(രചന: നതാലി)
പിന്നെയും ഒരു വഷളൻ ചിരിയോടെ അയാൾ മുന്നിൽ കൊണ്ടുവന്ന് കാർ നിർത്തി..
“”കേറിക്കോടീ നിന്റെ അവിടെ കൊണ്ട് ചെന്ന് ഇറക്കാം!!”””
അറപ്പ് തോന്നി… അയാളുടെ വഷളൻ ചിരിയും ശരീരം ഉഴിഞ്ഞുള്ള നോട്ടവും കണ്ടപ്പോൾ…
“” വേണ്ട ഞാൻ ബസ്സിനു പോയിക്കോളാം!!””
എന്ന് അയാളോട് പറഞ്ഞു…
“” അതെന്താടി നിനക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മതിയായോ?? “”
എന്ന് പിന്നെയും ചോദിച്ചു അപ്പോഴേക്കും ആരൊക്കെയോ അതുവഴി വരുന്നത് കണ്ട് വേഗം ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു….
അയാൾ പിന്നെയും ഒന്ന് നോക്കി കാർ മുന്നോട്ട് എടുത്തു എല്ലാംകൊണ്ടും മടുത്തിരുന്നു എനിക്ക്…
പെൺകുട്ടികൾ ഒരളവിൽ കൂടുതൽ ശബ്ദമുയർത്തരുത് എന്ന് പറഞ്ഞു പഠിപ്പിച്ച തറവാട്ടിൽ ആയിരുന്നു ജനനം…
അങ്ങനെ തന്നെയാണ് ശീലിച്ചതും അച്ഛനോ അമ്മാവന്മാരോ പറയുന്നത് കേട്ട് വീടിന്റെ അകത്തളത്തിൽ ഒതുങ്ങി നിന്ന ബാല്യം…
അവർ വാങ്ങിത്തരുന്നത് ഇഷ്ടപ്പെടുകയല്ലാതെ സ്വന്തം ഇഷ്ടമോ താല്പര്യമോ ഒന്നും അവിടെ ആരും ചോദിച്ചിരുന്നില്ല സ്വന്തമായി അങ്ങനെയൊരു സംഭവം ഉണ്ടെന്ന് പോലും ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു ഒരു വസ്ത്രം എടുക്കാൻ പോലും കൊണ്ടുപോയിരുന്നില്ല ഓണത്തിനും മറ്റു വിശേഷങ്ങൾ ഞങ്ങൾക്കുള്ളത് അവർ എടുത്തുകൊണ്ടുവരും അത് ഇട്ടു പോവുക എന്നല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ ആരുടെയും മുന്നിൽ ഇല്ലായിരുന്നു…
അമ്മാവന്റെ മകനാണ് ചേച്ചിയെ വിവാഹം കഴിച്ചത് അവൾ പ്ലസ് ടു വരെ പഠിച്ചു പ്ലസ്ടുവിന് മാർക്ക് കുറവായതുകൊണ്ട് പിന്നെ തുടർന്ന് പഠിപ്പിച്ചില്ല ഞാൻ അത് കണ്ട് പേടിച്ചിട്ടാണ് കഷ്ടപ്പെട്ട് പഠിച്ച് പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങിയത് പക്ഷേ അതുകൊണ്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല അച്ഛൻ ഡിഗ്രിക്ക് ചേർക്കില്ല എന്ന് പറഞ്ഞു….
ഞാൻ കുറെ കരഞ്ഞു നോക്കി പക്ഷേ ആരും അതൊന്നും മുഖവിലക്ക് എടുത്തില്ല…
എന്റെ സമാധാനത്തിനു വേണ്ടിയാണ് അടുത്ത വീട്ടിൽ തയ്യൽ പഠിക്കാൻ വേണ്ടി പോയത്…
അപ്പോഴേക്കും യോഗ്യനായ ചെറുപ്പക്കാരനെ തിരയാൻ തുടങ്ങിയിരുന്നു എന്നെ വിവാഹം കഴിപ്പിച്ച് അയക്കാൻ ഒടുവിൽ ഒരാൾ ശരിയായി..
തറവാട്ട് മഹിമയും സ്വത്തും മാത്രം നോക്കിയവർ അയാളുടെ സ്വഭാവത്തെപ്പറ്റി ഒന്നും അന്വേഷിച്ചില്ല നാട്ടിൽ അയാൾക്ക് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു അതിൽ ഒരാൾ ആയി മാത്രമേ തന്നെയും അയാൾ കണക്കാക്കിയിരുന്നുള്ളൂ. നാട്ടുകാരുടെ മുന്നില്‍ വച്ച് കഴുത്തിൽ ഒരു താലികെട്ടി തന്നിരുന്നു എന്നൊരു വ്യത്യാസം മാത്രം….
അതൊന്നും അവർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മനസ്സിലാകാത്തതാണോ എന്നൊന്നും എനിക്കറിയില്ല കല്യാണം കേമമായി കഴിഞ്ഞു..
അയാൾ മദ്യത്തിനും അടിമയായിരുന്നു… എന്നെക്കാൾ ഒരുപാട് പ്രായവ്യത്യാസവും ഉണ്ടായിരുന്നു..
എനിക്ക് എതിർക്കാൻ അറിയില്ലായിരുന്നു ഞാൻ അങ്ങനെ പഠിച്ചിട്ടില്ലായിരുന്നു അങ്ങനെ അയാളുടെ ജീവിതത്തിലേക്ക് വലതുകാല് വെച്ച് എനിക്ക് കയറിയേണ്ടി വന്നു..
ഞങ്ങളുടെ ബെഡ്റൂമിൽ അയാൾ ഒരു മൃഗം ആയിരുന്നു…. രതി എന്നത് എനിക്ക് വേദന നൽകുന്ന… അറപ്പുളവാക്കുന്ന ഒന്നായിരുന്നു അയാൾ അങ്ങനെയായിരുന്നു പെരുമാറിയിരുന്നത്, ഞാൻ ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടുപോലും അയാൾക്ക് ഒരു കാരുണ്യവും ഇല്ലായിരുന്നു..
അപ്പോഴും അയാൾ ക്രൂരമായി എന്നെ ഭോഗിച്ചു പക്ഷേ അധികകാലം ഒന്നും അത് നീണ്ടു നിന്നില്ല എന്റെ കുഞ്ഞ് ജനിച്ചു ഒരു മാസം കഴിഞ്ഞപ്പോഴേക്കും അയാൾക്ക് ശാരീരികമായ ഓരോ അസ്വാസ്ഥ്യങ്ങൾ തുടങ്ങിയിരുന്നു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു അമിതമായ മദ്യപാനം മൂലം അയാൾക്ക് ലിവർ സിറോസിസ് ആണ് എന്ന്…
അത് ചികിത്സിക്കാൻ പറ്റുന്ന അവസ്ഥയും കഴിഞ്ഞു പോയിരിക്കുന്നു…
ഒടുവിൽ വയർ എല്ലാം വീർത്ത് വീർത്തു വന്നു അയാളുടെ…
കുറച്ചുനാൾ നരകിച്ച് അയാൾ മരിച്ചു മരിച്ചപ്പോൾ അയാളുടെ സഹോദരങ്ങളും അമ്മയും അച്ഛനും എല്ലാം മറ്റൊരു മുഖമാണ് എന്നോട് കാണിച്ചത് എന്റെ കുഞ്ഞിന്റെ ദോഷം മൂലമാണ് അയാൾ മരിച്ചത് എന്നും പറഞ്ഞ് എന്നെ അവിടെ നിന്നും ഇറക്കി വിട്ടു…
ഒരു പെൺകുഞ്ഞാണ് അതിനെ വളർത്തണം എന്റെ വീട്ടിലേക്ക് ചെന്നപ്പോൾ വലിയ സ്വീകരണം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഞാൻ അവിടെ പിടിച്ചുനിന്നു ജോലിക്കായി ശ്രമിച്ചു പണ്ട് തയ്യൽ പഠിച്ചത് കൊണ്ട് ഒരു ടെക്സ്റ്റൈൽസിൽ ജോലി ശരിയായി..
രാവിലെ നേരത്തെ പോകണം വൈകുന്നേരം ആറു മണി ആവുന്നത് വരെ ജോലിയുണ്ട് അത് കഴിഞ്ഞ് വീട്ടിലേക്ക് പോരാം..
മാനേജർ കുറച്ച് സ്ട്രിക്ട് ആയിരുന്നു നേരം വൈകിയാൽ അയാൾ കണ്ണ് പൊട്ടുന്ന ചീത്ത പറയും തന്നെയുമല്ല ഹാഫ് ഡേ ലീവ് എഴുതിപ്പിക്കും…
അതുകൊണ്ടുതന്നെ രാവിലെ വീട്ടിലെ ജോലികളെല്ലാം പിടഞ്ഞു തീർത്തിട്ടാണ് പോകുക… എങ്കിലും പത്തോ പതിനഞ്ചോ മിനിറ്റ് വൈകും…
അതിലും കൂടിയാൽ ഹാഫ് ഡേ എഴുതും ഇതാവുമ്പോൾ ചീത്ത പറഞ്ഞ് വീടും എന്നാലും സമാധാനമാണ് ഹാഫ് ഡേ എഴുതിയാൽ സാലറിയിൽ നിന്ന് അത് കട്ടാകും..
ഇന്നലെ നന്നായി നേരം വൈകിയിരുന്നു അതുകൊണ്ടാണ് ഞങ്ങളുടെ വീടിനപ്പുറത്തുള്ള അയാൾ കാർആയി വന്ന് കയറിക്കോളാൻ പറഞ്ഞപ്പോൾ കയറിയത്..
വീടിനടുത്തുള്ള ആളല്ലേ സഹായിച്ചത് ആവും എന്ന് കരുതി,.. പിന്നെ വൈകിയാൽ ഉള്ള മാനേജരുടെ ചീത്തയായിരുന്നു മനസ്സിൽ നിറയെ…
അയാളുടെ മനസ്സിലെ ഉദ്ദേശം വേറെയാണെന്ന് എനിക്കറിയില്ലായിരുന്നു..
കാറിന്റെ മുന്നിലെ ഡോർ അയാൾ തന്നെ തുറന്നു തന്നു അവിടെ കയറിയിരുന്നു ആദ്യം അയാൾ കാറിന്റെ സീറ്റിന്റെ മുകളിലൂടെ എന്റെ തോളിലേക്ക് കൈവച്ചു….
അതിനുശേഷം അയാളുടെ കൈകൾ എന്റെ തോളിന്റെ ഭാഗത്തെല്ലാം ഇഴഞ്ഞു നടന്നു ഒടുവിലത് മാറിടത്തിൽ ചെന്ന് നിന്നു…
“” നിർത്തൂ ഞാൻ ഇവിടെ ഇറങ്ങുകയാണ്!!! എന്ന് പറഞ്ഞു…
വഷളൻ ചിരിയോടെ അയാൾ കൈ എടുത്തു എന്നിട്ട് എന്റെ ടെക്സ്റ്റൈൽസിനു മുന്നിൽ കൊണ്ടുപോയി നിർത്തി…
ആകെക്കൂടെ എന്തുവേണമെന്ന് അറിയില്ലായിരുന്നു പ്രതികരിക്കാൻ സത്യം പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു..
അന്നത്തെ ദിവസം മുഴുവൻ അത് മാത്രം ഇങ്ങനെ മനസ്സിൽ കിടന്നു…
ആരോടും പറയാൻ നിന്നില്ല…
ഇന്നും അയാൾ വന്നത് അതേ ഉദ്ദേശത്തോടുകൂടി തന്നെയാണ് എന്നെനിക്കറിയാം ഞാൻ കാറിൽ കയറിയില്ല..
സ്റ്റോപ്പിൽ കുറച്ചു നേരം നിന്നപ്പോഴേക്ക് ശോഭ ചേച്ചി വന്നിരുന്നു ടെക്സ്റ്റൈൽസിൽ എനിക്ക് കിട്ടിയ ഒരു കൂട്ടാണ് ചേച്ചി…
എന്റെ മുഖവും വല്ലാത്ത ഭാവവും കണ്ട് ചേച്ചി ചോദിച്ചു എന്താടി എന്ന് പക്ഷേ അപ്പോൾ ചേച്ചിയോട് ഞാൻ ഒന്നും തുറന്നു പറഞ്ഞില്ല പിറ്റേ ദിവസവും അയാളുടെ ശല്യം ഉണ്ടായിരുന്നു ഇത്തവണ എന്റെ മുന്നിൽ കാർ കൊണ്ടുവന്ന് നിർത്തി എന്നോട് കയറാൻ അധികാരത്തിൽ പറഞ്ഞു..
ഞാൻ അയാളെ ഭയന്ന് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴേക്ക് ശോഭ ചേച്ചി വന്നിരുന്നു അയാളെന്റെ പുറകെ വരുന്നത് കണ്ട് അവർ എന്നോട് എന്താ പ്രശ്നം എന്ന് ചോദിച്ചു ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു. ശോഭ ചേച്ചി അയാളുടെ അരികിൽ ചെന്ന് മുഖത്തേക്ക് നോക്കി ഒന്നു കൊടുത്തു അപ്പോഴേക്കും ആളുകൾ എല്ലാം ഓടിവന്നു അതോടെ നാണക്കേട് പേടിച്ച് അയാൾ അവിടെ നിന്നു പോയി…
ഞാനാകെ നിന്ന് വിറക്കുകയായിരുന്നു എന്നോട് പറഞ്ഞു ഇതുപോലെ മിണ്ടാതെ നടന്നിട്ട് ഒരു കാര്യവുമില്ല വന്ദന… നമ്മൾ നമ്മുടെ കാര്യങ്ങൾ നേരത്തിന് പറഞ്ഞില്ലെങ്കിൽ ഇതുപോലെ ഓരോന്ന് ഉണ്ടായിക്കൊണ്ടിരിക്കും…
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം അല്ലാതെ പാവമായി നിന്നിട്ട് കാര്യമില്ല!!
എന്ന്…
ശരിയാണ് എന്റെ പഠിപ്പ് നിർത്തിയപ്പോൾ എനിക്ക് നിർബന്ധപൂർവ്വം എതിർക്കാമായിരുന്നു ഒരു കരച്ചിൽ, അതിലുപരി ഞാൻ ഒന്നും പറഞ്ഞില്ല… ഒട്ടും മനസ്സിനിണങ്ങാത്ത ആളുമായി വിവാഹം ഉറപ്പിച്ചിരുന്നു അന്നും ഞാൻ ഒന്നും എതിർത്തു പറഞ്ഞില്ല….
ഒരുപക്ഷേ അന്നൊക്കെ നേരത്തിന് പ്രതികരിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ഇത്തരത്തിൽ മാറിമറിയില്ലായിരുന്നു…
അന്ന് അഞ്ചു മിനിറ്റ് വൈകിയതിന് മാനേജർ എന്നോട് ഹാഫ് ഡേ എഴുതി വച്ചോളാൻ പറഞ്ഞു…
“”” ഇന്നലെ കസ്റ്റമർ ഉണ്ടായിരുന്നതുകൊണ്ട് ആറുമണിക്ക് നിർത്തേണ്ട എന്റെ ജോലി കഴിഞ്ഞ് ഞാൻ പോയപ്പോഴേക്ക് സമയം ഏഴു മണി കഴിഞ്ഞിരുന്നു!!! അതിനിവിടെ നിന്ന് ആരും എനിക്ക് എക്സ്ട്രാ സാലറി ഒന്നും തരുന്നില്ല!!! പിന്നെ ഒരഞ്ചുമിനിറ്റ് വൈകിയത് ഇത്ര കാര്യമാക്കാൻ ഉണ്ടോ??? “””
എന്നയാളുടെ മുഖത്ത് നോക്കി പറഞ്ഞു അയാൾ ഞെട്ടിത്തരിച്ചിരുന്നു കാരണം എന്നിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണം അയാൾ പ്രതീക്ഷിച്ചിരുന്നില്ല…
വേഗം രജിസ്റ്റർ എടുത്ത് തന്ന് ഒപ്പിട്ടു പൊയ്ക്കോളാൻ പറഞ്ഞു!!!
എന്റെ ആദ്യത്തെ പ്രതികരണം!!! അന്ന് എനിക്ക് എന്റെ അവകാശം നേടിയെടുക്കാൻ കഴിഞ്ഞു..
അപ്പോഴേക്കും ശോഭ ചേച്ചി പറഞ്ഞിരുന്നു ദേ ഇത്രയേ ഉള്ളൂ നമ്മുടെ വായ് തുറന്ന് ആവശ്യമുള്ള സമയത്ത് നമുക്ക് വേണ്ടി നമ്മൾ തന്നെ പറയുക അതിന് മടിച്ചു നിൽക്കേണ്ട കാര്യമില്ല നമ്മുടെ അവകാശമാണ് ഇങ്ങനെ ഒതുങ്ങിയിരുന്നിട്ടാണ് എല്ലാ പ്രശ്നങ്ങളും എന്ന്…
അതോടെ ഞാനും തീരുമാനമെടുത്തിരുന്നു എന്റെ കാര്യങ്ങൾക്കായി ഇനി വായ പൂട്ടി വയ്ക്കില്ല തുറന്നു പറഞ്ഞു നേടുക തന്നെ ചെയ്യും എന്ന്….