(രചന: Kannan Saju)
ജീൻസും ഷർട്ടും ധരിച്ചു തന്റെ കാറിന്റെ പഞ്ചറായ ടയർ കുന്തംകാലിൽ ഇരുന്നു പരിശോധിക്കുകയായിരുന്നു യുവതിയുടെ അടുത്തേക്ക് എത്തിയ അയ്യാൾ അവളുടെ മാറിടങ്ങളിലെ വിടവുകളിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു…
എന്ത് പറ്റി മോളേ പഞ്ചറായോ????
മെല്ലെ തല ഉയർത്തി അവൾ അയ്യാളെ നോക്കിയതും അയ്യാൾ നോട്ടം വെട്ടിച്ചു അവളുടെ മുഖത്തേക്ക് കണ്ണോടിച്ചു
അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന സെക്യൂരിറ്റി ആണെന്ന് കാഴ്ചയിൽ തന്നെ വ്യക്തമാവുന്ന അയ്യാളെ യുവതി അടിമുടി നോക്കി.
അതെ അങ്കിളേ…. ഇവിടെ അടുത്തെങ്ങാനും പഞ്ചറൊട്ടിക്കുന്ന സ്ഥലങ്ങൾ വല്ലതും… അല്ലെങ്കിൽ ആളുകളുടെ ആരുടേ എങ്കിലും നമ്പറോ മറ്റോ…
ഒരാളുടെ നമ്പർ ഉണ്ടായിരുന്നു മോളേ… പക്ഷെ ഫോൺ സ്കൂളിന് മുന്നിലെ എന്റെ റൂമിലാണ്.. ഞാനാ ഹയർ സെക്കന്ററി സ്കൂളിലെ സെക്യൂരിറ്റി ആണ്…
ഹാ.. അതടുത്തല്ലേ… വാ നമുക്കു പോയി നോക്കാം….
അയ്യാളുടെ മുഖം തെളിഞ്ഞു……
ഇരുവരും അവിടേക്കു നടന്നു… നടക്കുന്നതിനിടയിൽ യുവതി ചുറ്റും നോക്കി.. റോഡൊഴികെ ചുറ്റിനും കാട് പിടിച്ചു കിടക്കുന്നു… കൂരാ കൂരിരുട്ടു….
അല്ല… മോളെങ്ങോടാ ഈ വഴി… ? സാധാരണ സന്ധ്യ ആയാൽ ഈ വഴി അധികമാരും വരാറില്ല …
ഞാൻ ഓണക്കൂർ പോവാനുള്ള എളുപ്പവഴി ഗൂഗിൾ മാപ്പു നോക്കി വന്നതാണ് അങ്കിളേ.. ഇന്നിനി ഇപ്പൊ പൊക്കു നടക്കുമെന്ന് തോന്നുന്നില്ല….
ഓണക്കൂർ ആരാ ??? സ്വന്തക്കാര് വല്ലതും… ???
എന്തോ ഉദേശിച്ചെന്ന മട്ടിൽ അയ്യാൾ ചോദ്യം എറിഞ്ഞു….
ഏയ്… സ്വന്തക്കാരൊന്നും അല്ല…. ഒരു ഫ്രണ്ടിനെ കാണാൻ….
ഈ ഫ്രണ്ടെന്നു പറയുമ്പോ… പെൺകുട്ടിയോ അതോ…. ?
ആൺകുട്ടിയ…
ഒരു കൗതുകത്തോടെ അവൾ പറഞ്ഞു നിർത്തി….
അയ്യാളുടെ മുഖത്തെ മാറ്റങ്ങൾ അവൾ വായിച്ചെടുത്തു…. വിഷയം മാറ്റാൻ എന്ന വണ്ണം
അവൾ ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു
നല്ല കാടാണല്ലോ…. പിള്ളേർക്ക് നല്ല സൗകര്യം ആയിരിക്കുമല്ലേ… അങ്കിളിനു സ്ഥിരം സീൻ കിട്ടാറുണ്ടന്ന് തോന്നുന്നു…
അത് കേട്ടതും അയാൾക്ക് നാണം വന്നു…
ഓ അങ്ങനൊന്നുല്ല… എന്തൊരുന്നും വെച്ച ഇങ്ങനെ കണ്ടോണ്ടിരിക്കുന്നെ… ആദ്യം ഒക്കെ ഒരുപാട് രസം ഉണ്ടായിരുന്നു… പക്ഷെ ഇപ്പോ ഒരു മടുപ്പായെന്നെ…
എന്ന പിന്നെ ടീച്ചർ മാരെ വല്ലോം സെറ്റാക്കരുതോ ???
ഓ.. ഒക്കേത്തിനും ഒടുക്കത്ത ജാഡയാന്നെ…. അല്ലേലും ഈ കിളവനെ ഒക്കെ അവർക്കു വേണോ…. നല്ല ചുള്ളൻ ചെക്കന്മാര് ഇവിടെ തന്നില്ലേ….
അതൊക്കെ വെറുതെ ഒന്ന് ട്രൈ ചെയ്ത വീഴാതിരിക്കുവോ…. അതിനുള്ള ആളൊക്കെ അങ്കിളുണ്ട്….
എന്നാ പിന്നെ അങ്കിളിന്റെ വിഷമം മോളു തന്നെ അങ്ങ് തീർത്തു താ…
യുവതി ഒന്ന് നിന്നു… അയ്യാളെ സൂക്ഷിച്ചു നോക്കി….
അയ്യാൾ ഒന്ന് പരുങ്ങി…..
അല്ല പിന്നെ… മോൾക്ക് പറയാൻ എളുപ്പ… മോളേ പോലുള്ളവരൊക്കെ അങ്കിളാഗ്രഹിച്ച തരുവോ….
തന്നാലോ….
അവളുടെ ഉത്തരം കേട്ടു അയ്യാൾ ഞെട്ടി…
മോളേ എന്തിനാ വെറുതെ അങ്കിളിനെ പറ്റിക്കുന്നെ ???
പറ്റിച്ചതല്ല അങ്കിളേ… ഇന്നിനി ഇപ്പൊ ടയറൊക്കെ മാറി അവന്റടുത്തു ചെല്ലുമ്പോഴേക്കും ഞാൻ ടൈർഡ് ആവും… അതിലും ഭേദം ഇന്നിവിടെ അങ്കിളിന്റെ കൂടെ സ്പെൻഡ് ചെയ്യുന്നതല്ലേ… ഞാൻ ദാ സമ്മതിച്ചിരിക്കുന്നു.. ഇന്നത്തെ ഈ ഒരു രാത്രി ഞാൻ അങ്കിളിനു മാത്രമായി മാറ്റി വെച്ചാൽ അങ്കിൾ എന്ത് ചെയ്യും ???
അയ്യാൾക്ക് രോമാഞ്ചവും വിറയലും വന്നു… ലിംഗോദ്ധാരണം ഉണ്ടായി…ആർത്തിയോടെ അയ്യാൾ അവളെ അടിമുടി നോക്കാൻ തുടങ്ങി..
പറയങ്കിളെ… അങ്കിൾ എന്ത് ചെയ്യും ???
ഞാൻ… ഞാൻ….
അയ്യാൾ ആവേശത്താൽ മതി മറന്നു…
മൊബൈൽ വീഡിയോ എടുത്തു റെക്കോർഡ് ചെയ്യുവോ?
അവളുടെ സ്വരവും ഭാവവും മാറിയിരുന്നു….
അയ്യാളുടെ നെഞ്ചിടറി… പതറിയ ശബ്ദത്തിൽ അയ്യാൾ ചോദിച്ചു
ആരാ നീ ????
പറയടാ നായിന്റെ മോനേ… നീ വീഡിയോ എടുത്തു റെക്കോർഡ് ചെയ്യുവോ ???
എന്നും പറഞ്ഞു കൊണ്ടു യുവതി അയ്യാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി… ചവിട്ടു കൊണ്ട് സെക്യൂരിറ്റി തെറിച്ചു നിലത്തേക്ക് വീണു…
വീണു കിടന്ന അയ്യാളെ നോക്കി അവൾ പറഞ്ഞു
ഞാൻ റോഷ്‌നി…. CI റോഷ്‌നി മാരാർ…
ഈ സംഭവം നടക്കുന്നതിനു ആറു മണിക്കൂർ മുൻപ്… ആ സ്കൂളിലെ ഒരു കുട്ടിയുടെ വീട്ടിൽ.
തന്റെ മകൾ ഐഷ ഇടയ്ക്കിടെ ബാത്‌റൂമിൽ പോയി വരുന്നത് ശ്രദ്ധിച്ച അവളുടെ ഉമ്മാ ഫാത്തിമ
എന്താ മോളേ വയറിനു സുഖമില്ലേ ???
ഏയ് ഒന്നുല്ലുമ്മ….
ഫാത്തിമക്ക് മുഖം കൊടുക്കാതെ അവൾ മുറിയിലേക്ക് പോയി…..
എന്തോ മനസ്സിൽ തട്ടിയ ഫാത്തിമ വാതിൽ പഴുതിലൂടെ ഒളിഞ്ഞു നോക്കി… വേദനകൊണ്ടു കട്ടിലിൽ കിടന്നു പുളയുന്ന ആയിഷയെ കണ്ട ഫാത്തിമ വേവലാതിയോടെ അകത്തേക്ക് ചെന്നു…
കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു…
ആയിഷ… മോളേ.. എന്ന എന്റെ മോൾക്ക് പറ്റ്യേ… എന്താണേലും ഉമ്മാനോട് പറ…
നിയന്ത്രണം വിറ്റ ആയിഷ ഫാത്തിമയെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി…
മൂത്രോഴിക്കാൻ പറ്റണിലുമ്മ… വയങ്കരായി വേദനിക്കണു…
ഫാത്തിമയുടെ നെഞ്ചിൽ ഇടി മുഴക്കം പോലെ ആ വാക്കുകൾ പ്രകമ്പനം കൊള്ളിച്ചു… ഒരു നിമിഷം ഒന്ന് പതറി എങ്കിലും ഫാത്തിമ ധൈര്യം സംഭരിച്ചു…. അവളെ നിവർത്തി മുഖാമുഖം ഇരുത്തി…
അരുതാത്തതു എന്തെങ്കിലും സംഭവിച്ചോ ???
ആയിഷ മിണ്ടിയില്ല….
ഇന്നലെ സ്കൂളു വിട്ടു വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നത…. പറ.. ഉമ്മാനോട് പറ…
അവൾ ഫാത്തിമയുടെ കണ്ണുകളിലേക്കു നോക്കി… ഫാത്തിമയുടെ മുഖത്ത് നോക്കിയതും ആയിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ഉമ്മാ എന്നെ വെറുക്കുവോ…..
ഫാത്തിമയുടെയും കണ്ണുകൾ നിറഞ്ഞു… അവൾ നെറ്റി ആയിഷയുടെ നെറ്റിയോട് ചേർത്തു…
ഉമ്മാക്ക് നീ മാത്രല്ലേ ഉളളൂ.. ഉമ്മാ എങ്ങനെ മോളേ വെറുക്കണെ.. പറയ്.. എന്റെ മോൾക്കെന്ന പറ്റ്യേ…
കുറച്ചു നേരം മൗനമായിരുന്നു ശേഷം ആയിഷ തുടങ്ങി…
ഉമ്മാ, ഞാനും ആഷികും ഇഷ്ടത്തിലായിരുന്നു… സ്കൂൾ കഴിഞ്ഞു താഴെ പറമ്പിൽ തോടിനരികെ കുറച്ചു നേരം വർത്താനം പറഞ്ഞു നിക്കും.. പക്ഷെ
പക്ഷെ???
നാല് ദിവസം മുൻപ് അങ്ങനെ നിന്നപ്പോ ഞാനും ആഷികും….
ഫാത്തിമ അവളുടെ മുഖത്തേക്ക് നോക്കി
ഇല്ലുമ്മ… കെട്ടിപ്പിടിച്ചു.. പിന്നെ ഉമ്മ….
അവൻ നിര്ബന്ധിച്ചതാണോ…
അല്ല… എനിക്കും തോന്നി.. എന്റെ സമ്മതത്തോടെ….
ഫാത്തിമ കണ്ണുകൾ അടച്ചു….
പക്ഷെ…
ഫാത്തിമ വീണ്ടും കണ്ണുകൾ തുറന്നു…
പക്ഷെ?
ഞങ്ങളറിയാതെ സെക്യൂരിറ്റി അത് വീഡിയോ എടുത്തു ഉമ്മാ… അയ്യാൾ അത് കാണീച്ചു എന്നെ ഭീഷണി പെടുത്തി….
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി
ക്ലാസ് കഴിയുമ്പോ ആരും കാണാതെ സ്കൂളിന് പിന്നിലെ പഴയ കെട്ടിടത്തിൽ വന്നില്ലെങ്കിൽ ഈ വീഡിയോ വാട്സപ്പിലും നെറ്റിലും ഒക്കെ ഇടുമെന്നു പറഞ്ഞു…
എന്നിട്ടോ
ഒരു വിറയലോടെ ആണ് ഫാത്തിമ അത് ചോദിച്ചത്…..
എനിക്ക് പേടിയായി ഉമ്മാ… എനിക്ക് വേണ്ടി അല്ലേ ഉമ്മാ കഷ്ട്ടപ്പെടുന്ന എല്ലാം… ആ വീഡിയോ എങ്ങാനും പുറത്തു വന്ന ഉമ്മാ ജീവിച്ചിരിക്കില്ലന്നു എനിക്കറിയാം… ഞാൻ പോയി ഉമ്മാ…. അയാളെന്നെ….
അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി…
ഫാത്തിമ മുറിയുടെ വാതിലടച്ചു….
ആയിഷ ഞെട്ടലോടെ അവളെ നോക്കി…
ഫാത്തിമ കണ്ണുകൾ തുടച്ചു ശക്തി പ്രാപിച്ചു..
ഉമ്മാ പറയുന്നത് മോളു ചെയ്യ്… മോളാദ്യം ഡ്രസ്സ് എല്ലാം അയിച്ചേ…
ഉമ്മാ.. ഞെട്ടലോടെ ആയിഷ കട്ടിലിൽ നിന്നും എണീറ്റു…
നിന്നെ ഞാൻ പെറ്റിട്ടിതു എങ്ങനാണോ അതുപോലെ എനിക്ക് നിന്നെ കാണണം… എന്തെങ്കിലും പോറല് എന്റെ കൊച്ചിന്റെ ദേഹത്തുണ്ടാങ്കിൽ അതേതു പൊന്നു തമ്പുരാനായാലും ഞാൻ വെറുതെ വിടില്ല… അഴിക്കടി ഉടുപ്പ്…
ആയിഷ ഡ്രസ്സ് അഴിച്ചു.
സൈക്കോളജിസ്റ്റ് നിഷ അനിൽകുമാറിന്റെ വീട്.
എല്ലാം കേട്ടതിനു ശേഷം നിഷ :
ഫാത്തിമ നിയമപരമായി മുന്നോട്ടു പോവാനുള്ള തന്റെ ചങ്കൂറ്റം ഞാൻ സമ്മതിച്ചിരിക്കുന്നു… ചൈൽഡ് ലൈനിൽ ഞാൻ റിപ്പോർട്ട് ചെയ്യാം.. പക്ഷെ ആഷികും ഇതിൽ പെടും… രണ്ട് പേരും പതിനേഴു വയസിൽ എത്തിയിട്ടേ ഉളളൂ… നമുക്കു തോന്നുന്ന അതെ വികാരങ്ങൾ തന്നെ ആണ് അവർക്കു തോന്നിയത്.. അതും പരസ്പര സമ്മതത്തോടെ.. പക്ഷെ പ്രായ പൂർത്തി ആവാത്തത് കൊണ്ടു ബാക്കി ചൈൽഡ് ലൈൻ കൗണ്സിലിങ്ങിൽ അവർ തീരുമാനിക്കട്ടെ… ഇതിനെല്ലാം മുൻപ് നീ ആഗ്രഹിക്കുന്ന പോലെ അവനെ അറിഞ്ഞൊന്നു പെരുമാറണം എങ്കിൽ നിന്നെ സഹായിക്കാൻ പറ്റിയ ഒരാളുണ്ട്..
ആരാ നിഷ…. ആരായാലും എന്റെ മോളേ ഉപദ്രവിച്ച അവന്റെ…
മറ്റാരും അല്ല ഫാത്തിമ… അന്നമ്മ ജോണിന്റെ റൈറ്റ് ഹാന്റായിരുന്ന റോഷ്‌നി മാരാർ ആണ് ഇപ്പോ CI… അവരെ പോയി കാണു.. അവരെ താൻ കണ്ടതിനു ശേഷമേ ഈ കേസ് ഞാൻ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്യത്തുള്ളൂ..
ഞാൻ കാണാം നിഷ…
സംഭവം നടക്കുന്ന സ്ഥലം.
റോഷ്‌നി സെക്യൂരിറ്റിയുടെ ലിംഗത്തിൽ ആഞ്ഞു ചവിട്ടി.. അയ്യാൾ വേദനകൊണ്ടു പുളഞ്ഞു… കാറിൽ നിന്നും ഫാത്തിമയും ആയിഷയും ഇറങ്ങി വന്നു…
റോഷ്‌നി അയ്യാളെ എണീപ്പിച്ചു അവർക്കു മുന്നിൽ നിർത്തി….
മോളു പറഞ്ഞ ഒരു കേസും ഇല്ലാതെ ഇപ്പൊ ഇവനെ ഇവിടെ വെച്ചു തീർക്കാം…
റോഷ്‌നി അരിശത്തോടെ പറഞ്ഞു
വേണ്ട…
ഫാത്തിമ ഉറച്ച സ്വരത്തിൽ പറഞ്ഞു…
ഇവനെ നിയമത്തിനു മുന്നിൽ തന്നെ വിടണം… ഒരിക്കലും ഊരി പോരാനാവാത്ത പഴുതുകൾ കൊണ്ടു നിങ്ങൾ ഇവനെ പൂട്ടണം…. തെളിവുകൾ നില നിൽക്കില്ലെങ്കിൽ കൃത്രിമമായ തെളിവുകൾ നിങ്ങൾ ഉണ്ടാക്കണം.. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഇവന് മേടിച്ചു കൊടുക്കണം.. നിങ്ങൾ നിയമപാലകർക്കറിയാം കോടതിയിൽ ഏതൊക്കെ തെളിവുകൾ ഇരക്കു വേണ്ടി സംസാരിക്കും എന്ന്… അത് നിങ്ങൾ ഉണ്ടാക്കണം… പത്തു പേരെ അടുപ്പിച്ചു ശിക്ഷിക്കുമ്പോ പതിനൊന്നാമന്റെ കൈ വിറക്കും.. നിയമത്തിൽ ജനങ്ങൾക്ക് വിശ്വാസവും നീചന്മാർക്കു ഭയവും വരും..
ഒന്ന് കുളിച്ചാൽ തീരാവുന്ന കറയെ എന്റെ മകളുടെ ശരീരത്തുള്ളു.. അവളുടെ മനസ്സ് ശുദ്ധമാ… നാളെ എന്റെ മകളുടെ ഫോട്ടോ സഹിതം മാധ്യമങ്ങളിൽ വരുമായിരിക്കും.. മാധ്യമ ധർമം മറന്നു റേറ്റിംഗിന് മാത്രം നടക്കുന്നവരിൽ നിന്നും കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.. പക്ഷെ നാളെ അനുവാദമില്ലാതെ ഒരാളും ഞങ്ങടെ മക്കളുടെ ദേഹത്ത് തൊടാൻ തയ്യാറാവരുത്… അതിനു വേണ്ടി ഈ അമ്മ ഏതറ്റം വരെയും പോവും…..
ആയിഷ ഫാത്തിമയെ കെട്ടിപ്പിടിച്ചു… പോലീസ് വാഹനങ്ങൾ എത്തി…. അവർ സെക്യൂരിറ്റിയെ വിലങ്ങു വെച്ചു….വണ്ടിയിൽ കയറ്റി
റോഷ്‌നി ആയിഷയെ നോക്കി…
മോൾക്ക് ഇന്ന് അമ്മയോട് പറയാൻ തോന്നിയത് ഒരു ദിവസം മുന്നേ കഴിഞ്ഞിരുന്നെങ്കിൽ എത്ര വേദനകൾ ഒഴിവാക്കാമായിരുന്നു..
മാഡം ഞാൻ…
അറിയാം… ഫാത്തിമക്ക് മകളെ മനസ്സിലാക്കാനും പെണ്ണിനെ അറിയാനും കഴിവുള്ളതുകൊണ്ടു ഇങ്ങനെ ഒക്കെ നടന്നു.. സത്യത്തിൽ അമ്മമാർ മനസ്സറിഞ്ഞു ശ്രദ്ധിച്ചാൽ അവരെ കേൾക്കാൻ തയ്യാറായാൽ തീരാവുന്ന പ്രശനങ്ങളെ ഉള്ളൂ ഭൂരിഭാഗം വീടുകളിലും.. പിന്നെ പ്രേമം… ഈ പ്രായത്തിൽ പ്രേമിക്കരുതെന്ന് പറയുന്നവൻ മണ്ടനായിരിക്കും… അതൊക്കെ ഒരു പ്രായത്തിൽ എല്ലാവര്ക്കും തോന്നുന്നതാണ്.. പക്ഷെ പാർക്കിലും ബീച്ചിലും കാട്ടിലും ഒക്കെ പോയിരുന്നു ആൺകുട്ടികളും പെൺകുട്ടികളും ശാരീരികമായി ബന്ധപെടുമ്പോളും സ്നേഹപ്രകടങ്ങൾ നടത്തുമ്പോളും ഒരു പരിധിവരെ പോലീസ് എതിർക്കാൻ കാരണം ഇതൊക്കെ തന്നെ ആണ്.. മറിഞ്ഞിരുന്നും പിന്നിൽ നിന്നും ഒക്കെ ആരെല്ലാം ഇതൊക്കെ പകർത്തുന്നുണ്ടന്നു നമുക്കറിയില്ല… അതുകൊണ്ടു എന്ത് ചെയ്യുമ്പോഴും നല്ല പോലെ ആലോചിച്ചു വേണം ചെയ്യാൻ.. കെട്ടോ..
ആയിഷ തലയാട്ടി….
ഫാത്തിമ നിങ്ങളിലെ ചങ്കൂറ്റം ഞാൻ അന്നമ്മയിൽ മാത്രമേ കണ്ടിട്ടുള്ളു…. നിങ്ങളെ പോലെ പ്രതികരിക്കാനുള്ള ധൈര്യം ഓരോ അമ്മമാർക്കും ഉണ്ടാവട്ടെ….
ഫാത്തിമക്ക് ഒരു സല്യൂട്ട് നൽകിയ ശേഷം റോഷ്‌നി തിരിഞ്ഞു തന്റെ കാറിലേക്ക് നടന്നു…..