രചന: Kannan Saju
സെക്സ് ഈസ് നോട് എ പ്രോമിസ് കണ്ണൻ !
ഇത്രയും നാൾ തനിക്കു വേണ്ടി വെയിറ്റ് ചെയ്തു… ഇത് ലാസ്റ്റ് വാർണിങ് ആണ്… ഇനി ഒരു അവസരം ഉണ്ടാവില്ല !
അവന്റെ വാടക വീടിനു മുന്നിലെ പോസ്റ്റിനു താഴെ വെളിച്ചത്തിൽ നിന്നുകൊണ്ടു നയന പറഞ്ഞു.
കണ്ണൻ ഒന്നും മിണ്ടാതെ നിന്നു.
എന്തെങ്കിലും പറയുമ്പോൾ ശോക കുമാരനെ പോലെ ഇതുപോലെ താഴോട്ടും നോക്കി നിന്നതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല കണ്ണൻ.. ഞാൻ സീരിയസാണ്…
കണ്ണൻ… അധികം മോഡൺ അല്ലാത്ത ജീൻസും ഷർട്ടും.. വെട്ടിയൊതുക്കാത്ത താടിയും മുടിയും…
നയന… ഇരു നിറത്തിൽ ശരീരത്തോട് ഒട്ടിയ ചുരിദാർ ധരിച്ചവൾ.. ഒരു കാഴ്ച്ചയിൽ തന്നെ ശക്തമായ നിലപാടുകൾ ഉള്ള പെൺകുട്ടി എന്ന് തോന്നിപ്പിക്കുന്ന മുഖ ഭാവം…
മനഃപൂർവം അല്ലല്ലോ നയനു ഒരവസരം കിട്ടാത്തൊണ്ടല്ലേ…. ?
അവൾ പരിഹാസത്തോടെ പുഞ്ചിരിച്ചു…
കണ്ണൻ.. നീ ഒരു സംവിധായകൻ ആവും എന്നതിൽ എനിക്കൊരു സംശയവും ഇല്ല… പക്ഷെ എന്നെങ്കിലും ഒരു സംവിധായകൻ ആയിട്ട് കാര്യമില്ല….
കണ്ണന്റെ മുഖം മാറാൻ തുടങ്ങി
ഞാൻ കുറച്ചു കൂടി പ്രാക്ടിക്കൽ ആണ്… നിനക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ ജീവിതത്തിന്റെ അടുത്ത പടിയെ സുരക്ഷിതമാക്കി പൊയ്ക്കൊണ്ടിരിക്കും…
ഭൂരിഭാഗം പെൺകുട്ടികളും അങ്ങനെ തന്നെ ആണ്… അല്ലാതെ ഒരുമിച്ചു കിടന്നതു കൊണ്ടും ശരീരം പങ്കു വെച്ചത് കൊണ്ടും ഒരു കാലത്തും ഞാൻ നിന്നെ ഉപേക്ഷിച്ചു പോവില്ലെന്നും നിന്നിൽ കടിച്ചു തൂങ്ങി നിൽക്കും എന്നും നീ കരുതുന്നുണ്ടങ്കിൽ അത് മറന്നേക്കൂ… ഇത് നിനക്കുള്ള അവസാന അവസരം ആണ്… നാളെ നിന്റെ സ്ക്രിപ്റ്റിന് അഡ്വാൻസ് കിട്ടി എഗ്രിമെന്റ് ആയില്ലെങ്കിൽ പിന്നെ നീ എന്നെ കാണാൻ വരരുത്…..
നയന വണ്ടിയിൽ കയറി…. കാർ ദൂരെ മറയുന്നതു വരെ അവൻ നോക്കി നിന്നു….
മുറിക്കുള്ളിൽ എത്തിയ കണ്ണൻ ഒരുപാട് ചിന്തകളോടെ സോഫയിൽ ഇരുന്നു…. എന്തൊക്കയോ ആലോചിച്ചു കണ്ണുകൾ അടച്ചതും നയനയുടെ കോൾ വന്നു.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൻ ഫോണെടുത്തു
നീ എവിടെയാ ?
റൂമിൽ ഉണ്ടടി….
ആ ടീവി ഒന്ന് ഓണാക്കു…
എന്തിനാ ??
ഓൺ ചെയ്യടോ …
കണ്ണൻ ടീവി ഓൺ ചെയ്തു…
മനോരമ ന്യൂസ് വെക്ക്…
കണ്ണൻ ന്യൂസ് വെച്ചു…
ഒരു ഞെട്ടലോടെ കണ്ണൻ ടീവിയിലേക്കു നോക്കി
പ്രൊഡ്യൂസർ കിരൺ ബാബു തന്റെ പുതിയ പടത്തെ കുറിച്ച് പറയുന്നു.. പ്രമുഖ സംവിധായകനും തിരക്കഥ കൃത്തും ഒപ്പം ഉണ്ട്…
കണ്ണൻ കണ്ണുകൾ മിഴിച്ചു.. കാതുകളിൽ കൂർപ്പിച്ചു…
” ഇത് പോലീസ് ആവാൻ ആഗ്രഹിച്ചിട്ട് പള്ളിയിൽ അച്ഛൻ ആവേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ”
കണ്ണൻ ഞെട്ടലോടെ എഴുന്നേറ്റു
ഫോണിൽ നയന : നാളെ നിനക്ക് അഡ്വാൻസ് അല്ലേ ??? എടോ തനിക്കൊന്നും പറഞ്ഞിട്ടുള്ള പണിയല്ല ഇത്…. തന്നോട് എഗ്രിമെന്റ് നു പറഞ്ഞത് രണ്ട് മാസാം കൊണ്ടു അവര് പടത്തിന്റെ ഷൂട്ടിങ് തീർത്തു… ആ സംവിധായകന്റെ വൈഫ് എന്റെ അച്ഛന്റെ സുഹൃത്താണ്… കിരൺ ബാബു തന്റെ കഥ നല്ല ഒന്നാം തരാം തിരക്കഥാകൃത്തിനെ കൊണ്ടു മാറ്റി എഴുതിച്ചു… എന്ന് വെച്ചാ ഇനി നീ കേസ് കൊടുത്താലും നിക്കാത്ത രീതിയിൽ… അപ്പൊ എന്റെ പൊന്നുമോന് ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ… ഇനി എന്നെ വിളിക്കരുത്.. ഇതിവിടെ അവസാനിക്കുന്നു… വെറുതെ പട്ടിണി കിടന്നു മറിക്കാതെ മര്യാദക്ക് വീട്ടിൽ പോയി വെല്ല കൂലിപ്പണിയും ചെയ്തു ജീവിക്കാൻ നോക്ക്…
അവൾ ഫോൺ കട്ട് ചെയ്തു…
കണ്ണൻ വിഷമത്തോടെ സോഫയിൽ ഇരുന്നു… ആ തിരക്കഥ പൂർത്തിയാക്കാൻ ഒന്നര വര്ഷം വേണ്ടി വന്നിരുന്നു…. വീട് വിട്ടിറങ്ങി…. ബന്ധങ്ങളും സ്വന്തങ്ങളും നഷ്ടമായി… അവസരങ്ങൾക്കായി സംവിധായകരുടെയും നിർമാതാക്കളുടെയും വീടുകളും ഓഫീസുകളും കയറി ഇറങ്ങി…. വഴി ചിലവിനു പണമില്ലാതെ നടന്നു തീർത്ത യാത്രകൾ…. കഥയുമായി അലയുന്നതിനാൽ സ്ഥിരമായി പണിക്കു നിർത്താൻ ആരും തയ്യാറായില്ല… സംവിധായകരോ നിര്മാതാക്കളോ ആരായാലും അവര് വിളിക്കുമ്പോൾ അവരുടെ സമയം അനുസരിച്ചു ചെല്ലണം… പലതിനും പലരെയും ആശ്രയിക്കേണ്ടി വന്ന നാളുകൾ… പലരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്ന നാളുകൾ.. എല്ലാം ഒരു പ്രതീക്ഷയിൽ ആയിരുന്നു…
എല്ലാം അവസാനിച്ചിരിക്കുന്നു…ഒരു തിരക്കഥ എഴുതാൻ എത്ര ബുദ്ധിമുട്ടാണ്… അത് നല്ലതാവണം.. അത് പറയാൻ ഒരു അവസരം ഉണ്ടാവണം.. അത് കേൾക്കുന്ന ആൾക്ക് ഇഷ്ടപ്പെടണം.. അതിനു ഒരു നിർമാതാവിനെ കിട്ടണം… ഒരു നടൻ ഡേറ്റ് തരണം…. ഇനി ഇതെല്ലം നടക്കുമോ…
അച്ഛനും അമ്മയും കൈ വിട്ടു… സഹോദരനും വെറുപ്പായി… രെക്ഷപെട്ടതായപ്പോൾ കൂട്ടുകാരും കയ്യൊഴിഞ്ഞു… ഇപ്പൊ ജീവന് തുല്യം സ്നേഹിച്ച പെണ്ണും കൈ വിട്ടു…
അവൻ ഫോണെടുത്തു കിരൺ ബാബുവിനെ വിളിച്ചു… സ്വിച്ഡ് ഓഫ്… കണ്ണൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു… ഒരു ഭ്രാന്തനെ പോലെ അലറി… താൻ എഴുതി വെച്ചിരുന്ന സ്ക്രിപ്റ്റ് എടുത്തു.. കലിയോടെ അതിലേക്കു നോക്കി… നിലത്തേക്കിട്ടു…. അതിനു തീ ഇട്ടു നശിപ്പിച്ചു…
കണ്മുന്നിൽ ആ തിരക്കഥക്കൊപ്പം അവന്റെ സ്വപ്നങ്ങളും എരിഞ്ഞടങ്ങുവായിരുന്നു….
ഉറങ്ങാത തലങ്ങും വിലങ്ങും നടന്നു നേരം വെളുത്തു…തിരിച്ചിനി വീട്ടിലേക്കില്ല… ജീവിക്കണോ മരിക്കണോ എന്ന ചിന്ത മാത്രമായി മനസ്സിൽ…
എന്തെങ്കിലും ചെയ്യണം…. വെറുതെ റോഡിലൂടെ ഇറങ്ങി നടന്നു…. കൂടെ പഠിച്ച കൂട്ടുകാരെ വിളിച്ചു… എവിടേക്കെങ്കിലും പോണോ… അതോ മരിക്കണോ….
തന്റെ സ്വപ്നങ്ങൾ ഇവിടെ അവസാനിച്ചു.. തനിക്കൊരിക്കലും ഒരു സിനിമ ചെയ്യാൻ കഴിയും എന്ന് കരുതുന്നില്ല.. താൻ മുളയിലേ നുള്ളപ്പെട്ടു… എത്ര ഇടങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ പൊരി വെയിലത്ത് നിന്നിട്ടും കഥ പോലും കേൾക്കാതെ പറഞ്ഞു വിട്ടിരിക്കുന്നു.. സിനിമ കൈ പിടിച്ചു കയറ്റാൻ ആളുള്ളവർക്കു ഉള്ളതാണ്….
പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഒരു മൂലയിൽ എങ്ങോട് പോണം എന്നറിയാതെ തോൽവി ഭാരവുമായി അവൻ ഇരുന്നു…മെല്ലെ കണ്ണുകൾ അടച്ചു… മയങ്ങി പോയി….
കുറച്ചു നേരത്തിനു ശേഷം എന്തോ ബഹളം കേട്ടു അവൻ കണ്ണുകൾ തുറന്നു…
സ്റ്റാൻഡിൽ ആളുകൾ കൂടി ഇരിക്കുന്നു… കൂടുതൽ പേരും സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ടിവിയുടെ മുന്നിൽ ആണ്… കൂട്ടം കൂടി നിന്നു ക്രിക്കറ്റ് കളി കാണുന്നു….
കണ്ണൻ മെല്ലെ എഴുന്നേറ്റു ചെന്നു… ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഉള്ള ട്വന്റി ട്വന്റി മത്സരം നടക്കുന്നു… ആരോ ഔട്ട് ആയതിന്റെ രോദനം ആണ് കേട്ടത്.. അവിടെ എല്ലാവരും തലയ്ക്കു കയ്യും കൊടുത്തു നിക്കുമ്പോൾ കടലയും കൊറിച്ചു ഉത്സാഹത്തോടെ ടീവിയിലേക്കു നോക്കി നിക്കുന്ന വല്ലിമ്മയെ കണ്ണൻ കണ്ടു….
അതിനിടയിൽ ആരോ പറയുന്നുണ്ട് ” കളി തീർന്നളിയാ… ഇന്ത്യ തോറ്റു… ”
ടീവിയിലേക്കു നോക്കി സ്കോർ തെളിയുന്നില്ല.. വെല്ലിമ്മയോട് ചോദിച്ചു
അമ്മേ.. സ്കോർ എത്രയായി….
100 നു നാല് വിക്കറ്റ് മോനേ….
ആര് ഇന്ത്യയോ ???
ആ അതെന്നെ…. അവന്മാര് 200 നു മേലെ അടിച്ചു…
അയ്യോ അപ്പൊ സെക്കന്റ് ബാറ്റിങ്ങാണോ ??? ഇനി എത്ര ഓവർ ബാക്കിയുണ്ട് ???
11.1 ഓവർ ആയി…. ഇനി 53 പന്തിൽ നൂറിന് മേലെ റൺ വേണം…. രോഹിതും പോയി ധവാനും പോയി റെയ്നയും പോയി കോഹ്ലിയും പോയി…
അയ്യോ അപ്പൊ തോറ്റത് തന്നെ
അന്നേരം ആണ് കടല തീറ്റ നിർത്തി അമ്മച്ചി ആദ്യമായി അവന്റെ മുഖത്തേക്കു നോക്കുന്നത്
ആര് പറഞ്ഞു നിന്നോടു തോറ്റെന്നു… യുവരാജും ധോണിയും ക്രീസിൽ ഇല്ലേ ???
അല്ല യുവി ക്യാൻസർ ട്രീറ്റ്മെന്റ് കഴിഞ്ഞു വന്നല്ലേ ഉളളൂ.. പഴയ പോലെ കളിയ്ക്കാൻ ഒക്കെ പറ്റുവോ ???
അമ്മ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു
മോനേ 8.5 ഓവർ ബാക്കിയുണ്ട്… ക്രീസിൽ യുവിയും മാഹിയും ഉണ്ട്…. അവസാന പന്തും എറിഞ്ഞു കഴിഞ്ഞിട്ടില്ലല്ലോ???? അമ്പത്തിമൂന്നു പന്തും യുവരാജും ധോണിയും ക്രീസിൽ ഉള്ളപ്പോൾ എനിക്കുറപ്പുണ്ട് ഇന്ത്യ ഇന്നീ കളി ജയിക്കുമെന്ന്…
അവരുടെ ആത്മവിശ്വാസം കണ്ടു കണ്ണൻ ഞെട്ടി
രോഹിത് അടിച്ചില്ലെങ്കിൽ ധവാൻ, അവനല്ലെങ്കിൽ റൈന, അവനും അല്ലെങ്കിൽ കോഹ്ലി .. ഇവന്മാരെ കൊണ്ടു ഒന്നും കഴിഞ്ഞില്ലെങ്കിൽ അടുത്തതാണ് യഥാർത്ഥ ഫിനിഷർമാരുടെ വരവ്…. ഇനി അവരും പോയാലും അവസാന ബോൾ ഏറിയും വരെ ക്രീസിൽ വരുന്ന ബാറ്സ്മന്റെ കയ്യിൽ ബാറ്റുള്ളവരെ വിജയത്തിനായി അവർ പൊരുതും….
കണ്ണൻ കണ്ണുകൾ മിഴിച്ചു നിന്നു… ആ അമ്മച്ചിയുടെ ആത്മവിശ്വാസം തെറ്റിയില്ല മടങ്ങി വരവിൽ 35 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സറും ആയി യുവരാജ് മത്സരം ജയിപ്പിച്ചു…..
അവരുടെ ആത്മവിശ്വാസം കണ്ണനെ അത്ഭുദപ്പെടുത്തി….
മോനേ എന്റെ ബസ്സ് വന്നു.. ഞാൻ പോട്ടെ… അത്യധികം സന്തോഷത്തിൽ അവർ യാത്രയായി…. പക്ഷെ അവർ കണ്ണന്റെ മനസ്സിൽ നിന്നും പോയിരുന്നില്ല.. അവർ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ തന്നെ നിന്നു..
രോഹിത് പോയാൽ ധവാൻ, ധവാൻ പോയാൽ റൈന, റൈന പോയാൽ കോഹ്ലി അവനും പോയാൽ യുവിയും മാഹിയും… അതെ ലൈഫിൽ നമ്മുടെ ഒരു വിക്കറ്റ് പോയാലും ഇന്നിങ്സിന്റെ അവസാന പന്ത് ഏറിയും വരെ ബാറ്റു ചെയ്യാൻ നമുക്ക് വിക്കറ്റുകൾ ഇനിയും ബാക്കിയുണ്ട്…
എന്റെ ഒരു കഥ പോയെങ്കിൽ ഞാൻ അടുത്ത കഥ എഴുതും.. അതും പോയാൽ ഞാൻ വീണ്ടും എഴുതും.. ജീവിതം എനിക്ക് അവസാന അവസരം നൽകുന്ന വരെ ഞാൻ എഴുതിക്കൊണ്ടേ ഇരിക്കും…
ഞാൻ എങ്ങും പോവുന്നില്ല… ഇവിടെ ഈ ക്രീസിൽ തന്നെ ഞാൻ കളിക്കും…. അവിടെ എന്നെ പിന്തുണക്കാൻ ഉള്ളവർ ഈ അമ്മച്ചി ടീമിനെ വിശ്വസിച്ച പോലെ എന്നിൽ വിശ്വസിക്കുന്നവർ എന്റെ അവസാന അവസരവും ഞാൻ ഉപയോഗിക്കും വരെ എന്റെ കൂടെ ഉണ്ടാവും.. കോഹ്ലി ഔട്ട് ആയപ്പോൾ ഇന്ത്യ തോറ്റെന്നു പറഞ്ഞവർ, ഒരവസരം നഷ്ടപ്പെട്ടപ്പോൾ എന്നെ ഒഴിവാക്കിയ നയനയും അവരെ പോലെയാണ്… ആ അമ്മച്ചിയെ പോലുള്ളവർ എന്റെ ലൈഫിലും വരും… അതിനു ഞാൻ വിടാതെ പരിശ്രമിക്കണം…
തന്റെ ഉറച്ച തീരുമാനവുമായി കണ്ണൻ വീണ്ടും പേനയും പേപ്പറും എടുത്തു തന്റെ മുറിയിൽ എഴുതാൻ ഇരുന്നു….
സ്നേഹം 😉
കണ്ണൻ സാജു ❣️😘