രചന: Kannan Saju
” ഹയ് അഴേല് ഒണങ്ങാൻ ഇട്ടേക്കണ ബ്രെസർ കട്ടോണ്ടു പോവുക, രാത്രി കക്കൂസിൽ പോവുന്ന ആളോളെ പടക്കം എറിഞ്ഞു പേടിപ്പിക്ക, ജനലിന്റെ ഉള്ളീക്കടെ പാമ്പിനെ കേറ്റി വിട, മൂർച്ചയുള്ള കോലോണ്ട് ഉറങ്ങി കിടക്കുന്നവരുടെ ചന്തിക്കു കുത്തുക ഇതൊക്കെയാണ് മൂപ്പരുടെ പ്രധാന വിനോദങ്ങളെ ”
സ്റ്റേഷനിൽ ഇരുന്നു കൊണ്ടു പ്രസിഡന്റ് വേണു പറഞ്ഞു…
” അത് മാത്രാ ??? ബ്ലാക്ക്മാനെ കണ്ടു പിന്നാലെ ഓടിയ മ്മടെ മുനീർ കിതച്ചു കുത്തി റോഡുമേ ശ്വാസം കിട്ടാതെ ഇരുന്നപ്പോ ഓൻ തിരിച്ചു വന്നു മുനീറിന്റെ മോന്തക്കടിച്ചിട്ടു ഓടിയെക്കണ് ! തന്തയില്ലാത്തരം അല്ലേ ഓൻ കാണിച്ചത്? ”
കൂടെ വന്ന ഫൈസല് പറഞ്ഞു..
si കീരി ബിജു മുഖത്ത് തന്റെ ശോകം അറിയിച്ചു
” അങ്ങനെ ചെയ്തെങ്കിൽ അത് വളരെ മോശമായി പോയി ”
” സാറേ ഇങ്ങള് എങ്ങനെ എങ്കിലും ഓനെ ഒന്ന് പിടിച്ചു തരണം ”
” ശരി.. നിങ്ങള് ചെല്ല്.. നിങ്ങളും കൂടി തയ്യാറായി ഇരിക്ക്.. ഇന്ന് നമുക്കവനെ പൊക്കണം ”
രാത്രി.
സൂര്യൻ മങ്ങി തുടങ്ങിയതും ആളുകൾ ഓടി വീടിനകത്തു കയറി വാതിലടച്ചു..
ദേഹത്ത് മുഴുവൻ എണ്ണയും പുരട്ടി കറുത്ത ഷഡി മാത്രം ഇട്ടു മുഖത്ത് കരിയും തേച്ചു വരുന്ന ബ്ലാക്ക് മാനേ ഇതുവരെ പിടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല…
വേണുവും കൂട്ടരും വടിയും പത്തലും ഒക്കെ ആയി പല ഭാഗങ്ങളിൽ തയ്യാറായി ഇരുന്നു….
” അല്ല വേണു ഏട്ടാ.. ഓനെ പിടിച്ച നിങ്ങളെന്താ ചെയ്യാൻ പോണേ ?? ”
വേണു ഫൈസലിനെ ഒന്ന് നോക്കി.
” ഓനെ മറ്റേ സുനാപ്പിക്കു വിട്ടാ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് ഒക്കെ പുല്ലു പോലെ തകർക്കൂട്ടോ ? ”
” സുനാപ്പിയോ ? എന്ത് ഭാഷയാടാ ഇത്… ? ”
” ഭാഷ ഏതായാലും കാര്യം മനസ്സിലായ മതീന്നല്ലേ ഗുരു പറഞ്ഞേക്കുന്നെ ?? ”
” ഗുരു അതിനിടക്കു അങ്ങനേം പറഞ്ഞോ? ”
” ഞാൻ എന്റെ ഗുരൂന്റെ കാര്യാ പറഞ്ഞത്.. ”
പ്രസിഡന്റിനും കൂട്ടർക്കും ഒപ്പം കീരി ബിജുവും എത്തി… പോലീസ് വാഹനം ഒതുക്കി ഇട്ടു അവരും നിശബദരായി ഇരുന്നു…
പെട്ടന്ന് അത് സംഭവിച്ചത്… ആരോ പോലീസ് ജീപ്പിന്റെ ഹോൺ അടിച്ചു…
ഞെട്ടലോടെ കീരി ബിജുവും കൂട്ടരും തിരിഞ്ഞു നോക്കി.. വണ്ടി സ്റ്റാർട്ട് ചെയ്ത ബ്ലാക്ക്മാൻ ഗിയർ ചേഞ്ച് ചെയ്തു ആക്‌സിലറേറ്റർ കല്ലെടുത്തിട്ടു ഇറങ്ങി ഓടി… വണ്ടി നേരെ പാടത്തേക്കു വീണു..
” അയ്യോ എന്റെ വണ്ടി ”
കീരി ബിജു നിലവിളിക്കാൻ തുടങ്ങി..
” പിടിക്ക് സാറേ അവനെ ”
ഫൈസൽ ഒച്ച എടുത്തു ആദ്യം ഓടി.. പിന്നാലെ ബാക്കി ഉള്ളവരും…
ഓടി കുറച്ചു മറഞ്ഞതും ബ്ലാക്ക് മാനെ കാണാനില്ല… എല്ലാവരും കിതച്ചു കൊണ്ടു നിന്നു…
” ഫൈസലെ എങ്ങോട് പോയെടാ… ? ”
” ആ.. ഒരു പിടിയും ഇല്ല ”
എങ്ങോട് പോണം എന്നറിയാതെ അവർ നിക്കുമ്പോൾ ഇരുട്ടിൽ നിന്നും വിസിലടി ഉയർന്നു….
” ദേ അവൻ… അവന്റെ അഹങ്കാരം നോക്ക്.. പിടിക്കവനെ ”
അവർ പിന്നാലെ ഓടി…
ബ്ലാക്ക് മാൻ മതിലിൽ ചാടി കയറി ബാൽക്കണിയിലൂടെ ഗീതയുടെ വീട്ടിൽ കയറി
അവർ വീട് വളഞ്ഞു… ബെല്ല് തുരു തുരാ അടിച്ചു.. ഗീത ഭയത്തോടെ ഇറങ്ങി വന്നു
” എന്താ വേണുവേട്ടാ ? ”
” ഏഹ് സ്ഥിരം അലവലാതി വേണു എന്ന് വിളിച്ചിരുന്ന ഇവക്കെന്ന പെട്ടന്നൊരു മാറ്റം? ”
വേണു ആലോചിച്ചു
” ചേച്ചീ ബ്ലാക്ക്മാൻ ഈ വീട്ടിലേക്കു ഓടി കയറിയിട്ടുണ്ട്… ഞങ്ങക്ക് അകത്തു കയറി അവനെ പൊക്കണം ”
ഫൈസൽ ആവേശത്തോടെ പറഞ്ഞു…
” ഏയ്… ഈ.. ഈ വീട്ടിലേക്കോ.. ഇല്ലെന്നേ.. ഞാനല്ലേ ഇപ്പൊ കതകു തുറന്നു ഇറങ്ങി വന്നേ.. പിന്നെങ്ങനെ അകത്തു കയറും ”
” എന്റെ ചേച്ചി അതും ഇതും പറഞ്ഞു കളയാൻ സമയം ഇല്ല.. മൂപ്പരു മോളിലൂടെ ചാടി കയറിയെ… ”
” എന്തായാലും ഞാൻ ഒറ്റക്കുള്ളു.. അതിയാൻ രാവിലെ വരും അന്നേരം നോക്കാം ”
” നിങ്ങള് അവളുടെ വാർത്താനോം കേട്ടു നിക്കാതെ അകത്തു കയറി അവനെ പിടി മക്കളെ.. എന്റെ കൈ തരിക്കുന്നു ”
മുഷ്ടി ചുരുട്ടിക്കൊണ്ടു കീരി ബിജു പറഞ്ഞു.
അവർ അകത്തേക്ക് തള്ളി കയറി.. ഗീത വിറയലോടെ നിന്നു… അകത്തു കയറി കട്ടിലിന്റെ അടിയിൽ നോക്കിയാ ഫൈസൽ
” ഹാ.. ഹാ.. പ്രസിഡന്റെ… ”
” എന്താടാ ബ്ലാക്ക്മാനെ കിട്ടിയോ? ”
” ബ്ലാക്ക്മാനെ കിട്ടിയില്ല പക്ഷെ നാട്ടുകാരുടെ കണ്ണിൽ പൊടി ഇടുന്ന ഒരു വൈറ്റുമാനെ കിട്ടിയിട്ടുണ്ട് ”
” ങേ.. ഇനി അതേതു മുതല്…? “.
പ്രസിഡന്റ് മുണ്ടും പൊക്കി പിടിച്ചു മുറിയിലേക്ക് ചെന്നു…
കട്ടിലിനടിയിൽ നിന്നും കൈ കൂപ്പി സുരേഷ് ഇറങ്ങി വന്നു…
” അമ്പടാ പുളുസു.. ഇതാര് നന്മ മരമോ.. ? അപ്പൊ ബ്ലാക്ക്മാനെ പിടിക്കാൻ വരാൻ പറഞ്ഞപ്പോ ആലോചന യോഗം ഉണ്ടന്ന് പറഞ്ഞത് ഇതായിരുന്നല്ലേ?? എന്നിട്ടു ആലോചന യോഗം കഴിഞ്ഞായിരുന്നോ ?? ”
” തുടങ്ങി വെച്ചായിരുന്നു ”
ഇളിച്ചു കൊണ്ടായയാൾ പറഞ്ഞു…
അപ്പോഴേക്കും പുറത്തു നിന്നും വീണ്ടും ബിസിലടി ശബ്ദം ഉയർന്നു.
” ദേ അവൻ പുറത്തു ”
ഫൈസൽ വീണ്ടും ഒച്ച എടുത്തു..
അങ്ങന അവർ വീണ്ടും ഓട്ടം തുടങ്ങി… പറഞ്ഞു കേട്ടു സ്ത്രീകളും കുട്ടികളും അടക്കം വടിയും പത്തലുമായി ഇറങ്ങി….
” ഇവനെന്തിനാ ഈ പുഴക്കരയിലേക്കു ഓടുന്നത് ”
മുണ്ടും പൊക്കി പിടിച്ചു ഓടുന്നതിനിടയിൽ പ്രസിഡന്റ് ചോദിച്ചു
” ഇനി വെളിക്കിരിക്കാൻ ആയിരിക്കുവോ? ”
ഫൈസൽ സംശയം അറിയിച്ചു
” നിനക്കീ നല്ല ചിന്തകൾ ഒന്നും വരൂലേ ? ”
” ഒ ഇപ്പൊ ഇമ്മക്കായി കുറ്റം.. എന്ന നാളെ മുതല് പ്രസിഡന്റും
” മതി.. ബാക്കി പറയരുത് ”
പുഴക്കരയിൽ വാറ്റിക്കൊണ്ടിരുന്ന പട്ട ജോയിയും കൂട്ടരും ആളുകൾ ഇളകി വരുന്നത് കണ്ടു ജീവനും കൊണ്ടു ഓടി….
” ഏഹ്.. ഇതാരൊക്കെയാ വേറൊരു കൂട്ടർ ഓടുന്നെ? ”
” ബ്ലാക്ക്മാന്റെ കുടുംബക്കാരായിരിക്കും ഓര്ക്കു കഞ്ഞി വെക്കായിരുന്നു ന്നാ തോന്നണേ.. കണ്ടില്ലേ കലം ഒക്കെ ”
” എടാ പൊട്ടാ ഇത് വാറ്റാണ് ”
കീരി ബിജു പറഞ്ഞു…
” അതാ പട്ട ജോയിയും കൂട്ടരുമാ ”
” ഇനി ഇതൊക്കെ ഇമ്മക്കു കാണിച്ചു തരാൻ ആണോ മൂപ്പര് ഇമ്മാതിരി ഓട്ടം ഓടണെ? ”
ഫൈസലിന്റെ ചോദ്യം കേട്ടു എല്ലാവരും പരസ്പരം നോക്കി…
അവരുടെ മുഖത്ത് ആകാംഷ നിറഞ്ഞു
” ഇനി ബ്ലാക്ക്മാൻ നല്ലവനായിരിക്കുമോ? ”
ആരോ ഒരാൾ വിളിച്ചു പറഞ്ഞു…
” ചിലപ്പോ ആയിരിക്കും… ബിജു സാറിന്റെ കണ്ണിൽ ഇതെല്ലം പെടുത്താൻ ഉള്ള മറ്റൊരു സമര മുറ ആണെങ്കിലോ ഇത്? ”
വേണു അതങ്ങോട് ശരി വെച്ചു…
അപ്പോഴേക്കും അന്നാട്ടിലെ ഒരുവിധം പേരെല്ലാം പുഴക്കരയിൽ എത്തിയിരുന്നു…
വീണ്ടും വിസിലടി കേട്ടു…
ഇരുട്ടിലേക്ക് നോക്കിയ മുന്നിൽ നിന്ന പ്രസിഡന്റ്, si, ഫൈസൽ ഇവരുടെ മുഖത്തേക്ക് ബ്ലാക്ക്മാൻ എറിഞ്ഞ ചാണകം വന്നു പതിച്ചു
” എക്സ്ട്രീം സൈക്കോ ”
മുഖത്തെ ചാണകം തുടച്ചു കൊണ്ടു ഫൈസൽ പറഞ്ഞു
” പിടിയവനെ ”
കീരി ബിജു ഉത്തരവിട്ടു…. അവർ വീണ്ടും ഓട്ടം തുടങ്ങി…
ബ്ലാക്ക്മാൻ ഓടി സ്കൂളിലേക്ക് കയറി…
സ്കൂളിന്റെ മുറ്റത്തേക്ക് നാട്ടുകാരും ഓടിക്കയറി..
” ആഹാ… നല്ല പരിചയം ഉള്ള മണം ”
ഫൈസൽ ആ മണം ആസ്വദിച്ചു
” കഞ്ചാവ് ”
കീരി ബിജുവിന്റെ ശബ്ദം കേട്ടു ഞെട്ടിയ ഫൈസൽ ആസ്വാദനം നിർത്തി..
നാട്ടുകാർ എല്ലാവരും ചേർന്ന് അവിടെ വന്നു സ്ഥിരം കഞ്ചാവ് വലിച്ചിരുന്ന ഇരുപത് പയ്യന്മാരെ ബന്ധികൾ ആക്കി….
” ശേ മൂപ്പരെ നമ്മള് വെറുതെ സംശയിച്ചു… ഞാൻ പറഞ്ഞില്ലേ ഇച്ചിരി കുസൃതി ഉണ്ടന്നേ ഉളളൂ.. ആള് പാവാണ്. ”
ഫൈസലിന്റെ വർത്താനം കേട്ടു ബിജു അവനെ നോക്കി …..
വീണ്ടും പുറത്തു നിന്നും വിസിലടി ഉയർന്നു…
അങ്ങോടു നോക്കും മുന്നേ കത്തിച്ചെറിഞ്ഞ മാലപ്പടക്കം അവർക്കിടയിൽ കിടന്നു പൊട്ടൻ തുടങ്ങി
കലി പൂണ്ട കീരി ബിജു പറഞ്ഞു
” പിടിയവനെ ”
അവർ വീണ്ടും ഓട്ടം തുടങ്ങി… ഓട്ടത്തിനിടയിൽ പ്രസിഡന്റ് തളർന്നു വീണു..
” വെള്ളം.. വെള്ളം ”
പ്രസിഡന്റ് വെള്ളത്തിനായി യാചിക്കുന്ന കേട്ടു എല്ലാവരും ചുറ്റും പരതി… ഒന്നും കാണാനില്ല…
” ഞാനിപ്പോ ചാവുവെ ”
സമീപത്തു കണ്ട കടയുടെ ഓട് പൊളിച്ച് അകത്തു കയറി വെള്ളം എടുത്തു കൊണ്ടു തിരിച്ചു വന്ന ബ്ലാക്ക്മാൻ വിസിലടിച്ചു…
അങ്ങോടു നോക്കിയ ഫൈസലിന്റെ കയ്യിലേക്ക് ബ്ലാക്ക്മാൻ കുപ്പി എറിഞ്ഞു…
ബിജു കുപ്പി വാങ്ങി പ്രസിഡന്റിന് വെള്ളം കൊടുത്തു….. ചിരിയോടെ ബ്ലാക്ക്മാനെ നോക്കിയാ ഫൈസലിന് നേരെ വീണ്ടും അവൻ എന്തോ എറിഞ്ഞു.. ഒരു മിന്നൽ മാത്രം കണ്ട ഫൈസൽ അത് ചാടി പിടിച്ചു..
” അയ്യോ.. ഗുണ്ട്.. ഗുണ്ട് ”
” കയ്യിൽ പിടിചോണ്ടു നിക്കാതെ ഏറിയടാ മണ്ടാ… ”
ഫൈസൽ എറിഞ്ഞു.. അത് പൊട്ടി ചിതറി..
കലി കയറിയ ബിജു പറഞ്ഞു
” പിടിക്കവനെ ”
ബ്ലാക്ക്മാൻ ഓടി അവിടുത്തെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയുടെ വീട്ടിൽ കയറി…
പിന്നാലെ ഓടി കയറിയവർ അത് കണ്ടു ഞെട്ടി…
കുറെ ഇലക്ട്രോണിക് ബോംബുകളും ബാഗ് നിറയെ പണവും…
” ഇതാണ് ഒരു പരിധിയിൽ കൂടുതൽ പിള്ളേരെ പഠിപ്പിക്കിരുതെന്നു പറയണെ ”
മൂക്കിൽ വിരല് വെച്ചു കൊണ്ടു ഫൈസൽ പറഞ്ഞു….
അപ്പോഴേക്കും സമയം വെളുപ്പിന് നാല് മണി ആയിരുന്നു..
അവർ വീടിനു പുറത്തേക്കിറങ്ങി….
അപ്പുറത്തെ അമ്പലത്തിന്റെ ആൽത്തറയിൽ ബ്ലാക്ക്മാൻ ഇരുന്നു.. ഓടി തളർന്ന ഫൈസലും കൂട്ടരും ഗ്രൗണ്ടിലും ഇരുന്നു
” എന്തെ എല്ലാരും ഇരിക്കുന്നെ?? ”
കീരി ബിജു ചോദിച്ചു
” മൂപ്പരു ഓടി തുടങ്ങിയാൽ അല്ലേ ഇങ്ങക്ക് പറയാൻ പറ്റു പിടിക്കവനെ എന്ന്, എന്നാലല്ലേ ഞങ്ങക്കു ഓടാൻ പറ്റു ”
” അത് ശരിയാ.. എന്റെ ഭാഗത്തും തെറ്റുണ്ട്.. ഞാനങ്ങനെ ചോദിയ്ക്കാൻ പാടില്ലായിരുന്നു ”
” ഇനി മേലാൽ ആവർത്തിക്കരുത് ”
ഫൈസൽ ബിജുവിനെ ഓർമിപ്പിച്ചു..
” പ്രസിഡന്റെ നിക്കൊരു സംശയം ”
” എന്താ? ”
ഫൈസലിന്റെ ചോദ്യം കേട്ടു പ്രസിഡന്റ് ചോദിച്ചു
” ഇനി ഇപ്പോ ഈ കള്ളികൾ എല്ലാം വെളിച്ചത്തു കൊണ്ടൊരാൻ കൃഷ്ണൻ വേഷം മാറി വന്നതാണോ ? ”
പ്രസിഡന്റ് ഫൈസലിനെ ഒന്ന് നോക്കി
” അല്ല ഞാൻ ഒരു സംശയം പറഞ്ഞുന്നെ ഉളളൂ… ലാസ്റ്റ് ഞാൻ മാത്രേ കണ്ടുള്ളുന്നു പ്രസിഡന്റ് പറയാതിരുന്നാൽ മതി ”
” എല്ലാവരും ഉണ്ടോ? ”
ബ്ലാക്ക്മാന്റെ ചോദ്യം കേട്ടു അവർ അങ്ങോടു നോക്കി
” ഇപ്പൊ എന്ന പിടിക്കാൻ ഓടിയപ്പോ മനസ്സിലായില്ലേ ഈ നാട്ടിൽ ഒരു രാത്രി എത്രത്തോളം കാര്യങ്ങൾ നടക്കുന്നുണ്ടെന്ന്.. അതിനെതിരെ നിങ്ങളുടെ കണ്ണ് തുറപ്പിക്കാൻ എനിക്ക് പലതും ചെയ്യേണ്ടി വന്നു… എന്നോട് നിങ്ങൾ ക്ഷമിക്കണം.. എന്നെ നിങ്ങള്ക്ക് എന്ത് വീണെങ്കിലും ചെയ്യാം.. ”
ബ്ലാക്ക്മാൻ എഴുന്നേറ്റു നിന്നു
പ്രസിഡന്റിന്റെ കണ്ണ് നിറഞ്ഞു.. കീരി ബിജുവും ഫൈസലും കെട്ടിപ്പിടിച്ചു കരഞ്ഞു…
” തലൈവാ ”
ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു…
” പക്ഷെ നിങ്ങൾ ഒന്നോർക്കണം.. നിങ്ങൾ ഇങ്ങനെ സുഖമായി കിടന്നുറങ്ങുമ്പോൾ ഇരുട്ടിന്റെ മറവിൽ ഇവിടെ പലതും നടക്കുന്നുണ്ടെന്നു… ഇവരോട് നിങ്ങൾ കണ്ണടക്കരുത്… നമ്മുടെ ശക്തനായ പ്രസിഡന്റ്, ബുദ്ധിമാനായ si സർ, കർമ്മം നിരതനായി ഫൈസൽ ഇവരൊക്കെ മുന്നിൽ ഉള്ളപ്പോൾ നിങ്ങൾ ആരെയാണ് ഭയക്കുന്നത്..
ഇനി ഇവിടെ ഞാൻ വരില്ല.. ഇവിടുത്തെ എന്റെ ധർമം ഇന്നത്തോടെ അവസാനിക്കുന്നു… മറ്റൊരു നാട്ടിൽ ഉറങ്ങി കിടക്കുന്ന ജനതയെ എനിക്ക് ഉണർത്തേണ്ടതുണ്ട്… എനിക്ക് പോവാനുള്ള വണ്ടി ഇപ്പൊ വരും.. നിങ്ങൾ എന്ന സന്തോഷത്തോടെ യാത്രയാക്കണം.
അവരുടെ കണ്ണുകൾ കണ്ണുനീർ പുഴകൾ ആയി… നാടിനെ രക്ഷിക്കുന്ന വിജയ് അണ്ണന്റെ സിനിമകൾ മാത്രം കണ്ടു ശീലിച്ച അവർക്കു അത് ആദ്യത്തെ അനുഭവം കൂടി ആയിരുന്നു..
ഒരു പാണ്ടി ലോറി വന്നു.. ജെട്ടി ഇട്ടു മുഖത്ത് കരിയും തേച്ചു ആ മനുഷ്യൻ വണ്ടിയിൽ കയറുമ്പോൾ കത്തിയിൽ വിജയ് അണ്ണൻ പോലീസ് ജീപ്പും കാത്തിരിക്കുമ്പോൾ ഉള്ള യാരോ യാറോ നീ യാരോ സോങ് അവർക്കു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി തോന്നി.. വണ്ടി കണ്വെട്ടത്തു നിന്നും മറയും വരെ അവർ അവനു ടാറ്റ കൊടുത്തു..
” ബിജു സാറെന്ന വിഷമിച്ചു നിക്കുന്നെ? ”
കണ്ണീരോടെ ഫൈസൽ ചോദിച്ചു…
” നല്ല പരിചയം ഉള്ള ശബ്ദം ”
” ഇനി സാറിന്റെ മേലുദ്യോഗസ്ഥർ വല്ലതും ആവുമോ? ”
” അങ്ങനാണേൽ പ്രൊമോഷൻ ഉറപ്പ ”
പെട്ടന്ന് അടുത്ത വീട്ടിൽ നിന്നും ഒരു നിലവിളി കേട്ടു.. ബ്ലാക്ക്മാനെ പിടിക്കാൻ വന്നു തിരിച്ചു വന്നവരുടെ വീടുകളിൽ നിന്നെല്ലാം പടി പടിയായി നിലവിളി ഉയർന്നു..
ഒരുമാസം കഷ്ട്ടപ്പെട്ടു അവിടുത്തെ ആളുകളുടെ മുഴുവൻ രാത്രി കാര്യങ്ങൾ അറിഞ്ഞു വെച്ചു, അവരുടെ മുഴുവൻ ശ്രദ്ധയും തിരിച്ചു എലാ വീടുകളിലും കയറി കൊള്ളാ അടിക്കാൻ കള്ളൻ ഷാമോനും കൂട്ടരും ഇട്ട നമ്പറായിരുന്നു ബ്ലാക്ക്മാൻ…
കീരി ബിജുവും നാട്ടുകാരും അറിഞ്ഞു പിടിച്ചു വരും മുന്നേ കട്ട സ്വർണവും പണവും നാല് വണ്ടികളിൽ ആക്കി ഷാമോനും കൂട്ടരും നാട് വിട്ടു 😁