നിങ്ങടെ ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്ന ആ തോമസിന്റെ ഭാര്യ ദിനാമ്മയെ കാണുമ്പോഴുള്ള നിങ്ങളുടെ ഇളക്കം ഞാൻ കാണുന്നുണ്ട്.

(രചന: മഴമുകിൽ)

അച്ഛന്റെ ബോഡി ഏറ്റുവാങ്ങുമ്പോൾ അവൾക്കു ഹൃദയം നുറുങ്ങി പോയി…. ആ വേദനക്കിടയിലും അച്ഛൻ കുറച്ചു പേരുടെ ജീവിതത്തിന്റെ വെളിച്ചമായതിൽ അഭിമാനം തോന്നി കാവ്യക്കു.

അമ്മയും ചേട്ടൻ കിരൺ, ഞാൻ കാവ്യ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. അനിയത്തി കൃഷ്ണ പിന്നെ അച്ഛനുമടങ്ങുന്നതാണ് ഞങ്ങടെ കുടുംബം.

ഉള്ള വരുമാനം കൊണ്ട് വളരെയധികം സന്തോഷത്തോടു കൂടിയാണ് ഞങ്ങൾ ജീവിക്കുന്നത്. മാസം തോറും പെൻഷൻ വാങ്ങാൻ പോകുമ്പോൾ അച്ഛൻ ചെറുതായി ഒന്ന് മിനുങ്ങും. അതൊഴിച്ചാൽ അച്ഛന് വേറെ ദുശീലങ്ങൾ ഒന്നുമില്ല.

അച്ഛൻ ഇലക്ട്രിസിറ്റി ബോർഡിലാണ് വർക്ക് ചെയ്തു കൊണ്ടിരുന്നത്. രണ്ടു വർഷമായി പെൻഷൻ പറ്റിയിട്ട്. ചെറിയ ഇലക്ട്രിക് വർക്കുകൾ ഒക്കെ ചെയ്യും.

ഞങ്ങൾ മൂന്നു മക്കളാണ്. ചേട്ടനും ഞാനും പിന്നെ ഒരു അനിയത്തിയും. അച്ഛന് പെൻഷൻ പറ്റിയപ്പോൾ കിട്ടിയ കുറച്ചു കാശ് മുടക്കിയാണ് ചേട്ടനെ ഗൾഫിലേക്ക് അയച്ചത്.

ഏകദേശം ആറുമാസക്കാലം ചേട്ടനവിടെ ജോലിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് അത് മാറി ചേട്ടൻ ഒരു കമ്പനിയിൽ ജോലിക്ക് കയറി. ഇപ്പോൾ കുറച്ചു നാളായി ചേട്ടൻ കുറച്ച് എന്തെങ്കിലുമൊക്കെ വീട്ടിലേക്ക് അയക്കാറുണ്ട്.

പെൻഷൻ വാങ്ങി വരുന്നതിന്റെ അന്ന് അച്ഛൻ കഴിക്കാനായി എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ടുവരും. പൊറോട്ടയും ചിക്കൻ കറിയും ചിക്കൻ ഫ്രൈയും ഒക്കെയായി.

രാവിലെ കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ അച്ഛൻ ഒരുങ്ങി ഇറങ്ങുന്നത് കണ്ടു.

“എന്റെ കരുണേട്ടാ ഇന്ന് കുടിച്ചു നിങ്ങൾ കുന്തം മറിഞ്ഞാണ് വരുന്നതെങ്കിൽ ഞാൻ നിങ്ങളെ വീട്ടിൽ കേറ്റത്തില്ല. പെൻഷൻ വാങ്ങാൻ പോകുന്നതിന്റെ അന്ന് നിങ്ങൾക്ക് അല്ലെങ്കിലും ഇത്തിരി ഒരുക്കം കൂടുതലാണ്.

നിങ്ങടെ ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്ന ആ തോമസിന്റെ ഭാര്യ ദിനാമ്മയെ കാണുമ്പോഴുള്ള നിങ്ങളുടെ ഇളക്കം ഞാൻ കാണുന്നുണ്ട്.”

” എന്തിനാടി നീ വെറുതെ പെൻഷൻ വാങ്ങാൻ പോകുന്നതിന്റെ അന്ന് വെറുതെ ആ പെണ്ണുംപിള്ളയെ വിളിക്കുന്നത്. അവര് നിന്നോട് എന്തെങ്കിലും ദ്രോഹം ചെയ്തോ.”

” ദ്രോഹം ചെയ്തെന്നോ ദേ മനുഷ്യ എന്നെ കൊണ്ടൊന്നും പറയിക്കരുത്.അതിന് ഞാൻ സമയം കൊടുത്തില്ല.

പെൻഷൻ പറ്റുന്നതിനു മുമ്പ് ആ തോമസിന്റെ ഭാര്യയുമായി നിങ്ങൾക്ക് നല്ല കണക്ഷൻ ആയിരുന്നു. നിങ്ങൾ നല്ലവണ്ണം ലൈന് വലിക്കാനും നോക്കിയതല്ലേ. ആ തോമസ് ഇടയിൽ കയറിയത് കൊണ്ടല്ലേ നിങ്ങളുടെ ആ ശ്രമം പരാജയപ്പെട്ടത്.”

“എന്റെ അമ്മ.. നാണമാവില്ലേ ഇങ്ങനെ കിടന്നു പറയാൻ. എല്ലാ മാസവും ഉള്ളതാണല്ലോ അച്ഛൻ പെൻഷൻ വാങ്ങാൻ പോകുന്നന്നു ഈ പാരായണം. കേട്ട് കേട്ട് ഞങ്ങൾക്ക് തന്നെ മടുത്തു ഒരു തോമസും ഭാര്യയും.”

രമണി അത് കണ്ട് ഒന്ന് ചിരിച്ചു.

” നിന്റെ അമ്മയ്ക്ക് എല്ലാ മാസവും ഇത് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല മോളെ.”

“അച്ഛൻ വന്നേ.. ഇപ്പോൾ തന്നെ നേരം ഒരുപാട് ആയി. അച്ഛന്റെ കൂടെ വന്നാൽ എനിക്കും കൂടി ബസ്റ്റോപ്പിൽ ഇറങ്ങാമല്ലോ.”

അച്ഛന്റെ ഒപ്പം സ്കൂട്ടറിൽ കയറി പോകുന്ന കാവ്യയെ കണ്ടപ്പോൾ രമണി ഒന്ന് ചിരിച്ചു.

എല്ലാ മാസവും ഉള്ളതാണ് ഈ പല്ലവി. കരുണേട്ടന്റെ ഒപ്പം ജോലി ചെയ്തിരുന്ന തോമസിന്റെ ഭാര്യ ഒരു പാവമാണ് അവര്.

കരുണനു അവര് സ്വന്തം പെങ്ങളെ പോലെയാണ്. എങ്കിലും കരുണനോട് എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്കിട്ടില്ലെങ്കിൽ രമണിക്കൊരു സങ്കടമാണ്.

കാവ്യയെ ബസ്റ്റോപ്പിൽ ഇറക്കി കയ്യിൽ 100 രൂപയും കൊടുത്ത് കരുണൻ നേരെ പെൻഷൻ വാങ്ങാൻ പോയി.

വൈകുന്നേരം കോളേജിൽ നിന്ന് തിരികെ എത്തിയപ്പോൾ, ഉമ്മറത്ത് ആരെയും കണ്ടില്ല. അവൾ നേരെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ തകൃതിയായി ജോലിയിലാണ്.

ഇല അട അച്ഛന് വലിയ ഇഷ്ടമാണ്. അതുകൊണ്ട് അമ്മ അത് ഉണ്ടാക്കുകയാണ്. വൈകുന്നേരം ചായയുടെ ഒപ്പമുള്ള പലഹാരം ആണ്.

അവൾ മുറിയിൽ പോയി ബാഗും വെച്ച് ഫ്രഷ് ആയി വന്ന് നേരെ ഇലയട ഒരെണ്ണം എടുത്തു പൊളിച്ചു വായിൽ വച്ചുകൊണ്ട് വരാന്തയിലെ അര കൈവരിയിൽ വന്നിരുന്നു. നല്ല ചൂടാണ് അവൾ ഓരോ ചെറിയ പീസ് ആയി കഴിച്ചുകൊണ്ടിരുന്നു.

തുടരെത്തുടരെ അമ്മയുടെ ഫോൺ അടിക്കുന്നത് കേട്ടാണ് കാവ്യ അകത്തേക്ക് വന്നത്. പരിചയമില്ലാത്ത നമ്പരിൽ നിന്നായിരുന്നു കോൾ അവൾ ആൻസർ ബട്ടൺ അമർത്തി ഫോൺ ചെവിയോട് ചേർത്തു.

” ഹലോ.. ”

ഇതാരാണ് അപ്പുറത്തു നിന്നും ഒരു പുരുഷസ്വരം.

” ഞാൻ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്. ഇവിടെ ആക്സിഡന്റ് പറ്റി ഒരാളെ കൊണ്ട് വന്നിട്ടുണ്ട്.. അയാളുടെ കയ്യിലെ ഫോണിൽ നിന്നാണ് ഞാൻ വിളിക്കുന്നത്.കുട്ടി അയാളുടെ ആരെങ്കിലുമാണെങ്കിൽ ഒന്ന് ഹോസ്പിറ്റലിൽ വരാമോ…? ”

അച്ഛനു എന്തോ അപകടം പറ്റിയിരിക്കുന്നു. വിളിച്ചയാൾ കൃത്യമായി ഒന്നും പറയുന്നില്ല. അമ്മയോട് ഇത് എങ്ങനെയാണ് പറയുന്നത്. കാവ്യയുടെ തലയ്ക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്നതു പോലെ അവൾക്ക് തോന്നി.

അപ്പോഴേക്കും രമണി അവിടേക്ക് വന്നു.

” ഇതെന്താടി ഫോണും വെച്ചു നീ കുന്തം വിഴുങ്ങിയത് കണക്ക് നിൽക്കുന്നത്…? ഇലഅട എടുത്തു കഴിക്ക്.. ”

പെട്ടെന്ന് ഞെട്ടി കാവ്യ രമണിയെ നോക്കി.

അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവർ ധൃതിയിൽ അവളോട് കാര്യം തിരക്കി.

“അമ്മേ ആരാണ് വിളിച്ചതെന്ന് അറിയില്ല. അച്ഛൻ എന്തോ ആക്സിഡന്റ് പറ്റി സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.നമുക്ക് പെട്ടെന്ന് അങ്ങോട്ട് പോകണം.”

ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് അവൾ വേഗം അകത്തേക്ക് പോയി. രമണി ഒരു നിമിഷം കേട്ടത് വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിന്നു..

പെട്ടെന്ന് തന്നെ ഉടുത്തിരുന്ന സാരി മാറ്റി മറ്റൊരു സാരി എടുത്ത് ഉടുത്തു. കയ്യിൽ പേഴ്സുമായി പുറത്തേക്ക് ഇറങ്ങി വരുമ്പോഴേക്കും കാവ്യയും റെഡിയായി വന്നു.

അടുത്ത വീട്ടുകാരോട് കൃഷ്ണ വരുമ്പോൾ അവിടെ ഇരുത്തിയേക്കണമേ എന്ന് പറഞ്ഞു കൊണ്ട് അമ്മയും മകളും കൂടി ഹോസ്പിറ്റലിലേക്ക് പോയി.

ഹോസ്പിറ്റലിൽ ചെന്ന് പാടെ അവർ ആക്സിഡന്റ് കേസിൽ വന്ന ആളിനെ കുറിച്ച് അന്വേഷിച്ചു. ഐസിയുവിൽ ആണെന്ന് പറഞ്ഞതും നേരെ അവിടേക്ക് പോയി.

ധൃതി പിടിച്ച് ഐസിയുവിന് മുന്നിലേക്ക് ഒരു അമ്മയും മകളും വരുന്നത് കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി താൻ വിളിച്ചത് അവരെയാണെന്ന്. അയാൾ വേഗം ഫോണുമായി അവരുടെ അടുത്തേക്ക് വന്നു.

” എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ചതാണ്. റോഡിൽ കിടക്കുന്നത് കണ്ടാണ് കൊണ്ടാണ് ഇവിടെ കൊണ്ടുവന്നത്. ”

അടുത്തു തന്നെ ഒരു പോലീസുകാരനും നിൽപ്പുണ്ടായിരുന്നു അയാൾ ഇവരുടെ അടുത്തേക്ക് വന്നു.

” ഉണ്ടായ ഉടനെ തന്നെ ഇവിടെ കൊണ്ടുവന്ന് എത്തിച്ചു. എന്തായാലും പേഷ്യന്റിന്റെ ആരെങ്കിലും വന്നാൽ ഉടനെ ഡോക്ടറെ കയറി കാണാൻ പറഞ്ഞിട്ടുണ്ട്.നിങ്ങൾ അവിടേക്ക് ചെന്ന് ഡോക്ടറേ ഒന്ന് കാണൂ..”

കാവ്യയും രമണിയും കൂടി വിറയ്ക്കുന്ന കാലടികളോടു കൂടി ഡോക്ടറുടെ മുറിയിലേക്ക് കടന്നു ചെന്നു.

ഡോർ നോക്ക് ചെയ്ത് അകത്തേക്ക് കയറുന്ന കാവ്യയെയും രമണിയേയും ഡോക്ടർ സൂക്ഷിച്ചു നോക്കി.

” ഡോക്ടർ ഇപ്പോൾ ആക്സിഡന്റ് കേസിൽ ഐസിയുവിൽ കിടക്കുന്ന പേഷ്യന്റ്… എന്റെ അച്ഛനാണ്.”

ഡോക്ടർ ആ പെൺകുട്ടിയെയും കരഞ്ഞു കൊണ്ടിരിക്കുന്ന സാധു സ്ത്രീയെയും നോക്കി.

” നിങ്ങളുടെ കൂടെ ആണുങ്ങൾ ആരും വന്നിട്ടില്ലേ..? ”

” അമ്മവനെ വിവരം അറിയിച്ചിട്ടുണ്ട് ഇപ്പോൾ വരും . ഏട്ടൻ ഇവിടെ ഇല്ല മസ്കറ്റിലാണ്.ഡോക്ടർ എന്താണെങ്കിലും എന്നോട് പറയൂ.. ”

പ്രായത്തിൽ കൂടുതൽ പക്വതയോടു കൂടിയുള്ള ആ പെൺകുട്ടിയുടെ സംസാരം കേട്ട് ഡോക്ടർ അവളെ നോക്കി.

“നിങ്ങളുടെ അച്ഛനെ ഇവിടെ കൊണ്ടുവരുമ്പോൾ ഹെഡിഞ്ചറി ആയിരുന്നു. മറ്റു പരിക്കുകളൊന്നും തന്നെ ഇല്ല. വെന്റിലേറ്ററിലാണ് പക്ഷേ മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞു.

ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്താണെന്ന് വെച്ചാൽ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചാൻസ് ഒരു ശതമാനം പോലുമില്ല. നിങ്ങൾ ഒരു അവയവദാനത്തിന് തയ്യാറാണ് എങ്കിൽ. നിങ്ങളുടെ അച്ഛനെ കൊണ്ട് മറ്റുള്ളവർക്ക് ജീവിതം ആകും.”

ഓരോന്ന് കേൾക്കുമ്പോൾ തന്നെ കാവ്യയുടെ കണ്ണുകൾ പൊട്ടിയൊലിച്ചു കൊണ്ടിരിക്കുകയായിരുന്നു.

രമണി ബോധം മറഞ്ഞു നിറത്തേക്ക് വീണു. കാവ്യ എന്ത് ചെയ്യണമെന്ന് അറിയാതെ മരവിച്ചതു പോലെ കസേരയിലിരുന്നു.

തീരുമാനമെടുക്കാൻ ഒറ്റയ്ക്ക് അവൾക്ക് കഴിഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോഴേക്കും ഡോക്ടറുടെ ക്യാബിനിലേക്ക് രമണിയുടെ സഹോദരൻ കയറി വന്നു.

ഡോക്ടർ എല്ലാ കാര്യങ്ങളും അയാളുമായി സംസാരിച്ചു. അയാൾ കാവ്യയെയും പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി. അവൾ ഡോക്ടർ പറഞ്ഞ കാര്യങ്ങളളെല്ലാം അമ്മാവനോട് പറഞ്ഞു.

ഏട്ടൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ വിവരം അറിയിച്ചു. ഏട്ടനു ഉടനെ എന്നും വരാൻ കഴിയില്ല. എങ്ങനെയൊക്കെയോ കിരൺ അവളെ വിളിച്ച് സംസാരിച്ചു.

“ഏട്ടാ അച്ഛന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനെപ്പറ്റി ഡോക്ടർ എന്നോട് സൂചിപ്പിച്ചു.

ഏട്ടന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷം ഒരു തീരുമാനം എടുക്കാം എന്ന് കരുതി നമ്മുടെ അച്ഛന്റെ മരണ ശേഷവും കുറച്ച് ആളുകൾക്ക് ഒരു ജീവിതം കിട്ടുമെങ്കിൽ നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും..”

കുറച്ചുനേരം കിരണും നിശബ്ദനായിരുന്നു. അവൻ കരയുകയാണെന്ന് കാവ്യയ്ക്ക് മനസ്സിലായി. അവളുടെ എങ്ങൽ ചീളുകളും കിരണിനു കേൾക്കാമായിരുന്നു..

“മോളുടെ തീരുമാനം പോലെ കാര്യങ്ങളെല്ലാം നടക്കട്ടെ.. ഏട്ടൻ ഇവിടെ ഇരുന്ന് ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ അച്ഛന്റെ മരണം കൊണ്ട് കുറച്ചുപേർക്കെങ്കിലും ഒരു ജീവിതം ഉണ്ടാകുമെങ്കിൽ ഏട്ടനു അതിനു സമ്മതമാണ്.”

പിന്നീടെല്ലാം വളരെ വേഗത്തിൽ ആയിരുന്നു. ഒരു അവയവദാനത്തിലൂടെ അച്ഛൻ മാതൃകയാവുകയായിരുന്നു.

അച്ഛന്റെ പോസ്റ്റുമോർട്ടം ചെയ്ത ബോഡി ഏറ്റുവാങ്ങുമ്പോൾ അവളുടെ ഹൃദയം പിഞ്ച് കീറുന്നതോടൊപ്പം തന്നെ അവളുടെ അച്ഛനെ കുറിച്ച് ഓർത്ത് അവൾക്ക് അഭിമാനം തോന്നി.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഒരുപാട് പേർ അച്ഛന് ആദരാഞ്ജലികൾ അർപ്പിച്ചു.

അച്ഛന്റെ അവയവങ്ങൾ മൂന്നാളുകൾക്ക് പുതുജീവൻ നൽകി..

അവയവദാനത്തിലൂടെ മാതൃകയായി കരുണാകരൻ പ്രമുഖ പത്രങ്ങളിൽ എല്ലാം അച്ഛന്റെ പേരും വെച്ചുള്ള വാർത്തകൾ അച്ചടിച്ചു വന്നു..

ആ അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ അവൾക്ക് അഭിമാനം തോന്നി. മരണശേഷവും തന്റെ അച്ഛൻ മറ്റുള്ളവരിലൂടെ ജീവിക്കും. അത്രയെങ്കിലും അച്ഛന് വേണ്ടി ചെയ്യാൻ കഴിഞ്ഞുവല്ലോ…….!

Leave a Reply

Your email address will not be published. Required fields are marked *