മനസ്സിന്റെ നോവുകൾ
(രചന: Nisha Pillai)
ജോജിയുടെ വാരാന്ത്യങ്ങൾ ഭക്തി സാന്ദ്രമാണ്.
“ആഴ്ചയിൽ ആറു ദിവസവും അലാറം വച്ചുണരണം.ഞായറാഴ്ച, ഇന്നെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ.”
റീന മെല്ലെ പിറുപിറുത്തു.
“എന്തിനാ ഇങ്ങനെ കിടന്നുറങ്ങുന്നത്. അല്ലെങ്കിലും അവസാനം എല്ലാവരും ഉറങ്ങാൻ തന്നെയാ പോകുന്നത്. ഒരിയ്ക്കലും ഉണരാത്ത നീണ്ടൊരുറക്കം.”
“അതിനു? അതിങ്ങനെ ആസ്വദിച്ചല്ലല്ലോ.ഉറങ്ങി തുടങ്ങുമ്പോഴേക്കും വയറ്റിൽ പുഴുക്കൾ നിറയാൻ തുടങ്ങും,പിന്നെയത് കണ്ണിലൂടെയും മൂക്കിലൂടെയും പുറത്തേയ്ക്ക് വരും.
വേണ്ട, ആ ഉറക്കം എനിക്ക് വേണ്ട,ഞായറാഴ്ച രാവിലെ എ സി യുടെ ചെറിയ തണുപ്പിൽ കമ്പിളിക്കടിയിൽ കിടന്നു കൊണ്ട് കെട്ടിയവനെയും കെട്ടി പിടിച്ചു,ആ കുളിര് ഒരു സുഖമാണ്.”
“കൂടുതൽ കുളിരണ്ട,നീ റെഡി ആയി വന്നേ ,പള്ളിയിൽ പോണം,ഒന്ന് കുമ്പസരിയ്ക്കണം.”
“എല്ലാ ആഴ്ചയും എന്നാത്തിനാ നിങ്ങൾ കുമ്പസരിക്കുന്നത്.”
“അത് വക്കീൽ പണി ചെയ്യുന്ന എന്നോട് ചോദിക്കരുത്.കുറെ കള്ളങ്ങളും കുറച്ചേറെ കള്ളക്കഥകളും ഒക്കെ നിറം പിടിപ്പിച്ചാണെൻ്റെ ജീവിതം.”
“എന്നാൽ പിന്നെ നിങ്ങൾക്ക് തനിയെ അങ്ങ് പൊയ്ക്കൂടേ.”
“അത് വേണ്ട ,അത് നിനക്ക് പേരുദോഷം ഉണ്ടാക്കും.രാവിലത്തെ കുർബാനയ്ക്കു ആള് കുറവായിരിക്കും.മടിയന്മാരൊക്കെ വൈകിട്ടേ വരൂ.”
ദേഷ്യപ്പെട്ടും പിറുപിറുത്തും റീന പോയി വേഷം മാറി വന്നു.
“അല്ല നീ ഇന്നിതാണോ ഇടുന്നത്.ചുരിദാർ വേണ്ടടീ.എടീ ഞാൻ എറണാകുളത്തു നിന്ന് എടുത്തോണ്ട് വന്ന ആ സാരി ഉടുക്കൂ. പെണ്ണുങ്ങളുടെയൊക്കെ കണ്ണ് ഇങ്ങോട്ടാകും, നിന്നിലേക്ക്.ചോദിക്കുമ്പോൾ ഞാൻ ഹൈക്കോർട്ടിൽ ഒരു കേസിനു പോയപ്പോൾ വാങ്ങിയതാണെന്ന് അങ്ങ് പറഞ്ഞേക്ക് .”
ഉറക്കച്ചടവോടെ അവൾ ആ സാരി എടുത്തണിഞ്ഞു.അയാളോടൊപ്പം പള്ളി മുറ്റത്തു കാറിൽ വന്നിറങ്ങുമ്പോൾ അവൾക്കു തെല്ലഭിമാനം തോന്നി.
“ടാ ജോജിയെ, ആ സ്വർണ കേസ് എന്തായെടാ ?’
തെക്കേലെ കറിയാച്ചനാണ്.
“അത് പിന്നെ ജോജി ഒരു കേസേറ്റെടുത്താൽ പിന്നെ അത് വിജയം കണ്ടല്ലേ മടങ്ങൂ.”
റിട്ടയർഡ് കാപ്റ്റൻ ജെയിംസ് സാർ ആണ് മറുപടി പറഞ്ഞത്.
“എല്ലാം റീനയുടെ ഭാഗ്യമാ.ഇപ്പോൾ മൂന്നാമത്തെ വീടല്ലേ പണി കഴിപ്പിയ്ക്കുന്നത്. ഭാഗ്യവതി. ആകെയുള്ളൊരു മോൻ ആണേൽ അങ്ങ് ഏർക്കാടിലെ ബോർഡിങ്ങ് സ്കൂളിൽ ആണ്.സൗഭാഗ്യവതിയാണ്.”
അടുത്ത് നിന്ന ത്രേസ്യാമ്മ ചേച്ചി പെണ്ണുങ്ങളോടായി പറഞ്ഞു.
ആ സമയം റീന കണ്ണുകളടച്ച് ക്രൂശിത രൂപത്തിനു മുൻപിൽ മുട്ടുകുത്തി നിന്നും കൊണ്ടു പ്രാർത്ഥിക്കുകയായിരുന്നു.എല്ലാവരും പിരിഞ്ഞിട്ടും ജോജിയെ കണ്ടില്ല.കുമ്പസരിച്ചേ മടങ്ങുള്ളൂ.
എല്ലാ ഞായറാഴ്ചയും കർത്താവിനോടു തെറ്റ് കുറ്റങ്ങൾ ഏറ്റു പറച്ചിൽ ഉണ്ട്.പള്ളിയിൽ നിന്ന് വന്നാൽ പ്രാതൽ കഴിക്കും ,പിന്നെ മാർക്കെറ്റിൽ പോയി ജോജിക്ക് ഇഷ്ടമുള്ള മീനോ ഇറച്ചിയോ ഒക്കെ വാങ്ങി വരും.പിന്നെ ടി വി യുടെ മുന്നിൽ.ഉച്ച ഭക്ഷണത്തിന്റെ അവിടെ നിന്നും എഴുന്നേൽകൂ.
ആ സമയത്ത് റീന അടുക്കളയിൽ ജോജിക്കാവശ്യമുള്ള വറുക്കലോ പൊരിക്കലോ ബിരിയാണിയോ ഒക്കെ തയാറാക്കും.
ഇടയ്ക്കു ഫ്രിഡ്ജ് തുറന്നു ഐസെടുക്കും,ഒന്നോ രണ്ടോ പെഗ് കഴിക്കും,അതിനിടയിൽ ടി വി യിൽ എന്തെങ്കിലും റൊമാന്റിക് സീൻസ് കണ്ടാൽ കുറച്ചു പഞ്ചാര ഒലിപ്പിച്ചു കൊണ്ട് അടുക്കളയിൽ കയറും ,രണ്ടു കയ്യ് കൊണ്ടും റീനയെ പൊക്കിയെടുത്തു ബെഡ് റൂമിലേയ്ക്ക് കൊണ്ട് പോകും.
പിന്നെ കരിമ്പിൻ കാട്ടിൽ ഒറ്റയാൻ കയറിയ പോലെ ചില കാട്ടി കൂട്ടലുകളാണ്. ഞായറാഴ്ച പകലുകളിൽ മാത്രം നടക്കുന്ന ചില കൂത്തുകൾ.അവളുടെ ഇഷ്ടങ്ങളോ താല്പര്യങ്ങളോ ഈ പതിനെട്ടു വർഷത്തിനിടയിൽ ചോദിച്ചിട്ടില്ല ,ചോദ്യം ചെയ്താൽ ഉടൻ മറുപടി വരും.
“ഈ കാര്യങ്ങളിൽ പെണ്ണിനെന്ത് താല്പര്യം,ആണിനല്ലേ കൗതുകം കൂടുതൽ,നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട കളിക്കോപ്പുകളാണ്.”
“ആണിന്റെ കൃഷിയിടങ്ങൾ എന്ന് കൂടി പറയാമായിരുന്നു.”
നിലത്തു ചിതറി കിടക്കുന്ന വസ്ത്രങ്ങൾ പെറുക്കി കൊണ്ട് അവൾ കുളിമുറിയിലെ ഷവറിനു കീഴിൽ നില്ക്കും , സ്വയം ചോദിച്ചു കൊണ്ടേയിരിക്കും.
“ശരീരം മാത്രമല്ല തനിക്കൊരു മനസ്സുണ്ടെന്നു ഈ മനുഷ്യനെന്താണ് ഓർക്കാത്തത്.”
ജോജിയോടൊപ്പം സ്വീകരണ മുറിയിൽ ഒന്നിച്ചിരിക്കുമ്പോൾ ,അയാൾക്ക് ആകർഷണം തോന്നുന്ന വശ്യമായ വേഷങ്ങൾ ധരിച്ചും കൊണ്ട്,പലപ്പോഴും സ്പർശനം കൊണ്ട് താല്പര്യം പ്രകടിപ്പിക്കുമ്പോൾ ജോജി ഒഴിഞ്ഞു മാറാറുണ്ട്.
“ഈ പകൽ നേരത്താണോ,ചെക്കന് വയസ്സ് പതിനേഴായി,അമ്മയ്ക്ക് ഇനിയും ഒന്നും മാറിയിട്ടില്ല.സൂക്കേട് ”
ജോജിയുടെ ആ വാക്കുകൾ കേൾക്കുമ്പോൾ അവളുടെ തൊലിയുരിയാറുണ്ട്.
“ഞാൻ ഇതൊക്കെ ആരോടാണ് ജോജി പറയേണ്ടത്.അടുത്ത വീട്ടിലെ ഡോക്ടർ രാജേഷിനോടോ ?.എനിക്ക് എല്ലാ തരത്തിലും ഒരു പങ്കാളിയായി ആണെന്റെ അപ്പൻ നിങ്ങളെ കണ്ടെത്തിയത്.
ഇപ്പോൾ എന്നോട് സംസാരിക്കാനോ എന്റെ ഇഷ്ടങ്ങൾ കണ്ടെത്താനോ ജോജിക്ക് സമയമില്ല.ഞായറാഴ്ചകളിൽ പകൽ നേരത്തു മാത്രമാണ് ഞാൻ ജോജിയെ ബോധത്തോടെ കാണുന്നത്.
എല്ലാ ദിവസവും രാത്രിയിൽ ക്ലബ്ബിൽ നിന്നും നാലു കാലിൽ മടങ്ങുന്ന ജോജിയോട് ഞാനെന്താണ് പറയേണ്ടത്? എന്റെ ശാരീരിക ആവശ്യങ്ങളോ ,അതോ എന്റെ മകന്റെ പഠനത്തെക്കുറിച്ചോ,അതോ എന്റെ ഇടതു മാറിടത്തിലെ കല്ലിപ്പിനെക്കുറിച്ചോ? ആ സമയത്ത് ജോജിക്ക് അതൊന്നും മനസിലാകുകയില്ലല്ലോ.
കിടക്കയിൽ വീണാലുടനെ ഉറക്കത്തിലേക്കു പോകുന്ന വിദ്യ എന്നെ കൂടി പഠിപ്പിക്കൂ.എനിക്ക് ഉറക്കം തീരെ കുറവാണ്.ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങാൻ തുടങ്ങുമ്പോൾ ആയിരിക്കും കോഴിയുടെ അലാറം വിളി.പിന്നെ വീട് ,ക്ലീനിങ് ,പാചകം എന്നെ കാത്ത് പതിവ് ജോലികൾ.”
“നിനക്കെപ്പോഴും എന്നിൽ കുറ്റം കാണാനാണല്ലോ മോഹം,പള്ളിയിലൊക്കെ എല്ലാവരും എന്നെ പുകഴ്ത്തി പറയുന്നത് കേട്ടിട്ടില്ലേ.നിന്റെ ഭാഗ്യമാണ് പെണ്ണേ എന്നെ പോലൊരാളുടെ ഭാര്യയായത്.”
“വല്ലാത്ത ഭാഗ്യം തന്നെ ,എന്നെ ഒരിക്കലും ജോജി മനസിലാക്കിയിട്ടില്ല.എന്റെ ആഗ്രഹത്തിന് നേർ വിപരീതമാണ് ജോജിയുടെ പ്രവർത്തികൾ എപ്പോഴും.”
ഓർത്തപ്പോൾ അവൾക്കു സങ്കടം വന്നു.
“കർത്താവേ എന്നെ കേൾക്കാൻ ആരുമില്ലല്ലോ.”
ഊണ് കഴിഞ്ഞതും ജോജി ക്ലബ്ബിലേക്ക് പോയി.ഇനി പത്തു മണി കഴിയും മടങ്ങി വരാൻ ,വെള്ളമടിയും ചീട്ടുകളിയുമില്ലെങ്കിൽ പിന്നെന്തോന്ന് ജീവിതം.അതാണ് ജോജിയുടെ ചിന്ത.
ഇങ്ങനെ പോയാൽ തനിക്കു ഭ്രാന്തു പിടിക്കുമെന്നു റീനയ്ക്കു തോന്നി തുടങ്ങിയിരുന്നു.
ആരോടും മിണ്ടാനില്ലാതെ ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക്, അമ്മായിയമ്മയുണ്ടായിരുന്നെങ്കിൽ പോരെടുക്കാമായിരുന്നു,കാമുകൻ ഉണ്ടായിരുന്നെങ്കിൽ അയാളോടൊത്തു കറങ്ങാൻ പോകാമായിരുന്നു.അവൾ പേപ്പർ എടുത്തു നോക്കി ,
പരസ്യം കണ്ടു.വിഷാദത്തിനു ആശ്വാസം.വിളിക്കേണ്ട നമ്പർ കൊടുത്തിരിക്കുന്നു.അവൾ ആ നമ്പറിലേയ്ക്ക് വിളിച്ചു.
ആരും ഫോണെടുത്തില്ല,രണ്ടാമതും വിളിച്ചു.എടുത്തില്ല എൻഗേജ്ഡ് ആണ്,ഇനി വിളിക്കാൻ വയ്യ,അവൾക്ക് സങ്കടം തോന്നി,എന്തോ തീരുമാനിച്ചുറച്ചു കൊണ്ടവൾ അവൾക്കു ഏറ്റവും ഇഷ്ടപെട്ട സാരിയെടുത്തു ഉടുത്തു,മുൻപിലെ നരച്ച മുടിയിഴകൾ മസ്ക്കാര കൊണ്ട് കറുപ്പിച്ചു.
ചുണ്ടിൽ ലിപ് ഗ്ലോസ് ഇട്ടപ്പോൾ ആകെയൊരു ചന്തം വെച്ച പോലെ.കൈകാലുകളിൽ നെയിൽ പോളിഷ് പുരട്ടി.മുടി ഫ്രഞ്ച് പ്ലേറ്റ് മോഡലിൽ കെട്ടി വച്ചു.ആകെയൊരു ആനച്ചന്തം കൈ വന്നു.കട്ടിലിന്റെ കാലിൽ കിടന്ന ചന്ദേരി സിൽക്കിന്റെ ഷാളെടുത്തു ഫാനിൽ കെട്ടി.താഴ്ത്തേക്കു വലിച്ചു ബലം നോക്കി.
ഇനി അവസാനമായി മകനെയൊന്ന് വിളിക്കാം,അവൻ ഫോണെടുക്കുന്നില്ല. നിരാശയും വേദനയും കൂടിയ പോലെ.ഫോൺ താഴെ വച്ച്,തടിയുടെ സ്റ്റൂൾ ഒരെണ്ണം ഹാളിൽ നിന്നും എടുത്തു കൊണ്ട് വന്നു.
സ്റ്റൂളിന്റെ മുകളിൽ കയറി ഷാളിന്റെ ബലം ഒരിക്കൽ കൂടി പരീക്ഷിച്ച് നോക്കി .എല്ലാം ഓക്കേയാണ്.അവൾ മുകളിലേയ്ക്കു നോക്കി പ്രാർത്ഥിച്ചു.കർത്താവിൻ്റെ ചിത്രത്തിലേക്ക് നോക്കി കൈകൂപ്പി.ഒടുവിലത്തെ പ്രാർത്ഥനയാണ്.
“നീയുമെന്നെ കൈ വിട്ടോ നാഥാ.”
കോളിങ് ബെൽ മുഴങ്ങി.വാതിൽ തുറക്കണമോ വേണ്ടയോ.ആരെങ്കിലും തല്ലി പൊളിച്ച് അകത്ത് കയറിയാലോ ,എല്ലാ പ്ലാനും തകരും.ബെഡ് റൂമിന്റെ വാതിൽ ചാരി അവൾ മുന്നിലേയ്ക്ക് നടന്നു.വാതിൽ തുറന്നു.മുന്നിലൊരു കൊച്ചു പെൺകുട്ടി .അവളുടെ കാൽമുട്ടുകൾ മുറിഞ്ഞിരിക്കുന്നു.വേദന അസഹ്യമാണെന്നു മുഖത്തെ ഭാവങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
“അയ്യോ, കുട്ടി ഏതാണ്.കൈകാലുകൾ മുറിഞ്ഞല്ലോ.”
റീന ഓടി പോയി കുട്ടിയെ എടുത്തു പൊക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി.അവളുടെ അനിഷ്ടം ഒന്നും നോക്കാതെ രണ്ടു മുട്ടും ക്ലീൻ ചെയ്തു മരുന്ന് വച്ചു.
“അയ്യോ ആൻ്റിയുടെ സാരിയിൽ ചോര ആയല്ലോ.ആൻ്റിയെ കാണാൻ എന്ത് ഭംഗിയാണ്.”
അപ്പോഴാണ് റീന അവളുടെ മുഖത്തേയ്ക്കു നോക്കിയത്.കവിളുകളിൽ കണ്ണുനീർ ഉണങ്ങി പിടിച്ചിരുന്നു.
” മോൾ എവിടുന്നാണ്,എങ്ങനെയാ മുട്ട് മുറിഞ്ഞത്. എന്താ മോൾടെ പേര് ”
കുട്ടി പുറകെയുള്ള റബ്ബർ തോട്ടത്തിലേക്ക് കൈ ചൂണ്ടി .
” എന്റെ പേര് മെർലിൻ .വീട് ഇവിടുന്നു കുറെ പോകണം.ഒരു കോളനിയിലാണ് ഞാൻ സ്കൂളിൽ പോകുന്നത് ഈ വീടിനു മുന്നിലൂടെയാണ്.കുന്നിറങ്ങി വന്നപ്പോൾ കുറെ തെരുവ് പട്ടികൾ എന്നെ ഓടിച്ചതാണ്.ഞാൻ ഓടി മറിഞ്ഞു വീണു.നേരെ ഈ വീട്ടിലേയ്ക്കു വന്നു.”
“നന്നായി.മോള് വല്ലതും കഴിച്ചോ?
ഒരു പാത്രത്തിൽ ചോറും മോര് കറിയും മീൻ വറുത്തതും ചിക്കൻ കറിയും എടുത്തു കുട്ടിക്ക് കൊണ്ട് കൊടുത്തു.
കുട്ടി കൈ പൊക്കി കാണിച്ചു.അവളുടെ കൈ വെള്ളയിൽ നിറയെ മുള്ളുകൾ കൊണ്ട് മുറിഞ്ഞിരുന്നു.റീന ചോറ് ആ അപരിചിതയായ പെൺകുട്ടിക്ക് വാരി കൊടുത്തു.അവസാനത്തെ നന്മ.പെട്ടെന്ന് തന്നെ രണ്ടു പേരും നല്ല സുഹൃത്തുക്കളായി.
“മെർലിന്റെ അപ്പനും അമ്മയും എന്ത് ചെയ്യുകയാണ്.”
“എനിക്ക് അമ്മയില്ല.അപ്പയെ ആന്റിക്കറിയാം,ആന്റിയുടെ കൂടെ പഠിച്ചതാണെന്നു അപ്പൻ പറഞ്ഞിട്ടുണ്ട്.അപ്പൻ ജോസ് പെയിന്റ് പണിയാണ്.”
“അയ്യോ മെറീനയുടെ മോളാണോ നീ.അവളെന്തിയേ ,കണ്ടിട്ട് കുറെയായി .”
“അമ്മ ഇല്ല ആന്റി ,മരിച്ചു പോയി.അപ്പനോട് പിണങ്ങി അമ്മ തൂങ്ങി മരിച്ചതാണ്.അപ്പന് എന്നെ ജീവനാണ്.ആദ്യമൊക്കെ എന്നെ അപ്പൻ ശ്രദ്ധിക്കുമായിരുന്നു.പിന്നെ പിന്നെ അപ്പൻ കുടി തുടങ്ങി.ഞാൻ ഒറ്റയ്ക്കായി.മക്കളെ തനിച്ചാക്കി പോകുന്ന അപ്പനും അമ്മയ്ക്കും അറിയില്ലല്ലോ ജീവിയ്ക്കുന്ന കുട്ടികളുടെ അവസ്ഥ.”
റീന കുറ്റബോധത്തോടെ കുനിഞ്ഞിരുന്നു.കുട്ടി പറയുന്ന വാക്കുകൾ തീക്കാറ്റായി അവളുടെ കാതിൽ പതിയ്ക്കുന്നു.
“ആന്റി ,ജനാലയിലൂടെ ഞാൻ കണ്ടിരുന്നു ,ആന്റി ഫാനിൽ കുടുക്കിയ കുരുക്ക്.അത് കണ്ടു പേടിച്ചു ഞാൻ മടങ്ങാൻ പോയതാണ്.ആന്റിയുടെ മകനും എന്റെ അവസ്ഥയുണ്ടാകുമെന്നോർത്തപ്പോൾ ,സങ്കടം തോന്നി.അരുത് ആന്റി.ദൈവം തന്ന ഈ ജീവൻ നശിപ്പിക്കാൻ നമുക്കെന്തു അവകാശം. ഇത് പറയാൻ വേണ്ടിയാണു ആന്റി ഞാൻ മടങ്ങി വന്നത്.”
റീനയുടെ കണ്ണുനീർ അവൾ തുടച്ചു മാറ്റി.
“ഞങ്ങളെ പോലെ പാവങ്ങളുടെ വിചാരം ഇത് പോലെയുള്ള വലിയ വീടുകളിൽ താമസിക്കുന്നവർ ഭാഗ്യവാന്മാർ ആണെന്നാണ്.”
“ഭാഗ്യം ഉള്ളത് സ്നേഹമുള്ളിടത്താണ്,പണമുള്ളിടത്തല്ല കുട്ടി.”
സന്ധ്യ ആകുവോളം മെർലിൻ റീനയുടെ കൂടെ കൂടി .അവർ ഒന്നിച്ചു ചെടികൾ നനയ്ക്കുകയും നായ്ക്കുട്ടികളെ കുളിപ്പിക്കുകയും ചെയ്തു.
“മോള് പോകുന്നില്ലേ,അച്ഛൻ തിരക്കില്ലേ.”
“അപ്പൻ ബോധം പോകുന്നത് വരെ കുടിച്ചിട്ട് മടങ്ങൂ.വന്ന നേരെ പായിൽ കിടന്നുറങ്ങും.രാത്രിയിൽ ഞാൻ വീട്ടിൽ തങ്ങാറില്ല .”
“അതെന്താ ,അപ്പൻ തിരക്കില്ലേ.”
“ബോധമില്ലാത്ത അപ്പന് എന്നെക്കുറിച്ച് ഓർമ്മ കാണില്ല.അപ്പനെ വീട്ടിലാക്കാനെന്ന വ്യാജേനെ കൂടെ വരുന്നവർക്ക് എന്നെയാണ് വേണ്ടത് ആന്റി.
ഞാൻ ഒരിക്കൽ പെട്ട് പോയതാണ്,കയ്യിൽ കടിച്ചു മുറിച്ചു ഓടിയ ഞാൻ കുന്നിൻ മുകളിലെ ഇടിഞ്ഞു പൊളിഞ്ഞ അമ്പലത്തിലാണ് ആ രാത്രി തങ്ങിയത്.രാത്രിയിൽ ആളെ മനസിലായില്ലെങ്കിലും ,ആ മുറിപ്പാടുകൾ നോക്കി പകൽ വെളിച്ചത്തിൽ ആളുകളെ മനസിലാക്കും.”
“മോള് കുന്നിൻപുറത്തൊന്നും പോകണ്ട,ഇവിടെ തങ്ങാം ,ഞാൻ വീടിന്റെ പുറകിലെ ചായ്പ്പിന്റെ താക്കോൽ തരാം.ആവശ്യമുള്ളപ്പോൾ അവിടെ തങ്ങിക്കോ, മെറീനയുടെ മകൾ ഇവിടെ സേഫ് ആണ്.”
അന്ന് മുതൽ റീനയുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.മെർലിന് വേണ്ടി അവളുടെ അപ്പനെ പോയി കണ്ടു,അവളുടെ പഠനത്തിനാവശ്യമായ ബുക്കുകൾ വാങ്ങി നൽകി.മെർലിനെ സംരക്ഷിക്കുവാനും കേൾക്കുവാനും ഒരാൾ അമ്മയുടെ സ്ഥാനത്തു വേണമെന്ന് തോന്നിയപ്പോൾ ആ സ്ഥാനം അവൾ സർവാത്മനാ സ്വീകരിച്ചു.അവൾ മെർലിന് അമ്മയായി ,ടീച്ചറായി.
റീനയിൽ വന്ന മാറ്റം കണ്ടു ജോജിയും മകനും അത്ഭുതപ്പെട്ടു.ഇപ്പോഴും ഭർത്താവിനെയും മകനെയും കുറിച്ച് പരാതിയുമായി നടന്ന അവൾക്കിതെന്തു പറ്റിയെന്നു രണ്ടുപേരും അതിശയിച്ചു.ഇപ്പോൾ അവൾ ജോജിയുടെ പിറകെ നടക്കാറില്ല.
“നിനക്കിതെന്താ പറ്റിയത്. എന്റെ കാര്യത്തിൽ പഴയ ശ്രദ്ധയൊന്നുമില്ലല്ലോ.”
“ജോജി,നിങ്ങൾ കരുത്തനാണ്,നിങ്ങൾക്ക് ഞാനില്ലെങ്കിലും ഒറ്റയ്ക്ക് ജീവിയ്ക്കാൻ കഴിയും.എന്റെ മനസ്സിൽ ഇപ്പോൾ മെർലിനാണ്.അബലയായ ഒരു പെൺകുട്ടിയാണ്,അവളെ സംരക്ഷിക്കണം.എനിക്കവളെ ഇപ്പോളെന്റെ മകളാണെന്ന് തോന്നാൻ തുടങ്ങി.”
“ഇങ്ങനെയുള്ളവർക്കാണ് അനാഥ മന്ദിരങ്ങളൊക്കെ തുറന്നു വച്ചിരിക്കുന്നത്. നമ്മളെന്തിനാ ആവശ്യമില്ലാത്ത തലവേദന ഏറ്റെടുക്കുന്നത്.”
“കാരണം,ഒരു പക്ഷെ അന്നവൾ എന്നെ കാണാൻ വന്നില്ലായിരുന്നെങ്കിൽ നിങ്ങളുടെ മകനും അവളെ പോലെ അമ്മയെ നഷ്ടപ്പെട്ട് ജീവിക്കേണ്ട ഒരു അവസ്ഥയുണ്ടായേനെ.ദുഃഖം വരുമ്പോൾ കേൾക്കാനൊരു ആളുണ്ടാകുക എന്നത് ഒരു ഭാഗ്യമാണ്.
എനിക്കതുണ്ടായില്ല.പക്ഷെ ഇപ്പോൾ പലരുടെയും ദുഃഖങ്ങൾ കേൾക്കാൻ ഞാൻ തയാറാണ് .എനിക്കില്ലാത്തതു മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയുന്നതല്ലേ യഥാർത്ഥ മനുഷ്യത്വം.”
താൻ എന്നും ചവിട്ടി മെതിയ്ക്കുന്ന ഭാര്യയാണ് തന്റെ കരുത്തെന്ന് ജോജിയ്ക്ക് മനസ്സിലാകാൻ തുടങ്ങിയിരുന്നു.അവൾ ഇല്ലാത്ത അവസ്ഥ താൻ എങ്ങിനെ മറികടക്കും എന്ന ചിന്തകൾ അയാളെ വേവലാതിപ്പെടുത്തി.
അവളെ തേടി അയാൾ അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ അവളോട് കളിച്ച് ചിരിച്ച് കാര്യം പറയുന്ന ഒരു പത്തു വയസുകാരിയെ അയാൾ കണ്ടു.തന്റെ കൈത്തണ്ടയിലെ ഉണങ്ങി തുടങ്ങിയ പല്ലിന്റെ പാടുകൾ അയാൾ കൈകൊണ്ടു അമർത്തി തടവി.അയാളെ കണ്ട് മെർലിൻ നടുങ്ങുന്നത് റീനയുടെ ശ്രദ്ധയിൽ പെട്ടു.
മെർലിനെ സ്വന്തം ജീവൻ കൊടുത്തും സംരക്ഷിക്കുന്ന അമ്മ മനസ്സുമായി മെർലിൻ അവളെ കൊഞ്ചി ച്ചു കൊണ്ടിരുന്നു.