നും എന്തെങ്കിലും പഠിക്കുകയും ആവാം…
ഒരു നൂറുവട്ടം സമ്മതമായിരുന്നു അവിടെ നിന്നുകൊണ്ടുതന്നെ ഞാൻ ഫാഷൻ ഡിസൈനിങ് പഠിച്ചു.. ഒപ്പം ബ്യൂട്ടീഷൻ കോഴ്സും..
ടൗണിൽ തന്നെ നല്ലൊരു ഇടത്ത് ജോലിയും കിട്ടി അപ്പോഴാണ് അയാളിനെ കാണാൻ വന്നത് എന്റെ കഴുത്തിൽ താലികെട്ടിയ ആൾ…
ഒരുപക്ഷേ ആ സ്ത്രീയെ മടുത്തു കാണണം എന്നോട് കൂടെ ചെല്ലണം എന്നൊക്കെ പറഞ്ഞു അമ്മയും ഉണ്ടായിരുന്നു കൂടെ…
“”” ഇനിയും ഇയാളെ നേർവഴിക്കാക്കാനാണോ എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത് എന്ന് യാതൊരു ദയവും ഇല്ലാതെ അവരുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു…..
ഒരിക്കൽ അങ്ങനെയൊരു പരീക്ഷണത്തിന് ഫലമായിട്ടാണല്ലോ ഞാൻ ഒന്നുമില്ലാത്തവളായി ഇങ്ങനെ വന്നു നിൽക്കേണ്ടി വന്നത് പക്ഷേ നിങ്ങളോട് നന്ദിയുണ്ട് ആ വീട്ടിലേ അടുക്കളക്കാരിയിൽ നിന്നും സ്വന്തം കാലിൽ നിൽക്കാനുള്ള തന്റേടം എനിക്ക് ഉണ്ടാക്കി തന്നതിന്…..
ഇനി ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കാൻ തന്നെയാണ് എന്റെ തീരുമാനം ഒരു കൂട്ടുവേണമെന്ന് തോന്നുന്നത് വരെ….
ഇനി വേണം എന്ന് തോന്നിയാലും, അത് താലികെട്ടിയ പെണ്ണിനെ നിഷ്കരുണം നിഷേധിച്ച ഇയാൾ ഒത്തു ആവില്ല എന്ന് തറപ്പിച്ചു തന്നെ പറഞ്ഞു…
എന്തോ ആരോടൊക്കെയോ പടവെട്ടി ജയിച്ച ഒരു സംതൃപ്തിയായിരുന്നു അപ്പോൾ….