“നീയെന്താ സുമീ ഈ കുത്തി കുറിക്കുന്നത്? ഒരു പാട് നേരം ആയല്ലോ… സ്ട്രെയിൻ ചെയ്യരുതെന്ന് നിന്റെ മുന്നിൽ വച്ചല്ലേ ഡോക്ടർ പറഞ്ഞത്!”

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“നീയെന്താ സുമീ ഈ കുത്തി കുറിക്കുന്നത്? ഒരു പാട് നേരം ആയല്ലോ… സ്ട്രെയിൻ ചെയ്യരുതെന്ന് നിന്റെ മുന്നിൽ വച്ചല്ലേ ഡോക്ടർ പറഞ്ഞത്!”

ഹരിദാസ് അസ്വസ്ഥനായാണ് അത് പറഞ്ഞത്. എപ്പോഴും ഉള്ളതാണീ കുത്തിക്കുറിക്കൽ. എന്താ എഴുതുന്നത് എന്ന് ചോദിച്ചാൽ കാണിച്ചും തരില്ല.

“ഇനിയും റെസ്റ്റ് എടുക്കാൻ പറയുകണോ ദാസേട്ടാ?” സുമിത്രയുടെ പ്രതീക്ഷകളും കോൺഫിഡൻസും ഹരിദാസിനെ ചുറ്റിപ്പറ്റിയാണ്.

“ഇനിയങ്ങോട് റെസ്റ്റ് തന്നെ അല്ലേ ദാസേട്ടാ! പിന്നെന്താ? ദാ…മുഖം വീർപ്പിച്ചു. അപ്പഴേക്കും പിണങ്ങിയോ?”

“മരുന്ന് കഴിച്ചോടി നീ?”

“കഴിക്കാം ദാസേട്ടാ. ഇത്തിരി കഴിഞ്ഞോട്ടെ. ഞാനൊന്ന് സംസാരിക്കട്ടെ എന്റെ ചെക്കനോട്. ആ വൃത്തികെട്ട മരുന്ന് കഴിച്ചാൽ പിന്നെ മരിക്കുന്നതിന് സമം തന്നെയാ.

ബോധം കെട്ട് ഉറങ്ങും. ഇപ്പോൾ സമയത്തിന് ദൈർഘ്യം കുറവാ ദാസേട്ടാ! പെട്ടെന്ന് തീരുന്ന പോലെ… എനിക്ക് ഇപ്പോൾ… ഇപ്പോഴെങ്കിലും…”

“സുമി…മോളെ…നീ ഉറങ്ങ്. നാളെ സംസാരിക്കാം.”

“ദാസേട്ടന് വേറെ ഒന്നും എന്നോട് പറയാനില്ലേ? ഒന്നും…അന്ന് ഒന്ന് കാണാൻ കോളേജ് വിടുമ്പോൾ റോഡരികിൽ നിന്ന,

എത്ര കിന്നരിച്ചാലും മതിവരാതെ രാത്രികളിൽ മുഴുവൻ ഫോണിൽ എന്നോട് കുറുകിയിരുന്ന എന്റെ ദാസേട്ടൻ തന്നെയാണോ ഇത്? ഞാനിപ്പോഴും ആ പഴയ സുമിത്ര തന്നെയാ!”

“സുമീ…തന്റെ എഴുത്ത് കുത്ത് കഴിഞ്ഞോ? താ, അതെല്ലാം ഞാൻ എടുത്ത് വയ്ക്കാം. നീ വാ, നമുക്ക് കിടക്കാം.

നാളെ ആശുപത്രിയിൽ പോണം. മറ്റന്നാൾ അടുത്ത കോഴ്സ് സ്റ്റാർട്ട് ചെയ്യും. നിനക്ക് ഫുൾ റെസ്റ്റാണ് ആവശ്യം. കുട്ടികളെ പോലെ വാശി പിടിക്കാതെ നീ വാ.”

“ദാസേട്ടാ, നാളെ ഞാൻ ഇല്ലാതായാൽ ദാസേട്ടൻ എന്ത് ചെയ്യും? അസുഖം ബോധ്യപ്പെട്ടപ്പോൾ തന്നെ രക്ഷപ്പെട്ടോളാൻ ഞാൻ പറഞ്ഞതല്ലേ?”

രോഗം സുമിയെ കാർന്ന് തിന്നുന്നു, ഇനിയൊരു തിരിച്ച് വരവില്ല എന്ന് അവൾക്ക് നന്നായി അറിയാം.

നാല് വർഷത്തെ ദാമ്പത്യം, കുട്ടികൾ ഇല്ലെന്ന സങ്കടം മാത്രമായിരുന്നു ഒരു കരട്. പക്ഷെ ഹരിദാസ് എന്ന പുണ്യം തന്റെ സീമന്തരേഖയിൽ സിന്ദൂരമായി തിളങ്ങും കാലം വരെ ഒന്നും സുമിയെ ബാധിക്കുന്നില്ല.

സ്വർഗ്ഗം ഭൂമിയിലാണ് എന്ന് ബോധ്യപ്പെട്ട സമയമായിരുന്നു അതെല്ലാം. പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിത്തുടങ്ങിയത്. തൊണ്ടവേദനയായിരുന്നു തുടക്കം.

“ദാസേട്ടാ ആ ഇടയ്ക്ക എടുത്ത് ശിവസ്തുതി ഒന്ന് പാടുമോ? കേൾക്കാൻ കൊതിയാവുന്നു. അന്ന് ക്ഷേത്രത്തിൽ ദാസേട്ടൻ പാടുമ്പോൾ എത്രയാ അറിയുമോ ഞാൻ മതിമറന്ന് നിന്നിട്ടുള്ളത്.

ഞങ്ങൾ പെൺകുട്ടികളുടെ ഇടയിൽ ഹീറോ ആയിരുന്നു ന്റെ ദാസേട്ടൻ. എന്നിട്ടോ കിട്ടിയത് എനിക്ക്! ഒന്നിനും ഭാഗ്യമില്ലാത്ത ഈ എനിക്ക്!”

“തുടങ്ങിയോ ന്റെ സുമീ! നീ അതൊക്കെ ഒന്ന് എടുത്ത് വച്ചേ…എപ്പോഴും ഒരു എഴുത്ത്! പിന്നേ ഐ. എ. എസ് പരീക്ഷയല്ലേ നാളെ.”

ദേഷ്യം അഭിനയിച്ചെങ്കിലും ഹരിദാസിന്റെ ചങ്ക് പൊടിഞ്ഞ് ചോരയൊലിക്കുന്നുണ്ടായിരുന്നു. ജീവന്റെ പാതിയായവൾ. രാജകുമാരിയെ പോലെ കഴിഞ്ഞവൾ.

തന്റെ കൈയ്യും പിടിച്ച് തന്റെ കൂടെ എല്ലാം ഇട്ടെറിഞ്ഞ് പോന്നവൾ. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ. സ്നേഹിക്കപ്പെടാൻ മാത്രം കൊതിച്ചവൾ. എന്തേ വിധി ഇത്ര ക്രൂരമായി ഞങ്ങളെ ശിക്ഷിച്ചത്?

“ദാസേട്ടാ മതി ആലോചിച്ചത്. എനിക്ക് ആ ശിവസ്തുതി ഇപ്പോൾ കേൾക്കണം. സുമിയാ പറയണേ…അല്ലെങ്കിൽ പിന്നെ എനിക്കൊരു അവസരം കിട്ടിയില്ല എങ്കിലോ?”

“നീയൊന്ന് ആളെ വെറുതെ വിടുമോ സുമീ!”

പണ്ടും സുമി ഇങ്ങനെയാണ്. വാശി പിടിച്ചാൽ അത് നടത്തിയിരിക്കും. തന്റെ കൂടെയുള്ള ഈ ജീവിതം പോലും അവളുടെ ഒരു തരം വാശിയല്ലേ?

എന്നാലും അതൊക്കെ എനിക്ക് ജീവനായിരുന്നു. അവളുടെ വാശികളും പരാതികളും സങ്കടങ്ങളും എല്ലാം.

അതായിരുന്നു ഞങ്ങളുടെ ലോകം. ഒരു കുഞ്ഞ് എന്ന സ്വപ്നം മാത്രമായിരുന്നു ഒരു വേദനയായി കിടന്നിരുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ പിന്നെ ഞാൻ കണ്ടത് പുതിയ സുമിയെയാണ്.

സന്തോഷത്തിന്റെ പാരമ്യത്തിൽ എത്തിയ എന്റെ പാവം പെണ്ണിനെ! എന്റെ നിശ്വാസവായു പോലെ ഞാൻ കൊണ്ട് നടക്കുന്ന എന്റെ സോപാന സംഗീതം അവൾക്കും പ്രിയപ്പെട്ടതായിരുന്നു.

അപ്പോഴാണ് അസുഖത്തെ പറ്റി അറിയുന്നത്. കുഞ്ഞും വേണ്ടെന്ന് വെക്കേണ്ടി വന്നു. എന്ത് മാത്രം വേദനിച്ച് കാണും പാവം.

അന്നവൾ പകുതി മരിച്ചു കാണും. എന്റെ നിർഭാഗ്യമാകാം! എനിക്ക് മതിയായില്ല ജീവിതം. സുമിയുടെ സ്നേഹം, കരുതൽ, പരിഭവം ഒന്നും…

“പാടുന്നില്ലെങ്കിൽ വേണ്ട, ഞാൻ ഇനി മിണ്ടില്ല. അല്ലേ തന്നെ എത്രകാലം ഞാനിങ്ങനെ ബുദ്ധിമുട്ടിക്കും ഏറിപ്പോയാൽ…”

“സുമീ…മതി. ഞാൻ പാടാം.” ഹരിദാസ് തന്റെ ഇടയ്ക്ക എടുത്ത് പാടാൻ തുടങ്ങി. അവളുടെ പ്രിയ ശിവ സ്തുതി.

“ഭക്തർക്കൊപ്പം ഗമിക്കും ഷൈലജാ…”
പാടി മുഴുമിച്ചപ്പോഴേക്കും ഹരിദാസ് ക്ഷീണിച്ചിരുന്നു.

“ഇനിയെങ്കിലും വന്ന് കിടക്ക് സുമീ…”

“കിടക്കാം ദാസേട്ടാ. എനിക്ക് ഈ നെഞ്ചിൽ ചേർന്ന് കിടക്കണം. എനിക്ക് ഇതിൽ കൂടുതൽ ഭാഗ്യം കിട്ടാനുണ്ടോ ദാസേട്ടാ?

ഒരു പെണ്ണിനും ഇത് പോലെ ഒരാളെ കിട്ടി കാണില്ല അല്ലെ? ഞാൻ പോയാൽ ദാസേട്ടാ… എനിക്ക് പേടി ദാസേട്ടനെ ഓർത്താ…”

ഹരിദാസ് അവളെയും നെഞ്ചോട് ചേർത്ത് കിടന്നു. സുമി വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. എപ്പോഴോ അവളും ഉറങ്ങി. രാവിലെ സുമിയാണ് ആദ്യം എണീറ്റത്.

“ഹലോ മാഷേ, അമ്പലത്തിൽ പോണ്ടേ? ദേ ഇയാൾടെ കൊട്ടിപ്പാട്ടില്ലാണ്ട് തേവർ ഉണരില്ല…എണീറ്റേ…”

ആദ്യം എത്തി വഴിയിൽ സുമിയെ കാത്ത് നിൽക്കാനായി, പതിവുപോലെ അവളുടെ ദാസേട്ടൻ മറുലോകത്ത് പോയത് അപ്പോഴാണ് അവളും അറിഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *