(രചന: J. K)
“” എടാ ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയൊക്കെ ഓരോ ചുറ്റികളി ഇല്ലാത്ത വല്ലവരും ഉണ്ടാകുമോ?? “”
ജയ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ അത്ഭുതത്തോടെ കൂടി അവരെ നോക്കി രാജേഷ്..
അനുവിന്റെ കാര്യം അറിഞ്ഞപ്പോൾ അവളെ വെട്ടണം കുത്തണം എന്ന് പറഞ്ഞ് നടന്നിരുന്നവരാണ്..
ഇപ്പോൾ ഈ വർത്താനം പറയുന്നത്.. രാജേഷ് അത്ഭുതത്തോടെ കൂടി ജയയെ നോക്കി..
രാജേഷിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ സ്വയം ന്യായീകരിച്ചു..
അതിപ്പോ ഈ പെണ്ണുങ്ങളെ വശീകരിക്കാൻ ഓരോരുത്തർ നടക്കുന്നുണ്ട്.. പാവം ബുദ്ധി ഇല്ലാത്ത പെണ്ണുങ്ങൾ അതിലൊക്കെ ചെന്ന് വീഴും…
അവരുടെ ആ അവസ്ഥ മനസ്സിലാക്കി ക്ഷമിക്കേണ്ടത് ആണുങ്ങളുടെ കടമയാണ്… അപ്പോഴത്തെ ദേഷ്യത്തിന് നമ്മൾ പലതും പറയും പക്ഷേ എന്നുവച്ച് ജീവിതം എന്ന് പറഞ്ഞാൽ തന്നെ ഒരു കോംപ്രമൈസ് അല്ലേ?? “”
ഇത്രയും കേട്ടപ്പോൾ ചേച്ചിയോട് പുച്ഛം തോന്നി രാജേഷിന്..
“” എത്ര പെട്ടെന്നാണ് നിങ്ങൾക്ക് അഭിപ്രായം മാറ്റാൻ കഴിയുന്നത് പക്ഷേ ഇതുപോലെ എനിക്ക് പറ്റില്ല…
ഞാൻ തലയിൽ ആവും എന്ന് പേടിച്ച് അല്ലെ ചേച്ചി ഇപ്പോൾ ഈ ഉപദേശങ്ങൾ എല്ലാം ഉപദേശിക്കാൻ വന്നത് വേണ്ട ഇനി ചേച്ചി എന്റെ കാര്യത്തിന് ബുദ്ധിമുട്ടേണ്ട… “”
എന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും പുറത്തേക്കിറങ്ങി നടന്നു..
അമ്പല വഴിയിലേക്ക് നടന്നപ്പോൾ ആൽത്തറയിൽ നല്ല കാറ്റുണ്ടായിരുന്നു..
ആ കാറ്റും ഏറ്റ് രാജേഷ് അവിടെ കിടന്നു അറിയാതെ കണ്ണുകൾ അടഞ്ഞു വന്നു..
പഠനം കഴിഞ്ഞപ്പോൾ തന്നെ ദുബായിൽ നല്ല ഒരു ജോലി ശരിയായിരുന്നു അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാ ബാധ്യതകളും തീർക്കാനും പറ്റി…
രണ്ടു പ്രാവശ്യം പോയി വന്നതിനുശേഷം ആണ് സ്വയം കല്യാണത്തിന് പറ്റി ചിന്തിച്ചത് ചേച്ചിക്കും അമ്മയ്ക്കും വളരെ ഉത്സാഹം ആയിരുന്നു എവിടെനിന്നെങ്കിലും ഒരു പെണ്ണിനെ കണ്ടുപിടിച്ച് എന്നെ വിവാഹം കഴിപ്പിക്കാൻ…
അങ്ങനെയാണ് അവളെ കണ്ടെത്തിയത് അനുവിനെ…
കാണാൻ നല്ല ഭംഗിയായിരുന്നു അവളെ .. തീരെ പാവപ്പെട്ട കുടുംബത്തിൽപ്പെട്ട ഒരു കുട്ടി ഇതുതന്നെ മതി എന്ന് ഞാനും നിർബന്ധം പിടിച്ചു കാരണം പാവപ്പെട്ട വീട്ടിലെ കുട്ടിയാകുമ്പോൾ എന്റെ സ്വഭാവത്തിനനുസരിച്ച് നിന്നോളുമല്ലോ…
വിവാഹം കഴിഞ്ഞപ്പോഴാണ് അവൾ പറഞ്ഞത് നല്ല ഒരു ഭക്ഷണം പോലും അവൾ ഇത് വരെ കഴിച്ചിട്ടില്ല എന്ന്..
കേട്ടപ്പോൾ അവളോട് സഹതാപമായിരുന്നു തോന്നിയത് അവൾക്ക് എല്ലാ സൗഭാഗ്യങ്ങളും കൊടുക്കണം എന്ന് മനസ്സു പറഞ്ഞു അങ്ങനെയാണ്
അവൾക്ക് ഓരോന്നും ഞാൻ കൊണ്ടു കൊടുക്കാൻ തുടങ്ങിയത് ഒരു കഷ്ടപ്പാടും അറിയിക്കാതെ ഞാൻ അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു…
ഞങ്ങൾ സ്വന്തമായി വീട് പണിഞ്ഞ് അങ്ങോട്ട് മാറി…
എല്ലാ സൗഭാഗ്യങ്ങളും കയ്യിൽ വന്നപ്പോൾ അവളെ എനിക്ക് നഷ്ടമാവുകയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു…
പണ്ട് പ്രണയിച്ചവനെ വീണ്ടും കണ്ടെത്തി അവൾ അവനൊപ്പം കഴിഞ്ഞു..
ഒന്നുമറിയാതെ ഒരു വിഡ്ഢിയെ പോലെ ഞാൻ ഇവിടെ… അവൾക്ക് വേണ്ടി അധ്വാനിച്ച്..
അവളുടെ വീര സാഹസിക കഥകൾ ആരോ പറഞ്ഞു അറിഞ്ഞു … എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത് അങ്ങനെയാണ്.. അവിടെയെത്തി എല്ലാം പറഞ്ഞപ്പോൾ പെങ്ങളും അമ്മയും തന്നെയാണ് പറഞ്ഞത്അവളെ ഒഴിവാക്കാൻ..
അവളോട് കാര്യം തിരക്കിയപ്പോൾ അവർക്ക് യാതൊരു കൂസലും ഇല്ലായിരുന്നു..
ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എനിക്ക് ഈ ചേട്ടന്റെ കൂടെ പോയാൽ മതിയെന്ന് എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു..
ഒരെണ്ണം പൊട്ടിച്ചു കൊടുക്കാൻ കൈതരിച്ചതാണ് പക്ഷേ പെണ്ണുങ്ങളെ തല്ലുന്നത് വലിയ വീരസാഹസികത അല്ലാത്തതുകൊണ്ട് വെറുതെവിട്ടു..
വലിയ സിംബതി പറഞ്ഞ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് ഇപ്പോൾ എല്ലാ സൗഭാഗ്യങ്ങളും കിട്ടിത്തുടങ്ങിയപ്പോൾ ഇങ്ങനെ പറയുന്നത്..
എടാ അവളെ ആട്ടിറക്കി വിട് എന്ന് അമ്മയും പെങ്ങളും എന്നോട് പറഞ്ഞു..
അത് അവർ പറയുന്നതിന് മുമ്പ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു.. പക്ഷേ അപ്പോഴേക്കും ബാങ്ക് ബാലൻസ് നല്ലൊരു തുക അവൾ സ്വന്തം പേരിലേക്ക് ആക്കിയിരുന്നു.. മിടുക്കി…
എനിക്കതിൽ ഒന്നും തോന്നിയില്ല. കാരണം അന്ധമായി അവളെയെല്ലാം വിശ്വസിച്ച എനിക്ക് ഇതുതന്നെ കിട്ടണം ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ..
കിട്ടിയ ചാൻസ് അവൾ മുതലാക്കി എന്നേയുള്ളൂ പക്ഷേ അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത ഞാനാണ് ഏറ്റവും വലിയ തെറ്റുകാരൻ എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു….
എല്ലാവരെയും സ്നേഹിക്കണം വിശ്വസിക്കണം ഒപ്പം സ്വന്തം നിലകൂടി ഓർക്കണം അത് മറന്നിട്ട് ആവരുത് എന്തും…
എല്ലാത്തിനും തെളിവുള്ളതിനാൽ കേസിനു പോയി… വിധിയായി എന്ന് തിരിച്ചു കിട്ടും എന്നൊന്നും അറിയില്ല പക്ഷേ ഉള്ള കാലം അവളെ മനസ്സമാധാനമായി ജീവിക്കാൻ ഞാൻ അനുവദിക്കില്ല..
ആദ്യമൊക്കെ എനിക്ക് സപ്പോർട്ട് ആയി നിന്നിരുന്ന പെങ്ങളാണ് ഇപ്പോൾ ഈ തരത്തിൽ മാറിയത് അമ്മയുടെ മരണശേഷം അവൾക്ക് എന്റെ കാര്യം കൂടി നോക്കണം എന്നായി.
എനിക്ക് ഒരു അസുഖം വന്നാൽ അവൾക്ക് ഹോസ്പിറ്റലിൽ വന്നു നിൽക്കണം. അവളുടെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ എനിക്കുള്ളതും കരുതണം..
പണ്ട് ദുബായിലായിരുന്നപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു എന്റെ കയ്യിൽ നിന്ന് പണം മേടിച്ചവളാണ് അവളും.. ഇപ്പോൾ എനിക്കൊരു ആവശ്യം വന്നപ്പോൾ ഇങ്ങനെ അങ്ങും ഇങ്ങും തൊടാതെ പറയുന്നത്…
എനിക്ക് മനസ്സിലായിരുന്നു ഞാനൊരു ബാധ്യതയാകുന്നതിന്റെ പേടിയാണ് അവൾക്ക് എന്ന്..
കുറേയായി എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടായിരുന്നു..
പക്ഷേ ദുബായിൽ നിന്ന് തിരിച്ചുവന്ന് അതും ഭാര്യ ഇട്ടിട്ടു പോയ ഒരാൾക്ക് രണ്ടാം വിവാഹം എന്നത് ബാലികേറാമലയായിരുന്നു..
അതുകൊണ്ടാണ് അവൾ നേരെ പ്ലേറ്റ് മാറ്റി അനുവിനെ തന്നെ വീണ്ടും ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞത്…
കേസിന്റെ കൂട്ടത്തിന്റെ കാര്യത്തിൽ പെട്ടതുകൊണ്ടാണ് ഇനിയും ദുബായിലേക്ക് തിരിച്ചു പോകണം എന്നൊരു തീരുമാനം ഞാൻ തൽക്കാലത്തേക്ക് മാറ്റിവെച്ചത് അത് തന്നെയാണ് നല്ലത് എന്ന് മനസ്സിലായി..
കമ്പനിയിലേക്ക് കോൺടാക്ട് ചെയ്ത് എന്റെ വിസ ശരിയാക്കി.. തിരിച്ചുപോകുമ്പോൾ പണ്ടത്തെ സ്നേഹം പെങ്ങൾക്ക് വീണ്ടും വന്നിരുന്നു..
ഞാൻ തിരിച്ച് അങ്ങോട്ട് തന്നെ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അവൾ വന്നു..
ഇതുതന്നെയാണ് മോനെ നല്ല തീരുമാനം എന്ന് പറയാൻ…
അവിടെ നിനക്ക് എത്ര രൂപയാ വരുമാനം അതൊക്കെ വേണ്ട എന്ന് വെച്ച് ഈ നാട്ടിൽ വന്ന് കിടന്നിട്ട് വല്ല കാര്യമുണ്ടോ എന്ന് ഉപദേശിക്കാൻ…
നിറഞ്ഞ മിഴികളൊക്കെ തുടച്ച് അവളെന്നെ വീണ്ടും യാത്രയാക്കി.. അത് കണ്ടപ്പോൾ ചിരിയാണ് വന്നത്…
“” മോനെ നിനക്ക് ചേച്ചി നല്ലൊരു പെൺകുട്ടിയെ കണ്ടു വയ്ക്കാം… “”
എന്നുപറഞ്ഞപ്പോൾ എതിർത്തൊന്നും പറയാതെ ഞാൻ നടന്നു…
വിവാഹം നടന്നാലും നടന്നില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല കാരണം
ആരുണ്ടെങ്കിലും ജീവിതത്തിൽ എന്നും ഞാൻ തനിച്ചാണ് എന്ന വലിയൊരു യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടാണ് ഇത്തവണ ഞാൻ വിമാനം കയറിയത്…