വിവാഹം കഴിഞ്ഞു ആദ്യ രാത്രിയിൽ മുറിയിൽ എത്തിയത് മുതൽ അവൾ അതുവരെ കാണാത്ത ഒരു മുഖം പുറത്തെടുത്തു. ഒപ്പം കിടക്കാൻ വയ്യ. ഒറ്റയ്ക്ക് കിടന്നാണ് ശീലമത്രേ!

(രചന: ശാലിനി)

“എനിക്ക് ഒരു കള്ള് കുടിയനെ വേണ്ട എന്ന് തീരുമാനിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?”

“അത് തെറ്റല്ല, വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ, ഈ ആലോചന ഇവിടെ വരെ കൊണ്ടെത്തിച്ചതിൽ നിനക്കുമില്ലേ മോളെ ഒരു പങ്ക്?

ഈ വിവാഹം ഉറപ്പിച്ചു കഴിഞ്ഞ് നിശ്ചയവും കഴിഞ്ഞ് എല്ലാവരും വിവാഹത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുമ്പോഴെങ്കിലും നിനക്കോ നിന്റെ വീട്ടുകാർക്കോ ഒരു വാക്ക് പറയാമായിരുന്നു.,

ഞങ്ങൾക്ക് ഈ വിവാഹത്തിന് താൽപ്പര്യമില്ലെന്ന്. എന്താ അതല്ലേ അതിന്റെ ശരി?”

അർച്ചന ഒന്നും മിണ്ടിയില്ല. ന്യായം അവരുടെ ഭാഗത്ത്‌ ആണെന്ന് അറിയാം. പക്ഷെ, തനിക്ക് രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ല. എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഒന്ന് ചാടിയാൽ മതി എന്നേയുള്ളൂ.

അപ്പോഴും, എല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ ഹാളിലെ സെറ്റിയിൽ മനസ്സ് നഷ്ടപ്പെട്ടത് പോലെയൊരാൾ ഇരിപ്പുണ്ടായിരുന്നു.
മണവാളൻ ചെക്കൻ! അല്ലെങ്കിലും അവനെന്താ പറയേണ്ടത്. അമ്മ പറഞ്ഞത് അത്രയും ശരിയായിരുന്നല്ലോ.

ഒരു ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു. ഒറ്റ മോളാണ്, കോളേജ് പ്രൊഫസർ ആണ്, ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു പെണ്ണ് കാണാൻ കൊണ്ട് പോയതാണ്.

ഒട്ടും നീളമില്ലാത്ത ഒരു കുട്ടി. ആവശ്യത്തിൽ കൂടുതൽ വണ്ണവും. എങ്കിലും പ്രായം കൊണ്ടും നാള് കൊണ്ടും, ചേർച്ചയുള്ള ജാതകം കൊണ്ടുമൊക്കെ എല്ലാവർക്കും ഈ ആലോചനയോട് വലിയ താൽപ്പര്യം ആയിരുന്നു.

ആറടി പൊക്കക്കാരനൊപ്പം നിൽക്കുമ്പോൾ രണ്ട് പേരും തമ്മിലുള്ള പൊക്ക വ്യത്യാസം പ്രകടമായിരുന്നു. എന്നിട്ടും പെങ്ങൾ പറഞ്ഞത് അതൊന്നും കാര്യമാക്കണ്ട കാണാൻ നല്ല ചന്തമുണ്ട്. പിന്നെ ആവശ്യത്തിന് സ്വത്തുണ്ട്, നല്ല ഉദ്യോഗമുണ്ട് എന്നൊക്കെയാണ്.

പ്രായം മുപ്പത്തിമൂന്ന് ആയ നീ വീണ്ടും കടുംപിടുത്തം കൊണ്ട് നിന്നാൽ നിന്ന് പോകത്തേയുള്ളൂ എന്ന് പറഞ്ഞു അമ്മയും എരി കേറ്റി.

എഞ്ചിനീയർ ആയ ചെക്കന് ഒരു കോളേജ് പ്രൊഫസർ അന്തസ്സ് ഒക്കെതന്നെയാണ് എന്ന് കൂട്ടുകാരും ആവേശം കൂട്ടി.

അങ്ങനെ എല്ലാം എടുപിടീന്ന് കാര്യങ്ങൾ നീങ്ങി.
പക്ഷെ, വിവാഹം കഴിഞ്ഞു ആദ്യ രാത്രിയിൽ മുറിയിൽ എത്തിയത് മുതൽ അവൾ അതുവരെ കാണാത്ത ഒരു മുഖം പുറത്തെടുത്തു.

ഒപ്പം കിടക്കാൻ വയ്യ. ഒറ്റയ്ക്ക് കിടന്നാണ് ശീലമത്രേ! എന്ത്‌ ചെയ്യണം എന്നറിയാതെ ചെറുക്കൻ ആകെ ഒന്ന് ഞെട്ടി.

ഒറ്റയ്ക്ക് കിടന്നോളൂ. പക്ഷെ അതിന് ഈ മുറിയിൽ ഒരേയൊരു കട്ടിൽ മാത്രമല്ലേയുള്ളൂ.
ഞാൻ ഇങ്ങേയറ്റത്ത് ശല്യമാകാതെ കിടന്നോളാം.

താൻ മറ്റേ അറ്റത്തു കിടന്നോ എന്നൊക്കെ പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല. അവൾക്ക് ഒറ്റയ്ക്ക് ഒരു കട്ടിലിൽ കിടക്കണം പോലും. ഇയാൾ വേണമെങ്കിൽ താഴെയെങ്ങാനും കിടന്നോ. തന്നെ ശല്യപ്പെടുത്തരുതെന്ന് മാത്രം.

പുതുപ്പെണ്ണിന്റെ ആവശ്യം കേട്ട് ചെക്കൻ തലയിൽ കയ്യ് വെച്ചു. രണ്ട് കട്ടിലു മുറിയിൽ ഇടാൻ സ്ഥലമില്ലാത്തത്തിൽ അന്ന് ആദ്യമായി അവൻ ഖേദിച്ചു.

എനിക്ക് താഴെ കിടന്നു ശീലമില്ല. പോരെങ്കിൽ പാറ്റയും പല്ലിയു മൊക്കെ കാണും എനിക്ക് പേടിയാണ് അതൊക്കെ എന്ന് പറഞ്ഞു അവളുടെ മുന്നിൽ താണു കേണു.

ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ കട്ടിലിന്റെ ഒരറ്റത്ത് ഇത്തിരി സ്ഥലം ഔദാര്യം പോലെ അനുവദിച്ചു.

അവനാകട്ടെ ഉള്ളിൽ തന്നോട് തന്നെ അമർശവും അരിശവും തോന്നി. സ്വന്തം മുറിയിൽ ഒരു രാജാവിനെ പോലെ ഇത്രയും നാൾ വിഹരിച്ച തനിക്ക് ഒരു കല്യാണം കഴിച്ചതോടെ ഈ ഗതി വന്നല്ലോ എന്നോർത്ത് ഉള്ളിൽ കരയാതെ കരഞ്ഞു.

ഇവൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ..
അതോ ഫസ്റ്റ് നൈറ്റിനെ പേടിച്ചിട്ടാണോ??
ഇല്ല മോളൂസേ.. ഈ ഏട്ടൻ നിന്നെ ഒന്നും ചെയ്യില്ല എന്നൊക്കെ പറയാൻ തരിച്ചു.

പക്ഷെ, വെട്ടിയിട്ട വാഴ കണക്കെ കട്ടിലിലേയ്ക്ക് ചരിഞ്ഞ പുതു പെണ്ണുമ്പിള്ളയെ കണ്ട് അവൻ തറഞ്ഞു നിന്നു.

പിന്നെയുള്ള രണ്ട് ദിവസവും ഗതി അധോഗതി തന്നെയായിരുന്നു. തൊടൽ ഇല്ല, പിടിക്കൽ ഇല്ല, മിണ്ടൽ ഇല്ലേയില്ല. പിന്നെ എങ്ങനെ കാര്യം നടക്കും.

തെറ്റിദ്ധരിക്കണ്ട., ബാക്കിയുള്ള കാര്യങ്ങൾ ഉണ്ടല്ലോ.. കല്യാണം കഴിഞ്ഞാൽ ചെക്കനും പെണ്ണിനും അവിടെയും ഇവിടെയും ഒക്കെ പോകണ്ടേ. എന്തെങ്കിലും ഒക്കെ സംസാരിക്കണ്ടേ.. എന്നാലല്ലേ പരസ്പരം മനസ്സിലാക്കാൻ പറ്റൂ..

ഇത് പെണ്ണ്, മുറിയിൽ നിന്ന് ജന്മം ചെയ്താൽ ഇറങ്ങത്തില്ല. എനിക്ക് ഒരിടത്തും പോകണ്ട.
എനിക്ക് വിരുന്നിനു എന്റെ വീട്ടിൽ മാത്രം പോയാൽ മതി!

അങ്ങനെ ഒരു വിധം സഹിച്ചും ക്ഷമിച്ചും നാലാം നാൾ എത്തി. അന്ന് സ്വന്തം വീട്ടിലേക്ക് പോകാനായി ഒരുങ്ങിയ അവൾ, സൂക്ഷിക്കാനായി ഊരിക്കൊടുത്ത സ്വർണ്ണം മുഴുവനും തിരിച്ചു ചോദിച്ചു.

“ഇപ്പൊ എന്തിനാ മോളെ ഇതെല്ലാം. അത്യാവശ്യം വേണ്ടത് ഇട്ടോണ്ട് പോയാൽ പോരേ? പോരെങ്കിൽ രണ്ട് നാള് കഴിയുമ്പോൾ നിങ്ങൾ ഇങ്ങു പോരുമല്ലോ.”

“ഏയ്‌, ഇനിയിങ്ങോട്ട് പോരുന്ന കാര്യം ആരും ഓർക്കണ്ട. എനിക്ക് തെറ്റ് പറ്റിയതാ. ഈ കല്യാണം എനിക്ക് വേണ്ടാ എന്ന് കാല് പിടിച്ചു ഞാൻ അമ്മയോട് പറഞ്ഞതാ. ന്നിട്ട് അമ്മ കേട്ടില്ല.

നിശ്ചയം കഴിഞ്ഞു സകലമാന ആൾക്കാരെയും കല്യാണത്തിന് ക്ഷണിച്ചിട്ട് വിവാഹം വേണ്ടെന്ന് വെയ്ക്കുന്നത് മോശമാണെന്നും ആളുകൾ വല്ലതുമൊക്കെ പറയുമെന്നും പറഞ്ഞമ്മ സമ്മതിച്ചില്ല. എനിക്ക് കള്ള് കുടിക്കുന്ന ചെറുക്കനെ ഇഷ്ടമല്ല. ഞാൻ ഇന്നത്തോടെ ഈ ബന്ധം അവസാനിപ്പിക്കുകയാണ്.”

അമ്മയും മകനും അന്തം വിട്ടു നോക്കി.
ഇവൾക്കെന്താ തലയ്ക്കു വെളിവില്ലെ. ഒരു മാനസിക രോഗിയെയാണോ ഇവിടെയ്ക്ക് കൊണ്ട് വന്നത്..

വല്ല വിശേഷങ്ങൾക്കും മാത്രം കൂട്ടുകാർക്കൊപ്പം ഒന്ന് കൂടുമെന്നല്ലാതെ ഒരു മുഴുക്കുടിയനൊന്നുമല്ല തന്റെ മകൻ.പോരെങ്കിൽ കല്യാണം കഴിഞ്ഞു ഇതുവരെയും അവൻ ആ വക ഒരു പരിപാടിക്കും പോയിട്ടുമില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

അവർ ഒന്നും മിണ്ടണ്ട എന്ന് മകന്റെ നേർക്ക് കണ്ണ് അടച്ചു കാണിച്ചു. എന്നിട്ട് സ്വർണ്ണം മുഴുവനും എടുത്തു കൊടുത്തേക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവൻ അലമാരയിൽ പൂട്ടി വെച്ചിരുന്ന അവളുടെ ആഭരണങ്ങൾ മുഴുവനും അവളുടെ കയ്യിൽ കൊടുത്തു.

എന്തെങ്കിലും കുറവുണ്ടോ എന്ന് നോക്കിക്കോ. ഇനി അതും ഞങ്ങൾ അടിച്ചു മാറ്റിയെന്ന് പറഞ്ഞാലോ.

അവൾ അത് കേട്ട് അയാളെ തറപ്പിച്ചു നോക്കി.
പിന്നെ അതേപോലെ ബാഗിനുള്ളിൽ വെച്ചു.
യാത്ര പോലും ചോദിക്കാതെ ഇറങ്ങിപ്പോകുന്ന മരുമകളെ നോക്കി നിൽക്കെ നെഞ്ചിൽ ഒരു കൊളുത്തി പിടുത്തം പോലെ തോന്നിയ അവർ അവിടെ തന്നെ മറിഞ്ഞടിച്ചു വീണു.

ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ മകൻ അമ്മ വീണു കിടക്കുന്നത് കണ്ട് നിലവിളിച്ചു കൊണ്ട് ഓടിവന്നു അമ്മയെ താങ്ങിപ്പിടിച്ചു.
അവൾ വെറുമൊരു പ്രതിമ കണക്കെ അത് നോക്കി നിന്നു.

കാർ എടുത്തു പെട്ടന്ന് അമ്മയെ അതിൽ ഇരുത്തി അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ ഗേറ്റ് കടന്നു ഹോസ്പിറ്റലിലേയ്ക്ക് ശരവേഗത്തിൽ പാഞ്ഞു.

ഒരു മൈനർ അറ്റായ്ക്ക് ആയിരുന്നു അവർക്ക് സംഭവിച്ചത്.. സമയത്തിന് ഹോസ്പിറ്റലിൽ കൊണ്ട് വന്നത് കൊണ്ട് രക്ഷപെട്ടു.
ബോധം വീഴുവോളം അവൻ പുറത്ത് വേവുന്ന മനസ്സോടെ കാത്തിരുന്നു.

വിവാഹം നടക്കാൻ താമസിച്ചത് ഇങ്ങനെ ഒരു ദുരന്തത്തിന് വേണ്ടിയായിരുന്നോ.
അമ്മയ്ക്ക് ബോധം വീണു എന്ന് നഴ്സ് വന്ന് പറഞ്ഞു. മകനെ കണ്ട് അവരുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

“അമ്മേ.. വെറുതെ കരഞ്ഞു വീണ്ടും അസുഖം കൂട്ടണ്ട. ഡോക്ടർ കണ്ടാൽ വഴക്ക് പറയും.”
അവർ അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

“നിനക്ക് ഈ അവസ്ഥ ഉണ്ടാകാൻ കാരണം ഞാനാണെടാ മോനെ.. അതോർത്തിട്ടാ എനിക്ക് സഹിക്കാൻ പറ്റാത്തത്.”

“എന്ന് ഞാൻ പറഞ്ഞോ അമ്മയോട്. അവൾ ഏതാണ്ടൊക്കെ ബോധമില്ലാതെ വിളിച്ചു പറഞ്ഞെന്ന് കരുതി അമ്മ അതൊന്നും കാര്യമാക്കണ്ട.

ഇത് കൊണ്ടൊന്നും എന്റെ ജീവിതം തകരാൻ പോകുന്നില്ല. അവള് പോകുന്നെങ്കിൽ പോട്ടെ.. ഇങ്ങനെ ഉള്ളവളുമാര് കൂടെ പൊറുക്കുന്നതിലും ഭേദം ഒറ്റാം തടിയായി കഴിയുന്നത് തന്നെയാണ്.”

ആ വാക്കുകൾ കേട്ടിട്ടും അവരുടെ നെഞ്ചിലെ തീയ് അണയ്ക്കാൻ കഴിഞ്ഞില്ല.
അതൊന്നും അല്ല കാരണം എന്ന് മകനോട് എങ്ങനെ പറയും?

ഒരിക്കൽ ഒരു ഫോൺ വിളിയിൽ അറിയാതെ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു പോയൊരു വാചകമാണ് തന്റെ കുടുംബത്തിന്റെ മുകളിൽ ഇന്ന് ഒരു അശിനിപാതമായി വന്ന് വീണിരിക്കുന്നത്. അവരെന്തോ ഓർമ്മയിൽ കണ്ണുകൾ തുടച്ചു.

“അവൾ പോയിക്കാണുമോ മോനെ..?”
അവൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
എന്നാലും എന്തൊരു പെണ്ണാണ്. പഠിത്തം കൂടിപ്പോയതിന്റെ വിവരക്കേട് ആയിരിക്കും!

നിശ്ചയം കഴിഞ്ഞ സമയത്ത് പോലും ധാരാളം അവസരങ്ങൾ കിട്ടിയതാണ് എല്ലാം തുറന്നു സംസാരിക്കാൻ. എന്നിട്ടും അവൾ അങ്ങനെ ഉള്ള യാതൊരു കാര്യങ്ങളും അറിയാൻ ആഗ്രഹിച്ചില്ല.

എന്നിട്ടാണ് ഇപ്പൊ ഇങ്ങനെ ഒക്കെ.. എന്നാലും അമ്മ ചോദിച്ച അതെ ചോദ്യം അവന്റെ മനസ്സിലും ഇരുന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു.

അവൾ പോയിക്കാണുമോ?? വീട്ടിലേക്ക് വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. അവളുടെ മൊബൈൽ നമ്പർ തന്റെ ഫോണിലുണ്ട്.

പക്ഷെ, വിളിക്കാൻ മനസ്സ് അനുവദിച്ചില്ല. അവളും കണ്ടതാണല്ലോ അമ്മയുടെ അപ്പോഴത്തെ അവസ്ഥ. എന്നിട്ട് ഒരു മനുഷ്യത്വത്തിന്റെ പേരില്ലെങ്കിലും ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു അമ്മയ്ക്ക് എങ്ങനെ ഉണ്ടെന്ന്!

ഐസിയു വിൽ നിന്ന് അമ്മയെ റൂമിലേയ്ക്ക് മാറ്റിയിരുന്നു.അന്ന് മുഴുവനും അമ്മയെ വിട്ട് എങ്ങോട്ടും പോകാനും നിവൃത്തിയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ അവന്റെ മൊബൈൽ ഫോണിലേയ്ക്ക് ഒരു കാൾ വന്നു.
അവളാണ്!

“ഞാൻ വീട്ടിൽ എത്തി.” ആകെ മൂന്നേ മൂന്ന് വാക്ക്! തിരിച്ച് എന്തെങ്കിലും പറയാൻ അവസരം കിട്ടുന്നതിന് മുമ്പ് അവൾ ഫോൺ ഡിസ്‌ക്കണക്ട് ആക്കി.

വല്ലാത്ത ഒരു ചതിയായിപ്പോയി.. എവിടെ എങ്കിലും കേട്ട് കേൾവി പോലുമില്ല ഇതൊന്നും. ജീവിതം വെച്ചാണോ അമ്മയും മോളും കളിക്കുന്നത്.

വിവരം അറിഞ്ഞ ബന്ധുക്കൾ രോഷംകൊണ്ടു. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. വീട്ടിലെ മുതിർന്ന ആളുകൾ ചർച്ച ചെയ്തു കാര്യങ്ങൾ തീരുമാനിച്ചു. കുറച്ചു പേര് അവിടെ ചെന്ന് അവരെക്കണ്ടു കാര്യങ്ങൾ ഒക്കെ സംസാരിക്കുക. എന്നിട്ട് ബാക്കി എന്താണ് വെച്ചാൽ തീരുമാനിക്കാം.

അങ്ങനെ ചെറുക്കനും അമ്മാവനും ചിറ്റപ്പനും അപ്പച്ചിമാരും എല്ലാവരും കൂടി അഞ്ചാറ് പേര് പെണ്ണിന്റെ വീട്ടിലേക്കു യാത്രയായി.
അവരെക്കണ്ടു പെണ്ണിന്റെ അമ്മ തണുത്ത സ്വരത്തിൽ കയറി ഇരിക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു.

അച്ഛൻ ഇല്ലാത്ത വീടാണ്. അമ്മയും മകളും പിന്നെ ഒരു അകന്ന ബന്ധത്തിൽ ഉള്ള ആരും ആശ്രയമില്ലാത്ത ഒരു സ്ത്രീയും മാത്രമാണ് അവിടെ താമസം. ആദ്യം ചെറുക്കന്റെ അമ്മാവൻ തന്നെ കാര്യത്തിലേയ്ക്ക് കടന്നു.

“മോൾ അവിടെ എന്തൊക്കെയോ സംസാരിച്ചിട്ട് ഇറങ്ങിപ്പോന്നതാണ്. അതിന്റെ പിന്നാലെയാണ് എന്റെ പെങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായത്..
അതുകൊണ്ട് നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞ് വേണ്ട നടപടികൾ ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം.”

എല്ലാം കേട്ട് അതുവരെ ഒന്നും മിണ്ടാതെ നിന്ന പെണ്ണിന്റെ അമ്മ മുഖത്ത് ഇരുന്ന കണ്ണട എടുത്ത് ഉടുത്തിരുന്ന സാരിയുടെ കോന്തലയിൽ ഒന്ന് തുടച്ചു.

എന്റെ മോളുടെ ഇഷ്ടമാണ് എനിക്ക് വലുത്. അവൾക്ക് സ്വന്തമായി കുറെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും തീരുമാനങ്ങളും ഒക്കെയുണ്ട്.

ഞങ്ങളുടെ കുടുംബത്തിൽ മദ്യപാനികൾ ആരുമില്ല. അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ എനിക്കും എന്റെ മകൾക്കും വെറുപ്പാണ്.
യാതൊരു ദുഃശീലങ്ങളും ഇല്ലാത്ത പയ്യനാണെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇതിന് സമ്മതിച്ചത്.

പക്ഷെ നിശ്ചയം വരെ കഴിഞ്ഞ് യാദൃച്ഛികമായിട്ടാണ് ഞങ്ങൾ ആ സത്യം അറിയുന്നത്. അതും ചെക്കന്റെ അമ്മയുടെ നാവിൽ നിന്ന് തന്നെ! കൂട്ടുകാരോടൊപ്പം കൂടുമ്പോൾ മാത്രം അവൻ ലേശം കഴിക്കുമെന്ന്..

ലേശം എന്നല്ല ഒരു തുള്ളി പോലും കഴിക്കുന്ന ഒരാളിനെ ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല.
പിന്നെ, എന്ത്‌ കൊണ്ടാണ് എന്നിട്ടും ഈ കല്യാണത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയതെന്ന് ചോദിച്ചാൽ

നാടൊട്ടുക്കും ക്ഷണിച്ചിട്ട് ഈ കല്യാണം ഞങ്ങൾ വേണ്ടെന്ന് വെച്ചാൽ അത് എന്റെ മകൾക്ക് തന്നെയാണ് ഭാവിയിൽ ദോഷമുണ്ടാകുന്നതെന്ന് നന്നായി അറിയാവുന്നത് കൊണ്ട് മാത്രം. അത് കൊണ്ട് മാത്രമാണ് വിവാഹം വരെയെങ്കിലും പോകട്ടെയെന്ന് ഞങ്ങള് തീരുമാനിച്ചത്.

ഇപ്പോൾ വിവാഹം കഴിഞ്ഞു. ഇനി ഇലയ്ക്കും മുള്ളിനും കേട് ഇല്ലാതെ രണ്ടു പേർക്കും അവരവരുടെ വഴി തിരഞ്ഞെടുക്കാം. എന്തെങ്കിലും നഷ്ടപരിഹാരം വേണമെങ്കിൽ അത് തരാൻ ഞങ്ങൾ തയ്യാറാണ്.”

എല്ലാം കേട്ട് കഴിഞ്ഞു വന്നവർ തമ്മിൽ പരസ്പരം ഒന്ന് നോക്കി. ചെറുക്കന്റെ മുഖം വിളറി വെളുത്തിരുന്നു.

അപ്പോൾ തീരുമാനം എല്ലാം അവർ എടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി ഇതിൽ നിന്ന് പിന്മാറിയാൽ മാത്രം മതി!

അയാൾക്ക് അറിയാതെ അമ്മയോട് ചെറിയൊരു ദേഷ്യം തോന്നി. പക്ഷെ, അതെ നിമിഷത്തിൽ തന്നെ അമ്മയോട് അവന് വല്ലാത്ത സ്നേഹവും തോന്നി.

അതുകൊണ്ട് ഇവരെ മനസ്സിലാക്കാൻ പറ്റിയല്ലോ. ജീവിതകാലം മുഴുവനും ഇതുങ്ങളെ പോലെയുള്ള രണ്ട് നരകങ്ങളെ സഹിക്കേണ്ടി വന്നില്ലല്ലോ.

പോയതൊന്നും വലിയ നഷ്ടങ്ങളല്ല എന്ന് ചിന്തിച്ചാൽ തീരാവുന്ന വിഷമങ്ങളേയുള്ളൂ.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നതും അമ്മ മകനോട് ഒന്നേ അവശ്യപ്പെട്ടുള്ളൂ. എത്രയും പെട്ടന്ന് ഈ വിവാഹബന്ധം വേർപെടുത്തുക. ഇനി നമുക്ക് അങ്ങനെ ഒരു ബന്ധം വേണ്ട.

ഇതിലും നല്ലൊരു പെൺകുട്ടിയേ എവിടെ എങ്കിലും നിനക്കായി ദൈവം ഒരുക്കി വെച്ചിട്ടുണ്ടാവും ഉറപ്പ്. നമ്മൾ അത്ര വലിയ തെറ്റൊന്നും ആരോടും ചെയ്തിട്ടില്ലല്ലോ.

അവനും അല്ലെങ്കിലും എപ്പോഴേ ആ തീരുമാനത്തിൽ ചെന്നെത്തിയിരുന്നു.
ഇനി ഈ ബന്ധം വേണ്ട.

ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ ചെറിയ പരീക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ഇതും എന്ന് കരുതാം. അതുവരെ ഇരുൾ മൂടിയ മനസ്സിൽ ഒരല്പം തെളിച്ചം വീണത് പോലെ തോന്നി . തന്നെത്തന്നെ ഉറ്റു നോക്കിയിരിക്കുന്ന രണ്ട് വിറപൂണ്ട കണ്ണുകൾ അവൻ കണ്ടു.

അവനറിയാം അമ്മയുടെ ഏറ്റവും വലിയ വേദന തനാണെന്ന്. അത് മാറ്റിയെടുക്കാനും തനിക്ക് മാത്രമേ കഴിയൂ. ആശ്വസിപ്പിക്കുമ്പോലെ അവൻ അമ്മയുടെ കയ്യ് പിടിച്ചമർത്തി. എല്ലാം ശരിയാകും..ശരിയാകും.

Leave a Reply

Your email address will not be published. Required fields are marked *