മകന്റെ അടി കൊണ്ട് പൊട്ടിയ ശരീരവും അതിനേക്കാൾ പൊട്ടിയടർന്ന മനസ്സുമായ് ഗോമതിയമ്മ മുറിയുടെ മൂലയിൽ അനക്കമില്ലാതെ കിടക്കുന്ന മരുമകൾ ഗീതയെ നോക്കി,

അമ്മ
(രചന: രജിത ജയൻ)

നിങ്ങൾക്കീ വയസ്സാംകാലത്ത് ഇതെന്തിന്റെ കേടാണ് തള്ളേ, കിട്ടുന്നതു വല്ലതും വാരി തിന്നാ മുറിയിൽ കിടക്കുന്നതിനു പകരം എന്റെ കാര്യങ്ങളിൽ ഇടപ്പെടാൻ വന്നാൽ ഇപ്പഴീ കിട്ടിയതുപോലെ ഇനിയും കിട്ടും,നന്നായ് ഓർത്തു വെച്ചോ അത് …

വയസ്സാംകാലത്ത് തള്ള തല്ലു വാങ്ങി ചാവാൻ ഇറങ്ങിയേക്കുവാ ….ലക്ഷണംകെട്ടത് ….

പ്രാകി പറഞ്ഞു കയ്യിലെ കാപ്പി വിറക് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് വേണു പുറത്തേക്ക് നടന്നപ്പോൾ മകന്റെ അടി കൊണ്ട് പൊട്ടിയ ശരീരവും

അതിനേക്കാൾ പൊട്ടിയടർന്ന മനസ്സുമായ് ഗോമതിയമ്മ മുറിയുടെ മൂലയിൽ അനക്കമില്ലാതെ കിടക്കുന്ന മരുമകൾ ഗീതയെ നോക്കി,

വേണുവിന്റെ അടി കൊണ്ട് പൊട്ടിച്ചീന്തിയ ഗീതയുടെ ചുണ്ടിലെ ചോര ചാലിലപ്പോൾ ഈച്ചകൾ പറക്കുന്നുണ്ടായിരുന്നു.

ജനൽപടിയിൽ പിടിച്ച് മെല്ലെ എഴുന്നേൽക്കാൻ ശ്രമിക്കവേ അടി കൊണ്ട് വീർത്ത കൈയിലെ വേദന കണ്ണുനീരായ് ഗോമതിയമ്മയുടെ കവിളിലൂടെ ഒഴുകിയിറങ്ങി .

ശരീരം മുഴുവൻ കാപ്പി വിറകിന്റെ അടിയുടെ പാടുമായ് ബോധം മറഞ്ഞു വീണു കിടക്കുന്ന മരുമകളെ കണ്ടതും അവരിൽ നിന്നൊരു തേങ്ങലുയർന്നു ..

മോളെ …, മോളെ ഗീതേ എണീക്കെടീ..,,
ഗീതയുടെ പൊട്ടിയടർന്ന ചുണ്ടിലെ ചോര നേര്യതിന്റെ തുമ്പു കൊണ്ട് മെല്ലെ തുടച്ചവരവളെ വിളിച്ചു …

നീരു വെച്ച കൺപോളകൾ വലിച്ചു തുറന്ന് ഗീത ഒരു നിമിഷം അമ്മയെ നോക്കി , അമ്മേ …

എന്നൊരു വിളിയും കരച്ചിലും അവളുടെ
ഉള്ളിൽ നിന്നാർത്ത് പുറത്തേക്ക് വന്നെങ്കിലും ചുണ്ടുകളുടെ അസഹ്യമായ വേദനയിലാ വിളി പാതിയിൽ മുറിഞ്ഞുപോയ് …

പരസ്പരം ഒന്നും പറയാനോ ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം മുറിവേറ്റ മനസ്സും ശരീരവുമായ് അവരാ ആ മുറിയിൽ തളർന്നിരുന്നപ്പോ ഉമ്മറത്തെ ചാരുകസേരയിൽ ചുണ്ടിലൊരു ക്രൂരമായചിരിയോടെ

സിഗരറ്റിൻപുക വളയങ്ങളാക്കി ഊതിരസിച്ചു വിടുന്ന വേണു എന്ന അച്ഛനെ ഭയത്തോടെ നോക്കി വാതിൽ മറവിൽ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നൊരു ആറു വയസ്സുകാരൻ ….

പരസ്പരം സ്നേഹിച്ച്, ഇരുവീട്ടുക്കാരുടെയും സമ്മതത്തോടെ വിവാഹം കഴിച്ചവരായിരുന്നു ഗീതയും വേണുവും .

വേണു എന്ന തന്റെ ഒറ്റ മകനു വേണ്ടി മാത്രം ജീവിച്ച ഗോമതിയമ്മക്ക് ഗീത മരുകളായിരുന്നില്ല മകൾ തന്നെയായിരുന്നു .

ചെറുപ്പതിലേ വൈധവ്യം ഏറ്റുവാങ്ങിയ ഗോമതിയമ്മ എന്നും ആഗ്രഹിച്ചിരുന്നതും പ്രാർത്ഥിച്ചിരുന്നതും മകന്റെ ജീവിതത്തിലെസന്തോഷങ്ങൾക്കും ഉയർച്ചകൾക്കും വേണ്ടി മാത്രമായിരുന്നു.

ഏതു സന്തോഷങ്ങൾക്കിടയിലും നിനച്ചിരിക്കാതെ വിരുന്നു വരുന്ന അഥിതിയെ പോലെ ഗോമതിയമ്മയുടെ സന്തോഷങ്ങൾക്കു മേലെ വീശിയടിച്ച കൊടുംങ്കാറ്റായിരുന്നു വേണുവിന്റെ മദ്യപാനം എന്ന പുതിയ ശീലവും അതിലൂടെ അവൻ നേടിയ സൗഹ്യദങ്ങളും.

ആദ്യകാലത്തെല്ലാം അമ്മയും ഗീതയുമറിയാതെയായിരുന്നു വേണുവിന്റെ കമ്പനി കൂടലെങ്കിൽ മോന്റെ ജനനത്തോടെ കൂട്ടുകാരെ സന്തോഷിപ്പിക്കാൻ എന്ന പേരിലത് വീട്ടിൽ വെച്ചായ് ..

എന്നും മിഴിവോടെ തെളിഞ്ഞു നിന്നിരുന്ന മരുമകളുടെ മുഖത്തെ കരഞ്ഞു വീർത്ത കൺപോളകളും വിരൽപാടുകളും ഗോമതിയമ്മക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു

മദ്യപാനം തന്റെ മകന്റെ കുടുംബ ജീവിതത്തെ എത്രമാത്രമാണ് തകർത്തു കൊണ്ടിരിക്കുന്നതെന്ന് ..

മദ്യപിച്ചു കഴിഞ്ഞാൽ നിസ്സാര കാര്യങ്ങളിൽ കുറ്റം കണ്ടെത്തി ഗീതയെ വേണു തല്ലുന്നതൊരു പതിവായ് , അമ്മയുടെയും ഭാര്യയുടെയും യാചനകളും കരച്ചിലും വേണുവിൽ ലഹരി വർദ്ധിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്

വീടെന്നുമൊരു യുദ്ധക്കളമായ് മാറുമ്പോ
അവർക്കിടയിലേക്ക് കടന്നു ചെല്ലാൻ പറ്റാത്ത വിധം പേടിയോടെ കട്ടിലിനടിയിലും വാതിൽ മറവിലും പതുങ്ങിയൊളിക്കുന്ന

ആദി എന്ന തന്റെ ആറുവയസ്സുകാരൻ മകനെ മദ്യലഹരിയിൽ വേണു പലപ്പോഴും മറന്നു പോയിരുന്നു.മദ്യപനെന്തു കുട്ടിയും കുടുംബവുമിരിക്കുന്നു .

പതിവുപോലെ കൂട്ടുക്കാരുടെ കൂടെയുള്ള കള്ളുകുടിയും കഴിഞ്ഞ് വേണു ഇന്ന് വീട്ടിലെത്തി ഗീതയോട് ഭക്ഷണമെടുത്ത് വെക്കാൻ പറഞ്ഞെങ്കിലും മോനെ കുളിപ്പിക്കുകയായിരുന്ന ഗീതയത് കേട്ടില്ല ,

മദ്യം ബുദ്ധിയെ കീഴടക്കിയ വേണു അടുക്കളയിൽ നിന്നൊരു കാപ്പി വിറക്കും വലിച്ചെടുത്ത് ഗീതയെ കുളിമുറിയിൽ നിന്നും വലിച്ചിറക്കി തല്ലുന്നത് കണ്ടു കൊണ്ടാണ് പുറത്ത് പോയ ഗോമതിയമ്മ വന്നത് ..

അടി കൊണ്ട് പുളയുന്ന അമ്മയെയും ആക്രോശിച്ച മ്മയെ അടിക്കുന്ന അച്ഛനെയും നോക്കി പകച്ചു നിൽക്കുന്ന പേരക്കിടാവിന്റെ മുഖത്തവരുടെ കണ്ണുകൾ ഒരു നിമിഷം തങ്ങി ..

കയ്യിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ് വേണുവിൽ നിന്ന് ഗീതയെ മറച്ചു പിടിക്കാൻ അവർക്കിടയിലേക്ക് പാഞ്ഞുകയറിയ ഗോമതിയമ്മയുടെ ശരീരത്തിലും വേണുവിന്റെ കയ്യിലെ വടി പലവട്ടം ഉയർന്നു താണു …

മർദ്ദിക്കുന്നത് സ്വന്തം അമ്മയെ തന്നെയാണെന്ന തിരിച്ചറിവോടെ തന്നെ …

“സാറെ …ഞാൻ തന്നെയാണവനെ വെട്ടി ഈ അവസ്ഥയിലാക്കിയത് ,ദാ ഈ വെട്ടുകത്തി കൊണ്ടാണ് ഞാനവനെ ഇങ്ങനെയാക്കിയത് …,,

യാതൊരു പതർച്ചയോ പേടിയോ ഇല്ലാതെ പോലീസുകാരോടത് പറഞ്ഞു കൊണ്ട് കയ്യിലെ വെട്ടുകത്തി അവർക്ക് കൈമാറുന്ന ഗോമതിയമ്മയെ ഗീത പകച്ചു നോക്കി ,ആ കത്തിയിൽ നിറയെ കറുത്ത രക്തം ഉണങ്ങി പിടിച്ചിട്ടുണ്ടായിരുന്നു ..

സാറുന്മാർക്കറിയോ എന്റെ ഭർത്താവ് മരിച്ചതിനു ശേഷം എന്റെ ഈ മകനു വേണ്ടി മാത്രമായിരുന്നു ഞാൻ ജീവിച്ചത് .

അവന്റെ ഇഷ്ട്ടങ്ങളായിരുന്നു എന്റെയും ഇഷ്ട്ടങ്ങൾ, അങ്ങനെയുള്ളവൻ പെട്ടെന്നൊരു നാൾ മുതൽ കൂട്ടുകൂടി ചീത്ത ശീലങ്ങൾ തുടങ്ങി, വീട്ടിലെ സ്വസ്തതയും സമാധാനവും കളഞ്ഞു തുടങ്ങി .

അവനിഷ്ട്ടപ്പെട്ട് അവൻ താലികെട്ടിയ ഈ പെണ്ണിനോടവൻ ചെയ്തു കൂട്ടിയ പരാക്രമങ്ങളൊന്നും ഭൂമിയിൽ ഒരു പെണ്ണും സഹിക്കില്ല ,

അവന്റെ ദുഷ്ട്ട തരത്തിൽ നിന്നിവളും ഈ കുട്ടിയും രക്ഷപ്പെട്ടോട്ടെ എന്നു കരുതി ഞാനവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു ഇന്നലെ ,

കുടിച്ചു കയറി വന്ന അവൻ വീട്ടിലേക്ക് പോയ ഇവളെ തിരിച്ചു വരുമ്പോ അരിഞ്ഞിടുമെന്ന് പറഞ്ഞ് വാങ്ങി മൂർച്ച വരുത്തി കൊണ്ടുവന്നതാണ് ഈ വെട്ടുകത്തി ,

ഇന്നിവൾ ഇവിടേക്ക് തന്നെ തിരിച്ചുവരുമെന്ന് എന്നെക്കാൾ നന്നായി അവനറിയാമായിരുന്നു സാറെ , ഇവളി വീട്ടിൽ ഇല്ലെങ്കിൽ അവനെന്നെ ഉപദ്രവിക്കുമെന്ന് ഈ പാവത്തിനറിയാം ,കാരണം ഞാനിവൾക്ക് വെറും അമ്മായി അമ്മ അല്ലല്ലോ അമ്മ കൂടി അല്ലേ ..

ഗോമതിയമ്മയുടെ വാക്കുകൾ കേട്ട ഗീതയിൽ നിന്നൊരു തേങ്ങൽപുറത്തുചാടി ..

“ഇനിയെങ്കിലും ഇവരൊന്നു സമാധാനത്തോടെ ജീവിക്കട്ടെ സാറെ, ഞാനിന്നിതു ചെയ്തില്ലങ്കിൽ നാളെ ഒരു പക്ഷെ അവന്റെ ഈ മകൻ തന്നെയിതവനോടു ചെയ് തെന്നു വരും ,

അതു വേണ്ട ജന്മം കൊടുത്ത ഞാൻ തന്നെ മതി സാറെ അവനെ ശിക്ഷിക്കാനും ..

പിന്നെ അവൻ മരിച്ചൊന്നും പോവില്ല സാറുന്മാരെ അതെനിക്കുറപ്പാണ്,

അവൻ ചെയ്തു കൂട്ടിയതെന്താണെന്ന തിരിച്ചറിവുണ്ടാവാൻ ഇത്തിരി ജീവനവനിൽ ഞാൻ ബാക്കി വെച്ചിട്ടുണ്ട് ,ഒരമ്മ എന്ന നിലയിൽ എനിക്കവനോട് ചെയ്യാവുന്നത് അതു മാത്രമായിരുന്നു …

ഇനി നമുക്ക് പോവാം സാറെ നിങ്ങൾ തരുന്ന ഏതു ശിക്ഷയും ഞാൻ സ്വികരിക്കാൻ തയ്യാറാണ് …

തലയുയർത്തി പിടിച്ച് പോലീസു ക്കാർക്കൊപ്പം ഗോമതിയമ്മ നടന്നു നീങ്ങിയപ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന വേണുവിന്റെ അടഞ്ഞ മിഴികളിൽ കൂടി കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു….

ചെയ്ത തെറ്റിന്റെ കുറ്റബോധമോ ,ചെയ്യാൻ പറ്റാതെ പോയ കാര്യങ്ങളുടെ നിരാശയിലോ എന്നറിയാതെ …

Leave a Reply

Your email address will not be published. Required fields are marked *