(രചന: നൈനിക മാഹി)
“ഒരു വഴിക്ക് ഇറങ്ങുമ്പോ ചിരിച്ചോണ്ട് വന്നു നിന്നോളും… ഈ നാശത്തിനെ കണ്ട് ഇറങ്ങിയപ്പോഴേ ഓർത്തതാ പോയ കാര്യം നടക്കില്ലെന്ന്.”
അത് കേട്ടതും അകത്തു നിന്നും ഓടി വന്നവൾ ഒരു മങ്ങിയും ചിരിയുമായി മുറ്റത്തേക്കിറങ്ങി നടന്നു.
“കനിമോള് പോവാണോ?”
അതേയെന്നു തലയാട്ടി തിരിഞ്ഞു നോക്കാതെ അവൾ പടികടന്നു പോയതും അച്ഛൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി.
“ആ കുട്ടി എന്ത് ചെയ്തിട്ടാ?”
“ഇവരൊക്കെ കേറുന്നിടം കുട്ടിച്ചോറാവും. കണ്ടില്ലേ ഇന്ന് പോയ കാര്യം നടന്നില്ല. ഇനി മേലാക്കം അതിനെ അകത്തേക്ക് വിളിച്ചു കയറ്റരുതെന്ന് നിന്റമ്മയോട് പറഞ്ഞേക്ക്.”
അകത്തേക്ക് കേറിപോകുന്ന അച്ഛനോട് എന്തോ ദേഷ്യം തോന്നി. ഇപ്പൊഴും ഇങ്ങനെയൊക്കെ വിശ്വസിക്കുന്നവരുണ്ടോ?
“കനിമോള് പോയോ?”
കയ്യിലൊരു പൊതിയുമായാണ് അമ്മ വന്നത്. ഒന്നു തലയാട്ടികൊണ്ട് അകത്തേക്കു പോകുമ്പോൾ അമ്മയും പിറകെ വന്നു.
“നീയിതൊന്ന് അവളുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്ക് മോളേ. പനിക്കൂർക്കയാണ്, ഇതുണ്ടോന്ന് ചോദിക്കാൻ വന്നതാ ആ കുട്ടി.
വന്നിട്ട് എന്റെ കൂടെ അടുക്കളയിലെ പണിയൊക്കെ തീർക്കാൻ കൂടിയിട്ട് നിന്റെ ശബ്ദം കേട്ടപ്പോൾ ഓടി വന്നതാ.”
ആ പൊതിയും വാങ്ങി വേഗം അവളുടെ വീട്ടിലേക്കിറങ്ങി. പുറത്തെങ്ങും കാണാത്തതുകൊണ്ട് അകത്തേക്ക് കയറിയതും ഒരു തേങ്ങൽ കേട്ടു.
“എന്താ അമ്മേ ഞാനിങ്ങനായെ?”
തന്റെ അമ്മയുടെ മടിയിൽ കിടന്നു തേങ്ങുന്നവളെ കണ്ടപ്പോൾ ഉള്ളിലൊരു കൊളുത്തി വലിപോലെ.
അടുപ്പിൽ തിളച്ചുകൊണ്ടിരിക്കുന്ന കഷായക്കൂട്ട് ഇളക്കുമ്പോൾ ആ അച്ഛന്റെ കണ്ണുകളും ഈറനായിരുന്നു.
വൈദ്യനായിട്ടും തന്റെ കുഞ്ഞിനായി ഒന്നും ചെയ്യാൻ കഴിയാതെ പോയതിലുള്ള നൊമ്പരമാവാം.
“കനിമോളെ… നീയെന്താ എന്നോട് മിണ്ടാതിങ്ങു പോന്നത്? ചേച്ചി പിണങ്ങി.”
കയ്യിലെ പോതി നിലത്തു വച്ച് അവൾക്കരികിലിരുന്നു.
“ഒന്നൂല്ല്യ.”
കണ്ണു തുടച്ച് നേരെയിരുന്ന് അവളൊന്നു ചിരിച്ചു.
“ആൾക്കാര് പറയുന്നതൊക്കെ ദാ ഈ ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയണമെന്ന് ഞാൻ പറഞ്ഞു തന്നിട്ടില്ലേ? അത്രേള്ളൂ.
ഇപ്പൊ മോള് കളിച്ചും പഠിച്ചും നടന്നാൽ മതി ഒത്തിരി ഒന്നും ആലോചിക്കണ്ട ട്ടോ…”
ശരിയെന്നു പതിയെ തലയാട്ടിയതും ആ കൈവെള്ളയിലേക്ക് രണ്ട് മിട്ടായി വച്ചുകൊടുത്തു. തിളക്കം വച്ച മുഖവുമായി മുറിയിലേക്ക് ഓടിപ്പോകുമ്പോൾ കവിളൊരു മുത്തവും കിട്ടി.
“നിങ്ങള് വിഷമിക്കണ്ട അന്ന് കാണിച്ച ഡോക്ടർ പറഞ്ഞില്ലേ ഓപ്പറേഷൻ ചെയ്താൽ ശരിയാക്കാവുന്നതേ ഉള്ളു എന്ന്.
ഇനി അത് താമസിപ്പിക്കണ്ട പെട്ടന്ന് ചെയ്യാം. കുറച്ചു പണം കൂടെ റെഡിയായാൽ പോരെ അതോർത്ത് സങ്കടം വേണ്ടാ. ഞങ്ങളൊക്കെ ഇല്ലേ…”
വീട്ടിൽ ചെന്നു കേറുമ്പോൾ അച്ഛന്റെ സ്വരം വീണ്ടും മുഴങ്ങിക്കേട്ടു.
“കുട്ടിച്ചാത്തനെ പോലെയുള്ള അതിനെ നീയാണ് ഇവിടെ വിളിച്ചു കയറ്റുന്നത്.”
“ഞാൻ ഇനിയും കയറ്റും, അവളുടെ കുറ്റം കൊണ്ടാണോ അവൾക്ക് മുറിച്ചുണ്ടും മൂക്കും വന്നത്? നമ്മടെ മോൾക്കാണ് ഇങ്ങനെ വന്നതെങ്കിലോ?”
“നിന്നോട് തർക്കിക്കാൻ ഞാനില്ല. അല്ലെങ്കിലും നിങ്ങളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”
നിസ്സാരമായി പറഞ്ഞുകൊണ്ട് പോകുന്ന അച്ഛൻ ഇതേ ചിന്താഗതിയുള്ള സമൂഹത്തിന്റെ ഒരു പ്രതിനിധി മാത്രമാണെന്നതാണ് മറ്റൊരു സത്യം.
സ്വന്തം കുറവുകളെ പറ്റി ചിന്തിക്കാതെ മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടി കല്ലെറിയുന്നവർ.