പ്രണയം മനസിലാണ്
(രചന: Mejo Mathew Thom)
അലക്കി ഉണക്കിയ വസ്ത്രങ്ങൾ മടക്കി അലമാരയിലേക്കെടുത്തുവയ്ക്കുന്ന ഭാര്യയെ നോക്കികൊണ്ട് കട്ടിലിൽ കിടക്കുമ്പോൾ
അവൻ വായിച്ചുകൊണ്ടിരുന്ന ഫേസ്ബുക്കിലെ ഒരു കഥ സത്യമാണെന്നു തോന്നി… “ആകാരവടിവുകൾ നഷ്ടപെട്ട ശരീരം”…
“സൗമ്യേ… നീ ഈ കഥയൊന്നുവായിച്ചുനോക്കിയേ..”
കട്ടിൽ കിടന്നുകൊണ്ട് തന്നെ ഫോൺ അവൾക്കു നീട്ടികൊണ്ടു അവൻ പറഞ്ഞു
“എന്താ ഈ കഥയ്ക്കു പ്രത്യേകത?”
എന്നും ചോദിച്ചുകൊണ്ടു അവൾ ആ മൊബൈൽ വാങ്ങി വായിയ്ക്കാൻ തുടങ്ങി..
കല്യാണത്തിനുമുന്പ് അഴവളവുകൾ എടുത്തുകാട്ടുന്ന ശരീരമുള്ള പെണ്ണ് കല്യാണത്തിന് ശേഷം ഒരു പ്രസവവും കൂടെക്കഴിഞ്ഞു
ആകാരവടിവുകൾ നഷ്ട്ടപെട്ടു തടിച്ചുപോവുകയും അതുമൂലം ഭർത്താവിന് താല്പര്യം കുറയുകയും ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ വീഴുകയും
അവസാനം തന്റെ ശരീരം ഇങ്ങനെയാകുവാൻ കാരണങ്ങൾ ഒക്കെ എടുത്തു പറഞ്ഞു കൊണ്ടുള്ള ഭാര്യയുടെ തീപ്പൊരി ഡയലോഗകൾക്കു ശേഷം ഭർത്താവിന്റെ മനസുമാറുന്നതോടെ കഥയുടെ അവസാനം ശുഭം…
കഥ വായിച്ചശേഷം അവൾ തന്റെ ശരീരത്തിലേക്കൊന്നു നോക്കി കഥയിലെ പോലെ തന്നെ തന്റെ ശരീരവും ഷേപ്പൊക്കെ നഷ്ടപ്പെട്ടു കുറച്ചൊക്കെ തടിച്ചിട്ടുണ്ട്….
അത് മനസ്സിലാക്കാനാണ് ഭർത്താവ് ഇപ്പോൾ ഈ കഥവായിക്കാൻ തന്നത്…അവൾ ഒന്ന് ചിന്തിച്ചശേഷം പറഞ്ഞു
“രവിയേട്ടൻ ആ ഷർട്ട് ഒന്ന് അഴിച്ചെ.. ”
“അയ്യേ.. കൊച്ച് ഉറങ്ങീട്ടില്ല ”
ഒരു കുസൃതിചിരിയോടെയാരിരുന്നു മറുപടി
“ഓ അതിനല്ല മനുഷ്യാ.. ഷർട്ട് അഴിച്ചിട്ടു ഒന്ന് എഴുനേറ്റു നിന്നെ ”
അവന്റെ മൊബൈൽ കട്ടിലിലേയ്ക്കിട്ടശേഷം ടേബിളിൽ ഇരുന്ന അവളുടെ മൊബൈൽ എടുത്തു എന്തൊക്കെയോ പരതികൊണ്ടാണ് അവൾ പറഞ്ഞത്
“വെറുതെ മോഹിപ്പിച്ചു..”
എന്നുപിറുപിറുത്തുകൊണ്ട് അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു ഷർട്ട് അഴിച്ചു ഹാങ്ങറിൽ ഇട്ടശേഷം അവളുടെ അടുത്തേയ്ക്കു ചേർന്നുനിന്നു
“എന്റെ ദേഹത്തു കേറാനല്ല നിങ്ങളോട് ഷർട്ട് അഴിയ്ക്കാൻ പറഞ്ഞത്..ആ കണ്ണാടിടെ മുന്നിലേയ്ക്ക് നീങ്ങി നിന്നെ”
എന്നും പറഞ്ഞ് അവൾ അവനെ അലമാരയുടെ ഡോറിലെ ഫുൾ ലെങ്ത്ത് കണ്ണാടിയുടെ മുന്നിലേയ്ക്ക് നിറുത്തി
“ഇനി ഈ ഫോട്ടോയൊന്നു നോക്കിക്കേ… നമ്മുടെ കല്യാണം ഉറപ്പിച്ചശേഷം നിങ്ങൾ എനിക്കയച്ചുതന്ന നിങ്ങളുടെ ഫോട്ടോയാണ് ”
കൈയിലുള്ള മൊബൈൽ ലേ ഫോട്ടോ അവന്നുകാണിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്
“ഓ…എന്നാ ഗ്ലാമർ ആണല്ലേ എന്നെ കാണാൻ സിക്സ് പാക്ക് ബോഡി.. യൊക്കെയായി ”
ഫോട്ടോകണ്ട സ്വയം അഭിമാനപുളകിതനായായിരുന്നു അവന്റെ മറുപടി
“മതി അഭിമാനം കൊണ്ടത് ഒത്തിരി പൊങ്ങാണ്ട.. ഇനി ആ കണ്ണാടിയിലുള്ള നിങ്ങളുടെ രൂപം നോക്കിക്കേ.. സിക്സ് പാക്ക് ന് പകരം അത്യാവശ്യം നല്ല കുടവയർ..
ട്രിം ചെയ്തു ഷേപ്പ് ചെയ്ത താടി മീശയ്ക്കു പകരം ആന പനമ്പട്ട എടുത്ത പോലുള്ള മീശ…കഷണ്ടി കേറിത്തുടങ്ങിയ തലമുടി…എന്നിട്ട് ഞാൻ കുറച്ച് തടിവച്ചപ്പോൾ നിങ്ങള്ക്ക് പുച്ഛം ലേ..”
ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തശേഷം അവൾ നിന്നു കിതച്ചു
“അത് പിന്നെ കല്യാണത്തിന് ശേഷം ശരീരം നോക്കാൻ എവിടാ സമയം.. വർക്ക് ഔട്ട് ഒന്നും ചെയ്യുന്നുമില്ലലോ.. പിന്നെ പ്രായമേറിവരുമ്പോൾ അതിന്റെ മാറ്റവും ഉണ്ടാവുമല്ലോ..എല്ലാവരും മമ്മുക്കയെ പോലെയിരിക്കില്ലലോ..”
അവൻ സ്വയം ന്യായീകരിച്ചുകൊണ്ട് പറഞ്ഞ് തടിതപ്പാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല
“അത് തന്നെയാ എനിയ്ക്കും പറയാനുള്ളത്..ഇതൊക്കെ ആണുങ്ങൾക്ക് മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല പെണ്ണുങ്ങൾക്കും സംഭവിയ്ക്കും..
പിന്നെ എന്റെ ശരീരത്തിനുണ്ടായ മാറ്റങ്ങളിൽ നിങ്ങൾക്കും പങ്കുള്ളത് എന്നെകൊണ്ട് പറയിപ്പിക്കരുത്…”
അവൾ മുടിയഴിച്ചു കെട്ടിവച്ചശേഷം പുതപ്പെടുത്തു കൊച്ചിനെ പുതപ്പിച്ച്കൊണ്ട് പറഞ്ഞു
“എന്റെ മോളെ..ഈ പ്രായമൊക്കെ ശരീരത്തിന്നല്ലേ ഉള്ളു മനസിനില്ലല്ലോ.. അതുകൊണ്ട് തന്നെ നമ്മുടെ പ്രണയത്തിനും മാറ്റമൊന്നുമില്ല… ചേട്ടൻ ലൈറ്റ് ഓഫ് ചെയ്യട്ടേ..”
സംഭവം കയ്യിന്നു പോയിന്നു മനസിലായ അവൻ വീണടം വിദ്യയാക്കി കള്ള ചിരിയോടെ അവൻ പറഞ്ഞു..
“പറഞ്ഞതൊക്കെ ശരിയാണ്…പിന്നെ എനിക്ക് വായിക്കാൻ തന്ന കഥയിലെ പോലെ തോന്നലൊക്കെയുണ്ടാവുമ്പോൾ സ്വന്തം ശരീരത്തിലേക്കൊന്നു നോക്കിയശേഷം പ്രായത്തിന്റെ മാറ്റങ്ങൾകൂടെ ചിന്തിച്ചാൽ മതിയേ..
ആ തോന്നലൊക്കെ മാറിക്കോളും… വീണടത്തു കിടന്നുരുളാതെ ലൈറ്റ് ഓഫ് ചെയ്ത് വന്ന് കിടക്കാൻ നോക്ക് മനുഷ്യാ…”
കൊച്ചിനെ നീക്കികിടത്തികൊണ്ടു പറഞ്ഞു തീർക്കുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി അവരുടെ ദാമ്പത്യം ആഴത്തിൽ ഉറയ്ക്കുന്നതിന്റെ തെളിവായിരുന്നു….