കറുമ്പി തള്ള
(രചന: ശ്യാം കല്ലുകുഴിയില്)
” എടാ…. ഒരു ബീഡി തന്നേടാ… ”
തലയിൽ ചുമന്നു കൊണ്ടുവന്ന പുല്ല് തൊഴുത്തിലെ ഒരു മൂലയിലേക്കിട്ടുകൊണ്ട്, മാറിലെ തോർത്ത് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, തലയിലും പുറത്തുമിരുന്ന പുല്ല് തട്ടി കുടഞ്ഞു കൊണ്ടവർ തറയിൽ കാലും നീട്ടിയിരുന്നു ….
” ബീഡിയും വലിച്ച് ഇവിടിരുന്നു മോങ്ങാൻ ആണെങ്കി തള്ളേ…. ”
അത് പറഞ്ഞ് നിർത്തി രഘു ഒരു ബീഡിയും തീപ്പട്ടിയും അവർക്ക് നേരെ നീട്ടി….
” താടാ….. ”
രഘുവിന്റെ കയ്യിൽ നിന്ന് വാങ്ങിയ ബീഡി മൂക്കിനോട് അടുപ്പിച്ചവർ മണപ്പിച്ചു…
ഒരു നിമിഷം അവർ കണ്ണടച്ച് ഇരിക്കുമ്പോൾ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി, പെട്ടെന്നെന്തോ ഓർത്തെടുത്ത പോലെ, അവർ കയ്യിലിരുന്ന ബീഡി ചുണ്ടിലേക്ക് അടുപ്പിച്ചു കത്തിച്ചു….
ബീഡി വലിച്ച് പുറത്തേക്ക് ഊതിയ പുകയ്ക്കൊപ്പം വന്ന ചുമയെ അവർ അടക്കി പിടിച്ചു… ഒന്നുകൂടി വലിക്കുമ്പോഴേക്കും അടക്കി വച്ച ചുമ പുറത്തേക്ക് വന്നുകഴിഞ്ഞിരുന്നു….
എരിയുന്ന ബീഡി, വിരലുകൾക്ക് ഇടയിൽ വച്ച് ചുമയ്ക്കൊപ്പം നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ടവർ ഭിത്തിയിൽ ചാരി ഇരിക്കുമ്പോൾ പിന്നേയും ഓർമ്മകൾ പുറകിലേക്ക് സഞ്ചിരിച്ച് തുടങ്ങി…
നന്നേ കറുത്തിരുന്ന അവരെ വീട്ടുകാരും നാട്ടുകാരുമൊക്കെ വിളിച്ചിരുന്നത് കറുമ്പിയെന്നായിരുന്നു, കുഞ്ഞുനാളിലെ പുന്നാരിച്ചുള്ള ആ വിളിയിൽ ആദ്യമൊക്കെ സന്തോഷിച്ചെങ്കിലും, പതിയെ പതിയെ ആ വിളി ആ കുഞ്ഞു മനസ്സിൽ ഉണ്ടാക്കിയ വേദന മാത്രം ആരുമറിഞ്ഞില്ല….
പള്ളിക്കൂടത്തിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ വേലായുധൻ മാഷാണ് അവർക്ക് നളിനിയെന്ന പേരിട്ടത്, എന്നാലും കുട്ടികൾക്കൊക്കെ അവൾ കറുമ്പി തന്നെയായിരുന്നു. ടീച്ചറന്മാരും ആ പേര് വിളിച്ച് തുടങ്ങിയപ്പോഴാണ് പഠിത്തം മതിയാക്കിയത്…
” കറുമ്പിക്കങ്ങനെ വെളുത്തൊരു സുന്ദരകുട്ടപ്പനെ തന്നെ കിട്ടിയല്ലോ….”
അവളെക്കാൾ വെളുത്ത് മെലിഞ്ഞയാ മനുഷ്യൻ പെണ്ണ് കാണാൻ വന്നത് മുതൽ അവരത് കേൾക്കാൻ തുടങ്ങി, അതുകൊണ്ട് തന്നെ അയാളെ അവർക്ക് ഇഷ്ടമായതുമില്ല….
” കാണാനൊരു ചന്തവുമില്ല, പഠിക്കാനും പോയിട്ടില്ല, ഇങ്ങനെയൊരു ആലോചന വന്നത് തന്നെ നിന്റെ ഭാഗ്യം, ആ ചെറുക്കന് ഇഷ്ട്ടമായത് അതിലും ഭാഗ്യം…. അമ്മേം മോളും ഞാൻ പറയുന്നതനുസരിച്ച് നിന്നോളണം…. ”
പണ്ടേ അച്ഛന്റെ നിഴൽ കണ്ടാൽ പോലും പേടിച്ചിരുന്ന അവർ, അമ്മയേയും കൂട്ട് പിടിച്ചാണ് കല്യാണത്തിന് ഇഷ്ടമല്ലെന്ന കാര്യം അച്ഛനോട് പറയാൻ പോയത്. അച്ഛന്റെ തീരുമാനം മാറാൻ പോകെന്നില്ലെന്നറിയുന്നത് കൊണ്ടവൾ ആ മനുഷ്യന് മുന്നിൽ തല കുനിച്ചു കൊടുക്കുകയായിരുന്നു …
പിനെയുള്ള ദിവസങ്ങളിൽ എല്ലാ ദേഷ്യവും, സങ്കടവും തീർത്തത് ആ മനുഷ്യനോടായിരുന്നു, എന്നാലും മറുത്തൊന്നും പറയാതെ പുഞ്ചിരിയോടെ രാമുവിരിക്കും….
ഒരു ദിവസം ഉച്ചകഴിഞ്ഞ് രാമു വീട്ടിലെത്തുമ്പോൾ കൂടെയൊരു പശുക്കിടാവും ഉണ്ടായിരുന്നു. പിന്നെയുള്ള അവരുടെ കൂട്ട് ആ കിടാവായിരുന്നു, അതിന്റെ പുറത്ത് തലോടി ഓരോന്ന് പറയുമ്പോൾ സ്നേഹത്തോടെ കയ്യിൽ നക്കി ചേർന്ന് നിൽക്കുന്നത് അവർക്കൊരാശ്വാസം തന്നെയായിരുന്നു…
രാവിലെ പുല്ല് ചെത്താൻ പോകുന്ന രാമുവിനോപ്പം പോയതാണ് അവർ ഒരുമിച്ചുള്ള ആദ്യയാത്ര, കുറ്റിച്ചെടിയിലും മുള്ളിലും കൊണ്ട് മുറിഞ്ഞ കൈകൾ ആദ്യം വേദന ആയിരുന്നെങ്കിലും പതിയെ അതിനെയും അവർ ഇഷ്ടപ്പെട്ടു തുടങ്ങി…
പുല്ലും കൊണ്ട് വന്നിട്ട്, തലേദിവസം വെള്ളമൊഴിച്ചിട്ട് ചോറും, മീൻ കറിയും, കപ്പയും കൂടി ഒരു കുഴിയാൻ പാത്രത്തിലിട്ടിളക്കി ഒരു കഴിപ്പുണ്ട്, ഒപ്പം എരിവുള്ള പച്ച മുളകുംകാണും, അത് കാണുമ്പോൾ തന്നെ അറിയാതെ വായിൽ വെള്ളം നിറയും, ആ മനുഷ്യനോടവർക്ക് അസൂയ തോന്നിയിട്ടുള്ളത് ആ ഒരു കാര്യത്തിൽ മാത്രമാണ്….
വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ഒരുപാട് പശുക്കളും കിടാങ്ങളും അവരുടെ ജീവിതത്തിൽ മാറി മാറി വന്നിട്ടും മാറ്റം ഇല്ലാതിരുന്നത് ആ മനുഷ്യനോട് മാത്രമായിരുന്നു. എന്നാലും ഒന്നിനോടും ഒരു പരിഭവും കാണിക്കാതെ ആ മനുഷ്യൻ എന്നും അവർക്കൊപ്പം ഉണ്ടായിരുന്നു ….
” നളിനി,,, നെഞ്ചിന് വല്ലാത്തൊരു വേദനയെടുക്കുന്നടി … ”
അന്നൊരു ദിവസം പുല്ല് കൊണ്ട് വന്നിട്ടയുടനെ അതും പറഞ്ഞ് ആ മനുഷ്യൻ തറയിലേക്ക് വീഴുമ്പോൾ അവർ അറിഞ്ഞില്ല അത് അവസാനത്തെ വിളിയാണെന്ന്…..
ആ മനുഷ്യൻ അവരുടെ മടിയിൽ കിടന്ന് മരിക്കുമ്പോൾ വല്ലാത്ത മരവിപ്പ് ആയിരുന്നു, എന്ത് ചെയ്യണമെന്ന് അറിയാതെ ആ മുഖത്ത് നോക്കി ഇരിക്കുമ്പോൾ കരയാൻ പോലുമവർ മറന്നിരുന്നു.
ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്തയവൾ തന്നെ രാമുവിന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ അവർക്ക് സങ്കടമൊന്നും തോന്നിയില്ല….
പിറ്റേന്ന് രാവിലെ തൊഴുത്തിലേ മച്ചിന്മേലിരുന്ന അരിവാൾ എടുക്കുമ്പോഴാണ് അപ്പുറം ഇരിക്കുന്ന മനുഷ്യന്റെ അരിവാൾ അവരെ സങ്കടപ്പെടുത്തിയത്.
അതുവരെ ആരെയും ഭയക്കാതെ നടന്നിരുന്നെങ്കിൽ അന്ന് ആദ്യമായി ഓരോ ചുവട് വയ്ക്കുമ്പോഴും അവരുടെ മനസ്സിൽ വല്ലാതെ ഭയം ഉടലെടുത്തിരുന്നു….
പുല്ല് എല്ലാം കൂടി കെട്ടി ഉയർത്തി തലയിൽ വയ്ക്കാൻ കഴിയാതെ വന്നപ്പോൾ ആ മനുഷ്യൻ കൂടി ഉണ്ടായിരുന്നെങ്കിലെന്നവർ ആദ്യമായി കൊതിച്ചു പോയി.
എങ്ങനെയൊക്കെയോ പുല്ല് കൊണ്ട് തൊഴുത്തിൽ ഇടുമ്പോൾ അന്ന് ആദ്യമായി ക്ഷീണിച്ച് തറയിൽ ഇരുന്നുപോയി. ആ ക്ഷീണം ശരീരത്തെക്കാൾ തളർത്തിയതവരുടെ മനസ്സിനെയായിരുന്നു….
തൊഴുത്തിലെ തറയിൽ കിടക്കുന്ന ആ മനുഷ്യന്റെ ബീഡി പാക്കറ്റ് കണ്ടപ്പോൾ ആദ്യം അതെടുത്ത് മണപ്പിക്കാനാണവർക്ക് തോന്നിയത്, ആ മനുഷ്യനും അതേ മണമായിരുന്നെന്നവർ ഓർത്തു…
ചുണ്ടിൽ വച്ച് അന്ന് ആദ്യമായി ബീഡി കത്തിക്കുമ്പോൾ നെഞ്ചിലൊരു വേദനയ്ക്കൊപ്പം കണ്ണും നിറഞ്ഞൊഴുകി തുടങ്ങി.
ആദ്യം പുക വലിക്കുമ്പോൾ ചുമ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അത് വക വയ്ക്കാതെ പിന്നേയും പിന്നേയും ആ ബീഡി വലിക്കുമ്പോൾ അത് വരെ തൊണ്ടക്കുഴിയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വന്നു, അന്ന് ആ തൊഴുത്തിൽ കിടന്ന് മനസ്സിനാശ്വാസം കിട്ടുന്നത് വരെ അലറി കരയുമ്പോൾ ആ മനുഷ്യന്റെ മണമുള്ള ഷർട്ടവർ ചേർത്ത് പിടിച്ചിരുന്നു…
” ദേ ഇത് കഴിക്ക്… നല്ല കപ്പയാ.. മുളകും ഉണ്ട്…. ”
അതും പറഞ്ഞ് രഘുവിന്റെ ഭാര്യ ഒരു പാത്രം അവർക്ക് നേരെ നീട്ടുമ്പോഴാണ് അവർ ഓർമ്മകളിൽ നിന്ന് കണ്ണുനീർ തുടച്ചുകൊണ്ട് ഉണർന്നത്….
വിരലുകൾക്കിടയിലിരുന്ന എപ്പോഴോ തീ കെട്ട് പോയ ബീഡി കുറ്റി മുറ്റത്തേക്കെറിഞ്ഞ്, അവൾ വച്ചു നീട്ടിയ പുഴുങ്ങിയ കപ്പ അവർ വാങ്ങി അരികിൽ വച്ചു. അതിന്റെ ഒരു വശത്ത് വച്ചിരുന്ന മുളകിൽ മുക്കി അത് കഴിക്കുമ്പോൾ എരിവ് തൊണ്ടയിലൂടെ എരിഞ്ഞ് താഴേക്ക് പോകുന്നതവർ അറിഞ്ഞു…
” മോളെ ആ കട്ടൻ കൂടി ഇങ്ങെടുത്തോ… ”
അവൾ ഉള്ളിലേക്ക് വിളിച്ചു പറയുമ്പോൾ പെറ്റിക്കോട്ടിട്ട ഇരുണ്ട നിറമുള്ള പെൺകുട്ടി അവർക്ക് നേരെ കട്ടൻ ചായയുടെ ഗ്ലാസ്സുമായി വന്നു, ആ കുഞ്ഞിനെ നോക്കിയവർ ചിരിച്ചുകൊണ്ട് അത് വാങ്ങി കുടിച്ചു…
” ദേ നോക്കടി കറുമ്പി, നിന്നെനോക്കി കറുമ്പി തള്ള ചിരിക്കുന്നു…”
രഘുവിന്റെ ഭാര്യ അത് പറഞ്ഞതും അവർ മുന്നിലിരുന്ന കപ്പയുടെ പാത്രവും, കട്ടനും അവൾക്ക് മുന്നിലേക്ക് നീക്കി വച്ച് എഴുന്നേറ്റു…
” ഇത് കഴിച്ചിട്ട് പോ തള്ളേ….” രഘുവിന്റെ ഭാര്യ പറഞ്ഞപ്പോൾ അവർ ദേഷ്യത്തോടെ അവളെ നോക്കി……
” വിളിക്കുന്നവർക്ക് എന്തേലും വിളിച്ചാൽ മതി കേൾക്കുന്നവർക്കേ അതിന്റെ വേദന അറിയുള്ളു…. ” അവരത് പറയുമ്പോൾ രഘുവിന്റെ ഭാര്യ ഒന്നും മനസിലാകാതെ അവരെ നോക്കി നിന്നു….
” നിന്റെ മോളുടെ കാര്യം തന്നെയാ പറഞ്ഞത്… ”
അത് പറഞ്ഞവർ രഘുവിന്റെ മോളുടെ അടുക്കലേക്ക് ചെന്ന് ആ കുട്ടിയുടെ തലമുടിയിൽ തഴുകി ചേർത്ത് പിടിച്ച് നിന്നു…
” നിങ്ങളൊരു തമാശയ്ക്ക് ആകും വിളിക്കുന്നത്,,,,,പക്ഷേ,,,,, അത് മറ്റുള്ളവരുടെ മുന്നിൽ വച്ച് കേൾക്കുമ്പോൾ ആ കുഞ്ഞ് മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…. ”
അവരത് പറയുമ്പോൾ രഘുവിന്റെ ഭാര്യ സ്വന്തം മോളുടെ നോട്ടം നേരിടാൻ കഴിയാതെ തലകുമ്പിട്ട് നിന്നു….
” ആരോ തുടങ്ങിവച്ച ആ കളിയാക്കലിന്റെ പേരിൽ, മറ്റുള്ളവരുടെ മുന്നിലെങ്ങും ചെന്ന് നിൽക്കാൻ കഴിയാതെ, ഒരായുസ്സ് മുഴുവൻ ഒന്ന് ചിരിക്കാൻ പോലും കഴിയാതെ, കെട്ടി കൂടെ കൂട്ടിയവനോട് സ്നേഹത്തോടെ ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ,,,, ഒരു ജന്മം മുഴുവൻ ഇങ്ങനെ ആർക്കും വേണ്ടാതെ….. ”
അത് പറയുമ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങിയിരുന്നു….
” ഈ മോളും എന്നെപ്പോലെയൊരു കറുമ്പി തള്ളയാകരുത്…. ” അത് പറഞ്ഞവർ മോളുടെ മുടിയിൽ തഴുകി നടക്കുമ്പോൾ, ഒന്നും മിണ്ടാൻ കഴിയാതെ രഘുവിന്റെ ഭാര്യ മോളെ ചേർത്ത് പിടിച്ചു നിന്നു…
” കറുമ്പി തള്ളേ എങ്ങോട്ടാ….. ”
അവർ വീട്ടിലേക്ക് നടക്കുമ്പോൾ പിന്നെയും ആരൊക്കെയോ അവർക്ക് ഇഷ്ടമല്ലാത്ത ആ പേര് വിളിച്ച് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു………