(രചന: നൈനിക മാഹി)
“അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിൾ ഇന്ന് പോകുവാണെന്നു നിന്നോട് പറയാൻ ഏൽപ്പിച്ചിരുന്നു.”
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ നിന്നും വന്നു കയറിയപ്പോൾ കേട്ട വാർത്ത മനസ്സിനെ പിടിച്ചുലച്ചെങ്കിലും അതു മുഖത്ത് പ്രകടിപ്പിക്കാതെ റൂമിലേക്ക് കയറി.
കണ്ണിലേക്കു പാഞ്ഞു കേറി വന്നിരുന്ന നിദ്ര എങ്ങോ പോയി മറഞ്ഞിരുന്നു.
“അയാൾ പോയാൽ എനിക്കെന്താ? എന്റെ ആരാ അയാൾ… ആരുമല്ല”
പതറിപ്പോകുന്ന മനസ്സിനെ നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടി വരുന്നതായി തോന്നി.
“നീ കിടന്നില്ലേ?”
ചുമലിൽ കരസ്പർശമേറ്റപ്പോഴാണ് ചിന്തകളിൽ നിന്നുമുണർന്നത്. ഒരു വാടിയ പുഞ്ചിരിയോടെ അവളുടെ തോളിലേക്ക് ചാഞ്ഞിരുന്നു.
“എന്താടി? നീ ഓക്കേ അല്ലേ?”
അവളുടെ നോട്ടം എന്തുകൊണ്ടോ നേരിടാനായില്ല.
“അഞ്ചു… എന്താണെന്നറിയില്ല അങ്കിൾ പോകുവാണെന്നു കേട്ടപ്പോൾ മുതൽ…”
നിശബ്ദമായ കുറച്ചു നിമിഷങ്ങൾ കടന്നുപോയി. കൺകോണിൽ രണ്ട് തുള്ളി നീർമുത്തുകൾ ഉരുണ്ടികൂടിയിരുന്നു.
“നീ ചെന്നൊന്നു കാണ്. ഇനി ചിലപ്പോൾ കാണാൻ പറ്റിയെന്നു വരില്ല.”
അത് കേട്ടതും എവിടെയോ ഒരു നൊമ്പരമുണർന്നു. വേഷം പോലും മാറാൻ നിൽക്കാതെ പുറത്തേക്കിറങ്ങുമ്പോൾ മനസ്സ് കുറച്ചു മാസങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചിരുന്നു.
സ്ഥലം മാറ്റം കിട്ടി പുതിയ ചുറ്റുപാടിലേക്ക് എത്തപ്പെട്ട് നാളുകൾ മാത്രമേ ആയിരുന്നുള്ളു.
എന്നും ഫ്ലാറ്റിലെ ലിഫ്റ്റിൽ വച്ച് കണ്ടുമുട്ടിയിരുന്ന അറുപതിനടുത്ത് പ്രായം വരുന്ന അയാൾ തനിക്കെന്നും ഒരു പുഞ്ചിരി സമ്മാനിക്കുമായിരുന്നു.
ആദ്യമെല്ലാം ആ കണ്ടുമുട്ടലുകൾ യാദൃശ്ചികമായിരുന്നെങ്കിലും പിന്നീടത് മനപ്പൂർവ്വം സൃഷ്ടിച്ചെടുക്കുന്നതുപോലെ തോന്നി തുടങ്ങി.
ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലം. അതുകൊണ്ടു തന്നെ ആരുമില്ലാത്ത ഒരു പെൺകുട്ടി പരിചയമില്ലാത്ത സ്ഥലത്ത് ജീവിക്കുമ്പോൾ ഒന്നിനെയും കണ്ണടച്ചു വിശ്വസിക്കാനാവില്ലല്ലോ…
പിന്നീട് പലപ്പോഴും ആ മുഖത്തെ അവഗണിച്ചു. ആ പുഞ്ചിരി കണ്ടില്ലെന്നു നടിച്ചു.
പക്ഷേ എന്നും പതിവ് മുടക്കാതെ അയാൾ മുന്നിലെത്തിക്കൊണ്ടിരുന്നു. അവഗണനയുടെ കട്ടി കൂട്ടാൻ മനപ്പൂർവ്വം നൈറ്റ് ഷിഫ്റ്റ് ചോദിച്ചു വാങ്ങിച്ചു.
പക്ഷേ ലിഫ്റ്റിലേക്ക് കയറുമ്പോൾ അറിയാതെ കണ്ണുകൾ അന്നാദ്യമായി ആ മുഖത്തെ തിരിഞ്ഞു, ആ പുഞ്ചിരിയെ തേടി…
രണ്ടു ദിവസങ്ങൾക്കിപ്പുറം ആ രൂപം വീണ്ടും മുന്നിലെത്തിയപ്പോൾ സ്വയമറിയാതെ ആ കണ്ണിലൊന്നു നോക്കി, ഒരു കുഞ്ഞു ചിരി ചുണ്ടിൽ വിരിഞ്ഞു.
അന്ന് ചുളിവുകൾ വീണു തുടങ്ങിയ മുഖത്ത് എന്തോ നേടിയെടുത്ത സംതൃപ്തി കാണാനായിരുന്നു. അവിടെ തെളിഞ്ഞ ഭാവം വാത്സല്യത്തിന്റെതാണെന്ന് തോന്നി.
പിന്നെയും പുഞ്ചിരിയുടെ കുറച്ചു നാളുകൾ കടന്നുപോയിരുന്നു. ഒരു സംരക്ഷണം പോലെ ആ സാന്നിധ്യം കിട്ടിക്കൊണ്ടിരുന്നു.
ഒരു വാക്കിന്റെ അകമ്പടിയില്ലാതെ ആദ്യമായി ആരോ തനിക്കുണ്ടെന്ന് തോന്നിപ്പോയി.
ഫ്ലാറ്റിന്റെ വാതിലിനു മുന്നിലെത്തിയതും ഉള്ളിൽ ഒരു വടംവലി നടന്നുകൊണ്ടിരുന്നു. രണ്ടും കല്പിച്ചു ബെല്ലിൽ വിരലമർത്തി. രണ്ടു നിമിഷങ്ങൾക്ക് ശേഷം അത് തുറക്കപ്പെട്ടു.
പരിചയമില്ലാത്ത ഒരു സ്ത്രീയുടെ തുറിച്ചുനോട്ടം അലോസരമായി തോന്നി.
“അങ്കിൾ ഉണ്ടോ അകത്ത്?”
“ഉണ്ടെങ്കിൽ?”
മറുചോദ്യത്തിൽ നീരസം കലർന്നിരുന്നു.
“ഒന്നു കാണാൻ…”
വീണ്ടും അതേ നോട്ടം…
“കണ്ടിട്ട് വേഗം പൊയ്ക്കോളാം…”
മനസ്സില്ലാമനസ്സോടെ അവർ വഴിമാറിതന്നതും അകത്തേക്ക് കടന്ന് ആ രൂപത്തെ തേടി.
തൊട്ടടുത്ത മുറിയിൽ നിന്നൊരു ബാഗുമായി ഇറങ്ങി വരുന്നയാളെ കണ്ടപ്പോൾ ഉള്ളിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു.
എന്തിന് വന്നു? എന്താ പറയേണ്ടത്? ആകെമൊത്തം ശൂന്യത…
“മോളോ…”
കണ്ണടയുടെ ചില്ലിലൂടെ ആ കണ്ണുകൾ വിടരുന്നത് കണ്ടു.
“പോ… പോകുവാണോ?”
ശബ്ദം ഒന്നിടറിയോ… അതേയെന്ന് തലയാട്ടി ഒരു പുഞ്ചിരി വീണ്ടും സമ്മാനിച്ചു.
“എന്താ പെട്ടന്ന്?”
“ഇവിടം എന്റേതല്ല… ഉടമസ്ഥർ വരുന്നത് വരെ സംരക്ഷിക്കാൻ ഏല്പിച്ച ഒരു കാവൽക്കാരൻ മാത്രമായിരുന്നു. ഇപ്പോൾ ആ ജോലി കഴിഞ്ഞു. ഇനി മടങ്ങണം.”
“അപ്പോൾ അങ്കിളിന്റെ ഫാമിലി ഒക്കെ?”
ആ ചോദ്യം കേട്ടതും കയ്യിലെ ബാഗ് തുറന്ന് ഒരു ചിത്രം പുറത്തെടുത്തു തനിക്ക് നീട്ടിയിരുന്നു. അച്ഛനും അമ്മയും മകളുമടങ്ങുന്ന ആ ചിത്രം കുഞ്ഞു സ്വർഗ്ഗം പോലെ തോന്നി.
“രണ്ടു വർഷം മുൻപ് ഒരു അപകടത്തിൽ പോയി. ഞാൻ മാത്രമായി…”
തൊണ്ടയിലെ നീരു വറ്റിപ്പോയിരുന്നു. തന്റെ അതേ പ്രായമേ കാണൂ അവൾക്കും… ഒരുപക്ഷെ ആ മകളെയാവില്ലേ തന്നിൽ അയാൾ കണ്ടുകാണുക…
തിരികെ മുറിയിലേക്കത്തുമ്പോൾ കൈകാലുകൾ തളരുന്ന പോലെ തോന്നി. ഒരു താങ്ങിനായി ചുവരിൽ ചേർന്നു നിന്നു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരച്ഛനും അവകാശപ്പെടാൻ ആരുമില്ലാത്ത താനും ഒരു തുലാസിലെ ഇരു തട്ടുകളെയും സന്തുലിതമാക്കുന്നത് പോലെ…
മനസ്സിലെ ഭാരം ഇറക്കിവച്ചപ്പോൾ സൗഹൃദത്തിന്റെ കരങ്ങൾ ധൈര്യം പകർന്നു തന്നു.
ഉറച്ച തീരുമാനത്തോടെ മുന്നോട്ടടികൾ വച്ചു. വീണ്ടും തന്നെ കണ്ടപ്പോൾ ആ മുഖത്ത് സംശയത്തിന്റെ നിഴലുണ്ടായിരുന്നു.
“ശമ്പളമില്ലാത്ത ഒരു ജോലി ഞാൻ തന്നാൽ പോവാതിരുന്നൂടെ?”
ചുളിവുകൾ വീണ നെറ്റിയിലെ പേശികൾ ചലിച്ചു.
“ഒരച്ഛനെ വേണം… ഈ മകൾക്ക് താങ്ങായും തുണയായും ഇനിയുള്ള കാലം മുഴുവൻ…”
കട്ടികൂടിയ കണ്ണടച്ചില്ലുകളിലൂടെ നീർത്തിളക്കം കണ്ടു. ആ കണ്ണീർ പതിയെ എന്റെ കണ്ണിലേക്കും പകർന്നിരുന്നു…