ഇങ്ങനെ ചെയ്യുന്നതിന് ഒരു നിമിഷം മുൻപ് നിനക്ക് നിന്റെ അമ്മയെ ഒന്ന് ഓർക്കാമായിരുന്നില്ലേ..? നിന്നേ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തി വലുതാക്കിയ അമ്മയെ..? “

(രചന: ശ്രേയ)

” എന്നാലും എന്തിനാടാ നീ ഇത് ചെയ്തത്..? ഇങ്ങനെ ചെയ്യുന്നതിന് ഒരു നിമിഷം മുൻപ് നിനക്ക് നിന്റെ അമ്മയെ ഒന്ന് ഓർക്കാമായിരുന്നില്ലേ..? നിന്നേ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തി വലുതാക്കിയ അമ്മയെ..? ”

ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന കിരണിന്റെ ഫോട്ടോയിലേക്ക് നോക്കി അരുൺ ചോദിച്ചു. അവന്റെ കണ്ണുകൾ ആ നിമിഷവും മലവെള്ള പാച്ചിൽ പോലെ ഒഴുകുന്നുണ്ടായിരുന്നു.

അരുണും കിരണും ഒരമ്മ പെറ്റ മക്കളെപ്പോലെ സ്നേഹത്തിൽ കഴിയുന്ന രണ്ടു പേരാണ്. വീടുകൾ അടുത്തടുത്ത് ആയതുകൊണ്ട് തന്നെ ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു അവർ. ചെറുപ്പത്തിൽ നഴ്സറി ക്ലാസ്സിൽ പഠിക്കാൻ പോകുന്നതു മുതൽ രണ്ടാളും ഒന്നിച്ചായിരുന്നു.

” രണ്ടാളും ഒരു അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു.. ”

രണ്ടു പേരും തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഇരു വീട്ടുകാരും പറഞ്ഞിരുന്നത് അങ്ങനെ തന്നെയായിരുന്നു.

രണ്ടാളും പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് കിരണിന് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നത്. അത് അവൻ ആദ്യം പറഞ്ഞതും അരുണിനോട് തന്നെയായിരുന്നു.

ക്ലാസിലെ കാണാൻ സുന്ദരിയായ പഠിക്കാൻ മിടുക്കി ആയ ആ പെൺകുട്ടിയെ ക്ലാസിലെ തന്നെ പലരും നോട്ടമിട്ട് വച്ചതായിരുന്നു. ആ കൂട്ടത്തിൽ ഒരാളായി മാത്രമേ അരുണിന് കിരണിനെ സങ്കൽപ്പിക്കാൻ കഴിഞ്ഞുള്ളൂ..

” എടാ ഈ ക്ലാസിലെ തന്നെ എത്ര പേരാണ് ആ പെൺകൊച്ചിനെ നോട്ടമിട്ട് വച്ചിരിക്കുന്നത് എന്നറിയാമോ..? ക്ലാസിലെ പഠിപ്പിസ്റ്റ് ആയ അഭിജിത്ത് പോലും അവളുടെ പിന്നാലെയാണ് എന്നാണ് അറിഞ്ഞത്. അപ്പോൾ പിന്നെ ആവറേജ് സ്റ്റുഡന്റ് ആയ നിന്നെ അവൾ നോക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..? ”

കിരണിന്റെ ഇഷ്ടം അറിഞ്ഞപ്പോൾ അരുൺ പറഞ്ഞത് അങ്ങനെയായിരുന്നു. പക്ഷേ അതിനു മറുപടിയായി കിരൺ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.

“നീ എന്തൊക്കെ പറഞ്ഞാലും അവൾ എന്റേതായിരിക്കും..”

അന്ന് കിരൺ ഒരു തമാശ പറഞ്ഞതാണ് എന്നാണ് അരുൺ ചിന്തിച്ചത്.

പക്ഷേ കൃത്യം രണ്ടുമാസം കഴിഞ്ഞപ്പോൾ അവൾക്കും അവനോട് പ്രണയമാണ് എന്നറിഞ്ഞു.ആ നിമിഷമാണ് അരുൺ ഏറ്റവുമധികം ഞെട്ടിയത്.

” നീ വെറുതെ തമാശ പറയുന്നതല്ലല്ലോ അല്ലേ..? ”

അരുൺ വീണ്ടും ചോദിച്ചു.

” ഇങ്ങനെ ഒരു കാര്യം ഞാൻ തമാശ പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ..? ഞാൻ സീരിയസ് ആയി തന്നെ പറഞ്ഞതാണ്.”

സ്വതസിദ്ധമായ പുഞ്ചിരി കൈവിടാതെ കിരൺ അത് പറയുമ്പോൾ, എന്ത് മഹാത്ഭുതമാണ് സംഭവിച്ചത് എന്നുള്ള ചിന്തയിലായിരുന്നു അരുൺ.

അത് എന്തു തന്നെയായാലും, കിരൺ എല്ലായിപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നത് മാത്രമായിരുന്നു അരുണിന്റെ ആവശ്യം.

” ഇങ്ങനെ ഒരു ഇഷ്ടത്തിന്റെ പേരിൽ ജീവിതത്തിൽ ഒരിക്കലും നീ വേദനിക്കേണ്ടി വരരുത്. എനിക്ക് അത്ര മാത്രമേ നിന്നോട് പറയാനുള്ളൂ. ”

അന്ന് അരുൺ ആ വാചകം പറഞ്ഞത് ഒരുപക്ഷേ വരാൻ പോകുന്ന അപകടം മുൻകൂട്ടി കാണാൻ കഴിഞ്ഞതു കൊണ്ടായിരിക്കണം.

പിന്നീട് കിരണിന്റെയും റോസിന്റെയും പ്രണയകാലം തന്നെയായിരുന്നു.

പക്ഷേ അതിനിടയിൽ വലിയൊരു അത്യാഹിതം കിരണിന്റെ കുടുംബത്തിന് സംഭവിച്ചു. അവരുടെ ഒരേ ഒരു ആശ്രയമായിരുന്ന അച്ഛൻ മരണപ്പെട്ടു. തീരെ പ്രതീക്ഷിക്കാതെ ഉണ്ടായ ആഘാതത്തിൽ നിന്ന് കര കയറാൻ ആ കുടുംബത്തിന് ഒരുപാട് സമയമെടുത്തു.

അപ്പോഴൊക്കെയും ആ കുടുംബത്തിന് താങ്ങും തണലുമായി നിന്നത് അരുണിന്റെ കുടുംബം തന്നെയായിരുന്നു.

കിരൺ പലപ്പോഴും ഒഴിഞ്ഞു മാറിയിട്ടും റോസ് അവന്റെ പിന്നിൽ നിന്നും മാറാൻ തയ്യാറായിരുന്നില്ല. അവന്റെ അച്ഛന്റെ വേർപാടോടെ തളർന്നു പോയ അവന്റെ മനസ്സ് തിരികെ പിടിക്കാൻ അവനെ സഹായിച്ചത് റോസ് തന്നെയായിരുന്നു.

ആ ഒരു സംഭവത്തോടെ അരുണിന് റോസിനോട് വല്ലാത്ത ഒരു മതിപ്പ് തോന്നിത്തുടങ്ങിയിരുന്നു. ഒരു അവസരം കിട്ടുമ്പോൾ വിട്ടു പോകുന്ന പ്രണയങ്ങളാണ് ഇപ്പോൾ ഉള്ളത്.അതിൽ നിന്നൊക്കെ വ്യത്യസ്തമായി, എത്ര മോശം സാഹചര്യത്തിലും ഒപ്പം ചേർന്നു നിൽക്കുന്ന ഒരു പ്രണയമാണ് കിരണിന്റേതും റോസിന്റേതും എന്ന് അരുണിന് വ്യക്തമായി മനസ്സിലായി.

അതോടെ അവരെ സംബന്ധിച്ച് അരുണിന് ഉണ്ടായിരുന്ന വിഷമം മാറി കിട്ടുകയും ചെയ്തു.

നാളുകൾ കടന്നു പോയി.കിരൺ അവന്റെ വിഷമത്തിൽ നിന്ന് പുറത്തു വന്നെങ്കിലും, അവന്റെ അമ്മയ്ക്ക് ആ ഒരു വിടവ് നികത്താൻ പിന്നെയും സമയം വേണ്ടി വന്നു. പക്ഷേ സ്വന്തം മകന്റെ ഭാവിയെ കുറിച്ച് ഓർത്തപ്പോൾ ആ അമ്മ വിഷമങ്ങൾ മുഴുവൻ ഉള്ളിലടക്കി.

കൂലിപ്പണിക്ക് പോയി ആണെങ്കിലും മകനെ വളർത്താം എന്നൊരു ചിന്ത അവർക്കുണ്ടായിരുന്നു. പക്ഷേ അമ്മയെ ജോലിക്ക് വിടാൻ താല്പര്യം ഇല്ലാത്ത മകനായിരുന്നു കിരൺ. അവൻ പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഏറ്റവും അധികം എതിർത്തത് അമ്മ തന്നെയായിരുന്നു.

“പഠിക്കാനുള്ള ഭാഗ്യവും യോഗവും ഒക്കെ എല്ലായിപ്പോഴും എല്ലാവർക്കും കിട്ടണമെന്നില്ല. ഇപ്പോൾ അമ്മയ്ക്ക് ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും ഇല്ല. അമ്മ ജോലിക്ക് പൊയ്ക്കോളാം. നീ നന്നായി പഠിച്ചാൽ മതി. നന്നായി പഠിച്ചു കഴിയുമ്പോൾ നിനക്ക് നല്ലൊരു ജോലി കിട്ടും. അതിനു ശേഷം പിന്നീട് ഒരിക്കലും അമ്മ ജോലിക്ക് പോകില്ല.”

അമ്മ നിർബന്ധം പിടിച്ചപ്പോൾ അത് സമ്മതിച്ചു കൊടുക്കാൻ മാത്രമേ കിരണിന് കഴിയുമായിരുന്നുള്ളൂ. കോളേജിൽ പഠിക്കുമ്പോഴും കിരണും റോസും തമ്മിൽ നല്ല അടുപ്പത്തിൽ തന്നെയായിരുന്നു.

ഡിഗ്രി കഴിഞ്ഞതോടെ നല്ലൊരു ജോലിയിൽ കയറാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിൽ ആയിരുന്നു കിരൺ. എല്ലാ ഇന്റർവ്യൂകളിലും പങ്കെടുക്കുകയും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുമെങ്കിലും പലപ്പോഴും ജോലി കിട്ടാറില്ല. ആ കാര്യത്തിൽ അവന് നല്ല നിരാശയുണ്ട് താനും.

” മോനിങ്ങനെ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നില്ലേ മോൻ.. നമ്മൾ കഷ്ടപ്പെടുന്നതിന്റെ ഫലം എങ്ങനെയാണെങ്കിലും നമുക്ക് കിട്ടാതിരിക്കില്ല. മോൻ സമാധാനമായിട്ടിരിക്ക്..”

അവന്റെ നിരാശ കാണുമ്പോൾ അമ്മ അവനെ ആശ്വസിപ്പിക്കാറുണ്ട്. പക്ഷേ കുറച്ചു നാളായി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവന്റെ നിരാശയിലും സങ്കടത്തിലും ഒന്നും ഒരു കുറവും ഉണ്ടായിരുന്നില്ല.

കുറച്ചു നാളുകളായി അവൻ അവന്റെ നിരാശ പ്രകടിപ്പിക്കുന്നത് പോലും ദേഷ്യവും വാശിയും ഒക്കെയായിട്ടാണ്.

ആ കാര്യത്തിൽ പലപ്പോഴും അരുൺ അവനെ ശകാരിച്ചിട്ടുണ്ട്.

” നീ ഇങ്ങനെ തൊടുന്നതിനും പിടിക്കുന്നതിനും മുഴുവൻ അമ്മയോട് ദേഷ്യവും വാശിയും കാണിച്ചിട്ട് ഒരു കാര്യവുമില്ല. നിനക്ക് ജോലി കിട്ടാനുള്ള സമയമാകുമ്പോൾ നിനക്ക് അത് കിട്ടുക തന്നെ ചെയ്യും. അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ നിരാശപ്പെട്ട് ജീവിതം തന്നെ വെറുത്തു പോയതു പോലെയുള്ള ഭാവങ്ങൾ ഒന്നും കാണിക്കണ്ട. നിനക്ക് അതിനു മാത്രം പ്രായം ഒന്നും ആയിട്ടില്ലല്ലോ..”

അരുൺ പറഞ്ഞതൊക്കെ യാതൊരു മറുപടിയും പറയാതെ കിരൺ കേട്ടിരുന്നു.

പക്ഷേ ആ സംഭവത്തിനു ശേഷം കൃത്യം ഒരാഴ്ച പിന്നിട്ടപ്പോൾ അവൻ സ്വയം ജീവൻ വെടിഞ്ഞു. അന്ന് അവനു ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത് തിരികെ വന്നതിനു ശേഷം അവൻ ആകെ നിരാശയിലായിരുന്നു എന്ന് അമ്മ പറയുന്നുണ്ട്.

വന്ന് മുറിയിൽ കയറിയ ഉടനെ അവൻ വാതിൽ അടച്ച് അകത്തിരിക്കാൻ തുടങ്ങിയതാണ്. കുറച്ചു നാളായി അവന്റെ ശീലം അതായതു കൊണ്ടു തന്നെ അമ്മയ്ക്ക് ഭയം ഒന്നും തോന്നിയില്ല. പക്ഷേ വൈകുന്നേരം ആയിട്ടും അവൻ മുറിയിൽ നിന്ന് പുറത്തേക്ക് വരാതെ ആയപ്പോൾ അമ്മയ്ക്ക് ഭയമായി.

അരുണും വീട്ടുകാരും വന്ന് മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തേക്ക് കയറി നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയാടുന്ന കിരണിനെയാണ് കണ്ടത്. ആ കാഴ്ച നൽകിയ ആഘാതത്തിൽ നിന്ന് അവരാരും ഇപ്പോഴും മടങ്ങി വന്നിട്ടില്ല.

ജോലി നഷ്ടപ്പെട്ടതു കൊണ്ട് മാത്രം അവൻ അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ അരുണിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അവന്റെ ആ സംശയത്തിന് മറുപടി കിട്ടിയത് പിറ്റേന്ന് മരണാനന്തര ചടങ്ങുകൾക്കിടയിൽ,സുഹൃത്തുക്കൾ പറയുന്നത് കേട്ടപ്പോഴാണ്.

“ഇന്ന് റോസിന്റെ കല്യാണമാണ്..”

അപ്പോൾ അവൻ ആത്മഹത്യ ചെയ്തത് അവളെ കിട്ടില്ല എന്ന് ഉറപ്പായതു കൊണ്ടാണ്. ഒരു പക്ഷേ അവന്റെ അവസാനത്തെ പ്രതീക്ഷ ആ ജോലി ആയിരുന്നിരിക്കണം. അതും കിട്ടില്ല എന്ന് ഉറപ്പായപ്പോൾ അവന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരേയൊരു വഴി ഇത് മാത്രമായിരിക്കും.

പക്ഷേ അവൻ അവൾക്കു വേണ്ടി ജീവൻ വെടിഞ്ഞപ്പോൾ അനാഥയായി പോയ അവന്റെ അമ്മയെ അവൻ ഓർത്തില്ല. എന്തെങ്കിലും അസുഖം വന്ന് അമ്മ കിടപ്പിലായി പോയാൽ പിന്നീട് എന്ത് സംഭവിക്കും എന്ന് അവൻ ഓർത്തില്ല.

എത്രയൊക്കെ അടുപ്പമുള്ള ആളുകളുണ്ട് എന്നു പറഞ്ഞാലും സ്വന്തം മക്കൾ ഉള്ളതു പോലെ ഒരു മാതാപിതാക്കൾക്കും ആരും ഉണ്ടാവില്ല…!!

വേദനയോടെ ഓർത്തു കൊണ്ട് അരുൺ കിരണിന്റെ അമ്മയെ തിരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *