രചന : പ്രജിത്ത് സുരേന്ദ്രബാബു.
“ലിറ്റിൽ. ഫ്ളവർ ഓർഫനെജ്.. “ഗേറ്റിന് മുന്നിലെ വലിയ ബോർഡ് വായിച്ചു കൊണ്ടാണ് ജോസ് പതിയെ ഉള്ളിലേക്ക് കടന്നത്. ഗേറ്റിനോട് ചേർന്നുള്ള ചെറിയ മുറിയിൽ സെക്യൂരിറ്റി ഉണ്ടായിരുന്നു.
” ചേട്ടാ… ഇവിടെ ഓഫീസ് ഏത് ഭാഗത്താണ്.. ”
പാതി ഉറക്കത്തിലായിരുന്ന അയാൾ ജോസിന്റെ ആ ചോദ്യം കേട്ടാണ് ഞെട്ടി ഉണർന്നത്.
” ങേ… ഏ.. എന്തുവാ ചോദിച്ചേ.. “വെപ്രാളത്തിലയാൾ ചാടി എഴുന്നേറ്റു.” ചേട്ടാ.. ഓഫീസ് എവിടെയാണെന്നാ ചോദിച്ചേ.. ” ജോസ് ശാന്തനായി തന്നെ ചോദ്യം വീണ്ടും ആവർത്തിച്ചു.
” ആ.. ഓഫീസ് ദേ നേരെ പോയാൽ മതി ആ കാണുന്ന ഇരു നില ബിൽഡിങ്ങിന്റെ താഴത്തെ നിലയിലാ.. എന്താ കാര്യം..”
” എനിക്ക് ഇവിടുത്തെ സിസ്റ്ററിനെ ഒന്ന് കാണണം.. ” മറുപടി കേട്ട പാടെ രജിസ്റ്റർ ബുക്ക് കയ്യിലെക്കെടുത്തു സെക്യൂരിറ്റി.
” പേരും ഫോൺ നമ്പറും ഒന്ന് പറഞ്ഞോളൂ.. ഇവിടുത്തെ ഒരു റൂൾ ആണ്.. “വേണ്ട വിവരങ്ങൾ നൽകി പുഞ്ചിരിയോടെ അവൻ പതിയെ ഉള്ളിലേക്ക് നടന്നു.
” അതെ.. സിസ്റ്റർ ദേ ആ ഗാർഡന്റെ ഭാഗത്ത് ഉണ്ട്. ദേ ആ കാണുന്ന ആളാണ്.. ” പിന്നിൽ നിന്നും സെക്യൂരിറ്റി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ജോസ് കണ്ടു കുട്ടികൾക്കൊപ്പം ഗാർഡനിൽ ജോലിയിൽ മുഴുകി നിൽക്കുന്ന സിസ്റ്റർ തെരേസയെ. അറുപതു വയസോളം പ്രായം തോന്നിക്കുന്ന സിസ്റ്റർ എല്ലാവർക്കും വളരെ പ്രിയങ്കരിയാണ്.
” തെരേസ സിസ്റ്റർ അല്ലെ.. ”
ജോസിന്റെ ചോദ്യം കേട്ട് പതിയെ തലയുയർത്തി അവർ. അതേല്ലോ.. ആരാണ് മനസിലായില്ല.. ” ” ഞാൻ സിസ്റ്ററിനെ കണ്ട് ഒരു കാര്യം സംസാരിക്കാൻ വന്നതാണ്. വിരോധമില്ലെങ്കിൽ അല്പം മാറി നിന്നു സംസാരിക്കാമോ ”
ഭാവ്യതയോടെ ജോസ് ചോസിക്കവേ പതിയെ ഗാർഡന്റെ പുറത്തേക്കിറങ്ങി സിസ്റ്റർ. മോളെ നാൻസി.. കൈ കഴുകാൻ അല്പം വെള്ളമിങ്ങെടുത്തെ ”
ഉച്ചത്തിൽ അവർ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഒരു കപ്പ് വെള്ളവുമായി ഒരു പെൺകുട്ടി അവിടേക്കെത്തി. ഇരുപത്തഞ്ചു വയസിനു മേൽ പ്രായം തോന്നിക്കുന്ന ആ കുട്ടിയെ ഒന്ന് ശ്രദ്ധിക്കാതിരുന്നില്ല ജോസ്. കൈ കഴുകി പുഞ്ചിരിയോടെ ജോസിന് നേരെ തിരിഞ്ഞു സിസ്റ്റർ .
” പറയ് മോനെ.. എന്താ കാര്യം.. “അത് സിസ്റ്റർ.. എന്റെ പേര് ജോസ്. സ്ഥലം ഇവിടെ അടുത്ത് തന്നെ മുളമുട്ടത്താണ്. പ്രവാസി ആയിരുന്നു ഇപ്പോ നാട്ടിലെത്തി ഒരു ചെറിയ മോട്ടോർ ബൈക്ക് വർക്ഷോപ്പ് തുടങ്ങി. അപ്പനും അമ്മയുമൊക്കെ കുഞ്ഞിലേ മരിച്ചതാ രണ്ട് പെങ്ങളുമാരുണ്ട് . അവരുടെ വിവാഹം കഴിഞ്ഞു. ”
ഒന്ന് നിർത്തി സിസ്റ്ററുടെ മുഖത്തേക്ക് നോക്കി അവൻ. ഒക്കെയും കേട്ട് എന്താണ് കാര്യമെന്ന് അറിയാനുള്ള ആകാംഷയി തന്നെ നോക്കി നിൽക്കുകയായിരുന്നു അവർ.
” അതേ സിസ്റ്റർ.. ഞാൻ വന്ന കാര്യം പറയാം എനിക്കൊരു വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അത് ഇവിടുള്ള ഏതേലും ഒരു കുട്ടിയായാൽ ഏറെ സന്തോഷം… ആ വിവരം തിരക്കാനാണ് ഞാൻ നേരിട്ട് വന്നത്. ”
ആ ആവശ്യം കേട്ടപാടെ സിസ്റ്ററുടെ മുഖം വിടർന്നു.” മോനെ.. ഇതിപ്പോ നീ പറഞ്ഞത് കേട്ടിട്ട് ഏറെ സന്തോഷമുണ്ട്… നിങ്ങൾ ചെറുപ്പക്കാർ ഇങ്ങനുള്ള നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ.. പക്ഷെ നിന്നെ പറ്റി ഒന്നും അറിയില്ല എനിക്ക് മാത്രമല്ല ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ഒറ്റയ്ക്ക് ആണോ വരേണ്ടത്.. ”
ആ മറുപടി പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ഒന്ന് പുഞ്ചിരിച്ചു ജോസ്.” കൂടെ വരാൻ ആരും ഇല്ല സിസ്റ്ററേ.. ഒറ്റയ്ക്ക് ആണ്.”ആ വാക്കുകളിൽ പ്രതിധ്വനിച്ച നിരാശ വേഗത്തിൽ തിരിച്ചറിഞ്ഞു തെരേസ സിസ്റ്റർ.
” മോന് എന്തോ വിഷമം ഉണ്ടല്ലോ ഉള്ളിൽ.. ” അവരുടെ വാത്സല്യ പൂർണമായ ആ ചോദ്യം കേൾക്കെ ഒരു നിമിഷം തന്റെ അമ്മയെ ഓർത്തു പോയി ജോസ്.
” അപ്പനും അമ്മയും കുഞ്ഞിലേ മരിച്ചതാണ് സിസ്റ്റർ. പെങ്ങൾമാർക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പത്തൊൻപതാമത്തെ വയസിൽ എന്റെ കൂടപ്പിറപ്പുകളെ വല്യമ്മച്ചിയെ ഏൽപ്പിച്ചു ഗൾഫിലേക്ക് പോയതാ ഞാൻ. അവിടെ കഷ്ടപ്പെട്ട് പണിഎടുക്കുമ്പോഴും എന്റെ കുട്ടികളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ നോക്കണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
. പൊന്ന് പോലെ നോക്കി ഞാൻ അവരെ. ഒടുവിൽ നല്ല രണ്ട് കുടുംബങ്ങളിലേക്ക് തന്നെ കെട്ടിച്ചും വിട്ടു. ”
അത്രയും പറഞ്ഞു നിർത്തുമ്പോൾ ജോസിന്റെ മുഖത്ത് അഭിമാനമായിരുന്നു എന്നാൽ ആ മുഖഭാവം മാറാൻ അധികം സമയം വേണ്ടി വന്നില്ല..
” പക്ഷെ പെങ്ങൾമാർക്ക് വേണ്ടി ജീവിച്ച ഞാൻ എന്റെ കാര്യം നോക്കാൻ മറന്നു. ജീവനെ പോലെ കരുതിയ കൂടപ്പിറപ്പുകളും ഓർത്തില്ല എന്നെ പറ്റി. സ്വന്തം കാര്യം നോക്കി അവര് പോയി.. ”
ഒക്കെയും കേട്ട് മൗനമായി നിന്നു സിസ്റ്റർ. അല്ല.. അവരെ കുറ്റം പറയാൻ പറ്റില്ല. അവർക്ക് അറിവ് വച്ചപ്പോൾ മുതൽ ഞാൻ നാട്ടിൽ ഇല്ല.. അപ്പോ പിന്നെ അത്രയൊക്കെ ആത്മബന്ധമേ ഉണ്ടാകു..”
വേദനയിലും തന്റെ കൂടപ്പിറപ്പുകളെ തള്ളിപ്പറയാൻ ജോസ് തയ്യാറല്ലായിരുന്നു.
” മോൻ വിഷമിക്കല്ലേ.. എന്നിട്ടിപ്പോ എന്തുണ്ടായി.”സിസ്റ്ററുടെ ചോദ്യം അവനെ ഒരു നിമിഷം നിശബ്ദനാക്കി .
“കെട്ട്യോന്മാരുടെ വാക്ക് കേട്ട് അവളുമാര് എന്നോട് ഷെയർ ചോദിക്കാൻ വന്നു സിസ്റ്ററെ.. അതിന്റെ പേരിൽ ചെറിയ കശപിശ ഒക്കെ ഉണ്ടായി. വഴക്കായി പിണക്കമായി.. ഒടുവിൽ ഇപ്പോൾ ഞാൻ ഒറ്റക്കായി.. കുറെയേറെ സമ്പാദിച്ചു ഞാൻ. നല്ലൊരു പങ്ക് കിട്ടിയതോടെ അവർക്ക് പിന്നെ എന്നെ വേണ്ടാതായി… കുടുംബത്തിന് വേണ്ടി ജീവിച്ചു ഒടുവിൽ.. ”
അത് പറഞ്ഞു നിർത്തുമ്പോൾ ജോസിന്റെ ശബ്ദമിടറി.” പോട്ടെ മോനെ.. സാരമില്ല.. നീ കാരണം അവരിപ്പോൾ സന്തോഷിക്കുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം .. പിന്നെ ഇവിടിപ്പോ ഒരു വിവാഹം നടക്കണേൽ കുറച്ചു ഫോർമാലിറ്റീസ് ഒക്കെയുണ്ട്. മോന് അത് അറിയോ.. ”
സിസ്റ്ററുടെ ആ ചോദ്യം കേട്ട് കയ്യിൽ ഇരുന്ന കവറിൽ നിന്നും കുറച്ചു പേപ്പറുകൾ പുറത്തെടുത്തു ജോസ്.
” ഇവിടുത്തെ ഫോർമാലിറ്റീസ് പൂർണ്ണമായും അറിയില്ല.. ദേ എന്റെ പേരിൽ ഒരു വീടും കുറച്ചു വസ്തുക്കളും ഉണ്ട്. പിന്നെ സിറ്റിയിൽ തന്നെ സ്വന്തമായി ഒരു മോട്ടോർ ബൈക്ക് വർക്ഷോപ്പ് അതും സ്വന്തം സ്ഥലത്ത് തന്നെയാണ്.. അതിന്റെയൊക്കെ ഡോക്യുമെന്റ്സ് ആണ്. പിന്നെ… എന്നെ പറ്റി അറിയണേൽ എന്റെ നാട്ടിൽ അന്യോഷിച്ചാൽ മതി. ”
അവൻ പറഞ്ഞു നിർത്തുമ്പോൾ സിസ്റ്ററുടെ മുഖം കൂടുതൽ വിടർന്നു. നമുക്ക് നോക്കാം മോനെ.. നിന്റെ ഇഷ്ടം പോലെ തന്നെ നിനക്ക് ഇവിടുന്ന് തുണയെ കിട്ടും.”
അത്രയും പറഞ്ഞു സിസ്റ്റർ കുറച്ചക്കലേക്ക് ഒന്ന് നോക്കി. അവിടെ മുന്നേ വെള്ളം കൊണ്ട് കൊടുത്ത ആ പെൺകുട്ടി നിന്നിരുന്നു.
” മോനെ കണ്ടോ അവളെ.. പേര് നാൻസി… ഇവിടെ ഞാൻ വളർത്തി വലുതാക്കിയ എന്റെ കുട്ടിയാണ്. ഇതുപോലെ ഒരു ആലോചന വന്നപ്പോൾ വിശദമായി അന്യോഷിച്ചു തന്നെയാണ് വിവാഹം നടത്തിയത്. സ്വന്തമായി ഒരു വീട് ബാംഗ്ലൂരിൽ നല്ല ജോലി..
പക്ഷെ ആരുടേയും ഉള്ള് മനസിലാക്കാൻ നമുക്ക് പറ്റില്ലാലോ.. ആദ്യ രാത്രിയിൽ അവളുടെ ബെഡ് റൂമിൽ ഭർത്താവ് ഒരു സുഹൃത്തിനൊപ്പമാണ് കടന്നു ചെന്നത്. വിവാഹം ചെയ്ത സ്വന്തം ഭാര്യയെ ആദ്യ രാത്രിയിൽ തന്നെ തന്റെ കൂട്ടുകാരനും കൂടി പങ്കുവയ്ക്കാനായിരുന്നു അവന്റെ തീരുമാനം. ”
സിസ്റ്റർ പറഞ്ഞു നിർത്തുമ്പോൾ നടുക്കത്തോടെ കേട്ടു നിന്നും ജോസ്. എന്നിട്ട്.. എന്നിട്ട് എന്താ ഉണ്ടായേ.. “അവന്റെ ആകാംഷ കണ്ട് തുടർന്നു അവർ.
” രണ്ട് പേരും കൂടി അവളെ ആക്രമിച്ചു. പക്ഷെ കർത്താവിന്റെ കൃപ.. എങ്ങിനെയോ പാവം വീട് വിട്ട് പുറത്തേക്ക് ഓടി….നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയ പോലീസുകാർക്ക് മുന്നിൽ തന്നെ ചെന്നെത്തി. വിവരങ്ങൾ അറിഞ്ഞു ഞങ്ങൾ ചെല്ലുമ്പോൾ ഭയന്നു വിറച്ചു പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു പാവം…
അവന്മാരെ പോലീസ് അറസ്റ്റു ചെയ്തു മോളെ ഞങ്ങൾ തിരികെ കൊണ്ട് വന്നു.. പക്ഷെ അതോടെ അവളുടെ പ്രസരിപ്പ് ഇല്ലാതായി.. ഇപ്പോഴും ആ ഷോക്ക് അവളെ വിട്ട് പോയിട്ടില്ല. അതിൽ പിന്നെ ഇതുപോലെ വരുന്ന ആലോചനകൾ വ്യക്തമായി അന്വേഷിച്ചു ബോധ്യപ്പെട്ടാൽ മാത്രമേ ഞങ്ങൾ നടത്താറുള്ളു.. മോന് വേറൊന്നും തോന്നരുത്. ”
സിസ്റ്റർ പറഞ്ഞു നിർത്തുമ്പോൾ നാൻസിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു ജോസ്. കേട്ട കഥകൾക്കൊപ്പം ആ മുഖവും അവന്റെ ഉള്ളിൽ തറച്ചു. ജീവിതത്തിൽ ഒരു തിരിച്ചടി കിട്ടിയ അവളെ ഒപ്പം കൂട്ടി പൊന്നു പോലെ നോക്കാൻ അവന്റെ ഉള്ളം കൊതിച്ചു.
” സിസ്റ്റർ എന്നെ പറ്റി അന്യോഷിച്ചോളൂ.. നിങ്ങളുടെ എല്ലാ അന്യോഷണങ്ങൾക്കുമൊടുവിൽ ഞാൻ ഓക്കേ ആണ് എന്ന് തോന്നിയാൽ എനിക്ക് ഈ നാൻസിയെ വിവാഹം ചെയ്തു തരാമോ.. അവൾക്ക് കൂടി സമ്മതമാണേൽ മതി. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ. ”
ജോസിന്റെ ആ ചോദ്യം കേട്ട് കുറച്ചു സമയം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി സിസ്റ്റർ. അവരുടെ മിഴികളിൽ അപ്പോൾ നനവ് പടർന്നിരുന്നു. മറുപടി പറഞ്ഞില്ല അവർ പകരം സ്നേഹത്തോടെ സന്തോഷത്തോടെ അവന്റെ ചുമലിൽ ഒന്ന് തലോടി.
ആ തലോടലിൽ ജോസിനുള്ള മറുപടി ഉണ്ടായിരുന്നു. അതോടെ അവനും സന്തോഷിച്ചു. എന്നാൽ ഈ സംഭാഷണങ്ങൾ ഒന്നും തന്നെ അറിയാതെ നാൻസി അപ്പോഴും മറ്റുള്ളവർക്കൊപ്പം ഓരോരോ ചെറിയ ജോലികളിൽ മുഴുകി നിന്നു.
ഇന്നിപ്പോൾ വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ജോസ് അവന്റെ വീട്ടിൽ ഒറ്റയ്ക്കാണ്. നാൻസി ഇപ്പോഴും ഓർഫനേജിലും. അതിപ്പോ നാട്ടു നടപ്പ് അനുസരിച്ചു പ്രസവാനന്തര ശിശ്രൂഷ പെണ്ണു വീട്ടുകാരുടെ വകയാണല്ലോ…
ജോസിനും നാൻസിയ്ക്കും പിറന്ന ആ കുഞ്ഞ് മാലാഖയ്ക്ക് പേരിട്ടത് തെരേസ സിസ്റ്റർ തന്നെയാണ്.. ‘ഏഞ്ചൽ’ചെറിയ ചെറിയ സന്തോഷങ്ങളിലൂടെ അവർ സുഖമായി ജീവിച്ചു വരുന്നു.