ആഗ്രഹിച്ചപ്പോഴൊന്നും അവന്റെ ഒരു ചേർത്തുപിടിക്കലോ തലോടലോ അവൾക്ക് ലഭിച്ചില്ല. വിവാഹശേഷം വന്നു പോയ ആഘോഷ ദിവസങ്ങൾ ഒന്നു പോലും അവൾ പിന്നീട് മറന്നതേയില്ല..

നിഷേധി
(രചന: Nisha L)

ഒരുപാട് നിറമുള്ള സ്വപ്‌നങ്ങളോടെയും പ്രതീക്ഷകളോടെയുമായിരുന്നു അവൻ ചാർത്തിയ വരണമാല്യമണിഞ്ഞവൾ

വലതുകാൽ വച്ച് അവന്റെ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയത്. അവൾ ഇരുപതുകാരിയും അവൻ മുപ്പതുകാരനും.

“കുറച്ച് പ്രായം കൂടുതലുള്ളത് നല്ലതാടി അവൻ നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളും..”

കൂട്ടുകാരികളുടെ കളിവാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചു.

പക്ഷേ… അവളുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറം മങ്ങാൻ അധികം താമസമുണ്ടായില്ല.

മറ്റുള്ളവരുടെ പൊയ്വാക്കുകൾ കേട്ട് വിചാരണയേതും കൂടാതെ അവൻ അവൾക്ക് ശിക്ഷ വിധിച്ചു കൊണ്ടിരുന്നു. മാനസികമായും ശാരീരികമായും…

ആഗ്രഹിച്ചപ്പോഴൊന്നും അവന്റെ ഒരു ചേർത്തുപിടിക്കലോ തലോടലോ അവൾക്ക് ലഭിച്ചില്ല.

വിവാഹശേഷം വന്നു പോയ ആഘോഷ ദിവസങ്ങൾ ഒന്നു പോലും അവൾ പിന്നീട് മറന്നതേയില്ല..

കാരണം ആഘോഷ ദിവസങ്ങളിൽ ഒക്കെയും അവനും അവൾക്കുമായി അവളുടെ വീട്ടുകാർ ഒരുക്കിയ സദ്യകൾ പിറ്റേന്ന് പഴഞ്ചോറായി രൂപാന്തരപ്പെട്ടു കൊണ്ടിരുന്നു..

കാരണങ്ങൾ ഇല്ലാതെയും കാരണങ്ങൾ ഉണ്ടാക്കിയും അവളുടെ വീട്ടിലേക്കുള്ള പോക്കുകൾ അവൻ മുടക്കി കൊണ്ടിരുന്നു..

കിടപ്പറയിലെ ഇണചേരൽ സമയത്തുമാത്രം അവനവളെ ചേർത്തുപിടിച്ചു,, തഴുകി,, തലോടി,, ചുംബിച്ചു…

അവന്റെ നെഞ്ചിൽ ഒന്ന് മുഖമമർത്തി കിടക്കാൻ അവൾ വല്ലാതെ കൊതിച്ചപ്പോഴൊക്കെ.. .

“എന്റെ ദേഹത്ത് ആരെങ്കിലും തൊട്ടു കിടന്നാൽ എനിക്ക് ശ്വാസം മുട്ടും..”

എന്നൊരു പാഴ്വാക്ക് പറഞ്ഞവളുടെ ആഗ്രഹങ്ങളെ അവൻ മുളയിലേ നുള്ളിക്കളഞ്ഞു…

ശാസനകളും വഴക്കുകളും അതിരുകടന്ന് അവളുടെ മാതാപിതാക്കളെ ചീത്ത വിളിക്കുന്ന അവസരം എത്തിയപ്പോഴാണ് അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ആ കൊച്ചു നിഷേധി പുറത്തുചാടിയത്..

അന്നവൾ ആദ്യമായി പൊട്ടിത്തെറിച്ചു,, പൊട്ടിക്കരഞ്ഞു…

എന്നാൽ അവളുടെ വികാരവിക്ഷോഭങ്ങൾ ഒക്കെയും അവൻ ഒരു പുച്ഛത്തോടെ നോക്കി നിന്നു.. മാത്രവുമല്ല അവൻ പിന്നീട് ആ വിളികളൊക്കെ സ്ഥിരമാക്കുകയും ചെയ്തു…

പിന്നെ…. പിന്നെയെപ്പോഴോ അവളിലെ നിഷേധി ഉറക്കത്തിലാണ്ടു ..

അവൾ നിസ്സഹായതയെ കൂട്ടുപിടിച്ചു… തന്റെ മാതാപിതാക്കളെ ചീത്ത വിളിക്കുന്നത് അവന്റെ സംസ്കാര ശൂന്യതയായി കാണാൻ പഠിച്ചു..

അല്ലെങ്കിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലായതിനാൽ അവൾ ആ ശ്രമം ഉപേക്ഷിച്ചു ..

എന്തിനാണ് ഒരു കുടം കമഴ്ത്തിവെച്ചു അതിനു മേലെ വെള്ളം ഒഴിക്കുന്നത്… എന്ന ചിന്തയിൽ അവൾ നിശബ്ദയായി.

അങ്ങനെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയി…

ഇന്ന് അവൻ മധ്യവയസ്സിൽ എത്തിയിരിക്കുന്നു… അവൾ യൗവനത്തിലും.. കുട്ടികൾ വളർന്നു….

കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ പൊയ്മുഖങ്ങൾ പലതും അവന്റെ മുന്നിൽ അഴിഞ്ഞു വീണു…

അനുവാദം ചോദിക്കാതെ തളർച്ച മനസിലും ശരീരത്തിലും കടന്നു കയറ്റം നടത്തിയപ്പോൾ മാറ്റങ്ങൾ അവനിലുമുണ്ടായി.

ഇപ്പോൾ അവന് അവളോട് സഹതാപമാണ്,, സ്നേഹമാണ്,, പണ്ട് ചെയ്തുപോയതൊക്കെയോർത്ത് കുറ്റബോധമാണ്…

കിടപ്പറയിൽ അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു..

“പണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങണമെന്നു നീ പറയാറുണ്ടായിരുന്നുവല്ലോ… വരൂ നിന്നെ ഞാനൊന്ന് ചേർത്ത് പിടിക്കട്ടെ…”

“അതെ… പണ്ട്… വളരെ പണ്ട്… അന്ന് ഞാൻ ആഗ്രഹിച്ചപ്പോഴൊന്നും നിങ്ങൾ ചേർത്ത് പിടിച്ചില്ല.. ഇപ്പോൾ എനിക്ക് ആഗ്രഹവുമില്ല…

വർഷങ്ങളായി അവളിൽ ഉറങ്ങിക്കിടന്ന ആ നിഷേധി പതിയെ തലപൊക്കി പറഞ്ഞു..

ശേഷം തിരിഞ്ഞു കിടന്നവൾ ഉറക്കത്തിലേക്ക് കടന്നു. അവന്റെ മുഖത്ത് നിഴലിച്ച കുറ്റബോധം കാണാതെ…

ഇപ്പോൾ അവൻ അവളുടെ ഇഷ്ടങ്ങൾക്ക് പിറകെ നടക്കാനുള്ള ശ്രമം ആരംഭിച്ചു…

എന്നാൽ ഓർത്തെടുക്കാൻ പറ്റാത്ത വിധം അവളുടെ ഇഷ്ടങ്ങൾ അവൾ എന്നോ മറന്നു പോയിരുന്നു… അതിനാൽ അവന്റെ മാറ്റം അവൾ ശ്രദ്ധിച്ചതുമില്ല

“നീയെന്താ എന്നെ സ്നേഹിക്കാത്തെ… നിനക്ക് എന്നോട് ഒട്ടും സ്നേഹമില്ലേ…”?

ഒരിക്കലവൻ വിഷാദത്തോടെ അവളോട് ചോദിച്ചു. അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല…

പിന്നീട് ഒരിക്കൽ അവൻ അവളോട് പറഞ്ഞു…

“ഇനിയുള്ള ജന്മങ്ങളിലും നീ തന്നെ മതി എനിക്ക് ഭാര്യയായി..”

“എനിക്ക് വേണ്ട… എനിക്ക് ഈ ജന്മം തന്നെ നിങ്ങളെ വേണ്ട…പിന്നെയാണോ ഇനിയുള്ള ജന്മങ്ങളിൽ… ”

പ്രതികരിക്കാൻ തക്കം പാർത്തിരുന്ന മുറിവേറ്റ മൃഗത്തെ പോലെ അവളിലെ നിഷേധി ഉഗ്രരൂപിണിയായി പുറത്തു ചാടി അവനെ രൗദ്രഭാവത്തിൽ നോക്കി…

അതിന്റെ ചൂടിൽ അവന്റെയുള്ളിൽ കുറ്റബോധം ഉമിത്തീയായി വെന്തു നീറാൻ തുടങ്ങി..

“പിന്നെ എന്താണ് നിനക്കായ്‌ ഞാൻ ചെയ്യേണ്ടത്.. നമുക്ക് നിന്റെ വീട്ടിലൊന്ന് പോയി വന്നാലോ.. “?

“നമുക്കോ…?.. എന്റെ വീട്ടിലേക്കുള്ള യാത്രകളിൽ ഞാൻ മാത്രമായിട്ട് കാലമൊരുപാടായില്ലേ… ഇനിയും അങ്ങനെ തന്നെ മതി… ഞാൻ മാത്രം മതി… ”

കണ്ണുകളിൽ നീരുറവ പൊട്ടിയെങ്കിലും അത് പുറത്തു കാട്ടാതിക്കാതിരിക്കാൻ അവളിലെ ആ നിഷേധി വല്ലാതെ പാടുപെട്ടു..

“നീയാണെന്റെ ബലം… നീയില്ലാതെ എനിക്ക് പറ്റില്ല…” ക്ഷീണിത സ്വരത്തിൽ അവൻ പറഞ്ഞു..

“എനിക്ക് പറ്റും… നിങ്ങളില്ലാതെ എനിക്ക് പറ്റും.. നിങ്ങളെന്നല്ല ആരുമില്ലാതെയും എനിക്ക് ജീവിക്കാൻ പറ്റും… കാരണം ഞാൻ.. ഞാൻ മാത്രമാണെന്റെ ബലം..

അടിച്ചും തല്ലിയും ചീത്തവിളിച്ചും പതം വരുത്തി എന്നിലെ സ്ത്രീയുടെ ശക്തി വെളിവാക്കി തന്നതിന്… അതിന് മാത്രം.. ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു..

അവന്റെ മുഖത്തു വിരിഞ്ഞ ദയനീയ നോട്ടത്തെ പൂർണ്ണമായി അവഗണിച്ചു കൊണ്ടവൾ പ്രതിവചിച്ചു.

ഈ തവണ കുനിഞ്ഞു പോയ തന്റെ ശിരസ്സൊന്ന് ഉയർത്തി പിടിക്കാനാവാതെ ഒരു നോവിലവൻ നീറി പിടഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *