എന്നാലും നിനക്ക് എങ്ങനെ തോന്നിയെടി എന്റെ ചേട്ടനെ വഞ്ചിച്ചു മറ്റൊരുത്തനോടൊപ്പം പോകാൻ. നീയൊക്കെ ഒരു സ്ത്രീയാണോ നൊന്ത് പ്രസവിച്ച മകളോട് പോലും ഒരു കാരുണ്യമില്ലാത്ത….

(രചന: മഴമുകിൽ)

ഇന്ദുവിന്റെ അമ്മയുടെ പരിഭ്രമത്തോടുകൂടിയുള്ള കോള് സുജാതയെ തേടിയെത്തി.

അവര് പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ അന്തംവിട്ട് നിൽക്കാനെ സുജാതയ്ക്ക് കഴിഞ്ഞുള്ളൂ

ഇന്ദുവിനെയും കുഞ്ഞിനെയും കാണാനില്ല.

മാമി എന്താണ് പറയുന്നത്? ഇന്ദുവും കുഞ്ഞും നിങ്ങളുടെ അടുത്ത് അല്ലായിരുന്നോ.പിന്നെ അവൾ എവിടെ പോയി എന്ന് നിങ്ങൾക്കറിയില്ലെന്ന് പറഞ്ഞാൽ…

സുജാതയ്ക്ക് ദേഷ്യം ഉച്ചസ്ഥായിയിൽ എത്തി.

അവൻ പോയി കഴിഞ്ഞപ്പോൾ തന്നെ ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് അവൾ കുഞ്ഞുമായി അവിടേക്ക് വന്നതല്ലേ.. ഇത്രയും നാൾ അവിടെ അല്ലായിരുന്നു പിന്നെ ഇന്ന് വിളിച്ചിട്ട് അവളെ കാണുന്നില്ലെന്ന് പറഞ്ഞാൽ ഞങ്ങൾ എവിടെ ചെന്ന് അന്വേഷിക്കും…

അവരോട് തർക്കിച്ചു നിന്ന് സമയം കളയാനില്ലെന്ന് സുജാതയ്ക്ക് മനസ്സിലായി സുജാത വേഗം തന്റെ ഭർത്താവിനെ വിളിച്ച് വിവരം അറിയിച്ചു

വിനോദ് വന്ന ഉടനെ തന്നെ സുജാതയും വിനോദും അനിയനെയും കൂട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു.

പോലീസുകാരുടെ ചോദ്യങ്ങൾക്കെല്ലാം വികാസ് കൃത്യമായി ഉത്തരം പറയുകയും ഇന്ദുവിന്റെയും കുഞ്ഞിനെയും ഒരു ഫോട്ടോ ഏൽപ്പിക്കുകയും ചെയ്തു.

ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഇന്ദുവിന്റെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തു അവർ എവിടെയാണെന്നുള്ള വിവരം പോലീസിന് കിട്ടി.

അമ്മയെയും കുഞ്ഞിനെയും കോടതിയിൽ ഹാജരാക്കി… കൂട്ടത്തിൽ ഒരാളും കൂടി ഉണ്ടായിരുന്നു…

കോടതിയിൽ ഇന്ദു അവളുടെ ഭർത്താവിനോടൊപ്പം പോകണ്ട എന്ന് തന്നെ പറഞ്ഞു.

എനിക്ക് സതീഷേട്ടന്റെ കൂടെ പോയാൽ മതി. എന്റെ ഭർത്താവിന്റെ കൂടെ പോകാൻ എനിക്ക് താല്പര്യമില്ല.

അതുപോലെതന്നെ എന്റെ മകളെയും ഞാൻ കൂടെ കൊണ്ടു പോകുന്നില്ല. അവൾ അവളുടെ അച്ഛനോടൊപ്പം വളരട്ടെ.

നൊന്ത് പ്രസവിച്ച മകളെ പോലും കൂടെ കൂട്ടാൻ ശ്രമിക്കാത്ത ആ അമ്മയോട് കോടതിയിലെ എല്ലാവർക്കും ദേഷ്യം തോന്നി.

ഒരു ഭാവഭേദവും കൂടാതെ ഇന്ദു കോടതിയിൽ നിന്നും പുറത്തേക്കിറങ്ങി. അവളുടെ മുന്നിലായി വികാസിന്റെ സഹോദരി വന്നുനിന്നു.

എന്നാലും നിനക്ക് എങ്ങനെ തോന്നിയെടി എന്റെ ചേട്ടനെ വഞ്ചിച്ചു മറ്റൊരുത്തനോടൊപ്പം പോകാൻ. നീയൊക്കെ ഒരു സ്ത്രീയാണോ നൊന്ത് പ്രസവിച്ച മകളോട് പോലും ഒരു കാരുണ്യമില്ലാത്ത….

ചേച്ചി കൂടുതൽ ഒന്നും പറയണ്ട… ചേച്ചിയുടെ ആവശ്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഒരു ഭർത്താവ് ചേച്ചിക്ക് ഉണ്ട്.

എന്റെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറുന്ന ഒരു ഭർത്താവല്ല നിങ്ങളുടെ സഹോദരൻ… എന്റെ ആവശ്യങ്ങൾ എന്താണെന്ന് എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് അയാൾക്കറിയില്ല.

അയാൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ അത് തീർക്കാനുള്ള ഒരു ഉപകരണം മാത്രമാണ് ഞാൻ. അയാളുടെ ആവശ്യം മാത്രം കഴിയുമ്പോൾ. അകന്നു പോകും……. അങ്ങനെയുള്ള ഒരു ഭർത്താവിനോടൊപ്പം കഴിയാൻ എനിക്ക് പറ്റില്ല.

അത്രയും പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കു പോയി.

വീട്ടിൽ വരുമ്പോൾ വികാസിനെ ചേച്ചി ഒരുപാട് കുറ്റപ്പെടുത്തി.

നിന്റെ പല തെറ്റുകളും അവരുടെ മുന്നിൽ ഞാൻ മറച്ചുവെച്ചതാണ്. ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് അവൾ നിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.എന്നിട്ട് നീ എങ്ങനെയാണ് അവളോട് പെരുമാറിയിട്ടുള്ളത്.

ദിവസവും കുടിച്ച് നാലുകാലിൽ വന്നു കയറുന്ന നിന്നെ… അവൾ ഓരോ ദിവസവും പ്രതീക്ഷയോടുകൂടിയാണ് കാത്തിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ നീ വന്നു… ബോധമില്ലാതെ കിടന്നുറങ്ങും.

നിനക്ക് വേണ്ടി ഭക്ഷണം വിളമ്പിയും മറ്റും കാത്തിരിക്കുന്ന അവളുടെ മനസ്സ് എന്തുമാത്രം വിഷമിച്ചിട്ടുണ്ടാവും എത്രയോ ദിവസം ഞാൻ കണ്ടിട്ടുണ്ട് നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്നവളെ.

വിവാഹം കഴിഞ്ഞ് ഇത്രയും നാളുകളായി നീ എപ്പോഴെങ്കിലും അവളോട് ഉള്ളു തുറന്നു ഒ ന്ന് സംസാരിച്ചിട്ടുണ്ടോ.

നിങ്ങൾ തമ്മിൽ ഒന്നു സംസാരിക്കുന്നത് പോലും ഈ വീട്ടിലുള്ള ഞങ്ങൾ ആരും കണ്ടിട്ടില്ല.

ഒരു അവധി ദിവസം കിട്ടുകയാണെങ്കിൽ. നിന്നോടൊപ്പം ചിലവഴിക്കാൻ അവൾ കൊതിയോടെ കാത്തിരിക്കും .പക്ഷേ നീ രാവിലെ തന്നെ നിന്റെ കൂട്ടുകാർക്കൊപ്പം ഇറങ്ങിപ്പോകും… തിരികെ വരുന്നത് നിനക്ക് തോന്നുന്ന സമയത്ത്.

അവൾ ഗർഭിണിയായി കഴിഞ്ഞപ്പോൾ ഒരു ഭർത്താവ് എന്ന നിലയ്ക്ക് നീ അവൾക്കായി എന്തെങ്കിലും വാങ്ങി കൊണ്ട് കൊടുത്തിട്ടുണ്ടോ അവൾ ആഗ്രഹിച്ചു പറഞ്ഞ എന്തെങ്കിലും ഒരു സാധനം അവർക്ക് വാങ്ങിക്കൊടുത്തോ…

ഒന്നുകിൽ അവളുടെ വീട്ടിൽ നിന്ന് അവളുടെ അമ്മയും അച്ഛനും വരുമ്പോൾ വാങ്ങിക്കൊണ്ടുവന്നു കൊടുക്കും അല്ലെങ്കിൽ ഞാനും അമ്മയും എന്തെങ്കിലും വാങ്ങി കൊടുക്കും

അതല്ലാതെ നീ അവൾക്കായി എന്തെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ. ഇങ്ങനെയൊക്കെ കാണിച്ച നിന്നെ അവൾ എങ്ങനെ ഒരു ഭർത്താവായി കണക്കാക്കും.

അവൾക്കു നീ കൂടെ വേണം എന്ന് തോന്നുന്ന പല സമയങ്ങളിലും നീ അവളുടെ അടുത്ത് ഇല്ലായിരുന്നു.

ഒരു ഭർത്താവിന്റെ സ്നേഹവും പരിചരണവും ആഗ്രഹിച്ച സമയത്തൊന്നും നീ അവൾക്ക് താങ്ങായി നിന്നില്ല. അങ്ങനെയുള്ളപ്പോൾ നിന്നോട് ഇതല്ല ഇതിനപ്പുറവും ചെയ്യും.

ഇതൊന്നും അവളുടെ തെറ്റിനെ ന്യായീകരിക്കാൻ ഉള്ള കാരണങ്ങളല്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ നീ തന്നെയാണ് അവളെ ഇങ്ങനെ ഒരു ജീവിതത്തിലേക്ക് തള്ളിവിട്ടത്..

നിന്റെ ഭാഗം പറയാൻ പോലും കഴിയില്ല നിന്നെ ന്യായീകരിക്കാനും. നിന്റെ ജീവിതം ഈ രീതിയിൽ ആകാൻ കാരണം നീ തന്നെയാണ്.

നിനക്കൊരു പെൺകുഞ്ഞാണ് ജനിച്ചത് ആ കുഞ്ഞിനെ നീ ഇന്നുവരെ സ്നേഹത്തോടെ ഒന്ന് ചേർത്തു പിടിച്ചിട്ടുണ്ടോ അതിനു വേണ്ടി എന്തെങ്കിലും ഒരു സാധനം വാങ്ങി കൊടുത്തിട്ടുണ്ടോ.

ബോധമുള്ള സമയത്ത് നീ നിന്റെ കുഞ്ഞിനെ ഒന്ന് കണ്ടിട്ടുണ്ടോ..

ഇല്ല നീ അതൊന്നും ചെയ്തിട്ടില്ല. എന്തിനെക്കാളും നിനക്ക് വലുത് നിന്റെ സുഹൃത്തുക്കളും നിന്റെ സന്തോഷവും ആയിരുന്നു.

നിന്റെ സന്തോഷം നിന്റെ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്നതിനും മദ്യപിക്കുന്നതിനും ആയിരുന്നു നീ അതിനു വേണ്ടി സമയം കണ്ടെത്തിയപ്പോൾ നിന്റെ ഭാര്യയെയും കുഞ്ഞിനെയും മറന്നു…. നിന്റെ കുടുംബജീവിതം കൈവിട്ടു പോകുന്നത് നീ അറിഞ്ഞില്ല.

അവളുടെ മുന്നിൽ തലയും കുനിച്ചു നിന്നു.

അവൾ പറഞ്ഞതെല്ലാം കാര്യമാണ് ഒരിക്കലും താൻ നല്ലൊരു ഭർത്താവല്ലായിരുന്നു.

ഇവിടെ നിന്നു നീ നശിച്ചുപോകും എന്ന് വിചാരിച്ചാണ് നിന്നെ അന്യ നാട്ടിലേക്ക് പറഞ്ഞുവിട്ടത്. പക്ഷേ അവിടെ ചെന്നും നീ നിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും വരുത്താൻ ശ്രമിച്ചില്ല.

വീട്ടിനുള്ളിൽ അടഞ്ഞിരുന്ന് എത്ര നാൾ അവൾ സമയം പോക്കും അതുകൊണ്ടാണ് അവൾക്ക് ചെറിയൊരു ജോലി ശരിയായപ്പോൾ അതിനു പോകാൻ അനുവദിച്ചത്…

ജോലിസ്ഥലം വീട്ടിൽനിന്ന് ദൂരെയായത് കാരണം ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു

ഒരു വണ്ടി എടുക്കുകയാണെങ്കിൽ യാത്ര സമയം പകുതി കുറയുമല്ലോ എന്ന് മാത്രമേ അന്ന് കരുതിയുള്ളൂ…

നീ തന്നെയാണ് നിന്റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ എല്ലാം ഏർപ്പാടാക്കിയത് നിനക്ക് അത്രമാത്രം അവനെ വിശ്വാസം ഉണ്ടായിരുന്നു.

നിന്റെ കൂട്ടുകാരൻ നിന്റെ വിശ്വാസം മുതലെടുത്തു… നിന്റെ ഭാര്യ നിന്നെയും….

ഒടുവിൽ അവർ തമ്മിൽ ചേരാനുള്ള അവസരം നീ തന്നെയാണ് ഉണ്ടാക്കിക്കൊടുത്തത്..

തന്നെ കേൾക്കാനും തന്റെ കൂടെ സംസാരിക്കാനും ഒരാൾ ഉണ്ടായപ്പോൾ അവൾ അയാളോട് എല്ലാം തുറന്നു പറഞ്ഞു.

നല്ലൊരു സൗഹൃദമായി തുടങ്ങിയ ആ ബന്ധം എപ്പോഴൊക്കെയോ നിറം മാറി ഒരു പ്രണയമായി തീർന്നു.ഒടുവിൽ ഒഴിവാക്കാൻ കഴിയാത്ത വിധത്തിൽ നിന്റെ ഭാര്യ ഗർഭിണിയായി മാറിയപ്പോൾ അവന്റെ ഒപ്പം നാട് വിട്ടു

ഇതിൽ ആരാണ് തെറ്റുകാരൻ എന്ന് ഇനിയെങ്കിലും നിനക്ക് ബോധം വരുമ്പോൾ ആലോചിച്ചു നോക്കൂ.

ഒന്നും മിണ്ടാതെ അവൻ തലകുനിച്ചു നിന്നു.

എനിക്ക് എന്റെ മകളെ വേണം. അവൾക്ക് ഇഷ്ടമുള്ള ആളോടൊപ്പം തന്നെ കഴിയാം അതിനു എന്റെ കുഞ്ഞ് തടസ്സമാവില്ല.

ഒടുവിൽ കുഞ്ഞിനെ മാത്രം തനിക്കായി വിട്ടു നൽകിക്കൊണ്ട് അവൾ സതീഷിന്റെ ഒപ്പം പോയി.

അഞ്ചുവർഷം പിന്നിടുമ്പോൾ വിവാഹാലോചനകൾ ഇപ്പോൾ തനിക്ക് ധാരാളം വരുന്നുണ്ട്. ഒരു പെൺകുഞ്ഞ് ആയതുകൊണ്ട് അവൾക്ക് ജീവിതത്തിൽ പല സമയത്തും ഒരു അമ്മയുടെ സ്നേഹവും പരിചരണവും ആവശ്യമാണ്.

പക്ഷേ ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്ന ഒരു അവസ്ഥയിലായിരുന്നില്ല അയാൾ..

ഇനിയുള്ള കാലം തന്നെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടിയെയും കൂടി ക്ഷണിക്കാൻ അയാൾക്ക് കഴിയില്ലായിരുന്നു. മകളെയും നോക്കി ശിഷ്ടകാലം എങ്ങനെയെങ്കിലും ജീവിച്ചു പോകണം. അതുമാത്രമായിരുന്നു അയാളുടെ ചിന്തയിൽ.

തന്റെ കഴിഞ്ഞുപോയ കാലത്തിന്റെ ഫലമാണ് ഇന്നും താൻ അനുഭവിക്കുന്നത്. ഇനിയും ഒരു പരീക്ഷണത്തിന് കൂടി വയ്യ..

തന്റെ മാത്രം ഉത്തരവാദിത്വമില്ലായ്മയാണ് തന്റെ ജീവിതം ഈ വഴിയാക്കിയത്. അതുകൊണ്ടുതന്നെ ആ ജീവിതവുമായി ഇപ്പോൾ ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു…

തന്റെ ഉത്തരവാദിത്വം ഇല്ലായ്മയ്ക്ക് കൊടുക്കേണ്ടി വന്ന വിലയാണ് തന്റെ ജീവിതം..,. അത് മനസ്സിലാക്കുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു……ശിഷ്ട ജീവിതം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് അവൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *