വിവാഹിതരേ ഇതിലേ ഇതിലേ
(രചന: നിത്യാ മോഹൻ)
തലേദിവസത്തെ ഉറക്കം ശരിയാവാത്തതു കൊണ്ടാവാം കണ്ണുകൾക്ക് വേദന തോന്നി ആദ്യം ശ്രീകാന്തിന്, അല്ലെങ്കിലും ഈ ഇടയായുള്ള അയാളുടെ തലവേദന അയാളിലെ ചിന്തകളെ വരെ കൊല്ലുന്നു.
ഓഫീസിലേക്ക് പോകുവാൻ റെഡിയാകുന്നതിനിടയിൽ അയാൾ നെറ്റിയിൽ തിരുമ്മിക്കൊണ്ട് വിളിച്ചു പറഞ്ഞു
” മീരാ, ആ ബാം ഒന്നെടുക്കൂ… നന്നായി തലവേദനിക്കുന്നു ”
‘ഇന്നിനി വയ്യെങ്കിൽ ലീവെടുക്കൂ ശ്രീ..ഇപ്പോൾ കുറച്ചായി എന്നും തലവേദന! ‘ ബാം കൊടുത്തുകൊണ്ടവൾ പറഞ്ഞു..
അതെങ്ങനെയാ രാത്രി മുഴുവൻ ലാപ്ടോപ് തുറന്ന് അതിനുള്ളിലല്ലായിരുന്നോ? നീരസത്തോടെ കൂട്ടിച്ചേർത്തു
മീരയുടെ ഈ മറുപടി അയാളെ ചൊടിപ്പിച്ചു.
” മീരാ…”
ഞാനാരോടും കൊഞ്ചിക്കുഴയുകയല്ലായിരുന്നു, ഓഫീസിലെ ചില അത്യാവശ്യ ഫയലുകൾ, അതും ഇന്ന് കംപ്ലീറ്റ് ചെയ്യേണ്ടവ റെഡിയാക്കുകയായിരുന്നു. എന്റെ ജോലിയുടെ പ്രഷർ അറിയുന്ന നീ തന്നെ ഇങ്ങനെ പറയണം ദേഷ്യത്തോടെയാണവൻ പറഞ്ഞത്.
” ഇത്രയും ദേഷ്യപ്പെടാൻ മാത്രം ഞാനൊന്നും പറഞ്ഞില്ല ശ്രീ ”
എനിക്കും ഓഫീസിൽ ഒരുപാട് വർക്കുണ്ട്, എന്നിട്ട് ഞാൻ അതൊക്കെ വലിച്ച് വീട്ടിൽ കൊണ്ടുവരുന്നുണ്ടോ?
ശ്രീയോ, ഓഫീസിലെ വർക്ക് അവിടെ തീർക്കാതെ..വീട്ടിലേക്കു കൊണ്ടുവരുന്നു.. ഒന്ന് സംസാരിക്കുവാൻ പോലും സമയമില്ല,..മുഖം വീർപ്പിച്ചു പിന്തിരിഞ്ഞ അവളെ സമാധാനിപ്പിക്കാതെ സ്വന്തം നെറ്റിയിൽ തന്നെ അയാൾ ശക്തമായി ഇടിച്ചു .
കിച്ചണിലെ പാത്രങ്ങളുടെ ശബ്ദം കൂടിയപ്പോൾ ശ്രീകാന്തിന് മനസ്സിലായി..അവൾ താൻ പറഞ്ഞതിന്റെ ദേഷ്യം തീർക്കുകയാണെന്ന്.
” നീ റെഡിയായോ മീരാ.. നമ്മുക്കിറങ്ങാം ?”
” ഞാൻ വന്നോളാം..എനിക്ക് കുറച്ച് പണി കൂടിയുണ്ട്..” അയാൾക്ക് മുഖം കൊടുക്കാതെയുള്ള പറച്ചിൽ പിണക്കത്തിന്റേതായിരുന്നു.
ആ പിണക്കം ഒരുമ്മയിൽ തീരില്ലെന്ന് ശ്രീകാന്തിന് മനസ്സിലായി..
അത് മാത്രമല്ല തന്റെ മനസ്സിൽ ഇരുണ്ടു കൂടുന്ന പലകാര്യങ്ങൾ കൊണ്ടുമാണ് ഇടയ്ക്കിടെ ഈ വഴക്കുണ്ടാകുന്നതെന്നും ചിന്തിച്ചു കൊണ്ട്, അയാൾ വാച്ചിലേക്ക് നോക്കി ധൃതി പിടിച്ച് വെളിയിലേക്കിറങ്ങി.
കാറിന്റെ ഹോൺ രണ്ടും മൂന്നും തവണ മുഴങ്ങിയിട്ടും അവളിറങ്ങി വന്നില്ല.. അയാൾ ഓഫീസിലേക്ക് തിരിച്ചു.
ഒരേ സ്ഥാപനത്തിൽ രണ്ട് ഡിപ്പാർട്മെന്റുകളിലായിയാണ് ശ്രീകാന്തും മീരയും വർക്കു ചെയ്യുന്നത്.
ഓഫീസിൽ വച്ച് രണ്ടുമൂന്നു തവണ മീരയെ കണ്ടെങ്കിലും അവൾ അയാളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല..അവളുടെ വാശി ശ്രീകാന്തിന് നന്നായി അറിയുന്നതാണ്.
” എന്താണ് ശ്രീ…. ഇന്ന് വൈഫ് ദേഷ്യത്തിലാണല്ലോ…?”
അവരുടെ പെരുമാറ്റം കണ്ട്കൊണ്ട് വന്ന സഹപ്രവർത്തക ജീവയുടെ കമന്റ്. മറുപടിയായി ശ്രീകാന്ത് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അല്ലെങ്കിൽ തന്നെ ജീവയുടെ ചില സമയത്തെ തൊടലും പിടിക്കലും അയാളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.
ഓഫീസിലെ ആണുങ്ങൾ മാത്രം കൂടുന്ന സദസ്സിൽ എന്നും സംസാര വിഷയം ജീവ എന്ന സുന്ദരിയാണ്.
ആർക്കും പിടികൊടുക്കാത്തവൾ, പക്ഷെ പണ്ട് തൊട്ടേ അവളുടെ ഉള്ളിൽ ശ്രീകാന്തിനോട് ഒരിഷ്ടമുണ്ട്, അത് തുറന്ന് പറയും മുൻപേ മീരയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ടും അവളുടെ മനസ്സിലുള്ള ആ ഇഷ്ടത്തിന് ഒരു കുറവുമില്ലായിരുന്നു.
ഓഫീസിലെ വർക്ക് സംബന്ധിച്ചു എന്ത് ഡൌട്ട് ഉണ്ടെങ്കിലും അവൾ ശ്രീകാന്തിനോട് മാത്രമാണ് ചോദിച്ചിരുന്നത്. ഓഫീസിൽ പൊതുവെ ഈ കാര്യം സംസാരവുമുണ്ട്, ജോലിത്തിരക്കിനിടയിൽ ശ്രീകാന്ത് ഈ കാര്യങ്ങളൊന്നും കാര്യമാക്കാറില്ല.
ശ്രീകാന്തിന്റെ അടുത്ത് വന്നു സ്വകാര്യം പറയുമ്പോലെ ജീവ വീണ്ടും ചോദിച്ചു
“എന്താ കാര്യം, ഒരു ഡിവോഴ്സ് പെട്ടെന്ന് പ്രതീക്ഷിക്കാമോ?”
അസ്വസ്ഥമായിരുന്നു, അയാളുടെ മനസ്സ് ഇതുകൂടി കേട്ടപ്പോൾ ദേഷ്യം ഇരച്ചു കയറി..സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു..
“അതേ, ഞങ്ങൾ ഡിവോഴ്സ് ചെയ്യാൻ തീരുമാനമുണ്ട്!!”
അയാൾ ടേബിളിലിരുന്ന ഫയലുകൾ തട്ടിയെറിഞ്ഞു!
സഹപ്രവർത്തകർ ചിലർ വന്ന് ശ്രീകാന്തിനെ പിടിച്ച് വെളിയിലേക്ക് കൊണ്ടുപോയി, അയാളുടെ ഭാഗത്തു നിന്നും പെട്ടെന്ന് ഇതുപോലെ പ്രതികരണമുണ്ടായപ്പോൾ ജീവ, ഭയന്ന് പോയി.. എല്ലാവരുടെയും നോട്ടം തന്നിലേക്കാണെന്നു മനസ്സിലായ അവൾ പെട്ടെന്ന്, അവിടെ നിന്നും സ്വന്തം സീറ്റിലേക്കു പോയി അതിനൊപ്പം ഇതുകൂടി ചേർത്തു.
“ചേരാത്തത് ചേർത്താൽ, ഡിവോഴ്സും അതിനപ്പുറവും നടക്കും.. അതൊക്കെ ബാക്കിയുള്ളവരെ പേടിപ്പിച്ചു ഇങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യാനാ ”
അവളുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് ആരും അധികം മൈൻഡ് ചെയ്യാതെ അവരവരുടെ ജോലിയിൽ മുഴുകി.
അന്ന് തിരിച്ച് പോരാൻ ഇറങ്ങുമ്പോൾ മീരയെ കണ്ടില്ലെന്നു മാത്രമല്ല, നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയെന്നും അറിയാൻ കഴിഞ്ഞു.
എല്ലാം കൂടി ചിന്തിച്ച് ശ്രീകാന്തിനു ഭ്രാന്ത് പിടിക്കും പോലെ തോന്നി.. പൂട്ടിയിട്ടിരിക്കുന്ന വീട് തുറന്ന് അവൻ അകത്തു കയറി, അവൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയിട്ടും എവിടെപ്പോയെന്നു അവൻ ചിന്തിച്ചു.
ഇന്ന് ഓഫീസിൽ നടന്ന ചെറിയ സംഭവം തന്നോട് അത്രയും സ്നേഹമുള്ള ചിലർ ഊതി പെരുപ്പിച്ച് അടുത്ത ഡിപ്പാർട്മെന്റ് വരെ എത്തിച്ചുവെന്നു ചിലരുടെ സംസാരത്തിൽ നിന്നും അയാൾക്ക് മനസ്സിലായിരുന്നു.
ഇനി അതറിഞ്ഞു അവൾ എന്നന്നേക്കുമായി തന്നെ വിട്ടു പോയോ.. ഇതൊന്നുമല്ല താനെന്നു ശരിക്കുമറിയുന്ന തന്റെ മീര, അവളെവിടെ.. ആകെ അസ്വസ്ഥനായി അവൻ കസേരയിലേക്ക് ചാരി..
പെട്ടെന്നാണ് ഡോർ തുറന്ന്, മീര അകത്തേക്ക് വന്നത്.
എവിടെയായിരുന്നു, എന്താണ് നീ വിചാരിക്കുന്നത് എന്നൊക്കെ അവളോട് ചോദിക്കും മുൻപേ.. ഇങ്ങോട്ട് ചോദ്യം വന്നു.
“എന്താ ശ്രീ ഇത്രയും ആലോചന!”
പെട്ടെന്നുള്ള മീരയുടെ ചോദ്യം അവന് അദ്‌ഭുതമായിരുന്നു, പൊതുവെ പിണങ്ങിയാൽ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും മിണ്ടാതിരിക്കുന്ന തന്റെ മീര ഇത്രയും പെട്ടെന്ന് എങ്ങനെ ഇണങ്ങി, അതും ഇന്ന് ഓഫീസിലെ ന്യൂസ് അറിഞ്ഞിട്ടുണ്ടാകും എന്നിട്ടും!
കസേര വലിച്ചിട്ട് അയാൾക്ക് അഭിമുഖമായി അവളിരുന്നു, മൗനം തളം കെട്ടിയിരുന്നു..
” ഡിവോഴ്സ് ആണോ ശ്രീയുടെ മൗനത്തിനു പിന്നിൽ?,” എങ്കിൽ എപ്പോൾ ഒപ്പിടണമെന്ന് മാത്രം പറഞ്ഞാൽ മതി.
അവളുടെ അടുത്ത ചോദ്യവും, ഉത്തരവും അയാളെ സങ്കടങ്ങളിലേക്ക് തള്ളിയിട്ടു.
“മീരാ”…. അയാളുടെ വിളി നേർത്തതും വേദന നിറഞ്ഞതുമായിരുന്നു.
മീര കസേരയിൽ നിന്നും എഴുന്നേറ്റു. അവന്റെ അരികിലായി ചെന്നിരുന്നു.
അവന്റെ കൈകൾ അവളുടെ കൈകലേക്ക് എടുത്തു വച്ചു,
” ആരെന്തു പറഞ്ഞാലും എന്റെ ശ്രീയെ എനിക്കറിയാം, ..!”
അവളുടെ ആ ഒരു തലോടൽ, ഒരു ആശ്വാസവാക്ക് അത് മതിയായിരുന്നു അവന്, തിരക്കിനിടയിൽ പരസ്പരം സംസാരിക്കുവാൻ പോലും അവർ മറന്നു തുടങ്ങിയിരുന്നു.
തികട്ടി വരുന്ന സങ്കടം, മിഴികൾ നിറയാതെ അയാൾ പിടിച്ച് വച്ചു.. അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു.. അയാളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതായി അവൾ അറിഞ്ഞു.
അവൾ കൂടുതൽ കൂടുതൽ അയാളെ ഇറുകെ പുണർന്നു..റൂമിലേക്ക് അവൾ അയാളുടെ കൈ പിടിച്ച് നടന്നു. ബെഡിൽ ഇരുവരും ചേർന്നിരുന്നു. മീര പതിയെ എഴുന്നേറ്റു,ടേബിളിൽ ബാഗ് വച്ചു, കയ്യിൽ ഉണ്ടായിരുന്ന ഫയലെടുത്ത് അവന് നേരെ നീട്ടി.
എന്തെന്നറിയാതെ ശ്രീകാന്ത് അത് വാങ്ങി, തുറന്ന് പേജുകൾ മറിച്ചു, ഫയലിലൂടെ അവന്റെ മിഴികൾ പാഞ്ഞു, നെഞ്ചിടിപ്പ് കൂടി.
ഫയൽ അടച്ച് അവൻ, അവളെ നോക്കി..ടേബിളിൽ ചാരി നിന്ന് അവന്റെ വെപ്രാളവും..
ആധിയും നോക്കി നിന്ന അവൾ വേഗം അവനരുകിൽ വന്ന് നിന്ന്, ഇരു കൈകൾ കൊണ്ടും മുഖം ചേർത്ത് പിടിച്ചു. നെറ്റിയിൽ ഒരായിരം ചുംബനങ്ങൾ നൽകി. പിടിച്ചു നിർത്തിയിരുന്ന സങ്കടങ്ങൾ മിഴികളിലൂടെ ഒഴുകിയിറങ്ങി.
തുടരെ തുടരെ വരുന്ന തലവേദന അവനിൽ സംശയം ഉളവാക്കിയിരുന്നു, അത് ഹോസ്പിറ്റലിൽ കാണിക്കും മുൻപ്..
നെറ്റിൽ സെർച്ച് ചെയ്ത് അതിൽ കാണുന്ന അസുഖങ്ങൾ ഉണ്ടോയെന്ന ആശങ്ക മനസ്സിൽ വച്ച് പെരിപ്പിച്ചു, ആരോടും പറയാതെ ഹോസ്പിറ്റലിൽ പോയി, ചെക്ക് ചെയ്തു കഴിഞ്ഞു.. റിസൾട്ട് എന്തായാലും ആരെയും അറിയിക്കരുതെന്നു ഡോ. മാലിനിയോട് കച്ച കെട്ടിയിരുന്നു..
പേടികൊണ്ട് അവന്റെ പ്രെഷർ കൂടിയതല്ലാതെ മറ്റൊരസുഖവും ഇല്ലെന്ന്, ചെക്ക് ചെയ്ത റിസൾട്ട് കണ്ട ഡോക്ടറിനു മനസ്സിലായി, ഇനിയും ഇങ്ങനെ പ്രെഷർ കൂടി പ്രശ്നം ഉണ്ടാകാതിരിക്കാൻ ഒന്നും മറയ്ക്കാതെ ഫാമിലി ഫ്രണ്ട് കൂടിയായ അവർ, മീരയ്ക്ക് ഫോൺ ചെയ്‌ത് വിവരങ്ങളെല്ലാം പറഞ്ഞു.
ഹോസ്പിറ്റലിൽ പോയത് കൊണ്ട് ലേറ്റ് ആയി വന്ന മീര…പക്ഷെ തന്നോടുള്ള പിണക്കം കൊണ്ടാണെന്നു കരുതിയ ശ്രീകാന്ത്..
ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരിപ്പിച്ച് ഇങ്ങനെ ഗതികേടിലായ ശ്രീയെപ്പോലെയാകുവാൻ ആർക്കും കഴിയും, ജോലി കഴിഞ്ഞു വന്നിട്ട് കുറച്ച് നേരമെങ്കിലും മനസ്സ് തുറന്നു പരസ്പരം സംസാരിക്കുവാൻ നമ്മൾ സമയം കണ്ടെത്തണം,
അങ്ങനെയെങ്കിൽ ഒരാളുടെ മുഖത്തെ ചെറിയ മാറ്റങ്ങൾ പോലും കൂടെയുള്ള മറ്റൊരാൾക്ക് മനസ്സിലാകും… സ്നേഹവും, സന്തോഷവും, സമാധാനവും, കരുതലും,ദുഃഖവും, ദാരിദ്ര്യവും എല്ലാമെല്ലാം പരസ്പരം പങ്ക് വയ്ക്കുന്നതാവണം ദാമ്പത്യം!
ശ്രീകാന്തിപ്പോൾ ഓഫീസിലെ വർക്കുകൾ വീട്ടിൽ കൊണ്ടുവരാറില്ല, അല്ലെങ്കിലും അയാൾ നോക്കിയിരുന്നത് വർക്കുകൾ അല്ലായിരുന്നുവല്ലോ.. ചെറിയ ചെറിയ സംശയങ്ങൾ പങ്ക് വയ്ക്കാതെ, പെരുപ്പിക്കുന്ന കുറേ സൈറ്റുകൾ നോക്കി മനസ്സ് നശിപ്പിക്കുകയല്ലായിരുന്നോ !
ജീവ ഇപ്പോഴും, “പട്ടിയുടെ വാൽ പന്തീരാണ്ട് കൊല്ലവും കുഴലിലിട്ടാൽ” എന്നുള്ള അവസ്ഥയിൽ തന്നെ
മീരയും ശ്രീയും നമ്മുടെ ചുറ്റിലുമുണ്ട്, ചിലപ്പോഴെല്ലാം നമ്മളിലും… ഒന്ന് ശരിക്കും ശ്രദ്ധിച്ചാൽ മതി കാണുവാൻ സാധിക്കും !