(രചന: പുഷ്യാ. V. S)
ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു. ദേവകി തൊഴുത് ഇറങ്ങിയ ശേഷം അന്നദാനത്തിന്റെ നീണ്ട വരിയിലേക്ക് കയറി. നല്ല വെയിൽ ഉണ്ട്. അവർ കുട നിവർത്തി.
ആ വരി ക്ഷേത്രത്തിനുള്ളിലെ ചെറിയൊരു മൈതാനം കടന്നു റോഡിലേക്ക് നീണ്ടിരിക്കുകയാണ്. വരി മുന്നോട്ടു നീങ്ങുതോറും റോഡിൽ നിന്ന് ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽക്കെട്ട് വരെ ദേവകി എത്തി.
അപ്പോഴാണ് അമ്മേ എന്നൊരു വിളി കേട്ട് ദേവകി തല വെട്ടിച്ചു നോക്കിയത്. പത്തിരുപതു വയസ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ. അവർ അവനെയൊന്ന് നോക്കി.
“”അകത്തു അന്നദാനം അല്ലേ. എനിക്ക് കൂടെ ഒരു പ്ലേറ്റ് മേടിച്ചു തരോ അമ്മേ. ഈ വരി നിക്കാൻ വയ്യാഞ്ഞിട്ട.
ബാക്കിൽ ചെന്ന് നിന്ന് ഇഴഞ്ഞു അങ്ങ് എത്തുമ്പോഴേക്കും എനിക്ക് പണിക്ക് കയറേണ്ട നേരം ആവും.”” അവൻ പറഞ്ഞു.
ദേവകി ആ പയ്യനെ വീണ്ടും ഒന്ന് നോക്കി. സ്കൂട്ടറിലോ ബൈക്കിലോ ആണ് വന്നതെന്ന് തോന്നുന്നു. കയ്യിൽ താക്കോൽ ഉണ്ട്.
വിശന്നു വാടി നിൽക്കുകയാണെന്ന് മുഖം കണ്ടാൽ അറിയാം. മുടിയൊക്കെ എണ്ണമയം ഇല്ലാതെ പറന്നു നടക്കുന്നു. അതും ഒരു ചന്തം ആണ്. ദേവകിക്ക് അവനെ എന്തോ അങ്ങ് ഇഷ്ടപ്പെട്ടു.
“” മേടിച്ചോണ്ട് വരാൻ ഒന്നും വയ്യ. ഒരു കാര്യം ചെയ്യ് നീ എന്റെ മുന്നിൽ കയറിക്കോ. പിറകിൽ ഉള്ളവര് എന്റെ മോൻ ആണെന്ന് കരുതിക്കോളും. “” അവർ അവന് വരിയിൽ ഇടം കൊടുത്തു.
“” ആ കുട ഇങ്ങ് താ അമ്മേ. ഞാൻ പിടിച്ചു തരാം. വെയിൽ കൊണ്ട് ഞാനും ഒരു വഴി ആയി. എനിക്ക് ആവുമ്പോ അമ്മയേക്കാൾ ഉയരം ഉണ്ടല്ലോ. “” അവൻ ദേവകിയുടെ കയ്യിൽ നിന്ന് ആ കുട വാങ്ങി.
“” വലിയ ഉപകാരം മോനേ. എന്റെ കൈ കഴച്ചു തുടങ്ങിയതാ. മോൻ തന്നെ പിടിച്ചോ “” അവർ തെല്ല് ആശ്വാസത്തോടെ കുട അവന് കൈമാറി.
ആ വരിയിൽ നിന്ന് അവർ പരിചയപ്പെട്ടു. അവൻ ഒത്തിരി ദൂരെ ഉള്ളതാണ്. പേര് മാധവ്. ഡിഗ്രിക്ക് പഠിക്കുന്നു. അവധി ദിവസങ്ങളിൽ ഫുഡ് ഡെലിവറിക്ക് പോകാറുണ്ട്. ഇന്ന് ഒരു ഓർഡർ കൊടുത്തിട്ട് വരുന്ന വഴി ആണ്.
“” ഇന്ന് നല്ല ദിവസമായിരുന്നു അമ്മേ. ഒരുപാട് ഓർഡർ കിട്ടി. വീട്ടിൽ നിന്ന് ഒന്നും കഴിക്കാതെ ഇറങ്ങിയതാ.
ഈ തിരക്കിനിടയിൽ എനിക്ക് ഒന്നും കഴിക്കാൻ പറ്റിയില്ല. അപ്പോഴാ റോഡിലോട്ട് നീണ്ടു നിവർന്നു കിടക്കുന്ന ഈ വരി കണ്ടത്. “” അവൻ ചെറു കുറുമ്പോടെ പറഞ്ഞു.
“” അത് നന്നായി. മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്. “” ദേവകി ചോദിച്ചു.
“” അമ്മയും രണ്ട് അനിയത്തിമാരും. അച്ഛൻ മരിച്ചിട്ട് കുറച്ചു നാളായി. അമ്മ ഒരു ചെറിയ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ട് ഇപ്പോൾ. അനിയത്തിമാർ ഒരാൾ ഒൻപതിലും മൂത്തവൾ പ്ലസ് ടുവിലും “” അവൻ ചുരുക്കി പറഞ്ഞു.
അത്രയും പറഞ്ഞപ്പോഴേക്കും വരി നീങ്ങി നീങ്ങി വിളമ്പുകാരുടെ അരികിൽ എത്തി. അവർ ഊണ് മേടിച്ചു നടന്നു.
അമ്മേ ദേ കസേര കിട്ടി. മാധവ് രണ്ട് കസേര എടുത്തു തണലത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.
അവർ അവിടിരുന്നു കഴിച്ചു.
“” അമ്മയുടെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ “” മാധവ് ചോദിച്ചു.
“” ഞാനും എന്റെ മോളും അവളുടെ അച്ഛനും മാത്രമേ ഉള്ളു. മോൾടെ അച്ഛൻ പട്ടാളത്തിലാ. മോള് പ്ലസ് ടുവിലും “” ദേവകി പറഞ്ഞു.
“” ആഹാ ഒരു മോളേ ഉള്ളോ. കുഞ്ഞു ഫാമിലി ആണല്ലോ. “” അവൻ ചിരിയോടെ പറഞ്ഞു.
ദേവകി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മൂളുക മാത്രം ചെയ്തു.
“” അമ്മയുടെ വീട് അടുത്താണോ. കയറിക്കോ ഞാൻ കൊണ്ട് വിടാം “” അവൻ അമ്പലത്തിൽ നിന്ന് ഇറങ്ങി സ്കൂട്ടറിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
ദേവകിക്ക് ആ വിളി നിരസിക്കാൻ തോന്നിയില്ല. ഇത്ര നേരം കൊണ്ട് തന്നെ അവർക്കിടയിൽ നല്ലൊരു ആത്മബന്ധം ഉടലെടുത്തിരുന്നു. അവർ ആ വണ്ടിയിലേക്ക് കയറി.
വീട്ടിൽ എത്തിയതും ദേവകിയുടെ മകൾ നയന ഓടി വന്നു. വാതിൽ തുറന്നു.
“” എത്ര നേരായി അമ്മേ പോയിട്ട്… ഇതാരാ ” അവൾ അമ്മയെ കണ്ടപാടേ പരിഭവം പറഞ്ഞുകൊണ്ട് മാധവിനെ നോക്കി ചോദിച്ചു
“” ആഹ് ഇത് എനിക്ക് അമ്പലത്തീന്ന് കിട്ടിയ മോനാ “” അവർ തമാശയോടെ പറഞ്ഞു..
മോനേ കയറിയിട്ട് പോകുന്നോ… ദേവകിയുടെ ചോദ്യത്തിന് മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് മാധവിന്റെ ഫോൺ ശബ്ദിച്ചത്
“” ആഹ് അമ്മേ. ഞാൻ പോട്ടെ. അടുത്ത ഓർഡർ കിട്ടി. “”അവൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
“” ആഹ് മോനേ. പിന്നെ ഇനി ഇതുപോലെ ഇങ്ങോട്ടൊക്കെ വരുവണേൽ വിശക്കുമ്പോൾ ഹോട്ടലും അന്നദാനവും ഒന്നും തേടി പോണ്ട. ഇവിടെ വന്നാ മതീട്ടോ.
മാധവ് അതിന് ഒരു ചിരി നൽകിക്കൊണ്ട് അവിടെ നിന്ന് പോയി.
“”പറ അമ്മേ ആരാ അത് “” നയന വീണ്ടും ചോദിച്ചു.
ദേവകി അമ്പലത്തിലെ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു.
“” പാവം മോളേ. വീട്ടിൽ അത്യാവശ്യം ബുദ്ധിമുട്ട് ഒക്കെ ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു. അതല്ലേ ഇങ്ങനെ ഊണും വെള്ളവും ഇല്ലാതെ ജോലിക്ക് ആയിട്ട് ഓടുന്നത്. എനിക്ക് ആണേൽ ആ മോന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല “” അവർ പറഞ്ഞു.
“” ഓ അമ്മയ്ക്ക് അല്ലേലും ആൺപിള്ളേരോട് ഒരു പ്രത്യേക വാത്സല്യം ആണല്ലോ.”” നയന കളിയാക്കി പറഞ്ഞു.
“” അത് നിനക്ക് മനസിലാവില്ല മോളേ. നിന്റെ ചേട്ടൻ ഇപ്പൊ ഉണ്ടായിരുന്നേൽ ഈ പയ്യന്റെ അതേ പ്രായം വന്നേനെ. നീ എന്റെ വയറ്റിൽ ആയിരുന്ന സമയത്തു അല്ലേ എനിക്ക് അവനെ നഷ്ടപ്പെട്ടത്.
അന്ന് എന്റെ മോനേ തേടാത്ത ഇടം ഇല്ല. കേൾക്കുന്നവർക്ക് ഭ്രാന്ത് ആയി തോന്നുമായിരിക്കാം. പക്ഷേ ഇപ്പോഴും അവൻ തിരിച്ചു വരും എന്ന പ്രതീക്ഷയിലാ ഞാൻ ജീവിക്കുന്നത്. ആ പ്രതീക്ഷ ഇല്ലേൽ പിന്നെ ഞാൻ ഇല്ല.
ഒരു കണക്കിന് മക്കൾ മരിച്ചു പോകുന്നതിനേക്കാൾ പ്രയാസം ആണെന്ന് തോന്നുന്നു ഇതുപോലെ അവരെ കൈവിട്ടു പോകുന്നത്. എന്റെ കുഞ്ഞു ഇപ്പൊ എവിടെയാണോ എങ്ങനെയാണോ “” ദേവകി തന്റെ കണ്ണ് തുടച്ചു.
നയനയ്ക്ക് ഒരു അസ്വസ്ഥത തോന്നി. വെറുതെ അമ്മയെ ഒന്നും ഓർമിപ്പിക്കേണ്ടിയിരുന്നില്ല. തനിക്ക് ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ് അച്ഛനും അമ്മയ്ക്കും നഷ്ടപ്പെട്ടു പോയ മകനെപ്പറ്റി.
രണ്ട് വയസ് ഉള്ള കുഞ്ഞിനെ തിരക്കിനിടയിൽ നഷ്ടപ്പെട്ടത് തങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം ആണെന്ന് പറഞ്ഞു ഇന്നും നീറുന്നുണ്ട് തന്റെ അച്ഛനമ്മമാർ.
അന്ന് മാനസികമായി ഒരുപാട് തളർന്നു പോയ അമ്മ തന്റെ ജനനത്തിന് ശേഷം ആണ് വീണ്ടും പഴയ സ്ഥിതിയിലേക്ക് വന്നത് എന്നൊക്കെ അവൾ കേട്ടിട്ടുണ്ട്. പോരാത്തതിന് ഇന്ന് ആ മകന്റെ പിറന്നാൾ ദിനവും കൂടി.
എല്ലാ വർഷത്തെയും പോലെ രാവിലെ അമ്പലത്തിലേക്ക് പോയതാ. ഇന്ന് അമ്മയുടെ മനസ് നിറയെ തന്റെ ചേട്ടൻ ആയിരിക്കും. ഇന്ന് എന്നല്ല എന്നും അമ്മയുടെ മനസ് നിറയെ ചേട്ടൻ ആണല്ലോ. നയന ഓർത്തു.
അന്ന് നഷ്ടപ്പെട്ട ആ കുഞ്ഞിനെ മറ്റൊരു ദമ്പതികൾ സ്വന്തം മകനായി വളർത്താൻ തുടങ്ങിയതും
ശേഷം അവർക്ക് രണ്ട് പെൺകുട്ടികൾ കൂടെ ജനിച്ചതും വളർത്തച്ഛന്റെ മരണശേഷം ആ കുടുംബത്തിന്റെ ആശ്രയം ആയി ദേവകിയുടെ മകൻ മാറിയതും ഒരുപക്ഷെ വിധി ആയിരിക്കാം.
തന്റെ മകന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത്ത്തിനൊപ്പം ആ മകനെ ഒന്ന് കാണാൻ ഭാഗ്യം ലഭിക്കണേ എന്ന് പ്രാർത്ഥിച്ചു ഇറങ്ങിയ ദേവകിയുടെ മുന്നിൽ ആ പിറന്നാൾ ദിവസം തന്നെ അമ്മേ എന്ന് വിളിച്ചുകൊണ്ടു മാധവ് എത്തിയതും ഒരുപക്ഷെ ദൈവത്തിന്റെ തമാശ ആവാം.
തിരികെ മോനേ എന്ന് വിളിച്ചപ്പോഴും ഒരു നേരത്തെ ആഹാരത്തിന് ആ അമ്മ തന്നെ വഴി ഒരുക്കിയപ്പോഴും കുട പിടിച്ചു കൂടെ നിന്നപ്പോഴും ഒന്നും അത് സ്വന്തം മകൻ ആണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയത് ആ അമ്മയുടെ ഭാഗ്യദോഷം തന്നെയാകും.
ഇനി ഈ വഴി വരുമ്പോൾ ഊണ് കഴിക്കാൻ തന്റെ വീട്ടിൽ വന്നോളൂ എന്ന് പറഞ്ഞു പിരിയുമ്പോളും അവർ അറിഞ്ഞിരുന്നില്ല. സ്വന്തം മകൻ ആണ് പുഞ്ചിരിയോടെ ഇപ്പോൾ യാത്രയായത് എന്ന്.
ഇതൊന്നും അറിയാതെ ഇപ്പോഴും ദേവകി തന്റെ മകൻ ഇപ്പോൾ എവിടെയായിരിക്കും എന്ന് ആലോചിച്ചു സ്വയം ഉരുകുകയാണ്. എന്നെങ്കിലും ഇതുപോലൊരവസരത്തിൽ അവർ വീണ്ടും കണ്ടുമുട്ടുമായിരിക്കാം.
അല്ലെങ്കിൽ ആ അമ്മ അവസാനം ക്ഷണിച്ച പോലെ ഒരു ദിവസം തന്റെ അമ്മ വിളമ്പുന്ന ചോറ് കഴിക്കാൻ മാധവ് ആ വീട്ടിലേക്ക് കയറുമായിരിക്കാം.
പക്ഷേ അപ്പോഴും പരസ്പരം അറിയാതെ അവർ വിധിയുടെ കളിപ്പാവകളായി ഇതുപോലെ തന്നെ തുടരും…