(രചന: ജ്യോതി കൃഷ്ണകുമാര്‍)
“”എന്റെ കുട്ടി വീണ്ടും കിടക്കയിൽ മൂത്രം ഒഴിച്ചോ??””” വിപിൻ കളിയായി മൂക്കിൽ വിരൽ വച്ച് പറഞ്ഞു….
“””ശാരദ വല്യമ്മേ ന്റെ കുട്ടീടെ കുപ്പായം ഇങ്ങടെടുക്കൂ… ഈയിടെ കുറുമ്പ് ഇത്തിരി കൂടുതലാ…”””
ശാരദമ്മ നൈറ്റിയും എടുത്ത് ചെല്ലുമ്പോൾ വിപിൻ അമ്മയുടെ മൂത്രത്തിൽ കുതിർന്ന വസ്ത്രങ്ങൾ ഏല്ലാം ഊരി മാറ്റിയിരുന്നു..
ഡെറ്റോളിൽ ടവൽ മുക്കി ആകെ തുടപ്പിച്ചു ഡയപ്പർ ഇടീക്കുന്ന വിപിനെ കണ്ട് ശരദാമ്മയുടെ മിഴികൾ നിറഞ്ഞ് ഒഴുകി..
“”ഇനി വല്യമ്മ ചെയ്യാം കുട്ടാ.. ഇതിപ്പോ എത്രാമത്തെ തവണയായി നീയ് “” എന്ന് പറഞ്ഞപ്പോൾ…
“””ന്റെ അമ്മയല്ലേ വല്യമ്മേ… ഞാൻ ചെറുപ്പത്തിൽ ഇതിലും ബുദ്ധിമുട്ടിച്ചു കാണില്ലേ??”””
എന്ന് പറഞ്ഞു, മൂത്ര തുണികളുമായി അലക്കാൻ നടക്കുന്നവനെ നോക്കി നെടുവീർപ്പിട്ടു ശരദാമ്മ…. കുഞ്ഞുങ്ങളെ പോലെ വണ്ടി ഓടിച്ചു കിടക്കുന്നവളെ നോക്കി…
“”നീയിത് വല്ലതും അറിയണുണ്ടോ ദേവ്യേ””” എന്ന് ചോദിച്ചു…
തന്നോട് ആണ് എന്തോ പറഞ്ഞതെന്ന് തോന്നിയപ്പോൾ അവർ ശാരദമ്മയെ നോക്കി വണ്ടി ഓടിക്കും പോലെ കാട്ടി..
തെറിച്ചു വീഴുന്ന ഉമിനീർ,
“””അടങ്ങി കിടക്കൂ “””” എന്ന് പറഞ്ഞവർ തുടച്ചു നീക്കി കൊടുത്തു…
“””കുട്ടൻ… അവന്റെ മനസ്സ് വേവണത്… അറിയണുണ്ടോ??? ഉരുകാ ന്റെ കുട്ടി… “””
അനിയത്തി ദേവിയുടെ വിവാഹം ആയിരുന്നു ആദ്യം കഴിഞ്ഞത്… അവരെ കണ്ട് ഇഷ്ടപ്പെട്ടു ഒരാൾ വന്നു ചോദിച്ചപ്പോൾ വേഗം കല്യാണം നടത്തി കൊടുത്തു….
പ ട്ടാളത്തിൽ ആയിരുന്നു അയാൾ… വിപിന് മൂന്ന് വയസ്സുള്ളപ്പഴാ അയാൾ ഒരു അപകടത്തിൽ മരിച്ചത്. അതിന് ശേഷം ആണ് ശാരദമ്മ വിവാഹിതയായത്… സ്കൂളിൽ മാഷായിരുന്നു..
ഏറെ നാൾ കഴിഞ്ഞും കുഞ്ഞുങ്ങൾ ഉണ്ടായില്ല… ദേവിയെയും മകനെയും കൂടെ നിർത്തിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം എതിർത്തില്ല..
പിന്നെ അവരും ഇവിടെ കൂടെ ഉണ്ടായിരുന്നു..
വിപിൻ, രണ്ടാൾടേം കുട്ടൻ”””
എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം… അമ്മക്കും വല്യമ്മക്കും ഏക പ്രതീക്ഷ.
വല്യച്ഛനും കൂടെ അവരെ വിട്ട് പോയപ്പോൾ ഏക ആശ്രയം അവനായിരുന്നു “”കുട്ടൻ “”””
അച്ഛനെ പോലെ ഒരു പ ട്ടാളക്കാരൻ ആവാനായിരുന്നു വിപിനും മോഹം…
അത് അയാൾ നേടി എടുക്കുക തന്നെ ചെയ്തു… ഇഷ്ടം അല്ലെങ്കിൽ കൂടി അമ്മയും വല്യമ്മയും കൂടെ അവനെ യാത്രയാക്കി…
നാട്ടിൽ അവനു നല്ലൊരു പെൺകുട്ടിയെയും കണ്ടു വച്ചു… ഒരിക്കൽ ലീവിന് വന്നപ്പോൾ മോതിരം മാറ്റം വരെ നടത്തി… സന്തോഷത്തിനു അതിരില്ലായിരുന്നു ആ വീട്ടിൽ….
പക്ഷെ, അതിനിടക്കാണ് ദേവിക്ക് ഓർമ്മ തെറ്റ് പോലെ കണ്ടത്.. ചെലതെല്ലാം മറന്നു പോവുക.. മരിച്ചവരെ കണ്ടെന്നു പറയുക…
ആദ്യമാദ്യം എല്ലാം അത്ര കണക്കിലെടുത്തില്ല… പിന്നെ ഭക്ഷണം കഴിക്കാൻ പോലും അറിയാതെ ആയപ്പോൾ ആണ് ശാരദ ആകെ പരിഭ്രമിച്ചത് …
ഡോക്ടറെ കാണിച്ചപ്പോൾ ആദ്യം പറഞ്ഞത് സോഡിയം കുറയുന്നത് ആണെന്നാണ്… അതിനെന്തോ ചികിത്സയും നിർദേശിച്ചു…
പക്ഷെ പിന്നെയും സംഗതി വഷളാവൻ തുടങ്ങി… വസ്ത്രം പോലും അണിയണം എന്നില്ലാതെ ഒരു ഭ്രാന്തിയെ പോലെ ദേവി “”””
ആരോ ഒരു ജ്യോൽസ്യരെ പോയി കാണാൻ നിർദേശിച്ചു…. അയാൾ കുറെ പൂജയും.. ബാധോപദ്രവം ആണത്രേ..
എല്ലാം പണം കുറെ ചെലവാക്കിച്ചു എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല… ഒടുവിലാണ് വിപിനെ വിവരം അറിയിച്ചത്… അവനെ ഒന്നും അറിയിക്കാതെ നോക്കി അത്ര നാളും….
അറിഞ്ഞതും അവൻ വി. ആർ. സി എടുത്ത് ഓടി വന്നു…. അവന്റെ ഇഷ്ടപ്രകാരം മറ്റൊരു ഹോസ്പിറ്റലിൽ അവളെ കാണിച്ചു…
“”അൽഷിമേഴ്‌സ് “”‘ എന്നായിരുന്നു ഡോക്ടർമാർ വിധി എഴുതിയത്..
പെട്ടെന്ന് ഓർമ്മയിലൂടെ വന്നത് മോ ഹ ൻലാലിൻറെ ഒരു സിനിമയും അതിലെ സങ്കടകരമായ അവസാനവും ആയിരുന്നു..
അറിയാവുന്ന ദൈവങ്ങളോടെല്ലാം മനസ്സ് തുറന്ന് പ്രാർത്ഥിച്ചു, ഞങ്ങളെ എങ്കിലും ആ ഓർമ്മകളിൽ നിന്നും മയക്കരുതേ എന്ന്…
മരുന്നും, പ്രാർത്ഥനകളും എല്ലാം വിഫലമാകുന്ന ചില സന്ദർഭങ്ങൾ ഇല്ലേ??? അതായിരുന്നു പിന്നീട് കണ്ടത്…
അവനായി ഉറപ്പിച്ച പെണ് വീട്ടുകാർ അമ്മയെ കാണാൻ വന്നിരുന്നു…
അവർക്ക് മനസ്സിലായി വിപിനിന്റെ അമ്മയുടെ ഈ ഒരു കിടപ്പിൽ നിന്നും ഇനി മോചനം ഇല്ലെന്നും, പരിചരിക്കുന്നവർക്ക് എന്നും ഒരു ഭാരം ആവും എന്നും…
നിശ്ചയം വരെ എത്തിയ വിവാഹം ഒഴിയാൻ മാന്യമായി അവർ കണ്ടുപിടിച്ച വഴി, പെട്ടെന്ന് വിവാഹം നടത്തണം എന്നതായിരുന്നു..
കുറച്ചിടെ സാവകാശം വേണമെന്ന് വിപിൻ കെഞ്ചിയിട്ടും അണുവിട മാറാത്തവരുടെ ആവശ്യം വിപിനിനു പിന്നീട് ആണ് മനസ്സിൽ ആയത്…
അവൻ സന്തോഷത്തോടെ അവരോട് വിട പറഞ്ഞു.. എല്ലാം കണ്ട് തകർന്നത് ശാരദ ആയിരുന്നു…. അവർ കുഞ്ഞിനെ പോലെ കിടക്കുന്ന ദേവിയോട് പരാതികൾ പറഞ്ഞു…. പ്രയോജനം ഇല്ലെങ്കിൽ കൂടിയും…
നില ദിവസവും വഷളായി കൊണ്ടിരുന്നു… ഒരു മടുപ്പും കൂടാതെ വിപിൻ അമ്മയെ നോക്കി…. അവർക്ക് ദൈവം കൊടുത്ത ഒരു പുണ്യം പോലെ….
ഒരു ദിവസം വിപിൻ അമ്മയെ ഉറക്കിയതിനു ശേഷം വല്യമ്മയുടെ മടിയിൽ കിടക്കുമ്പോൾ ആ മുടിയിൽ വിരൽ ഓടിച്ചു അവർ ചോദിച്ചു…
“”മടുക്കണില്ലേ കുട്ടാ.. ഈ രണ്ടു വയസത്തികളെ നോക്കി “”” എന്ന്…
ഒരു ചിരിയോടെ തിരിഞ്ഞ്,
മെല്ലെ അവൻ പറഞ്ഞു തുടങ്ങി…
“””പണ്ട്, അച്ഛൻ പോയപ്പോ ആരും ഇല്ലാണ്ടായപ്പോ പേടിച്ചു ഒരു കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചിരുന്നു, ഇനി ആരാ അമ്മേ എനിക്കെന്ന്???
അച്ഛൻ ഇല്ലല്ലോ എന്ന്… അന്ന് ആ അമ്മ മകനോട് പറഞ്ഞിരുന്നു, ഈ നെഞ്ചിൽ ഒന്നു ചെവി വച്ചേ എന്ന്..
താളത്തിൽ ഒരു മിടിപ് കേക്കാനില്ലേ, അത് നിലക്കണ വരെ ഈ അമ്മ കാണും കുഞ്ഞിന് എന്ന്…
ആ ധൈര്യാ… ആ വാക്കാ, എന്നെ ദേ ഇത് വരേം കൊണ്ടെത്തിച്ചേ… ആാാ അമ്മയെ എനിക്ക് മടുക്കുവോ “”””
എന്ന്….
പറഞ്ഞു തീർത്തപ്പോഴേക്കും നാലു മിഴികൾ നിറഞ്ഞൊഴുകിയിരുന്നു… മനസ്സും…. പിന്നീട് മരണം വരം ആയി തീരുന്ന അവസ്ഥ….
വെള്ളം പോലും ഇറങ്ങാതെ… അപ്പോഴും ആ മകൻ കൂടെ നിന്നു… ആ താളത്തിൽ ഉള്ള മിടിപ്പ് ഒടുങ്ങും വരേയ്ക്കും…..