“” ഏട്ടൻ അറിഞ്ഞോ. എന്റെ കോളേജിലെ ഒരു കുട്ടി ആത്മഹത്യാ ചെയ്തു ” അയാളുടെ ഭാര്യയാണ്. അവർ പഠിപ്പിക്കുന്ന കോളേജിലെ കാര്യമാണ് പറഞ്ഞത്.

(രചന: പുഷ്യാ. V. S)

“”ഇയാളുടെ കവിതകൾ വളരെ മനോഹരമാണ് . വാക്കുകൾ മനസിനെ കൊത്തി വലിക്കുന്നു .ഒത്തിരി ഇഷ്ടപ്പെട്ടു “”.

അവൾ ഫേസ്ബുക്കിൽ വന്ന കമന്റിന് രണ്ട് ഹൃദയചിഹ്നം മറുപടിയായി നൽകി ഫോൺ മാറ്റിവച്ചു.

“”അതേ ഹൃദയത്തെ കൊത്തിവലിക്കുന്നത് തന്നെയാണ്. തന്നെയും അവ മുറിപ്പെടുത്തുന്നുണ്ടല്ലോ. “” അവൾ ആ വരികളിലൂടെ വിരലോടിച്ചു.

പിന്നീടും അയാൾ അവളുടെ വരികളാൽ മുറിപ്പെട്ടു. സ്ഥിരം വായനക്കാരൻ അവളുടെ സൗഹൃദനിരയിലേക്ക് സ്വീകരിക്കപ്പെട്ടു. പക്ഷേ അവർ പരസ്പരം സംസാരിച്ചിരുന്നില്ല.

അവൾ ആരെന്നോ എവിടെയുള്ളതെന്നോ അവൾ പറിഞ്ഞിരുന്നില്ല. അയാൾ ചോദിച്ചിരുന്നുമില്ല. അവളുടെ മുഖം അയാൾ കണ്ടിട്ടുമില്ല.

“മായുന്നുവോമൽ കിനാവുകൾ സ്മൃതിയിൽ നിന്ന_
കലേക്ക് മറയുന്നു വിരഹാർദ്രമായി

കാഴ്ചകൾ മങ്ങുന്ന കണ്ണിൽനിന്നെപ്പോഴും
പൊഴിയുന്നു കണ്ണുനീർ തീനാളമായി ”

പേരിടാത്ത ആ കവിതയിലെ രണ്ട് വരികൾ അയാളെ വല്ലാതെ അലോസരപ്പെടുത്തി. അവളുടെ മിക്ക കവിതകൾക്കും പേരില്ലായിരുന്നു. എല്ലാത്തിലും വിഷാദം തന്നെ.

“”തന്റെ കവിതകൾക്ക് ഒക്കെയും എപ്പോഴും ഒരു വിഷാദ ഭാവം ആണല്ലോ”” ഒരിക്കൽ അയാൾ അവളോട് ചോദിച്ചു

പുഞ്ചിരിക്കുന്ന ഒരു മുഖം മറുപടിയായവൾ അയച്ചു

“” തന്റെ വരികളിൽ ഒരു നിരാശയുണ്ട്. ജീവിതത്തിലും അങ്ങനെയാണോ. “”അയാൾ ചോദിച്ചു.

“” പ്രതീക്ഷിക്കൻ എന്താണുള്ളത് എന്നുപോലും അറിയാത്തവർക്ക് നിരാശപ്പെടുവാനുള്ള അവകാശം ഉണ്ടല്ലോ. “” അവൾ മറുപടി അയച്ചു

“” പ്രതീക്ഷിക്കാനുള്ള അവകാശവും നമുക്ക് ഉണ്ടെടോ. കവിതകൾ മനോഹരം തന്നെ. എന്നിരുന്നാലും ഇടയ്ക്കൊക്കെ വരികൾക്ക് നിറങ്ങളും കൊടുക്കാം “” അയാൾ പറഞ്ഞു.

“” നിറങ്ങൾ നഷ്ടപ്പെട്ടവർ എങ്ങനെയാണ് അവരുടെ സൃഷ്ടികൾക്ക് നിറം പകരുക” അവളുടെ മറുപടിയിൽ നിസ്സഹായത അയാൾ അറിഞ്ഞു.

“” നഷ്ടപ്പെട്ടവ വീണ്ടെടുക്കണം. തന്റെ മനസ്സിൽ aആദ്യം വർണ്ണക്കൂട്ടുകൾ നിറയ്ക്കണം. ശേഷം അവ തന്റെ വരികളിലും തനിയെ പടർന്നുകൊള്ളും. “” അയാളുടെ മറുപടി അവൾക്കിഷ്ടമായി

സാധാരണ കവിതകളെപ്പറ്റി അഭിപ്രായം പറഞ്ഞു വരുന്ന മെസ്സേജുകൾക്ക് സ്നേഹപൂർവ്വം മറുപടി കൊടുത്തു കഴിഞ്ഞാൽ പിന്നീട് അവൾ ഒരു നീണ്ട സംസാരത്തിന് അവസരം കൊടുക്കാറില്ല. പക്ഷേ അയാളോട് ഒത്തിരി സംസാരിച്ചു. കുറച്ചു നേരം കൊണ്ട് തന്നെ അയാളിൽ ഒരു സുഹൃത്തിനെ അവൾ കണ്ടെത്തി.

അവർ എന്നും സംസാരിച്ചിരുന്നു. ഒത്തിരി. കവിതകളെപ്പറ്റി… കഥകളെ പറ്റി. പ്രിയപ്പെട്ട എഴുതുകാരെപ്പറ്റി. അങ്ങനെയങ്ങനെ…

അവളുടെ കവിതകളിൽ അയാൾ പറഞ്ഞത് പോലെ നിറങ്ങൾ കണ്ടുതുടങ്ങി. ആരോടും സംസാരിക്കുവാൻ താല്പര്യം ഇല്ലാതിരുന്നവൾ അയാളോട് സംസാരിക്കുമ്പോൾ സന്തോഷം അറിഞ്ഞു.

അവൾ അയാളോട് ഒരു ദിവസം നന്ദി അറിയിച്ചു. അവൾക്കും അവളുടെ എഴുതുകൾക്കും വാക്കുകളിലൂടെ ജീവൻ പകർന്നതിന്. അതിന് മറുപടി പറയാതെ അയാൾ അവളോട് അവളുടെ പേര് എന്താണ് എന്ന് ചോദിച്ചു

സ്വന്തം പേര് പറയുന്നതിന് പകരം അയാൾക്ക് ഇഷ്ടമുള്ള പേര് വിളിച്ചുകൊള്ളാൻ അവൾ പറഞ്ഞു.

അയാൾ കുറച്ചു നേരം ആലോചിച്ച ശേഷം കസ്തൂരി എന്ന് വിളിച്ചു അവളെ

“”കസ്തൂരി…”” നല്ല പേര് “” എന്തുകൊണ്ടാ തനിക്ക് ഈ പേരിട്ടത് എന്നവൾ അയാളോട് ചോദിച്ചു

“” കസ്തൂരി മാനിനെ അറിയില്ലേ. തന്നെപോലെ തന്നെയാ. സ്വന്തം മേനിയിൽ നിന്ന് വരുന്ന സുഗന്ധം മറ്റെവിടെ നിന്നോ ആണെന്ന് കരുതി തിരയുന്ന കസ്തൂരി മാൻ. അതുപോലെ തന്നെ തന്റെ കവിതകൾക്ക് ജീവൻ വച്ചത് തന്റെ കലാവാസന കൊണ്ടാണ്. അതിന് താൻ എന്നോട് നന്ദി പറയുന്നു.

അവൾ വീണ്ടും കവിതയെഴുതി. ഒരു കസ്തൂരിമാനിനെക്കുറിച്ച്. എന്നാദ്യമായി അവൾ തന്റെ കവിതയ്ക്ക് പേരിട്ടു. കസ്തൂരി.

അവർ തമ്മിൽ കൂടുതൽ അടുത്തു. പരസ്പരം അറിഞ്ഞു. അയാളൊരു ജേർണലിസ്റ്റ് ആണ്. അവളൊരു കോളേജ് വിദ്യാർത്ഥിനിയും.

അയാളുടെ കുടുംബത്തിൽ അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ആണുള്ളത്. അയാളുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. ഭാര്യ ടീച്ചർ ആണ്.
അയാൾ അവളോട് വീട്ടിലെ ചെറിയ സന്തോഷങ്ങളും കുട്ടികളുടെ കുസൃതിത്തരങ്ങളും ഒക്കെ പങ്കുവെച്ചു. അയാൾ അവളിൽ ഒരു അനുജത്തിയെ കണ്ടു

ആദ്യമൊക്കെ എന്തെങ്കിലും ചോദിച്ചാൽ സാഹിത്യം കലർന്ന ഭാഷയിൽ തന്നോട് മറുപടി പറഞ്ഞിരുന്നവളിൽ ഇപ്പോൾ കളിചിരികൾ കണ്ട് തുടങ്ങി.

മാസങ്ങൾ കടന്നുപോയി. ഒരു ദിവസം അവൾ വീണ്ടുമൊരു കവിത എഴുതി

ഒടുവിലത്തെ മഷിത്തുള്ളിയെന്ന പേരിൽ

അയാൾ ആ വരികൾ വായിച്ചു.

അവളുടെ തൂലികയിൽ നിന്നും അവസാനത്തെ
മഷിത്തുള്ളിയും അടർന്നു വീണു….
ഒരുതരം ഭ്രാന്തമാം ശൂന്യതയവളെ പൊതിഞ്ഞു…
ഇതുവരെ അവൾ ഒഴുക്കിത്തീർത്ത ഓരോ
മഷിത്തുള്ളികൾക്കും പറയാനുണ്ടായിരുന്നു…..
മൗനം ചാലിച്ച ഒരായിരം കഥകൾ….
ഇന്നോളം അവളുടെ ഏകാന്തതയ്ക്ക് കൂട്ടായ്
അവളെ തഴുകിയെത്തിയ ചിന്തകൾ ….
ഇന്ന് നൂലുപൊട്ടിയ പട്ടം പോലെ
എങ്ങോ പോയ്‌ മറഞ്ഞു….

ആ പട്ടത്തിൻ ചരടിന്റെ അറ്റത്തായി
അവളുടെ മനസിനെയും അവൾ ബന്ധിച്ചു…..
കൊഴിഞ്ഞു വീണമഷിത്തുള്ളികൾ പിന്നെയും
അവളെ നോക്കി കണ്ണുചിമ്മി….
ഇനിയും ഒരായിരം കഥകൾ പറയുവാൻ
അവ വെമ്പുന്നുണ്ട്….

എന്നിട്ടും അവൾ അത്‌ കണ്ടില്ലെന്ന് നടിച്ചു….
അവളുടെ മനസിന്റെ താളത്തിനൊപ്പം ചലിച്ചിരുന്ന തൂലികയും
അവൾ എന്നേക്കുമായി വലിച്ചെറിഞ്ഞു…..
അപ്പോഴേക്കും അവളുടെ തൂലികയിൽ നിന്നും
ഒടുവിലെ മഷിത്തുള്ളിയും അടർന്നു വീണിരുന്നു…..

“”എടോ ഇതെന്താണ്. താൻ എഴുത്തു നിർത്തനെങ്ങാനും പോകുവാണോ. വല്ലാത്തൊരു കവിതയാണല്ലോ “” അയാൾ ചോദിച്ചു.

“”ഏയ്‌ അങ്ങനെ വല്യ അർത്ഥമൊന്നും ഒളിപ്പിച്ചിട്ടില്ല. എനിക്ക് എഴുതുന്നത് അങ്ങനെ നിറുത്താൻ പറ്റുമോ. മരിക്കുവോളം എഴുതും ഞാൻ. “” അവൾ മറുപടി പറഞ്ഞു.

“” മിടുക്കി. അങ്ങനെ വേണം. ദൈവം തന്ന കഴിവാണ്. ഒരിക്കലും അത് ഉപേക്ഷിക്കരുത് “” അതിന് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

പിറ്റേന്ന്,

“” ഏട്ടൻ അറിഞ്ഞോ. എന്റെ കോളേജിലെ ഒരു കുട്ടി ആത്മഹത്യാ ചെയ്തു ” അയാളുടെ ഭാര്യയാണ്. അവർ പഠിപ്പിക്കുന്ന കോളേജിലെ കാര്യമാണ് പറഞ്ഞത്.

“” അയ്യോ. എന്തിനാ ചെയ്തേ “” അയാൾ ആകുലതയോടെ ചോദിച്ചു.

“” ആ കുട്ടിയുടെ അമ്മ മരിച്ചതാ. അതിന്റ അച്ഛൻ തന്നെയാ കൊന്നത് അയാൾ ജയിലിലായിരുന്നു വർഷങ്ങൾ ആയിട്ട്. കൊച്ചു ഒരു ബന്ധുവീട്ടിൽ നിന്ന വളർന്നത് ഒക്കെ.ആ കുട്ടി കോളേജിൽ വന്ന സമയം മുതൽ ഒരു പ്രേത്യേക സ്വഭാവം ആയിരുന്നു. ആരോടും മിണ്ടാതെ.

ഇടയ്ക്ക് വച്ചു ചെറുതായി മാറ്റം വന്നതാ. അപ്പോഴാ അതിന്റെ അച്ഛൻ തിരിച്ചു വന്നത്. ഒരാഴ്ച ആയി. ആ കുട്ടി താമസിക്കുന്ന വീട്ടിലും പിന്നെ കോളേജിന് പുറത്തും ഒക്കെ വന്നു അതിനെ അയാളോടൊപ്പം ചെല്ലാൻ നിർബന്ധിച്ചു.ബാക്ക്ഗ്രൗണ്ട് ഒക്കെ ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്.

എനിക്ക് തോന്നുന്നു അമ്മയുടെ മരണശേഷം അവൾ അതിന്റെ ആഘാതത്തിൽ നിന്ന് റിക്കവർ ആയിട്ടുണ്ടാവില്ല. അച്ഛന്റെ വരവോടെ വീണ്ടും മനസ് കൈവിട്ടു പോയിട്ടുണ്ടാവും. മൂന്നു നാല് ദിവസം ആയി അവൾ കോളേജിലോട്ട് വന്നിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ആത്മഹത്യാ ചെയ്തുന്ന കേൾക്കുന്നത് “” അവർ പറഞ്ഞു.

“” കഷ്ടം. ജീവിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളു ആ മോള്. ഇത്ര നേരത്തെ പോയി. ആ കുട്ടിയെ ശ്രദ്ധിക്കാൻ അതിന് ആരും ഇല്ലായിരുന്നു എന്ന് തോന്നുന്നു.എന്താ കൊച്ചിന്റെ പേര് “” അയാൾ ചോദിച്ചു.

“”അനഘ എന്നാ പേര്. ഞാൻ പഠിപ്പിച്ചിട്ടില്ല. വേറെ ഡിപ്പാർട്മെന്റ് ആയിരുന്നു ആ കുട്ടി. “” അവർ പറഞ്ഞു. അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു

“” ഒരു ചെറു കയറിൻ കുരുക്കിനാൽ സ്വീകരിക്കും
മൃതിയെന്ന പ്രണയത്തെയെൻ
തലയിണ പഞ്ഞിയിൽ കുതിർന്ന
കണ്ണുനീർ തുള്ളികൾ സാക്ഷിയായി
രക്ഷ നേടാനായ് യാത്രയായീടണം
ജന്മം വെടിയേണം ഇന്നെനിക്ക് “”

ഈ സമയം അനഘയുടെ ഡയറിയിൽ അവൾ അവസാനമായി കുറിച്ചിട്ട ഈ വരികളുടെ താഴെയായി മനോഹരമായി കസ്തൂരി എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

അയാളോട് പറഞ്ഞ പോലെ അവൾ മരണം വരെയും കവിത എഴുതി. പക്ഷേ അവൾ തന്റെ അവസാനത്തെ കവിതയും എഴുതി യാത്രയായതറിയാതെ അയാൾ പിന്നെയും അവളെ കാത്തിരുന്നു. പുതിയ ജീവൻ തുടിക്കുന്ന വരികൾക്കായി.

Leave a Reply

Your email address will not be published. Required fields are marked *