(രചന: J. K)
“”യാശോധയുടെ കൂടെ ഉള്ള ആളുകൾ “”
എന്ന് പറഞ്ഞപ്പോഴേക്കും മഹേഷ് ഓടിച്ചെന്നു…
“”” നിങ്ങളോട് സാവിത്രി മേടം ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.. മേടത്തിന്റെ ഒ പി കഴിഞ്ഞാൽ കേറിക്കോളൂ “”
എന്ന് സിസ്റ്റർ മഹേഷിനോട് പറഞ്ഞു. അയാൾക്ക് എന്തോ അത് കേട്ട് വല്ലാതെ ഭയമായി…
രണ്ടുമൂന്നു ദിവസമായി അമ്മയ്ക്ക് എന്തോ വയ്യായ്ക തുടങ്ങിയിട്ട് ഇന്ന് രാവിലെ താൻ ഓഫീസിലേക്ക് പോകുമ്പോഴും പറഞ്ഞതാണ് എണീക്കേണ്ട വയ്യെങ്കിൽ കിടന്നോളൂ എന്ന്..
പക്ഷേ അമ്മ കൂട്ടാക്കിയില്ല രാവിലെതന്നെ എണീറ്റ് വന്ന് തനിക്ക് കൊണ്ടുപോകാനുള്ള ചോറും കറികളും എല്ലാം തയ്യാറാക്കി എല്ലാം പാത്രത്തിലാക്കി തന്ന് വീണ്ടും പോയി കിടന്നു…
അമ്മ അങ്ങനെയാണ് വയ്യ എന്ന് പറഞ്ഞ് ഒരിക്കലും കിടക്കാറില്ല തനിക്കും അച്ഛനും വേണ്ടി ഓരോന്ന് ചെയ്തുകൊണ്ടിരിക്കും…
ഡോക്ടറുടെ അടുത്ത് പോണോ എന്ന് ചോദിച്ചപ്പോൾ വേണമെങ്കിൽ അച്ഛനെ കൂട്ടി പൊയ്ക്കോളാം എന്ന് പറഞ്ഞു..
എന്തോ ദഹനക്കേടാണെന്ന് തോന്നുന്നു ഇടയ്ക്ക് ഛർദ്ദിക്കുന്നുമുണ്ട്..
അച്ഛനെ എല്ലാം പറഞ്ഞ് ഏൽപ്പിച്ചു. നീ പൊയ്ക്കോ ഞാൻ നോക്കിക്കോളാം എന്ന് അച്ഛനും പറഞ്ഞു….
അതുകൊണ്ട് മാത്രമാണ് താൻ ഓഫീസിലേക്ക് പോന്നത്…ഓഫീസിൽ വന്ന് ഉച്ചയുടെ മുന്നിൽ തന്നെ അച്ഛൻ വിളിച്ചിരുന്നു അമ്മയ്ക്ക് എന്തോ വയ്യ തല കറങ്ങി വീണു എന്നൊക്കെ പറഞ്ഞു…
ആകെ പേടിയായി അത് കേട്ടപ്പോൾ.. ഓടി വരുകയായിരുന്നു അപ്പോഴേക്കും അച്ഛൻ വണ്ടിയൊക്കെ വിളിച്ച് റെഡിയായിരുന്നു…
അതിൽ അമ്മയെയും കേറ്റി വന്നതാണ് ഇങ്ങോട്ട്….
ഉടൻതന്നെ ഒബ്സർവേഷൻ റൂമിലേക്ക് കൊണ്ടുപോയി പിന്നെ ഡോക്ടർ പറയുന്നത് തനിച്ച് കാണണം എന്നാണ്..
വേഗം സാവിത്രി ഡോക്ടറുടെ ഓപി റൂമിന് മുന്നിലെത്തി… അത്യാവശ്യം തിരക്കുണ്ടായിരുന്നു അവിടെ അത് മുഴുവൻ കഴിയുന്നതുവരെ കാത്തിരുന്നു… അവസാന ഓപിയും കണ്ടു പോയതിനുശേഷം അവിടേക്ക് കയറി…
“”‘മാഡം വരാൻ പറഞ്ഞിരുന്നു ഞാൻ ഒബ്സർവേഷൻ റൂമിൽ കിടക്കുന്ന യശോദയുടെ മകനാണ്'”
എന്ന് മഹേഷ് സ്വയം പരിചയപ്പെടുത്തി..
അത് പറഞ്ഞപ്പോഴേക്ക് ഡോക്ടർക്ക് ആളെ മനസ്സിലായി എന്ന് തോന്നി. കാരണം കൂടുതൽ ഒന്നും അവർ ചോദിച്ചില്ല… പകരം,
“””യശോധയുടെ ഭർത്താവ് വന്നില്ലേ??””
എന്നാണ് അവർ തിരിച്ചു ചോദിച്ചത്..
“””ഇല്ല അച്ഛൻ കൊണ്ടുവരുമ്പോൾ ഉണ്ടായിരുന്നു… ഇപ്പോൾ വീട്ടിലേക്ക് തന്നെ പോയി… എവിടുന്നെങ്കിലും പൈസ അറേഞ്ച് ചെയ്യാൻ ഇവിടുത്തെ ബില്ല് എത്രയാകും എന്ന് അറിയാൻ കഴിയില്ലല്ലോ…”””
മഹേഷിനെ ഒരല്പനേരം നോക്കി ഡോക്ടർ തുടർന്നു…
“”” നിങ്ങൾ മകനാണ് എന്നല്ലേ പറഞ്ഞത്.. ഇരിക്കൂ “””
അതെ എന്ന് തലയാട്ടി ഡോക്ടറുടെ മുന്നിലുള്ള കസേരയിൽ ചെന്നിരുന്നു മഹേഷ്..
“””” നിങ്ങളെ കൂടാതെ വേറെ എത്രപേരുണ്ട്?? “”
ആരുമില്ല ഡോക്ടർ ഞാൻ ഒരൊറ്റ മകനാണ് അമ്മയ്ക്കും അച്ഛനും എന്നു പറഞ്ഞു മഹേഷ്..
“”” ഓക്കേ…തന്റെ അമ്മ ഇപ്പോൾ ഗർഭിണിയാണ്… ഒരു രണ്ട് മാസത്തെ വളർച്ച…!!”””
അത് കേട്ടതും മഹേഷ് ഞെട്ടിപ്പോയി…
എന്ത് മറുപടി പറയണം എന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു അയാൾ സ്തബ്ധനായി ഡോക്ടറെ തന്നെ നോക്കിയിരുന്നു….
“” അറിയാലോ വൈകിയുള്ള പ്രഗ്നൻസി ആണ്.. നന്നായി ശ്രെദ്ധിക്കണം… “”
എന്താ പറയേണ്ടത് എന്നറിയാതെ തല കുലുക്കി ഡോക്ടർ പറഞ്ഞത് സമ്മതിച്ചു മഹേഷ് പുറത്തേക്കു നടന്നു…
അച്ഛന്റെ മുറപ്പെണ്ണായിരുന്നു അമ്മ.. അമ്മയുടെ പതിനാറാമത്തെ വയസ്സിൽ അമ്മയെ അച്ഛൻ വിവാഹം കഴിച്ചു…
രണ്ടുവർഷം , താനും എത്തി അവരുടെ ജീവിതത്തിലേക്ക്…തനിക്ക് ശേഷം രണ്ടുമൂന്നു തവണ അമ്മ ഗർഭിണിയായെങ്കിലും, മൂന്ന് നാലോ മാസം കഴിയുമ്പോൾ അതെല്ലാം അബോർഷൻ ആയി പോയി…
തനിക്ക് താഴെ ഒരു പെൺകുഞ്ഞ് കൂടി വേണമെന്ന് വളരെ മോഹം ആയിരുന്നു അച്ഛനും അമ്മയ്ക്കും പക്ഷേ, എന്തോ അത് മാത്രം ദൈവം നടത്തി കൊടുത്തില്ല…
ഇതിപ്പോ ഇത്രയും ലേറ്റായി…
ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തേക്ക് കടന്ന മഹേഷ് വീണ്ടും അകത്തേക്ക് തന്നെ കയറി..
“”” ഡോക്ടർ അമ്മയ്ക്ക് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം?? “””
“”” അതിപ്പോ അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും തൽക്കാലം കുഞ്ഞ് ഓക്കേ ആണ് രണ്ടുമാസത്തെ വളർച്ചയുണ്ട്… “”‘
എന്നുപറഞ്ഞ് ഡോക്ടർ നടന്നകന്നു…
നാട്ടുകാരുടെ കളിയാക്കലുകളും, ഇനി തന്നോട് ഉള്ള അവരുടെ ആറ്റിറ്റ്യൂഡും എല്ലാം ഒരു നിമിഷം ആലോചിച്ചു കൂട്ടി മഹേഷ്…
25 വയസ്സായി തനിക്ക്…
വിവാഹം പോലും അന്വേഷിച്ച് തുടങ്ങിയിരുന്നു.. ഇനി അറിഞ്ഞുകൊണ്ട് ആരെങ്കിലും പെണ്ണ് തരുമോ എന്നു പോലും അറിയില്ല…
ആകെക്കൂടെ എന്താ ചെയ്യേണ്ടത് എന്നുപോലും അറിയാതെ നിസ്സഹായനായി ഇരുന്നു…
അപ്പോഴേക്ക് എവിടെ നിന്നൊക്കെയോ പൈസയും ഒപ്പിച്ചു, അച്ഛൻ അവിടെ എത്തിയിരുന്നു… എന്താ ഡോക്ടർ എന്താ പറഞ്ഞത് എന്ന് ചോദിച്ചു… അച്ഛനോട് കാര്യം പറഞ്ഞതും ആ മുഖം വല്ലാണ്ടായി…
അപ്പോഴേക്കും അമ്മയെ ഒബ്സർവേഷൻ റൂമിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു…
അച്ഛൻ അമ്മയുടെ അരികിൽ നിൽക്കുന്നത് കണ്ട് അവരെ തനിച്ചുവിട്ട് ഞാൻ അവിടെ നിന്നും മാറി നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എന്റെ അരികിലേക്ക് വന്നു. എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…
“”” നമുക്ക് ഇപ്പോൾ ആ കുഞ്ഞു വേണ്ട!! നിനക്ക് നാണക്കേട് ആവും”” എന്ന്…
ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല പകരം അപ്പുറത്ത് ഒഴിഞ്ഞുകിടുന്ന കസേരയിൽ പോയിരുന്നു…
അച്ഛൻ പറഞ്ഞത് കേട്ട് എന്താണ് മനസ്സിൽ തോന്നിയത് എന്ന് പോലും അയാൾക്ക് മനസ്സിലായില്ല ..
ഒരിക്കൽ താഴെ ഒരു കൂടപ്പിറപ്പിനായി ഒരുപാട് ആശിച്ചിട്ടുണ്ട്.. പക്ഷേ അന്നൊന്നും ദൈവം കഴിഞ്ഞില്ല ഇതിപ്പോൾ ഒട്ടും ആഗ്രഹിക്കാത്ത ഒരു സമയത്ത്..
വെറുതെ കണ്ണടച്ച് കസേരയിൽ ചാരി കിടന്നു…
അപ്പോൾ ആരോ എന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിക്കുന്നുണ്ടായിരുന്നു…
മിഴി തുറന്നു നോക്കിയപ്പോൾ, രണ്ടു വയസ്സ് കഷ്ട്ടിയുള്ള ഒരു കുസൃതി പെണ്ണ്…
നാലും നാലും 8 പല്ല് കാട്ടി ചിരിച്ചുകൊണ്ട് വീണ്ടും വികൃതി കാട്ടുകയാണ്…
അപ്പോഴാണ് അച്ഛൻ ഇപ്പുറത്ത് വന്നിരുന്നത്…
“”” ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് നാളെ അതങ്ങോട്ട് ചെയ്യാമെന്നാണ് പറഞ്ഞത് “”‘
എന്ന് പറഞ്ഞു..
എന്തോ അത് കേട്ട് നെഞ്ചിൽ ഒരു ഭാരം എടുത്തുവെച്ചത് പോലെ..
“”” വേണ്ട നമുക്ക് ഈ കുഞ്ഞിനെ വേണം”””
എന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു അച്ഛനോട് പെട്ടെന്നുള്ള എന്റെ ഭാവമാറ്റം കണ്ട് അച്ഛൻ പോലും ഞെട്ടിയിരുന്നു…
“”” പക്ഷേ മഹി.. “”
എന്നുപറഞ്ഞ് അച്ഛൻ എന്തോ പറയാൻ ശ്രമിച്ചപ്പോൾ അച്ഛനെ സംസാരിക്കാൻ പോലും വിടാതെ ഞാൻ പറഞ്ഞു നമുക്ക് ഈ കുഞ്ഞിനെ വേണം എന്ന്… ഒടുവിൽ അതുതന്നെയായിരുന്നു തീരുമാനം…
കുഞ്ഞിനെ വേണം എന്ന്… പത്തുമാസം അമ്മയെ താഴെയും തലയിലും വെക്കാതെ ഞാനും അച്ഛനും കൊണ്ട് നടന്നു…
ഒടുവിൽ അമ്മയെപ്പോലെ സുന്ദരിയായ ഒരു പെൺകുഞ്ഞിനെ പ്രതീക്ഷിച്ച,എനിയ്ക്ക് അമ്മ ഒരു അനിയനെ പകരമായി തന്നു… എങ്കിലും ഞാൻ ഹാപ്പിയായിരുന്നു… എന്റെ കുഞ്ഞനിയൻ….
ഇനി ഞങ്ങളുടെ ലോകം…